close
Sayahna Sayahna
Search

Difference between revisions of "ഷ്രോഡിങ്ങറുടെ പൂച്ച"


(Created page with "{{EHK/DooreOruNagarathil}} {{EHK/DooreOruNagarathilBox}} ക്ലാസ് നിശ്ശബ്ദമായിരുന്നു. പ്രഫസർ ഹമീദ് ക്...")
 
(No difference)

Latest revision as of 16:33, 20 May 2014

ഷ്രോഡിങ്ങറുടെ പൂച്ച
EHK Story 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദൂരെ ഒരു നഗരത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 79

ക്ലാസ് നിശ്ശബ്ദമായിരുന്നു. പ്രഫസർ ഹമീദ് ക്ലാസെടുക്കുകയാണ്. ശ്രദ്ധയോടെ തന്റെ പ്രഭാഷണം കേട്ടിരിക്കുന്ന കുട്ടികൾക്കു മുമ്പിൽ അംഗവിക്ഷേപത്തോടെ, ബിംബങ്ങൾ നിറഞ്ഞ വാചാലതയോടെ പ്രഫസർ സംസാരിച്ചു. വാക്കുകൾ ചിത്രങ്ങളാവുന്നതും, ചിത്രങ്ങൾക്ക് നിറം പകർന്ന് ഭാവനകളാവുന്നതും, അവ ചിറകുവിരിച്ച് മനസ്സിന്റെ ചക്രവാളങ്ങളിലേയ്ക്ക് പറന്നുപോകുന്നതും ഒരനുഭൂതിയാണ്. ഹമീദ്‌സാറിന്റെ ക്ലാസിൽ മാത്രമേ അതു സംഭവിക്കൂ. അതുകൊണ്ട് അദ്ദേഹത്തിന്റെ ക്ലാസിൽ കുട്ടികൾ നിശ്ശബ്ദരാണ്, ഏറ്റവും കുഴപ്പമുണ്ടാക്കുന്നവർ പോലും.

‘ഈ പ്രപഞ്ചം ‘ആലീസിന്റെ അദ്ഭുതലോക’ത്തിലെ ചെഷയർപൂച്ചയുടെ ചിരിപോലെയാണെന്ന് സി.ഇ.എം. ജോഡ് ഒരിക്കൽ പറയുകയുണ്ടായി. ആലീസിന്റെ ചെഷയർപൂച്ചയുടെ ചിരിക്കുള്ള പ്രത്യേകതയെന്താണ്? പൂച്ച അപ്രത്യക്ഷമായാലും അതിന്റെ ചിരി കുറച്ചുനേരം തങ്ങിനിൽക്കും. അതുപോലെ പൂച്ച പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ അതിന്റെ ചിരി മരക്കൊമ്പിൽ വന്നതായി കാണാം. ഈ പ്രപഞ്ചവും അങ്ങിനെത്തന്നെയല്ലേ? അത് ഇന്ന് നിലനിൽക്കുന്നുണ്ടെന്ന് നമുക്കെങ്ങിനെ പറയാം? നമ്മൾ ഒരു ടെലസ്‌കോപ്പിലൂടെ ദർശിക്കുന്ന പ്രകാശപ്രപഞ്ചം കോടികോടി വർഷങ്ങൾക്കുമുമ്പുള്ളതാണ്. നാം കാണുന്നുവെന്ന് കരുതുന്ന സ്ഥലത്ത് അവ എന്തായാലും നിലനിൽക്കുന്നില്ല. ജോഡിന്റെ ഈ നിരീക്ഷണത്തിന് ക്വാണ്ടം ഡൈനാമിക്‌സിൽ എന്തു പ്രസക്തി?

‘നമുക്ക് വേറൊരു പൂച്ചയുടെ കാര്യം അന്വേഷിക്കാം. ഷ്രോഡിങ്ങറുടെ പൂച്ച. ജോഡ് ഒരു ചിന്തകനായിരുന്നു, എന്നാൽ ഷ്രോഡിങ്ങറോ ഒരു ശാസത്രജ്ഞൻ. രണ്ടുപേരും രണ്ടുവഴിയിൽ സത്യാന്വേഷികൾ. എന്താണ് കണികാസിദ്ധാന്തം പറയുന്നത്? നമ്മൾ നിരീക്ഷിക്കുമ്പോൾ മാത്രമേ പ്രപഞ്ചം നിലനിൽക്കുന്നുള്ളൂ. അല്ലെങ്കിൽ നരീക്ഷകനില്ലെങ്കിൽ പ്രപഞ്ചവുമില്ല. ദ് യൂനിവേഴ്‌സ് എക്‌സിസ്റ്റ്‌സ് ഓൺലി വെൻ വി ഒബ്‌സേർവിറ്റ്. ഇനി നമുക്ക് നിരീക്ഷണത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി ആലോചിക്കാം.

‘ഷ്രോഡിങ്ങർ എന്താണ് ചെയ്തത്? അദ്ദേഹം ഒരു പൂച്ചയെ എടുത്ത് ഭാവനയിലുള്ള ഒരു പേടകത്തിൽ ശൂന്യാകാശത്തിലേയ്ക്ക് വിക്ഷേപിച്ചു...’

