close
Sayahna Sayahna
Search

ഉദാത്ത രചന


ഉദാത്ത രചന
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

പ്രാചീന സാഹിത്യനിരൂപണത്തെക്കുറിച്ചു പറയുമ്പോഴെല്ലാം സ്മരിക്കപ്പെടുന്ന ഒരു നാമധേയമുണ്ടു്; ലോഞ്ചിനസ്. അദ്ദേഹത്തിന്റെ ‘ഉദാത്തരചന’[1]യെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധമായിട്ടുണ്ടു്. “ഓജസ്സും യഥാര്‍ത്ഥമായ വികാരവും അപഗ്രഥനപാടവവും ഒത്തുചേര്‍ന്നതാണ്” ലോഞ്ചിനസ്സിന്റെ കൃതിയെന്നു പാശ്ചാത്യനിരൂപകര്‍ പ്രസ്താവിക്കുന്നു. “നിരൂപണത്തിന്റെ ചരിത്രത്തില്‍ അതിനു് നിസ്തുലമായ സ്ഥാനമുണ്ടെന്നും” അവര്‍ക്കു് അഭിപ്രായമുണ്ടു്. ധ്വന്യാലോകം വായിച്ചിട്ടുള്ള ഭാരതീയനു് ഈ പ്രസ്താവങ്ങളൊക്കെ അത്യുക്തികളായേ തോന്നൂ. എങ്കിലും അതിന്റെ പ്രാധാന്യത്തെ നാം നിഷേധിക്കുന്നില്ല. ഈ കൃതിയുടെ കര്‍ത്താവായ ലോഞ്ചിനസ്സിനെക്കുറിച്ചും അദ്ദേഹം അതെഴുതിയ കാലത്തെക്കുറിച്ചും വളരെയൊന്നും ആര്‍ക്കും അറിഞ്ഞുകൂടാ. പൂര്‍ണ്ണമായ രീതിയില്‍ നമുക്കതു ലഭിച്ചിട്ടുമില്ല. ഏതാണ്ടു് മൂന്നിലൊരുഭാഗം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ‘ഉദാത്തരചന’യുടെ ഏറ്റവും പഴക്കംകൂടിയ കൈയെഴുത്തുപ്രതി പത്താംശതകത്തിലുള്ളതാണു്. ഡയോണിസിസ് ലോഞ്ചിനസാണ് അതിന്റെ കര്‍ത്താവെന്നു് ആ കൈയെഴുത്തുപ്രതിയില്‍ കാണാം. തത്വചിന്തകനായ പ്ലോട്ടിനസിന്റെ ശിഷ്യനായ പൊര്‍ഫിറിയുടെ സുഹൃത്തും മഹാപണ്ഡിതനുമായിരുന്നു ലോഞ്ചിനസ്. അദ്ദേഹം ഏഷ്യാമൈനറിലുള്ള പല്‍മീറയിലെ രാജ്ഞിയായിരുന്ന സെനോബിയയുടെ ഉപദേഷ്ടാവായിരുന്നു. ആ റാണിയോടൊരുമിച്ചു റോമിനു് എതിരായി ഉപജാപങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടു് അറീലിയന്‍ എന്ന ചക്രവര്‍ത്തി ഏ.ഡി. 273-ല്‍ അദ്ദേഹത്തെ നിഗ്രഹിച്ചുകളഞ്ഞു. പക്ഷേ, അങ്ങനെ നിഗ്രഹിക്കപ്പെട്ടയാള്‍ കാഷ്യസ് ലോഞ്ചിനസാണു്, ‍ഡയോണിസസ് ലോഞ്ചിനസ് അല്ല. ഇവര്‍ വിഭിന്നരാണോ? അതോ രണ്ടു പേരുകളും ഒരാളുടേതുതന്നെയോ? നിശ്ചയമില്ല. ഗ്രീസിലുള്ളവര്‍ സ്വന്തം നാമധേയങ്ങള്‍ക്കുപുറമേ റോമില്‍ പ്രചാരത്തിലിരുന്ന പേരുകളും സ്വീകരിച്ചിരുന്നതുകൊണ്ടു് ഡയോണിസസും കാഷ്യസും ഒരാളാകുന്നതില്‍ തെറ്റില്ല. ഇരിക്കട്ടെ. നമുക്കു ലോഞ്ചിനസ്സിന്റെ ഗ്രന്ഥത്തിലേയ്ക്കു ചെല്ലാം.

