close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 08 02


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 08 02
മുൻലക്കം 2002 07 26
പിൻലക്കം 2002 08 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചിരന്തനമൂല്യമുള്ളതെന്നും അത്യുജ്ജ്വലമെന്നും വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്‌ഥം വായിച്ചു് ഉദാത്തമണ്ഡലത്തിലെത്തിയ ഞാന്‍ തികഞ്ഞ സന്തോഷത്തോടും ചാരിതാര്‍ത്ഥ്യത്തോടും കൂടിയാണു് ഈ വരികള്‍ കുറിക്കുന്നതു്. ഗ്രന്ഥം റഷന്‍ സാഹിത്യകാരനായ ഇസാക് ബാബിലിന്റെ (Isaac Babel, 1894–1940) സമ്പൂര്‍ണ്ണ കൃതികള്‍ (The Complete Works of Isaac Babel. Pages 1072. Translated by Peter Constanline. W W Norton and Company’). ഇപ്പുസ്‌തകത്തിനു് അവതാരിക എഴുതിയതു് അമേരിക്കന്‍ ധിഷണാശാലിനിയായ സൂസന്‍ സാന്‍റ്റാഗാണു് (Susan Sontag, b. 1933. സാന്‍റ്റാഗ് എന്നു് ശരിയായ ഉച്ചാരണം) സാന്‍റ്റാഗിന്റെ അവതാരിക തുടങ്ങുന്നതിങ്ങനെ —

On May, 1939, Isaac Babel, a writer whose distinction had earned him the Soviet privilege of a dacha in the country, was arrested at Peredelkino and taken to Moscow’s Lubyanka prison, headquarters of the secret police. His papers were confiscated and destroyed. among them half-completed stories, plays, film scripts, translations. Six months later, after three days and nights of hellish interrogation, he confessed to a false charge of espionage. The following year, a clandestine trial was briefly held in the dying hours of January 26; Babel recanted his confession, appealed to his innocence and at 1:40 next morning was summarily shot by a firing squad. He was fortyfive. His final plea was not for himself but for the power and truth of literature. “Let me finish my work”

ഈ സമാഹരഗ്രന്ഥത്തിനു് മുഖവുര എഴുതിയതു് ബാബിലിന്റെ മകള്‍ Nathalie Babel ആണു്. അവര്‍ അതില്‍ ബാബില്‍ പറഞ്ഞതു സമ്പൂര്‍ണ്ണമായും നല്‌കുന്നു. ഹൃദയം ദ്രവിപ്പിക്കുന്ന ആ വാക്യങ്ങള്‍ കേട്ടാലും.

“ഞാന്‍ ഒരപരാധവും ചെയ്യാത്തവനാണു്. ഞാന്‍ ഒരിക്കലും ചാരനായി പ്രവര്‍ത്തിച്ചിട്ടില്ല.സോവിയറ്റ് യൂണിയനു് എതിരായ ഒരു പ്രവൃത്തിയ്ക്കും ഞാന്‍ അനുമതി നല്‌കിയിട്ടില്ല. ഞാന്‍ വ്യാജമായി എന്നെത്തന്നെ കുറ്റപ്പെടുത്തിയതാണു്. എന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കള്ളമായി ആരോപണങ്ങള്‍ നടത്താന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഞാന്‍ ഒരു കാര്യമേ ചോദിക്കുന്നുള്ളു. “എന്റെ ജോലി പൂര്‍ണ്ണമാക്കാന്‍ അനുവദിക്കൂ”