പ്രഫസർ പെട്ടെന്ന് നിശ്ശബ്ദനായി. തലേന്നുണ്ടായ ബോംബുസ്‌പോടനങ്ങൾ പെട്ടെന്ന് ഓർമ്മയിൽ വന്നു. മുംബെയിലാണ്. ടിവി സ്‌ക്രീനിൽ തകർന്ന കെട്ടിടത്തിന്റെയും വാഹനങ്ങളുടേയും ഇടയിൽ രക്തത്തിൽ കുതിർന്ന ശവശരീരങ്ങൾ, തെറിച്ചുവീണ ശരീരഭാഗങ്ങൾ. മരണം അനുഗ്രഹിച്ചിട്ടില്ലാത്തവരുടെ പിടച്ചിൽ. സ്റ്റ്രെച്ചറുകൾ, ആംബുലൻസുകൾ, ഉറ്റവരെത്തേടി തിരച്ചിൽ, മുറവിളികൾ.

‘മുംബെയിൽ രാവിലെ പതിനൊന്നു മണിക്ക് നടന്ന സ്‌പോടനത്തിൽ പതിനൊന്നു പേർ മൃതിയടഞ്ഞു. ഇരുപത്തെട്ടുപേരുടെ നില ഗുരുതരമാണ്...’

പ്രഫസർ കസേലയിൽ പോയിരുന്നു. അദ്ദേഹത്തിന് നിൽക്കാനുള്ള ശക്തി പെട്ടെന്നില്ലാതായപോലെ. മുറിഞ്ഞുപോയ ക്ലാസിന്റെ മുറുമുറുപ്പുകൾ. ഒരു തേനീച്ചക്കൂട്ടം അടുത്തുവരുന്നപോലെ, അതിന്റെ ശബ്ദം കൂടിക്കൂടിവന്നു. അദ്ദേഹം അപ്പോഴും ഫോൺവിളി കാത്തിരിക്കയായിരുന്നു. മേശപ്പുറത്തുവച്ച സെൽഫോൺ അടിക്കുമെന്നും തനിക്ക് മകനുമായി സംസാരിക്കാൻ പറ്റുമെന്നും അദ്ദേഹം ആശിച്ചു. ഇന്നലെ ടിവിയിൽ വാർത്തകൾ വന്നപ്പോൾതൊട്ട് അദ്ദേഹം ശ്രമിക്കുന്നതാണ്.

‘ദ നമ്പർ യുവാർ ഡയലിങ് ഈസ് ടെമ്പററിലി ഔട്ടോഫ് കമ്മീഷൻ’ എന്ന കമ്പ്യൂട്ടർ സന്ദേശം മാത്രം രണ്ടു ഭാഷകളിൽ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ‘നിങ്ങൾ ഡയൽ ചെയ്യുന്ന നമ്പർ...’

‘സാറിനെന്തു പറ്റീ?’ ആരോ ചോദിച്ചു. പ്രഫസർ ഉണർന്നു. എവിടെയാണ് നിർത്തിയത്? അതേ, ഷ്രോഡിങ്ങറെപ്പറ്റി പറയുകയായിരുന്നു. ഒരു പൂച്ചയെപ്പിടിച്ച് ഭാവനയിലുള്ള ഒരു പേടകത്തിലിട്ട് മുദ്രവച്ച് ശൂന്യാകാശത്തിലേയ്ക്ക് വിക്ഷേപിക്കുന്നു.

മറ്റെല്ലാ ചിന്തകളും മനസ്സിൽനിന്ന് തുടച്ചുനീക്കാൻ പ്രഫസർ ശ്രമിച്ചു. ഒന്നും പറ്റിയിട്ടുണ്ടാവില്ല. സ്‌പോടനം നടന്നത് നരിമാൻ പോയിന്റിലാണ്. അബ്ദുവിന്റെ ഓഫീസും അവിടെയാണെന്നതുകൊണ്ട് താൻ ഇങ്ങിനെ വേവലാതിപ്പെടേണ്ടതില്ല. പ്രഫസർ തന്റെ ലക്ചർ തുടർന്നു.

‘പൂച്ചയും ഭൂമിയുമായി യാതൊരു ബന്ധവുമില്ല. പൂച്ചയുടെ ആരോഗ്യനില പഠിക്കണമെങ്കിൽ വേറൊരു പേടകത്തിൽ കയറി പോയിനോക്കുകയേ നിവൃത്തിയുള്ളൂ. നമ്മൾ മറ്റൊരു റോക്കറ്റിൽ യാത്രതിരിക്കുന്നു. പൂച്ചയെ ഇട്ട പേടകം മുദ്രവച്ചിരിക്കയാണ്. പൂച്ച ജീവിച്ചിരിക്കുന്നുണ്ടോ അതോ ചത്തിട്ടുണ്ടോ എന്നറിയാൻ ആ പേടകം തുറന്നുനോക്കുകതന്നെ വേണം. ഇവിടെയാണ് പ്രശ്‌നം തുടങ്ങുന്നത്. പേടകം തുറന്നാൽ ആ നിമിഷം പൂച്ച ചാവും. അപ്പോൾ തുറന്നുനോക്കിയാൽ കാണുക ചത്ത പൂച്ചയെയാണ്. അപ്പോൾ പൂച്ച ജീവിച്ചിരിക്കുകയായിരുന്നോ എന്നറിയാൻ എന്താണ് വഴി? ഇവിടെയാണ് ക്വാണ്ടം സിദ്ധാന്തത്തിന്റെ ഡൈലമ കിടക്കുന്നത്.