സിസിലിയസ് ഉദാത്തതയെക്കുറിച്ച് എഴുതിയ ഒരു ചെറിയ പ്രബന്ധത്തിന്റെ ന്യൂനതകളെ പരിഹരിക്കാന്‍വേണ്ടിയാണു് താന്‍ ഈ ഗ്രന്ഥമെഴുതുന്നതെന്നു് സ്നേഹിതനായ ടെറന്‍ഷിയാനസ്സിനെ അഭിസംബോധനചെയ്തുകൊണ്ടു് ലോഞ്ചിനസ് പ്രസ്താവിക്കുന്നു. ആ സുഹൃത്തിനോടു പറയുന്ന മട്ടിലാണു് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളതു്. ആവിഷ്കരണത്തിന്റെ പ്രകൃഷ്ടത്വം, വിശിഷ്ടത എന്നിവയിലാണ് ഉദാത്തതയിരിക്കുന്നതു്. മഹാകവികളും ചരിത്രകാരന്മാരും ഈ ഗുണത്താല്‍ അനുഗൃഹീതരായതുകൊണ്ടാണു് ശാശ്വത പ്രശസ്തിയിലേയ്ക്കു് ചെന്നിട്ടുള്ളതെന്നു നാം ഓര്‍മ്മിക്കണം. സമുന്നതഭാഷണത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ പ്രേരിപ്പിക്കുക എന്നതല്ല; അവരെ ഹര്‍ഷോന്മാദത്തിനു് വിധേയരാക്കുക എന്നതാണു്. നമ്മെ എത്രമാത്രം പ്രേരിപ്പിക്കാമെന്നുള്ളതു് നമ്മുടെ നിയന്ത്രണത്തിലാണിരിക്കുന്നതു്. പക്ഷേ, ഉദാത്തങ്ങളായ ഭാഗങ്ങള്‍ നമ്മില്‍ അസാധാരണമായ സ്വാധീനശക്തി ചെലുത്തുകയും നമ്മെ അവയ്ക്കു വിധേയരാക്കുകയും ചെയ്യുന്നു.

ഉദാത്തതയെസ്സംബന്ധിക്കുന്ന ഒരു കലയുണ്ടോ എന്നു ചിന്തിക്കാനാണു് ലോഞ്ചിനസ് അടുത്തതായി ആരംഭിക്കുന്നതു്. പക്ഷേ, ചിന്തകള്‍ മുഴുവനും നമുക്കു കിട്ടുന്നില്ല. ഗ്രന്ഥത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെട്ടപോയിരിക്കുന്നു. ഈ വിടവിനു ശേഷം ഗ്രന്ഥം പുനരാരംഭിക്കുമ്പോള്‍ ഉദാത്തതയ്ക്കു പ്രതിബന്ധം സൃഷ്ടിക്കുന്ന ചില ദോഷങ്ങളെക്കുറിച്ചു് ലോ‍ഞ്ചിനസ് പ്രതിപാദിക്കുന്നതായിട്ടാണു നാം കാണുന്നതു്. ഒന്നാമത്തെ ദോഷം വൃഥാസ്ഥൂലതയാണു്. രണ്ടാമത്തേതു് ബാലിശത്വവും. അസംഗതമായ വികാരത്തിന്റെ പ്രകടനവും ജ‍ഡതയും മറ്റുദോഷങ്ങളത്രേ. ദുര്‍ബ്ബലത എന്ന ദോഷത്തില്‍നിന്നു രക്ഷപ്രാപിക്കാന്‍വേണ്ടി മഹനീയതയിലേയ്ക്കു കാലുവയ്ക്കാന്‍ ശ്രമിക്കുന്നവരെല്ലാം വൃഥാസ്ഥൂലത എന്ന ദോഷത്തില്‍ ചെന്നു വീഴുന്നു. മഹനീയ ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാലും ആ പരാജയംതന്നെ ശ്രേഷ്ഠമാണല്ലോ എന്നാണു് അവരുടെ മട്ടു്. മനുഷ്യശരീരത്തിലെ ദുര്‍മ്മേദസ്സുപോലെതന്നെ നിന്ദ്യമാണു് രചനയിലെ വൃഥാസ്ഥൂലതയും. ഉദാത്തതയെ അതിശയിക്കാന്‍ ശ്രമിക്കുമ്പോഴാണു് വൃഥാസ്ഥൂലതയുണ്ടാകുക. തികച്ചും അധമമാണു് ബാലിശത്വം എന്ന ദോഷം. പണ്ഡിതമ്മന്യമായ രീതിയില്‍ ചിന്തയെ വിപുലീകരിക്കുകയും അതുതന്നെ ജാഡ്യത്തിലേയ്ക്കു് എഴുത്തുകാരനെ നയിക്കുകയും ചെയ്യുമ്പോള്‍ ബാലിശത്വമെന്ന ദോഷം ജനിക്കുന്നു. കരുതിക്കൂട്ടി ആകര്‍ഷകത്വമുളവാക്കാന്‍ ശ്രമിക്കുമ്പോഴാണു് കൃത്രിമത്വമുണ്ടാകുന്നതു്. വികാരത്തിനു് സ്ഥാനമില്ലാത്തിടത്തു് വികാരം പ്രകടിപ്പിക്കുന്നതും നിയന്ത്രണം വേണ്ടിടത്തു് അതില്ലാതെ അതിവൈകാരികത്വം പ്രദര്‍ശിപ്പിക്കുന്നതും ദോഷമത്രേ. മദോന്മത്തതയാലെന്നപോലെ എഴുത്തുകാര്‍ തങ്ങളെത്തന്നെ മറന്നു് അതിവൈകാരികത്വത്തില്‍ മുങ്ങുന്നു. ഇതു് അനുവാചകര്‍ക്കു വിരസമായി ഭവിക്കും. എഴുത്തുകാരന്‍ ഹര്‍ഷോന്മാദത്തില്‍ മുഴുകിയിരിക്കും; പക്ഷേ ശ്രോതാക്കള്‍ക്കു് ഒരു ചലനവുമുണ്ടാകുകയില്ല. ആശയങ്ങള്‍ക്കും കല്പനകള്‍ക്കും വന്നുചേരുന്ന നിശ്ചേതനത്വമാണു് ജ‍ഡത എന്ന ദോഷം.

