close
Sayahna Sayahna
Search

ജൈവപരിണാമം


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജൈ വപരിണാമമെന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ സ്മൃതിപഥത്തിൽ പൊന്തിവരുന്ന പേര് ചാൾസ് ഡാർവിന്റെതാണു്. വാസ്തവത്തിൽ പരിണാമമെന്ന ആശയം ഡാർവിന്റെ സംഭാവനയല്ല. വളരെക്കാലം മുമ്പുതന്നെ പ്രാപഞ്ചികവും ജൈവികവുമായ പരിണാമത്തെക്കുറിച്ചുള്ള ധാരണ ചിന്താമണ്ഡലത്തിൽ നിലനിന്നിരുന്നു. പക്ഷേ, അവയ്ക്കൊന്നും വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരടിസ്ഥാനമുണ്ടായിരുന്നില്ല. തത്ത്വചിന്താമണ്ഡലത്തിൽ വിഹരിച്ചിരുന്ന ഏതാനും പേരുടെ പരിധിയിൽ ഒതുങ്ങിനിന്നിരുന്ന വെറും സാങ്കല്പികാശയങ്ങൾ മാത്രമായിരുന്നു അവ.

അജ്ഞാതമായ ഏതോ പ്രകൃത്യതീത ശക്തിയുടെ നിയന്ത്രണത്തിൽ നടക്കുന്ന പ്രാപഞ്ചിക പരിണാമത്തിന്റെ ഭാഗമായി ജീവിലോകത്തിലും പരിണാമം നടക്കുന്നുണ്ടെന്നു് ചിലർ കരുതി. അത്തരമൊരു ശക്തി മുൻകൂട്ടി നിശ്ചയിച്ചുവച്ചിട്ടുള്ള ഒരു ലക്ഷ്യത്തെ ലാക്കാക്കിക്കൊണ്ടാണു് ഈ പരിണാമമെല്ലാം നടക്കുന്നതെന്നും ചിലർ കരുതി. മനുഷ്യൻ തന്നെയാണു് ഈ അന്തിമലക്ഷ്യമെന്നും കരുതിയവരില്ലാതില്ല. ഭൗതികശക്തികളിൽ നിന്നു് വ്യത്യസ്തമായ ഒരു ജീവശക്തിയാണു് ജൈവപരിണാമത്തിന് നിദാനമെന്നു് കരുതിയവരുമുണ്ടു്. ഭൗതികവസ്തുക്കളിൽ നിന്നു് വ്യത്യസ്തമായ യാതൊന്നും ജീവികളിലില്ലെന്നും, ജീവികൾ വെറും യന്ത്രസമാനന്മാരാണെന്നും കരുതിയ യാന്ത്രികവാദികളും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലുണ്ടായിരുന്നു. എന്നാൽ, ഇവർക്കാർക്കും തന്നെ, ജീവലോകത്തു നിലനില്ക്കുന്ന അനന്തമായ വൈവിധ്യത്തെക്കുറിച്ചോ അവ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണമൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ല.

ഏതാണ്ടു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ വിവിധശാഖകളിൽ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നത് മതപുരോഹിതന്മാരും മറ്റുമായിരുന്നു — ജീവശാസ്ത്രങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അവരിലധികം പേരും കരുതിയിരുന്നതു് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെല്ലാംതന്നെ ഇന്നു നിലനിൽക്കുന്ന അതേ രൂപത്തിൽ തന്നെ ദൈവമെന്നു വിളിക്കപ്പെടുന്ന ഒരദൃശ്യശക്തിയാൽ സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നാണു്. തന്മൂലം ഈ ജീവികളിലൊന്നുംതന്നെ എന്തെങ്കിലും പരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു് വിശ്വസിക്കാൻ അവർ തയ്യാറായിരുന്നില്ല; ആധുനിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവർ ഇന്ന് അത്തരമൊരു വിശ്വാസം പുലർത്തുന്നില്ലെങ്കിലും സാധാരണക്കാരായ പലരും ഇന്നും അതിനോടു സദൃശ്യമായ വിശ്വാസങ്ങൾ പുലർത്തിപ്പോരുന്നുണ്ടു്. പ്രപഞ്ചത്തെക്കുറിച്ചു് വസ്തുനിഷ്ഠമായ യാതൊരറിവുമില്ലാതിരുന്ന കാലത്തു് രൂപംകൊണ്ട അബദ്ധജടിലമായ വിശ്വാസങ്ങൾ, പിൽക്കാലത്തു് സംഘടിതമതങ്ങളുടെ പ്രോക്താക്കൾ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനായി വിനിയോഗിച്ചതിന്റെ ഫലമാണിതു്. പത്തൊമ്പതാം നൂറ്റാണ്ടിൽ, ഡാർവിനുമുമ്പു് പ്രസിദ്ധ പ്രകൃതിശാസ്ത്രജ്ഞനായ ലാമാർക്കും ഒരു തത്ത്വചിന്തകനും അതേസമയം ശാസ്ത്രജ്ഞനുമായിരുന്ന ഹെർബർടു് സ്പെൻസറും പരിണാമവാദത്തിനു് ശാസ്ത്രീയരൂപം നൽകാൻ ശ്രമിക്കുകയുണ്ടായി. ഉപയോഗങ്ങളുടെയും ഉപയോഗ ശൂന്യതയുടെയും അടിസ്ഥാനത്തിൽ, ജീവികൾ തങ്ങളുടെ ജീവിതകാലത്തു്, വ്യത്യസ്ത പരിതഃസ്ഥിതികൾക്കനുസൃതമായി ആർജ്ജിക്കുന്ന സ്വഭാവങ്ങളാണു് പരിണാമത്തിനടിസ്ഥാനമെന്നു് ലാമാർക്കു് സമർത്ഥിച്ചു. പക്ഷേ, ഇതിനുപോൽബലകമായി അദ്ദേഹം ഉയർത്തിപ്പിടിച്ച തത്ത്വചിന്ത തികച്ചും അശാസ്ത്രീയമായിരുന്നു. ഒരു നിർദ്ദിഷ്ട ലക്ഷ്യത്തിലേയ്ക്കു്, മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടിട്ടുള്ള പാതയിലൂടെ മുന്നേറാനുള്ള അന്തർജന്യമായ ഒരു പ്രേരണ എല്ലാ ജീവികളിലും നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പ്രകടരൂപമാണു് ജൈവപരിണാമത്തിൽ കാണുന്നതെന്നും അദ്ദേഹം കരുതി. ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തിനു് വസ്തുനിഷ്ഠമായ അടിത്തറയില്ലെന്നു പിൽക്കാലത്തു് തെളിയുകയുണ്ടായി. എന്നാൽ ജൈവപരിണാമസിദ്ധാന്തത്തെ, വസ്തുനിഷ്ഠമായ ശാസ്ത്രീയ വസ്തുതയുടെ നിലവാരത്തിലേയ്ക്കുയർത്താൻ ഡാർവിനു് കഴിഞ്ഞു.

