close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 07 14


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 07 14
ലക്കം 929
മുൻലക്കം 1993 07 07
പിൻലക്കം 1993 07 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണവും വെട്ടിത്തിളങ്ങുന്ന മുക്കുപണ്ടവും അറിവില്ലാത്ത സ്ത്രീയുടെ കൈയിൽ കൊടുത്തിട്ട് ഏതെങ്കിലുമൊന്ന് എടുത്തുകൊള്ളാൻ പറഞ്ഞാൽ അവൾ വ്യാജവസ്തു കൈക്കലാക്കിയിട്ട് സ്വർണ്ണാഭരണം തിരിച്ചുതരും. പണ്ട് ‘സാറ്റി’നെന്ന പേരിൽ ഒരുതരം പട്ടുണ്ടായിരുന്നു. ഇപ്പോഴും കാണുമായിരിക്കുമത്. നല്ല തുണികൊണ്ടോ നല്ല പട്ടുകൊണ്ടോ ബ്ലൗസ് തയ്ക്കാതെ കണ്ണഞ്ചിക്കുന്ന ശോഭയുള്ള സാറ്റിൻ അതിനുവേണ്ടി വാങ്ങിച്ചിരുന്നു അക്ഷരജ്ഞാനം കുറവായ സ്ത്രീകൾ. അഞ്ഞൂറു രൂപയുടെ കറൻസിനോട്ട്, പ്രഭ ചിന്തുന്ന അഞ്ച് ഒറ്റരൂപാ നാണയം ഇവ കുട്ടിയുടെ നേർക്കു നീട്ടു. അവൻ നാണയമെടുക്കും. നോട്ട് ചുരുട്ടിക്കൂട്ടി ദൂരെയെറിയും. പി. കുഞ്ഞിരാമൻ നായരുടെ കവിത സ്വർണ്ണാഭരണമാണ്. അത് ഇന്നാർക്കും വേണ്ട. മുക്കുപണ്ടങ്ങൾക്കു സദൃശങ്ങളായ കവിതകളെ നെഞ്ചോടു ചേർക്കുന്നു പലരും. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ ഇതു സംസ്കാര ദാരിദ്ര്യമാണ്. മുക്കുപണ്ടമായ കവിതയെ ഉയർത്തിപ്പിടിക്കുന്ന ഒരു സാഹിത്യകാരനോടു ഞാൻ ചോദിച്ചു. ‘താങ്കൾ ഉയർത്തുന്ന … എന്ന കവിതയാണോ ശ്രേഷ്ഠൻ അതോ പി.കുഞ്ഞിരാമൻ നായരോ?’ കുഞ്ഞിരാമൻ നായർ എന്ന് അദ്ദേഹത്തിനു സമ്മതിക്കേണ്ടിവന്നു. എന്നിട്ടു രക്ഷപ്പെടാനായി ഇങ്ങനെയും കൂട്ടിച്ചേർത്തു. “പക്ഷേ കുഞ്ഞിരാമൻ നായർക്ക് ഒരു ചുഴിക്കൂറ്റം വന്നുപോയി.”

ബുക്കർ സമ്മാനം നേടിയ നോവൽ

പി. കുഞ്ഞിരാമൻ നായരുടെ കവിത സ്വർണ്ണാഭരണമാണ്. അത് ഇന്നാർക്കും വേണ്ട. മുക്കുപണ്ടങ്ങൾക്കു സദൃശങ്ങളായ കവിതകളെ നെഞ്ചോടു ചേർക്കുന്നു പലരും. സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ ഇതു സംസ്കാര ദാരിദ്ര്യമാണ്.