“സുദീര്‍ഘമായ അനുഭവംകൊണ്ടേ സാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയൂ” എന്നൊരു മുന്നറിയിപ്പു നല്കിയതിനുശേഷം ലോഞ്ചിനസ് ഉദാത്തതയുടെ സ്വഭാവം വ്യക്തമാക്കുന്നു. ഔചിത്യരഹിതമായ അലങ്കാരപ്രയോഗംകൊണ്ടു് മഹനീയതയുടെ കപടവേഷമണിഞ്ഞ കവിതകളും സാഹിത്യ സൃഷ്ടികളുമുണ്ടു്. ആ അലങ്കാരങ്ങളെ മാറ്റിവയ്ക്കൂ. പിന്നെ പുച്ഛിക്കാനല്ലാതെ മറ്റൊന്നും തോന്നുകയില്ല. യഥാര്‍ത്ഥത്തിലുള്ള ഉദാത്തത വേറെതന്നെയാണു്. അതു നമ്മുടെ ആത്മാവിനു് ഉന്നമനമുണ്ടാക്കുന്നു. നാം കേട്ടതു നമ്മള്‍തന്നെ എഴുതിയതാണെന്ന മട്ടില്‍ നമ്മള്‍ക്കു് അഭിമാനദ്യോതകമായ ഒരുന്നതിയും ആത്മശ്ലാഘാപരമായ ആഹ്ലാദവും സംജാതമാക്കുന്നു.

നല്ലപോലെ വായിച്ചിട്ടുള്ള ഒരു ബുദ്ധിമാന്‍ ഒരു ഖണ്ഡിക പലപ്രാവശ്യം വായിച്ചുകേള്‍ക്കുന്നുവെന്നിരിക്കട്ടെ, അതു് അയാളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ലെങ്കില്‍, അനുധ്യാനത്തിനു വക നല്കുന്നില്ലെങ്കില്‍, സൂക്ഷ്മനിരീക്ഷണത്തില്‍ അതിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു പോകുന്നെങ്കില്‍, ആ ഖണ്ഡിക ഉദാത്തതയ്ക്കു നിദര്‍ശകമാണെന്നു പറഞ്ഞുകൂടാ. ആവര്‍ത്തിച്ചുള്ള നിരീക്ഷണത്തിനുശേഷവും ശക്തി നശിക്കാത്തതും, അപ്രതിരോധ്യമായ ആകര്‍ഷകത്വമുള്ളതും സ്മരണയില്‍ തങ്ങി നില്ക്കുന്നതുമായ രചന മാത്രമേ മഹനീയമായിട്ടുള്ളു. എല്ലാ കാലത്തും എല്ലാ മനുഷ്യരേയും രസിപ്പിക്കുന്ന കൃതികളില്‍ ഉദാത്തതയുണ്ടെന്നു് ഒരു സാമാന്യതത്വമായിപ്പറയാം. തുടര്‍ന്നു് ഉദാത്തതയുടെ അഞ്ചുറവിടങ്ങളെക്കുറിച്ചു് ലോഞ്ചിനസ് ഉപന്യസിക്കുന്നു.