ഡാർവിനിസം

1833-ൽ ചാൾസ് ഡാർവിൻ എന്ന ചെറുപ്പക്കാരനായ ഒരു ഇംഗ്ലീഷുകാരൻ എച്ചു്. എം.­ എസ്. ബീഗിൾ എന്ന കപ്പലിൽ, പ്രകൃതിശാസ്ത്രജ്ഞനെന്ന നിലയ്ക്കു് ഒരു ലോകപര്യടനത്തിനു് പുറപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും മറ്റുമായ സവിശേഷതകൾ ജീവികളുടെ വിതരണത്തിലും സ്വഭാവവിശേഷത്തിലും ചെലുത്തുന്ന സ്വാധീനവും അതിന്റെ ഫലങ്ങളും അദ്ദേഹത്നതിെൻറ പ്രത്യേക ശ്രദ്ധയെ ആകർഷിക്കുകയുണ്ടായി. ആ ലോകപര്യടനം കഴിഞ്ഞു് 1837-ൽ ഡാർവിൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയതു് വിവിധ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചു് തികച്ചും വിപ്ലവകരങ്ങളായ ചില ആശയഗതികളോടു കൂടിയാണു്. തുടർന്നുള്ള ഇരുപതുവർഷക്കാലത്തോളം വളർത്തുമൃഗങ്ങളിലും സസ്യങ്ങളിലും മറ്റു വിവിധ ജീവികളിലും നിരന്തരമായി പരീക്ഷണനിരീക്ഷണങ്ങൾ നടത്തി തന്റെ ആശയഗതികൾക്കു് ഉപോൽബലകമായ വസ്തുതകൾ അദ്ദേഹം ശേഖരിച്ചു.

ഇന്നു് നിലവിലുള്ള ജീവജാതികൾ അഥവാ സ്പീഷീസുകൾ എല്ലാം മുമ്പു നിലനിന്നിരുന്ന വിവിധ സ്പീഷീസുകളിൽനിന്നു്, പ്രകൃതിയിൽ നടക്കുന്ന പരിതഃസ്ഥിതിക്കനുസൃതമായ തിരഞ്ഞെടുപ്പുവഴി അഥവാ പ്രകൃതിനിർദ്ധാരണം വഴി ഉത്ഭവിച്ചതാണെന്നായിരുന്നു ഡാർവിന്റെ വിപ്ലവകരമായ ആശയത്തിന്റെ അന്തസ്സത്ത. ഈ സിദ്ധാന്തത്തിനു് വസ്തുനിഷ്ഠമായ അടിത്തറ പാകുന്നതിനു് വിവിധ മേഖലകളിൽനിന്നു് ഒട്ടേറെ തെളിവുകൾ അദ്ദേഹം സമാഹരിക്കുകയുണ്ടായി. ഇവയെല്ലാം കൂടി ചേർത്തു് ഒരു ബൃഹത്ഗ്രന്ഥം തയ്യാറാക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. തെക്കുകിഴക്കേഷ്യയിൽ ജീവശാസ്ത്രപരമായ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന ആൽഫ്രഡ് വാലസ് എന്ന ശാസ്ത്രജ്ഞൻ, ഡാർവിൻ ആവിഷ്കരിച്ചിരുന്നതും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ ആശയത്തോടു് സമാനമായ ഒരു നിഗമനത്തിൽ സ്വതന്ത്രമായി എത്തിച്ചേരുകയും, അതു് ഒരു പ്രബന്ധരൂപത്തിലാക്കി ഡാർവിനയച്ചുകൊടുക്കുകയും ചെയ്തു. ഡാർവിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാഘാതമായിരുന്നു ഇതു്. കാരണം, വർഷങ്ങൾക്കുമുമ്പു് ഡാർവിൻ ഈ ആശയത്തിലെത്തിച്ചേർന്നതാണെങ്കിലും, ഇനി അതു് പ്രസിദ്ധീകരിച്ചാൽ വാലസിൽ നിന്നു് അതു് മോഷ്ടിച്ചതാണെന്ന ആക്ഷേപമുണ്ടാകും. അങ്ങനെ ഡാർവിൻ ഒരു ധർമ്മസങ്കടത്തിലാവുകയുണ്ടായി.

പക്ഷേ, വളരെ മുമ്പുതന്നെ, 1844-ൽ, ഡാർവിൻ തന്റെ ആശയങ്ങളുടെ ഒരു രത്നച്ചുരുക്കം ഒരു കരടു പ്രബന്ധത്തിന്റെ രൂപത്തിൽ, തന്റെ സുഹൃത്തക്കളായ ചില പ്രഗത്ഭശാസ്ത്രജ്ഞന്മാരെ അറിയിച്ചിരുന്നു. ഈ സന്നിഗ്ദ്ധഘട്ടത്തിൽ അവർ സഹായത്തിനെത്തി. അവരുടെയെല്ലാം നിർദ്ദേശപ്രകാരം, ഡാർവിന്റെയും വാലസിന്റെയും പ്രബന്ധങ്ങൾ ഒരുമിച്ചു്, 1858-ൽ ലിന്നേയൻ സൊസൈറ്റിയിൽ അവതരിപ്പിച്ചു. അതേതുടർന്നു്, ഡാർവിൻ താൻ ശേഖരിച്ചുവെച്ചിരുന്ന വസ്തുതകളിൽ നിന്നു് പ്രധാനപ്പെട്ടതെല്ലാം തിരഞ്ഞെടുത്തു് ഒരു സംഗ്രഹമാക്കി 1859 നവംബറിൽ പ്രസിദ്ധീകരിച്ചു. അതാണു് ശാസ്ത്രമണ്ഡലത്തിൽ മാത്രമല്ല, സാധാരണക്കാരുടെ ഇടയിൽപോലും ചിന്താവിപ്ലവം ഇളക്കിവിട്ട ‘ജീവജാതികളുടെ (സ്പീഷീസുകളുടെ) ഉത്ഭവം’ എന്നു് ഇന്നു പരക്കെ അറിയപ്പെടുന്ന ആ മഹത്ഗ്രന്ഥം. അതിനു് അന്നു് അദ്ദേഹം നൽകിയ പേരു തികച്ചും വിക്ടോറിയൻ രീതിയിലുള്ളതായിരുന്നു - ‘പ്രകൃതിനിർദ്ധാരണം അഥവാ ജീവിത മത്സരത്തിൽ അർഹമായ വംശങ്ങളുടെ സംരക്ഷണം വഴിയുള്ള ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചു്’.

