close
Sayahna Sayahna
Search

അനുബന്ധം 3. മാർക്സിസവും ശാസ്ത്രവും


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
[ശാസ്ത്രത്തോടുള്ള സമീപനത്തെക്കുറിച്ചു് പാഠഭേദം ദ്വൈവാരികയിൽ നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ശാസ്ത്രത്തോടുള്ള മാർക്സിയൻ സമീപനം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചു് രൂപീകരിക്കാൻ ശ്രമിച്ചിട്ടുള്ള നിഗമനങ്ങൾ. പാഠഭേദം ദ്വൈവാരികയിൽ 1988-ൽ പ്രസിദ്ധീകരിച്ചതു്.]

സൈദ്ധാന്തിക പശ്ചാത്തലം

ശാസ്ത്രം എന്നാൽ എന്തു് എന്നതിനെപ്പറ്റി വിപുലമായ സൈദ്ധാന്തികചർച്ച നടക്കുന്ന കാലമാണിതു്. ഈ ചോദ്യത്തിനുള്ള വ്യത്യസ്തമായ ഉത്തരങ്ങളുമായി ബന്ധപ്പെട്ടാണു് ശാസ്ത്രത്തോടുള്ള വ്യത്യസ്തസമീപനങ്ങളും ഉയർന്നുവന്നിട്ടുള്ളതു്. ഈ പശ്ചാത്തലത്തിൽ, മാർക്സിയൻ സമീപനത്തിൽനിന്നുകൊണ്ടു് ശാസ്ത്രത്തെപ്പറ്റി കൂടുതൽ സമഗ്രമായ നിർവ്വചനം ആവശ്യമായി വന്നിട്ടുണ്ടു്.

ബാഹ്യലോകവുമായുള്ള മനുഷ്യമനസ്സിന്റെ പ്രതിപ്രവർത്തനത്തിൽ നിന്നു് ഉളവാകുന്ന പ്രധാന ഫലങ്ങളാണു് ശാസ്ത്രവും ദർശനവും. ഇതേ പ്രക്രിയയുടെ തന്നെ ഫലങ്ങളാണു് കലാസാഹിത്യാദി മേഖലകളെങ്കിലും അവ ആത്മനിഷ്ഠ തലങ്ങൾക്കു് കൂടുതൽ ഊന്നൽ നൽകുന്നു. ശാസ്ത്രവും ദർശനവുമാകട്ടെ, ബാഹ്യലോകത്തിന്റെ ചലനനിയമങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു തന്നെ മനുഷ്യന്റെ വൈജ്ഞാനികമായ അന്വേഷണങ്ങൾ മുഖ്യമായും ഈ വിജ്ഞാനശാഖകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

ആദ്യകാലത്തു് ശാസ്ത്രവും ദർശനവും പരസ്പരം വേർതിരിക്കാനാകാത്തവിധം ഒന്നുചേർന്നു് കിടന്നിരുന്നു. മാത്രമല്ല, വിജ്ഞാന സംബന്ധമായ അന്വേഷണങ്ങളെല്ലാം ദർശനമായിട്ടാണു് പരിഗണിക്കപ്പെട്ടിരുന്നതു്. ശാസ്ത്രത്തിന്റെ തനതായ അസ്തിത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല. മുതലാളിത്ത യുഗത്തിന്റെ ആവിർഭാവത്തോടെ ആധുനിക ശാസ്ത്രം വളരാൻ തുടങ്ങിയപ്പോഴാണു് ദർശനത്തിൽനിന്നു് ഭിന്നമായ ഒരു വിജ്ഞാനശാഖയാണു് ശാസ്ത്രം എന്ന തിരിച്ചറിവു് പ്രബലമായി തീർന്നതു്. ഏംഗൽസ് ചൂണ്ടിക്കാണിച്ചതു പോലെ, പഴയകാല ദർശനത്തിന്റെ മേഖലകൾ ഒന്നൊന്നായി ശാസ്ത്രം കയ്യടക്കുകയുണ്ടായി. ദർശനത്തിന്റേതു് എന്ന രീതിയിൽ പറയാവുന്ന വൈരുധ്യാധിഷ്ഠിത വിചിന്തന ശാസ്ത്രം ഒഴിച്ചുള്ള വിജ്ഞാനതലങ്ങളെല്ലാം ശാസ്ത്രത്തിന്റെ മേഖലയിൽ തളച്ചിടപ്പെട്ടു.

ബാഹ്യലോകവുമായുള്ള പ്രതിപ്രവർത്തനത്തിലൂടെയാണു് എല്ലാ മാനസിക പ്രവർത്തനങ്ങളും നടക്കുന്നതു് എന്നതുകൊണ്ടു് ഈ പ്രതിപ്രവർത്തനത്തിന്റെ നിയമങ്ങൾ കണ്ടെത്തുക ദാർശനികമായ അന്വേഷണങ്ങളുടെ കേന്ദ്രബിന്ദുവായതു് സ്വാഭാവികമാണു്. ഈ പ്രതിപ്രവർത്തനത്തിന്റെ നിയമങ്ങളെ സംബന്ധിക്കുന്ന വിചിന്തനശാസ്ത്രം (Logic) പാശ്ചാത്യ, പൗരസ്ത്യ ദർശനങ്ങളിലെല്ലാംതന്നെ മർമ്മപ്രധാനമായ സ്ഥാനം കൈവരിച്ചതു് ഇതുകൊണ്ടാണു്. പാശ്ചാത്യലോകത്തു് അരിസ്റ്റോട്ടിലിന്റെ ഔപചാരിക വിചിന്തനശാസ്ത്രവും (formal Logic) പിന്നീടു് ഹേഗലിൽ നിന്നാരംഭിച്ച വൈരുധ്യാധിഷ്ഠിത വിചിന്തനശാസ്ത്രവും (Dialectical Logic) ആണു് ഇങ്ങിനെ ദർശനത്തിന്റെ നിർണ്ണായകഘടകങ്ങളായി വർത്തിച്ചതു്. ദർശനത്തിന്റെ ഈ മേഖലയൊഴികെ മറ്റെല്ലാം അനുഭവിക ശാസ്ത്രത്തിനു് (Empirical Science) കയ്യടക്കാൻ കഴിഞ്ഞതും ഇതു കൊണ്ടാണു്.

മുതലാളിത്തയുഗത്തോടുകൂടി കെട്ടുറപ്പുള്ള വിജ്ഞാനശാഖയായി വളർന്നുവന്ന, നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ഠിതമായ അനുഭവികശാസ്ത്രം മുഖ്യമായും ആശ്രയിച്ചിരുന്നതു് അരിസ്റ്റോട്ടിലിയൻ വിചിന്തനശാസ്ത്രത്തെ തന്നെയാണു്. നിരീക്ഷണപരീക്ഷണങ്ങൾക്കു് വിധേയമാക്കാൻ കഴിയുന്ന പരിമിതമേഖലകളാണു് അതിന്റെ അന്വേഷണതലമെന്നതുകൊണ്ടുതന്നെ പഴയ വിചിന്തശാസ്ത്രംകൊണ്ടുതന്നെ അതിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. അതേസമയം, പുതിയ കണ്ടെത്തലുകൾ പരിമിതതലങ്ങളിൽ മാത്രം പരിഹരിക്കാനാകാത്ത ഒട്ടേറെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതു് സൃഷ്ടിച്ച ദാർശനിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണു് ഹെഗേലിയൻ വൈരുധ്യാധിഷ്ഠിത വിചിന്തന ശാസ്ത്രം ആവിർഭവിച്ചതു്. പരിമിത (finite) മേഖലകളിൽ തന്നെ, പ്രത്യക്ഷജ്ഞാന തലത്തിനപ്പുറത്തു്, വ്യത്യസ്ത പ്രതിഭാസങ്ങൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങൾ കണ്ടെത്താനും, അപരിമിത (infinite) മേഖലകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും കഴിവുറ്റ ഒരു വിചിന്തന ശാസ്ത്രമായി ഇതു് അംഗീകരിക്കപ്പെട്ടു. പക്ഷേ, ഹെഗലിനുശേഷവും അനുഭവികശാസ്ത്രത്തിന്റെ ദർശനമായി വൈരുധ്യാധിഷ്ഠിത വിചിന്തനശാസ്ത്രം സ്വാംശീകരിക്കപ്പെട്ടില്ല. ആശയവാദ ദർശനം മാത്രമായി പ്രത്യക്ഷപ്പെട്ട ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തെ തികച്ചും ഭൗതികമായ അനുഭവിക ശാസ്ത്രങ്ങളുടെ തലത്തിൽ പ്രയോഗിക്കാൻ തക്കവിധം അതിനെ വികസിപ്പിക്കാൻ ബൂർഷ്വാ ദർശനത്തിനു് കഴിയുമായിരുന്നില്ല.

ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തെ ഭൗതികമേഖലയിൽ ആദ്യമായി വിജയകരമായി പ്രയോഗിച്ചതു് മാർക്സ് ആണു്. ചരിത്രത്തിന്റേയും സാമ്പത്തിക ശാസ്ത്രത്തിന്റെയും മേഖലയിൽ വൈരുദ്ധ്യശാസ്ത്രം പ്രയോഗിക്കപ്പെട്ടതിലൂടെ പുതിയ രൂപഭാവങ്ങളോടുകൂടിയ മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം ഉടലെടുത്തു. പക്ഷേ, ആവർത്തിച്ചാവർത്തിച്ചു് തെളിഞ്ഞുകൊണ്ടിരിക്കുന്നതുപോലെ, മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം ‘മൂലധനം’ പോലുള്ള പ്രായോഗിക രൂപത്തിലല്ലാതെ സമഗ്രമായി നിർവചിക്കപ്പെടുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്തിട്ടില്ലാത്തതുകൊണ്ടു് ഇപ്പോഴും അതു് ശൈശവാവസ്ഥയിൽ തന്നെയാണു് നിലകൊള്ളുന്നതു്, ഒട്ടേറെ ബാലാരിഷ്ടതകളോടുകൂടി. ‘പ്രകൃതിയുടെ വൈരുദ്ധ്യശാസ്ത്ര’ത്തിൽ ഏംഗൽസ് നടത്തിയ തികച്ചും അപര്യാപ്തമായ ഒരു പ്രാരംഭശ്രമമല്ലാതെ അനുഭവികശാസ്ത്രങ്ങളുടെ തലത്തിൽ മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം പ്രയോഗിക്കാനുള്ള ശ്രദ്ധേയമായ ശ്രമങ്ങളൊന്നും നാളിതുവരെ നടന്നിട്ടില്ല. ഈ പശ്ചാത്തലത്തിൽ അനുഭവിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാമൂഹ്യശാസ്ത്ര വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒന്നാണു് മാർക്സിസമെന്നും, അതിനെ ആ മേഖലയിൽ മാത്രമായി ഒതുക്കി നിറുത്തണമെന്നുമുള്ള ഏകപക്ഷീയ വീക്ഷണങ്ങൾ നവീന ഇടതുപക്ഷക്കാരും മറ്റും ഉന്നയിക്കുകയും ചെയ്തിട്ടുണ്ടു്. പ്രകൃതിശാസ്ത്ര മേഖലകളെപ്പോലെതന്നെ വസ്തുനിഷ്ഠമായ മണ്ഡലമാണു് സാമൂഹ്യ ശാസ്ത്രങ്ങളും കൈകാര്യങ്ങളും ചെയ്യുന്നതെന്ന യാഥാർത്ഥ്യം മൂടിവെച്ചുകൊണ്ടും, മനുഷ്യന്റെ ആത്മനിഷ്ഠ ലോകമാണു് സാമൂഹ്യശാസ്ത്രങ്ങളുടെ മുഖ്യ അന്വേഷണ തലമെന്നുള്ള തെറ്റിദ്ധാരണയിൽ ഊന്നിക്കൊണ്ടുമാണു് ഇത്തരം ധാരണകൾ നിലനിൽക്കുന്നതു്.

ഇങ്ങിനെ മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം വിവിധതരം പരിമിതികളിൽ കെട്ടിയിടപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിൽ, അനുഭവികശാസ്ത്രങ്ങളുടെ മണ്ഡലത്തിൽ മുതലാളിത്ത ദാർശനിക വീക്ഷണങ്ങൾതന്നെ കൊടികുത്തി വാണു. ബൂർഷ്വാ ദർശനത്തിന്റെ രണ്ടു മുഖങ്ങളായ യാന്ത്രിക ഭൗതികവാദവും ആശയവാദവുമാണു് മാറിമാറി അനുഭവിക ശാസ്ത്രങ്ങളുടെ മേഖലയിൽ ഇന്നും ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നതു്. അതുകൊണ്ടുതന്നെ ആധുനികശാസ്ത്രം എന്നു് പൊതുവിൽ വിളിക്കപ്പെടുന്ന ബൂർഷ്വാ ശാസ്ത്രം നേരിടുന്ന പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ്; അത് അനുദിനം പ്രകടമായിക്കൊണ്ടിരിക്കുന്നുമുണ്ട്.

‘ആധുനികശാസ്ത്രം’ നേരിടുന്ന ദാർശനിക പ്രതിസന്ധി

ന്യൂട്ടോണിയൻ ചലന നിയമങ്ങളിലൂടെ ‘ആധുനികശാസ്ത്രമായി’ വളർന്നുവന്ന മുതലാളിത്ത ശാസ്ത്രത്തിന്റെ ദാർശനികാടിസ്ഥാനം യാന്ത്രികഭൗതികമായിരുന്നുവെന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ മാർക്സും എംഗൽസും ചൂണ്ടിക്കാട്ടിയിരുന്നു. പ്രകൃതിയെയും മനുഷ്യനെയും യന്ത്രസമാനമായി കാണുന്ന ഒരു വീക്ഷണമാണ് അതിനെ നയിച്ചതു്. ന്യൂട്ടോണിയൻ ചലന നിയമങ്ങൾ ആ വീക്ഷണത്തെ അരക്കിട്ടു‌‌റപ്പിക്കുകയും ചെയ്തു. ഇത്തരമൊരു വീക്ഷണത്തിന്റെ അപര്യാപ്തതയും പിന്തിരിപ്പൻ സ്വഭാവവുമാണു് മാർക്സിസം തുറന്നു കാട്ടിയതു്. ഒ. വി. വിജയനെപ്പോലുള്ളവർ സമർഥിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ ബൂർഷ്വാ ശാസ്ത്രത്തിൽനിന്നു് പ്രചോദനമുൾക്കൊണ്ടുകൊണ്ടോ അതിനെ ആധാരമാക്കിക്കൊണ്ടോ അല്ല മാർക്സിയൻ ദർശനം ഉടലെടുത്തതു്. മറിച്ചു് മുതലാളിത്ത വ്യവസ്ഥയുടെ എന്നപോലെ ശാസ്ത്രത്തിന്റെയും ആന്തരിക വൈരുദ്ധ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും ആ വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള ദർശനത്തിനു് ജന്മമേകിക്കൊണ്ടുമാണു് മാർക്സിസം ഉടലെടുത്തതു്. മുതലാളിത്ത ശാസ്ത്രത്തിനുള്ളിൽ തന്നെ വൈരുദ്ധ്യാധിഷ്ഠിത വീക്ഷണത്തിന്റെ നിദർശനങ്ങളായ ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടന്നിട്ടുണ്ടു്, നടക്കുന്നുമുണ്ടു്. ‘മൂലധന’ത്തിനു് സമകാലീനമായിരുന്ന, ജൈവ പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനമായി തീർന്ന ഡാർവിന്റെ ‘ജീവജാതികളുടെ ഉത്ഭവം’, പ്രകൃതിശാസ്ത്രരംഗത്തെ വൈരുദ്ധ്യാധിഷ്ഠിത വീക്ഷണത്തിന്റെ ഉത്തമനിദർശനമാണെന്നു് മാർക്സ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂട്ടോണിയൻ ചലനനിയമങ്ങളുടെ യാന്ത്രികതയും അപര്യാപ്തതയും തുറന്നുകാട്ടിക്കൊണ്ടു് രംഗപ്രവേശം ചെയ്ത ഐൻസ്റ്റീന്റെ ആപേക്ഷികസിദ്ധാന്തവും ഇക്കൂട്ടത്തിൽ പെടുന്നതായിരുന്നു. പക്ഷേ, ശാസ്ത്രത്തിന്റെ മണ്ഡലത്തിൽ പ്രയോഗിക്കാൻ കഴിയുന്നവിധം വൈരുധ്യാധിഷ്ഠിത വീക്ഷണവും രീതിയും രൂപപ്പെടാതിരുന്നതുകൊണ്ടു് ബൂർഷ്വാ ലോകവീക്ഷണത്തിന്റെ ഏകപക്ഷീയതകൾക്കുള്ളിൽപെട്ടു് ഇവയെല്ലാം മുരടിച്ചുപോവുകയാണുണ്ടായതു്; അഥവാ അവയുടെ ഭാഗികഫലങ്ങൾ മാത്രം ഏകപക്ഷീയമായി ഉപയോഗിക്കപ്പെടുകയാണുണ്ടായതു്.