‘ഷേക്‌സ്പീയർ പറഞ്ഞതുപോലെ ടു ബി ഓർ നോട് ടു ബി...’

വാക്കുകൾ വീണ്ടും മുറിഞ്ഞുപോയി. അവ രക്തം പുരണ്ട് ചിതറിക്കിടക്കുകയാണ്, പെറുക്കിയെടുത്ത് യോജിപ്പിക്കാൻ കഴിയാത്ത വിധത്തിൽ. ബിൽഡിങ് ബ്ലോക്കിന്റെ കൂട്ടിക്കലർത്തിയ കഷ്ണങ്ങൾക്കു മുമ്പിലിരിക്കുന്ന കുട്ടിയെപ്പോലെ പ്രഫസർ പകച്ചുനിന്നു.

പ്രഫസർ രാമചന്ദ്രൻ സാധാരണപോലെ കയ്യിൽ ഒരു തടിച്ച പുസ്തകവുമായി കാത്തുനിൽക്കുന്നുണ്ട്. നീരദ് സി. ചൗധുരിയുടെ ‘കോന്റിനെന്റ് ഒഫ് സർസ്’ ആണത്. രാവിലെയും ആ പുസ്തകം കയ്യിൽ കണ്ടിരുന്നു. മുഴുവൻ വായിച്ചുതീരുന്നവരെ ആ പുസ്തകം എപ്പോഴും ഹിസ്റ്ററി പ്രഫസറുടെ കയ്യിലുണ്ടാവും. വായിച്ചുകഴിഞ്ഞാൽ പിന്നെ ഒരാഴ്ചയ്ക്ക് അതിനെപ്പറ്റി ഹമീദുമായി സംസാരിക്കും. ചരിത്രം ശാസ്ത്രത്തോട് സംവാദം നടത്തും. ഹമീദിന് ആവക ചർച്ചകൾ ഇഷ്ടമാണ്. അതിൽനിന്നെല്ലാം ഉരുത്തിരിയുന്ന സംസ്‌കാരം ഉദാത്തമായിരുന്നു.

‘എന്തെങ്കിലും വിവരമുണ്ടോ?’ രാമചന്ദ്രൻ ചോദിച്ചു. ഇല്ലെന്ന് ഹമീദ് തലയാട്ടി.

അവർ ഒന്നും പറയാതെ നടന്നു. ക്വാർട്ടേഴ്‌സ് എത്താറായപ്പോൾ ഹമീദ് ചോദിച്ചു. ‘വരുന്നോ?’

അടുത്ത ബ്ലോക്കിലാണ് രാമചന്ദ്രന്റെ വീട്. അയാൾ മറുപടിയൊന്നും പറയാതെ ഹമീദിന്റെ ഒപ്പം തിരിഞ്ഞു. ആ മനുഷ്യനെ ഇപ്പോൾ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല. രണ്ടുപേരും ഒറ്റയ്ക്കാണ് താമസം, കുടുംബങ്ങൾ നാട്ടിൽ. എല്ലാ വെള്ളിയാഴ്ചയും വണ്ടികയറുന്നു; വാരാന്ത്യങ്ങളിലേ കുടുംബജീവിതമുള്ളൂ.

ഹമീദ് ചായക്കുള്ള പാത്രം അടുപ്പത്തുവച്ചു. പാത്രങ്ങളെടുത്തു പെരുമാറുമ്പോൾ ഹമീദിന് സ്വതസിദ്ധമായ വിലക്ഷണത കുറച്ചുകൂടിയപോലെ തോന്നും. ചായയുണ്ടാക്കുന്ന മെലിഞ്ഞ കൈകൾ നോക്കിക്കൊണ്ടിരിക്കേ രാമചന്ദ്രന് ആ മനുഷ്യനോട് വാത്സല്യം തോന്നി.

‘നമ്മുടെ മക്കളും ഒരു പരിധിവരെ ഉത്തരവാദിത്വമില്ലാത്തവരാണ്.’ രാമചന്ദ്രൻ പറഞ്ഞു. ‘അല്ലെങ്കിൽ അബ്ദുവിന് ഒന്ന് വിളിക്കായിരുന്നില്ലേ? എന്റെ മകനും അങ്ങിനെയാണ്. ഒരിക്കൽ അവൻ പോയ വണ്ടി അപകടത്തിൽപെട്ടു. ചെറിയ അപകടമായിരുന്നു. ടിവിയിൽ ന്യൂസു വന്നു. ഞങ്ങൾ പരിഭ്രമിച്ചു. അവന് ഒന്നും പറ്റിയിരുന്നില്ല. എന്നാലും ആ വിവരം ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ എന്തു സമാധാനമായേനെ?’