ഒന്നാം പതിപ്പു് അച്ചടിച്ച ദിവസംതന്നെ വിറ്റഴിഞ്ഞു. ആ വർഷം തന്നെ പരിഷ്കരിച്ച രണ്ടാം പതിപ്പു് പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീടു് 1861, 1866, 1869, 1872 എന്നീ വർഷങ്ങളിൽ ശ്രദ്ധേയമായ വിമർശനങ്ങൾക്കു് മറുപടികൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിഷ്കരിച്ച പതിപ്പുകളിറങ്ങി. 1872-ലെ അവസാന പതിപ്പാണു് ഡാർവിന്റെ ആശയങ്ങളെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതു്. തന്റെ സിദ്ധാന്തത്തിനു് ഉപോൽബലകമായി അദ്ദേഹം ശേഖരിച്ചിരുന്ന മറ്റു സഹായവസ്തുതകൾ മറ്റു പുസ്തകങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിൽ ഏറ്റവും പ്രധാനം 1871-ൽ പ്രസിദ്ധീകരിച്ച ‘മനുഷ്യന്റെ പരിണാമം’ ആണു്.

ഡാർവിന്റെ ഗ്രന്ഥം, അതുവരെ നിലനിന്നിരുന്ന ചിന്താഗതികളെയെല്ലാം പാടെ തകിടംമറിച്ചു. ജീവിതത്തിന്റെ എല്ലാ തുറയിലുമുള്ളവരെ അതു് സ്വാധീനിച്ചു. തങ്ങളുടെ മാമൂൽ പ്രമാണങ്ങൾ തകരുന്നതു കണ്ട മതപുരോഹിതന്മാർ പരിഭ്രമിച്ചു. ഡാർവിനെ നഖശിഖാന്തം എതിർക്കാൻ അവർ തയ്യാറായി. കോപ്പർനിക്കസിന്റെ സിദ്ധാന്തം യാഥാസ്ഥിതിക മതമേധാവികളെ എത്രത്തോളം പരിഭ്രാന്തരാക്കിയോ അതിലൊട്ടും കുറയാത്ത പ്രതികരണമാണു് ഡാർവിന്റെ ഗ്രന്ഥം സൃഷ്ടിച്ചതു്. പക്ഷേ, ശാസ്ത്രമണ്ഡലം വളരെയേറെ സംഘടിതവും ശക്തിമത്തുമായിരുന്നതുകൊണ്ടു് ഗലീലിയോവിനും ബ്രൂണോയ്ക്കും നേരിടേണ്ടിവന്ന അനുഭവങ്ങൾ ഡാർവിനെ അഭിമുഖീകരിച്ചില്ല. മാത്രമല്ല, ഡാർവിൻ ഇത്തരം വാദകോലാഹലങ്ങളിൽ നിന്നും വെല്ലുവിളികളിൽനിന്നുമെല്ലാം പൂർണ്ണമായി ഒഴിഞ്ഞുനിന്ന് അത്ഭുതാവഹമായ നിശ്ശബ്ദത പാലിക്കുകയാണുണ്ടായതു്. എന്നാൽ, ഡാർവിന്റെ സിദ്ധാന്തത്തിന്റെ വിപ്ലവസ്വഭാവം മനസ്സിലാക്കിയ ഉല്പതിഷ്ണുക്കളായ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ, പ്രത്യേകിച്ചും ചെറുപ്പക്കാർ, എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ടു് എല്ലാ രംഗങ്ങളിലും ഡാർവിൻ സിദ്ധാന്തത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. ടി. എച്ചു്. ഹക്സിലിയായിരുന്നു ഇവരിൽ പ്രമുഖൻ.

ഡാർവിന്റെ സിദ്ധാന്തപ്രകാരം ഇന്നു നിലനില്ക്കുന്ന ജീവജാതികളൊന്നും തന്നെ എക്കാലവും ഇന്നത്തെപ്പോലെ തന്നെയായിരുന്നില്ല. ഇനിയും ആയിരിക്കുകയുമില്ല. ഇവയെല്ലാംതന്നെ ഇവയ്ക്കുമുമ്പു് നിലനിന്നിരുന്നവയിൽനിന്നു് പരിണമിച്ചുണ്ടായതാണു്. ഏകകോശജീവി മുതൽ മനുഷ്യൻ വരെയുള്ള എല്ലാ ജീവജാലങ്ങളും ഇത്തരം പരിണാമത്തിനു് വിധേയമാണു്. മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസൃതമായി പ്രകൃതി നടത്തുന്ന തിരഞ്ഞെടുപ്പുവഴിയാണു് ഈ പരിണാമപ്രക്രിയ സംഭവിക്കുന്നതു്. ആദിമജീവിതരൂപത്തിൽ നിന്നു് മനുഷ്യൻ വരെയുള്ള പരിണാമം ഒരേ പ്രകൃതിനിയമത്തിന്റെ ഫലമായിട്ടാണു് നടന്നിട്ടുള്ളതു്, നടന്നുകൊണ്ടിരിക്കുന്നതും. ഈ പരിണാമപ്രക്രിയയ്ക്കു് ആസ്പദമായ ഏറ്റവും പ്രധാന പ്രവർത്തനത്തിനു് ഡാർവിൻ നൽകിയ പേരാണു് ‘പ്രകൃതിനിർദ്ധാരണം’ എന്നതു്.

