close
Sayahna Sayahna
Search

Difference between revisions of "VVK Valath 2"


(Created page with "<!--%2--> __NOTITLE____NOTOC__← വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും {{SFN/Valath}}{{SFN/Valat...")
(No difference)

Revision as of 07:23, 7 August 2019

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


എറണാകുളം ജില്ലയിൽ ഇടപ്പള്ളിയ്ക്കടുത്തുള്ള ചേരാനെല്ലൂർ ചരിത്ര പ്രസിദ്ധമാണ്. കൊച്ചീ രാജ്യത്തിലെ ഇടപ്രഭുക്കന്മാരായിരുന്ന അഞ്ചു കയ്മൾമാരിൽപെട്ട ചേരാനല്ലൂർ കർത്താവിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം. വരാപ്പുഴക്കായൽ എന്ന പേരിൽ വരാപ്പുഴ ഭാഗത്തുകൂടി ഒഴുകി കൊച്ചി അഴിമുഖം വഴി അറബിക്കടലിൽ സംഗമിക്കുന്ന പെരിയാറിന്റെ കിഴക്കേ കരയാണ് ചേരാനല്ലൂർ.

ചേരാനല്ലൂരിന്റെ പടിഞ്ഞാറ് ഭാഗത്ത് കായൽ തീരത്തോട് ചേർന്നാണ് തോടുകളും ചിറകളും എമ്പാടും നിറഞ്ഞ വാലം എന്ന താഴ്ന്ന കായലോര ഗ്രാമം. പടിഞ്ഞാറ് ഭാഗം വേമ്പനാട്ടു കായലാണ്. കായലിൽ നിന്നടിക്കുന്ന ഇളംകാറ്റിൽ ആടിയുലയുന്ന തെങ്ങുകൾ വാലംകരയിൽ എമ്പാടും മനോഹരകാഴ്ചയാണ്…

“ഞണ്ടുകൾ മാളം വെച്ച് താവളമുറപ്പിക്കും
കണ്ടവും മീൻ കളിക്കും കൈത്തോടും കയങ്ങളും
മൂകമായ് ചൂടാണ്ടുള്ളോരുപ്പുവെള്ളത്തിൽക്കുളി-
ച്ചാകവേ ഭസ്മം പൂശി നിൽക്കുന്ന ചിറകളും
വട്ടമിട്ടെല്ലായ്പ്പോഴുംകാത്തു നിന്നീടുന്നൊരു
പട്ടിണിത്തുരുത്താണെൻ ജന്മദേശമാം ഗ്രാമം.”

എന്നാണു വാലത്ത് തന്റെ ജന്മഗ്രാമത്തെ വിശേഷിപ്പിച്ചത്‌.

എങ്ങും ദാരിദ്ര്യം കളിയാടിയിരുന്ന മനോഹരഗ്രാമം എന്നു വാലംകരയെ, ദാരിദ്ര്യം ഇല്ലാത്ത ഇക്കാലത്ത് പരിഹസിച്ചാൽ അന്ന് ആ ചെറ്റക്കൂരകളിൽ നിന്ന് ഉതിർന്ന നെടുവീർപ്പുകളും ഒഴുകിയ കണ്ണുനീരും മാപ്പ് തരില്ല. യഥാർത്ഥ വാലം ഒരു ദാരിദ്ര്യമേഖലയായിരുന്നു. ധനസ്ഥിതിയുള്ള ഒരാൾ പോലും അക്കാലത്ത് അവിടെ ഉണ്ടായിരുന്നില്ല. ഭൂരിഭാഗവും ഓല മേഞ്ഞ ചെറുവീടുകൾ. കൂലിപ്പണിക്കാരായ ആണുങ്ങൾ. സ്ത്രീജനങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ തോട്ടുവക്കത്ത് നിരന്നിരുന്നു തൊണ്ട് തല്ലും. അതോടൊപ്പം ചകിരി പിരിച്ചു കയർ നിർമ്മാണവും നടക്കും. ചീഞ്ഞ മടലിന്റെ ദുർഗന്ധം വാലത്തേയ്ക്ക് കടന്നു ചെല്ലുന്ന ആരെയും സ്വാഗതം ചെയ്തിരുന്നു. മൂന്നോ നാലോ മുസ്ലിം, ക്രിസ്തീയ കുടുംബങ്ങൾ കഴിഞ്ഞാൽ തൊണ്ണൂറു ശതമാനവും ഈഴവ കുടുംബങ്ങളാണ്. തെക്കേ വാലം, വടക്കേ വാലം എന്ന് തിരിക്കേണ്ട തരത്തിൽ നീളമേറിയതായിരുന്നു വാലംകര. കിഴക്കു അരികിൽ കേവ് വള്ളങ്ങളും, ചെറു ബോട്ടുകളും കടന്നു പൊയ്ക്കൊണ്ടിരുന്ന വാലംതോട്. പടിഞ്ഞാറെ അരികിലൂടെ വേമ്പനാട്ടു കായലിലേക്ക് ഒഴുകുന്ന പെരിയാർ. വേമ്പനാട്ടുകായൽ കൊച്ചി അഴി വഴി അറബിക്കടലിൽ ചേരുന്നു. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്കാണ് വെള്ളം ഒഴുകുക. ഇതു കൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകും. കായലിൽ നിന്ന് സ്ഥിരമായി ഉപ്പു കാറ്റടിക്കുന്നതിനാൽ ചെടികൾ മുരടിക്കും. ചുറ്റും വെള്ളമുണ്ടായിട്ടും വാലത്തുകാർക്ക് കുടിക്കാൻ ശുദ്ധജലം കിട്ടാറില്ല. ഒന്നോ രണ്ടോ കിണറുകളിൽ മാത്രമായി ശുദ്ധജലം ചുരുങ്ങും. ആ കിണറുകളായിരിക്കും എല്ലാവരുടെയും ആശ്രയം.

