close
Sayahna Sayahna
Search

സങ്കല്പങ്ങളിൽനിന്നു് യാഥാർത്ഥ്യത്തിലേയ്ക്കു്


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഏതാണ്ടു് ഇരുപതുലക്ഷം ജീവജാതികൾ ഇന്നു് ഭൂമിയിൽ നിലനിൽക്കുന്നുണ്ടു്. അതിൽ ഒരു ജാതി മാത്രമാണു് മനുഷ്യൻ അഥവാ ഹോമോസാപിയൻ. സാധാരണ ദൃഷ്ടിക്കു് ഗോചരീഭവിക്കുന്ന പ്രകടമായ ഈ വൈവിധ്യം ജീവിലോകത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. വർഗ്ഗങ്ങൾ തമ്മിലുള്ള ഈ വൈവിധ്യത്തെ അതിശയിപ്പിക്കുന്നതാണു് ഒരേ വർഗ്ഗത്തിലെ അംഗങ്ങൾക്കിടയിലുള്ള വൈവിധ്യം. മാനവസമുദായത്തിലെ ഇരുനൂറ്റമ്പതോളം കോടി അംഗങ്ങളിൽ (ഒരേ ഭ്രൂണകത്തിൽ നിന്നുണ്ടായ ഇരട്ട സന്തതികൾ ഒഴികെ) ഒരാളെങ്കിലും മറ്റൊരാളെ അതേപടി പ്രതിബിംബിക്കുന്നില്ല. എങ്കിലും എല്ലാവരും മനുഷ്യൻ തന്നെയാണു്. ഇൻഡ്യക്കാരനായാലും, നീഗ്രോയായാലും, വെള്ളക്കാരനായാലും, മംഗോളിയനായാലും ഇവരെ എല്ലാവരെയും ‘മനുഷ്യ’രാക്കുന്ന ചില പൊതുഘടകങ്ങൾ നിലനിൽക്കുന്നു. കുറേക്കൂടി വിശാലമായി ചിന്തിക്കുമ്പോൾ മറ്റൊരു വസ്തുതകൂടി തെളിഞ്ഞുവരുന്നതു കാണാം. അണുജീവിയായാലും, മത്സ്യമായാലും, പറവയായാലും, മനുഷ്യനായാലും എല്ലാറ്റിനെയും ‘ജീവിക’ളാക്കുന്ന ചില പൊതുഘടകങ്ങൾ അവയിൽ വർത്തിക്കുന്നുണ്ടു്. ഈ പൊതുഘടകത്തിന്റെ സവിശേഷതകൾ മനസ്സിലാക്കിയാൽ ‘ജീവൻ’ എന്ന വിശേഷണത്തിനു് അർഹമാകുന്ന സങ്കീർണ്ണതകൾ എന്തെല്ലാമാണെന്നു് വ്യക്തമാകും. അതോടൊപ്പം തന്നെ ഈ പൊതുഘടകങ്ങളിൽ വരുന്ന പരിവർത്തനങ്ങൾ കൂടി സൂക്ഷ്മപരിശോധനയ്ക്കു് വിധേയമാകുമ്പോൾ ജീവിലോകത്തെ വൈവിധ്യത്തിന്റെ കാരണവും അനാവരണം ചെയ്യപ്പെടും.

സഹസ്രാബ്ദങ്ങൾക്കു മുമ്പുമുതൽക്കേ ജീവരഹസ്യത്തിലേയ്ക്കെത്തി നോക്കാൻ അന്വേഷണകുതുകികൾ ഉൽസുകരായിരുന്നെങ്കിലും, ഈ അടുത്തകാലത്തു മാത്രമേ ജൈവപ്രതിഭാസത്തിന്റെ കേന്ദ്രഘടകത്തെ കണ്ടെത്താൻ കഴിഞ്ഞുള്ളു. ഈ നീണ്ട കാലയളവിനുള്ളിൽ അസംഖ്യം പരികല്പനകളെ സൃഷ്ടിച്ചുകൊണ്ടു് ഈ പ്രശ്നം ഉയർന്നുനിൽക്കുകയായിരുന്നു. ‘ജീവൻ’ വസ്തുനിഷ്ഠപഠനങ്ങൾക്കപ്രാപ്യമാണെന്ന മുൻവിധിയോടെ, പ്രശ്നത്തെ സമീപിച്ച ഭാരതീയചിന്തകർക്കു് ആരംഭിച്ചേടത്തുനിന്നു് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ, പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മറ്റും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ നേരത്തെതന്നെ ആഭിമുഖ്യം പുലർത്തിപ്പോന്ന പാശ്ചാത്യചിന്തകർ ഈ സങ്കീർണ്ണപ്രശ്നത്തിന്റെ കുരുക്കുകളോരോന്നായി അഴിക്കുകയായിരുന്നു. അതുകൊണ്ടു്, തദ്വിഷയകമായി പടിഞ്ഞാറുദയം ചെയ്ത ചില പരികല്പനകളെക്കുറിച്ചെങ്കിലും സൂചിപ്പിക്കുന്നതു് ഇവിടെ ഉചിതമായിരിക്കുമല്ലോ.