ന്യൂട്ടോണിയൻ ചലന നിയമങ്ങൾ വഴി പ്രപഞ്ചത്തെ മുഴുവൻ മനസിലാക്കിക്കഴിഞ്ഞു എന്ന് അഹംഭവിച്ച പത്തൊമ്പതാം‌‌ നൂറ്റാണ്ടിലെ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആപേക്ഷികസിദ്ധാന്തം ഉടലെടുത്തത്. ന്യൂട്ടോണിയൻ യാന്ത്രികവീക്ഷണത്തിന്റെ ചട്ടക്കൂട് തകർന്നതോടെ കെട്ടഴിച്ചുവിടപ്പെട്ട പുതിയ അന്വേഷണങ്ങൾ ക്വാണ്ടം മെക്കാനിക്സിന്റെ മറ്റൊരു ഏകപക്ഷീയതയിലാണ് എത്തിച്ചേർന്നത്. കർക്കശമായ അനിവാര്യനിയമങ്ങളുടെ ചട്ടക്കൂടിനെ ഭേദിക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് അനുശാസിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രവീക്ഷണത്തിന്റെ സ്ഥാനത്ത് തികഞ്ഞ അനിശ്ചിതത്വത്തിന്റെയും യാദൃശ്ചികതയുടെയും കേളീരംഗമാണു് പ്രകൃതിയെന്നു്‌ അനുശാസിക്കുന്ന ക്വാണ്ടം മെക്കാനിക്സിന്റെ അനിശ്ചിതത്വ സിദ്ധാന്തമാണു് ഇന്നത്തെ ശാസ്ത്രലോകത്തു് കൊടികുത്തി വാഴുന്നത്. എഡിങ്ടൺ മുതൽ കാപ്ര വരെയുള്ള ശാസ്ത്രദാർശനികൻമാർ ഈ ഏകപക്ഷീയവീക്ഷണത്തെ ഉപയോഗപ്പെടുത്തി, ആകർഷണീയമായ ഒരു ആശയലോകം ചമച്ചു് സാധാരണ ജനത്തെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണു്, ന്യൂട്ടോണിയൻ യാന്ത്രിക ലോകവീക്ഷണത്തിന്റെ മറുപുറമാണു് ഇതെന്നു് ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല.

ഡാർവിന്റെ പരിണാമവാദം ആരോഗ്യകരമായ ഒരു തുടക്കമായിരുന്നെ‌‌ങ്കിലും, അതിനും ഇതേ ഗതി തന്നെയാണുണ്ടായതു്. ജീവികളുടെ ജൈവഘടനയിൽനിന്നു് ഉടലെടുക്കുന്ന ഉല്പരിണാമസാധ്യതകളും പരിതസ്ഥിതിയുടെ കർക്കശമായ ചട്ടക്കൂടും നിരന്തര പ്രതിപ്രവർത്തനത്തിലൂടെ, പ്രകൃതിനിർദ്ധാരണത്തിലൂടെ ജൈവപരിണാമം സംഭവിക്കുന്ന പ്രക്രിയ ഡാർവിൻ അനാവരണം ചെയ്തതു് പ്രകൃതിയുടെ വൈരുദ്ധ്യാത്മക സ്വഭാവത്തെ സുന്ദരമായി പകർത്തി കാട്ടുന്ന വലിയൊരു കണ്ടുപിടുത്തമായിരുന്നു. ഈ ഉല്പരിണാമ സാധ്യതകളുടെ ചിത്രം കൂടുതൽ സ്പഷ്ടമായി വെളിച്ചത്തു കൊണ്ടുവന്ന മെൻഡലിന്റെ ജനിതക ശാസ്ത്രകണ്ടുപിടുത്തങ്ങളും, പരിസ്ഥിതിയുമായുള്ള പ്രതിപ്രവർത്തനരീതിയിലൂടെ വൈരുധ്യാത്മകമായി സ്വാംശീകരിക്കാൻ കഴിയുമായിരുന്നു. പക്ഷേ, മുതലാളിത്തശാസ്ത്രം അതിന്റെ ഏകപക്ഷീയസമീപനത്തിലൂടെ, പരിസ്ഥിതിയിൽനിന്നു് അടർത്തിയെടുത്തുകൊണ്ടു് മെൻഡേലിയൻ നിയമങ്ങളെ പ്രയോഗിക്കാൻ തുടങ്ങി. മോളിക്കുലർ ബയോളജിയുടെ തലത്തിൽ ഉൽപ്പരിണാമപ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ, ഈ ഏകപക്ഷീയ സമീപനം അതിന്റെ പാരമ്യത്തിൽ എത്തുകയും, ജനിതക എഞ്ചിനീയറിങ്ങിന്റെ ഭീകരരൂപം കൈവരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ക്വാണ്ടം മെക്കാനിക്സിന്റെ കാര്യത്തിലെന്നപോലെ, ജനിതക ഘടകങ്ങളുടെ തലത്തിൽ ഉല്പരിണാമത്തിനുള്ള യാദൃശ്ചികസാധ്യതകളിൽ ഊന്നിക്കൊണ്ടു്, പരിസ്ഥിതിയുടെ അനിവാര്യമായ നിയന്ത്രണസംവിധാനങ്ങളെ അവഗണിച്ചുകൊണ്ടു് ജൈവപരിണാമവും തികച്ചും യാദൃശ്ചികമാണെന്ന സിദ്ധാന്തം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടു്. ജൈവപരിണാമം അസാധ്യമാണെന്നു് കണ്ടിരുന്ന പഴയ യാന്ത്രികവീക്ഷണത്തിന്റെ മറുപുറമായി ഇതും മാറിയിരിക്കുന്നു.

