close
Sayahna Sayahna
Search

ആധുനികത മരിച്ചു


ആധുനികത മരിച്ചു
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

പാശ്ചാത്യദര്‍ശനത്തിന്റെ — ഫിലോസഫിയുടെ ചരിത്രം മനുഷ്യന്‍ ഏതെങ്കിലും വന്മരത്തില്‍ കയറിക്കയറി മുകളിലോട്ടു ചെല്ലുന്നതിനു സദൃശമാണെന്നു ഒരു ജര്‍ണ്ണലിസ്റ്റ് എഴുതിയതു് ഞാന്‍ വായിച്ചിട്ടുണ്ടു്. മരത്തിന്റെ തായ്ത്തടി മനുഷ്യജീവിതത്തിന്റെ മഹാത്ഭുതമാണു്, സോക്രട്ടീസും പ്ലേറ്റോയും അവിടെ കയറ്റം ആരംഭിച്ചവരാണു്. അവര്‍ അവസാനിപ്പിച്ചിടത്തുനിന്നു് മറ്റുള്ളവര്‍ മുകളിലോട്ടു കയറാന്‍ തുടങ്ങി. കയറുന്തോറും തടിയുടെ കനം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ സാര്‍ത്രും കമ്യൂവും യാസ്പേഴ്സും കയറിയിരുന്നതു് ഒരു മില്ലിമീറ്റര്‍ കനം മാത്രമുള്ള ഒരു ഇലഞെട്ടിലാണു്. അവിടെയിരു