ഇവയില്‍ ആദ്യത്തേതും ഏറ്റവും പ്രധാനവും ആയിട്ടുള്ളതു് മഹനീയങ്ങളായ സങ്കല്പങ്ങളെ വാര്‍ത്തെടുക്കാനുള്ള മനസ്സിന്റെ കഴിവാണു്. രണ്ടാമത്തേതു് സുശക്തവും പ്രചോദനാത്മകവുമായ വികാരം. ഇവ രണ്ടും ഏറിയകൂറും അന്തര്‍ജാതങ്ങളാണു്. ശേഷമുള്ളവ കലാപരമായ പരിശീലനത്താലും ലഭിക്കുന്നവയത്രേ. ചിന്തയുടേയും ഭാഷണത്തിന്റെയും അലങ്കാരങ്ങള്‍, മഹനീയമായ രചന എന്നിവയാണു് മറ്റു രണ്ടു കാരണങ്ങള്‍, ഉദാത്തതയുടെ അഞ്ചാമത്തെ കാരണം, മറ്റു നാലിനേയും സമാശ്ലേഷിക്കുന്നതും അന്തസ്സുറ്റതുമായ പദസംവിധാനമാകുന്നു. ഈ അഞ്ചു കാരണങ്ങളില്‍ ഏതെങ്കിലുമൊന്നോ അവയുടെ സങ്കലനമോ ഉദാത്തത ജനിപ്പിക്കാമെന്നു ലോഞ്ചിനസ് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

“മഹനീയമായ മനസ്സിന്റെ പ്രതിധ്വനിയാണു് ഉദാത്തത.” മനസ്സിന്റെ മഹത്വം എന്നതു് ഒരനുഗ്രഹമാണു്. എങ്കിലും ശ്രേഷ്ഠങ്ങളായ ആശയങ്ങളെ ഉത്പാദിപ്പിക്കത്തക്ക വിധത്തില്‍ നാം മനസ്സിനെ പരിശീലിപ്പിച്ചുകൊണ്ടുവരണം. സാധാരണമായ ഒരാശയംപോലും ഉത്കൃഷ്ടമായ മനസ്സിന്റെ സന്തതിയാകുമ്പോള്‍ അഭിനന്ദനം നേടും. ജീവിതം മുഴുവന്‍ ദുര്‍ബ്ബലങ്ങളും അധമങ്ങളുമായ ചിന്തകളും ലക്ഷ്യങ്ങളും വെച്ചു പുലര്‍ത്തിയവരില്‍നിന്നു് ശാശ്വതപ്രശസ്തിക്കു നിദാനങ്ങളായ ഭാഷണങ്ങള്‍ ഉണ്ടാവുകയേയില്ല. ഈ വിഷയത്തെക്കുറിച്ചു ലോഞ്ചിനസ്സിനുള്ള എല്ലാ അഭിപ്രായങ്ങളും നമുക്കു് അറിയാന്‍ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു. കൈയെഴുത്തുപ്രതിയുടെ ആറു പുറങ്ങള്‍ ഇവിടെ കാണാതായിരിക്കുകയാണു്.