പ്രകൃതിനിർദ്ധാരണം

ജൈവപരിണാമസിദ്ധാന്തത്തിന്റെ ആണിക്കല്ലാണു് പ്രകൃതി നിർദ്ധാരണതത്ത്വം. വിവിധ ജീവജാലങ്ങളിൽ പൊതുവായി കണ്ടുവരുന്ന ചില വസ്തുതകളുടെ അടിസ്ഥാനത്തിലാണു് ഡാർവിൻ ഈ തത്ത്വം ആവിഷ്ക്കരിച്ചതു്. ജീവികളുടെ അമിതമായ പ്രത്യുല്പാദനശേഷിയാണു് ഏറ്റവും പ്രധാനസവിശേഷത. താഴെക്കിടയിലുള്ള പല ജീവികളുടെയും ഏകജീവിത കർത്തവ്യം പ്രത്യുല്പാദനം നടത്തുകമാത്രമാണു്. എല്ലാ തരത്തിലും പെട്ട ജീവികൾ അവയുടെ ജീവിതകാലത്തു് ഉല്പാദിപ്പിക്കുന്ന ബീജകോശങ്ങളുടെ എണ്ണം അസംഖ്യമാണു്. എന്നാൽ, പ്രകൃതിയിൽ ഓരോ ജീവജാതികളുടെയും ആധിക്യം ഏറെക്കുറെ സ്ഥിരമായ ഒരു തോതിൽത്തന്നെ നിലകൊള്ളുന്നു. ഇതിനു് കാരണമുണ്ടു്. എല്ലാ ജീവികൾക്കും നിലനില്ക്കുന്നതിനു് ഭക്ഷണമാവശ്യമുണ്ടു്. ഭൂമുഖത്തൊട്ടാകെയുള്ള ഭക്ഷ്യവസ്തുക്കൾക്കു് പരിമിതിയുണ്ടു്. അതു വളരെ പരിമിതമായ തോതിലേ വർദ്ധിക്കുന്നുള്ളു. തന്മൂലം എണ്ണമറ്റ തോതിൽ പെരുകിക്കൊണ്ടിരിക്കുന്ന ജീവികൾ തമ്മിൽ ഭക്ഷണത്തിനുവേണ്ടിയുള്ള രൂക്ഷമത്സരം നടക്കുന്നു. ഈ മത്സരത്തിൽ എല്ലാവരും വിജയിക്കില്ല. അതാതു പരിതഃസ്ഥിതികൾക്കനുയോജ്യമായ സ്വഭാവവിശേഷങ്ങളുള്ളവർ മാത്രമേ നിലനില്പിനുവേണ്ടിയുള്ള ഈ സമരത്തിൽ വിജയിക്കുകയുള്ളു. ഇതിനു സഹായകമായ മറ്റൊരു സവിശേഷതകൂടിയുണ്ടു്. ഒരേ ജാതിയിൽപ്പെട്ട ജീവികൾതന്നെ ഘടനയിലും സ്വഭാവത്തിലും വിപുലമായ വൈവിധ്യം പുലർത്തുന്നു. വ്യത്യസ്തസ്വഭാവങ്ങൾ നിലനില്ക്കുമ്പോൾ അവയിൽ ചിലതെങ്കിലും മാറിവരുന്ന പരിതഃസ്ഥിതിക്കനുയോജ്യമായിരിക്കും. അവ മാത്രം അതിജീവിക്കുകയും, അടുത്ത തലമുറയിലേക്കു് പകർത്തപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികൾക്കനുയോജ്യമായ സ്വഭാവവിശേഷങ്ങളുള്ളവ മാത്രം അതിജീവിക്കുമ്പോൾ തലമുറകൾക്കു് ശേഷം പൂർവ്വികരിൽ നിന്നു് വ്യത്യസ്തമായ സ്വഭാവങ്ങളോടു കൂടിയ ജീവികൾ രംഗപ്രവേശം ചെയ്യുന്നു. ഇങ്ങനെയുള്ള ക്രമിക പരിവർത്തനത്തിന്റെ ഫലമായി സുദീർഘമായ കാലയളവിൽ പുതിയ സ്പീഷീസുകൾ ഉടലെടുക്കുന്നു. ഇങ്ങനെ പ്രകൃതിനിയമങ്ങൾക്കു് തികച്ചും വിധേയമാക്കിക്കൊണ്ടു് പ്രകൃതിയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പരസ്പര വൈരുദ്ധ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും ഫലമായിട്ടാണു് ജീവികളിൽ രൂപാന്തരമുണ്ടാകുന്നതും പുതിയ ജീവജാതികളുണ്ടാകുന്നതുമെന്നു് ഡാർവിൻ സിദ്ധാന്തിച്ചു. പ്രകൃതിനിർദ്ധാരണതത്ത്വത്തിനടിസ്ഥാനമായ വസ്തുതകളെയും അവയുടെ അനന്തരഫലങ്ങളെയും ഇങ്ങനെ സംഗ്രഹിക്കാം.