‘അബ്ദു അങ്ങിനെയല്ല.’ ഹമീദ് പറഞ്ഞു. ‘ഈ വക കാര്യങ്ങളിൽ അവൻ വളരെ കണിശക്കാരനാണ്. അതാണ് എന്റെ പേടി. അവന് വല്ലതും സംഭവിച്ചില്ലെങ്കിൽ അവൻ ഫോൺ ചെയ്‌തേനേ?’

എന്തും ആവാം. ഹമീദ് ആലോചിച്ചു. നിസാരമായ പരുക്കേറ്റു കിടക്കുകയാവാം. അല്ലെങ്കിൽ ടിവിയിൽ പറഞ്ഞ ഗുരുതരമായി പരുക്കേറ്റ ഇരുപത്തെട്ടു പേരിൽ ഒരാൾ അവനായിരിക്കാം. അതുമല്ലെങ്കിൽ?

ഹമീദിന്റെ മുഖംഭാവം മാറുന്നത് രാമചന്ദ്രൻ ശ്രദ്ധിച്ചു. അയാൾ പറഞ്ഞു.

‘ഹമീദ്, നിങ്ങൾ ഭാവന കാടുകയറാൻ അനുവദിക്കാതിരിക്കൂ. നമുക്ക് എങ്ങിനെയെങ്കിലും അബ്ദുവുമായി ബന്ധപ്പെടാൻ നോ ക്കാം.’

എങ്ങിനെയെന്ന് രാമചന്ദ്രനും അറിയില്ല. അയാൾ ശൂന്യമായ മനസ്സോടെ ചായ കുടിച്ചു.

‘ഇന്നുംകൂടി വല്ല വിവരവും കിട്ടുമോ എന്നുനോക്കാം. ഇല്ലെങ്കിൽ നാളെ ഞാൻ ബോംബെയ്ക്ക് പോവും.’

‘അബ്ദുവിന്റെ ഉമ്മ വിളിച്ചിരുന്നോ?’

‘ങും,’ ഹമീദ് തുടർന്നു, ‘ഒരുവിധം സമാധാനിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.’

‘നമുക്കൊരു കാര്യം ചെയ്യാം.’ രാമചന്ദ്രൻ പറഞ്ഞു. എന്റെ ക്വാർട്ടേഴ്‌സിൽ പോവാം. എനിക്ക് മെഹ്ദി ഹസന്റെ കാസറ്റ് കിട്ടിയിട്ടുണ്ട്. അതു കേൾക്കാം. ഒപ്പം ബോംബേയ്ക്ക് ഫോണിൽ ശ്രമിക്കുകയും ചെയ്യാം.’

പാകിസ്ഥാനി ഗസൽ ഗായകൻ മെഹ്ദി ഹസൻ രാമചന്ദ്രന്റെ ഒരാവേശമാണ്. കാസറ്റ് എവിടെ കണ്ടാലും ‘ഇരന്നിട്ടോ, കട്ടിട്ടോ, കടംവാങ്ങിയോ’ അത് വീട്ടിൽ കൊണ്ടുവരും. മെഹ്ദി ഹസൻ കഴിഞ്ഞാൽ ഗുലാമലി. അതും കഴിഞ്ഞാൽ ബീഗം അഖ്താർ. രാമചന്ദ്രന്റെ ഗസൽ ലോകം അതോടെ അവസാനിക്കുന്നു. അതിനപ്പുറം ഒന്നുമില്ലെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ട് അതിഥികൾ ആ ഗസലുകൾ കേൾക്കാൻ നിർബ്ബന്ധിതരാകുന്നു. ഹമീദിനു ഗസലുകൾ ഇഷ്ടമായതുകൊണ്ട് കുഴപ്പമില്ല. പക്ഷേ രാമചന്ദ്രന്റെ കലക്ഷനിൽ കുറച്ചു ജഗജീത് സിങ്ങും, പങ്കജ് ഉദാസും, തലത് അസീസും കൂടി ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹം ആശിക്കാറുണ്ട്.

മെഹ്ദി ഹസന്റെ ‘രഞ്ജിഷ് ഹി സഹി’ യാണ് കേട്ടത്.

‘ഇതു വേറൊരു കാസറ്റിലുണ്ടല്ലോ.’ ഹമീദ് പറഞ്ഞു.

‘ഉണ്ട്,’ രാമചന്ദ്രൻ ഒരു ചിരിയോടെ പറഞ്ഞു. ‘പക്ഷേ ഇത് ലൈവാ ണ്. സ്റ്റേജ് പരിപാടി. ഞാൻ ഒരു ചെറിയ സർപ്രൈസ് കേൾപ്പിച്ചുതരാം.’