പത്താമത്തേ അധ്യായത്തില്‍ ഉദാത്തരചനയ്ക്കു് ആധാരമായ മനസ്സിന്റെ കഴിവിനെക്കുറിച്ചു പ്രതിപാദിക്കുകയാണു ലോഞ്ചിനസ്. പ്രതിപാദ്യവിഷയത്തിന്റെ സ്വീകരണത്തില്‍ കാണിക്കുന്ന വൈദഗ്ദ്ധ്യംകൊണ്ടായിരിക്കും ഒരെഴുത്തുകാരന്‍ ആകര്‍ഷകത്വം ഉളവാക്കുക. വേറൊരാള്‍ താന്‍ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ ആകെക്കൂടിയുള്ള ശക്തികൊണ്ടായിരിക്കും, അതു ജനിപ്പിക്കുന്നതു്. യഥാര്‍ത്ഥ ജീവിതത്തിലുള്ള സ്നേഹമെന്ന ആവേശത്തോടു ബന്ധപ്പെട്ട വികാരങ്ങളില്‍ നിന്നു് ഒരു തിരഞ്ഞെടുക്കല്‍ നടത്തുന്നു സാഫോ.[2] ആ വികാരത്തിന്റെ തീക്ഷ്ണങ്ങളും അതിമാത്രങ്ങളുമായ അംശങ്ങളെ ആ കവയിത്രി തിരഞ്ഞെടുത്തു യോജിപ്പിക്കുന്നു. അതില്‍ അവര്‍ എന്തെന്നില്ലാത്ത വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിക്കുന്നുണ്ടു്. ഹോമര്‍ കൊടുങ്കാറ്റിനെ വര്‍ണ്ണിക്കുമ്പോള്‍ അതിന്റെ ഭയജനകങ്ങളായ അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടിയിണക്കുന്നു.

“അധഃസ്ഥിതങ്ങളായ മേഘങ്ങള്‍ക്കു താഴെയുള്ള കൊടുങ്കാറ്റുകളാല്‍ പ്രവൃദ്ധമായിച്ചമഞ്ഞ ഒരു തരംഗം വേഗത്തില്‍ പ്രചണ്ഡമായി പൊട്ടിത്തകരുന്നതുപോലെ അവന്‍ അവരുടെ മേല്‍ ചാടിവീണു. ഫേനപിണ്ഡത്തില്‍ യാനപാത്രം അപ്രത്യക്ഷമായിരിക്കുന്നു; ഭയങ്കരമായ നിര്‍ഘാതം വാതവാസനത്തില്‍ ഗര്‍ജ്ജിക്കുകയാണു്. നാവികരുടെ ആത്മാക്കള്‍ പ്രചണ്ഡമായ രീതിയില്‍ പ്രകമ്പനംകൊള്ളുന്നു. മരണത്തിന്റെ പിടിയില്‍ നിന്നു രക്ഷ പ്രാപിക്കാന്‍ അവര്‍ക്കു കഴിയുകയേയില്ല.” ഹോമറിന്റെ ഈ അവര്‍ണ്ണനയെ അറാട്ടസ്[3] അനുകരിച്ചുകൊണ്ടു് ഇങ്ങനെ എഴുതുന്നു:

“ഒരു നേരിയ പലക നാശത്തെ തടുക്കുന്നു.” ഈ ഭാഗം ക്ഷുദ്രമായിപ്പോയി. പലക നാശത്തെ തടുക്കുന്നുവെന്നു പറയുന്ന അറാട്ടസ് ആപത്തിനു് ഒരു പരിധി കല്‍പിക്കുകയാണ്. നേരെമറിച്ചു് ഹോമര്‍ ഒരു നിമിഷംപോലും ആപത്തിനു് പരിമിതത്വം വരുത്തുന്നില്ല. ഓരോ തരംഗം ആഞ്ഞടിക്കുമ്പോഴും മരണത്തിന്റെ വക്കില്‍ വന്നുനില്‍ക്കുന്ന നാവികരുടെ ചിത്രം അദ്ദേഹം വീണ്ടും വീണ്ടും ആലേഖനം ചെയ്യുകയാണ്. ഇതാണ് ഉദാത്തതയ്ക്കു് ഒരുദാഹരണം.

അത്യുക്തിയെക്കുറിച്ചു് ലോഞ്ചിനസ് പ്രതിപാദിക്കാന്‍ തുടങ്ങുകയാണ്. പക്ഷേ, അതു പൂര്‍ണ്ണമാകുന്നില്ല. കൈയെഴുത്തുപ്രതിയുടെ രണ്ടു പുറങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രന്ഥം പുനരാരംഭിക്കുമ്പോള്‍ തേജസ്സാര്‍ന്ന ഒരു പ്രഭാഷകനെ പാരാവാരസദൃശനായ ഒരു ഗ്രന്ഥകാരനോടു താരതമ്യപ്പെടുത്തുന്നതു നാം കാണുന്നു. പ്രഭാഷകന്‍ ഡമോസ്തനീസും[4] ഗ്രന്ഥകാരന്‍ പ്ലേറ്റോയുമാണെന്നു തോന്നുന്നുണ്ടു്. തുടര്‍ന്നു വരുന്ന ഭാഗത്തില്‍ ഡമോസ്തനീസിനെയും സിസറോവിനെയും[5] താരതമ്യപ്പെടുത്തുന്നു.

