close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 01 02


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 01 02
മുൻലക്കം 1997 12 26
പിൻലക്കം 1997 01 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കെ. സി. കേശവപിള്ള, കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഇവരുടെയും മറ്റനേകം മഹാന്മാരായ സാഹിത്യകാരന്മാരുടെയും കൈയക്ഷരം ഞാൻ കണ്ടിട്ടുണ്ട്. ഓരോന്നും മനോഹരം. ഒരു Cult എന്ന നിലയിൽ -സ്വീകൃതമെന്ന നിലയിൽ- സുന്ദരമായ കൈപ്പട അംഗീകരിക്കപ്പെട്ട കാലമായിരുന്നു അത്. സൗന്ദര്യമയമായ മനസ്സിന്റെ ബഹിർപ്രകാശനം കൈയക്ഷരം എങ്കിലും അവർ ഉപയോഗിച്ചതൂലികയുടെ രീതിയും ആ സുന്ദരലിപി ലേഖനത്തിനു സഹായിച്ചിരുന്നു. ഒരുതരം തുവലിന്റെ അഗ്രം ചെത്തി നിബ്ബാക്കി കുപ്പിയിലെ മഷിയിൽ മുക്കിയാണ് അവർ എഴുതിയത്. തൂലികയും കൈയക്ഷരത്തിന്റെ ശോഭ വർദ്ധിപ്പിച്ചു. എന്റെ ബാല്യകാലത്ത് തൂവൽ അപ്രത്യക്ഷമായില്ലെങ്കിലും റിലിഫ് നിബ്ബ് വച്ച സ്റ്റീൽ ഹോൾഡറിനായിരുന്നു പ്രചാരം. അതുകൊണ്ടെഴുതിയാൽ കൈപ്പട ഒന്നാന്തരമാകുമായിരുന്നു. ഞാൻ ഹൈസ്ക്കൂളിലെത്തിയപ്പോൾ സ്വാൻ. വാട്ടർമാൻ ഈ ബ്രിട്ടീഷ് ഫൗണ്ടൻ പേനകൾക്കായി പ്രാധാന്യം. അവ കൊണ്ടെഴുതി എന്റെ കൈയക്ഷരം മോശമായി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ ഇവിടെയുണ്ടാക്കുന്ന പേനകൾ കടയിലെത്തി. കടകളിലെ കണ്ണാടിപ്പെട്ടികളിലിരിക്കുമ്പോൾ അവ കാഴ്ചയ്ക്കു സുന്ദരം. വലിയ വില കൊടുത്തു ഏതു പേനയും വാങ്ങൂ. എഴുതാനൊക്കുകയില്ല. എഴുതിയാൽ കൈയക്ഷരം വികൃതമാകും. ഇപ്പോൾ സൂചി മുനയുള്ള roller point പേനകളും ബോൾ പോയിന്റ് പേനകളും സുലഭം. അവകൊണ്ട് എഴുതിയാൽ കൈയക്ഷരം കാക്ക എന്തോ കിണ്ടിയതു പോലിരിക്കും. എല്ലാ മണ്ഡലങ്ങളിലുമുള്ള ജീർണ്ണത കൈയക്ഷരത്തിലും. പഴയ സ്റ്റീൽ പേന മഷിയിൽ മുക്കി എഴുതാൻ എനിക്ക് ആഗ്രഹം.

ചോദ്യം, ഉത്തരം

Symbol question.svg.png എനിക്കൊരു ഉപദേശം തരൂ?

ഉപദേശം ചോദിക്കുന്ന ആൾ ആരോട് അതു ചോദിക്കുന്നുവോ ആ ആളിനേക്കാൾ എപ്പോഴും ബുദ്ധികൂടിയവനായിരിക്കും. ബുദ്ധിശാലിയായ നിങ്ങൾക്ക് എന്റെ ഉപദേശം വേണ്ട.

Symbol question.svg.png ടെലിവിഷൻ കാണുമ്പോൾ മലയാളം സിനിമ കാണുമ്പോൾ സർക്കാർ നടത്തുന്ന നാടകങ്ങൾ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത് നടീനടന്മാരിലോ അതോ നാടകരചനയിലോ?

രണ്ടിലുമല്ല, ടെലിവിഷൻ പ്രോഗ്രാം കാണുമ്പോൾ സെറ്റ് ഓഫാക്കാനുള്ള കട്ട എവിടെയാണെന്നു നോക്കിക്കൊണ്ടിരിക്കണം. മലയാള ചലച്ചിത്രം കാണാൻ ചെല്ലുമ്പോൾ സിനിമാശാലയിൽ എക്സിറ്റ് എന്ന് എഴുതി വച്ചിരിക്കുന്നത് എവിടെയന്ന് നേരത്തേ നോക്കി വയ്ക്കണം. നാടകം കാണുമ്പോൾ അടുത്തിരുന്നു ഉറങ്ങുന്നവന്റെ തല നിദ്രാധീനനാകുന്ന നിങ്ങളുടെ തലയുമായി കൂട്ടിയിടിക്കാതെ നോക്കിക്കൊള്ളണം.

Symbol question.svg.png തിരുമണ്ടന്മാരല്ലേ എപ്പോഴും ഹോൾഡറിൽ വച്ച സിഗററ്റ് പുകച്ചുകൊണ്ട് റോഡിലൂടെ വൈകുന്നേരത്ത് നടക്കുന്നത്?