ഒരു ജീവിയും സ്വയംഭൂവായി ഉടലെടുക്കുന്നില്ല. ഒരു തലമുറ അടുത്ത തലമുറയ്ക്കു ജന്മമേകുകയാണു ചെയ്യുന്നതു്. അപ്പോൾ തലമുറകളിലൂടെ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരടിസ്ഥാനഘടകം നിലനിൽക്കുന്നുണ്ടെന്നുള്ളതിനു് സംശയമില്ല. മാത്രമല്ല അടിസ്ഥാനഘടകങ്ങൾ, ജന്മം കൊള്ളുന്ന ജീവിയുടെ വിവിധ സ്വഭാവങ്ങളെയും നിയന്ത്രിക്കുന്നുണ്ടു്. ഒരു മനുഷ്യശിശു മനുഷ്യരായ മാതാപിതാക്കളിൽനിന്നു മാത്രമേ ഉയിരെടുക്കുകയുള്ളു. ഓരോ ജീവിയും അതാതു വർഗ്ഗത്തിൽപ്പെട്ട ജീവികളെ മാത്രമേ സൃഷ്ടിക്കുന്നുള്ളു. അതായതു്, മാതാപിതാക്കൾ അവരുടെ രൂപസ്വഭാവങ്ങൾക്കു് അടിസ്ഥാനമായ ‘എന്തോ ഒന്നു്’ അടുത്ത തലമുറയിലേയ്ക്കു് പകരുന്നുണ്ടു്. അതു് എന്താണെന്നുള്ള അന്വേഷണമാണു്, ഈ മണ്ഡലത്തിൽ വസ്തു നിഷ്ഠപഠനങ്ങൾക്കു് കളമൊരുക്കിയതു്.

ബി. സി. ആറാംശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഗ്രീക്കുചിന്തകനായ പൈത്തഗോറസു് രസകരമായ ഒരു സിദ്ധാന്തം മിനഞ്ഞെടുക്കുകയുണ്ടായി. സംഭോഗസമയത്തു്, പുരുഷന്റെ തലച്ചോറു്, നാഡികൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവയിൽനിന്നു് ജലനിബദ്ധമായ ഒരാവി കീഴ്പോട്ടിറങ്ങിവരികയും, സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ചു്, അതു സമാനമായ ശരീരഭാഗങ്ങൾക്കു് ജന്മമേകുകയും ചെയ്യുന്നതായി അദ്ദേഹം വിഭാവനം ചെയ്തു. മറ്റൊരു ഗ്രീക്കുചിന്തകനായിരുന്ന എമ്പദോക്ലിസിന്റെ അഭിപ്രായത്തിൽ, ഭ്രൂണരൂപീകരണത്തിനു് മാതാപിതാക്കളുടെ സംഭാവനകൾ തുല്യമാണു്.

ഇരുന്നൂറുകൊല്ലങ്ങൾക്കുശേഷം, അരിസ്റ്റോട്ടിലും ഇതുപോലൊരു സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. പുരുഷശരീരത്തിലെ രക്തത്തിൽ നിന്നും രൂപം കൊള്ളുന്ന, അതിന്റെ ഏറ്റവും ശുദ്ധരൂപമാണു് ശുക്ലദ്രവമെന്നു് അദ്ദേഹം അനുമാനിച്ചു. അത്രതന്നെ ശുദ്ധരൂപത്തിലല്ലാത്ത സ്ത്രീരക്തത്തിൽ നിന്നാണു്, ഭ്രൂണശരീരം ജന്മം കൊള്ളുന്നതെങ്കിലും, അതിനു തനതായ രൂപഗുണാദികൾ നൽകുന്നതു് പുരുഷരക്തമത്രെ! ചുരുക്കത്തിൽ അരിസ്റ്റോട്ടലിന്റെ നിഗമനത്തിൽ സ്ത്രീ ശരീരനിർമ്മിതിക്കാവശ്യമായ വസ്തുക്കൾ നൽകുമ്പോൾ, ആ ശരീരത്തിൽ ‘ജീവശക്തി’ നൽകുന്നതു് പുരുഷനാണു്.

