close
Sayahna Sayahna
Search

അന്തരീക്ഷത്തില്‍ മഷിക്കുപ്പി, മേശപ്പുറത്ത് നക്ഷത്രം


അന്തരീക്ഷത്തില്‍ മഷിക്കുപ്പി, മേശപ്പുറത്ത് നക്ഷത്രം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഇന്നത്തെ സംസ്കാരസൗധത്തിന്റെ വാതായനം തുറന്നു തരുന്ന ചില പദങ്ങളുണ്ട്...ഉദ്ഘാടകപദങ്ങളാണ് അവ. താക്കോല്‍കൊണ്ടു വീടു തുറക്കുന്നതുപോലെ ഈ ഉദ്ഘാടകപദങ്ങള്‍കൊണ്ട് നമ്മള്‍ ആധുനിക സംസ്കാരഭവനത്തിന്റെ വാതില്‍ തുറക്കുന്നു. ശൂന്യത, വൈരസ്യം, യാതന, സന്ത്രാസം ഇവ ആ വാക്കുകളില്‍ ചിലതുമാത്രം. സ്വാതന്ത്ര്യം (അസ്തിത്വവാദത്തോടു ബന്ധപ്പെട്ട സ്വാതന്ത്ര്യം — existential freedom) എന്നതും ആ രീതിയിലുള്ള പദമത്രേ. എല്ലാ വാക്കുകളും കൊരുത്തിട്ടിരിക്കുന്നത് ഒരു വളയില്‍ത്തന്നെ.

ജീവിതം ഏതു നിമിഷവും ശൂന്യതയില്‍ച്ചെന്നുവീഴാം എന്നതില്‍നിന്നു ജനിക്കുന്ന സന്ത്രാസം (Dread Angst) ഒരു വസ്തുവിനെയും ഒരു വസ്തുതയെയും ആശ്രയിച്ചല്ല ഇരിക്കുന്നത്. മനുഷ്യന്‍ ആരുമാകട്ടെ, അവന്‍ മഹാരാജ്യത്തിന്റെ പ്രസിഡന്റായിരിക്കാം; പ്രധാനമന്ത്രിയായിരിക്കാം; അവിടത്തെ വിറകുവെട്ടുകാരനായിരിക്കാം; ലോകം കണ്ട ശാസ്ത്രജ്ഞന്മാരില്‍ അദ്വിതീയനായിരിക്കാം. എങ്കിലും ശൂന്യതയാല്‍-മരണത്താല്‍ അവന്‍ ഗ്രസിക്കപ്പെടും. ഇത് ഉളവാക്കുന്ന സന്ത്രാസം അവന്റെ സത്തയില്‍ കലര്‍ന്നിരിക്കുന്നു. അങ്ങനെ മരണം എന്ന അബ്സേഡിറ്റിയിലേക്കു് അവന്‍ നീങ്ങുന്നു. വരാത്ത-ഒരിക്കലും വരാത്ത- ഗദേയെ അവന്‍ കാത്തിരിക്കുന്നു. (സാമുവല്‍ ബക്കറ്റിന്റെ Waiting for godot-ഗദേയെ കാത്ത്-എന്ന നാടകം) നീഷേ, ഹൈഡിഗര്‍, യാസ്പേഴ്സ്, സാർത്ര്, കമ്യൂ ഇവരുടെ പരസ്പര വിഭിന്നങ്ങളെങ്കിലും സാമാന്യതത്ത്വങ്ങളില്‍ ഏകഭാവം പുലര്‍ത്തുന്ന ഈ തത്വചിന്താഗതിയാണ് ഇന്നു് പാശ്ചാത്യലോകത്തെ ഭരിക്കുന്നത്. അതിനാല്‍ കലയുടെ ലോകത്തും അതിന്റെ അതിപ്രസരം കാണാം പാശ്ചാത്യസാഹിത്യത്തിലും ചിത്രകലയിലും മനുഷ്യന്‍ മരിച്ചിരിക്കുന്നു. ഈ ഡിഹൂമനൈസേഷന്‍ — അമാനവീകരനം — കൂടിക്കൂടി സാഹിത്യസൃഷ്ടികളുടെയും കലാസൃഷ്ടികളുടെയും നിരാകരണത്തില്‍വരെ ചെന്നെത്തിയിട്ടുണ്ടു്. “മോണലിസ”യ്ക്കു മീശ വരയ്ക്കുക, കര്‍ണ്ണാന്ദകരമായ സംഗീതം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ പരുക്കന്‍ ശബ്ദം കേള്‍പ്പിക്കുക, നല്ല ചിത്രങ്ങളില്‍ തെരുവിലെ വീപ്പയില്‍നിന്നെടുക്കുന്ന വൃത്തികെട്ട വസ്തുക്കള്‍ ഒട്ടിച്ചുവയ്ക്കുക ഇവയെല്ലാം “കലാസൗന്ദര്യത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല.” “എല്ലാ പരമ്പരാഗതങ്ങളായ മൂല്യങ്ങളെയും ഞങ്ങള്‍ നിഷേധിക്കുന്നു” എന്ന പ്രത്യക്ഷപ്രസ്താവനകള്‍ക്കു പകരമായിട്ടുള്ള പരോക്ഷപ്രസ്താവങ്ങളായിട്ടാണു് നാം മനസ്സിലാക്കേണ്ടതു്. എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് ചിന്താഗതി വരുത്തിയ കെടുതികളായിട്ടാണു് നമ്മള്‍ ഇവയെ കാണേണ്ടതു്. മനുഷ്യനും സാഹിത്യത്തിനും കലയ്ക്കുംവന്ന ഈ അധഃപതനം അമേരിക്കന്‍ സാഹിത്യകാരനായ ഹെന്‍റിമില്ലറുടെ “ട്രോപിക് ഓഫ് കാന്‍സര്‍” എന്ന നോവലിലെ ഒരു ഭാഗം വ്യക്തമാക്കിത്തരും.

“Once I thought that to be human was the highest aim man could have, but I see now that it was meant to destroy me. Today I am proud to say that I am in-human, that I belong not to men and governments, that I have nothing to do with creeds and principles. I have nothing to do with the cracking machinery of humanity...A man who belongs to this race must stand up on the high place with gibberish in his mouth and rip out his entrails! And anything that falls short of this frightening spectacle, anything less shuddering, less terrifying, less mad, less intoxicated, less contaminated, is not art.”

താന്‍ മനുഷ്യനല്ലെന്നു പ്രഖ്യാപിക്കുന്നതിലാണ് മില്ലര്‍ക്കു താല്പര്യം. മനുഷ്യന്‍ ഒരുന്നത സ്ഥാനത്തു കയറിനിന്ന് അന്യനു മനസ്സിലാക്കാന്‍ വയ്യാത്ത ഭാഷയില്‍ അതുമിതും പുലമ്പണ

മെന്നും സ്വന്തം വയറു കീറി കുടല്‍മാല വലിച്ചു പുറത്തിടണമെന്നും മില്ലര്‍ നിര്‍ദ്ദേശിക്കുന്നു. ഭയജനകമായ, ഞെട്ടിപ്പിക്കുന്ന ആ കാഴ്ചയില്‍ കുറഞ്ഞതൊന്നും കലയല്ല അദ്ദേഹത്തിനു്. 1934-ലാണു് മില്ലര്‍ “ട്രോപിക് ഓഫ് കാന്‍സര്‍” പാരീസില്‍ പ്രസിദ്ധപ്പെടുത്തിയതു്. പതിനൊന്നു കൊല്ലം കഴിഞ്ഞപ്പോള്‍, ഐര്‍ലണ്ടില്‍ ജനിച്ച ബ്രിട്ടീഷ് ചിത്രകാരന്‍ ഫ്രാന്‍സീസ് ബേക്കണ്‍ന്റെ ‘മഗ്ദലേന്‍’ എന്ന ചിത്രം ആവിര്‍ഭവിച്ചു. ആധുനിക മനുഷ്യന്റെ വൈരൂപ്യം മുഴുവന്‍ അദ്ദേഹത്തിന് അതില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. ഭീമമായ ഒരു രൂപം ശരീരത്തിന്റെ രണ്ടു ഭാഗങ്ങളിലുള്ള വളവോടുകൂടി കമഴ്ന്നുകിടക്കുന്നു. തലയുടെ മുകളില്‍ വലിയ കുട നിവര്‍ത്തിവച്ചിട്ടുണ്ടു്. അതില്‍ നിന്നു സുതാര്യമായ ഒരു തുണി തൂങ്ങിക്കിടക്കുന്നു. ആ തുണിയുടെ താഴെയായി ആ രൂപത്തിന്റെ — സ്ത്രീയുടെ — തല. ഏതോ ക്രൂരമായ മൃഗത്തിന്റെ തലപോലുണ്ടത്. അവളുടെ വായ് തുറന്നിരിക്കുന്നു. അസഹനീയമായ വേദനകൊണ്ട് അവള്‍ നിലവിളിക്കുകയാണെന്നു തോന്നുന്നു. രാക്ഷസീയവും രോഗാര്‍ത്തവുമായ ഒരു രൂപം. ഇത് ആധുനിക മനുഷ്യന്റെ രാക്ഷസീയതയുടെയും രോഗാവസ്ഥയുടേയും ശാശ്വത പ്രതീകം തന്നെ.ബേക്കണ്‍ എഴുതിയ എല്ലാ ചിത്രങ്ങളും ഈ വിധത്തില്‍ ഭീതിപ്രദങ്ങളത്രേ. ഡച്ച് പെയ്ന്റര്‍ വാന്‍ ഹോക്ക് (വാന്‍ ഗോ എന്ന് ഇംഗ്ലീഷുച്ചാരണം)ജീവിതാന്ത്യത്തോട് അടുപ്പിച്ച് തന്റെ രൂപം തന്നെ ചിത്രീകരിക്കുകയുണ്ടായി. അത്തരം ചിത്രങ്ങളില്‍ പ്രാധാന്യമുള്ളത്. 1890-ല്‍ അദ്ദേഹം വരച്ച “സെല്‍ഫ് പോര്‍ട്രീറ്റ്”നാണ്. അദ്ദേഹത്തിന്റെ കൊടുമ്പിരിക്കൊണ്ട മാനസികനില മുഴുവനും ചിത്രത്തിലെ വാന്‍ ഹോക്കിന്റെ മുഖത്തു കാണാം. ഈ ചിത്രത്തിനു വിപര്യയം വരുത്തിക്കൊണ്ട് ബേക്കണ്‍ 1959-ല്‍ വരച്ച Head of a Man-Study of Drawing by Van Gogh എന്ന ചിത്രം കണ്ടാല്‍ നമ്മള്‍ ഞെട്ടും. ആരോ അടിച്ചുചതച്ച ഒരു മുഖം. നീരുവന്നു വീര്‍ത്ത മട്ടിലുള്ള മൂക്ക്. അസ്ഥിപഞ്ജരത്തിനുള്ളതുപോലെ രണ്ടു നേര്‍ത്ത ഗര്‍ത്തങ്ങള്‍, തലയില്‍ ഒരു മുടിനാരുപോലുമില്ല. തലയോട് വെളുത്തു തെളിഞ്ഞു കാണാം. കഷ്ടപ്പാടിന്റെയും നിരാശതയുടേയും അന്യവത്ക്കരണത്തിന്റെയും രൂപം. ബേക്കണ്‍ വരച്ച എല്ലാ രൂപങ്ങളും ഇങ്ങനെതന്നെ. ഇവിടെ മനുഷ്യന്‍ മൃഗമായി മാറുന്നു. സാമുവല്‍ ബക്കറ്റിന് സാഹിത്യത്തില്‍ എന്തു സ്ഥാനമുണ്ടോ, ആ സ്ഥാനമാണു് ചിത്രകലയില്‍ ഈ ചിത്രകാരനുള്ളതു്. “ശൂന്യത മാത്രമായ ഈ ലോകത്തു് എനിക്കാരുമില്ല, എന്നെ രക്ഷിക്കൂ” എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ “സ്ത്രീപുരുഷന്മാര്‍’, (അവരെ അങ്ങനെ വിളിക്കാമെങ്കില്‍) നിലവിളിക്കുന്നു. ഇതു കേട്ടുകൊണ്ടു നമ്മള്‍ സാഹിത്യത്തിലേക്കു തിരിയുകയാണു്.