പ്രകൃതിയുടെ ചലന നിയമങ്ങളിലെ രണ്ടു് അടിസ്ഥാനഘടകങ്ങളായ അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള വൈരുധ്യാധിഷ്ഠിത ബന്ധം മനസ്സിലാക്കപ്പെടാത്ത അവസ്ഥയിൽനിന്നാണു് ഇത്തരം ഏകപക്ഷീയതകൾ ഉടലെടുക്കുന്നതു്. ന്യൂട്ടോണിയൻ നിയമങ്ങളും ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങളും പ്രകൃതിയുടെ യാഥാർത്ഥ്യത്തിന്റെ രണ്ടു് മുഖങ്ങളെയാണു്, അനിവാര്യതയെയും യാദൃശ്ചികതയെയുമാണു് പ്രതിനിധാനം ചെയ്യുന്നതു്. അവ പരസ്പരം ആശ്രയിച്ചുനിൽക്കുന്നവയും സ്വാധീനിക്കുന്നവയും പരസ്പര പൂരകങ്ങളുമാണു്. അതുപോലെ, പരിസ്ഥിതിയുടെ അനിവാര്യമായ ചട്ടകൂടും ഉൾപരിണാമത്തിന്റെ യാദൃശ്ചികസാധ്യതകളും പരസ്പരപൂരകങ്ങളായി വൈരുദ്ധ്യാത്മകമായി പ്രവർത്തിക്കുന്ന ഘടകങ്ങളാണു്. എന്നാൽ അരിസ്റ്റോട്ടിലിയൻ വിചിന്തനശാസ്ത്രത്തിന്റെ ഔപചാരിക ചട്ടകൂടിനെ ഭേദിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ‘ബൂർഷ്വാശാസ്ത്ര’ത്തിന്റെ ലോകവീക്ഷണത്തിനു്, ഈ വൈരുദ്ധ്യങ്ങളെ പരസ്പരബന്ധിതമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ബൂർഷ്വാ ശാസ്ത്രവീക്ഷണത്തിന്റെ ഇത്തരം പരിമിതികളെയും യാന്ത്രിക ഭൗതികവാദവീക്ഷണത്തിന്റെ ഭീകരതയെയും നഗ്നമായി തുറന്നുകാട്ടുന്ന ഒന്നാണു് അലോപ്പതി വൈദ്യശാസ്ത്രം. മനുഷ്യശരീരത്തെ ഒരു യന്ത്രം മാത്രമായും അവയവങ്ങളെ പാർട്ടുകളായും സമീപിക്കുന്ന രീതിയാണ് ഇപ്പോഴും അലോപ്പതിക്കുള്ളതു്. ജൈവശരീരത്തിന്റെ സമഗ്രയാഥാർത്ഥ്യം അതിന്റെ അവയവങ്ങളുടെ ആകെത്തുകയിൽനിന്നു് ഭിന്നമായ ഗുണത്തെ ഉല്പാദിപ്പിക്കുമെന്ന വൈരുദ്ധ്യാത്മകവീക്ഷണം അതിനു് അജ്ഞാതമാണു്. മറുവശത്തു്, സമഗ്ര യാഥാർത്ഥ്യത്തിന്റെ സവിശേഷതയെ വൈരുധ്യാധിഷ്ഠിത വീക്ഷണത്തിലൂടെ ഉൾക്കൊള്ളാൻ ശ്രമിക്കാതെ ഒരു ജൈവശക്തിയുടെ പ്രതിഫലനമായി കാണുന്ന ബൂർഷ്വാ ആശയവാദത്തെ പ്രതിനിധാനം ചെയ്യുന്ന ഹോമിയോപ്പതിപോലുള്ള ബൂർഷ്വാ വൈദ്യശാസ്ത്രവും വളർന്നുവന്നിരിക്കുന്നു. വീണ്ടും മനുഷ്യശരീരമെന്ന യാഥാർത്ഥ്യത്തിന്റെ വിവിധഘടകങ്ങളെ പരസ്പരബന്ധമില്ലാത്തവിധം സമീപിക്കുന്ന ഏകപക്ഷീയ വീക്ഷണമാണു് ഇവിടെയും പ്രകടിതമാവുന്നതു്. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും.

ഇത്തരം ഏകപക്ഷീയവും ഭാഗികവുമായ വീക്ഷണങ്ങളുടെ ദാർശനിക രൂപമാണു് ആധുനിക ബൂർഷ്വാ ദാർശനികന്മാർ ശാസ്ത്ര ദർശനത്തിന്റെ മറവിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതു്. ഇവരിൽ പ്രമുഖരായ കാൾ പോപ്പറും കൂട്ടരും സമർത്ഥിക്കുന്നതു് നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാൻ കഴിയുന്ന കണ്ടെത്തലുകളെ മാത്രമേ ശാസ്ത്രത്തിന്റെ പരിധിയിൽപ്പെടുത്താവൂ എന്നാണു്. അതായതു് അനുഭവികശാസ്ത്രം മാത്രമാണു് ശാസ്ത്രം. മറ്റൊന്നിനേയും ശാസ്ത്രമെന്നോ ശാസ്ത്രീയമെന്നോ പറയാൻ പറ്റില്ല. ഈ അടിസ്ഥാനത്തിൽ പ്രപഞ്ചത്തെ മൊത്തത്തിൽ ബാധിക്കുന്ന സാർവ്വലൗകിക നിയമങ്ങളൊന്നും ആവിഷ്കരിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. കാരണം അനന്തമായ പ്രകൃതിയെ സംബന്ധിച്ച അത്തരം നിഗമനങ്ങളൊന്നും അനുഭവിക ശാസ്ത്രത്തിന്റെ തലത്തിൽ തെളിയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രാപഞ്ചിക യാഥാർത്ഥ്യത്തെ സംബന്ധിച്ച സാർവ്വ ലൗകിക തത്വങ്ങൾ ആവിഷ്കരിക്കുന്ന ജൈവാധിഷ്ഠിത ഭൗതികവാദം ഉൾപ്പെടയുള്ള ദർശനങ്ങളെല്ലാം അശാസ്ത്രീയവും ഭൗതികവാദപരവുമാണെന്നു് ഇവർ സമർത്ഥിക്കുന്നു. പ്രത്യക്ഷത്തിൽ യുക്തിസഹമെന്നു് തോന്നിക്കുന്ന ഈ വീക്ഷണം, പ്രാപഞ്ചിക യാഥാർത്ഥ്യത്തിന്റെ അടിസ്ഥാന വൈരുധ്യങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുകയാണു് ചെയ്യുന്നതു്. അരിസ്റ്റോട്ടിലിയൻ വിചിന്തനശാസ്ത്രത്തിന്റെ തലത്തിൽ നിന്നുകൊണ്ടു്, പരിമിത (finite) യാഥാർത്ഥ്യത്തെമാത്രം കാണുകയും, ഈ പരിമിത യാഥാർത്ഥ്യത്തിന്റെ നിലനില്പിനു് ആധാരമായി വർത്തിക്കുന്ന അതിന്റെ തന്നെ വിപരീതമായ അപരിമിത (infinite) യാഥാർത്ഥ്യത്തെ നിഷേധിക്കുകയുമാണു് ഈ വീക്ഷണം ചെയ്യുന്നതു്.

മുതലാളിത്ത ശാസ്ത്രത്തിന്റെ ഏറ്റവും പ്രകടമായ ദൗർബ്ബല്യങ്ങൾ — സവിശേഷവൽക്കരണവും — വിഭാഗീയതയും ഈ ദാർശനിക നിലപാടിന്റെ പ്രതിഫലനമാണു്. അലോപ്പതി വൈദ്യശാസ്ത്രത്തിൽ കാണുന്ന വികൃതവും ഭീകരവുമായ സവിശേഷവൽക്കരണമുൾപ്പെടെ മുതലാളിത്ത വ്യവസ്ഥയെ താങ്ങി നിറുത്തുന്ന, ലാഭേച്ഛയിലധിഷ്ഠിതമായ കഴുത്തറപ്പൻ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം വിഭാഗീയ വീക്ഷണങ്ങളുടെയും അടിസ്ഥാനം, അനുഭവിക മാത്രമായ ഇത്തരം ദർശനങ്ങളാണു്. ഈ ബൂർഷ്വാ ലോക വീക്ഷണത്തിൽ നിന്നു് അടർത്തിയെടുത്തുകൊണ്ടു് ആധുനിക ശാസ്ത്രത്തെ വിലയിരുത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല.

‘വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ’ എന്ന കൃതിയിൽ, കാൾപോപ്പറുടെയും കൂട്ടരുടെയും ഈ നിലപാടിന്റെ ദൗർബല്യം ഈ ലേഖകൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. അനുഭവിക ശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം, നിരീക്ഷണ പരീക്ഷണങ്ങളുടെ കർക്കശത്വം ആവശ്യമാണു്. പക്ഷേ, മനുഷ്യന്റെ വിജ്ഞാന മണ്ഡലം ഈ അനുഭവിക ശാസ്ത്രങ്ങളുടെ തലത്തിൽ മാത്രമായി ഒതുക്കി നിറുത്തണം എന്നു പറയുന്നിടത്താണു് പിശകു്. പ്രകൃതിയുടെ അപരിമിതമേഖലകളെക്കുറിച്ചന്വേഷിക്കാൻ കഴിയുന്ന ഒരു മാനസികതലം മനുഷ്യനുണ്ടു്. ദാർശനികമായ അന്വേഷണങ്ങളുടെ തലം ഇവിടെയാണു്. പ്രകൃതി യാഥാർത്ഥ്യത്തിന്റെ രണ്ടു മുഖങ്ങളായ പരിമിതത്വവും അപരിമിതത്വവുമാണു് ഈ വൈരുദ്ധ്യത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നതു്. എന്നാൽ അരിസ്റ്റോട്ടിലിയൻ വിചിന്തന ശാസ്ത്രത്തിന്റെ വൃത്തത്തിൽനിന്നു് മുക്തമാവാൻ കഴിഞ്ഞിട്ടില്ലാത്ത ബൂർഷ്വാശാസ്ത്ര ദാർശനികന്മാർക്കു് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ടാണു് അവർ ദാർശനിക തലത്തെ തള്ളിക്കളയാൻ ശ്രമിക്കുന്നതു്.