ഏതാണ്ടു് രണ്ടായിരം വർഷത്തോളം അരിസ്റ്റോട്ടിലിന്റെ നിഗമനങ്ങൾക്കിളക്കം തട്ടിയില്ല. പതിനേഴാം നൂറ്റാണ്ടിലെ വൈദ്യഗ്രന്ഥങ്ങളിൽ പോലും, മാതാപിതാക്കളിൽ നിന്നുവരുന്ന ശുക്ലദ്രവം ഗർഭപാത്രത്തിൽ വച്ചു് സംയോജിച്ചു്, കട്ടയായി ഭ്രൂണമായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രീകരണങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. മാനുകളിൽ നടത്തിയ ചില പരീക്ഷണങ്ങളുടെ ഫലമായി, ഇതേ കാലഘട്ടത്തിൽ, വില്യം ഹാർവിയാണു് അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ആദ്യമായി ചോദ്യം ചെയ്യാൻ തുനിഞ്ഞതു്. എങ്കിലും വ്യക്തമായ ഒരു പുതിയ നിഗമനത്തിലെത്താൻ ഹാർവിക്കും കഴിഞ്ഞില്ല.

മൈക്രോസ്കോപ്പിന്റെ നിർമ്മാതാവായിരുന്ന ലിവൻഹോക്ക്, വിവിധ ജീവികളുടെ ശുക്ലദ്രവത്തിൽ പുംബീജങ്ങളെ കണ്ടെത്തിയതോടെ അതുവരെ മൂടിക്കെട്ടിനിന്നിരുന്ന കുറെ അവ്യക്തതകൾ നീങ്ങി. പല ജീവികളുടെയും പുംസ്ത്രീബീജകോശങ്ങൾ തമ്മിൽ സംയോജിച്ചു് ഭ്രൂണമായി വളരുന്നതായും അദ്ദേഹം കണ്ടെത്തുകയുണ്ടായി. എന്നാൽ പുംബീജമാണു് ഭ്രൂണത്തിനു് ജീവൻ നൽകുന്നതെന്നും, സ്ത്രീബീജം ഭ്രൂണവളർച്ചക്കാവശ്യമായ മാധ്യമവും ഭക്ഷണവും നൽകുക മാത്രമെ ചെയ്യുന്നുള്ളുവെന്നുമാണു് അദ്ദേഹം വിശ്വസിച്ചതു്.

അല്പകാലത്തിനുശേഷം, രണ്ടു നൂറ്റാണ്ടുകളോളം ചിന്തകന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ശ്രദ്ധയെ പിടിച്ചു നിർത്തിയ ഒരു സിദ്ധാന്തം ഉടലെടുക്കുകയുണ്ടായി. ഡച്ചുശാസ്ത്രജ്ഞനായിരുന്ന സ്വാമ്മർഡാം ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവു്. ‘പൂർവരൂപീകരണതത്ത്വം’ എന്നറിയപ്പെടുന്ന ഈ സിദ്ധാന്തപ്രകാരം, പുരുഷബീജത്തിലോ സ്ത്രീ ബീജത്തിലോ ആദ്യമേതന്നെ സൂക്ഷ്മരൂപത്തിൽ നിലനിൽക്കുന്ന അവയവങ്ങളും മറ്റും വലുതാവുക മാത്രമാണു് ഭ്രൂണത്തിന്റെ വളർച്ചയിൽ സംഭവിക്കുന്നതു്. ചില ശാസ്ത്രജ്ഞന്മാർ, ബീജകോശത്തിനുള്ളിൽ മനുഷ്യന്റെ സൂക്ഷ്മരൂപം അതേപടി കാണുന്നതായി വിഭാവന ചെയ്യാൻ തുടങ്ങി. ഈ സമയത്തു്, ശാസ്ത്രജ്ഞന്മാർ തമ്മിൽ വലിയ തർക്കങ്ങൾ ആരംഭിക്കുകയുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ പുരുഷബീജമാണു് സൂക്ഷ്മമനുഷ്യനെ ഉൾക്കൊള്ളുന്നതെങ്കിൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അതു് സ്ത്രീ ബീജത്തിലാണു്.

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ചുശാസ്ത്രജ്ഞൻ, മോപ്പെർഷ്യസു്, ഈ സിദ്ധാന്തത്തെ പാടെ നിരാകരിച്ചു. അദ്ദേഹം കുറെക്കൂടി യുക്തിസഹമായതും യാഥാർത്ഥ്യങ്ങളോടു് അല്പമെങ്കിലും പൊരുത്തപ്പെട്ടു പോകാവുന്നതുമായ നിഗമനങ്ങളാവിഷ്കരിച്ചു. മാതാപിതാക്കളുടെ വിവിധ ശരീരഭാഗങ്ങളിൽ നിന്നും അവയെ പ്രതിനിധീകരിക്കുന്ന സൂക്ഷ്മകണികകൾ ലൈംഗികാവയവങ്ങളിൽ എത്തിച്ചേരുകയും ബീജദ്രവങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപംകൊള്ളുന്ന സ്ത്രീപുരുഷദ്രവങ്ങൾ സംയോജിച്ചു് ഭ്രൂണം ജന്മമെടുക്കുന്നു. ഈ ഭ്രൂണത്തിന്റെ ഓരോ അവയവങ്ങൾക്കും ഹേതുവായി മാതാവിൽനിന്നും പിതാവിൽനിന്നും വന്ന പ്രസ്തുതാവയവത്തിന്റെ പ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ടു്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ കണക്കിലെടുക്കുമ്പോൾ ഈ നിഗമനങ്ങൾ വളരെ പുരോഗമനപരങ്ങളായിരുന്നു.