ന്നുകൊണ്ടു് അവര്‍ അതു മുറിച്ചിടുകയും ചെയ്തു. ഞെട്ടു് താഴെ വീണപ്പോള്‍ മൂന്നു പേരും ഒരുമിച്ചു താഴെ വീണു. ജര്‍ണ്ണലിസ്റ്റ് ഇത്ര വിശദമായി എഴുതിയിട്ടില്ല. എങ്കിലും ഒരു വാക്യത്തിനുള്ളില്‍ അദ്ദേഹം നിവേശിപ്പിച്ചിരിക്കുന്ന അര്‍ത്ഥാലങ്കാരത്തിന്റെ വ്യാപ്തിയേറിയ അര്‍ത്ഥം ഇതു തന്നെയാണു്. യാസ്പേഴ്സ് സാര്‍ത്രിനെപോലെയും കമ്യുവിനെപ്പോലെയും നിരീശ്വരനല്ലെങ്കിലും ഐശ്വരാംശം മൂന്നു പേരുടേയും ദര്‍ശനങ്ങളിലില്ല. നീഷേയിലാരംഭിക്കുന്ന ഈ സവിശേഷത സാര്‍ത്ര് തുടങ്ങിയ അസ്തിത്വവാദികളില്‍ വികാസംകൊണ്ടു നില്ക്കുകയാണു്. മനുഷ്യനെ മാത്രം പരിഗണിക്കുന്ന ദര്‍ശനമാണു് യാസ്പേഴ്സിന്റേതു്. യഥാര്‍ത്ഥമായ ഫിലോസഫി മനുഷ്യന്റെ വ്യക്തിനിഷ്ഠമായ ജീവിതത്തില്‍ ആരംഭിക്കുന്നുവെന്നും മറ്റുള്ള മനുഷ്യര്‍ക്കു തങ്ങളുടെ ജീവിതത്തെ മനസ്സിലാക്കുന്നതിനു് അതു പ്രയോജകീഭവിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. (യാസ്പേഴ്സ് 1969-ല്‍ മരിച്ചു). അര്‍ത്ഥരഹിതമായ ലോകത്തു് സ്വാതന്ത്ര്യത്തോടെ അലയുന്ന ഏകാന്തജീവിയായി സാര്‍ത്ര് മനുഷ്യനെ കാണുന്നു. (1980-ല്‍ സാര്‍ത്ര് അന്തരിച്ചു). ധീരതയാര്‍ന്ന ഹ്യൂമനിസത്തിന്റെ ഉദ്ഘോഷകനാണു് കമ്യുവെങ്കിലും അദ്ദേഹവും മനുഷ്യന്‍ അബ്സേഡായ ലോകത്തു കഴിഞ്ഞുകൂടുന്നവനാണെന്നു പ്രഖ്യാപിക്കുന്നു. (1960 ല്‍ കമ്യു ചരമം പ്രാപിച്ചു). മനുഷ്യനില്‍ മാത്രം ദര്‍ശനത്തെ ഒതുക്കുന്ന അസ്തിത്വവാദികള്‍ അവന്റെ ഐശ്വരാംശത്തെ പാടേ നിഷേധിച്ചു. സോക്രട്ടീസ് തുടങ്ങിയ തത്ത്വചിന്തകര്‍ ഉണര്‍ന്നിരിക്കുന്ന ബോധത്തിന്റേയും സാന്മാര്‍ഗ്ഗിക സ്വഭാവത്തിന്റേയും ഇരിപ്പിടമായി ആത്മാവിനെ കണ്ടു. ലോകത്തെ ആദര്‍ശാത്മകമായി വീക്ഷിച്ച അദ്ദേഹം മനുഷ്യന്റെ ഐശ്വരാംശത്തെ പരോക്ഷമായി അംഗീകരിച്ചു. തുടര്‍ന്നുള്ള എല്ലാ തത്ത്വചിന്തകരും ഈ അടിസ്ഥാനതത്ത്വത്തില്‍നിന്നു മാറിയിട്ടില്ല. പക്ഷേ ആധുനിക തത്ത്വചിന്ത ഈ ദൈവികത്വത്തെ ഗളഹസ്തം ചെയ്യുകയും ആ സ്ഥാനത്തു് മനുഷ്യരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്നു മനുഷ്യനും ഗളഹസ്തം ചെയ്യപ്പെട്ടിരിക്കുന്നു. അപമാനവികരണത്തിന്റെ യത്നങ്ങളേ എങ്ങും കാണാനുള്ളൂ. അതിനോടു ബന്ധപ്പെട്ട ശബ്ദങ്ങളേ എങ്ങും കേള്‍ക്കാനുള്ളൂ. ഇങ്ങനെ ദര്‍ശനം വഴിമുട്ടി നില്ക്കുകയാണു്. ഇനി അപ്പുറം പോകാന്‍ വയ്യ. ഈ ചിന്താഗതി അവലംബിച്ച സാമുവല്‍ ബക്കറ്റ് അതിനാലാണു് ഇങ്ങനെ പറഞ്ഞതു്: I have nothing to say and I can only say to what extent I have nothing to say എനിക്കൊന്നും പറയാനില്ല എനിക്കൊന്നും പറയാനില്ല എന്നതു ഏതുവരെ പറയാമോ അതു മാത്രമെ എനിക്കു പറയാനുള്ളു എന്നു കലാകാരന്‍ എഴുതുമ്പോള്‍ അദ്ദേഹം എത്ര സര്‍ഗ്ഗശക്തിയുള്ളവനാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കുത്സിതമായിരിക്കുന്നു എന്നു മാത്രമേ നമ്മള്‍ ഗ്രഹിക്കുകയുള്ളു. ഇതാണു് നവീന സാഹിത്യത്തിന്റെ സ്വഭാവം. ഈ സ്വഭാവം മനുഷ്യനു യോജിച്ചതല്ല, ലോകത്തിനു് യോജിച്ചതല്ല, പ്രപഞ്ചത്തിനാകെ യോജിച്ചതല്ല. വിത്തു മുളച്ചു് ചെടിയായ്, മരമായി, വന്മരമായിത്തീരുമ്പോള്‍ വികാസമാണു് നമ്മള്‍ കാണുന്നതു്. നെബ്യൂലയില്‍ നിന്നു് (nebula) ഗ്രഹങ്ങളും കോടാനുകോടി നക്ഷത്രങ്ങളും ഉണ്ടാകുമ്പോള്‍ വികാസമാണ് സംഭവിക്കുക. വന്മരം വീണാലും അതിന്റെ വിത്തു് മറ്റൊരു വന്മരം സൃഷ്ടിക്കും. നക്ഷത്രങ്ങള്‍ നശിച്ചാലും അവയുടെ നാശത്തില്‍നിന്നു മറ്റൊരു നക്ഷത്രമുണ്ടാകും. മനുഷ്യന്റെ സ്ഥിതി വിഭിന്നമല്ല. അവന്റെ ഒരു പ്രക്രിയയായ സാഹിത്യത്തിന്റെയും രീതി അതു തന്നെ. എല്ലാം എപ്പോഴുമുണ്ടു്. പക്ഷേ സൂക്ഷ്മത്തില്‍നിന്നു സ്ഥൂലത്തിലേക്ക് ചെന്നിട്ട് വീണ്ടും സൂക്ഷ്മത്തിലേക്കും അവിടെനിന്നു സ്ഥൂലത്തിലേക്കും ചെല്ലുമ്പോള്‍ ഇടയ്ക്കൊരു താല്ക്കലികമായ നാശമുണ്ടാകും. വന്മരം മറിഞ്ഞുവീഴുന്നതു പ്രത്യക്ഷത്തിലുള്ള നാശംതന്നെ. അണുക്കള്‍ നശിക്കുന്നില്ലെങ്കിലും ആ നിലയില്‍ പാശ്ചാത്യദര്‍ശനം ഇന്നു നാശത്തിലെത്തിയിരിക്കുന്നു. അതു നീഷേയാല്‍ ആരംഭിച്ചു സാര്‍ത്രില്‍ പര്യവസാനിച്ചു. ഇനി വീണ്ടും തളിര്‍ത്തുതുടങ്ങും. അപ്പോള്‍ ഐശ്വരാംശത്തിനു പ്രാധാന്യം നല്‍കുന്ന ഫിലോസഫി ആവിര്‍ഭവിക്കും.