എന്നെപ്പോലെയുള്ളവർ സിഗററ്റ് പുകച്ചുകൊണ്ട് നൂതന ചിന്തകൾ മനസ്സിൽ രൂപവത്കരിക്കുന്നു. നിങ്ങളെപ്പോലെയുള്ള മണ്ടശിരോമണികൾ സിഗററ്റ് ചുണ്ടുകൾക്കിടയിൽ വച്ചുകൊണ്ട് മര്യാദകെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.

Symbol question.svg.png ഞാൻ എന്തു പറഞ്ഞാലും എന്റെ ഭാര്യ വിശ്വസിക്കുന്നില്ല. അവളെ വിശ്വസിപ്പിക്കാൻ ഞാൻ എന്തു ചെയ്യണം?

ഭാര്യയുടെ ചെവി പിടിച്ച് നിങ്ങളുടെ ചുണ്ടിനോട് അടുപ്പിക്കണം. എന്നിട്ടു ഏതെങ്കിലും ചാരിത്രശാലിനിയെക്കുറിച്ച് ഇങ്ങനെ പറയൂ ‘ആ സ്ത്രീയുണ്ടല്ലോ അവൾ പരമചീത്തയാണ്’- നിങ്ങളുടെ ഭാര്യ ഉടനെ അതു വിശ്വസിക്കും.

Symbol question.svg.png പ്രത്യക്ഷങ്ങളായവയെ, കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നവയെ അപഗ്രഥിക്കുന്ന നിങ്ങൾ ഫൂളല്ലേ?

നിങ്ങൾ പ്രൂസ്റ്റിന്റെ Remembrance of Things Past എന്ന നോവൽ വായിച്ചു നോക്കൂ. സർവ്വസാധാരണങ്ങളായ വസ്തുതകളെ അദ്ദേഹം നിസ്തുലമായ രീതിയിൽ അപഗ്രഥിക്കുന്നതു കാണാം. ഞാൻ സമീകരിച്ചു പറയുകയല്ല. ക്ഷിദ്രസംഭവങ്ങളെയും വസ്തുതകളെയും അപഗ്രഥിക്കാൻ ജന്മസിദ്ധമായ കഴിവു വേണം.

Symbol question.svg.png പട്ടിയെ കൊണ്ടു നടക്കുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?

ഉദ്യോഗസ്ഥനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ബൃഹദാകാരമാർന്ന ആനയുടെ അടുത്ത് ഒരു കൊച്ചുകമ്പും പിടിച്ച് നടക്കുന്ന മനുഷ്യൻ സഹതാപമർഹിക്കുന്നു. കൊച്ചു പട്ടിയുമായി നടക്കുന്ന സുന്ദരി നമ്മുടെ സ്നേഹാദരങ്ങൾ നേടുന്നു.’

ചൂഷണം

‘എന്റെ പേന പോലെ നല്ലത്’ എന്നു ഗുരു പറയുമ്പോൾ എനിക്കു മാനസികമായ ഔന്നത്യം. ‘രണ്ടും എഴുതുകയില്ല’ എന്ന് അദ്ദേഹം വീണ്ടും പറയുമ്പോൾ ഞാൻ ഔന്നത്യത്തിൽ നിന്ന് താഴോട്ട് പോരുന്നു. ഈ വൈരുദ്ധ്യമാണ് ഹാസ്യത്തിന് ആസ്പദം.

പഴയ നിയമമനുസരിച്ച് ‘ആദിയിൽ (ദൈവം) ആകാശവും ഭൂമിയും സൃഷ്ടിച്ചു … ദൈവം അരുൾ ചെയ്തു ‘വെളിച്ചം ഉണ്ടാകട്ടെ’ വെളിച്ചം ഉണ്ടായി’ പിന്നീട് പക്ഷികളെയും ജലജന്തുക്കളെയുമൊക്കെ സൃഷ്ടിച്ചു. (മലയാളം ബൈബിൾ – ഓശാന പ്രസാധനം) യോഹന്നാൻ എഴുതിയ സുവിശേഷമനുസരിച്ച് “ആദിയിൽ വചനം ഉണ്ടായിരുന്നു, … ദൈവമായിരുന്നു ആ വചനം … വചനം മാംസമായി കൃപയും സത്യവും നിറഞ്ഞ് നമ്മുടെ ഇടയിൽ പാർത്തു” (മലയാളം ബൈബിൾ – ഓശാന)

ഹിന്ദുമതത്തിൽ സൃഷ്ടിയെക്കുറിച്ചുള്ള കഥകൾ പലതാണ്. ബ്രഹ്മത്തിന്റെ പുരുഷാവിഷ്ക്കാരമായ ബ്രഹ്മാവാണ് സൃഷ്ടിക്കു കാരണക്കാരനായത് എന്ന് ഒരു കഥ. അങ്ങനെ പലതും. പ്രജാപതിക്കു സന്താനം വേണമെന്നു തോന്നിയപ്പോൾ കഠിനതപസ്സിൽ മുഴുകിയെന്നും അപ്പോഴുണ്ടായ ചൂടിൽ നിന്ന് അഗ്നിയും സൂര്യനും ചന്ദ്രനും വായുവും സ്ത്രീയായ പ്രഭാതവും ഉണ്ടായിയെന്നും വേറൊരു കഥ.

