close
Sayahna Sayahna
Search

1918-ലെ ഒരു ഡിസംബർ രാത്രി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും Template:SFN/ValthTemplate:SFN/ValthBox

മഞ്ഞുമഴപെയ്തു കൊണ്ടിരുന്ന ഒരു ഡിസംബർ 24 രാത്രി. ലോകമെങ്ങും ദേവാലയങ്ങൾ ക്രിസ്തുദേവന്റെ ജനനസ്മരണയിൽ പ്രാർഥനാപൂർവം ഉണർന്നിരിക്കുന്നു. ചേരാനല്ലൂർ യാക്കോശ്ലീഹാ പള്ളിയിൽ പാതിരാക്കുർബ്ബാന കഴിഞ്ഞ് വാലംകരയിലെ ഏതാനും ക്രിസ്ത്യൻ കുടുംബങ്ങൾ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. രാത്രി ഒരു മണിയോടടുത്ത സമയം. ദേഹം തുളയ്ക്കുന്ന തണുപ്പ്. നോക്കുന്തോറും എങ്ങും കറുകറുത്ത ഗോപുരങ്ങൾ രൂപപ്പെട്ടു വരുന്ന കുറ്റാ കൂരിരുട്ട്. വഴിയുടെ ഇരുവശത്തും പുല്ലുവളർന്നു നിൽക്കുന്ന പാഴ്‌‌ഭൂമിയാണ്‌. പ്രേതപ്പറമ്പ് പോലെ. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകൾ. ആ വിജനതയിൽ പകൽപോലും നടക്കാൻ ആളുകൾക്ക് പേടിയാണ്. മുമ്പിൽ നടക്കുന്ന പുരുഷന്മാർ ആഞ്ഞു വീശുന്ന ചൂട്ടുകറ്റയുടെ ചുവന്ന വെളിച്ചവും ചൂടും കഴുത്തിലെ വെന്തിങ്ങയും കൈവിരലുകളിൽ തിരിയുന്ന കൊന്തയും മാത്രം ആശ്രയം. പിന്നിൽ തപ്പിത്തടഞ്ഞാണ്‌ ചട്ടയും റേന്ത കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറിയും ധരിച്ച പെണ്ണുങ്ങളുടെ നടപ്പ്.

നാട്ടുവഴി പാടവരമ്പത്ത് അവസാനിക്കും. നേർത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം. പാടത്തിന്റെ കരയിൽ വരിയൊപ്പിച്ചു നിന്ന് ആർത്തു ചിരിക്കുന്ന പ്രേതങ്ങൾ പോലെ ശീതക്കാറ്റിൽ മുടിയഴിച്ച് ആടുന്ന തെങ്ങിൻ നിരകൾ. പാടം കഴിഞ്ഞാൽ തോടിന് അക്കരെയാണ് വാലം. തോടുകൾ ഒരു ദേശത്തിന്റെ പ്രകൃതി ദത്തമായ വരദാനമാണ്. സ്ത്രീകൾ തോട്ടിൽ തുണിയലക്കി കുളിച്ചു കയറാത്ത വീടുകളുണ്ടായിരുന്നില്ല. തോടിന് കുറുകെ ഉയരമുള്ള തടിപ്പാലം. വരാപ്പുഴയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും കേവുവള്ളങ്ങളും വാലം തോടിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം ഉയരത്തിൽ വേണ്ടിയിരുന്നു. കോൺക്രീറ്റ് ഇല്ലാത്ത കാലത്ത് തടി കൊണ്ട് മാത്രം നിർമ്മിച്ച രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാൽ ഉയർത്തി വെക്കാൻ മുതിർന്നവർക്കെ കഴിയൂ. വളരെ പേടിച്ചാണ് എല്ലാവരും ആ പാലം കടന്നിരുന്നത്‌. പലരും കാൽ വഴുതി പുഴയിൽ വീണിട്ടുമുണ്ട്. ഒരു കുശവൻ പകലന്തിയോളം കലം വിറ്റ് രാത്രി മടങ്ങിപ്പോകും വഴി ആ പാലത്തിൽ നിന്ന് താഴെ വീണിട്ടുണ്ട്.

പാതിരാക്കുർബ്ബാന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങൾ പാലമിറങ്ങി വാലം കരയിൽ എത്തി. വാലത്തെ വീടുകൾ സന്ധ്യയോടെ ഉറങ്ങാൻ തുടങ്ങും. വിളക്ക് കത്തിച്ചു അധികനേരം വയ്ക്കില്ല. കുട്ടികൾ നാമം ചൊല്ലിക്കഴിഞ്ഞാൽ അത്താഴം വിളമ്പലായി. അതും കഴിഞ്ഞാൽ എല്ലാ വിളക്കുകളും അണയും. മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക് കരുതിവയ്ക്കും. ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കഷ്ടി ഒരു മാസമേ ആയിട്ടുള്ളൂ. യൂറോപ്പ് കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ അലയൊലികൾ ലോകത്താകമാനം ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യത്തെ വീട്ടിൽ അപ്പോഴും വെളിച്ചം കണ്ടു. എല്ലായിടത്തും കുറ്റാകൂരിരുട്ട്. ആ വീട്ടിൽ മാത്രം വെളിച്ചം. റാന്തലിന്റെ അരണ്ട വെളിച്ചം. വരാന്തയിൽ ആരൊക്കെയോ നിൽപ്പുണ്ട്. വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാൻ അവർ ആ ചെറിയ വീട്ടിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവർക്ക് ലഭിച്ചത്. ക്രിസ്തു ജനിച്ച സമയം. ഒരു ആൺ കുഞ്ഞു പിറന്നിരിക്കുന്നു. ക്രിസ്തുവിനെ പിൽക്കാലത്ത്‌ ഏറെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്ത വാലത്തിനു ജനിക്കുവാൻ ഉചിതമായ സമയം അതുതന്നെ എന്ന് പ്രകൃതി നിശ്ചയിച്ചിരിക്കാം. അങ്ങനെ ഒരു ഡിസംബർ രാത്രിയിൽ ജനിച്ച വാലത്ത് നിരവധി ഡിസംബറുകളിലെ കുളിർ പെയ്യുന്ന മഞ്ഞുകാലങ്ങൾ ആവോളം ആസ്വദിച്ചു മറ്റൊരു ഡിസംബർ സന്ധ്യയിൽ അന്തരിച്ചു. ഇടിമുഴക്കം, മിന്നൽ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ, തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലാ സ്ഥലചരിത്രങ്ങൾ തുടങ്ങി കാലത്തിനു പകരം വയ്ക്കാൻ കഴിയാത്ത ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു മലയാളസാഹിത്യത്തിൽ സ്വന്തം കയ്യൊപ്പു ചാർത്തിയ വി. വി. കെ. വാലത്ത് എന്ന എളിയ മനുഷ്യന്റെ വ്യക്തി ജീവിതത്തിലേക്ക്‌ ഒരവലോകനം.