“ഡമോസ്തനീസിന്റെ മഹത്വം സാധാരണയായി കൂടുതല്‍ ആകസ്മികമായിരിക്കും; സിസറോവിന്റേതു് കൂടുതല്‍ സമ്പന്നവും. നമ്മുടെയാള്‍ എല്ലായ്പ്പോഴും പ്രചണ്ഡനും വേഗശാലിയും ബലവാനുമാണ്. ആളിക്കത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന മിന്നലിനോടോ ഇടിയോടോ അദ്ദേഹത്തെ ഉപമിക്കാം. നമുക്കുചുറ്റും വ്യാപിക്കുകയും നമ്മെ മൂടുകയും ചെയ്യുന്ന മഹാഗ്നിയെപ്പോലെയാണ് സിസറോ.”

മാനസികമായ കഴിവു് എന്ന ആദ്യത്തെ കാരണത്തില്‍പ്പെടുന്ന ഭാവനയെക്കുറിച്ചാണ് ഇനിയുള്ള പ്രതിപാദനം. ഭാവന രണ്ടു വിധത്തിലാണ്. കാവ്യഭാവന ആദ്യത്തേതു്. അതു അനുവാചകനെ ഹര്‍ഷോന്മാദത്തിലേയ്ക്കു നയിക്കുന്നു. പ്രഭാഷണാത്മകമായ ഭാവന രണ്ടാമത്തേതു്. സുവ്യക്തമായ ആവിഷ്കരണത്തിനാണ് അതു പ്രയോജനപ്പെടുക. സോഫോക്ലിസ്സിന്റെ ഭാവന കാവ്യഭാവനയാണ്; അദ്ദേഹത്തിന്റെ സമകാലികനായിരുന്ന യൂറിപ്പിഡസിന്റേതു് പ്രഭാഷണാത്മകമായ ഭാവനയും.

സുശക്തവും പ്രചോദനാത്കവുമായ വികാരമാണു് ഉദാത്തതയുടെ രണ്ടാത്തെ കാരണമായി ലോഞ്ചിനസ് പറഞ്ഞതു്. അതിനെപ്പറ്റി പിന്നീടു് പ്രതിപാദിക്കുമെന്നു് അദ്ദേഹം ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു പറയുന്നുണ്ടെങ്കിലും ആ ഭാഗം കണ്ടുകിട്ടിയില്ല. മൂന്നാമത്തെ ഉറവിടം ഭാഷണത്തിന്റെയും ചിന്തയുടെയും അലങ്കാരങ്ങളാണല്ലൊ. അവയെക്കുറിച്ചുള്ള പ്രതിപാദനവും പൂര്‍ണ്ണമല്ല. കാരണം പതിനെട്ടാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ വച്ചു കുറെ ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണു്. കിട്ടിയിടത്തോളം ഭാഗങ്ങളിലുള്ള അലങ്കാരചര്‍ച്ച ലോഞ്ചിനസിന്റെ ബുദ്ധിവൈഭവത്തെ പ്രദര്‍ശിപ്പിക്കുന്നുണ്ടു്. സംശയമില്ല.

ഉദാത്തതയ്ക്കു് ആധാരമായ അഞ്ചാമത്തെ വസ്തുത പദസംവിധാനമാണ്. താന്‍ മുന്‍പു് പ്രസാധനം ചെയ്ത രണ്ടു ഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ചു വേണ്ടിടത്തോളം പ്രതിപാദിച്ചിട്ടുണ്ടെന്നാണു ലോഞ്ചിനസ് പ്രസ്താവിക്കുന്നതു്. അതുകൊണ്ടു ഹ്രസ്വമായ ഒരു നിരൂപണമേ ഇവിടെ നിന്നു നമുക്കു കിട്ടുന്നുള്ളു. ലയമാണ് സര്‍വപ്രധാനമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷയുടെ സംഗീതാത്മകത്വം സംഗീതത്തിന്റെ ഉത്കൃഷ്ട രൂപമാണെന്നു ലോഞ്ചിനസ് പറയുന്നതിനോടു് ആധുനിക നിരൂപകരും യോജിക്കും.