ഈ പാവന സങ്കല്പങ്ങളോട് ഞാനും ഒരു കഥ കൂട്ടിച്ചേർക്കുന്നതിന്റെ മര്യാദക്കേട് മാന്യ വായനക്കാർ സദയം ക്ഷമിക്കണം. ബ്രഹ്മം പിന്നീട് പ്രാദുർഭാവം കൊണ്ടത് നായന്മാർ, ഈഴവർ എന്നീ വർഗ്ഗങ്ങളായിട്ടാണ്. നായന്മാരിൽ തന്നെ ബ്രഹ്മം കിരിയത്തു നായർ, ചക്കാല നായർ, തലവിളക്കി നായർ ഈ വിഭാഗങ്ങളായി രൂപമാർജ്ജിച്ചു. മേനോൻ, മേനോൻ ചാടിപ്പണിക്കർ, വാരിയർ, പിഷാരടി ഇവയും ബ്രഹ്മത്തിന്റെ ആവിഷ്ക്കാരങ്ങളത്രേ. എല്ലാ ജാതിക്കാരിൽ നിന്നും കുറേപ്പേരെ തിരഞ്ഞെടുത്ത് ബ്രഹ്മം കവികളായും കഥാകാരന്മാരായും നോവലിസ്റ്റുകളായും സ്വയം സ്ഫുടീകരണം നടത്തി. എല്ലാം ബ്രഹ്മമായതുകൊണ്ടാണ് ആവരെല്ലാം ഒരു വ്യത്യാസവുമില്ലാതെ നിർഗ്ഗുണരായി കാണപ്പെടുന്നത്. ഒരു നിമിഷത്തിൽ ബ്രഹ്മത്തിനു തോന്നി പണ്ഡകളെ സൃഷ്ടിച്ച് മറ്റു ബ്രഹ്മാവിഷ്ക്കാരങ്ങളെ ക്ലേശിപ്പിക്കണമെന്ന്. ബ്രഹ്മം അതു ചെയ്തു. അക്കൂട്ടർ ആവിർഭവിച്ച കാലം തൊട്ട് അവർ അമ്പലങ്ങളിൽ ചെല്ലുന്നവരെ കൊല്ലതെ കൊന്നു കൊണ്ടിരിക്കുന്നു. എങ്ങനെ ‘കൊല്ലാക്കൊല’ ചെയ്യുന്നുവെന്ന് മനസ്സിലാക്കണാമെങ്കിൽ ശ്രീ. ടി. കെ. ശങ്കരനാരായണൻ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എഴുതിയ പരിഹാസ കഥ വായിച്ചാൽ മതി. ആധ്യാത്മികത്വത്തെയും ഭക്തിയെയും ചൂഷണം ചെയ്തു ക്ഷേത്രജീവനക്കാരും അവരുടെ ഏജന്റുമാരും നടത്തുന്ന ഹിംസയുടെ തെളിഞ്ഞ ചിത്രം ഇക്കഥയിലുണ്ട്. അവരെ പുഞ്ചിരി പുരണ്ട കൺകോണുകൾ കൊണ്ട് കഥാകാരൻ നോക്കുന്നു.

* * *

“പി. കെ. ബാലകൃഷ്ണന്റെ ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവലിന്റെ മൗലികതയെക്കുറിച്ചുള്ള കൃഷ്ണൻനായരുടെ സന്ദേഹങ്ങൾക്കു ബാലകൃഷ്ണൻ പുതിയൊരു നോവൽ രചിച്ചാണ് മറുപടി നൽകാൻ മുതിർന്നത്” എന്ന് ശ്രീ. പി. സുജാതൻ കലാകൗമുദിയിൽ എഴുതിയിരിക്കുന്നു. ഇതു അത്ര കണ്ടു ശരിയല്ല. പി. കെ. ബാലകൃഷ്ണന്റെ നോവൽ സ്പാനിഷ് കവി ഹീമേനേത്തിന്റെ (Jimenez 1881 – 1958) Platero and I’ എന്ന ഗദ്യകാവ്യത്തിന്റെ മോഷണമാണെന്നു ഞാൻ പറഞ്ഞില്ല. പ്ലൂട്ടോ കലാശൂന്യമായ കൃതിയാണെന്നു എഴുതിയിട്ട് ഉത്തമമായ കലാസൃഷ്ടി ഏതെന്നു സ്പഷ്ടമാക്കാൻ Platero and I എന്ന കൃതിയെടുത്തു കാണിച്ചു. (ഇന്നും ഞാൻ അങ്ങനെയുള്ള ചൂണ്ടിക്കാണിക്കൽ നടത്തുന്നു.) കൗമുദി വാരികയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ ‘ലീഡ്’ കൊടുത്തപ്പോൾ ‘പ്ലൂട്ടോ’ സ്പാനിഷ് കൃതിയുടെ മോഷണമാണെന്നു ഞാൻ പറഞ്ഞതായി അച്ചടിച്ചു. അതാണ് പി. കെ. ബാലകൃഷ്ണന്റെ രോഷാഗ്നി ഇളക്കിവിട്ടത്. ഇതു മുൻപും ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എങ്കിലും സുജാതൻ അതു സൗകര്യപൂർവം വിട്ടു കളഞ്ഞിരിക്കുന്നു. ലേഖനം ഫലപ്രാപ്തമാകണമെങ്കിൽ സത്യം മുഴുവൻ പറയരുതല്ലോ. അപമാനം രണ്ടു വിധത്തിലാകാം. ഒന്ന് തുറന്ന അപമാനം. രണ്ട് മറഞ്ഞ അപമാനം. പ്രച്ഛന്നമായ insult വസ്തുനിഷ്ഠമായ പ്രതിപാദനമാണെന്നേ തോന്നു. പക്ഷേ അത് insult തന്നെയാണ്. ഇതിനെ ഇംഗ്ലീഷിൽ Charientism കരിന്റിസം എന്നു പറയും. അതിന്റെ അർത്ഥം an artfully veiled insult എന്ന്.