ഇരുപതാം ശതാബ്ദത്തിലെ കലാകാരന്മാര്‍ പ്രതിഭാശാലികളാണെന്നതില്‍ സംശയമില്ല. പീകാസ്സോയെ ആര്‍ക്കു നിന്ദിക്കാന്‍ കഴിയും? അതു തന്നെയാണ് സാര്‍ത്ര്, സാമുവല്‍ ബക്കറ്റു്, യെനസ്കോ എന്നീ സാഹിത്യകാരന്മാരുടെ നിലയും. പക്ഷെ അവരുടെ പ്രതിഭ ആവിഷ്കരിച്ചതു് ലോകത്തിന്റെ അര്‍ത്ഥശൂന്യതയെ മാത്രമാണ്. പൊരുത്തക്കേടിനെ മാത്രമാണ്. മനുഷ്യ സംസ്ക്കാരത്തിന്റെ സിംബലായ ഭാഷ പ്രയോജനശൂന്യമാണെന്നു് അവര്‍ വാദിച്ചു. (ആ വാദത്തിനും ഭാഷയാണ് പ്രയോജനപ്പെട്ടതു് എന്നതു് ഒരു വൈരുദ്ധ്യം). ആദ്യമൊക്കെ ഇതു ഒരു ‘ഷോക്ക്’ ഉളവാക്കി. ബക്കറ്റിന്റെ “വെയ്റ്റിങ്ങ് ഫോര്‍ഗദോ” എന്ന നാടകം ആളുകള്‍ “നെഞ്ചേറ്റി ലാളിക്കാന്‍” തുടങ്ങി. പക്ഷേ അവരുടെ ആ സര്‍ഗ്ഗാത്മകത്വവും വാദങ്ങളും ശോഷണത്തിലെത്തിക്കഴിഞ്ഞു. ഇന്നു യൂറോപ്പിലോ ഇംഗ്ലണ്ടിലോ അമേരിക്കയിലോ ആരും ബക്കറ്റെന്നും യനസ്കോയെന്നും ഹാരോള്‍ഡ് പിന്റനെന്നും ആല്‍ബിയെന്നും പറയുന്നില്ല. പറഞ്ഞാലും അതു സാഹിത്യചരിത്രത്തെ പരിഗണിക്കുമ്പോള്‍ മാത്രമാണ്. വ്യക്തമായി പറയട്ടെ, കലയിലെയും സാഹിത്യത്തിലെയും നവീന പ്രസ്ഥാനം (അത്യന്താധുനികത) മരിച്ചുകഴിഞ്ഞിരിക്കുന്നു. അതിനു പ്രാണവായു നല്കിയിരുന്ന തത്ത്വചിന്തയും അപ്രത്യക്ഷമായിരിക്കുന്നു.

ഇവരുടെ കൃതികളില്‍ സ്വാതന്ത്ര്യത്തെയും മനുഷ്യത്വത്തെയും കണ്ടെത്താനുള്ള ശ്രമങ്ങളില്ലേ എന്നു ചോദിക്കുമായിരിക്കും. ആ ശ്രമങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ആത്മാവിന്റെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യമുളവാക്കുന്ന ശാന്തതയോ ആഹ്ലാദമോ ഇല്ല. “എല്ലാം മരണത്തിലേക്കു്” എന്നു പറഞ്ഞു് അതു മനുഷ്യനു ജാഡ്യം ഉളവാക്കുന്നതേയുള്ളു. മരണത്തെ മനുഷ്യന്റെ അബ്സേഡിറ്റി മാത്രമായി കാണുന്ന നവീന സാഹിത്യകാരന്‍ മനുഷ്യ ജീവിതത്തെ മരണത്തിലേക്കുള്ള യാത്രയായി മാത്രം കാണുന്നു. ഇക്കാരണത്താലാണു് നവീന സാഹിത്യം മനുഷ്യനു് മാനസികോന്നമനം ഉളവാക്കാത്തതു്. ടോള്‍സ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസ്’ നോക്കൂ. ഐശ്വരാംശം അതിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നു. ദസ്തേയേവ്സ്കിയുടെ ബ്രദേഴ്സ് കാരമാസോവു് എന്ന നോവല്‍ ഈശ്വരനാല്‍ ‘ഹോണ്‍ട്’ ചെയ്യപ്പെടുന്ന കലാശില്പമാണു്. അവ വായിക്കുമ്പോള്‍ നമ്മള്‍ ഔന്നത്യത്തിലേക്കു ചെല്ലുന്നു. ബക്കറ്റിന്റെ “വെയിറ്റിങ് ഫോര്‍ഗദോ” നമുക്കു ജാഡ്യവും അസ്വസ്ഥതയും ഖിന്നതയും ഉളവാക്കുന്നു. പറഞ്ഞതു് ആവര്‍ത്തിക്കട്ടെ. ആ ശതാബ്ദത്തിലെ ഫിലോസഫിയും സാഹിത്യവും അവയുടെ അത്യന്തതയില്‍ എത്തി മരണം പ്രാപിച്ചിരിക്കുന്നു.