ജനീവക്കാരനായ ചാൾസ് ബോണറ്റ് മെപ്പെർഷ്യസിന്റെ നിഗമനങ്ങളെ നിരാകരിച്ചു. അവ്യക്തരൂപികളായ കണികകളിൽനിന്നു് ഭ്രൂണം വളർന്നു വരില്ലെന്നും, അതിനു് നിയതമായ ഘടനാവിശേഷമുള്ള പ്രാരംഭരൂപങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കരുതി. മാത്രമല്ല, പാരമ്പര്യഘടകങ്ങൾ ബീജദ്രവത്തിൽ ചിതറിക്കിടക്കുന്നതായിട്ടാണു് മോപ്പർഷ്യസ് സങ്കല്പിച്ചതെങ്കിൽ, ബീജകോശങ്ങളിൽ മാത്രമേ അവ നിലനിൽക്കുന്നുള്ളുവെന്നു് ബോണറ്റ് സിദ്ധാന്തിച്ചു.

എപ്പിജനിസിസ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ഫ്രിഡ്രികു് വൂൾഫ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ, ഇന്നു് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള എപ്പിജനിസിസ് എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ പ്രാഥമിക രൂപം അവതരിപ്പിച്ചു. ഈ തത്ത്വപ്രകാരം, ബീജകോശങ്ങളുൾക്കൊള്ളുന്ന ഘടകങ്ങൾ വിവിധ അവയവങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്കു് വേർതിരിക്കപ്പെടാത്ത ഏകരൂപികളായ വസ്തുക്കളാണു്. സ്ത്രീപുരുഷബീജസംയോഗത്തിനുശേഷം, പടിപടിയായുള്ള വളർച്ചയുടെ ഫലമായാണു് വ്യക്തമായ ഘടനയോടു കൂടിയ ഒരു ജീവി രൂപംകൊള്ളുന്നതു്. ആധുനിക ജീവസിദ്ധാന്തത്തിന്റെ ഉള്ളടക്കവും ഇതുതന്നെയാണു്.

ലാമാർക്ക്

ഇതോടെ കൂടുതൽ വ്യക്തമായ ധാരണകളോടുകൂടി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു ചിന്തിക്കാൻ ശാസ്ത്രജ്ഞന്മാർ തയ്യാറായി. ഒരു ജീവിയുടെ സ്വഭാവങ്ങൾക്കും സവിശേഷഗുണങ്ങൾക്കും കാരണം ആ ജീവിയുടെ ശരീരഘടനയല്ല, മറിച്ചു് പൂർവികർ പരിതഃസ്ഥിതിക്കനുസരിച്ചു് സ്വായത്തമാക്കിയ ജീവിതരീതിയും സ്വഭാവങ്ങളുമാണെന്നു ഫ്രഞ്ചുകാരനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കു കരുതി. പ്രത്യേക സാഹചര്യങ്ങളിൽ ഉടലെടുക്കുന്ന ആവശ്യങ്ങളാണു് ഓരോ ജീവിയുടെയും പ്രവർത്തനത്തിനു കടിഞ്ഞാണിടുന്നതു്. അതിനനുസരിച്ചു് വിവിധ അവയവങ്ങളുടെ ഉപയോഗവും നിർണ്ണയിക്കപ്പെടുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന അവയവങ്ങൾ പുതിയ കഴിവുകൾ ആർജിക്കുന്നു. ഉപയോഗശൂന്യമായവ ക്രമത്തിൽ അപ്രത്യക്ഷമാകുന്നു. ജൈവപരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന നിലയ്ക്കു ലാമാർക്ക് ആവിഷ്കരിച്ച ഈ സിദ്ധാന്തം ആദ്യം ശ്രദ്ധേയമായി തോന്നിയിരുന്നെങ്കിലും, പിൽക്കാലത്തു് അതു് പിൻതള്ളപ്പെടുകയുണ്ടായി.