മാർക്സിയൻ ലോകവീക്ഷണത്തിന്റെ സമഗ്ര പദ്ധതിയിൽ ഈ രണ്ടു വശവും വൈരുദ്ധ്യാത്മകമായി സമ്മേളിച്ചിരിക്കുന്നു. ദർശനത്തിന്റെയും അനുഭവിക ശാസ്ത്രങ്ങളുടെയും രണ്ടു തലങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. മാർക്സിയൻ വൈരുദ്ധ്യശാസ്ത്രത്തെ വെറും രീതി ശാസ്ത്രം മാത്രമായി പരിഗണിക്കാൻ പലരും ശ്രമം നടത്തുന്നുണ്ടെങ്കിലും, സമൂഹത്തിന്റെയും പ്രകൃതിയുടെയും സാർവ്വത്രിക ചലനനിയമങ്ങൾ അനാവരണം ചെയ്യുന്ന അതു് ദാർശനികതലത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. അതേസമയം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളിൽ മാർക്സിയൻ സമീപനം അനുഭവിക ശാസ്ത്രപരമാണു്. ഈ സാമൂഹ്യശാസ്ത്രമേഖലകൾ മറ്റു അനുഭവിക ശാസ്ത്രങ്ങളെപ്പോലെ കർക്കശമായ നിരീക്ഷണ പരീക്ഷണ മാനദണ്ഡങ്ങൾക്കു് വിധേയമല്ലെങ്കിലും പൊതുവിൽ അവ പരിമിതമേഖലകളായതുകൊണ്ടു് അനുഭവിക ശാസ്ത്രതലത്തിൽ തന്നെയാണു് പെടുന്നതു്. ഈ അനുഭവിക ശാസ്ത്രരീതിയും വൈരുദ്ധ്യശാസ്ത്രത്തിന്റെ ദാർശനിക രീതിയും പരസ്പര പൂരകമായി സമ്മേളിക്കുന്നതോടെയാണു് മാർക്സിയൻ ലോകവീക്ഷണത്തിനു് സമഗ്രത കൈവരുന്നതു്. അതുകൊണ്ടു തന്നെ മാർക്സിസത്തെ വെറും അനുഭവിക ശാസ്ത്രമായി കാണുന്നതോ ദർശനം മാത്രമായി മനസ്സിലാക്കുന്നതോ ഭാഗിക വീക്ഷണത്തിന്റെ ഫലമാണു്. എന്നാൽ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതു് ഇതാണു്.

\section {യാന്ത്രികവീക്ഷണം മാർക്സിസത്തിന്റെ പേരിൽ} ദർശനവും ശാസ്ത്രവും തമ്മിലുള്ള അന്തരവും ബന്ധവും ഇങ്ങനെ നിർവ്വചിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, മാർക്സിസത്തെ ശാസ്ത്രം മാത്രമായി കാണരുതെന്നുള്ള ‘വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളി’ലെ നിലപാടിനെ ആക്രമിച്ചുകൊണ്ടു് ഇ. എം. എസു്. നമ്പൂതിരിപ്പാടു് ‘ചിന്ത’യിൽ എഴുതുകയുണ്ടായി. ദാർശനിക പ്രശ്നങ്ങളിലെ ഒരു ഖണ്ഡിക, മൎമ്മ പ്രധാനമായ ഒരു വാചകം വിട്ടുകളഞ്ഞുകൊണ്ടു് ഉദ്ധരിച്ചു് ഉന്നയിച്ച ചോദ്യത്തിനു് മറുപടിയായി, മാർക്സിസം ശാസ്ത്രീയമല്ലെന്നു് ഞാൻ പറഞ്ഞുവെന്നും അതുകൊണ്ടു് ഫലത്തിൽ ഞാൻ മാർക്സിസത്തെ കയ്യൊഴിയുകയാണെന്നും ഇ. എം. എസു്. എഴുതി. ഇതിനുള്ള എന്റെ മറുപടിയ്ക്കു് വീണ്ടും മറുപടി പറഞ്ഞപ്പോഴുമെല്ലാം ദർശനവും അനുഭവിക ശാസ്ത്രവും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ കഴിയാത്ത ഒരാളുടെ ദയനീയാവസ്ഥയാണു് ഇ. എം. എസു്. പ്രകടിപ്പിച്ചതു്. ഇ. എം. എസു്. മാത്രമല്ല, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു് പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം, വൈരുധ്യാധിഷ്ഠിത വിചിന്തന ശാസ്ത്രം ഉൾക്കൊള്ളുകയോ പ്രയോഗിക്കുകയോ ചെയ്യാത്തവരാണെന്ന വിലയിരുത്തലിനെ സാധൂകരിക്കുന്നതായിരുന്നു ഇതു്. പഴയ ഔപചാരിക യുക്തിതന്നെയാണു് അവരുടെ ചിന്താരീതിയുടെ അടിസ്ഥാനം: യാന്ത്രികവീക്ഷണത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണെന്നു് നാം കണ്ടതാണല്ലോ.

ഇത്തരമൊരു സമീപനം ഇവിടെ മാത്രമായി നിലനിന്നിരുന്നതല്ല; ലോകവ്യാപകമായി തിരുത്തൽ വാദവീക്ഷണത്തിന്റെ അടിസ്ഥാനമായിരുന്നു ഇതു്. ഉല്പാദനശക്തികൾക്കു് ഏകപക്ഷീയമായി ഊന്നൽനൽകുന്ന യാന്ത്രികവീക്ഷണം ലോകവ്യാപകമായി നിലനിന്നിരുന്നു. ചരിത്രവികാസത്തിൽ ഉല്പാദനശക്തികൾ നിർണ്ണായകപങ്കുവഹിക്കുന്നുണ്ടു് എന്ന മാർക്സിയൻ സമീപനത്തെ ഉല്പാദനശക്തികളാണു് എല്ലാം നിർണ്ണയിക്കുന്നതു് എന്നു് വ്യാഖ്യാനിക്കുകയാണു് ഉല്പാദനശക്തികളുടെ സിദ്ധാന്തക്കാർ ചെയ്തതു്. സോവിയറ്റു് യൂണിയനിൽ ഈ വീക്ഷണം വികസിച്ചു് കമ്മ്യൂണിസം തന്നെ എഞ്ചിനീയറിങ്ങിന്റെ പ്രശ്നമാണെന്നു് വരെ വ്യാഖ്യാനിക്കപ്പെട്ടു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തിലൂടെ ഉല്പാദനം പരമാവധി വികസിപ്പിച്ചാൽ മാത്രമേ, കമ്മ്യൂണിസം വിഭാവന ചെയ്യുന്ന രീതിയിൽ എല്ലാവർക്കും ആവശ്യത്തിനു് അനുസരിച്ചു് നൽകാൻ കഴിയൂ എന്ന വാദമാണു് ഇത്തരം സമീപനങ്ങളുടെയെല്ലാം അടിസ്ഥാനം. മുൻ സോഷ്യലിസ്റ്റുരാജ്യങ്ങളെല്ലാം മുതലാളിത്തത്തിലേയ്ക്കു് തിരിച്ചുപോകുന്നതിനു് സൈദ്ധാന്തികാടിസ്ഥാനം നൽകിയതു് ഇതേ ഉല്പാദന ശക്തികളുടെ സിദ്ധാന്തമാണു്. ഉല്പാദനം വർദ്ധിപ്പിക്കുന്നതു് മുഖ്യ ലക്ഷ്യമായി മാറിയതോടെ, മുതലാളിത്തരീതികൾ ഉൾപ്പെടെ ഏതു് മാർഗ്ഗവും സ്വീകരിക്കുന്നതു് ന്യായീകരിക്കപ്പെട്ടു. സോവിയറ്റു യൂണിയനിലും ചൈനയിലുമെല്ലാം മുതലാളിത്ത പുനഃസ്ഥാപനപ്രക്രിയയുടെ ചരിത്രം പരിശോധിച്ചാൽ ഈ ഗതിക്രമം വ്യക്തമാവും.