ഓടക്കുഴലിന്റെ സംഗീതം ശ്രോതാക്കളുടെ വികാരങ്ങളെ ഇളക്കിവിടുകയും അവര്‍ക്കു് ആത്മവിസ്മൃതി ഉളവാക്കുകയും ചെയ്യുന്നു. വിപഞ്ചികയുടെ നാദം അര്‍ത്ഥശൂന്യമാണെങ്കിലും മാന്ത്രികപ്രഭാവം കൊണ്ടു് ശ്രോതാക്കളെ കീഴടക്കുന്നു. അപ്പോള്‍, മനുഷ്യന്റെ കാതിനു മാത്രമല്ല, മനസ്സിനുംകൂടി ആഹ്ലാദമരുളുന്ന യുക്തിപരമായ ഭാഷണത്തിന്റെ സംഗീതം-പദസം വിധാനം-അവനെ ആനന്ദത്തിന്റെ നീര്‍ക്കയത്തിലേയ്ക്കു വലിച്ചെറിയുന്നതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? അതാണ് ലോഞ്ചിനസ്സിന്റെ ചോദ്യം.

ഗ്രന്ഥത്തിന്റെ നാല്‍പ്പത്തിനാലാമദ്ധായം ‘പ്രഭാഷണത്തിന്റെ ‘ജീര്‍ണ്ണത’യെക്കുറിച്ചുള്ളതാണ്. അതു പൂര്‍ണ്ണമാകുന്നില്ല. ശേഷമുള്ള ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു കിട്ടിയിരിക്കുന്ന ഗ്രന്ഥത്തിന്റെ അവസാനവും അവിടെത്തന്നെയാണ്.

ഉജ്ജ്വലമായ വികാരം. അതുളവാക്കുന്ന ഹര്‍ഷോന്മാദം, അതിന്റെ മാന്ത്രിക പ്രഭാവം — ഇവയാണ് ലോഞ്ചിനസിനു് പ്രധാനമായിട്ടുള്ളതു്. ആ ഗുണങ്ങള്‍ സംദൃശ്യങ്ങളാകുന്ന ‘ഇലിയഡിനെ’ അദ്ദേഹം കൂടെക്കൂടെ വാഴ്ത്തുന്നു. ഹോമറിന്റെ ‘ഒഡിസ്സി’യെക്കുറിച്ചു് അദ്ദേഹത്തിനു അത്രത്തോളം ബഹുമാനമില്ല. നാടകീയത ഉള്‍ക്കൊള്ളുന്ന ‘ഇലിയഡ്’ കവിയുടെ പ്രചോദനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ എത്തിയിരുന്നപ്പോഴാണു രചിക്കപ്പെട്ടതു്. എന്നാല്‍ ആഖ്യാന കൗതുകം പ്രദര്‍ശിപ്പിക്കുന്നതാണ് ‘ഒഡിസ്സി’. അതു വാര്‍ദ്ധക്യദശയ്ക്കു ചേര്‍ന്നതാണ്. ‘ഒഡിസ്സി’ എഴുതിയ ഹോമര്‍ അസ്തമയ സൂര്യനു് സദൃശനാണെന്നാണ് ലോഞ്ചിനസ് പ്രഖ്യാപിക്കുന്നതു്. ഉദാത്ത രചനയെപ്പറ്റി മൗലിക മതങ്ങള്‍ ആവിഷ്കരിച്ച ലോഞ്ചിനസ്സ് പാശ്ചാത്യ സാഹിത്യ നിരൂപണത്തില്‍ പ്രമുഖന്‍ തന്നെ. ഭാരതീയനു് അദ്ദേഹത്തെക്കുറിച്ചു് അതിരു കടന്ന ആദരം തോന്നിയില്ലെങ്കില്‍ കുറ്റം പറയേണ്ടതില്ല. അയാള്‍ ഇതിനെക്കാളും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ കണ്ടവനാണല്ലോ.


  1. “On the sublime”
  2. Sappho, ഗ്രീക്കു് കവിയിത്രി (ബി.സി. 612).
  3. Aratus, ബി.സി. മൂന്നാംശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് കവി.
  4. Demosthenes (ബി.സി. 384 – ബി.സി. 322), വിശ്വവിഖ്യാതനായ പ്രഭാഷകന്‍.
  5. Cicero (ബി.സി. 160 ബി.സി. 43), റോമന്‍ പ്രഭാഷകന്‍.