യുദ്ധം സമഗ്രസ്വഭാവമുള്ള സത്യത്തിന്റെ ഭാഗികാംശം മാത്രമാണ്. അതിനെ സ്ഥൂലീകരിച്ചു പ്രതിപാദിക്കുമ്പോൾ യുദ്ധത്തിന്റെ കെടുതികൾ അത്രകണ്ടു കണ്ടിട്ടില്ലാത്ത കേരളീയർക്ക് സമ്പൂർണ്ണങ്ങളായ അനുഭൂതികൾ ജനിക്കില്ല. മറ്റൊരു വിധത്തിൽ പറയട്ടെ. പടിഞ്ഞാറൻ നാടുകളിലുള്ളവർ ആ പ്രതിപാദനങ്ങൾ വായിച്ചുരസിക്കുന്നതുപോലെ കേരളത്തിലുള്ളവർ രസിക്കുകയില്ല. പത്തൊൻപതാം ശതാബ്ദത്തിലെ രചനകളെ ഞാൻ വിട്ടുകളയുന്നു. ഈ ശതാബ്ദത്തിലെ ‘From Here to Eternity’ (ജെയിംസ് ജോൺസ്), ‘The Naked and the Dead’ (നോർമൻ മെയ്‌ലർ), ‘Slaughter House — Five’ (കർട് വൊണഗറ്റ്), ‘Catch 22’ (ജോസഫ് ഹെല്ലർ) ഈ നോവലുകളെക്കുറിച്ച് എന്തെന്തു പ്രശംസാ വചനങ്ങളാണ് നിരൂപകർ കോരിച്ചൊരിഞ്ഞിട്ടുള്ളത്. ഈ ലേഖകൻ ഇപ്പറഞ്ഞ നോവലുകൾ വായിച്ചിട്ടുണ്ട്. പാശ്ചാത്യരുടെ അനുഭൂതി മണ്ഡലത്തിൽ പ്രവേശിക്കാനാവാതെ ഞാൻ പാരായണത്തിനു ശേഷം ആ നോവലുകൾ അടച്ചുവച്ചിട്ടുണ്ട്. പിന്നീടൊന്നു തുറന്നുനോക്കാൻ ധൈര്യപ്പെട്ടിട്ടുമില്ല. അല്ലെങ്കിൽ ജീനിയസ് അത്തരം വിഷയങ്ങളെ സാർവജനീനങ്ങളാക്കിത്തീർക്കണം. ജോൺസിനോ മെയ്‌ലർക്കോ വൊണഗറ്റിനോ ഹെല്ലർക്കോ ആ പ്രതിഭയില്ലതാനും. ബുക്കർ സമ്മാനം നേടിയ “The English Patient” എന്ന നോവലിനെക്കുറിച്ചും എനിക്കു പറയാനുള്ളത് ഇതുതന്നെയാണ് (Michael Ondaatje എഴുതിയത്). ‘Profound, beautiful and heart-quickening’ എന്നു നോവലിസ്റ്റ് റ്റോണി മോറിസണും ‘The best piece of fiction in English’ എന്നു നോവലിസ്റ്റ് എഡ്മണ്ട് വൈറ്റും ‘A magic carpet of a novel’ എന്നു ജേണലിസ്റ്റ് പികോ അയ്യരും പറഞ്ഞതു വിശ്വസിച്ചാണ് ഞാൻ ഈ നോവൽ വാങ്ങിയതും പ്രയാസപ്പെട്ടു വായിച്ചതും. വായിച്ചുകഴിഞ്ഞ് ‘egg-straw-ordinary’ എന്ന് അവസാനത്തെപ്പുറത്തിൽ ധർമ്മരോഷത്തോടെ എഴുതിപ്പോയി. ഫ്ലോറൻസിലാണ് കഥ നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞകാലം. യുദ്ധം നടന്ന കാലത്ത് ആശുപത്രിയാക്കി മാറ്റിയ ഒരു കെട്ടിടത്തിൽ വിമാനാപകടത്തിൽ കരിഞ്ഞ ശരീരവുമായി ഒരുത്തൻ കിടക്കുന്നതു നമ്മൾ ആദ്യമായി കാണുന്നു. അയാളെ ശുശ്രൂഷിക്കുന്നത് കാനഡക്കാരിയായ വിധവ ഹന. അവിടെ ക്രാവാജ്ജിയോ എന്നൊരു കള്ളനും ഒരു സിക്കും (പഞ്ചാബുകാരൻ) എത്തുന്നു. ക്രാവാജ്ജിയോവിന് ശരീരം കരിഞ്ഞ് കിടക്കുന്നവന്റെ രഹസ്യങ്ങളറിയാം. അവ അനാവരണം ചെയ്യുന്ന വേളയിൽ നോവലിന് ഡിറ്റക്റ്റീവ് സ്വഭാവം കൈവരുന്നു. നഴ്സായ ഹനയും സിക്കും അനുരാഗത്തിൽ വീഴുന്നു. രോഗിക്ക് ഹനയെ ഇഷ്ടമാണ്. പക്ഷേ അയാൾ കിടക്കുന്ന ഭവനത്തിൽ ഇരുട്ടു വീഴുന്നു. നൈരാശ്യത്തിന്റെ ഇരുട്ട്. ‘The villa drifts in darkness. In the hallway by the English patient’s bedroom the last candle burns, still alive in the night. Whenever he opens his eyes out of sleep, he sees the old wavering yellow light’. ഈ അന്ധകാരവും നിരാശതയും യുദ്ധത്തിന്റെ ഫലമാണെന്ന് വരുത്താനാണ് നോവലിസ്റ്റിന്റെ ആഗ്രഹം. അതു നന്ന്. പക്ഷേ അദ്ദേഹത്തിന്റെ കാവ്യാത്മക ഭാഷ നോവലിന്റെ അർത്ഥനകൾക്ക് അനുരൂപമായി പ്രവർത്തിക്കുന്നില്ല. മുട്ടയും വയ്ക്കോലും പോലെ സാധാരണമായ നോവലാണിത്. ഭാവനാത്മകവും കലാത്മകവുമായ നോവലുകൾക്കല്ല ബുക്കർ സമ്മാനം ലഭിക്കാറ്. ഈ നോവലും സമ്മാനം നേടിയിരിക്കുന്നു.

വായനക്കാർ അകലുന്നു

നമ്മൾ പറയുന്നതിൽ അന്യൻ മനസ്സിരുത്തുന്നില്ലെന്നു വന്നാൽ അതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ട്? ഇതിനു തുല്യമായ അനുഭവങ്ങൾ സാഹിത്യ അക്കാദമിയുടെ നിർവ്വാഹക സമിതികളിൽ എനിക്കുണ്ടായിട്ടുണ്ട്

