close
Sayahna Sayahna
Search

സമുദായത്തിന്റെ അന്ധകാരം കലയുടെ പ്രകാശം


സമുദായത്തിന്റെ അന്ധകാരം കലയുടെ പ്രകാശം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

1972-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഹൈന്റിഹ് ബോയ്ല്‍ “പാലത്തില്‍” (At the Bridge) എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ടു്. യുദ്ധത്തിനു പോയതു കൊണ്ടാവണം കാലില്‍ മുറിവു പറ്റിയ ഒരുത്തനു് അധികാരികള്‍ ജോലി നല്‍കി. ഒരു പുതിയ പാലത്തിലിരുന്നു് അതു കടന്നുപോകുന്ന ആളുകളുടെ സംഖ്യ അയാള്‍ കണക്കാക്കണം. ശബ്ദമില്ലാത്ത വാ കൊണ്ടു് അയാള്‍ നാഴികമണിയെപ്പോലെ ടിക്‍ ടിക്‍ എന്നു് എണ്ണി വൈകുന്നേരമാകുമ്പോള്‍ സംഖ്യ ഇത്രയാണെന്നു് അധികാരികളെ അറിയിക്കും. അവര്‍ക്കു എന്തെന്നില്ലാത്ത സന്തോഷം. ഇത്രയും ആളുകള്‍ പാലം പ്രയോജനപ്പെടുത്തുന്നല്ലോ എന്നറിയുമ്പോഴാണ് ആ ആഹ്ലാദം.

പക്ഷേ, “സ്ഥിതിവിവരണക്കണക്കുകള്‍” തെറ്റാണെന്നുള്ളതു് അവരുണ്ടോ അറിയുന്നു! ലോകത്തോടു് അയാള്‍ക്കു ദേഷ്യം തോന്നുമ്പോള്‍, സിഗററ്റ് എല്ലാം വലിച്ചുകഴിഞ്ഞു പിന്നെ സിഗററ്റ് ഇല്ലെന്നാകുമ്പോള്‍ അയാള്‍ ശരാശരി സംഖ്യയേ നല്‍കൂ. എന്നാല്‍ അയാള്‍ക്കു് ആഹ്ലാദം നിറഞ്ഞ മാനസികാവസ്ഥയാണുള്ളെതെങ്കില്‍ സംഖ്യ അഞ്ചക്കത്തിലേക്കു കുതിക്കുന്നു. അപ്പോള്‍ അധികാരികളുടെ കണ്ണുകള്‍ തിളങ്ങും. അവര്‍ അമിതമായ സന്തോഷത്തോടെ സംഖ്യകുറിച്ച കടലാസ് അയാളുടെ കൈയില്‍നിന്നു് പിടിച്ചെടുക്കും; മുതുകില്‍ തടവും, തട്ടും. ഒരു മിനിറ്റില്‍ എത്ര ആളുകള്‍ പാലം കടന്നുവെന്നു അവര്‍ കണക്കാക്കും. വരാന്‍പോകുന്ന പത്തു കൊല്ലത്തില്‍ ആകെ എത്ര പേര്‍ അതു കടന്നുപോകും എന്നു കണക്കുകൂട്ടി നിശ്ചയിക്കും. എന്നാല്‍ അയാളുടെ കാമുകി ദിവസം രണ്ടുതവണ പാലം കടക്കുമ്പോള്‍ അയാള്‍ അവളെ എണ്ണത്തില്‍ ചേര്‍ക്കുകയില്ല. മറ്റുള്ള എല്ലാ ആളുകളേയും അയാള്‍ എണ്ണും. അവളെ കണ്ടാല്‍ ഹൃദയമങ്ങു നില്‍ക്കുകയാണ്. രാജവീഥിയിലേക്കു കടന്നു അവള്‍ അപ്രത്യക്ഷയാകുന്നതുവരെ, ഐസ്ക്രീം പാർലറിൽ പോയിട്ട് തിരിച്ചുവന്നു് മറയുന്നതുവരെ അയാള്‍ എണ്ണുകയില്ല. അപ്പോള്‍ പാലം കടക്കുന്നവര്‍ സ്ഥിതിവിവരക്കണക്കില്‍പ്പെട്ടു് അമരത്വമാര്‍ജ്ജിക്കുകയില്ല. ചിലപ്പോള്‍ പ്രധാനനായ സ്ഥിതിവിവരക്കണക്കുകാരന്‍ റോഡില്‍നിന്നു് ആളുകളെ എണ്ണുകയായിരിക്കും. അയാളുടെ സംഖ്യയും പാലത്തില്‍ ഇരുന്നു് എണ്ണുന്നവന്റെ സംഖ്യയും ഒത്തുനോക്കിയാല്‍ ഒരാളിന്റെ വ്യത്യാസമേ ഉണ്ടാകൂ. അതു സാരമില്ല. സ്ഥിതിവിവരക്കണക്കുകാരന്‍ അയാളുടെ തോളില്‍ സ്നേഹത്തോടെ തട്ടിയിട്ടു പറയും: “ഒരു മണിക്കൂറില്‍ ഒരാളെ വിട്ടുപോയാല്‍ കുഴപ്പമൊന്നുമില്ല. ചെറിയ പിശകുകള്‍ ഞങ്ങള്‍ അനുവദിച്ചുകൊടുക്കാറുണ്ടു്. കുതിരവണ്ടികളെ എണ്ണുന്ന ജോലിയിലേക്കു നിങ്ങളെ മാറ്റാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യാന്‍ പോകുകയാണു്.” ആ മാറ്റം കിട്ടിയാല്‍ എത്ര നന്നായിരുന്നു. നാലുമണിക്കും എട്ടുമണിക്കും ഇടയ്ക്കു് കുതിര വണ്ടികള്‍ക്കു പാലത്തില്‍ക്കൂടെ പോകാന്‍ പാടില്ല. അപ്പോള്‍ അയാള്‍ക്കു് ഐസ്ക്രീം പാര്‍ലറില്‍ച്ചെന്നു് ഒരിക്കലും എണ്ണുന്ന സംഖ്യയില്‍പ്പെടാത്ത പ്രേമഭാജനത്തെ നോക്കി കണ്ണുകള്‍ക്കു് കുളിര്‍മ്മ നല്‍കാമല്ലോ.

ആളുകളെ എണ്ണാന്‍ വ്യക്തിയെ നിയമിക്കുന്നവര്‍ ബൂറോക്രസിയില്‍പ്പെട്ട ഉദ്യോഗസ്ഥന്മാരാണ്. പാഴ്‌വേലകള്‍ ചെയ്യുക എന്നതാണു് അവരുടെ ജോലിയെന്നു് ധ്വനിപ്പിച്ചിട്ടു് ആ വ്യവസ്ഥിതിയില്‍ വ്യക്തി മാനസികമായി കുറച്ചു നേരത്തേക്കു സ്വാതന്ത്യം നേടുന്നതിനെ ഹൈന്റിഹ് ബോയ്ല്‍ ചേതോഹരമായി ആവിഷ്ക്കരിക്കുന്നു. പ്രേമഭാജനം പാലത്തില്‍ക്കൂടെ കടന്നുപോകുമ്പോള്‍ അവളെ കാമുകന്‍ കരുതിക്കുട്ടി എണ്ണാതെ വിടുന്നു. അങ്ങനെ അയാള്‍ക്കു താല്ക്കാലികമായി സ്വാതന്ത്ര്യം. താല്ക്കാലികമായി അയാള്‍ ബൂറോക്രസിയെ വഞ്ചിക്കുകയും ചെയ്യുന്നു, അവരതു കണ്ടുപിടിച്ചാലും ശിക്ഷയില്ല. ക്ഷമിക്കുന്നതേയുള്ളു. ബൂറോക്രസിയുടെ കൊള്ളരുതായ്മയെയും വ്യക്തികളുടെ പരാധീനതയെയും അഭിവ്യഞ്ജിപ്പിക്കുന്ന ഈ കഥ ഒന്നാന്തരമായിട്ടുണ്ടു്. ഇത്രയും എഴുതിയപ്പോള്‍ ബോയ്ലിന്റെ വേറൊരു കഥയെക്കുറിച്ചുകൂടി പറയണമെന്നു് എനിക്കു തോന്നുന്നു. “This is Tibten” — “ഇവിടമാണ് ടിപ്റ്റന്‍” — എന്നാണു് കഥയുടെ പേരു്. അഞ്ചു സര്‍വ്വകലാശാലകളില്‍ പഠിച്ചു് രണ്ടു് ഡോക്ടറേറ്റ് നേടിയ അയാളുടെ ജോലി, ടിപ്റ്റന്‍ തീവണ്ടിയാഫീസില്‍ തീവണ്ടി വന്നു നില്ക്കുമ്പോള്‍ “ഇവിടമാണു് ടിപ്റ്റന്‍ — നിങ്ങള്‍ ടിപ്റ്റനിലെത്തി — ടിബേര്‍ഷ്യസിന്റെ ശവകുടീരം കാണാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കു് ഇറങ്ങേണ്ടതു് ഇവിടെയാണ്” എന്നു് ഉച്ചഭാഷിണിയില്‍ക്കൂടി പറയുകയെന്നതാണു്. അതു കേട്ടവര്‍ ഉറക്കത്തില്‍നിന്നു് കണ്ണുതിരുമ്മി എഴുന്നേറ്റു് ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കും. അവ്യക്തപ്രകാശമാര്‍ന്ന പ്ലാറ്റു്ഫോമില്‍ കുറെ യാത്രക്കാര്‍ തീവണ്ടിയില്‍നിന്നിറങ്ങും. ടിബേര്‍ഷ്യസ് ഒരു റോമാക്കാരന്‍ ബാലനായിരുന്നു. ടിപ്റ്റനിലെ ഒരതി സുന്ദരിക്കുവേണ്ടി ജീവന്‍ ത്യജിച്ചവനാണു് ടിബേര്‍ഷ്യസ്. ഉറങ്ങുന്നവരെ ഉണര്‍ത്താതെ, ഉണര്‍ന്നിരിക്കുന്നവര്‍ കേള്‍ക്കാന്‍ വിട്ടുപോകാതെ അയാള്‍ മൃദുലമായി ആ വാക്കുകള്‍ പറയും. മയങ്ങിയിരിക്കുന്നവര്‍ അതു കേട്ടാല്‍ തങ്ങള്‍ ടിപ്റ്റനിലേക്കല്ലേ യാത്രതിരിച്ചതെന്നു് വിചാരിക്കാതിരിക്കില്ല. പ്ലാറ്റ് ഫോമില്‍ ഇറങ്ങിയ യാത്രക്കാര്‍ നേരെ പോകുന്നത് ആ റോമന്‍ വെര്‍ഥറിന്റെ[1] ശവകുടീരം കാണാനാണു്. അതില്‍ ആ ബാലന്റെ അര്‍ദ്ധമൂഖാലേഖ്യം (Profile). അവന്റെ കൈകള്‍ ഒരു പെണ്‍കുട്ടിയുടെ നേര്‍ക്കു് നിഷ്ഫലമായി നീട്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യചെയ്ത ബാലന്റെ ബാലത്വത്തെ കാണിക്കുന്ന കളിപ്പാട്ടങ്ങളും ശവകുടീരത്തില്‍ വച്ചിട്ടുണ്ടു്. ആനക്കൊമ്പിന്റെ നിറമുള്ള ഏതോ വസ്തുകൊണ്ടു് ഉണ്ടാക്കിയ രണ്ടു് ആനകളുടേയും ഒരു കുതിരയുടേയും ഒരു പട്ടിയുടേയും കൊച്ചു രൂപങ്ങള്‍. ആ കളിപ്പാട്ടങ്ങളെക്കുറിച്ചു ഗവേഷണഗ്രന്ഥങ്ങള്‍തന്നെ അവിടെ രചിക്കപ്പെട്ടിട്ടുണ്ടു്. ഇവിടെ ഉച്ചഭാഷിണിക്കാരന്‍ ഒരു കുറ്റസമ്മതം നടത്തുന്നു. ഒരു ദിവസം അയാള്‍ ശവകുടീരത്തില്‍നിന്നു് ഈ കളിപ്പാട്ടങ്ങള്‍ മോഷ്ടിച്ചു. എന്നിട്ടു് കടയില്‍നിന്നു രണ്ടു റാത്തല്‍ “മാര്‍ജറീന്‍”[2] വാങ്ങിയപ്പോള്‍ കിട്ടിയ രണ്ടാനയുടേയും