അയാൾ കാസറ്റു റീവൈന്റ് ചെയ്തു ആദ്യം മുതൽക്കേ വച്ചു. നൗഷദ്, മെഹ്ദി ഹസനെ പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യത്തേത്. അതുകഴിഞ്ഞ് മെഹ്ദി ഹസന്റെ ശബ്ദം. ശ്രോതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തബലയുടെ പശ്ചാത്തലത്തിൽ ഘനഗംഭീരമായ ആ ശബ്ദം അപാരമായൊരു ശ്രുതികൂട്ടുകയായിരുന്നു.

പെട്ടെന്ന് പ്രഫസർ നിവർന്നിരുന്നു. മെഹ്ദി ഹസൻ തൊട്ടടുത്തുതന്നെ ഇരുന്നിരുന്ന മകൻ താരീഖ് ഹസനെപ്പറ്റി പറയുകയായിരുന്നു. ‘ഇപ്പോൾ ഞാൻ സ്റ്റേജ് പരിപാടികൾക്കു പോകുമ്പോൾ ഇവനെ ഒപ്പം കൊണ്ടുനടക്കുന്നുണ്ട്. ഒരു പൂച്ച സ്വന്തം കുട്ടികളെ കൊണ്ടുനടന്ന് ഒരോ വീടുകളിലെ വിശേഷങ്ങൾ കാട്ടിക്കൊടുക്കുന്നപോലെ...’

പൂച്ച! പ്രഫസർ പെട്ടെന്ന് മുഴുമിക്കാത്ത ക്ലാസ് ഓർത്തു.

അയാൾ ഫോണെടുത്ത് ഡയൽചെയ്യാൻ തുടങ്ങി. വീണ്ടും കമ്പ്യൂട്ടർ സന്ദേശം. ‘ദ നമ്പർ യു ഹാവ് ഡയൽഡ് ഇസ്...’

മുഴുമിക്കാത്ത ക്ലാസുകൾ പ്രഫസർ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവസാനത്തെ പിരിയഡാണെങ്കിൽ എടുത്തിരുന്ന വിഷയം മുഴുമിച്ചേ ക്ലാസുകൾ വിടാറുള്ളൂ. ഇന്ന്...

‘ബോംബെയിൽ ഹമീദിന്റെ കസിനില്ലേ റഹിം? അയാളെ വിളിച്ചുനോക്കിയോ?’

‘അയാൾ സ്ഥലത്തില്ലെന്നു തോന്നുന്നു. ടെലിഫോൺ അടിക്കുന്നുണ്ട്. ആരും എടുക്കുന്നില്ല. അയാൾ എപ്പോഴും ടൂറിലാണ്.’

മെഹ്ദി ഹസൻ പാടുകയാണ്. ‘രഞ്ജിഷ് ഹി സഹി ദിൽ ഹി ദുഖാനെ കേലിയേ ആ...’ എന്നോടു പിണക്കമാണെങ്കിലും എന്റെ ഹൃദയം നോവിപ്പിക്കാനായെങ്കിലും നീ വരൂ...

‘ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.’ രാമചന്ദ്രൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഹമീദ് ഒന്നും പറഞ്ഞില്ല. അയാൾ ഏറ്റവും മോശമായ അന്തിമവിധിയെപ്പറ്റി ആലോചിക്കുകയായിരുന്നു. സ്വയംപ്രതിരോധത്തിന് അതാവശ്യമായിരുന്നു. എന്തും നേരിടാൻ കരുത്താർജ്ജിക്കാൻ ഈ സ്വഭാവം അദ്ദേഹത്തെ സഹായിച്ചു. പക്ഷേ ഇത് എന്തും നേരിടുകയെന്ന വകുപ്പിൽ പെടുത്താമോ?

‘അവർ ചെയ്യുന്നതൊന്നും ശരിയല്ല.’ ഹമീദ് കുറച്ചുറക്കെ പറഞ്ഞു.

‘ആര്?’

‘അവർതന്നെ! ഇതെത്രാമത്തെ സ്‌പോടനമാണ് അവർ നടത്തുന്നത്? അടുത്തുതന്നെയല്ലേ കോയമ്പത്തൂരിൽ സ്‌പോടനമുണ്ടായത്. എത്രപേർ മരിച്ചു? എല്ലാ ബോംബുകളും പൊട്ടിയിരുന്നെങ്കിൽ കോയമ്പത്തൂർ മുഴുവൻ ചാമ്പലായേനെ? എന്തു നേടാനാണവർ അതു ചെയ്തത്? ഏതാനും കുടുംബങ്ങളെ നശിപ്പിക്കാനോ?’