അദ്ദേഹം പേരുകേട്ട പ്രഭാഷകനായിരുന്നു. ഞാൻ അദ്ദേഹത്തോടൊരുമിച്ച് ഏറെ സമ്മേളനങ്ങൾക്ക് പോയിട്ടുണ്ട്. പക്ഷേ ഒടുവിലൊടുവിൽ അദ്ദേഹം കൂടെയുണ്ടെന്നറിഞ്ഞാൽ പ്രഭാഷണത്തിന് ക്ഷണിക്കാൻ വരുന്നവരോട് അസൗകര്യമുണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞ് കളയുമായിരുന്നു. കാരണം അദ്ദേഹം പ്രഭാഷണവേദിയിൽ കയറിയാൽ ഒരിക്കലും അവിടെ നിന്ന് ഇറങ്ങുകയില്ല എന്നതായിരുന്നു. ചൈനയുടെ ആക്രമണത്തിൽ നിന്ന് കുമാരില ഭട്ടനിലേക്ക്, അദ്ദേഹത്തിൽ നിന്ന് രാമാനുജനിലേക്ക്, രാമാനുജനിൽ നിന്ന് നെഹ്രുവിലേക്ക് ഇങ്ങനെ ഹനുമാൻ ചാട്ടങ്ങൾ ചാടി രണ്ടു മണിക്കൂർ “ഓറൽ ഡയറിയ” നടത്തും അദ്ദേഹം. ഒരിക്കൽ അദ്ദേഹവുമൊരുമിച്ച് വർക്കലെപ്പോയി ഞാൻ, പ്രഭാഷണത്തിനായി. വിദ്യാലയമാണ്. ദൂരെ നിന്ന് എത്തുന്ന കുട്ടികളാകെ എഴുന്നേറ്റു പോയി. മറ്റാളുകൾ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവിൽ ‘മൈക്ക്’ കൊണ്ടുവന്നവർ മാത്രമുണ്ട്. ഹെഡ് മാസ്റ്റർ വാചികാതിസാരം തന്റെമേൽ വീഴാതെ മാറിനിൽക്കുന്നു. പ്രഭാഷകൻ മൈക്കിന്റെ ഉടമസ്ഥനെ നോക്കി ശങ്കരാചാര്യർ പ്രച്ഛന്നബുദ്ധനായതെങ്ങനെയെന്ന് വിശദീകരിച്ചു തുടങ്ങി. അയാൾ കുറെ നേരം തല താഴ്ത്തിയിരുന്നിട്ട് എഴുന്നേറ്റങ്ങു പോയി. അതിനു ശേഷം ശൂന്യാകാശത്തെ നോക്കി പതിനഞ്ചു മിനിട്ടു കൂടി മാത്രമേ പ്രഭാഷകൻ പ്രസംഗിച്ചുള്ളൂ. നമ്മൾ പറയുന്നതിൽ അന്യൻ മനസ്സിരുത്തുന്നില്ലെന്നു വന്നാൽ അതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ട്? ഇതിനു തുല്യമായ അനുഭവങ്ങൾ സാഹിത്യ അക്കാദമിയുടെ നിർവ്വാഹക സമിതികളിൽ എനിക്കുണ്ടായിട്ടുണ്ട്. അക്കാലത്ത് ഹെഡ് മിസ്ട്രസ്സായിരുന്ന ശ്രീമതി വൽസല കണ്ടിൻജൻസി, ടെൻഡർ, ക്വട്ടേഷൻ ഇവയെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു. സർക്കാർ നിയമങ്ങളിലും സർവീസ് നിയമങ്ങളിലും തനിക്കുള്ള അപാരമായ പാണ്ഡിത്യം ശ്രീമതി അങ്ങനെ പ്രദർശിപ്പിച്ചുപോന്നു. ഞാൻ പ്രിൻസിപ്പലായിരുന്നില്ല. എങ്കിലും ദീർഘകാലം രണ്ടു കലാശാലകളിൽ എനിക്ക് പ്രിൻസിപ്പലിന്റെ ചാർജ്ജുണ്ടായിരുന്നു. കെ. എസ്. ആർ., ഫിനാൻഷ്യൽ ആന്റ് അക്കൗണ്ട് കോഡ് ഇവയൊക്കെ എനിക്ക് ഹൃദിസ്ഥങ്ങളാണ്. എങ്കിലും എന്റെ ആ അറിവ് ഞാൻ പ്രദർശിപ്പിച്ചതേയില്ല. രണ്ട്, മൂന്ന് മണിക്കൂർ നേരം നീളുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വൽസലയുടെ പാരാവാര സദൃശമായ ആധികാരിക വിജ്ഞാനം അലയടിക്കുന്നുവെന്നു കണ്ടപ്പോൾ ഞാൻ അതിൽ നിന്ന് രക്ഷ നേടാനായി സാഹിത്യ അക്കാദമി മീറ്റിങ്ങുകളിൽ പോകാതെയായി. ആകെ മൂന്നു കൊല്ലമാണല്ലോ സാഹിത്യ അക്കാദമിയുടെ കാലയളവ്. ഞാൻ ഒരു കൊല്ലമേ അക്കാദമിയിൽ പോയിട്ടുള്ളൂ. സ്ഥിരമായി പോകാതിരുന്നതു കൊണ്ട് എന്നെ ബഹിഷ്കരിക്കാനായി ശ്രമം നടന്നെങ്കിലും അഭിവന്ദ്യനും സഹൃദയസ്നേഹ പരതന്ത്രനുമായ ശ്രീ. റ്റി. കെ. രാമകൃഷ്ണൻ ആ യത്നത്തെ തടഞ്ഞു. ഞാനേറെ സ്നേഹിക്കുന്ന വ്യക്തിയാണദ്ദേഹം. അതിരിക്കട്ടെ, നമ്മൾ പറയുന്നത് ചുറ്റുമിരിക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാൽ നമുക്കു വലിയ വേദനയുണ്ടാകും. അവരുടെ വേദന നമ്മൾ അറിയുന്നില്ലെങ്കിലും ചിലപ്പോൾ നമ്മുടെ വേദനയുമാകും.