ഒരു കുതിരയുടേയും ഒരു പട്ടിയുടേയും കൊച്ചുരൂപങ്ങള്‍ അയാള്‍ ശവകുടീരത്തില്‍ കൊണ്ടുവച്ചു. അവ ടിബേര്‍ഷ്യസിന്റെ മൃഗരൂപങ്ങളെപ്പോലെ വെളുത്തവതന്നെ; അതേ ആകൃതി; അതേ തൂക്കം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശവകുടീരത്തില്‍ ആദ്യമുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍ എന്തു പ്രയോജനം ചെയ്തുവോ അതേ പ്രയോജനം തന്നെ രണ്ടാമതു കൊണ്ടുവച്ച രൂപങ്ങളും ചെയ്തു എന്നതാണ്. സന്ദര്‍ശകര്‍ അവ കണ്ടു് വികാരവിവശരാകും. ലോകത്തിന്റെ സ്വഭാവം അവര്‍ക്കു അതില്‍നിന്നു് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷേ അതു ഗ്രഹിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല. ആ കളിപ്പാട്ടങ്ങളെക്കുറിച്ചു ഭാവഗാനങ്ങള്‍ രചിച്ചവരുണ്ടു് (രണ്ടു റാത്തല്‍ ‘മാര്‍ജറീന്‍’ വാങ്ങിയപ്പോള്‍ ഉച്ചഭാഷിണിക്കാരനു കിട്ടിയ കൗതുകവസ്തുക്കളാണു് അവയെന്നു് ഓര്‍മ്മിക്കണം.) അങ്ങനെ അവ ശവകുടീരത്തില്‍ കിടക്കുകയാണു്. അല്പം മഞ്ഞനിറം വന്നുപോയിട്ടുണ്ടെങ്കിലും അവ കണ്ടാല്‍ ടിബേർഷ്യസിന്റെ കളിപ്പാട്ടങ്ങളാണെന്നേ തോന്നുകയുള്ളു. “ഇവിടം ടിപ്റ്റനാണു് — നിങ്ങള്‍ ടിപ്റ്റനിലെത്തി — ടിബേര്‍ഷ്യസിന്റെ ശവകുടീരം…” ഈ വാക്കുകള്‍ അയാള്‍ ഉച്ചഭാഷിണിയിലൂടെ മുഴക്കുന്നു, തീവണ്ടി വരുമ്പോഴെല്ലാം. അതു് അന്തസ്സിനു ചേരാത്ത ജോലിയാണെന്നു് എന്തിനു കരുതണം?

രണ്ടു ഡോക്ടറേറ്റ് കിട്ടിയ ഒരാളിനെ വെറും കൂലിക്കാരനാക്കി മാറ്റുന്ന ബൂറോക്രസി; ആ ബൂറോക്രസിയെ പ്രോത്സാഹിപ്പിക്കുന്ന സമുദായം. ഈ രണ്ടു ഘടകങ്ങളേയും എത്ര അനായാസമായിട്ടാണു് ബോയ്ല്‍ ചിത്രീകരിക്കുന്നതെന്നു് നോക്കുക. അങ്ങനെയുള്ള ക്രൂരമായ അധികാരമണ്ഡലത്തേയും ശൂന്യമായ സമുദായത്തേയും എതിർക്കാൻ വ്യക്തിക്കു കഴിയുന്നില്ല. ആകെ ചെയ്യാവുന്നതു് യഥാർത്ഥത്തിലുള്ള കളിപ്പാട്ടങ്ങൾ മാറ്റി കൃത്രിമമായവ വച്ചു് ബൂറോക്രസിയേയും സമുദായത്തേയും വഞ്ചിക്കുക എന്നതാണു്. അങ്ങനെ അല്പമൊരു സ്വാതന്ത്ര്യം നേടുക എന്നതാണു്. ആദ്യത്തെ കഥയിലെ ആശയംതന്നെ മറ്റൊരു രീതിയില്‍ അഴകകലര്‍ന്ന് ഇവിടേയും ആവിഷ്കൃതമാകുന്നു.