ഉയർച്ചയും താഴ്‌ചയും

കോട്ടയത്തെ ദേവലോകം അരമനയിലെ ബിഷപ്പ് അവർകൾ എന്നോടു പറഞ്ഞ ഒരു നേരമ്പോക്കു മുൻപ് ഞാൻ കലാകൗമുദിയിൽ എഴുതിയിരുന്നു. അതു വായിക്കാത്തവർക്കു വേണ്ടി ഞാൻ ആവർത്തിക്കുകയാണ്. ഈ ഔചിത്യമില്ലായ്‌മ അതു വായിച്ചവർ സദയം ക്ഷമിക്കണം. ഒരു ക്രൈസ്‌തവ പുരോഹിതൻ ഒരാളോട് പറഞ്ഞു: ’ഞാന്നിന്നു പത്തു പ്രസംഗം ചെയ്തു’ അതുകേട്ടു ആ ആൾ മറുപടി നൽകി: One speech is ordinary. Two speeches are extraordinary. But countless number of speeches, any fool can do it.

ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂൾ (തിരുവനന്തപുരം) കണക്കു പഠിപ്പിക്കുന്ന പി. ജി. സുന്ദരമയ്യർസ്സാർ ക്ലാസിലെത്തി ഹാജരെടുക്കുന്നതിനു വേണ്ടി പേന ചോദിച്ചു വിദ്യാർത്ഥികളോട്. ഗുരുനാഥനു പേന കൊടുക്കാൻ കുട്ടികൾ ഏറെ. ഞാനും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്റെ പേനയാണ് സാറ് വാങ്ങിയത്. അദ്ദേഹം ഹാജർ മാർക്ക് ചെയ്തു തുടങ്ങി. പെട്ടെന്നു പേനയുടെ നിബ്ബിലേക്ക് ഒന്നു നോക്കിയിട്ട് ഞങ്ങളോടു പറഞ്ഞു: As good as my pen. അതുകേട്ട് ഞാൻ അഭിമാനഭരിതനായി.പൊടുന്നനെ ഗുരുനാഥൻ ഇങ്ങനെയും കൂട്ടിച്ചേർത്തു. Both won’t write. ക്ലാസ്സാകെ പൊട്ടിച്ചിരി. ഞാൻ ക്ഷീണിച്ചു പോകുകയും ചെയ്തു.

കെസ്ലറുടെ ‘ആക്‌റ്റ് ഒഫ് ക്രീയേഷൻ’ എന്ന പുസ്തകം വായിച്ച ഓർമ്മയിൽ നിന്ന്. പുരുഷൻ വീട്ടിലില്ലാത്ത സമയം നോക്കി ബിഷപ്പ് അയാളുടെ ഭാര്യയുമായി രമിക്കാൻ ചെന്നു. അവർ രതികേളികളിൽ വ്യാപരിച്ച സമയത്ത്, വിചാരിച്ചിരിക്കാത്ത സമയത്ത് ഭർത്താവ് കയറിച്ചെന്നു അവിടെ. അയാൾ ഭാര്യയുടെയും ബിഷപ്പിന്റെയും പ്രവൃത്തി കണ്ടു. പക്ഷേ ക്ഷോഭമൊന്നും കൂടാതെ അയാൾ ജന്നലിന്റെ അരികിൽച്ചെന്നു നിന്നു റോഡിലൂടെ പോയ ആളുകളെ കൈയുയർത്തി അനുഗ്രഹിക്കാൻ തിടങ്ങി. അതു കണ്ടു ഭാര്യ അദ്ഭുതപ്പെട്ടു ചോദിച്ചു: ‘നിങ്ങൾ എന്താണു ചെയ്യുന്നത്?’ ഭർത്തവു മറുപടി നൽകി: ‘ഞാൻ ചെയ്യേണ്ടതു ബിഷപ്പ് ചെയ്യുന്നതുകൊണ്ട് അദ്ദേഹം ചെയ്യേണ്ടതു ഞാൻ ചെയ്യുകയാണ്’.