പ്രതിരൂപാത്മക കാവ്യങ്ങൾ വായിക്കുമ്പോൾ ഈ വേദനയാണ് എനിക്ക്. അലിഗറി (ലാക്ഷണികത്വം) എനിക്ക് വേദന മാത്രമല്ല, വെറുപ്പും ഉണ്ടാക്കുന്നു. പ്രതിരൂപാത്മക കാവ്യങ്ങൾ രചിക്കുന്നവർ അവരുടെ സ്വന്തം നിലയിൽ വിദഗ്ദ്ധരാണ്; കാവ്യപ്രചോദനമുള്ളവരാണ്. ശ്രീ. പ്രഭാവർമ്മയും അങ്ങനെ തന്നെ. നല്ല കവിയാണ് അദ്ദേഹം. ആ കവിത്വശക്തി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘അർക്കപൂർണ്ണിമ’ എന്ന കാവ്യത്തിൽ ദൃശ്യമാണ്. പക്ഷേ സൂര്യൻ, സൂര്യപുത്രൻ ഈ സിംബലുകൾ കൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന ലോകം എനിക്ക് അനഭിഗമ്യമാണ്.

 
“ജീവന്റെ കുളിരായ് സൂര്യ
ജാഗരം പെയ്തു നിൽക്കവേ
സ്വപ്ന സന്നിഭമീ രത്ന-
ഗർഭ, സംപൂർണ്ണകാമയായ്”

എന്ന വരിയും അതുപോലുള്ള മറ്റു വരികളും പ്രഭാവർമ്മയുടെ കവിത്വശക്തിക്കു നിദർശകം തന്നെ. എങ്കിലും സൂചകപദങ്ങൾ നൽകി കാവ്യവിഷയത്തിലേക്ക് അനുവാചകരെ പ്രവേശിപ്പിക്കാതെ അയാളെ പ്രതിരൂപാത്മകത്വത്തിന്റെ ദുർഗ്രഹതയാൽ അകറ്റിനിറുത്തുന്ന ഇക്കാവ്യം പ്രഭാഷകന്റെ കലണ്ടർ നോക്കിയുള്ള (വാച്ച് നോക്കിയല്ല) പ്രഭാഷണം പോലെ അനാദരണീയമാണ്. [ആനക്കാര്യത്തിൽ ഒരു ചേനക്കാര്യം. സംസ്കൃത ഭാഷയുടെ രീതിയനുസരിച്ച് ‘പൂർണത’ എന്ന് ണകാരത്തിന് ഇരട്ടിപ്പ് കൂടാതെ അച്ചടിക്കുന്നത് മനസ്സിലാക്കാം. (മലയാളത്തിൽ ഇരട്ടിപ്പോടുകൂടിയാണ് എഴുതാറ്). എങ്കിൽപ്പിന്നെ അർക്ക ശബ്ദത്തിൽ കകാരത്തിന് ഇരട്ടിപ്പ് എന്തിന്? സംസ്കൃതത്തിൽ അർക ശബ്ദത്തിൽ കകാരത്തിന് ദ്വിത്വമില്ല. ഒന്നുകിൽ മലയാളത്തിലെ രീതിയനുസരിച്ച് രണ്ടും കൂട്ടിക്കലർത്തി അച്ചടിക്കണം; അല്ലെങ്കിൽ സംസ്കൃതത്തിലെ രീതിയനുസരിച്ച് രണ്ടും കൂട്ടിക്കലർത്തി വായനക്കാർക്കു ചിന്താക്കുഴപ്പം ഉണ്ടാക്കരുത്.) (വീണ്ടും ചേനക്കാര്യം. പൂർണ്ണം നിറഞ്ഞത്. അത് പൂർണ്ണതയാകാം. സമ്പൂർണ്ണതയാകാം. പരിപൂർണ്ണതയാകാം. എന്നാൽ പൂർണ്ണിമക്ക് അർഥം വേറെയല്ലേ? പൂർണ്ണിമാ, നിശാകരേ കലാഹീനേ സതി = ചന്ദ്രൻ കലാഹീനനായിരിക്കുമ്പോൾ. വെളുത്ത വാവിനെയാണു പൂർണ്ണിമയെന്നു പറയുക.നൈഷധ ചരിത മഹാകാവ്യം സർഗ്ഗം 2. ശ്ലോകം 76 നോക്കുക. “നിഖിലാന്നിശി പൂർണ്ണിമാ…”)

* * *

പ്രഭാവർമ്മയുടെ കാവ്യത്തെക്കുറിച്ചു നിർവഹിച്ച സാമാന്യ പ്രസ്താവനകൾ ശ്രീ മനോജ് ജാതവേദര് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ പെസഹ എന്ന ചെറുകഥയ്ക്കും ചേരും. ഒരു വ്യത്യാസം മാത്രം. പ്രഭാവർമ്മ കവിയാണ്; മനോജ് കഥാകാരനല്ല. ഒരമ്മ, മകൻ, പരിചാരകൻ, വീട്ടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഒരു ബീഭത്സ രൂപം ഇവരെക്കൊണ്ടു കഥാകാരൻ സൃഷ്ടിക്കുന്ന ലോകം ഭീതിതമെന്നേ പറയേണ്ടു. ഇത്തരം കഥകളെ Social Creimes ആയി ഞാൻ കാണുന്നു.