ചാൾസ് ഡാർവിനും പാൻജനിസിസും

ജൈവപരിണാമത്തെക്കുറിച്ചു പരക്കെ സ്വീകാര്യമായ ഒരു സിദ്ധാന്തം ആവിഷ്കരിച്ചതുവഴി ശാസ്ത്രലോകത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡാർവിൻ ലാമാർക്കിന്റെ നിഗമനങ്ങളിലെ അപാകതകൾ തിരുത്തി. അദ്ദേഹം ആവിഷ്കരിച്ച പ്രകൃതി നിർദ്ധാരണതത്ത്വം ജൈവപരിണാമത്തിന്റെ അടിസ്ഥാനനിയമമായി ഇന്നും അംഗീകരിച്ചു വരുന്നു. എല്ലാ ജീവികളും അമിതമായ പുനരുല്പാദനശേഷി പ്രകടിപ്പിക്കുന്നു. എന്നാൽ ഉല്പാദിപ്പിക്കപ്പെടുന്ന എണ്ണമറ്റ സന്താനങ്ങളിൽ ഒരു ചെറിയ വിഭാഗം മാത്രമേ അതിജീവിക്കുന്നുള്ളു. ഇങ്ങനെ നിലനില്പിനു വേണ്ടിയുള്ള സമരത്തിൽ പുതിയ കഴിവുകൾ ആർജ്ജിക്കുന്നവർ അതിജീവിക്കുന്നു. അങ്ങനെ അതിജീവിക്കുന്നവരിലൂടെ പുതിയ സ്വഭാവങ്ങൾ അടുത്ത തലമുറയിലേയ്ക്കു പകൎത്തപ്പെടുന്നു. ഇതാണ് ഡാർവിന്റെ പ്രകൃതി നിൎദ്ധാരണ തത്ത്വത്തിന്റെ സാരം.

തലമുറകളായി പകൎത്തപ്പെടുന്ന പാരമ്പര്യഘടകങ്ങളെന്ന നിലയ്ക്കു് പാൻജീനുകൾ എന്ന സൂക്ഷ്മകണികകളെ അദ്ദേഹം വിഭാവനം ചെയ്തു. എല്ലാ ജീവകോശങ്ങളും അവയവങ്ങളും ഈ കണികകളെ ഉല്പാദിപ്പിക്കുന്നു. അവ രക്തത്തിലും മറ്റുമായി ചിതറിക്കിടക്കുന്നു. ഈ പാൻജീനുകൾ പുനരുല്പാദനകോശത്തിലും എത്തിച്ചേരുന്നു. മാതാപിതാക്കളുടെ ബീജകോശങ്ങളിലൂടെ എത്തിച്ചേരുന്ന പാൻജീനുകളാണ് സന്തതികളുടെ വിവിധ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതു്. ഡാർവിന്റെ ഇത്തരം നിഗമനങ്ങൾക്കു് അക്കാലത്തു വലിയ സ്വാധീനം ലഭിച്ചിരുന്നുവെങ്കിലും ഇന്നു് അവയ്ക്കു ചരിത്രപരമായ പ്രാധാന്യം മാത്രമേ ഉള്ളു.

ശരീരദ്രവവും, ബീജദ്രവവും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രസിദ്ധ ജർമ്മൻ ജീവശാസ്ത്രജ്ഞനായ വീസ്മാൻ ഡാർവിന്റെ നിഗമനങ്ങളെ ചോദ്യം ചെയ്യാൻ മുതിർന്നു. ഏകകോശജീവികളുടെ പുനരുല്പാദന പ്രക്രിയയിൽ ചില പ്രത്യേകതകളുണ്ടു്. വളർച്ചയെത്തിയ ഒരു ഏകകോശജീവി രണ്ടായി വിഭജിച്ച് അവ രണ്ടു വ്യത്യസ്ത ജീവികളായി വളരുന്നു. ഇതു് എന്നെന്നും തുടർന്നുകൊണ്ടിരിക്കുന്നതിനാൽ അവർ മരണമെന്നൊരവസ്ഥയെത്തന്നെ സാധാരണ ഗതിയിൽ അഭിമുഖീകരിക്കുന്നില്ല. മറ്റു് ഉയർന്ന ജീവികളിലും ഇതോടു ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനം നിലനിൽക്കുന്നുണ്ടായിരിക്കുമെന്നു വീസ്മാൻ ഊഹിച്ചു. തൽഫലമായി അദ്ദേഹം രൂപംകൊടുത്തതാണ് ബീജദ്രവസിദ്ധാന്തം. എല്ലാ ജീവികളുടെയും ശരീരം നിർമ്മിച്ചിരിക്കുന്നതു് രണ്ടു തരത്തിലുള്ള വസ്തുക്കൾകൊണ്ടാണു്. യഥാർത്ഥ ശരീരത്തിനു് ഉത്തരവാദിയായ ശരീരദ്രവവും, പുനരുല്പാദനപ്രക്രിയയ്ക്കു മാത്രമായി ഉപയോഗിക്കപ്പെടുന്ന ബീജദ്രവവും. ശരീരദ്രവം ശരീരത്തിന്റെ വിവിധ അവയവങ്ങളായി രൂപാന്തരപ്പെടുകയും, പുനരുല്പാദനത്തിനു് അശക്തമായിത്തീരുകയും ചെയ്യുന്നു. അതേസമയം ബീജദ്രാവകമാകട്ടെ, അടിസ്ഥനപരമായി യാതൊരു മാറ്റവും സംഭവിക്കാതെ അടുത്തതലമുറയിലേയ്ക്കു പകർത്തപ്പെടുന്നു. അങ്ങനെ ബീജദ്രവം തലമുറ തലമുറയായി നാശമില്ലാതെ പകർന്നുകൊണ്ടേയിരിക്കുന്നു.