രാമചന്ദ്രൻ ഓർക്കുകയായിരുന്നു. കടവന്ത്രയിലെ ചെറിയ വീട്ടിൽ നിലത്ത് കിടന്നുരുണ്ട് മാറത്തടിച്ച് കരയുന്ന നബീസയെന്ന ചെറുപ്പക്കാരിയെ. അവരുടെ രണ്ടു മക്കളാണ് കോയമ്പത്തൂരിൽ നഷ്ടപ്പെട്ടത്. ഒഴിവുകാലം ചെലവിടാൻ വല്ല്യുമ്മയുടെ അടുത്ത് പോയതായിരുന്നു അവർ. വല്ല്യുമ്മയുടെ രണ്ടു മക്കളും അവരുംകൂടി ക്രിക്കറ്റ് കളിക്കുമ്പോൾ തെറിച്ചുപോയ പന്ത് തെരയുന്നതിനിടയിലാണ് ഒരു സഞ്ചിയിൽ ഒളിപ്പിച്ചുവച്ച ബോംബു പൊട്ടിയതും നാലു കുട്ടികളും തൽക്ഷണം മരിച്ചതും. നബീസ ഇന്ന് മനസ്സിന്റെ താളംതെറ്റിയ ഒരു വീട്ടമ്മ മാത്രം. ബോംബു വച്ചവർ എന്തു നേടി? കണ്ണീരിൽ കുതിർന്ന ആ അമ്മയുടെ മുഖം ഓർമ്മ വന്നപ്പോൾ രാമചന്ദ്രൻ പറഞ്ഞു.

‘മനുഷ്യന്മാർക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു.’

‘ആ ഭ്രാന്ത് മാറ്റാനല്ലേ ശ്രമിക്കേണ്ടത്?’ ഹമീദ് പറഞ്ഞു. ‘ഇന്ന് അതാണോ രാഷ്ട്രീയക്കാർ ചെയ്യുന്നത്. പള്ളി പൊളിച്ചു. അതൊരു തെറ്റായ കാര്യമായിരുന്നു. അത് മുസ്ലീം വിശ്വാസത്തിൽ വലിയൊരു മുറിവുണ്ടാക്കി. ഒക്കെ ശരിതന്നെ. പക്ഷേ എല്ലാ മുറിവുകൾക്കും ഉണക്കമില്ലേ? അത് ഉണക്കാതെ നോക്കാൻ, അണുബാധിതമായി പുഴുക്കൾ അരിച്ചു നടക്കണമെന്ന നിർബ്ബന്ധത്തോടെ ഇടക്കിടയ്ക്ക് തോണ്ടിയിളക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടല്ലേ? ഒരു സാധാരണക്കാരന് അതൊരു വലിയ ഇഷ്യുവാണോ ഇപ്പോൾ? എന്റെ സമുദായത്തിൽപ്പെട്ടവർ വഞ്ചിതരാവുകയല്ലേ ചെയ്യുന്നത്? പാകിസ്ഥാൻ ചെയ്യുന്ന അട്ടിമറിയെല്ലാം ന്യായീകരിക്കുകവഴി അവർ സ്വയം ചതിക്കപ്പെടുകയല്ലേ ചെയ്യുന്നത്? പാകിസ്ഥാനുമായി താദാത്മ്യം പ്രാപിക്കലല്ല എന്റെ സമുദായക്കാർ ചെയ്യേണ്ടിയിരുന്നത്.’

‘ഇന്ത്യയിലെ മുസ്ലീം സമുദായം പാകിസ്ഥാനെ ന്യായീകരിക്കുന്നില്ല.’ രാമചന്ദ്രൻ പറഞ്ഞു. ‘മാധ്യമങ്ങളാണ് ഉത്തരവാദികൾ. ഒരോ മാധ്യമങ്ങൾക്കും അവരവരുടേതായ കെട്ടുപാടുകളുണ്ടാവും. അതിനകത്തുനിന്നേ എന്തും ചെയ്യാൻ പറ്റൂ. അങ്ങിനെയല്ലാത്ത സ്വതന്ത്രമാണെന്നു പറയുന്ന മാധ്യമങ്ങളുമുണ്ട്. അങ്ങിനെയുള്ള ഒരു വാരികയിൽ പള്ളിപൊളിച്ചതിന്റെ വാർഷികത്തിൽ എഴുതിയ ലേഖനം കണ്ടു. ഇത്രയും തീതുപ്പുന്ന, വിഷം വമിക്കുന്ന തരത്തിലുള്ള ലേഖനങ്ങൾ പത്രാധിപർക്കെങ്കിലും ഒഴിവാക്കിക്കൂടെ? പത്രമാധ്യമങ്ങൾ സാധാരണക്കാരുടെ സമചിത്തതയെ അളവില്ലാതെ സ്വാധീനിക്കുന്നുണ്ടെന്നത് അവർക്കറിയാത്തതാണോ?’

‘പള്ളി പൊളിച്ചതിന്റെ പേരിലാണ് ഈവക അട്ടിമറി ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ചിരിക്കയാണ്. അങ്ങിനെയല്ലാ എന്നും, നമ്മുടെ രാജ്യത്തെ ക്ഷീണിപ്പിക്കാനുള്ള പാകിസ്ഥാന്റെ അടവുമാത്രമാണിതെന്നും എന്നാണ് നമുക്ക് മനസ്സിലാവുക? എന്നാണ് ഈ സമുദായം രാഷ്ട്രീയത്തിന്റെ ബലിയാടുകളാവുന്നത് നില്ക്കുക?’

