close
Sayahna Sayahna
Search

2014 10 06


ആനന്ദ്: വ്യാസനും വിഘ്നേശ്വരനും

“അറിവ് സ്വാതന്ത്ര്യ­മാണെന്നും ശക്തിയാ­ണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേ­ണ്ടതായി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്‌. വെറും ജീവിതത്തി­നു വേണ്ടി, മരണ­ത്തില്‍ നിന്നു മുക്തനാകു­വാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴി­ക്കേണ്ടി വന്നിട്ടു­ള്ളതായി നാം കാണുന്നു.” സ്വാതന്ത്ര്യസമരത്തെ വളരെയധികം സ്വാധീനിച്ച ബംഗാളിലെ നെയ്ത്ത് തൊഴിലാളികളുടെ തൊഴിൽ ജീവിതം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. മാർക്കറ്റ് നിരക്കിൽ നിന്നും നാല്പത് ശതമാനം കുറഞ്ഞ നിരക്കിൽ ഈസ്റ്റിൻഡ്യാകമ്പനിക്ക് വേണ്ടി പട്ട് നൂൽ നൂൽക്കുവാനും നെയ്യുവാനും ഈ ഹതഭാഗ്യർ നിർബന്ധിതരായി. തയ്യാറാവാത്തവരെ മുക്കാലിയിൽ കെട്ടി പൊതുസ്ഥലങ്ങളിൽ വെച്ച് ദാരുണമായി മർദ്ദിച്ചു. വേദനയും ദൈന്യതയും സഹിക്കവയ്യാതെ അനേകം നെയ്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽക്കാനും നെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുത്തി, മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടിയത് പാടുപെട്ട് സമ്പാദിച്ച കഴിവുകളെ എന്നേയ്ക്കുമായി ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചുകൊണ്ടാണ്. അറിവും കഴിവും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിദാനമാവുന്നതിന്റെ, ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണിത് (ആർ സി ദത്ത്: കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ, ഭാഗം ഒന്ന് കാണുക).

ധനുർവിദ്യയിൽ ഗുരുജനസഹായമില്ലാതെ അർജ്ജുനനെക്കാൾ നൈപുണ്യം നേടിയത്, ഏകലവ്യന് തള്ളവിരൽ നഷ്ടപ്പെടുവാനും ധനുർവിദ്യ എന്നേയ്ക്കുമായി ഉപേക്ഷിക്കുവാനും കാരണമായി. നിപുണത നാമൊക്കെ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളല്ല പലപ്പോഴും നമുക്ക് തരുന്നത്. വിദേശസഹകരണത്തോട്കൂടി നടത്തപ്പെടുന്ന ഇന്ത്യൻ ഐടി മേഖലയിലെ വ്യവസായങ്ങളിൽ ഈ പ്രതിഭാസം ഇന്നും പല രൂപങ്ങളിലും മാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകലവ്യന്റെ ശുഷ്ക്കാന്തിയോടും ഏകാഗ്രതയോടും ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ ഇന്ത്യൻ സാങ്കേതിക സംരഭകരുടെയും വിദഗ്ദ്ധരുടെയും സാങ്കേതികസർഗ്ഗരചനകൾ തന്ത്രപരതയുടെയും വികലമായ വ്യാവസായികനിയമങ്ങളുടെയും പിൻബലത്തോടുകൂടി അനവരതം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. എതിർക്കുന്നവരെ തീരാത്ത നിയമയുദ്ധങ്ങളിൽ കുടുക്കി ജീവിതേച്ഛയും സർഗ്ഗചോദനകളെയും ചോർത്തിക്കളയുകയും ചെയ്യുന്നു, പൊതുസ്ഥലത്തെ മർദ്ദനത്തിന്റെ ആധുനിക രൂപമാണത്.

ഈ ആശയം ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി, ആനന്ദന്‍ തുടങ്ങിയ കഥാപാത്ര­ങ്ങളിലൂടെ ദാർശനികഭദ്രതയോടുകൂടി ഉരുത്തി­രിയുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന ആനന്ദിന്റെ നോവലിൽ. ജനാധിപത്യത്തിന്റെ ബലഹീനതയായി ഇന്ന് കാണപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ ശക്തിയിൽ വീണുടയുന്ന ബൗദ്ധിക സാംസ്കാരിക മൂല്യങ്ങളുടെയും, നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട ജീവിതങ്ങളുടെയും പരിച്ഛേദമാണ് നോവലിന്റെ ഉത്തരാർദ്ധത്തിൽ. ‘വ്യാസനും വിഘ്നേശ്വരനും’ സായാഹ്നയിൽ ഇവിടെ വായിക്കുക: വ്യാസനും വിഘ്നേശ്വരനും