ചോദ്യം, ഉത്തരം

ഇതൊരു പേഴ്സണൽ കോളമാണ്. അതുകൊണ്ട് കൂടെക്കൂടെ ‘ഞാൻ ഞാൻ’ എന്ന പ്രയോഗമുണ്ടാകും. ഈ ദോഷമൊരിക്കൽ നോവലിസ്റ്റ് സുരേന്ദ്രനെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്ദേഹം പ്രോത്സാഹനജനകമായി പറഞ്ഞു: ‘പേഴ്സണൽ കോളമായതുതന്നെയാണ് അതിന്റെ സവിശേഷത.’

Symbol question.svg.png നിങ്ങൾക്കു മലയാള ഭാഷ അറിഞ്ഞുകൂടെന്നു വത്സല ദേശാഭിമാനി പത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നല്ലോ. എന്തു പറയുന്നു?

ശരിയായിരിക്കാം. ഞാൻ ഇപ്പോഴും മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിദഗ്ദ്ധമായി ഭാഷ പ്രയോഗിക്കാൻ പഠിക്കുന്നതിനു മിൻപു തന്നെ ഞാൻ മരിച്ചുപോയേക്കാം. അത്രയ്ക് പ്രയാസമുണ്ടെനിക്ക്. വത്സല നല്ല മലയാള ഭാഷ കൈകാര്യം ചെയ്യുന്നുണ്ടാവാം. അതിനെക്കാളേറെ അവർക്ക് അവഗാഹമുള്ളത് ക്യൂറ്റ്സേയുടെ കൃതികളിലാണ്. ശ്രീ. രഘുരാമൻ നായർ “പകൽക്കൊള്ള” എന്ന പേരിൽ അത് ദൃഢ-പ്രത്യയം നൽകുമാറ് മലയാള മനോരമ ദിനപ്പത്രത്തിലൂടെ സ്പഷ്ടമാക്കിയിരുന്നു. എന്റെ ഭാഷയെക്കുറിച്ചു സത്യം പരഞ്ഞതിനു വൽസലക്കു നന്ദി. വേറൊരു കൈപ്പുള്ള സത്യം ചൂണ്ടിക്കാണിച്ചതിന് രഘുരാമൻ നായർക്ക് അഭിനന്ദനം.

Symbol question.svg.png പ്രചാരണം, പ്രചാരണം എന്നു പരഞ്ഞു നിങ്ങൾ കുറേക്കാലമായി കുരയ്ക്കുന്നല്ലോ. പ്രചാരണം സാഹിത്യത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ?

താങ്കൾ കഴുത്തിലേയും വദനത്തിലേയും മാംസപേശികൾ മരവിപ്പിച്ച്, വാലൊതുക്കി, കുത്തിയിരുന്ന് അന്തരീക്ഷത്തിലെ ഒരു ഉപഗ്രഹത്തെ നോക്കി മോങ്ങുന്നത് ഈ ചോദ്യത്തിലൂടെ ഞാൻ കേട്ടു. പ്രചാരണത്തിന്റെ Violence-നെയാണ് ഞാൻ നിന്ദിക്കുന്നത്. സമരേഷ് ബോസ് എന്ന മാർക്സിസ്റ്റുകാരൻ തൂവൽ കൊണ്ടു സ്പർശിക്കുന്നതുപോലെ, വെൽവെറ്റ് കൊണ്ടു തടവുന്നതുപോലെ പ്രചാരണം നടത്തും. അപ്പോൾ സ്പർശിക്കപെടുന്നവനു സുഖം. Violence-ൽ സുഖമില്ല, ദു:ഖമേയുള്ളു.

Symbol question.svg.png ഈ കാലഘട്ടത്തിലെ ഇന്ത്യയിലെ ജീവിതത്തെ എങ്ങനെ വിലയിരുത്താം?

ഒരു ഇംഗ്ലീഷ് പദം കൊണ്ട്; ‘ഡിസ്ഗ്രേയ്സ്.’

Symbol question.svg.png സ്തീയുടെ നല്ല കാലമേത്?

അച്ഛനമ്മമാരോടു താമസിക്കുന്ന കൗമാര കാലം നല്ലത്. ദാമ്പത്യ ജീവിതം ചീത്തക്കാലം. “മദ്യപിച്ചുകൊണ്ടുവന്ന്, ഒരു തെറ്റും ചെയ്യാതെ എന്നെ എന്റെ ഭർത്താവ് എന്ന നീചൻ മർദ്ദിക്കുന്നു. ഞാനെന്തു ചെയ്യണം സാറേ. എന്റെ പേരു വെളിപ്പെടുത്തരുതേ.” “പേരു മാറ്റിയെഴുതാം. ഗ്രേസി അവന്റെ മുഖത്ത് ഇടി കൊടുത്തിട്ട് സ്വന്തം വീട്ടിലേക്കു പോകണം. ഈ ക്രൂരമായ ദമ്പത്യ ജീവിതത്തേക്കാൾ കൊള്ളരുതാത്തതാണ് സ്തീവിമോചന പ്രസ്ഥാനം. അതുകൊണ്ട് അതിൽ ചേരരുത്. നേരെ വീട്ടിലേക്ക്.”