ശാസ്ത്രസാഹിത്യപരിഷത്തു് താരതമ്യേന ഒരു സ്വതന്ത്രസംഘടനയായിരുന്ന ആദ്യകാലത്തു് പല വീക്ഷണങ്ങൾ അതിൽ നിലനിന്നിരുന്നു. എന്നാൽ അടുത്ത കാലത്തു്, മാർക്സിസ്റ്റുപാർട്ടിയുടെ ഒരു പോഷകസംഘടനയായി അതിന്റെ സ്വഭാവം രൂപാന്തരപ്പെട്ടതോടെ, അതു് സ്ഥായിയായ ഒരു സൈദ്ധാന്തിക നിലപാടു് അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടു്. അതിന്റെ പൊതുദിശ, മുകളിൽ ചൂണ്ടിക്കാണിച്ച ഉല്പാദനശക്തികളുടെ സിദ്ധാന്തം തന്നെയാണെന്നു് കാണാം. പൂർണ്ണമായും ഈ അവസ്ഥയിലെത്തുന്നതിനുമുമ്പുള്ള സ്വതന്ത്രനിലപാടിന്റെ സ്വാധീനം അടുത്തകാലം വരെ ചിലപ്പോഴെല്ലാം തലപൊക്കിയിരുന്നു എന്നു മാത്രം. അതുകൊണ്ടാണു് ടോമി മാത്യു സൂചിപ്പിച്ചതുപോലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സമീപനം ശാസ്ത്രവാദത്തിന്റെയും പരിസ്ഥിതിവാദ സമീപനങ്ങളുടെയും ഇടയ്ക്കു് നിൽക്കുന്നതായി തോന്നുന്നതു്. യഥാർത്ഥത്തിൽ ഇന്നവരുടെ സൈദ്ധാന്തികാടിത്തറ, മുതലാളിത്ത ശാസ്ത്രവാദം തന്നെയാണു്. മുതലാളിത്ത സാമ്പത്തിക നിയമങ്ങൾ യാതൊരു മറയും കൂടാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിലും സോഷ്യലിസം നിലനിൽക്കുന്നു എന്നു വാദിക്കുന്നതിനേക്കാൾ എളുപ്പമാണു്, മുതലാളിത്തത്തിലും സോഷ്യലിസത്തിലും ശാസ്ത്രം ഒന്നുതന്നെ ആയിരിക്കും എന്നു് പറയുക.

മാവോയിസ്റ്റു് ബദൽ

ഉല്പാദന ശക്തികൾ വികസിച്ചിടത്തു് മാത്രമേ വിപ്ലവം സാധ്യമാകൂ എന്ന ആദ്യകാല മാർക്സിസ്റ്റ് നിഗമനം യാന്ത്രികമായി മുറുകെ പിടിച്ചിരുന്ന രണ്ടാം ഇന്റർ നാഷണലിന്റെ സമീപനത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് ലെനിൻ ഒക്ടോബർ വിപ്ലവത്തിന് സൈദ്ധാന്തികാടിസ്ഥാനം സൃഷ്ടിച്ചത്. പക്ഷേ പിൽക്കാലത്ത് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയയിൽ ഇത്തരമൊരു സമീപനം പ്രയോഗിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമൊന്നും നടന്നില്ല. ഫലത്തിൽ ഉല്പാദനശക്തികളുടെ സിദ്ധാന്തം തന്നെ പ്രാബല്യത്തിൽ വരികയും ചെയ്തു. ദീർഘകാലം ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ ആധിപത്യം ചെലുത്തിയ ഈ വീക്ഷണത്തിനെതിരായി ഗൗരവപൂർവ്വമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിക്കുന്നതോടെയാണ്. മുതലാളിത്ത പുനഃസ്ഥാപനത്തിന്റെ അടിസ്ഥാനം ഉല്പാദനശക്തികളുടെ സിദ്ധാന്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരായി സൈദ്ധാന്തികവും പ്രായോഗികവുമായ സമരം കെട്ടഴിച്ചു വിടപ്പെടുകയാണ് സാംസ്കാരിക വിപ്ലവത്തിൽ ഉണ്ടായത്.

ഉല്പാദനശക്തികൾ ചരിത്രവികാസത്തിൽ നിർണ്ണായക പങ്കു് വഹിക്കുന്നുണ്ടെങ്കിലും, ഉല്പാദനശക്തികളുടെ വികാസം ഉല്പാദനബന്ധങ്ങളെ കാലഹരണപ്പെടുത്തുന്ന സന്ദർഭത്തിൽ, സാമൂഹ്യവിപ്ലവങ്ങളുടെ യുഗം ഉടലെടുക്കുന്നു എന്നും, ആ യുഗത്തിൽ എല്ലാത്തരം ഉല്പാദനബന്ധങ്ങളും ബന്ധപ്പെട്ട സാമൂഹ്യബന്ധങ്ങളുമാണു് വിപ്ലവകരമായ മാറ്റത്തിനു് വിധേയമാകുന്നതെന്നുമാണു് മാർക്സിന്റെ ഖണ്ഡിത നിലപാടു്. ഇതിന്റെ അടിസ്ഥാനത്തിൽ മുതലാളിത്തത്തിൽനിന്നു് കമ്മ്യൂണിസത്തിലേക്കുള്ള സുദീർഘമായ പരിവർത്തനഘട്ടം മുഴുവൻ സാമൂഹ്യവിപ്ലവത്തിന്റെ യുഗമാണെന്നും, ആ കാലഘട്ടത്തിലുടനീളം ഉല്പാദനബന്ധങ്ങളിലെ മാറ്റമാണു് നിർണ്ണായകമെന്നും മാവോ ചൂണ്ടിക്കാണിച്ചു. ഉല്പാദനബന്ധങ്ങളിലെ മാറ്റത്തിനു് ഊന്നൽ നൽകിക്കൊണ്ടു് ഉല്പാദനം വികസിപ്പിക്കുകയാണു് സോഷ്യലിസ്റ്റു നിർമ്മാണത്തിൽ നടത്തേണ്ടതെന്നും തീരുമാനിക്കപ്പെട്ടു.

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രവർത്തനമേഖല ഉല്പാദന ശക്തികളുടെ തലത്തിലാണു്. അനിയന്ത്രിതമായ ശാസ്ത്ര സാങ്കേതിക വികാസത്തിലൂടെ ഉല്പാദനശക്തികളെ വികസിപ്പിക്കുക എന്ന സമീപനത്തിൽനിന്നു് ഭിന്നമായി, മനുഷ്യനും മനുഷ്യനും തമ്മിലും ഉല്പാദനോപാധികളും ഉല്പാദനബന്ധങ്ങളും തമ്മിലുള്ള ബന്ധം ആരോഗ്യകരമായി പുനസ്സംഘടിപ്പിക്കുക എന്നതിനു് ഊന്നൽ നൽകുന്നതോടെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പങ്കു് വ്യത്യസ്തമായി തീരുന്നു. മുതലാളിത്തത്തിൽ മനുഷ്യൻ യന്ത്രങ്ങളുടെ ഭാഗമായിത്തീരുന്നു. പൽച്ചക്രങ്ങളുടെ പല്ലുകളായി മാറുന്നുവെന്നും, കമ്മ്യൂണിസത്തിൽ ഇതിനു് വിരുദ്ധമായി, മനുഷ്യൻ യന്ത്രങ്ങളുടെ യജമാനനായി മാറുമെന്നുമാണു് മാർക്സ് പറഞ്ഞതു്. ഈ ലക്ഷ്യം നേടണമെങ്കിൽ ഉല്പാദനശക്തികളുടെ സിദ്ധാന്തം കയ്യൊഴിക്കുകയും, സമത്വത്തിലധിഷ്ഠിതമായ ഉല്പാദനബന്ധങ്ങൾ പുനസ്സംഘടിപ്പിക്കുന്നതു് ലക്ഷ്യമാക്കി ശാസ്ത്രസാങ്കേതിക വിദ്യകളെ മനുഷ്യ താല്പര്യങ്ങൾക്കു് കീഴ്പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടു്. മുതലാളിത്ത ഉല്പാദന ബന്ധങ്ങളെയും സാമ്പത്തിക നിയമങ്ങളെയും തകർത്തുകൊണ്ടല്ലാതെ, ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ടാണു് ഇത്തരം സാമൂഹ്യവിപ്ലവങ്ങളോടു് ചേർന്നുകൊണ്ടല്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യകളെ മെരുക്കിയെടുക്കാൻ സാധ്യമല്ലെന്നു് വരുന്നതു്.