പരിപൂര്‍ണ്ണമാക്കാന്‍ പ്രതിയോഗികള്‍ അനുവദിച്ചില്ല. എങ്കിലും ആയിരത്തിലധികം പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന രചനകള്‍ ബാബില്‍ മഹാനായ സാഹിത്യകാരനാണു് എന്നു് ഉദ്‌ഘോഷിക്കുന്നു. മകള്‍ എഴുതിയ ദീര്‍ഘമായ afterword ഹൃദയഭേദകമാണു്. Where one could find another father like my father! എന്നൊരു കഥാപാത്രം ചോദിക്കുന്നുണ്ടു്. ബാബിലിന്റെ മകളും അതേ ചോദ്യം ചോദിക്കുന്നതു് ഈ ഉത്തരോപാഖ്യാനത്തില്‍ നിപുണശ്രോതാക്കള്‍ക്കു കേള്‍ക്കാം. ആ കഥാപാത്രം അങ്ങനെ ചോദിക്കുന്ന കഥയുടെ സംഗ്രഹം തന്നെ നല്‌കാം. യൂക്രേനിയയിലെ സെബ്രുച് (Zbruch)നദി കടക്കുകയാണു് സൈന്യം. ഓറഞ്ച് സൂര്യന്‍ ഛേദിക്കപ്പെട്ട ശിരസ്സുപോലെ അന്തരീക്ഷത്തില്‍ ഉരുളുകയാണു്. സായാഹ്‌നത്തിലെ തണുപ്പില്‍ ഇന്നലത്തെ ചോരയുടെയും കൊല്ലപ്പെട്ട കുതിരകളുടേയും നാറ്റം ഇറ്റിറ്റു വീഴുന്നു. കറുത്ത സെബ്രുച് നദി ഗര്‍ജ്ജിക്കുന്നു വളഞ്ഞു പുളയുന്നു. സൈന്യം നോവഗ്രാദിലെത്തി കഥ പറയുന്ന ആളിനു് (ബാബില്‍ തന്നെ) നല്‌കിയ വീട്ടില്‍ ഒരു ഗര്‍ഭിണിയും ചുവന്ന തലമുടിയുള്ള രണ്ടു ജൂതന്മാരുമുണ്ടു്. മൂന്നാമത്തെ ജൂതന്‍ ചുവരിലേക്കു മുഖം തിരിച്ചു് തലവഴി കരിമ്പടം വലിച്ചിട്ടു് ഉറങ്ങുകയാണു്. തറയിലാകെ മനുഷ്യമലം. ബാബില്‍ ഉറങ്ങി അദ്ദേഹം ഭയങ്കരമായ ഒരു സ്വപ്‌നം കണ്ടു. കമാന്‍ഡര്‍, ബ്രിഗേഡ് കമാന്‍ഡറുടെ കണ്ണുകളില്‍ വെടിവയ്‌ക്കുന്നതായി. ബാബില്‍ ഉണര്‍ന്നു; ഗര്‍ഭിണി അദ്ദേഹത്തിന്റെ മുഖത്തു തട്ടിയതുകൊണ്ടു് അവര്‍ പറഞ്ഞു പാന്‍, (സര്‍, മിസ്‌റ്റര്‍ എന്ന പോളിഷ് പദം) നിങ്ങള്‍ ഉറക്കത്തില്‍ നിലവിളിക്കുകയാണു് തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. നിങ്ങള്‍ എന്റെ അച്‌ഛനെ ചവിട്ടുന്നു. അതുകൊണ്ടു് നിങ്ങളുടെ കിടക്ക വേറൊരു മൂലയില്‍ വയ്‌ക്കാം. അവര്‍ ഉറങ്ങുന്ന ആളിന്റെ കരിമ്പടം വലിച്ചുമാറ്റി മരിച്ച ഒരു വൃദ്ധന്‍ മലര്‍ന്നു കിടക്കുന്നു. അയാളുടെ അന്നനാളം മുറിച്ച നിലയില്‍ മുഖം രണ്ടായി കീറിയിരിക്കുന്നു. കറുത്ത ചോര താടിരോമങ്ങളില്‍ ജൂതസ്ത്രീ വിറച്ചുകൊണ്ടുപറഞ്ഞു. “പാന്‍ പോളിഷ് ഭടന്മാര്‍ അദ്ദേഹത്തെ കൊല്ലാനായി വെട്ടിനുറുക്കുകയായിരുന്നു. അദ്ദേഹം തുടരെത്തുടരെ അവരോടു യാചിച്ചു. “പിറകുവശത്തുവച്ചു് എന്നെ കൊല്ലൂ. എന്റെ മകള്‍ ഞാന്‍ മരിക്കുന്നതു കാണാതിരിക്കട്ടെ. പക്ഷേ അവര്‍ക്കു അസൗകര്യമുള്ളതൊന്നും ചെയ്യുകയില്ല. എന്നെ വിചാരിച്ചുകൊണ്ടു് ഈ മുറിയില്‍ വച്ചുതന്നെ അദ്ദേഹം മരിച്ചു. അതിഭയങ്കരമായ ശക്തിയോടെ ആ സ്ത്രീ എന്നോടു പറഞ്ഞു, “പറയൂ ഈ ലോകത്തു് എന്റെ അച്‌ഛനെപ്പോലെ വേറൊരു അച്‌ഛനെ കാണാന്‍ കഴിയുമോ? ” നമ്മെ പ്രകമ്പനംകൊള്ളിക്കുന്ന കഥയാണിതു്. വെറും ആഖ്യാനമല്ല. ഇക്കഥയില്‍ കാണുക. വിചാരവും ബിംബവും വേര്‍തിരിക്കാനാവാത്ത രീതിയില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു. അസാധാരണവും മൗലികവുമായ ആഖ്യാനരീതിയാണിതു്. ഭാവസാന്ദ്രതയാണു് ഇതിന്റെ സവിശേഷത.

ബാബിലിന്റെ സ്പഷ്ടവും സവിശേഷവുമായ ഭാവനയുടെ മൗലികതയുടെ സ്വഭാവമറിയണമെങ്കില്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതം തുടങ്ങിയ കാലത്തെഴുതിയ Line and Colour — രേഖയും വര്‍ണ്ണവും — എന്ന കഥ വായിക്കണം. കഥ പറയുന്നയാള്‍ കൈറന്‍സ്‌കിയെ കണ്ടതു് 1916 ഡിസംബര്‍ 20-ആം തിയതിയാണു് (റഷ്യന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ബോള്‍ഷെവിക് വിപ്ലവം അദ്ദേഹത്തെ സ്‌ഥാനഭൃഷ്ടനാക്കി — ലേഖകന്‍) ഒരു ഫിനിഷ് സാനിറ്റേറിയത്തില്‍ അവര്‍ രണ്ടുപേരും മറ്റുചിലരും ഇരിക്കുകയാണു്. പൈന്‍മരങ്ങളുടേയും ഒരു പ്രഭുപത്‌നിയുടെ തണുത്ത മുലകളുടേയും ബ്രിട്ടീഷ് ഉദ്യോഗസ്‌ഥരുടെ പട്ടു അടിവസ്‌ത്രങ്ങളുടേയും സൗരഭ്യം മുറിയില്‍ തങ്ങിനിന്നു. കൈറന്‍സ്‌കിയും കഥപറയുന്ന ആളും നടക്കാന്‍ പോയി. ഒരു സുന്ദരി അവരെ കടന്നുപോയി. “ആരാണതു്?”. കൈറന്‍സ്‌കി വീണ്ടും ചോദിച്ചു. അതിനും ഉത്തരം കിട്ടി. “എനിക്ക് ഇവിടെയുള്ളവരെയൊക്കെ അറിയാം” പക്ഷേ എനിക്ക് ആരെയും കാണാന്‍ കഴിയുന്നില്ല” എന്നു് കൈറന്‍സ്‌കി പരിദേവനം നടത്തി