ജീവിതത്തിന്റെ ഗതിവേഗം നശിച്ചിരിക്കുകയാണ് ഈ കാലഘട്ടത്തില്‍. സമകാലിക ജീവിതത്തിനു് അന്തസ്സില്ല, മാന്യതയില്ല. മൂല്യങ്ങള്‍ തകര്‍ന്നിരിക്കുന്നു. മഹാവ്യക്തികളെ ബഹുമാനിക്കുക എന്നതുപോലും ഇന്നു് ഇല്ലാതെയായിരിക്കുന്നു. നമ്മുടെ സമുദായവും പരിഷ്ക്കാരവും സംസ്‌കാരവും ശൂന്യങ്ങളാണു്; പൊരുത്തക്കേടുകള്‍ നിറഞ്ഞവയാണ്. കാപട്യം എവിടേയും വെന്നിക്കൊടി പറത്തുന്നു. വിശ്വാസം എന്നൊന്നില്ല. വിശ്വാസം തകര്‍ന്നതോടെ മനുഷ്യന്റെ ആത്മവിശ്വാസവും തകര്‍ന്നിരിക്കുന്നു. ഇങ്ങനെ ദുരന്തത്തിലെത്തിയ സമുദായത്തേയും മനുഷ്യനെ പീഡിപ്പിക്കുന്ന ബൂറോക്രസിയേയും ചൂണ്ടിക്കാണിച്ച് മനുഷ്യനെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന കഥകളും നോവലുകളുമാണു് ഹൈന്റിഹ് ബോയ്ല്‍ രചിച്ചിട്ടുള്ളതു്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജര്‍മ്മനിയെയാണു് ഈ കലാകാരന്‍ ചിത്രീകരിക്കുന്നതെങ്കിലും ചിത്രീകരണത്തിനു സാര്‍വജനീനസ്വഭാവമുണ്ടു്. അതിനാല്‍ ജര്‍മ്മന്‍ സമുദായവും ഇന്ത്യന്‍സമുദായവും വിഭിന്നങ്ങളാണെന്നു നമുക്കു തോന്നുന്നില്ല. ആളുകളെ എണ്ണുമ്പോള്‍ പ്രേമഭാജനത്തെ വിട്ടുകളഞ്ഞും, ശവകുടീരത്തിലെ യഥാര്‍ത്ഥങ്ങളായ കളിപ്പാട്ടങ്ങള്‍ മാറ്റി കൃത്രിമമായവ കൊണ്ടുവച്ചും തങ്ങളുടെ അല്പമായ സ്വാതന്ത്ര്യത്തെ സ്വയമറിയുന്ന പാവപ്പെട്ട രണ്ടുപേരും ജര്‍മ്മനിയില്‍ മാത്രമുള്ളവരല്ല; ഇന്ത്യയിലും അതിന്റെ ഒരു ഭാഗമായ കേരളത്തിലും ഉള്ളവര്‍തന്നെ. ബോയ്ല്‍ അവരുടെ ചിത്രം വരയ്ക്കുമ്പോള്‍ സത്യത്തിന്റെ വില നമ്മളറിയുന്നു; അതിന്റെ ആവശ്യകത നമ്മള്‍ മനസ്സിലാക്കുന്നു. എങ്ങനെയാണു് നമ്മള്‍ അതു ഗ്രഹിക്കുന്നതു്? അവിടെയാണ് കലയുടെ ശക്തിയിരിക്കുന്നതു്. ബോയ്ല്‍കണ്ട സത്യം അദ്ദേഹത്തിന്റെ അജാഗരിത മനസ്സിലേക്കു കടന്നുചെന്നിട്ടു് രണ്ടു ചെറുകഥകളായി പുറത്തേക്കു പോരുന്നു; തീനാളങ്ങള്‍ പോലെ. അവയില്‍ നിന്നു പുറപ്പെടുന്ന രശ്മികളാണു് നമുക്കു ചൂടും വെളിച്ചവും പ്രദാനംചെയ്യുന്നതു്. സമുദായത്തിന്റെ ശൂന്യതയില്‍, അധികാരമണ്ഡലത്തിന്റെ ക്രൂരതയില്‍ കല മയൂഖമാലകള്‍ പ്രസരിപ്പിച്ചുകൊണ്ടു് വിരാജിക്കുന്നു.


  1. ഗോയ്ഥേയുടെ നോവലിലെ കഥാപാത്രം.
  2. മൃഗങ്ങളുടെ കൊഴുപ്പും സസ്യയെണ്ണയും ചേർത്തുണ്ടാക്കുന്ന ഭക്ഷ്യസാധനം.