ഇലകളും കൊമ്പുകളും പടർന്നു പന്തലിച്ച വലിയ ആഞ്ഞിലിമരങ്ങൾ വാലത്തുണ്ടായിരുന്നു. ആ മരങ്ങളിലായിരുന്നു, കാക്കകൾ രാത്രിയിൽ ചേക്കേറിയിരുന്നത്! സന്ധ്യയോടെ എവിടെ നിന്നെന്നറിയില്ല, കാക്കത്തൊള്ളായിരം കാക്കകൾ കൂട്ടംകൂട്ടമായി വരാൻ തുടങ്ങും. ക്രാ, ക്രാ ശബ്ദം അന്തരീക്ഷത്തിൽ അലയടിക്കുന്നത് കാതിൽ മുഴങ്ങിക്കേൾക്കാം. ഏറ്റവും വലിയ പ്രശ്നമാണ് അഭിഷേകം. കാക്കകളുടെ അഭിഷേകം കൊണ്ട് പുരപ്പുറം മുഴുവൻ വെള്ളനിറമായിരുന്നു. ആ സമയങ്ങളിൽ ആരെങ്കിലും വീടിനു പുറത്തിറങ്ങുകയോ, പുറത്തു നിന്ന് വീട്ടിലേക്കു വരികയോ ചെയ്‌താൽ അഭിഷേകം ശിരസാ വഹിക്കാതെ നിവൃത്തിയില്ല…എന്നിട്ടും അവിടത്തുകാർ ജന്മനാടിനോടുള്ള സ്നേഹം കൈവിട്ടില്ല. ഓണക്കാലത്ത് വാലം കൂടുതൽ മനോഹരിയാകും. പുൽക്കൊടിയും പൂവിടുന്ന പോന്നോണക്കാലത്ത് പറമ്പിലും തൊടിയിലും ഇലക്കുമ്പിളിൽ പൂ പറിക്കുന്ന കുട്ടികളെ കാണാം. ഉച്ച തിരിയുമ്പോൾ മാവേലിയുടെ അപദാനങ്ങൾ കീർത്തിക്കുന്ന ഓണപ്പാട്ടുകൾ കാറ്റിൽ ഒഴുകിയെത്തും. വാലത്തെ സ്ത്രീജനങ്ങൾ മികച്ച ഓണംകളിക്കാരായിരുന്നു. ഓണക്കാലത്ത് ഇളം തെന്നൽ വീശുന്ന ഉച്ചതിരിഞ്ഞ നേരങ്ങളിൽ വടക്കേവാലത്തും തെക്കെവാലത്തും ഒരേസമയം രണ്ടും മൂന്നും കൈകൊട്ടിക്കളികൾ അരങ്ങേറും. പഴയ കഥയാണ്‌. ഇന്ന് വാലം മറ്റു ഗ്രാമങ്ങൾ പോലെ ‘ഫാഷണബിൾ’ ആയിമാറിക്കഴിഞ്ഞു.