“അങ്ങയ്‌ക്കു ഹ്രസ്വദൃഷ്ടി (near sighted) ഉണ്ടോ?”
“അതേ ഞാന്‍ near sighted ആണു്”
“മൂക്കു കണ്ണട വേണം അങ്ങയ്‌ക്ക്”
“ഒരിക്കലും വേണ്ട” എന്നു കൈറന്‍സ്‌കി

കഥ പറയുന്ന ആള്‍ ഉദ്‌ഘോഷിച്ചു, “രേഖ — ഐശ്വരമായ സവിശേഷത, ലോകത്തിന്റെ രാജ്‌ഞി. അവിടുത്തേക്ക് എല്ലാകാലത്തേക്കുമായി നഷ്‌ടപ്പെട്ടിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ റോസ് നിറമാര്‍ന്ന അരികുകള്‍ കാണാന്‍ വയ്യ. വെള്ളച്ചാട്ടത്തില്‍ ചാരിയ അരളി — ആ ജാപ്പനിസ് സൗന്ദര്യം — അവിടുത്തേക്കു അദര്‍ശനീയം. മഞ്ഞുമൂടിയ പൈന്‍മരത്തിന്റെ ചുവന്ന തടി കാണാന്‍ വയ്യ. ലേയോനാര്‍ദോയുടെ രേഖപോലെ മരങ്ങളുടെ തരംഗിതമായ ഉപരിതലരേഖ അദൃശ്യം. ആ സുന്ദരിയുടെ വണ്ണം കൂടിവരുന്ന കാലുകളുടെ രേഖ കണ്ടുകൂടാ. കൈറന്‍സ്‌കി അവിടുത്തേക്കു കണ്ണട വേണം” കൈറന്‍സ്‌കി ഉത്തരം പറഞ്ഞു — “വെറുപ്പിക്കുന്ന വാസ്‌തവികതയോടുകൂടിയ ആ രേഖ നിങ്ങള്‍ക്കിരിക്കട്ടെ. അധമജീവിതം നയിക്കുന്ന ട്രിഗ്‌നൊമെട്രി അധ്യാപകന്റെ ജീവിതമാണു് നിങ്ങളുടേതു് ഞാനോ? മഹാദ്‌ഭുതങ്ങള്‍ എന്നെ പൊതിയുന്നു. സുന്ദരിയെക്കുറിച്ചു് എനിക്ക് എല്ലാം സങ്കല്പിക്കാന്‍ കഴിയും. ഫിന്നിഷ് അന്തരീക്ഷത്തിലെ മേഘങ്ങള്‍കൊണ്ടു് എനിക്കെന്തു് ആവശ്യകത? സ്വപ്‌നസദൃശമായ സമുദ്രം എന്റെ തലയ്‌ക്കു മുകളില്‍ ഇല്ലേ? നിറങ്ങളുള്ളപ്പോള്‍ എനിക്കു വരകള്‍ കൊണ്ടു് എന്താവശ്യം? ജൂലിയറ്റിന്റെ ശോണവര്‍ണ്ണമാര്‍ന്ന നീരാളം ഞാന്‍ കാണുന്നു. റോമിയോയുടെ നീലലോഹിതമായ സില്‍ക്ക് ഞാന്‍ കാണുന്നു.

ഈ ഗ്രന്ഥത്തെ തൊടുമ്പോള്‍ നിങ്ങള്‍ ഒരു മഹാനെ തൊടുന്നു എന്നു് ആരോ പറഞ്ഞില്ലേ?ബാബിലിന്റെ ഗ്രന്ഥത്തെ സ്‌പര്‍ശിക്കുമ്പോള്‍ ഞാന്‍ മഹാന്മാരില്‍ മഹാനായ ഒരു സാഹിത്യകാരനെയാണു് സ്‌പര്‍ശിക്കുന്നതു്.

ആറുമാസം കഴിഞ്ഞു് കഥപറയുന്നയാള്‍ കൈറന്‍സ്‌കിയെ വീണ്ടും കണ്ടു. ജനക്കൂട്ടം ഉത്‌കടവികാരംകൊണ്ടു് അദ്ദേഹത്തെ ആവരണം ചെയ്‌തോ.അയാള്‍ക്കറിഞ്ഞുകൂടാ കൈറന്‍സ്‌കിയുടെ പ്രസംഗം കഴിഞ്ഞു് ട്രൊഡ്‌സ്‌കി വേദിയില്‍ വന്നു. “സഖാക്കളേ, സഹോദരന്മാരേ” എന്നു് അദ്ദേഹം അഭിസംബോധന ചെയ്തു.