Symbol question.svg.png വയലറ്റ് ലെഡൂക് ആരാണ്?

അങ്ങനെയൊരാളെ ഞാൻ കേട്ടിട്ടില്ല. ഷെനെ, സീമോൻ ദ ബോവ്വാർ ഇവരെയെല്ലാം പരിചയമുണ്ടായിരുന്ന വിയോലത് ലെദ്ദ്യൂക്കിനെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? (Violette Leduc) അസാധാരണത്വം ആവാഹിച്ച ഫ്രഞ്ചെഴുത്തുകാരിയായിരുന്നു അവർ. അവരുടെ ‘La Batarde’, ‘Mad in Persuit’ എന്നീ ആത്മകഥാപരമായ കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. അവർ 1972-ൽ മരിച്ചു.

ഭേദമാകാത്ത രോഗം

ഇതൊരു പേഴ്സണൽ കോളമാണ്. അതുകൊണ്ട് കൂടെക്കൂടെ ‘ഞാൻ ഞാൻ’ എന്ന പ്രയോഗമുണ്ടാകും. ഈ ദോഷമൊരിക്കൽ നോവലിസ്റ്റ് സുരേന്ദ്രനെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്ദേഹം പ്രോത്സാഹനജനകമായി പറഞ്ഞു: ‘പേഴ്സണൽ കോളമായതുതന്നെയാണ് അതിന്റെ സവിശേഷത.’ വായനക്കരുടെ സദയാനുമതിയൊടെ ഞാൻ സ്വന്തം കാര്യം എഴുതിക്കൊള്ളട്ടെ. എന്റെ മകൻ മരണമടഞ്ഞപ്പോൾ നിയമാനുസാരികളായ ചടങ്ങുകളിൽ വിശ്വാസമൊല്ലാത്ത എം.കെ മേനോൻ (വിലാസിനി) എന്റെ വീട്ടിൽ വന്ന് ആശ്വാസ വാക്കുകൾ പറഞ്ഞു. എനിക്കു വലിയ പരിചയമില്ലാത്ത കൈനിക്കര കുമാരപിള്ള സാർ വഴുക്കലുള്ള വയൽ വരമ്പിലൂടെ വീട്ടിലെത്തി

ആശ്വാസം പകർന്നു. അവരൊക്കെ എത്ര നല്ലയാളുകൾ. ബോംബയിലോ മറ്റോ താമസിച്ചിരുന്ന ശ്രീമതി മാധവിക്കുട്ടി (കമലാദാസ്) എനിക്കെഴുതി രോഗം ഭേദമാകുന്നതിന് ഒരു കാലയളവുള്ളതുപോലെ ദുഃഖം മാറുന്നതിനും ഒരു കാലയളവുണ്ട് എന്ന്. വേറൊരു രീതിയിൽ മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി അറിയിച്ചു. “നിങ്ങളുടെ വീട്ടിൽ മരണം കൂടെക്കൂടെ കയറി വരുന്നതിൽ എനിക്കു ദുഃഖമുണ്ട്. മരണമുണ്ടായാൽ തത്ത്വചിന്തകൊണ്ട് ദുഃഖപ്രവാഹത്തെ അണകെട്ടി നിറുത്തുന്നത് നിഷ്പ്രയോജനമാണ്.” (ഓർമ്മയിൽനിന്നെഴുതുന്നത്). രോഗം ഭേദമാകുന്നതിന് ഒരു കാലയളവുണ്ടെന്നു മാധവിക്കുട്ടി പറഞ്ഞതു ശരി. പക്ഷേ രോഗാർത്തമായ കഥാസാഹിത്യത്തിന് ആരോഗ്യം തിരിച്ചുകിട്ടുമോ? അതിനു കാലയളവുണ്ടോ? ദേശാഭിമാനി വാരികയിൽ ശ്രീ. ടി. സി. ജോജി എഴുതിയ “അയാളുടെ നഗരം” എന്ന കഥ വായിച്ചപ്പോൾ മലയാള ചെറുകഥാ സാഹിത്യത്തിനു പിടിപെട്ട മഹാരോഗം ഒരിക്കലും ഭേദമാവുകയില്ലെന്നു എനിക്കു തോന്നിപ്പോയി. മകൻ അച്ഛനെ ദുഃഖത്തോടെ യാത്രയാക്കുന്നു. വിദേശവാസം കഴിഞ്ഞ് വളരെക്കൊല്ലത്തിനു ശേഷം അച്ഛൻ മകനെ കാണാനെത്തുമ്പോൾ അവൻ കോൺഗ്രസ് നേതാവായി വിരാജിക്കുന്നു. അവന്റെ സമീപത്തു മദ്യവും മദിരാക്ഷിയും. തന്ത വഴിയിൽക്കിടന്നു ചാവുന്നു. കഥാരചന ഉദാത്തമായ പ്രക്രിയയാണ്. ജന്മനാ കഥയെഴുത്തുക്കാരനായവനു മാത്രമേ നല്ല കഥകൾ രചിക്കാനാവൂ. അല്ലെങ്കിൽ ഇതുപോലെ മഹാരോഗം പിടിപെട്ട കഥയെ ഉത്കൃഷ്ടമായ വാരികയുടെ വെണ്മയാർന്ന താളിൽ കിടത്തിയിട്ട് ‘ഇതിന്റെ സൗന്ദര്യം ആസ്വദിക്കൂ’ എന്നു പറയേണ്ടതായിവരും. എന്താണ് ഈ ഭർത്സനം എന്നു ചോദിക്കുന്നവരുണ്ടാകും. എനിക്ക് ഒരു മറുപടിയേയുള്ളു. അതു ഇംഗ്ലീഷിലാകട്ടെ. Mr. Joji, Your story is all a pack of lies. എവിടെ കലയുടെ വിശ്വാസ്യത ഇല്ലാതാകുന്നുവോ അവിടെ കള്ളമാണ് ശീർഷമുയർത്തി നില്ക്കുന്നത്.