റുമേനിയന്‍ നാടക കര്‍ത്താവായ യനസ്കോയുടെ നാടകങ്ങളിലെ പ്രധാനപ്പെട്ട പ്രമേയം “വസ്തുക്കളുടേയും വസ്തുതകളുടേയും കേന്ദ്രത്തിലുള്ള ശൂന്യത” (Void at the centre of things) എന്നതാണു്. കേവലസത്യങ്ങളില്ല; അതിനാല്‍ അവയെ അവലംബിച്ചുകൊണ്ട് മനുഷ്യനു് ഒന്നും പ്രവര്‍ത്തിക്കാന്‍ വയ്യ എന്നും അദ്ദേഹം വിശ്വസിക്കുന്നു. ആകെയുള്ളത് പേടി മാത്രം. ഈ ഭയം, ശൂന്യത ദര്‍ശിച്ചിട്ടു് ഉണ്ടാകുന്നതും. പോളണ്ടിലെ നാടകകര്‍ത്താവ് മ്രോഷക്ക് “ടാങ്കോ” എന്ന ഉജ്ജ്വലമായ നാടകത്തിലൂടെ ധ്വനിപ്പിക്കുന്നത് സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ അധഃപതിച്ച ഈ ലോകത്ത് അധികാരം മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണു്. ആ അധികാരം പ്രയോഗിക്കാന്‍ മടിയില്ലാത്തവര്‍ രാഷ്ട്രത്തിന്റെ നേതാക്കന്മാരായി മാറുന്നു. ജര്‍മ്മനിയിലെ പീറ്റര്‍ ഹന്‍ഡ്കെ സത്യത്തിന്റെ സ്വഭാവമെന്താണെന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ മൂന്നോ നാലോ നാടകങ്ങളില്‍ “കസ്പര്‍” എന്നതു മാത്രമേ എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഏകാന്തതയില്‍ വളര്‍ന്നുവന്ന കസ്പര്‍, ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത കസ്പര്‍ ഭാഷയുടെ ആക്രമണത്തില്‍ തകര്‍ന്നടിയുന്നത് നമ്മള്‍ ആ നാടകത്തില്‍ കാണുന്നു. ഒടുവില്‍ രംഗത്ത് അനേകം കസ്പര്‍മാര്‍. ആദ്യത്തെ കസ്പറെ തിരിച്ചറിയാന്‍ വയ്യാതെ നമ്മള്‍ നില്ക്കുമ്പോള്‍ നാടകത്തില്‍ യവനിക വീഴുകയാണ്. ഇവിടെയും മനുഷ്യന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു് അവന്‍ മനുഷ്യനല്ലാതായി മാറുന്നു.

ഇതില്‍നിന്നെല്ലാം മോചനം നല്‍കാനായി “മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍” എന്നു ചിലര്‍ ആജ്ഞാപിച്ചുതുടങ്ങിയിരിക്കുന്നു. സര്‍വ്വസാധാരണങ്ങളായ അനുഭവങ്ങളില്‍നിന്നു് അതീതങ്ങളായ അനുഭവങ്ങള്‍ അവ പ്രദാനംചെയ്യുമെന്നാണ് അക്കൂട്ടരുടെ വാദം. സന്ത്രാസത്തില്‍നിന്നും അര്‍ത്ഥരാഹിത്യത്തില്‍നിന്നും രക്ഷനേടാന്‍ വേണ്ടി അതീതമനുഷ്യര്‍ -Supermen-സോമം കഴിച്ച് അതീന്ദ്രിയലോകത്തു പ്രവേശിക്കുന്നതായി ആല്‍ഡസ് ഹക്സിലി “Brave New World” എന്ന നോവലില്‍ പ്രസ്താവിച്ചിട്ടുണ്ടു്. സങ്കല്പത്തോടു മാത്രം ബന്ധപ്പെട്ട ഈ പ്രസ്താവം ഇന്നു പ്രായോഗികതലത്തില്‍ എത്തിയിരിക്കുന്നു. ആളുകള്‍ LSD25, മെപ്രൊബമേറ്റ് ഇവ കഴിച്ച് മനസ്സിന് വ്യാപകത്വം നേടുന്നു. പുതിയ അറിവും നൂതനമായ ബോധവും ഈ മയക്കുമരുന്നുകള്‍ നല്കുന്നു എന്നതാണു് അവരുടെ ഉദ്ഘോഷണം. ഇവ ഉപയോഗിക്കുന്നവര്‍ക്കു ഭ്രാന്ത് വരുന്നു.