ഡാർവിന്റെ പാൻജനിസിസ് അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാൻവേണ്ടി രസകരമായ ഒരു പരീക്ഷണം വീസ്മാൻ നടത്തുകയുണ്ടായി. ഇരുപത്തിരണ്ടു തലമുറയോളം തുടർച്ചയായി ഒരു സംഘം എലികളുടെ വാലുകൾ അദ്ദേഹം മുറിച്ചുകളയുകയുണ്ടായി. എന്നിട്ടും അടുത്ത തലമുറയിലെ എലികൾക്കു യാതൊരു തകരാറുമില്ലാത്ത വാലുകൾ തന്നെയുണ്ടായി. ഡാർവിന്റെ സിദ്ധാന്തം ശരിയായിരുന്നെങ്കിൽ, ഇരുപത്തിരണ്ടു തലമുറയിലും വാലുകൾ വളരാൻ അനുവദിക്കാത്തതുമൂലം വാലിലെ പാൻജീനുകൾ അവയുടെ ബീജകോശങ്ങളിലുണ്ടാവാൻ സാധ്യതയില്ല. അപ്പോൾ പിന്നെ, ഇരുപത്തിമൂന്നാമത്തെ തലമുറയിൽ പൂൎണ്ണ വളർച്ചയുള്ള വാലുകൾ രൂപംകൊണ്ടതെങ്ങനെ? അങ്ങനെ ലാമാർക്കിന്റെയും ഡാർവിന്റെയും പാരമ്പര്യത്തെ സംബന്ധിച്ച നിഗമനങ്ങൾ തെറ്റാണെന്നു തെളിയിക്കുവാൻ വീസ്മാന് കഴിഞ്ഞു.

മെൻഡലിസം

1859-ൽ ചാൾസ് ഡാർവിൻ ‘ജീവജാതികളുടെ ഉത്ഭവം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ശാസ്ത്രജ്ഞന്മാരുടെയും, മതസാമൂഹ്യമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുടെയുമെല്ലാം തന്നെ ശ്രദ്ധ അതിലേയ്ക്കു തിരിഞ്ഞു. നിലനിന്നിരുന്ന ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ടുള്ള ഡാർവിന്റെ ജൈവപരിണാമതത്ത്വങ്ങൾ ചിന്താമണ്ഡലത്തെ അപ്പടി സ്വാധീനിച്ചിരുന്ന ആ കാലഘട്ടത്തിൽ, തുല്യ പ്രാധാന്യമുള്ള ഒരു സിദ്ധാന്തം അണിയറയിൽ അണിഞ്ഞൊരുങ്ങുകയായിരുന്നു. ഡാർവിൻ ഉത്തരം കണ്ടെത്താതെ പരികല്പനകളായി അവശേഷിപ്പിച്ച ഒട്ടേറെ പ്രശ്നങ്ങൾക്കു വസ്തുനിഷ്ഠമായ പരിഹാരം നൽകാൻ ഉതകുന്നതായിരുന്നു അതു്. എങ്കിലും 1865-ൽ ഒരു മൊറേവിയൻ പാതിരിയായിരുന്ന ഗ്രിഗർ ജോൺ മെൻഡൽ, എട്ടുകൊല്ലം നീണ്ടു നിന്ന തന്റെ പരീക്ഷണഫലങ്ങൾ പ്രകൃതിശാസ്ത്ര പഠനങ്ങൾക്കായുള്ള ബ്രണ്ണിലെ സൊസൈറ്റിയിൽ അവതരിപ്പിച്ചപ്പോൾ അതിന്റെ പ്രാധാന്യത്തെക്കുറിച്ചു് ആരും തന്നെ ബോധവാന്മാരായിരുന്നില്ല. ഇന്നത്തെ പാരമ്പര്യശാസ്ത്രത്തിന് അടിത്തറ പാകിയ ഈ കണ്ടുപിടുത്തങ്ങൾ മുന്നിലിരിക്കേതന്നെ ഡാർവിന്റേയും മറ്റും സാങ്കല്പിക സിദ്ധാന്തങ്ങളെക്കുറിച്ചു് ചർച്ച നടത്താനാണ് അധികം പേരും മുതിർന്നത്.