Pm-tbl-155.svg

തെളിവുകൾ

തന്റെ സിദ്ധാന്തങ്ങൾ വസ്തുനിഷ്ഠമാണെന്നു സ്ഥാപിക്കുന്നതിനായി ഡാർവിൻ വിവിധ മണ്ഡലങ്ങളിൽ നിന്നു തെളിവുകൾ ശേഖരിക്കുകയുണ്ടായി. വളർത്തുമൃഗങ്ങളുടെ വംശപാരമ്പര്യത്തിൽ നിന്നും പ്രജനനത്തിൽ നിന്നും ധാരാളം തെളിവുകൾ കണ്ടുകിട്ടുകയുണ്ടായി. ജീവികളുടെ ഭൂമിശാസ്ത്രപരമായ വിതരണം ഇതിലേയ്ക്കു വെളിച്ചം വീശുന്ന ഒട്ടേറെ തെളിവുകൾ നൽകി. ഭൂവിജ്ഞാനപരമായ പുരാജീവിപഠനങ്ങളാണു് ഏറ്റവും വ്യക്തമായ തെളിവുകൾ പ്രദാനം ചെയ്തതു്. ഒരേ ജാതിയിലുള്ള പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന വിവിധ രീതിയിലുള്ള അവയവങ്ങൾ വ്യത്യസ്ത ജീവികളിൽ രൂപംകൊണ്ടിട്ടുള്ളതും സഹായകമായ തെളിവുകളാണു്. ഭ്രൂണശാസ്ത്രത്തിൽനിന്നും ഉപയോഗശൂന്യമായി അവശേഷിച്ചിട്ടുള്ള അവയവങ്ങളിൽനിന്നും ഇതുപോലെ ഒട്ടേറെ തെളിവുകൾ ചൂണ്ടിക്കാണിക്കാവുന്നതാണു്. വ്യത്യസ്ത ജീവികളുടെ ഘടനാപരമായ താരതമ്യപഠനം അവ തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാക്കാൻ സഹായിക്കുന്ന തെളിവുകൾ തരുന്നു. ഒരേ വിഭാഗത്തിൽ പെട്ടവയും എന്നാൽ ബാഹ്യപ്രകൃതത്തിൽ വമ്പിച്ച വൈവിധ്യമുള്ളവയുമായ ജീവികൾ ആന്തരികമായ മൗലികഘടനയിൽ അസാമാന്യമായ സാദൃശ്യം പുലർത്തുന്നു. എലിയും പൂച്ചയും പുലിയും സിംഹവും ആടും പശുവും കുതിരയും കഴുതയും കുരങ്ങും മനുഷ്യനുമെല്ലാമടങ്ങുന്ന സസ്തനജീവികളുടെ ആന്തരികമായ അവയവഘടന അത്ഭുതാവഹമായ വിധത്തിൽ സാദൃശ്യം പുലർത്തുന്നതാണു്. ഇതു സൂചിപ്പിക്കുന്നതു് ഇവയെല്ലാം ഒരേ പൈതൃകത്തിൽ നിന്നു് ഉത്ഭവിച്ചവയാണെന്നാണു്.

ഓരോ ജീവിയുടെയും ഭ്രൂണപരമായ വളർച്ചയിൽ അതു മുമ്പു് കടന്നു വന്നിട്ടുള്ള പ്രധാനപ്പെട്ട പരിണാമ ദശകളെല്ലാം പ്രകടമാവുന്നു. നട്ടെല്ലുള്ള ജീവികളുടെയെല്ലാം ഭ്രൂണവളർച്ചയിലെ ആദ്യ ദശകൾ അത്ഭുതാവഹമായ വിധത്തിൽ സദൃശങ്ങളാണു്. ആദ്യഘട്ടം പിന്നിട്ടു് പോകുംതോറുമാണു് അവയുടെ വൈവിധ്യം ക്രമേണ പ്രകടമായി തുടങ്ങുന്നതു്. മനുഷ്യന്റെ ഏറ്റവും ആദ്യദശ ഏകകോശജീവിയുടേതിനോടു തുല്യമാണു്. പിന്നീടതു് പ്രാഥമിക ബഹുകോശജീവികളുടെ രൂപമാർജ്ജിക്കുന്നു. ഒരു ഘട്ടത്തിൽ മത്സ്യങ്ങളും നമ്മുടെ പൂർവ്വികരായിരുന്നു എന്നു വ്യക്തമാക്കുംവിധം അവയുടെ ശ്വസനാവയവങ്ങളായ ഗില്ലുകളെപ്പോലുള്ള അവയവങ്ങൾ മനുഷ്യഭ്രൂണത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ ഓരോ ജീവികളുടെയും ഭ്രൂണപരമായ വളർച്ച പരിശോധിച്ചാൽ അതിന്റെ വംശചരിത്രപരമായ വസ്തുതകളെക്കുറിച്ചു ചിലതെല്ലാം മനസ്സിലാക്കാൻ കഴിയും.

ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങൾക്കു മുമ്പു് മൺമറഞ്ഞുപോയ ജീവികളുടെ അവശിഷ്ടങ്ങളെക്കുറിച്ചു പഠിക്കുന്ന പുരാജീവിവിജ്ഞാനമാണു് ജൈവപരിണാമചരിത്രം സുവ്യക്തമാക്കുന്ന തെളിവുകളേറെ നൽകിയിട്ടിട്ടുള്ളതു്. ഭൂവിജ്ഞാനപരമായ ഗവേഷണങ്ങളുടെ ഫലമായി വിവിധ കാലഘട്ടങ്ങളിൽ ഏതെല്ലാംതരം ജീവികളാണു് ജീവിച്ചിരുന്നതെന്നു മനസ്സിലാക്കാൻ നമുക്കിന്നു കഴിഞ്ഞിട്ടുണ്ടു്. ഇന്നു ജീവിച്ചിരിക്കാത്ത ഒട്ടേറെ വ്യത്യസ്ത ജീവികളുടെ അവശിഷ്ടങ്ങൾ ഇങ്ങനെ ലഭ്യമായിട്ടുണ്ടു്. അതു പോലെ ഇന്നു ജീവിച്ചിരിക്കുന്ന തരത്തിലുള്ള ജീവികൾ എക്കാലത്തും നിലനിന്നിരുന്നില്ല. ഉദാഹരണത്തിനു് ഒരു കോടി വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടത്തിൽ മനുഷ്യനോടു സാദൃശ്യം പുലർത്തുന്ന ജീവികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ ഒരു കോടി വർഷം മുമ്പുമുതൽ ഏതാണ്ടു് അമ്പതിനായിരം വർഷം മുമ്പുവരെയുള്ള കാലഘട്ടത്തിൽ കുരങ്ങുവർഗ്ഗത്തിൽ പെട്ട ജന്തുക്കളെയും ഇന്നത്തെ മനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിലുള്ള പലതരം മനുഷ്യക്കുരങ്ങുകളും മനുഷ്യസദൃശരായ പൂർവികജന്തുക്കളും നിലനിന്നിരുന്നു. ഇതുപോലെ ഇന്നു നിലവിലുള്ളവയും മൺമറഞ്ഞവയുമായ ജീവിലോകത്തെ മുഴുവൻ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രം, പുരാജീവി ഗവേഷണഫലമായി ലഭിച്ച തെളിവുകൾ നിരത്തിവെച്ചാൽ നമുക്കു ലഭിക്കും.

ഇങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള തെളിവുകളെല്ലാം കാണിക്കുന്നതു് ഡാർവിൻ സിദ്ധാന്തം ശരിയാണെന്നും ജീവികളെല്ലാം പരസ്പരം ബന്ധമുള്ളവയും പൊതുപൈതൃകത്തിൽ നിന്നു് ഉടലെടുത്തവയുമാണെന്നാണു്.