നിറം ഭാവനയുടെ കൊടുങ്കാറ്റാണെന്നു് ബാബില്‍ പറയുന്നുണ്ടു്. അതിനെ രേഖകൊണ്ടു് — വരകൊണ്ടു് — നിയന്ത്രിക്കണമെന്നതാണു് ബാബിലിന്റെ സൗന്ദര്യശാസ്‌ത്രം എന്തൊരു ചേതോഹരമായ സങ്കല്‌പം! ‘ഫാസിനേറ്റിങ്’ എന്ന പദംകൊണ്ടു് വിശേഷിപ്പിക്കേണ്ട Roaming Stars എന്ന ‘സ്‌ക്രീന്‍ പ്ലേ’ (ആകെ നാലു സ്‌ക്രീന്‍ പ്ലേസ്) Sunset, Maria ഈ നാടകങ്ങള്‍. 1920-ലെ ഡയറി. കലാസുന്ദരങ്ങളായ പ്രബന്ധങ്ങള്‍ ഇങ്ങനെ പലതും ഈ ഗ്രന്ഥതല്ലജത്തിലുണ്ടു് സ്‌ഥലപരിമിതികൊണ്ടു് അവയെക്കുറിച്ചു് എഴുതാന്‍ വയ്യ.

പ്രസാധനകലയ്‌ക്ക് എത്രത്തോളം ഉയരാമെന്നതിനും നിദര്‍ശകമാണു് ഈ ഗ്രന്ഥം. അതു സ്‌പര്‍ശിച്ചു് അഴുക്കു പറ്റിക്കാന്‍ എനിക്കാദ്യം തോന്നിയില്ല. യോസഫ് റോറ്റിന്റെ The Legend of the Holy Drinker എന്ന മാസ്റ്റര്‍പീസ് ഭാഷാന്തരീകരണം ചെയ്‌ത അത്തിപ്പൊറ്റ വാരിയത്തു് ഗോപാലകൃഷ്‌ണന്‍ ഹോങ്‌കോങ്ങില്‍ നിന്നു് എനിക്ക് ഈ പുസ്തകം അയച്ചുതന്നു. അദ്ദേഹത്തോടു് എനിക്ക് നിസ്സീമമായ കൃതജ്ഞതയുണ്ടു്. ഈ ഗ്രന്ഥത്തെ തൊടുമ്പോള്‍ നിങ്ങള്‍ ഒരു മഹാനെ തൊടുന്നു എന്നു് ആരോ പറഞ്ഞില്ലേ? ബാബിലിന്റെ ഗ്രന്ഥത്തെ സ്പര്‍ശിക്കുമ്പോള്‍ ഞാന്‍ മഹാന്മാരില്‍ മഹാനായ ഒരു സാഹിത്യകാരനെയാണു് സ്‌പര്‍ശിക്കുന്നതു്. ആ സ്‌പര്‍ശത്തിനു് സൗജന്യമാധുര്യത്തോടെ സന്ദര്‍ഭം നല്‌കിയ ഗോപാലകൃഷ്‌ണനു വീണ്ടും നന്ദി പറയുന്നു.

ആലും തണല്‍ തന്നെ

എം.എം.ബഷീര്‍ ഹീറോവേര്‍ഷിപ്പുകാരനാണു്. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ ഹീറോ. അദ്ദേഹത്തില്‍ത്തുടങ്ങി എം.എം. ബഷീറിനു് എണ്ണമറ്റ ഹീറോകളുണ്ടു്. ഇപ്പോഴത്തെ ഹീറോ അയ്യപ്പപ്പണിക്കര്‍..

ഈ ബാല്യകാല ദൗര്‍ബല്യത്തെക്കുറിച്ചു് ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു. ആവര്‍ത്തനമല്ലാതെ ജീവിതത്തില്‍ ഒന്നുമില്ല എന്നതുകൊണ്ടു് അതു വീണ്ടും എഴുതുന്നു. വായിച്ചവര്‍ സദയം ക്ഷമിക്കണം. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ കുന്നുംപുറം എന്ന സ്ഥലത്താണു് താമസിച്ചതു്. തിരുവനന്തപുരത്തെ ആയുര്‍വ്വേദാശുപത്രിയില്‍നിന്നു് നേരെ പടിഞ്ഞാറോട്ടു ഒരു ഫര്‍ലോങ് പോയാല്‍ കുന്നുംപുറമായി. വീട്ടിന്റെ ഗെയ്‌റ്റിനരികെ കാലത്തു ഒന്‍പതു മണിക്കു ഞാന്‍ ചെന്നു നില്‍ക്കും. അപ്പോള്‍ കുറുപ്പുനിറമാണെങ്കിലും സുന്ദരിയായ ഒരു ബാലിക സ്ക്കൂളില്‍ പോകാന്‍ ആ വഴി വരും. ഞാന്‍ ചങ്ങമ്പുഴക്കവിത ഹൃദിസ്ഥമാക്കുന്നതിനു മുന്‍പു് തൈക്കാട്ടു ചന്ദ്രശേഖരന്‍ നായരുടെ കവിതകളാണു് ഹൃദിസ്‌ഥമാക്കിയതു്. അദ്ദേഹത്തിന്റെ

അവളെക്കറുമ്പി കറുമ്പിയെന്നാ
ണവിടെ പ്പലരും വിളിച്ചു കേള്‍പ്പൂ
കുവലയ മൊട്ടവളെന്റെ ഹൃത്താം
നറുമലര്‍പ്പൊയ്‌ക കൊതിച്ച പുഷ്‌പം