പ്രഫസർ ഹമീദ് രോഷാകുലനായിരുന്നു. ദൂരെ മഹാനഗരത്തിൽ തന്റെ ഏകമകൻ ഉണ്ട്. ഉണ്ട് എന്നു പറയാൻ ധൈര്യമില്ലാത്ത അവസ്ഥ. അയാൾ മകളെ ഓർത്തു. അവൾ സ്റ്റേറ്റ്‌സിലാണ്. അവൾ കല്യാണം കഴിച്ചത് ഒരമേരിക്കക്കാരനെയാണ്. പ്രൊട്ടസ്റ്റന്റ്. അവൾ മതം മാറിയിട്ടില്ല. അയാളും. അവൾ മുസ്ലീമും അയാൾ കൃസ്ത്യാനിയുമായി ഒരു കുഴപ്പവുമില്ലാതെ മതത്തിന്റെ കെട്ടുപാടുകൾക്കതീതമായി ജീവിക്കുന്നു. പ്രഫസർ അതിൽ അഭിമാനംകൊണ്ടു. മുംബെയിൽ നടന്ന സ്‌പോടനത്തെപ്പറ്റി അവൾ അറിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടെങ്കിൽത്തന്നെ അത് അവന്റെ ഓഫീസിന്റെ ഇത്ര അടുത്താണെന്നും അറിയുകയുണ്ടാവില്ല.


മെഹ്ദി ഹസൻ പാടുകയാണ്. ഒരു നിമിഷം എല്ലാം മറന്ന് ആ അനുഗ്രഹീതഗായകന്റെ ശബ്ദമാധുരിയിൽ മുഴുകിയിരിക്കാൻ പ്രഫസർ ഹമീദ് ആശിച്ചു.

രാമചന്ദ്രൻ ടിവി ഓണാക്കി ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അവസാനം ഒരു ചാനലിൽ വാർത്തകൾ വന്നപ്പോൾ നിർത്തി. ഇന്നലെ വന്ന അതേ ഷോട്ടുകൾ തന്നെ. മരിച്ചവരുടെ സംഖ്യ പതിനെട്ടായി. സ്‌പോടകവസ്തു തിരിച്ചറിഞ്ഞിരിക്കുന്നു. ആർഡിയെക്‌സ്. മുമ്പു നടത്തിയിരുന്ന സ്‌പോടനങ്ങളുടെ അതേ മുഖമുദ്രയാണ് ഈ സ്‌പോടനത്തിനും. ഉത്തരവാദികൾ വേറെ ആരുമല്ല.

‘പാകിസ്ഥാൻ തന്നെയാണ്.’ രാമചന്ദ്രൻ വെറുപ്പോടെ പറഞ്ഞു. അതിൽ തന്റെ നേരെ ആക്ഷേപകരമായി എന്തോ ഉള്ളപോലെ ഹമീദിനു തോന്നി. വെറും തോന്നലായിരിക്കാം. തുടർച്ചയായുള്ള ഈ സ്‌പോടനങ്ങൾ, ഒരു ജനതയുടെ നേരെ അഴിച്ചുവിട്ട നഗ്നമായ ആക്രമണങ്ങൾ തന്റെ മനസ്സിൽ ഒരു കുറ്റബോധമുണ്ടാക്കിയിരിക്കുന്നുവെന്ന് ഹമീദിനു മനസ്സിലായി. തന്റെ തെറ്റല്ല, തന്റെ സമുദായത്തിന്റേയും തെറ്റല്ല. എന്നിട്ടും ചെയ്യാത്ത തെറ്റിനു പാപഭാരമേറ്റേണ്ട ഗതികേടു വന്നിരിക്കുന്നു. ഒപ്പംതന്നെ അതിനുള്ള ഭീമമായ വിലയും കൊടുത്തുകൊണ്ടിരിക്കുന്നു. തന്റെ മനസ്സിലെ കറ സമുദായത്തിന്റെ മുഴുവൻ കറയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ദൈവമേ എന്നാണതു മാറിക്കിട്ടുക?

മെഹ്ദി ഹസൻ പാടുകയാണ്. മതങ്ങളുടേയും രാജ്യങ്ങളുടേയും മനുഷ്യനിർമ്മിതമായ വേലിക്കെട്ടുകൾ അനായാസം തകർത്ത് ആ അനുഗ്രഹീതഗായകന്റെ ശബ്ദം ഒഴുകിവരുന്നത് പ്രഫസർ ഹമീദ് ശ്രദ്ധിച്ചു. അനശ്വരസ്‌നേഹത്തിന്റെ ഗാഥകൾ. അദ്ദേഹത്തിന് ആ മനുഷ്യനോട് ആദരവും സ്‌നേഹവും തോന്നി. ഒറ്റയ്ക്കിരുന്ന് കുറേനേരം കരയാൻ അദ്ദേഹം ആഗ്രഹിച്ചു.

‘ഞാൻ വീട്ടിൽ പോയിനോക്കട്ടെ. മറ്റേ ഫോണിൽ വല്ലതും വന്നാലോ?’