എവിടെയോ വായിച്ചത്

ഓരോ നാട്ടിനും അതിന്റേതായ ജീനിയസ് ഉണ്ട്. എന്റെ നാട്ടിന്റെ ജീനിയസ് പാമ്പായി ഭൂമിക്കുള്ളിൽനിന്നു പുറത്തേക്കു വരുന്നു.

  1. ഒരു കവി വിശന്നുതളർന്നു റോഡിലൂടെ നടക്കുകയായിരുന്നു. ആ സന്ദർഭത്തിൽ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ ജന്നലിനരികിൽ ഒരു വിധവ നില്ക്കുന്നത് അയാൾ കണ്ടു. കവി ഷേർടിന്റെ ഏറ്റവും മുകളിലുള്ള ബട്ടൺ നഷ്ടപ്പെട്ടതുപോലെ രണ്ടറ്റവും കൂട്ടിപ്പിടിച്ച് അവളോട് ചോദിച്ചു. “ഒരു മൊട്ടുസൂചി തരാനുണ്ടോ?” സ്ത്രീ പറഞ്ഞു: “എന്റെ മേശയിൽ കണ്ടേക്കും.” കവി അറിയിച്ചു: “എന്നാൽ ഒരു വലിയ റൊട്ടിയിൽ ആ മൊട്ടുസൂചി കുത്തിവച്ച് താഴോട്ടു ഇട്ടുതരൂ.”
  2. ഓരോ നാട്ടിനും അതിന്റേതായ ജീനിയസ് ഉണ്ട്.എന്റെ നാട്ടിന്റെ ജീനിയസ് പാമ്പായി ഭൂമിക്കുള്ളിൽനിന്നു പുറത്തേക്കു വരുന്നു.
  3. ഇരുട്ട് ഏതും വലിച്ചെടുക്കുന്നു. ജനങ്ങൾ, ശക്തികൾ, അഗ്നികൾ, മൃഗങ്ങൾ, ഞാൻ ഇവയെല്ലാം എത്ര നിഷ്പ്രയാസമായിട്ടാണ് അത് വലിച്ചെടുക്കുക. ഒരു വലിയ ഊർജ്ജം എന്റെ സമീപത്തു നീങ്ങുന്നു. എനിക്കു രാത്രികളിൽ വിശ്വാസമുണ്ട്.
  4. ഈശ്വരൻ ലോഹങ്ങളിൽ ഉറങ്ങുന്നു, സസ്യങ്ങളിൽ ഉണരുന്നു, മൃഗങ്ങളിൽ നടക്കുന്നു, മനുഷ്യരിൽ ചിന്തിക്കുന്നു.
  5. എന്റെ വാദങ്ങൾക്കു മറുപടി പറയാൻ കഴിയാത്തവർക്ക് എന്നെ തെറി പറയാനും അപകീർത്തിപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്.

ഗതിവൈകല്യം

ബുക്കർ സമ്മാനം കിട്ടിയ നോവലിനെക്കുറിച്ചു മുകളിൽ എഴുതിയല്ലോ. കവറിൽ അച്ചടിച്ചു വച്ച അത്യുക്തി കലർന്ന വാക്യങ്ങ‌ൾ പരസ്യങ്ങളാണെന്നു ഞാൻ മനസ്സിലാക്കി. ഇനി കവറിൽ അച്ചടിച്ച വക്യങ്ങളാൽ ഞാൻ വഞ്ചിതനാവുകയില്ല. വിക്രംസേത്തിന്റെ നോവലിനെക്കുറിച്ചു ഇന്ത്യൻ പത്രങ്ങളും വാരികകളും ചൊരിഞ്ഞ സ്തുതിവാക്കുകൾ കേട്ടു വിശ്വസിച്ച് അഞ്ഞൂറു രൂപ കൊടുത്ത് ഞാൻ ആ ട്രാഷ് വാങ്ങിച്ചു. ഇനി ഇന്ത്യൻ ജേണലുകളാൽ ഞാൻ വഞ്ചിക്കപ്പെടുകയില്ല. പ്രീതിഷ് നന്‌ദി Illustrated Weekly-യുടെ പത്രാധിപരായിരുന്ന കാലത്ത് പറട്ടക്കഥകൾ അച്ചടിച്ചിട്ട് അവയുടെ മുകളിൽ അദ്ഭുതാവഹമായ കഥകൾ എന്നോ ചേതോഹരങ്ങളായ കഥകൾ എന്നോ ചേർക്കുമായിരുന്നു. ആ കഥകൾ വായിച്ച ഞാൻ ഇനി പറ്റിക്കപ്പെടില്ല.ശ്രീ. എം. ആർ. മനോഹരവർമ്മയുടെ പറട്ടയിൽ പറട്ടയായ ‘ഓ ഡൽഹി’ എന്ന കഥയെ മനോഹരമെന്ന് മുൻപുള്ള ലക്കം വാരികയിൽ വിശേഷിപ്പിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. (ഓർമ്മയിൽ തെറ്റുണ്ടെങ്കിൽ ഈ വാക്യം പിൻവലിച്ചിരിക്കുന്നു.) ഇനി ഞാൻ അത്തരം പ്രസ്താവങ്ങളെ വിശ്വസിക്കില്ല. അനുഭവമാണല്ലോ ഗുരു. ശോഭാഡേ എന്ന അശ്ലീല രചനക്കാരിയെക്കുറിച്ച് ‘റ്റൈമി’ൽ വന്ന ലേഖനം വായിച്ചതിനുശേഷം ഞാൻ ആ വാരികയിലെ ഒരു ഗ്രന്ഥനിരൂപണവും വായിച്ചിട്ടില്ല. അടുത്ത കാലത്ത് വിക്രം സേത്തിന്റെ നോവലിനെക്കുറിച്ച് ‘ന്യൂസ് വീക്ക്’ എഴുതിയ നിരൂപണം വായിച്ചതിനുശേഷം ആ വാരികയും ഞാൻ കൈകൊണ്ടു തൊടാതെയായി. ഇപ്പോൾ The Economist വാരിക മാത്രം വായിക്കുന്നു.