1900-ൽ ഹ്യൂഗോ ഡീവ്രീസും മറ്റും സ്വതന്ത്രമായി 35 കൊല്ലംമുമ്പു് മെൻഡൽ എത്തിച്ചേർന്ന നിഗമനങ്ങളിൽ വന്നുചേർന്നതോടെയാണു് ആ കണ്ടുപിടുത്തങ്ങളുടെ മഹത്വം ലോകത്തിനു ബോദ്ധ്യമായതു്. സുചിന്തിതവും ആസൂത്രിതവുമായ ഒരു പദ്ധതിയെ അടിസ്ഥാനമാക്കിക്കൊണ്ടു എട്ടു വർഷത്തോളം പയറുചെടികളിൽ നടത്തിയ പരീക്ഷണങ്ങളാണു് മെൻഡലിനെ പുതിയ നിഗമനങ്ങളിലേക്കെത്തിച്ചതു്. എല്ലാ വിഭാഗങ്ങളിലുംപെട്ട ജീവജാലകങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങളിൽ നിലനില്ക്കുന്ന മൗലിക നിയമങ്ങളാണു് ഈ പരീക്ഷണങ്ങളിലൂടെ മെൻഡൽ പുറത്തുകൊണ്ടുവന്നതു്.


ഒരു ജീവിയുടെ ഓരോ പ്രത്യേക സ്വഭാവത്തെയും നിയന്ത്രിക്കുന്ന ഓരോ ഘടകമുണ്ട്. (മെൻഡൽ വിഭാവനം ചെയ്ത ഈ ഘടകങ്ങളെയാണു് ജീൻ എന്നു് ഇന്നു നാം വിളിക്കുന്നതു്.) ഒരേ സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു വിരുദ്ധ ഘടകങ്ങളുണ്ടാവുക സാധാരണയാണു്. ഉദാഹരണത്തിനു മെൻഡൽ പരീക്ഷണവിധേയമാക്കിയ പയറുചെടികളെതന്നെയെടുക്കുക. ഒരു വിഭാഗം വളരെ പൊക്കം കുറഞ്ഞവയും മറ്റൊരു വിഭാഗം വളരെ പൊക്കം കൂടിയവയുമായിരുന്നു. ഉയരം എന്ന ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളാണു് ഈ രണ്ടു് വിരുദ്ധസ്വഭാവങ്ങൾക്കു കാരണം. ഇങ്ങനെ വരുന്ന രണ്ടു ഘടകങ്ങളിൽ ഒന്നു് പ്രകടാവസ്ഥയിലും മറ്റേതു് ഗുപ്താവസ്ഥയിലുമായിരിക്കും. കുറഞ്ഞ ഉയരത്തെ പ്രകടിപ്പിക്കുന്ന രണ്ടു ഗുപ്തജീനുകൾ ഒന്നിച്ചു് വരുമ്പോൾ ആ ചെടി ഉയരം കുറഞ്ഞ വർഗ്ഗത്തിൽ പെട്ടതായി തീരുന്നു. പ്രകടജീനാകട്ടെ, ഉയരത്തെ പ്രതിനിധീകരിക്കുന്നു. രണ്ടു പ്രകടജീനുകൾ ഒന്നിച്ചോ, ഒരു പ്രകടജീനും ഒരു ഗുപ്തജീനുമായിട്ടോ വന്നാൽ പ്രകടജീനിന്റെ സ്വഭാവമായ കൂടിയ ഉയരമായിരിക്കും ഫലം.