ഈ കവിത ഞാന്‍ അവള്‍ കേള്‍ക്കത്തക്കവിധത്തില്‍ ഉറക്കെച്ചൊല്ലും. മന്ദഹാസത്തോടെ അവള്‍ അതുകേട്ടു് പോകും. പ്രകാശമുണ്ടെങ്കില്‍ ഇരുട്ടുണ്ടു്. ആഹ്ലാദമുണ്ടെങ്കില്‍ വിഷാദമുണ്ട്. സൗരഭ്യമുണ്ടെങ്കില്‍ നാറ്റവും. സൗരഭ്യം പ്രസരിപ്പിച്ചു് ബാലിക പൊയ്ക്കഴിയുമ്പോള്‍ മുനിസിപ്പാലിറ്റിയുടെ ചവറുവണ്ടി വരും. പിന്നെ കുറെനേരത്തേക്കു പൂതിഗന്ധമാണു് അന്തരീക്ഷത്തിലാകെ എന്തെല്ലാം മാലിന്യങ്ങളാണു് വണ്ടിക്കകത്തു്! അക്കാലത്തു് കുഞ്ഞുങ്ങള്‍ റോഡിലേ മലവിസര്‍ജ്ജനം ചെയ്യൂ. രാത്രിയായാല്‍ പുരുഷന്മാരും. വണ്ടിക്കാരന്‍ ഒരു പാട്ടക്കഷണം വച്ചു് വഴിയരികിലെ ചപ്പും ചവറും മറ്റു മാലിന്യങ്ങളും കോരിയെടുക്കുമ്പോള്‍ കുട്ടികളുടെയും പ്രായമായവരുടെയും പുരീഷവും കോരിയെടുക്കും. അതു വണ്ടിക്കകത്തു നിക്ഷേപിക്കും. ആളുകളുടെ നാസാരന്ധ്രങ്ങളെ ആക്രമിക്കുന്ന ദുര്‍ഗന്ധമുള്ള മുനിസിപ്പാലിറ്റി വണ്ടി വരുന്നതു കണ്ടാല്‍ അവര്‍ വല്ല സ്‌ഥലത്തേക്കും ഓടിപ്പോകും; ഞാന്‍ വീട്ടിനകത്തേക്കും.കാലം കഴിഞ്ഞു. മുനിസിപ്പാലിറ്റി കോര്‍പൊറെയ്‌ഷനായി ചവറുവണ്ടിക്കുപകരം ലോറിയായി. ചവറുവണ്ടി അങ്ങു അപ്രത്യക്ഷമായിയെന്നു പറയാമോ? പാടില്ല. അതു പുസ്തകത്തിന്റെ രൂപമാര്‍ന്നു് ഇക്കാലത്തു് പ്രത്യക്ഷമായിരിക്കുന്നു. അയ്യപ്പപ്പണിക്കര്‍ എഡിറ്ററായും എം.എം.ബഷീര്‍ പ്രസാധകനായും “കേരളകവിത 2002” എന്നൊരു ഗ്രന്ഥം കറന്റ് ബുക്ക്സ്, കോട്ടയം പ്രസാധനം ചെയ്‌തിരിക്കുന്നു. രണ്ടു ഭാഗങ്ങളുണ്ടു് ഈ കാവ്യഗ്രന്ഥത്തിനു്. ഒന്നാംഭാഗം ലോകകവിതയാണു്. ഇന്നുവരെ ഞാന്‍ കേട്ടിട്ടില്ലാത്ത (കുറ്റം എന്റേതു്) പല കവികളുടേയും കാവ്യങ്ങള്‍ മലയാള ലിപിയില്‍ വന്നിരിക്കുന്നു. ഓരോന്നും വിരസം. ലയമില്ല. താളമില്ല. ഉള്ളതു് ബലാത്‌കാരമായി നിവേശിപ്പിക്കുന്ന ഇമേജറി മാത്രം. ദുര്‍ഗ്രഹതയാണു് ഓരോ രചനയുടേയും മുദ്ര. രണ്ടാംഭാഗത്തില്‍ കേരളത്തിലെ കവികളുടെ രചനകള്‍. Degeneration സാഹിത്യത്തില്‍ വരുന്നതെങ്ങനെയെന്നു് ഗ്രഹിക്കണമെങ്കില്‍ ഇപ്പുസ്‌തകത്തിന്റെ ഏതു പുറവും നോക്കിയാല്‍ മതി. നോക്കേണ്ടതില്ല. വായനക്കാര്‍ക്കു personal degeneration ഉണ്ടാകും. സ്ഥാലീപുലാകന്യായമനുസരിച്ചു് മഹാകവി കൊന്നമൂടു് വിജുവിന്റെ ഒരു കവിതയുടെ ഏതാനും വരികള്‍ എടുത്തെഴുതാം.

ഇലക്ഷന്‍
അമ്മ വോട്ടു് നിരസിച്ചു
കാരണം അറിയിക്കാതെ മകന്‍;
ചെറുനേതാവു്
ഉപദേശം
“വോട്ടു മലികാവകാശം” (വിഡ്‌ഢി)
അമ്മ; (പുറം 166)