അപാകതകൾ

ജൈവപ്രതിഭാസത്തിന്റെ ആന്തരിക രഹസ്യങ്ങളെക്കുറിച്ചു് ഡാർവിന്റെ കാലത്തു വ്യക്തമായ ധാരണകളൊന്നുമില്ലാതിരുന്നതുകൊണ്ടു തന്നെ ഡാർവിന്റെ പ്രകൃതിനിർദ്ധാരണതത്ത്വത്തിൽ മൗലികമായ ചില അപാകതകളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനമായതു് ഡിവ്രീസു് ചൂണ്ടിക്കാട്ടിയതുപോലെ പ്രകൃതിനിർദ്ധാരണം ‘അർഹതയുള്ളവരുടെ അതിജീവനം’ വിശദീകരിക്കുന്നുണ്ടെങ്കിൽ ‘അർഹതയുള്ളവരുടെ ആവിർഭാവം’ എങ്ങനെയാണെന്നു വ്യക്തമാക്കുന്നില്ല എന്നതാണു്. ജീവികളുടെ അനന്തമായ വൈവിധ്യമാണു് അർഹതയുള്ളവരുടെ ആവിർഭാവത്തിനു നിദാനം. എന്നാൽ ഈ വൈവിധ്യത്തിനു നിദാനമെന്താണു്? അല്ലെങ്കിൽ ഈ വൈവിധ്യം തലമുറകൾതോറും പകർത്തപ്പെടുന്നതെങ്ങനെയാണു്? ഇതു വിശദീകരിക്കാനായി ഡാർവിൻ ആവിഷ്കരിച്ചിരുന്ന ‘പാൻജിൻ’ സിദ്ധാന്തം എത്ര ബാലിശമായിരുന്നുവെന്നു മുന്നൊരദ്ധ്യായത്തിൽ വ്യക്തമാക്കിയിരുന്നുവല്ലോ.

ഡാർവിന്റെ ചരിത്രപ്രസിദ്ധമായ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് ആറുകൊല്ലം കഴിഞ്ഞപ്പോൾ അതായതു് 1865-ൽ മെൻഡൽ തന്റെ വംശപാരമ്പര്യനിയമങ്ങൾ ആവിഷ്ക്കരിക്കുകയുണ്ടായി. എന്നാൽ ഡാർവിന്റെ ഗ്രന്ഥം സൃഷ്ടിച്ചുവിട്ട കോലാഹലത്തിൽ പെട്ടു് മെൻഡേലിയൻ സിദ്ധാന്തങ്ങൾ മുങ്ങിപ്പോയി. 1900-ൽ മെൻഡലിന്റെ സിദ്ധാന്തങ്ങൾ പുനരാവിഷ്ക്കരിക്കപ്പെട്ടതോടെയാണു് പാരമ്പര്യഘടകങ്ങൾ തലമുറകളിലേയ്ക്കു പകരുന്നതിനടിസ്ഥാനമായി വർത്തിക്കുന്ന നിയമങ്ങളെക്കുറിച്ചു ശാസ്ത്രജ്ഞന്മാർ ബോധവാന്മാരായതു്.

മെൻഡലിന്റെ സിദ്ധാന്തങ്ങൾ ഡാർവിന്റെ സിദ്ധാന്തങ്ങൾക്കു കടകവിരുദ്ധമാണു്. കാരണം എല്ലാ ജീവികളെയും നിയന്ത്രിക്കുന്ന പാരമ്പര്യഘടകങ്ങൾ എല്ലാ ജീവികളിലും സ്ഥിരമായിട്ടുള്ളവയാണു്. നിശ്ചിത നിയമത്തിനനുസരിച്ചു മാത്രമേ അവ തലമുറകളിലേക്കു പകരുന്നുള്ളു. ആ നിലയ്ക്കു പരിണാമത്തിനു വിധേയമായ സ്വഭാവരൂപാന്തരണം സംഭവിക്കുക സാധ്യമല്ല. ജൈവസ്വഭാവങ്ങളുടെ യാഥാസ്ഥിതികത്വത്തെയാണു് മെൻഡേലിയൻ നിയമങ്ങൾ ഉൽഘോഷിക്കുന്നതു്. പക്ഷേ, അധികം താമസിയാതെതന്നെ ഈ കുഴപ്പം പരിഹരിക്കപ്പെട്ടു. ജൈവസ്വഭാവങ്ങൾക്കാധാരമായ ജീനുകൾ തമ്മിൽ നടക്കുന്ന പുനസംയോജനങ്ങളും, ജീനുകളിൽ തന്നെ സംഭവിക്കുന്ന മ്യൂട്ടേഷനുകളും പുതിയ ജൈവസ്വഭാവങ്ങളുടെ ആവിർഭാവത്തിനു കളമൊരുക്കുന്നതായി തെളിയുകയുണ്ടായി. ഇതോടെ പരിണാമത്തിനാസ്പദമായ ജൈവസ്വഭാവ വൈവിധ്യത്തിന്റെ അടിസ്ഥാനമെന്താണെന്നു വ്യക്തമായി. അങ്ങനെ ഡാർവിനിസവും മെൻഡലിസവും പരസ്പരവിരുദ്ധങ്ങളല്ല, പരസ്പരപൂരകങ്ങളാണെന്നു ബോധ്യമായി. ഇതു ജൈവപ്രതിഭാസത്തെക്കുറിച്ചു സമഗ്രമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചു.