ഇങ്ങനെ ഒരേ വർഗ്ഗത്തിൽ പെട്ടതെങ്കിലും രണ്ടു വിരുദ്ധ സ്വഭാവങ്ങൾ ശുദ്ധമായി പ്രകടമാക്കുന്ന ജീവികൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന അടുത്ത തലമുറ മുഴുവൻ പ്രകടാവസ്ഥയിലുള്ള ഘടകത്തിന്റെ സ്വഭാവമായിരിക്കും പ്രദർശിപ്പിക്കുക. ഈ തലമുറയിലെ അംഗങ്ങളുടെ പരസ്പരബന്ധത്തിൽനിന്നും ഉടലെടുക്കുന്ന രണ്ടാം തലമുറയിൽ നാലിലൊന്നു് ഗുപ്താവസ്ഥയിലായിരുന്ന ഘടകത്തിന്റെ സ്വഭാവം പ്രകടമാക്കും. ശേഷിക്കുന്ന നാലിൽ മൂന്നു ഭാഗമുള്ളതിൽ ഒരു ഭാഗം മാത്രമേ ശുദ്ധമായും പ്രകടസ്വഭാവം പ്രദർശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള രണ്ടുഭാഗം തൽക്കാലം പ്രകടസ്വഭാവമാണു് കാട്ടുന്നതെങ്കിലും, പിൻതലമുറകളിൽ ഈ രണ്ടാം തലമുറയിലുണ്ടായ അതേ അനുപാത തോതു് നിലനിർത്തുന്നു. ഇതെല്ലാം തന്നെ കാണിക്കുന്നതു് ഓരോ ജീവിയുടെയും ഓരോ വ്യത്യസ്ത സ്വഭാവത്തെയും നിയന്ത്രിക്കുന്ന പാരമ്പര്യഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണു്. മാത്രമല്ല, ഈ പാരമ്പര്യഘടകങ്ങൾ നിയതമായ ഒരു വ്യവസ്ഥയനുസരിച്ചാണു് തലമുറകളിലൂടെ രംഗപ്രവേശം ചെയ്യുന്നതു്. ഈ നിയമങ്ങളാണു് പാരമ്പര്യശാസ്ത്രത്തിന്റെ അടിത്തറ. ഇവയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പരീക്ഷണങ്ങൾ കൂടുതൽ സങ്കീർണ്ണങ്ങളായ പല വസ്തുതകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. പാരമ്പര്യശാസ്ത്രത്തിനു വസ്തുനിഷ്ഠമായ ഒരടിത്തറ പാകിയത് മെൻഡലായിരുന്നതിനാൽ ആധുനിക പാരമ്പര്യശാസ്ത്രത്തിന്റെ പിതൃസ്ഥാനം അദ്ദേഹത്തിനു നൽകിയിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മെൻഡലിസത്തിന്റെ പുനരുദ്ധാരണത്തോടുകൂടി മറ്റു ചില നേട്ടങ്ങൾ കൂടി ശാസ്ത്രജ്ഞന്മാർ കൈവരിക്കുകയുണ്ടായി. ജീവകോശങ്ങളുടെ കേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്ന അതി ലോലതന്തുക്കളായ ക്രോമസങ്ങളുടെ കണ്ടുപിടുത്തം ഇതിൽ പ്രധാനപ്പെട്ടതാണു്. മെൻഡൽ വിഭാവനം ചെയ്ത പാരമ്പര്യ ഘടകങ്ങൾ നില നിൽക്കുന്നതു് ക്രോമസങ്ങളിലാണു് എന്നു വ്യക്തമായതോടെ നൂറ്റാണ്ടുകളായി സങ്കല്പങ്ങളുടെയും പരികല്പനകളുടെയും മൂടുപടത്തിൽ ഒതുങ്ങി നിന്നിരുന്ന ആശയങ്ങൾക്കു വസ്തുനിഷ്ഠമായ അടിസ്ഥാനം ലഭിച്ചു.

എല്ലാ ജീവകോശങ്ങളുടെയും ന്യൂക്ലിയസുകളിലുള്ള ക്രോമസങ്ങളിൽ അണിനിരക്കുന്ന ഈ പാരമ്പര്യഘടകങ്ങൾക്കു് ഒരു ഡാനിഷ് സസ്യശാസ്ത്രജ്ഞനായ വിൽഹെം ജോഹാൻസൻ നൽകിയ പേരാണു് ജീൻ. അതിനുശേഷം കഴിഞ്ഞ അമ്പതുവർഷത്തിനിടയ്ക്കു ജീനിനെക്കുറിച്ചു് ശാസ്ത്രം വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകൾ അനവധിയുണ്ടു്. ഈ അടുത്തകാലത്തു് ജീനിന്റെ പ്രവർത്തനരീതികളെക്കുറിച്ചു് വെളിവായിട്ടുള്ള വസ്തുതകൾ മാനവസമുദായത്തിന്റെ ചരിത്രത്തിൽ ദൂരവ്യാപകങ്ങളായ അനന്തരഫലങ്ങളുളവാക്കുവാൻ പോന്നവയാണു്.

ജീനിന്റെ ഘടനയെക്കുറിച്ചു്, പ്രവർത്തനരീതികളെക്കുറിച്ചു്, സവിശേഷതകളെക്കുറിച്ചു് ആധുനികശാസ്ത്രം കരസ്ഥമാക്കിയിട്ടുള്ള വസ്തുതകൾ എന്തെല്ലാമാണെന്നും, മാനവസമുദായത്തെ ഇത്തരം കണ്ടുപിടുത്തങ്ങൾ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുണ്ടെന്നും പരിശോധിക്കുന്നതിനു മുമ്പായി ഈ ജീനുകളും ക്രോമസങ്ങളും ഏതു പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുവോ അതേക്കുറിച്ചു്, അഥവാ ജീവകോശത്തെക്കുറിച്ചു് അടുത്ത അദ്ധ്യായത്തിൽ നമുക്കു പരിചിന്തിക്കാം.