അയ്യപ്പപ്പണിക്കരും ബഷീറും ഇതിനെ majestic poetry എന്നു വിളിച്ചേക്കും. എം. രാഘവനു് ഫ്രഞ്ച് ഭാഷ അറിയാമെന്നായിരുന്നു എന്റെ ധാരണ. അറിഞ്ഞുകൂടാ എന്നു് ഇപ്പോൾ മനസ്സിലായി. ഫ്രഞ്ച് ഫെമിനിസ്റ്റ് ക്രിട്ടിക്കും നോവലിസ്റ്റുമായ ഏലന്‍ സീസ്സുവിനെ (Helene Cixous) അദ്ദേഹം ഹെലേന്‍ സിക്‌സു എന്നാക്കിയിരിക്കുന്നു (പുറം 236) ഇമ്മാതിരിപ്പുസ്തകങ്ങള്‍ ഒന്നോ രണ്ടോ പ്രതികളേ അച്ചടിക്കാവൂ. ഇതു് രണ്ടു കോപ്പികള്‍ അച്ചടിക്കാം. അയ്യപ്പപ്പണിക്കര്‍ക്ക് ഒന്നു്. ബഷീറിനു് ഒന്നു്. പണിക്കര്‍ക്ക് ദിവസംതോറും ഇതു തുറന്നു നോക്കി താന്‍ എത്ര കവിശിങ്കിടികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കി പുളകപ്രസരം അനുഭവിക്കാം. എം.എം.ബഷീര്‍ ഹീറോവേര്‍ഷിപ്പുകാരനാണു്. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ ഹീറോ. അദ്ദേഹത്തില്‍ തുടങ്ങി എം.എം.ബഷീറിനു് എണ്ണമറ്റ ഹീറോകളുണ്ടു്. ഇപ്പോഴത്തെ ഹീറോ അയ്യപ്പപ്പണിക്കര്‍. തന്റെ ഹീറോക്കു് ആഹ്ലാദമരുളാന്‍ ഇപ്പുസ്തകം താന്‍ പ്രസാധനം ചെയ്‌തല്ലോ എന്നുകണ്ടു് ബഷീറിനു് ആഹ്ലാദത്തില്‍ നീന്തിത്തുടിക്കാം. നാണംകെട്ടവന്റെ എവിടെയോ ആലുകിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നാണല്ലോ മഹദ്വചനം. (Hero എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ഹിയ്‌റോ എന്നത്രേ. ആളുകള്‍ക്കു മനസ്സിലാക്കാന്‍ വേണ്ടി ഹീറോ എന്നു ഞാനെഴുതിയെന്നേയുള്ളൂ)

ചോദ്യം, ഉത്തരം

Symbol question.svg.png മലയാളനോവലുകളിലെ ഏതു കഥാപാത്രത്തെ നിങ്ങള്‍ ‘ഫൂള്‍’ എന്നു വിളിക്കും?

ചെമ്മീന്‍” എന്ന നോവലിലെ കഥാപാത്രമായ പരീക്കുട്ടിയെ He is a silly fool എന്നാവും ഞാന്‍ പറയുക

Symbol question.svg.png നാലപ്പാട്ടു നാരായണമേനോന്റെ ‘കണ്ണുനീര്‍ത്തുള്ളി’ ഒന്നാംതരം കവിതയല്ലേ?

അതേ. ടെനിസണ്‍ എന്ന കവിയുടെ ‘ഇന്‍ മെമ്മോറിയ’വും നല്ല കാവ്യം

Symbol question.svg.png പുരുഷനു് ക്ഷമ കൂടുമല്ലേ?

ഭാര്യ പറയുന്നതൊക്കെ മനസ്സിരുത്തി കേള്‍ക്കുന്ന ഒരു പുരുഷനും ഇന്നുവരെ ഉണ്ടായിട്ടില്ല

Symbol question.svg.png പുരുഷനു് സ്‌ത്രീ സ്വാതന്ത്ര്യം കൊടുത്താല്‍?

അയാള്‍ സ്‌ത്രീയുടെ ശരീരത്തില്‍ തടവാന്‍ വരും

Symbol question.svg.png “ബോറനാരു്?”

ഭാര്യക്കു് ഭര്‍ത്താവു് ബോര്‍. ഭര്‍ത്താവിനു ഭാര്യ ബോര്‍

Symbol question.svg.png നിങ്ങള്‍ക്കു ഭാവിയില്‍ വിശ്വാസമുണ്ടോ?

എനിക്കു ഒന്നിലും വിശ്വാസമില്ല. വിദ്യുച്ഛക്‌തി, കുടിവെള്ളം ഇവയില്‍പ്പോലും വിശ്വാസമില്ല. രാത്രി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വിദ്യുച്ഛക്‌തി പോകും. കുളിച്ചുകൊണ്ടു നില്‌ക്കുമ്പോള്‍ ജലം ഇല്ലാതെയാകും

Symbol question.svg.png “ആളുകളെ സുപ്പീരിയര്‍, ഇന്‍ഫീരിയര്‍ എന്നു മനസ്സിലാക്കുന്നതെങ്ങനെ?”

സുപ്പീരിയര്‍ വ്യക്‌തി നമ്മുടെ വീട്ടില്‍ വന്നാല്‍ പത്തുമിനിറ്റില്‍ കൂടുതല്‍ ഇരിക്കില്ല. ഇന്‍ഫീരിയര്‍ വ്യക്‌തി രണ്ടുമണിക്കൂര്‍ ഇരിക്കും. നമ്മള്‍ കോട്ടുവായിട്ടാലും വാച്ച് നോക്കിയാലും പോകില്ല. ചുവരിലിരിക്കുന്ന ചങ്ങമ്പുഴയുടെ പടം നോക്കി ‘ഇതെവിടെനിന്നു കിട്ടി’ എന്നു ചോദിക്കും. അതിനു മറുപടി കൊടുത്താല്‍ വേറൊരു സ്‌റ്റുപിഡായ ചോദ്യമെറിയും”