ഈ ദിശയിലുള്ള അന്വേഷണങ്ങൾക്കു് ആരംഭംകുറിച്ചതു് മാവോ ആയിരുന്നു. സോഷ്യലിസ്റ്റു കാലഘട്ടത്തിൽ പരിഹരിക്കേണ്ടതായ അടിസ്ഥാന വൈരുദ്ധ്യങ്ങൾ, കർഷകരും തൊഴിലാളികളും തമ്മിലും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലും കായികാദ്ധ്വാനവും മാനസികാദ്ധ്വാനവും തമ്മിലും ആണെന്നു് മാവോ നിർവ്വചിക്കുകയുണ്ടായി. പട്ടണവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാനുള്ള മാവോയുടെ ശ്രമങ്ങൾ ദൂരവ്യാപക ഫലങ്ങളുളവാക്കുന്നവയായിരുന്നു. വ്യാവസായിക കേന്ദ്രീകരണത്തെ ഒഴിവാക്കാനും, പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കാതെ അത്യാവശ്യ വ്യവസായങ്ങൾ ക്രമപ്പെടുത്താനുമുള്ള വലിയൊരു പദ്ധതിയുടെ തുടക്കമാണു് സാംസ്കാരികവിപ്ലവത്തിൽ ആരംഭിച്ചതു്. അധികാരം യഥാർത്ഥത്തിൽ ജനങ്ങളിലെത്തിക്കുന്ന വികേന്ദ്രീകൃത രാഷ്ട്രീയ സംവിധാനത്തിന്റെ അടിസ്ഥാനമായി മാവോ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച കമ്മ്യൂണുകൾ ഇത്തരം സന്തുലിതമായ സാമൂഹ്യഘടനാരൂപങ്ങൾ പുനസ്സംഘടിപ്പിക്കാനുള്ള ആദ്യ കാൽവെയ്പുകളായിരുന്നു. ഈ ദിശയിലുള്ള സമഗ്രമായ പദ്ധതി ആവിഷ്കരിക്കപ്പെട്ടുവെന്നോ നടപ്പിലാക്കിയെന്നോ അല്ല വിവക്ഷ. അങ്ങേ അറ്റം പരിമിതികളോടു കൂടി ആയിരുന്നെങ്കിലും ഇതൊരു സുപ്രധാന തുടക്കം തന്നെയായിരുന്നു. വിവിധ വിജ്ഞാനമേഖലകളിൽ ഓരോ സമൂഹവും പരമ്പരാഗതമായി ആർജിച്ചിട്ടുള വിജ്ഞാനത്തെയും ജനങ്ങളുടെ അനുഭവസമ്പത്തിനെയും ആധുനിക വിജ്ഞാനവുമായി ബന്ധിപ്പിച്ചുകൊണ്ടു് ആരോഗ്യകരമായ സമീപനം വികസിപ്പിച്ചെടുക്കാനും മാവോയുടെ കാലത്തു് ശ്രമങ്ങൾ നടക്കുകയുണ്ടായി. ഇത്തരം ശ്രമങ്ങളെ അവയുടെ പരിമിതി അംഗീകരിച്ചുകൊണ്ടുതന്നെ, ഒരു തുടക്കമായി കണ്ടുകൊണ്ടു് ആ ദിശയിലുള്ള അന്വേഷണങ്ങളെ വികസിപ്പിക്കാനാണു് മാർക്സിസ്റ്റുകൾ ശ്രമിക്കേണ്ടതു്. ഇത്തരമൊരു സമീപനം വികസിപ്പിക്കാൻ കഴിയത്തക്കവിധം ഒരു സമഗ്രലോക വീക്ഷണം ഇന്നു് മാർക്സിസം മാത്രമേ മുന്നോട്ടുവെച്ചിട്ടുള്ളു എന്നതും ഒരു വസ്തുതയാണു്.

പ്രകൃതിവാദത്തിന്റെ നിർമാനവീകരണം

ചരിത്ര സാഹചര്യങ്ങൾക്കതീതമായ കേവലമായ ശാസ്ത്രം എന്നും മനുഷ്യപുരോഗതിയുടെ പ്രതീകമാണെന്ന ശാസ്ത്രവാദികളുടെ ഏകപക്ഷീയ വീക്ഷണം, വ്യത്യസ്ത ചരിത്ര സാഹചര്യങ്ങളുടെ ഉപകരണമായിക്കൊണ്ടു് ശാസ്ത്രസാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന ഭീകര മുഖങ്ങളെ വെള്ളപൂശിക്കാട്ടുകയാണു് ചെയ്യുന്നതു്. ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുന്നു എന്നതു്‌‌‌‌‌‌ ശരിയാണു്. എന്നാൽ ഈ കണ്ടെത്തലുകൾ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയിലെ ആധിപത്യ ശക്തികൾ തങ്ങൾക്കനുകൂലമായും മറ്റുള്ളവരെ കൊള്ള ചെയ്യാനുമായി ഉപയോഗിക്കുന്നു. ഈ യാഥാർത്ഥ്യത്തെ അവഗണിച്ചുകൊണ്ടു് കേവലശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുന്നതു് ചൂഷക സാമൂഹ്യ വ്യവസ്ഥകളെ സംരക്ഷിക്കാൻ മാത്രമേ സഹായിക്കൂ.

എന്നാൽ ഈ ചരിത്രബോധം പാടെ കൈവെടിഞ്ഞുകൊണ്ടു് മുതലാളിത്ത ലോകം അവതരിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഭീകരരൂപം കണ്ടിട്ടു്, ശാസ്ത്ര സാങ്കേതിക വിദ്യകളെ പാടെ തിരസ്കരിച്ചുകൊണ്ടു് പ്രകൃതിയിലേയ്ക്കു് തിരിച്ചുപോവുക എന്നു് വാദിക്കുന്ന പ്രകൃതിവാദികൾ, മറ്റൊരു ഏകപക്ഷീയതയെയാണു് പ്രതിനിധീകരിക്കുന്നതു്. പ്രകൃതിയുമായി പൂർണ്ണമായി താദാത്മ്യം പ്രാപിച്ചുകൊണ്ടു് പ്രകൃതിയുമായുള്ള സമരം ഒഴിവാക്കി പ്രകൃതിയുമായി മനുഷ്യൻ അനന്യത സ്ഥാപിക്കുന്ന ഒരു അവസ്ഥയെയാണു് പ്രകൃതിവാദികൾ വിഭാവന ചെയ്യുന്നതു്. പ്രകൃതിയുമായുള്ള നിരന്തര സംഘട്ടത്തിലൂടെ മനുഷ്യൻ കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെല്ലാം കയ്യൊഴിച്ചുകൊണ്ടേ ഈ തിരിച്ചുപോക്കു് സാധ്യമാവൂ. ആകർഷകമെന്നു് തോന്നുന്ന ഈ സമീപനം അപ്രായോഗികമാവുന്നതു് അതു് യാഥാർത്ഥ്യത്തിനു നിരക്കാത്തതു് ആയതുകൊണ്ടാണു്; അതുകൊണ്ടുതന്നെ അതു് ആന്തരിക വൈരുദ്ധ്യം ഉൾക്കൊള്ളുന്നു എന്നതുമാണു് യാഥാർത്ഥ്യം.