വിവാഹം നിശ്ചയിച്ച ഒരു പെണ്ണിന്റെ ആഭരണങ്ങൾ മോഷ്ടിച്ചുവിറ്റ് ഡൽഹിയിൽ വന്നു ദീപാളി കുളിക്കുന്ന മൂന്നു കള്ളന്മാരുടെ കഥയാണ് മനോഹരവർമ്മ പറയുന്നത് (കുങ്കുമം). നല്ല സാഹിത്യകാരന്മാർ എപ്പോഴും ജനതയുടെ മുൻപിലായിരിക്കും നടക്കുക. മനോഹരവർമ്മ കേരളീയരുടെ പിറകിൽ — വളരെപ്പിറകിൽ — ഏന്തിയേന്തി നടക്കുന്നു. പരസ്യത്തിന്റെ സ്നേഹപൂർവമായ ‘അപ്, അപ്’ വിളികൾ ഉണ്ടായാലും അദ്ദേഹത്തിന് ജനതയുടെ മുൻപിൽ കയറാനാവില്ല. പംഗുപാദന് ഓടാൻ കഴിയുകയില്ലല്ലോ.

സർക്കാരില്ല

എന്റെ വാദങ്ങൾക്കു മറുപടി പറയാൻ കഴിയാത്തവർക്ക് എന്നെ തെറി പറയാനും അപകീർത്തിപ്പെടുത്താനും സ്വാതന്ത്യ്രമുണ്ട്.

സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് നിയമസഭ വിക്ടോറിയ ജൂബിലി റ്റൗൺ ഹോളിലാണ് കൂടിയിരുന്നത്. ഒരുദിവസം ഫാനിന്റെ ഒരിതൾ ഇളകിത്തെറിച്ചു. ആർക്കും ആപത്തുണ്ടായില്ലെങ്കിലും ദിവാൻ എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്തു. ഹജൂർ കച്ചേരിയിലെ നാഴികമണി ഒരുദിവസം അങ്ങുനിന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും അതു നന്നാക്കിയില്ല. അതിനോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ജോലി പോയി. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ആറാട്ടിന് എഴുന്നള്ളുമ്പോൾ അല്പം ചെളി ചവിട്ടാനിടയായി. കടപ്പുറത്തെ മണ്ണുവിരിച്ചു വെള്ളമൊഴിച്ചപ്പോൾ ഉണ്ടായ ഒരു ചെറിയ ചെളിക്കഷണത്തിലായിരുന്നു മഹാരാജാവിന്റെ കാലു പതിച്ചത്. അതുകണ്ട ദിവാൻ പി.ഡബ്ലിയു.ഡി സെക്ഷനാഫീസറെ ഡിസ്മിസ് ചെയ്തു.

ഇന്ന് (11-6-93) ഞാൻ പുളിമൂട്ടിലെത്തി. അവിടെനിന്നു സർക്കാർ അച്ചുക്കുടത്തിലേക്കു പോകുന്ന റോഡിന്റെ തുടക്കത്തിൽ ഇടതു വശത്തുനിന്ന് അസഹനീയമായ നാറ്റം വ്യാപിക്കുന്നുണ്ടായിരുന്നു. ഛർദ്ദിക്കാതിരിക്കാനായി ഞാർ വേഗത്തിൽ നടന്നു. അതിനുമുൻപ് അന്വേഷണം നടത്തിയപ്പോൾ നാറ്റം വളരെ ദിവസങ്ങളായി ഉണ്ടെന്നാണ് അവിടെയുള്ള പീഡികയുടമസ്ഥൻ പറഞ്ഞത്. അവരൊക്കെ പരാതിപ്പെട്ടിട്ടും ഫലമില്ല. ദു:ഖത്തോടെയാണ് ഓരോ കടയുടമസ്ഥനും ഇക്കാര്യം എന്നെ അറിയിച്ചത്. ആളുകൾക്കു മഹാരോഗം വരുത്തുന്ന ഈ നാറ്റം ഇല്ലാതെയാകണമെങ്കിൽ ഇവിടെ സർക്കാർ ഉണ്ടാകണം.