അവിയല്‍

എന്‍. ഗോപാലപിള്ളയുടെ ഹാസ്യോക്തികള്‍ ചിലപ്പോള്‍ വ്യക്‌തിശത്രുത കാണിക്കുന്നവയാണെങ്കിലും രസപ്രദങ്ങളാണു്. ബുദ്ധിമാന്‍ ആയിരുന്നതുകൊണ്ടു് പ്രശംസിച്ചു പാട്ടിലാക്കാന്‍ പ്രയാസമായിരുന്നു അദ്ദേഹത്തെ. എങ്കിലും മുഖസ്തുതിയില്‍ വീഴാത്തതാരു്? പ്രശംസയില്‍ വീഴുന്നില്ലെന്നു കാണിച്ചുകൊണ്ടു് അവര്‍ ഉള്ളില്‍ സന്തോഷിക്കും. എങ്കിലും അങ്ങു് ചന്ദ്രനാണു്. ഇന്ദ്രനാണു് എന്നു പറഞ്ഞ് മുഖസ്തുതിയില്‍ വ്യാപരിച്ചാല്‍ അദ്ദേഹം ഹൃദയം പിളര്‍ന്നു പോകത്തക്കവിധത്തില്‍ സംസാരിക്കും. അതുകേട്ടാല്‍ ജീവിച്ചിരിക്കണമെന്നു് പിന്നെ തോന്നുകയേയില്ല. സംസ്കൃത കോളേജിലെ ഏതോ ഒരു അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്യുന്ന വേളയില്‍ സ്വാഗതപ്രഭാഷകന്‍ വ്യാജസ്തുതി നടത്തി. ഗോപാലപിള്ളയുടെ നര്‍മ്മബോധത്തേയും നര്‍മ്മോക്‌തിക്കുള്ള പാടവത്തെയും അയാള്‍ മുഖസ്‌തുതി പ്രായമാക്കി സംസാരിച്ചു. ഗോപാലപിള്ളസ്സാറിനു് അതു രസിച്ചില്ല. അദ്ധ്യക്ഷപ്രസംഗം നടത്തുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു “എന്റെ ഹാസ്യോക്തികളെ സ്വാഗതപ്രഭാഷകന്‍ കണക്കറ്റ് വാഴ്ത്തി. ഉക്തിയിലുള്ള ഹാസ്യം കൊണ്ടല്ല ശ്രോതാക്കള്‍ ചിരിക്കുന്നതു്. പിന്നെയോ? ഞാന്‍ പ്രസംഗിക്കുന്ന വേളയില്‍ മുഖം കൊണ്ടു് ചില ഗോഷ്‌ടികള്‍ കാണിക്കും. മുഖത്തെ മാംസപേശികള്‍ വക്രിപ്പിക്കും. അപ്പോള്‍ വൈരൂപ്യമുണ്ടാകും. ആ വൈരൂപ്യമാണു് ശ്രോതാക്കളുടെ ചിരിക്ക് ആസ്‌പദം.

ഇപ്പോഴിതു് ഓര്‍മ്മിക്കാന്‍ കാരണമുണ്ടു്. ഇ.സന്തോഷ്‌കുമാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “വിലപിക്കുന്ന ബുദ്ധന്‍” എന്ന ചെറുകഥ വായിച്ചു് എന്റെ മുഖം കോടിപ്പോയിരിക്കുന്നു. എന്റെ കോളത്തിലെ പ്രയോഗങ്ങള്‍ ശക്‌തങ്ങളാണെങ്കിലും ഞാന്‍ ശാന്തസ്വഭാവക്കാരനാണു്. എന്റെ മുഖത്തെ പ്രശാന്തതയും ഇക്കഥയുടെ പാരായണത്തിനുശേഷം ഇല്ലാതെയായിരിക്കുന്നു. സുദീര്‍ഘമായ ഇക്കഥയിലെ വാക്യവര്‍ഷം ഗലീലിയോയെ പള്ളിയധികാരികള്‍ കാണിച്ചു പേടിപ്പിച്ച മര്‍ദ്ദനോപകരണങ്ങളേക്കാള്‍ അസഹ്യമായിരിക്കുന്നു.