നവീന ഡാർവിനിസം

ഡാർവിന്റെ സിദ്ധാന്തത്തിലെ പ്രകൃതിനിർദ്ധാരണതത്ത്വമാണു് ജൈവപരിണാമത്തിലെ പ്രധാന ഘടകമെങ്കിലും അതു മാത്രമാണു് പരിണാമത്തെ നിയന്ത്രിക്കുന്നതെന്നു് ഇന്നാരും കരുതുന്നില്ല. ഡാർവിൻ കാണാതെപോയെ ചില പ്രതിഭാസങ്ങൾ കൂടി അതിലുൾപ്പെടുന്നുണ്ടു്. പരിണാമം നടക്കുന്നതു് വ്യക്തികളിലല്ല. മറിച്ചു് സാമൂഹ്യാടിസ്ഥാനത്തിൽ മാത്രമേ പരിണാമം നടക്കുകയുള്ളു. അപ്പോൾ ജൈവപരിണാമം നടക്കുന്ന മാധ്യമം ജീവസമൂഹങ്ങളാണു്. പലതരത്തിലുള്ള കുറേ ജീവികൾ ചേർന്ന സമൂഹമായാൽപ്പോരാ. മെൻഡേലിയൻ പാരമ്പര്യനിയമങ്ങളനുസരിക്കുന്ന ഒരു സമൂഹമായിരിക്കണമതു്. അതായതു് പരസ്പരം പ്രജനനം നടത്താൻ കഴിവുള്ള ജീവികൾ മാത്രമടങ്ങുന്ന ഒരു സമൂഹം. ഒരു സ്പീഷിസിൽപെട്ട ജീവികൾ തമ്മിൽ മാത്രമേ ഇങ്ങനെ പരസ്പരപ്രജനനം നടത്തുകയുള്ളു. ഇത്തരമൊരു സമൂഹത്തിലെ ജീവികളെല്ലാം സമാനങ്ങളായ ജീനുകളോടു കൂടിയവയായിരിക്കും. അങ്ങനെയുള്ള ഒരു ജീൻസഞ്ചയമാണു് പുതിയ സ്പീഷീസുകളുടെ ആവിർഭാവത്തിനു് ഏറ്റവും പറ്റിയ മാധ്യമം.

ഇത്തരമൊരു ജീവസമൂഹം വളരെ വലുതാണെന്നു കരുതുക. അതിലെ ജീവികൾ യാതൊരു തരത്തിലുള്ള തടസ്സവും കൂടാതെ ഇഷ്ടംപോലെ പരസ്പരം ഇണചേരുകയും ചെയ്യുന്നു. അവയുടെ ജീനുകളിൽ മ്യൂട്ടേഷനൊന്നും നടക്കുന്നില്ലെന്നും കരുതുക. ഈ സ്ഥിതി എന്നും തുടർന്നുകൊണ്ടിരിക്കുകയാണെങ്കിൽ ആ സമൂഹത്തിൽ പുതിയ സ്വഭാവങ്ങളൊന്നും പ്രത്യക്ഷപ്പെടില്ല. അതിലെ ജീനുകളുടെ ആവൃത്തി എന്നെന്നും ഒന്നുതന്നെയായിരിക്കും. അതിലെ ജനിതകമായ ഒരു സന്തുലിതാവസ്ഥ അത്തരം സമൂഹങ്ങളിൽ നിലനില്ക്കും. ഈ തത്ത്വത്തെ ഹാർഡി–വൈൻബർഗ് നിയമം എന്നു വിളിക്കുന്നു. ഈ രണ്ടു ശാസ്ത്രജ്ഞന്മാർ ചേർന്നാണു് ഇതു് കണ്ടുപിടിച്ചതു്.

എന്നാൽ ഹാർഡി–വൈൻബർഗ് സിദ്ധാന്തം അനുശാസിക്കുന്ന ഉപാധികൾ സാധാരണയായി ഒരു സമൂഹത്തിലും നിലനില്ക്കുന്നില്ല. ലൈംഗികപ്രജനനം നടക്കുന്ന ജീവികളിൽ ജീനുകളുടെ പുനർസംയോജനം വഴിയോ മറ്റു മ്യൂട്ടേഷനുകൾ വഴിയോ പുതിയ സ്വഭാവങ്ങൾ ആവിർഭവിക്കാതിരിക്കയില്ല. അങ്ങനെ ജീൻ സന്തുലിതാവസ്ഥ തകരും. അതു മറ്റു പല തരത്തിലുള്ള അനന്തരഫലങ്ങളുളവാക്കും. ഇത്തരം മ്യൂട്ടേഷനുകൾ പലപ്പോഴും മാരകങ്ങളായിരിക്കുകകൊണ്ടു് അവ ഉന്മൂലനം ചെയ്യപ്പെടും. എന്നാൽ ചിലപ്പോൾ ഉന്മൂലനം ചെയ്യപ്പെടാത്ത നിലനിൽപ്പുള്ള ചില സ്വഭാവങ്ങൾ തികച്ചും യാദൃശ്ചികമായി ഉടലെടുക്കും. ഇങ്ങനത്തെ സ്വഭാവത്തോടുകൂടിയ ജീവികൾ ആ സമൂഹത്തിലെ മറ്റു ജീവികളുമായി സ്വതന്ത്രമായി ഇണ ചേരാൻ പറ്റാത്തവയായിത്തീരാം. ഇതേ സ്വഭാവത്തോടുകൂടിയ ഒന്നിലധികം ജീവികളുണ്ടാവുകയും അവ തമ്മിൽ ഇണചേരൽ നടക്കുകയും ചെയ്യുകയാണെങ്കിൽ, ആ സമൂഹത്തിൽ പുതിയൊരു ചെറുസമൂഹം രൂപം കൊള്ളും. ഇവ ക്രമത്തിൽ ആദ്യസമൂഹത്തിൽ നിന്നു് വേർപെടുകയും പുതിയൊരു സ്പീഷിസിനു് ജന്മമേകുകയും ചെയ്യും. സാധാരണഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെയെല്ലാം ഗതി ഈ വിധത്തിലായിരിക്കും.