പ്രകൃതിയുടെതന്നെ സൃഷ്ടിയായ മനുഷ്യൻ മറ്റു ജീവജാലങ്ങളിൽനിന്ന് ഗുണപരമായി ഉയർന്ന ഒരു തലത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടു് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മറ്റു ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽന്നു് വ്യത്യസ്തമാണു്. മനുഷ്യന്റെ മാനസിക വികാസം അവനെ സ്വന്തമായ സ്വത്വബോധമുള്ളവനാക്കി തീർത്തിരിക്കുന്നു. ഇതവന്റെ സ്വന്തം സൃഷ്ടിയല്ല; പ്രകൃതി തന്നെയാണു് അവനെ ഈ നിലവാരത്തിലെത്തിച്ചതു്. തനതായ സ്വത്വബോധമുള്ളതുകൊണ്ടാണു് പ്രകൃതിയുമായി പൂർണ്ണമായി ലയിച്ചുചേരാൻ കഴിയാതെ പ്രകൃതിയുമായി വൈരുദ്ധ്യാത്മക ബന്ധത്തിലേർപ്പെടാൻ അവനു് കഴിയുന്നതു്. ഇതൊരു ചീത്തക്കാര്യമല്ല. മനുഷ്യന്റെ മുഴുവൻ സാമൂഹ്യ സാംസ്ക്കാരിക പുരോഗതിയുടെ അടിസ്ഥാനം പ്രകൃതിയുമായുള്ള അവന്റെ ഈ വൈരുദ്ധ്യാത്മക ബന്ധമാണു്. ഈ ബന്ധത്തെ പ്രകൃതിയുമായി പൂർണ്ണമായി താദാത്മ്യം പ്രപിക്കുന്ന ഒന്നായി മാറ്റിത്തീർക്കണമെന്നു് പറയുന്നതു് മനുഷ്യൻ മനുഷ്യനല്ലാതായി തീരണമെന്നു് പറയുന്നതിനു തുല്യമാണു്. അതുകൊണ്ടാണു് മനുഷ്യന്റെ ഇത്തരമൊരു നിർമാനവീകരണം അപ്രായോഗികമാണെന്നു് പറയുന്നതു്. അങ്ങിനെയൊരു സങ്കല്പത്തെ ആധാരമാക്കിയുള്ള ഒരു വീക്ഷണവും മനുഷ്യസമൂഹം സ്വീകരിക്കാൻ പോകുന്നില്ല.

മനുഷ്യന്റെ ഇടപെടലില്ലാത്ത പ്രകൃതി സ്വച്ഛവും സന്തുലിതവുമായി എന്നും ചലിച്ചുകൊണ്ടിരിക്കുന്നു എന്നു് കരുതുന്നതും അബദ്ധമാണു്. ഹിമയുഗങ്ങളും ഭൂഖണ്ഡാന്തര ചലനങ്ങളും വമ്പിച്ച അഗ്നിപർവ്വത സ്ഫോടനങ്ങളും മറ്റും വഴി ജീവജാലങ്ങളുടെ അസംഖ്യം പരമ്പരകളെത്തന്നെ ഉന്മൂലനാശം വരുത്തിയ ദുരന്തങ്ങളുടെ വലിയ ചരിത്രമാണു് മനുഷ്യനു് മുമ്പുള്ള പ്രകൃതിയ്ക്കുള്ളതു്. പ്രകൃതിയെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ നിരന്തര പരിശ്രമങ്ങൾ ഇത്തരം പല ദുരന്തങ്ങളും ഒഴിവാക്കാവുന്ന തരത്തിൽ അവനെ കഴിവുറ്റവനാക്കുന്നുണ്ടു്. പക്ഷേ ഇത്തരം നേട്ടങ്ങളെ മറികടക്കുന്ന ദുരന്തങ്ങൾ ഇന്നു് മനുഷ്യൻ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണു് നമ്മുടെ മുന്നിലുള്ളതു് എന്നുമാത്രം.

പുതിയ സമീപനത്തിന്റെ ആവശ്യകത

സാമൂഹ്യവിപ്ലവത്തിലൂടെ വർഗ്ഗസമരത്തിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടുന്നതാണു് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ അപാകതകൾ എന്ന സമീപനം കാലഹരണപ്പെട്ടതാണു്. മാർക്സിസത്തിന്റെ പേരിൽ നിലനിന്നുപോന്ന യാന്ത്രിക സമീപനത്തിന്റെ തുടർച്ച മാത്രമാണതു്. ദേശീയതകളുടെ പ്രശ്നം, സ്ത്രീപുരുഷബന്ധത്തിലെ അസമത്വം, ജാതിവ്യവസ്ഥ തുടങ്ങിയതെല്ലാം വർഗ്ഗസമരത്തിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടും എന്നു് വാദിച്ചിരുന്ന യാന്ത്രികവീക്ഷണത്തേക്കാൾ കൂടുതൽ അപകടകരമാണു് ഈ നിലപാടും. സോഷ്യലിസ്റ്റു് നിർമ്മാണ പ്രക്രിയയിൽ, ഉല്പാദനബന്ധങ്ങളുടെ പുനസ്സംഘടനയുടെ ഭാഗമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കാതെ ശാസ്ത്രസാങ്കേതികവിദ്യകൾ എങ്ങനെ ഏതു പരിധിവരെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നു് തീരുമാനിക്കേണ്ടിവരും. അത്തരമൊരു ബോധപൂർവമായ ആസൂത്രണം കൂടാതെ, ലാഭേച്ഛയിലധിഷ്ഠിതമായ മത്സരത്തിന്റെ ഉപകരണമായി ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തപ്പെട്ടാൽ മുതലാളിത്തത്തിന്റെ ദുരന്തഫലങ്ങളിൽനിന്നു് വ്യത്യസ്തമായ ഒന്നും തന്നെ സൃഷ്ടിക്കപ്പെടില്ല. അതിനു് സോഷ്യലിസത്തിന്റെ പൊയ്‌‌മു‌‌‌‌‌‌ഖമണിഞ്ഞതുകൊണ്ടു് പ്രയോജനമില്ല. യഥാർത്ഥത്തിൽ സോഷ്യലിസം കെട്ടിപ്പെടുക്കുന്നതിനു് ചൂഷണരഹിത സമൂഹത്തിൽ ശാസ്ത്രസാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതു് സംബന്ധിച്ചു് വ്യക്തമായ ധാരണ ആവശ്യമാണു്. ഇത്തരമൊരു നയമില്ലാതെ കെട്ടിപ്പെടുക്കുന്ന സോഷ്യലിസം സോഷ്യലിസമാവില്ലെന്നതാണു് യാഥാർത്ഥ്യം.

പ്രകൃതി സമ്പത്തുകൊണ്ടു് അസൂയാവഹമായ രീതിയിൽ സമ്പന്നമായ കേരളം ഇന്നു് നേരിടുന്ന ഭീഷണി ചെറുതല്ല. പുത്തൻ കൊളോണിയൽ രീതിയിലുള്ള കൊള്ളയുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വാശ്രിത വികസനത്തെക്കുറിച്ചുള്ള ഏതൊരു സങ്കല്പവും കേരളത്തിന്റെ പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കുന്ന തലത്തിലായേ പറ്റൂ. പക്ഷേ അതു് ക്ഷിപ്രസാധ്യമായോ ലളിതവൽകൃതപദ്ധതികളിലൂടെയോ നേടിയെടുക്കാൻ കഴിയില്ല. ബാഹ്യശക്തികളുടെ ആധിപത്യത്തിനും കൊള്ളയ്ക്കുമെതിരായ സമരത്തിലൂടെ ഒരു ബദൽ ഉല്പാദനരീതി വികസിപ്പിച്ചെടുത്തുകൊണ്ടേ ഇതു് സാധ്യമാകൂ.