അവിയല്‍ പരുവത്തിലാണു് ഇതിലെ കഥ. ഗര്‍ഭിണി കുങ്കുമപ്പൂക്കളിട്ടു പാല്‍ കുടിക്കുന്നു. കുഞ്ഞു് സൗന്ദര്യമുള്ളതാകാന്‍വേണ്ടി. ഞാന്‍ പത്രവാര്‍ത്ത മറന്നുപോയി. അഫ്‌ഗാനിസ്‌താനിലല്ലേ ബുദ്ധപ്രതിമകള്‍ തകര്‍ത്തതു്. അതിന്റെ കഷണങ്ങള്‍ ഗര്‍ഭിണിയുടെ ഭര്‍ത്താവു് വാങ്ങിക്കൊണ്ടുവരുന്നു. വീട്ടില്‍ വച്ച ആ കഷണങ്ങളില്‍ നിന്നു് ബുദ്ധന്റെ വിലാപമുയരുന്നു. അവ ദൂരെയെറിഞ്ഞിട്ടും വിലാപത്തിനു് കുറവില്ല. ഒടുവില്‍ ആ സ്ത്രീ പെറ്റു. അവളുടെ കുഞ്ഞു് വെളിയിലേയ്ക്ക് പോന്നപ്പോള്‍ കരഞ്ഞോ എന്നു ചിലര്‍ക്കു സംശയം. കുഞ്ഞു് കരഞ്ഞെന്നു് ഡോക്ടര്‍ ഉറപ്പിച്ചു് പറയുമ്പോള്‍ കഥ അവസാനിക്കുന്നു. അയഥാര്‍ത്‌ഥീകരണമാണു് ഈ മെനക്കെട്ട കഥയുടെ മുദ്ര. ബുദ്ധന്‍ കരഞ്ഞെന്നു പറയുന്നതേ അബദ്ധം. സാക്ഷാല്‍ ബുദ്ധന്‍ കരഞ്ഞവനല്ല. അതു പോകട്ടെ ബുദ്ധനാണു് കഥയിലെ കേന്ദ്രബിന്ദു അതു് അനുവാചകനെ സ്‌പര്‍ശിക്കുന്ന വിധത്തില്‍ കഥാകാരന്‍ ചിത്രീകരിച്ചിട്ടില്ല. അഫ്‌ഗാനികള്‍ കരയാന്‍ വൈകുന്നവരാണെന്നു് കഥയിലെ പ്രസ്താവം. അതു് ഭാരതീയരിലേക്കും സംക്രമിപ്പിക്കുന്നു. തുച്ഛമായിരുന്നാലും മതി ജീവിതത്തിന്റെ ബഹിഃപ്രകാശം കഥകളില്‍ വേണം. അതു് ഇതില്‍ ഇല്ലേയില്ല. ഒരവിയല്‍ രീതിയില്‍ എല്ലാം കൊണ്ടുവരുന്നു കഥാകാരന്‍. അവിയല്‍ എന്നും ചോറിനോടൊരുമിച്ചു് ഉപയോഗിക്കണമെന്നു് ഒരു മഹാവൈദ്യന്‍ പി.കെ പരമേശ്വരന്‍നായരോടും എന്നോടും പറഞ്ഞു. ഉപദംശം എന്ന നിലയില്‍ അവിയല്‍ നന്നു് കഥ അവിയലിനെപ്പോലിരുന്നാല്‍ ദൂരെയെറിയാനേ പറ്റൂ.

തൃശ്ശൂരെ സുന്ദരികള്‍

എന്‍. ഗോപാലപിള്ളയുടെ ഹാസ്യോക്‌തികള്‍ ചിലപ്പോള്‍ വ്യക്‌തിശത്രുത കാണിക്കുന്നവയാണെങ്കിലും രസപ്രദങ്ങളാണു്. ബുദ്ധിമാന്‍ ആയിരുന്നതുകൊണ്ടു് പ്രശംസിച്ചു പാട്ടിലാക്കാന്‍ പ്രയാസമായിരുന്നു അദ്ദേഹത്തെ.

പ്യേര്‍ ലോതീ (Pierre Loti, 1850–1923) എന്ന ഫ്രഞ്ചെഴുത്തുകാരന്റെ വിശ്വവിഖ്യാതമായ കൃതിയാണു് “An Iceland Fisherman” നമ്മുടെ തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീന്‍’ എന്ന നോവല്‍ ലോതീയുടെ ഈ നോവലിന്റെ അടുത്തെങ്ങും ചെല്ലുകില്ല. വൈഷയികജീവിതത്തെ അത്രയ്‌ക്കു സുന്ദരമായിട്ടാണു് ഈ ഫ്രഞ്ചെഴുത്തുകാരന്‍ പ്രതിപാദിക്കുന്നതു് ലോതീ ‘India’ എന്നൊരു “യാത്രാവിവരണം” എഴുതിയിട്ടുണ്ടു്. അതില്‍ അദ്ദേഹം തിരുവനന്തപുരത്തു വന്നതും തിരുവിതാംകൂര്‍ മഹാരാജാവിന്റെ അതിഥിയായി താമസിച്ചതും മറ്റും രമണീയമായി വര്‍ണ്ണിച്ചിട്ടുണ്ടു്. Maharajah of Travancore എന്ന സുദീര്‍ഘമായ അധ്യായത്തില്‍ ഇതൊക്കെ വായിക്കാം. തിരുവിതാംകൂറില്‍നിന്നു് ലോതീ തൃശ്ശൂരിലേക്കു പോയി. തൃശ്ശൂരിലെ സ്ത്രീകളുടെ സൗന്ദര്യം ഈ ഫ്രഞ്ച് സാഹിത്യ നായകനെയും ആകര്‍ഷിക്കുന്നു. സ്‌ത്രീകളെ അദ്ദേഹം വര്‍ണ്ണിക്കുന്നതു കാണുക:One of their swelling breasts is hidden by muslin, but the other, the rightone is always left uncovered, their young bosoms are more developed than those of European races, and seem almost out of proportion with their delicate waists; yet the outlines are matchless and have served as models for those stone and bronze torsos that Hindoo sculpture have given to their goddesses from the remotest ages, torsos in which feminine charms seems purposely heightened”

അവരുടെ കടാക്ഷങ്ങളെ ലോതീ അന്യാദൃശമായ രീതിയില്‍ ആവിഷ്‌കരിക്കുന്നു: “As I pass these women on the road, their glance meet mine almost stealthily, it is very tender but indifferent and far away — an unintentional caress of the flaming black eyes — than their eyelids droop.” നൂറുകൊല്ലം മുന്‍പുള്ള തൃശ്ശൂര്‍ സുന്ദരികള്‍ എത്ര ഭാഗ്യവതികള്‍! (India, Pierre Looti, Translated from the French by George A.F.Inman, Rupa & Co.Rs. 195, Pages 274.)[1]


  1. വില പുസ്തകത്തില്‍ കൊടുത്തിട്ടില്ല. അമേരിക്കയില്‍ റ്റെലിഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ നാല്‌പതു ഡോളറാണെന്നു് അറിഞ്ഞു.