ഇങ്ങനെ പുതിയ സ്പീഷീസുകളുണ്ടാവുന്നതിനു് മറ്റു പല ഉപാധികളും സഹായകമായി വർത്തിക്കും. ഒരേ സ്പീഷീസിൽ പെട്ട ജീവികൾ തന്നെ, ഇടയ്ക്കു് സമുദ്രങ്ങളോ പർവ്വതങ്ങളോ മറ്റു ഭൂമിശാസ്ത്രപരമായ കാരണങ്ങളോ മൂലം വേർപെടുകയാണെങ്കിൽ, അത്തരം സമൂഹങ്ങൾ വ്യത്യസ്ത രീതിയിൽ പരിണമിക്കുകയും പുതിയ സ്പീഷീസുകൾക്കു് ജന്മമേകുകയും ചെയ്യും. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണിതിനു കാരണം. പ്രത്യുല്പാദനപരമായ ഒറ്റപ്പെടലും പുതിയ സ്പീഷീസുകൾക്കു് കളമൊരുക്കും. മ്യൂട്ടേഷനുകൾ വഴിയായോ, മറ്റു സാഹചര്യങ്ങൾ മൂലമോ സ്വതന്ത്രമായി ഇണചേരൽ നടക്കാതെ, ജീൻവിനിമയം നടക്കാതാവുമ്പോഴാണു് പ്രത്യുല്പാദനപരമായ ഒറ്റപ്പെടലുണ്ടാകുന്നതു്. അങ്ങനെ ഒറ്റപ്പെടുന്ന സമൂഹങ്ങളിൽ മറ്റുള്ളവയിൽനിന്നു് വ്യത്യസ്തമായ പരിവർത്തനങ്ങളുണ്ടാവാനിടയുണ്ടു്. മനുഷ്യനിൽ മതജാതിവർണ്ണങ്ങൾ നിമിത്തം, അന്ധമായ മാമൂലുകൾക്കു വിധേയമായി, സ്വതന്ത്രമായ വിവാഹബന്ധങ്ങൾ നിഷേധിക്കപ്പെട്ടിട്ടുള്ള സമൂഹങ്ങൾ ഇത്തരം പ്രത്യുല്പാദനപരമായ ഒറ്റപ്പെടലിനുദാഹരണമാണു്. പക്ഷേ, പലപ്പോഴും ഇത്തരം മാമൂലുകൾ ലംഘിക്കപ്പെടാറുള്ളതുകൊണ്ടു്, സ്വതന്ത്രമായ പരിണാമത്തിനു് വഴിവെയ്ക്കുന്ന വിധത്തിലുള്ള ഒറ്റപ്പെടൽ മനുഷ്യസമൂഹത്തിൽ നടക്കുന്നില്ല. മനുഷ്യരെല്ലാം ഒരേ സ്പീഷീസിൽ പെട്ടവരായതു കൊണ്ടു്, അവർക്കിടയിൽ സ്വതന്ത്രമായ ബന്ധങ്ങൾ അനുവദിക്കാത്ത വിധത്തിലുള്ള മതപരവും ജാതീയവുമായ എല്ലാ മാമൂലുകളും തികച്ചും അശാസ്ത്രീയമാണു്. മനുഷ്യസ്പീഷിസിലെ വിവിധ വംശങ്ങൾ തമ്മിലുള്ള സ്വതന്ത്രമായ ബന്ധങ്ങളും ജീൻവിനിമയങ്ങളും പുതിയതരത്തിലുള്ള ജീൻ സംയോജനങ്ങൾക്കും അങ്ങനെ പുതിയ സ്വഭാവങ്ങൾക്കും വഴി വെക്കുകയേയുള്ളു.

ചുരുക്കത്തിൽ, മെൻഡേലിയൻ നിയമങ്ങൾക്കനുസൃതമായ ജീവസമൂഹങ്ങളിൽ, ലൈംഗിക ജീൻ പുനർ സംയോജനങ്ങൾ വഴിയും മ്യൂട്ടേഷനുകൾ വഴിയും തലമുറകളിലേയ്ക്കു് പകർത്തപ്പെടാൻ കഴിയുന്ന വൈവിധ്യം പ്രത്യക്ഷപ്പെടുന്നു. ഇവയിൽ ചിലവയ്ക്കു് മറ്റുള്ളവയെ അപേക്ഷിച്ചു് കൂടുതൽ സന്താനങ്ങളെ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കും. അവയിലൂടെ പുതിയ സ്വഭാവങ്ങൾ സമൂഹത്തിൽ മുഴുവൻ പരക്കുന്നു. പരിതഃസ്ഥിതിക്കനുയോജ്യമായവയാണു് ഈ പുതിയ സ്വഭാവങ്ങളെങ്കിൽ, അവ അതിജീവിക്കുന്നു. പ്രകൃതിനിർദ്ധാരണമാണു് ഇവിടത്തെ നിയാമകശക്തി. അങ്ങനെ, മെൻഡേലിയൻ സമൂഹത്തിൽ, മ്യൂട്ടേഷനുകൾ വഴിയും മറ്റും ഉടലെടുക്കുന്ന ജനിതകമായ വൈവിധ്യങ്ങളിൽ നിന്നു് പ്രകൃതിനിർദ്ധാരണം വഴി തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സ്വഭാവങ്ങളാണു് ജൈവപരിണാമത്തിനു് നിദാനമെന്നു് വ്യക്തമാവുന്നു.

ഇപ്രകാരം ആധുനിക ജൈവപരിണാമ സിദ്ധാന്തത്തിൽ, ഡാർവിനിസവും മെൻഡലിസവും മ്യൂട്ടേഷൻ സിദ്ധാന്തവും ഹാർഡി–വൈൻബർഗ് നിയമവുമെല്ലാം സമ്യക്കായവിധം സമ്മേളിച്ചിരിക്കുന്നു. ഇതിൽ നിർണ്ണായക ഘടകം എല്ലായ്പോഴും പ്രകൃതിനിർദ്ധാരണം തന്നെയായതുകൊണ്ടു് ഡാർവിനിസം ഇന്നും ഏറെക്കുറെ കുറ്റമറ്റതായി നിൽക്കുന്നു. ഡാർവിന്റെ കാലത്ത് അറിയപ്പെടാതിരുന്ന വസ്തുതകൾ അതോടു ചേർക്കുകയും അതിനെ സമ്പുഷ്ടമാക്കുകയുമാണു് വാസ്തവത്തിൽ ഇപ്പോൾ ചെയ്തിട്ടുള്ളതു്.

ഈ നിയമങ്ങളനുസരിച്ചുള്ള പരിണാമപ്രക്രിയകൾ ഇന്നും അഭംഗുരം നടന്നുകൊണ്ടിരിക്കുന്നുണ്ടു്. പക്ഷേ, ഇതു് വളരെ സാവധാനത്തിലാണെന്നു മാത്രം. ഒരു സ്പീഷീസിന്റെ ആവിർഭാവത്തിനു് ചുരുങ്ങിയതു് 3 ലക്ഷം വർഷങ്ങൾ വേണ്ടിവരുമെന്നാണു് കണക്കാക്കപ്പെട്ടിട്ടുള്ളതു്. പലപ്പോഴും ചില സമൂഹങ്ങളിൽ കോടിക്കണക്കിനു് വർഷങ്ങൾക്കുശേഷവും പുതിയ സ്പീഷീസുണ്ടായില്ലെന്നു വരാം. എങ്കിലും മൊത്തത്തിൽ ജീവലോകം എന്നും പരിണാമത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്നു.