അല്ലെങ്കില്‍ തലച്ചോറിന് സ്ഥിരമായ ക്ഷതം സംഭവിക്കുന്നു എന്നല്ലാതെ വേറൊന്നും ഇതിനെക്കുറിച്ചു പറയാനില്ല. ഇനി താല്ക്കാലികമായി മനസ്സിനു വ്യാപകത്വം സിദ്ധിച്ചു എന്നുതന്നെയിരിക്കട്ടെ; നൂതനമായ അറിവും നൂതനമായ ജ്ഞാനവും ലഭിച്ചുവെന്നിരിക്കട്ടെ. എന്നാല്‍ത്തന്നെ എന്ത്? മയക്കുമരുന്നിന്റെ ശക്തി ഇല്ലാതാവുമ്പോള്‍ അതു ഉപയോഗിച്ചവന്‍ വീണ്ടും ഭൗതികസത്യത്തിലേക്കുതന്നെ പോരില്ലേ? ഏതു മരുന്നു കഴിച്ചാലും മാനുഷികാനുഭവത്തിന്റെ സാധാരണത്വത്തെ എങ്ങനെ ഇല്ലാതാക്കാന്‍ സാധിക്കും? ഇന്ദ്രിയങ്ങളിലൂടെയുള്ള അവശ മനഃശക്തിയെ എങ്ങിനെ നശിപ്പിക്കാന്‍ കഴിയും? അപ്പോള്‍ നൂതനമായ ജ്ഞാനവും മറ്റും വെറും തോന്നലാണെന്നു വന്നുകൂടുന്നു.

ഇമ്മട്ടില്‍ പാശ്ചാത്യലോകത്ത് എല്ലാ മണ്ഡലങ്ങളിലും ജീര്‍ണ്ണത തേര്‍വാഴ്ച നടത്തുന്നു. ഇതു മനസ്സിലാക്കിയവര്‍ ദോഷനിരസനവുമായി മുന്നോട്ടുവരുന്നുണ്ടു്. ആളുകളെ ഞെട്ടിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനായി തങ്ങള്‍ ശ്രമിക്കുന്നു എന്നാണ് അവരുടെ മതം. ഓടയില്‍ കിടക്കുന്ന ഒരു നാറുന്ന വസ്തുവിനെ അവിടെനിന്നെടുത്ത് മനോഹരമായ ചിത്രത്തിലൊട്ടിച്ചുവച്ചാല്‍, മോണാലിസയ്ക്കു മീശ വരച്ചു ചേര്‍ത്താല്‍ അത്ഭുതമെന്ന വികാരം ഇളക്കിവിടാമല്ലോ. അതിന് ഒരു ബന്ധനമുക്തിയുടെ സ്വഭാവമുണ്ട്. ചിരപരിചിതത്വത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോചനം. ഈ അത്ഭുത വികാരത്തിന്റെ ഉദ്ദീപനത്തിനുവേണ്ടിയാവണം നവീന കവികള്‍ “മേശപ്പുറത്തു് നക്ഷത്രം, അന്തരീക്ഷത്തില്‍ മഷിക്കുപ്പി” എന്ന രീതിയില്‍ ഇമേജുകള്‍ കാവ്യത്തില്‍ നിവേശിപ്പിക്കുന്നതു്. ഈ വാദവും ഇതിന് യോജിച്ച പ്രവര്‍ത്തനവും വെറും ‘മണ്ടന്‍കളി’യാണു്. ബന്ധവിമുക്തിയെന്ന പേരും പറഞ്ഞു് മനുഷ്യനെ പ്രകമ്പനം കൊള്ളിക്കുന്ന പാശ്ചാത്യദേശത്തെ കലാകാരന്മാരും ചിന്തകരും സത്യത്തിലേക്കു് അവനെ നയിക്കുന്ന ഭാവനയെ ഗളഹസ്തം ചെയ്യുകയാണു്. ലോകത്തെ ബുദ്ധിപൂര്‍വ്വകമായി നോക്കിക്കൊണ്ടിരിക്കുന്നവരെ ഭ്രാന്തന്മാരെന്നു മുദ്രകുത്തുകയാണു് അവര്‍. കലയുടെ ചേതോഹരമായ ലോകം പാശ്ചാത്യദേശത്തു് മതിവിഭ്രാമകത്വത്തിന്റെ ലോകമായി മാറിയിരിക്കുന്നു. സത്യത്തിനു പകരം അസത്യം അവിടെയുള്ളവര്‍ സ്വീകരിച്ചുകഴിഞ്ഞു. ബന്ധനവിമുക്തി എന്നു പറഞ്ഞുപറഞ്ഞു് മറ്റൊരു ബന്ധനത്തില്‍ച്ചെന്നു വീഴുകയാണ് അക്കൂട്ടര്‍. പാശ്ചാത്യരെ കണ്ണടച്ച് ആരാധിക്കുന്ന കേരളത്തിലെ നവീന കലാകാരന്മാര്‍ ഈ പരമാര്‍ത്ഥം മനസിലാക്കിയെങ്കില്‍!