രണ്ട് പ്രഭാഷണങ്ങൾ അസാധാരണങ്ങളാണ് എന്നു കേൾക്കുമ്പോൾ ശ്രോതാവ് പരകോടിയിലെത്തുന്നു. പക്ഷേ അനേകം പ്രഭാഷണങ്ങൾ നിർവഹിക്കുന്നവൻ മണ്ടനാണ് എന്നു പറയുമ്പോൾ പരകോടിയിൽ നിന്ന് വിപരീത പരകോടിയിലേക്കാണു പോക്ക് – ക്‌ളൈമാക്സിൽ നിന്ന് ആന്റി ക്‌ളൈമാക്സിലേക്ക്. മറ്റു നേരമ്പോക്കുകളിലും ഇതാണ് സംഭവിക്കുക. ‘എന്റെ പേന പോലെ നല്ലത്’ എന്നു ഗുരുപറയുമ്പോൾ എനിക്കു മാനസികമായ ഔന്നത്യം. ‘രണ്ടും എഴുതുകയില്ല’ എന്ന് അദ്ദേഹം വീണ്ടും പറയുമ്പോൾ ഞാൻ ഔന്നത്യത്തിൽ നിന്ന് താഴോട്ട് പോരുന്നു. ഈ വൈരുദ്ധ്യമാണ് ഹാസ്യത്തിന് ആസ്‌പദം.

ശ്രീ പനച്ചി ഭാഷാപോഷിണിയിൽ എഴുതിയ ‘ബഹുമാനപ്പെട്ട പുലി. വരാതിരുന്നാലും’ എന്ന ഹാസ്യരചനയിൽ ഈ പൊടുന്നനെയുള്ള താഴ്ച സ്വാഭാവികമായി കാണിച്ചിരിക്കുന്നതു കൊണ്ടാണ് നമ്മളതു വായിച്ചു രസിക്കുന്നത്. രചയിതാവ് ഈ പ്രക്രിയയിൽ വിദഗ്ദ്ധനാണ്.

* * *

ശ്രീ. പി. ഭാസ്‌കരനും കുട്ടികൃഷ്ണമാരാരും കമ്മ്യുണിസ്‌റ്റ് നേതാവ് കെ. ദാമോദരനും കടപ്പുറത്തു നടക്കുകയായിരുന്നു. അപ്പോൾ ദാമോദരൻ കുട്ടികൃഷ്ണമാരാരോട് പറഞ്ഞു:ഞാൻ കാടത്തത്തിൽ നിന്നു കമ്മ്യുണിസത്തിലേക്ക് എന്നൊരു പുസ്തകം എഴുതുകയാണ്. ഉടനെ കുട്ടികൃഷ്ണമാരാർ ചോദിച്ചു:അവയ്ക്കു തമ്മിൽ അത്രെത്തോളം ദൂരമുണ്ടോ? ഇതുകേട്ടു കൂടുതൽ ചിരിച്ചത് സഹൃദയനും നല്ല മനുഷ്യനുമായ ദാമോദരനാണ്.

പുതിയ പുസ്തകം

പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവയെ യുക്തിയുടെ നേത്രം കൊണ്ടു കാണാം. ആശയങ്ങളുടെ സത്യം ഗ്രഹിക്കാൻ പഞ്ചേന്ദ്രിയങ്ങൾക്ക് കഴിയുകയില്ല.

Seraphic Doctor എന്ന് അറിയപ്പെട്ടിരുന്ന ഇറ്റാല്യൻ ദാർശനികൻ ബോനാവാന്തൂറാ (Bonaventura 1217-1274) അറിവു നേടാൻ മൂന്നു മാർഗ്ഗങ്ങളിണ്ടെന്നു വിശദീകരിച്ചിട്ടുണ്ട്. 1. ശാരീരികമായ നേത്രം, അന്തരീക്ഷം, കാലം, വസ്‌തുക്കൾ ഇവയെ നമ്മൾ കാണുന്നത് ഈ നേത്രം കൊണ്ടാണ്. 2. യുക്തിയുടെ നേത്രം, തത്ത്വചിന്ത, ന്യായം (logic)മനസ്സ് ഇവയെക്കുറിച്ച് അറിവു ലഭിക്കുന്നത് ഈ കണ്ണിലൂടെയാണ്. 3. അനുധ്യാനത്തിന്റെ നേത്രം. അതീന്ദ്രിയ സത്യങ്ങൾ നമ്മൾ കാണുന്നത് ഈ കണ്ണുകൊണ്ടാണ്.

മനുഷ്യർക്ക് ശാരീരികനേത്രം കൊണ്ടു കിട്ടുന്ന അറിവ് ഏറെക്കുറെ സദൃശമാണ്. ഒരു മാംസക്കഷണം കണ്ടാൽ എല്ലാ മനുഷ്യർക്കും അത് മാംസഖണ്ഡമാണെന്ന് അറിയാം. എന്നാൽ ഒരു മരത്തിന്റെ മുൻപിൽ അതെടുത്തുവച്ചാൽ അതിന് (മരത്തിന്) ഒരു പ്രതികരണവുമില്ല. പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുണ്ടാകുന്ന അറിവേ അറിവായിട്ടുള്ളൂ എന്നു ചിലർ വിശ്വസിക്കുന്നു.

പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവയെ യുക്തിയുടെ നേത്രം കൊണ്ടു കാണാം. ആശയങ്ങളുടെ സത്യം ഗ്രഹിക്കാൻ പഞ്ചേന്ദ്രിയങ്ങൾക്ക് കഴിയുകയില്ല. ഉദാഹരണം ഗണിതശാസ്ത്രം. മാംസക്കണ്ണുകൊണ്ടല്ല യുക്തിയുടെ കണ്ണു കൊണ്ടാണ് ഗണിതശാസ്ത്രത്തിന്റെ സത്യം നമ്മൾ അറിയുക. (No one has ever seen, with the eye of flesh, the square root of a negative one. That is transempirical entity and can only be seen by the mind’s eye)

യുക്‌തി ശാരീരികമായതിനെ അതിശയിക്കുന്നതു പോലെ അനുധ്യാനം യുക്‌തിയെ അതിശയിക്കുന്നു. അങ്ങനെ ആ നേത്രം സത്തിനെയും ചിത്തത്തെയും ആനന്ദത്തേയും ദർശിക്കുന്നു. ഈ മൂന്നു മാർഗ്ഗങ്ങളുടെയും സ്വഭാവം വിശദീകരിച്ച് സത്യത്തിന്റെ മണ്ഡലം അനാവരണം ചെയ്യുന്ന മഹനീയ ഗ്രന്ഥമാണ് Ken Wilber എഴുതിയ Eye to eye- The Quest For The New Paradigm എന്നത്. (Shamthala, Boston and Lndon - $ 15=25 Pages 325) ദുർഗ്രഹമാണ് ഏതു തത്ത്വചിന്താപരമായ ഗ്രന്ഥവും. ഇത് അങ്ങനെയല്ല. ഇംഗ്ലീഷിൽ ഒട്ടൊക്കെ പരിചയമുള്ള ആർക്കും മനസ്സിലാകുന്ന രീതിയിലാണ് വിൽബർ രചന നിർവഹിച്ചിട്ടുള്ളത്. ദാർശനികമായ വിജ്ഞാനം വികസിപ്പിക്കുന്നതിന് ഇതു വളരെ പ്രയോജനപ്പെടും.

കലാഭാസം

യുവതിയുടെ സുന്ദരവദനത്തിൽ സ്‌നേഹത്തിന്റെ തിളക്കം കണ്ടാൽ പുരുഷനെ അതു ദീർഘകാലം ചഞ്ചലനാക്കും. മനോഹരമായ മുഖത്തു തേജസ്സ് എന്നത് പോലെ കഥയുടെ വദനം തിളങ്ങണം. മറ്റൊരു തരത്തിൽ പറയാം. കഥ അതിന്റെ സാന്നിദ്ധ്യമറിയിക്കണം അനുവാചകനെ. എന്റെ പേനത്തുമ്പിൽ ആയിരം തവണ പറഞ്ഞ പേരുകളേ വരൂ. ചേസാറേ പാവേസയുടെ. പീറാന്തെല്ലോയുടെ ‘Fly’, മോപാസാങ്ങിന്റെ ‘In the Moonlight’ ഗോർക്കിയുടെ ‘Twenty six Men and a Girl’ യുക്കിയോ മിഷിമയുടെ ‘Swaddling Clothes’. ഷ്‌നിറ്റ്‌സലറുടെ ‘Flowers’, ഉറൂബിന്റെ ‘രാച്ചിയമ്മ’, എം. ടി. വാസുദേവൻ നായരുടെ ‘വാനപ്രസ്ഥം’ ഇക്കഥകൾ മിന്നിമറയുന്ന മിന്നൽപ്പിണർ പോലെയല്ല. സൂര്യൻ പ്രകാശിക്കുമ്പോൾ അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയല്ല. എപ്പോഴും മയൂഖമാലകൾ വീശുന്ന കോഹിനൂർ രത്‌നങ്ങളെപ്പോലെയാണ്.

കഥകൾ സാന്നിദ്ധ്യം കൊണ്ട് അനുവാചകന് ഉത്തേജനം ഉളവാക്കിയില്ലെങ്കിൽ അവ കഥകളെന്ന പേരിന് അർഹതയുള്ളവയായിരിക്കില്ല. ദേശാഭിമാനി വാരികയിൽ ശ്രീ. പ്രകാശ് മാരാഹി എഴുതിയ ‘മയിൽപ്പീലി മറന്നു’ എന്ന ചെറുകഥയ്ക്കു സാഹിത്യത്തിൽ എന്തു സ്ഥാനം? അമ്മ മരിച്ച പെൺകുട്ടി, അവളുടെ സ്നേഹം. അച്ഛന്റെ വീട്ടിൽ എത്തുമ്പോൾ വേറൊരു സ്ത്രീയുടെ സാന്നിദ്ധ്യം ഇവയെ കൂട്ടിക്കലർത്തി അനുഭൂതിരഹിതങ്ങളായ വാക്യങ്ങൾ എഴുതി വയ്‌ക്കുന്നതേയുള്ളൂ പ്രകാശ്. ജീവിതത്തിന്റെ ചലനമോ വ്യക്തികളുടെ(കഥാപാത്രങ്ങളുടെ)ഓജസ്സോ ഇല്ലാത്ത രചനയാണിത്.