‘ഞാനും വരാം.’ രാമചന്ദ്രൻ എഴുന്നേറ്റു. ‘അല്ലെങ്കിൽ വേണ്ട, ഞാൻ ഭക്ഷണമൊക്കെ ഉണ്ടാക്കിയിട്ട് പിന്നെ വരാം. ഇന്ന് അവിയൽ വെക്കണമെന്ന് പ്ലാനിട്ടിരിക്കയാണ്. അവിടെ ഒന്നും ഉണ്ടാക്കണ്ട. എല്ലാം തയ്യാറായാൽ ഞാൻ വന്ന് വിളിക്കാം.’

‘ശരി.’

പ്രഫസർ പോയശേഷം രാമചന്ദ്രൻ കുറച്ചുനേരം ഗസൽ കേട്ടുകൊണ്ടിരുന്നു. ‘ഫൂൽ ഹി ഫൂൽ ഖിൽ ഉഠേ’. ‘പൂവായ പൂവുകളെല്ലാം വിരിയുന്നു...’ അവ വിരിയുകയാണോ അതോ വിരിയുംമുമ്പുതന്നെ കരിയുകയാണോ? തന്റെ പ്രിയപ്പെട്ട മെഹ്ദി ഹസൻ ഇന്നൊരു ദുരന്തമായെന്ന് പ്രഫസർ രാമചന്ദ്രൻ കണ്ടു.

പ്രഫസർ ഹമീദ് ഒരു ധ്യാനത്തിലെന്നപോലെ ഇരുന്നു. തന്നെ അന്വേഷിച്ച് എന്തോ വരുന്നുണ്ടെന്ന് അദ്ദേഹത്തിന്നറിയാം. വിധികല്പിതമായ എന്തോ ഒന്ന്. അത് ഏതു രൂപത്തിലാണ് വരുന്നതെന്നു മാത്രം അറിയില്ല. ദൂരെ, വളരെ ദൂരെ ആകാശത്തിന്റെ സീമകൾക്കുമപ്പുറത്ത് ഏകാന്തതയുടെ പേടകത്തിൽ ഷ്രോഡിങ്ങറുടെ പൂച്ച സഞ്ചരിക്കുകയാണ്. അത് ജീവിച്ചിരിപ്പുണ്ടോ അതോ ചത്തുവോ എന്നറിയാൻ എന്താണ് വഴി? പേടകം തുറന്നാൽ ചത്ത പൂച്ചയെയാണ് കാണുക, കാരണം പേടകം തുറക്കുന്ന നിമിഷത്തിൽ അതു ചാവും. അപ്പോൾ പൂച്ചയുടെ സ്ഥിതി അറിയാൻ എന്താണ് വഴി? കണികാസിദ്ധാന്തത്തിന്റെ ഈ അനിശ്ചിതത്വം പ്രതികരണശേഷിയുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക രസകരമായിരുന്നു. മുഴുമിക്കാൻ കഴിയാതിരുന്ന ക്ലാസ്, പ്രഫസർക്ക് മനോവിഷമമുണ്ടാക്കി.

ദൂരെനിന്ന് വാങ്കുവിളി കേട്ടു. അലിവിന്റെ ആ സുഖദസ്വരം അലകളായി തന്നെ തേടിയെത്തിയപ്പോൾ പ്രഫസർ നിലത്ത് പുൽപ്പായ വിരിച്ച് മുട്ടുകുത്തി ഇരുന്നു. സർവ്വശക്തനായ, കാരുണ്യാത്മനായ ദൈവമേ നീയെന്തിനാണ് എന്നെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്?

വാതിൽക്കൽ ഒരു മുട്ടു കേട്ടപ്പോൾ പ്രഫസർ എഴുന്നേറ്റു. അത് രാമചന്ദ്രനല്ല എന്നദ്ദേഹത്തിനു മനസ്സിലായി. അവസാനം അതു വരുകയാണോ? പ്രഫസർ എഴുന്നേറ്റു വാതിൽ തുറന്നു. പുറത്ത് യൂനിഫോമിട്ട പോസ്റ്റ്മാൻ.

‘ടെലഗ്രാം.’

അവസാനം! ടെലഗ്രാമും പിടിച്ചുകൊണ്ട്, അതു തുറക്കാൻ ഭയന്ന് ഹമീദ് വാതിൽക്കൽ നിന്നു. അനിശ്ചിത്വത്തിന്റെ കനത്ത നിമിഷങ്ങൾ പെരുമ്പറകൊട്ടി കടന്നുപോകവേ, പുറത്ത് വെട്ടിനിർത്തിയ മൈലാഞ്ചിച്ചെടികളുടെ അരമതിലിനുമപ്പുറത്ത് പ്രഫസർ രാമചന്ദ്രൻ നടന്നുവരുന്നത് ഹമീദ് കണ്ടു.

പെട്ടെന്ന് അകത്തിരുന്ന ഫോൺ അടിക്കാൻ തുടങ്ങി.