ഭാവനാശൂന്യം

ശ്രീ. സി. ചന്ദ്രശേഖരൻ ചില വ്യക്തികളുടെ ദയനീയമായ ജീവിതങ്ങളെ ‘ആന്റി റൊമാന്റിക്കാ’യി ചിത്രീകരിക്കുന്നു. ആ ചിത്രീകരണം അത്രത്തോളം നന്ന്. ദുഃഖമനുഭവിക്കുന്ന ഒരു സ്ത്രീ. കടുത്ത നൈരാശ്യത്തിൽ വീണ ഭർത്താവ്. സ്ത്രീയുടെ യൗവനകാലത്തെ സ്നേഹം. അതിന്റെ ദുരന്ത സ്വഭാവം. കുളത്തിലിറങ്ങി നിന്ന് താൻ മുങ്ങിമരിക്കാൻ പോകുന്നുവെന്ന് നാലു വയസ്സുള്ള മകനോട് അമ്മ പറയുകയും വളരെ നേരം ജലത്തിനു മുകളിൽ വരാതിരിക്കുകയും ചെയ്യുമ്പോൾ അമ്മയെത്തേടിയാവാം ജലത്തിന്റെ അഗാധതയിൽച്ചെന്നു ശ്വാസം മുട്ടി മരിച്ചുപോയ മകൻ. തിരിച്ചു വീട്ടിലെത്താനിടയില്ലാത്ത ഭർത്താവ്. മറ്റൊരാശ്രയമില്ലാതെ കൂലിപ്പണിക്കു പോകാൻ തീരുമാനിക്കുന്ന ഭാര്യ(മകൻ നഷ്ടപ്പെട്ട അമ്മ) ഈ വ്യക്‌തികളെയും സംഭവങ്ങളെയും സങ്കലനം ചെയ്തു ചന്ദ്രശേഖരൻ നിർമ്മിക്കുന്ന ‘വിത്തുകളുടെ ജീവൻ’ എന്ന ചെറുകഥയിൽ നിന്ന് വിധിയുടെ നൃശംസത അനുഭവപ്പെടുന്നില്ല. ദുഃഖിക്കുന്ന ആ ഹതഭാഗ്യയോ നൈരാശ്യത്തിലാണ്ട ഭർത്താവോ അവളുടെ വീട്ടുകാരോ നമ്മുടെ സഹതാപം വലിച്ചെടുക്കുന്നില്ല. ട്രാജഡി ജനിപ്പിക്കേണ്ട ഭയജനകത്വം ഇതിൽ തീരെയില്ല. കാരണം സ്‌പഷ്ടമാണ്. ചന്ദ്രശേഖരന്റെ കഥ ഭാവനാത്മകമായ രചനയല്ല (കഥ മലയാളം വാരികയിൽ)

ഹിപ്പൊക്രസി

ഇംഗ്ലീഷിലെ ഹിപ്പൊക്രസി hipocrisy- എന്ന വാക്കിന് ശരിയായ മലയാള പദമില്ല. കാപട്യമെന്നോ ആത്‌മവഞ്ചനയെന്നോ പറയാം. പക്ഷേ അതൊക്കെ ഹിപ്പോക്രസിയുടെ വ്യാപകമായ അർത്ഥം ദ്യോതിപ്പിക്കലല്ല. അതുകൊണ്ട് ഇംഗ്ലീഷ് പദം തന്നെ ഉപയോഗിച്ചു കൊള്ളട്ടെ.

പറയുന്നതിനനുസരിച്ച് പ്രവർത്തിക്കാതിരിക്കുക, പറയുന്നതിനു നേരെ വിപരീതമായി പ്രവർത്തിക്കുക എന്നതെല്ലാം ഹിപ്പോക്രസിയാണ്. മദ്യനിരോധനത്തിന് വേണ്ടി നാടൊട്ടുക്കു വാ തോരാതെ പ്രസംഗിച്ചിട്ട് വീട്ടിലിരുന്നു കുടിക്കുന്നവരുണ്ട്. അവർ ഹിപ്പോക്രസിയുടെ മൂർത്തിമഗ്ഭാവങ്ങളാണ്.

എനിക്ക് ഏറെ ദോഷങ്ങളുണ്ട്. പക്ഷേ ഹിപ്പോക്രസി കുറവാണ്. ഗ്രന്ഥകാരൻ പുസ്തകം തരുന്നു. അഭിപ്രായം എഴുതണമെന്ന് അപേക്ഷിക്കുന്നു. എഴുതാമെന്ന് ഒന്നല്ല പല തവണ ഞാൻ വാക്കു കൊടുക്കുന്നു. പക്ഷേ എഴുതുന്നില്ല ഞാൻ. കാരണം മലയാളം പുസ്തകങ്ങളെക്കുറിച്ച് ഈ കോളത്തിൽ അങ്ങനെ എഴുതാറില്ല എന്നതാണ്. വായിച്ചു നോക്കുമ്പോൾ ട്രാഷാണെന്നു കണ്ടാൽ ബഹുജനത്തോടു കള്ളം പറയാത്ത ഞാൻ അത്തരം ട്രാഷുകളെക്കുറിച്ചു എഴുതുകയില്ല. ഈ വാക്കു പാലിക്കാതിരിക്കൽ എന്റെ ഒരു ഹിപ്പോക്രസിയാണ്. സാഹിത്യകാരന്മാരിൽ ഏറെപ്പേരും ഹിപ്പോക്രിറ്റുകളാണ്. പെരക് എന്ന പ്രതിഭാശാലിയുടെ സുഹൃത്തു ഷുവെയെക്കുറിച്ച് ഞാൻ മുൻപ് എഴുതിയല്ലോ. അദ്ദേഹവും ഞാനും തമ്മിൽ യാത്ര ചോദിച്ചു പിരിഞ്ഞപ്പോൾ “നിങ്ങളെക്കുറിച്ച് … എന്ന സാഹിത്യകാരൻ വളരെ മോശമായിട്ടാണല്ലോ എന്നോട് പറഞ്ഞത് എന്ന് അറിയിച്ചു. ഞാൻ അതുകേട്ടു ക്ഷോഭിച്ചില്ല. എന്നെക്കാണുമ്പോൾ സന്തോഷത്തോടെ ചിരിക്കുകയും ഞാൻ എഴുതുന്നതെല്ലാം വായിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് അദ്ദേഹം. ഇതാണ് ഹിപ്പോക്രസിയുടെ മുഖം. ജീവിതം ഇങ്ങനെയൊക്കെയാണ് എന്നു വിചാരിച്ചു സ്വസ്ഥതയോടെ ഇരിക്കുകയാണ് ഈ സന്ദർഭങ്ങളിൽ ചെയ്യാനുള്ളത്. ഇന്നു കാലത്ത് (19-12-97) ഒരാൾ റ്റെലിഫോണിൽ വിളിച്ചു സംസാരിച്ചു എന്നോട്. “സാർ, ഞാൻ കൊല്ലത്തുപോയി കെ. പി. അപ്പനെ കണ്ടു. സാറിനെക്കുറിച്ച് സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ തിരുവനന്തപുരത്തു വന്നു സാറിന്റെ വീട്ടിലെത്തി. വീട് അടച്ചിട്ടിരിക്കുന്നതു കണ്ട് വേറെ ചില കവികളെയും കഥയെഴുത്തുകാരെയും കണ്ടു. അവർ എല്ലാവരും സാറിനെ ചീത്ത പറഞ്ഞു” തിരുവനന്തപുരത്തെ എഴുത്തുകാരെയെല്ലാം എനിക്കു നേരിട്ടറിയാം. എനിക്ക് അവരോടു സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. എന്നിട്ടും അവർ എന്നെ അസഭ്യങ്ങളിൽ ആമജ്ജനം ചെയ്തത് അവരുടെ അന്തരംഗത്തിലിരിക്കുന്ന വിശ്വാസങ്ങൾക്ക് ബാഹ്യപ്രകടനങ്ങളോടു പൊരുത്തമില്ലാത്തതു കൊണ്ടാണ്. ഞാനിത്രയും സ്വന്തം കാര്യമെഴുതിയത് വനിതാ മാസികയിൽ യേശുദാസൻ വരച്ച ഒരു ഹാസ്യചിത്രം കണ്ടതിനാലാണ്. ഭർത്താവിന്റെ ചെറിയ രോഗത്തെ വലിയ രോഗമാക്കി കൂട്ടുകാരിയോടു പറയുന്ന ഭാര്യയുടെ ഹിപ്പോക്രസിയെ യേശുദാസൻ പരിഹസിക്കുന്നു. നല്ല ഹാസ്യചിത്രം.

നിർവചനങ്ങൾ

കഥകൾ സാന്നിദ്ധ്യം കൊണ്ട് അനുവാചകന് ഉത്തേജനം ഉളവാക്കിയില്ലെങ്കിൽ അവ കഥകളെന്ന പേരിന് അർഹതയുള്ളവയായിരിക്കില്ല.

വിവാദം
കഠാര പ്രയോഗിച്ചാൽ തൂക്കുമരത്തിൽ കയറുമെന്നുള്ളതു കൊണ്ട് പകരമായി അന്യോന്യം തുപ്പുന്നതിനു സാഹിത്യകാരന്മാർക്കു സൗകര്യം നൽകുന്നത്.
തിടുക്കം
മര്യാദ ലംഘിക്കാതെ ആർക്കും കാണിക്കാൻ കഴിയാത്തത്.
മലയാള സാഹിത്യ നിരൂപകർ
ആനകളെ കെട്ടേണ്ടിടത്ത് ആടുകളെക്കൊണ്ടു കെട്ടിയിട്ട് ‘കണ്ടോ ആനകൾ’ എന്നു ചോദിക്കുന്നവർ.
കവിയശസ്സിൽ കൊതിയുള്ളവർ
ഇവരെ നോക്കി നിരൂപകർ ഒന്നു പുഞ്ചിരി പൊഴിച്ചാൽ മതി അടുത്ത ദിവസം ചക്കടാവണ്ടിയിൽ കൈയെഴുത്തു പ്രതികളാകെ കയറ്റി നിരൂപകന്റെ വീട്ടിലെത്തുന്നവർ.
മൂക്ക്
വൈക്കം മുഹമ്മദ് ബഷീർ വിശ്വവിഖ്യാതമാക്കിയ ഒരവയവം.
സർക്കാരിന്റെ പണം
രാജവാഴ്ചയുണ്ടായിരുന്ന കാലത്ത് ഉദ്യോഗസ്ഥന്മാർ പേടിച്ചു പേടിച്ചു മോഷ്ടിച്ചിരുന്നത്. ജനാധിപത്യാഭാസം വന്നതിനു ശേഷം അവരും മന്ത്രിമാരും ധൈര്യത്തോടെ വീട്ടിലേക്കു വാരിക്കൊണ്ടു പോകുന്നത്.