close
Sayahna Sayahna
Search

ഒരു കുട്ടിയുടെ കഥ


ഒരു കുട്ടിയുടെ കഥ
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


ഞാനും ഭാര്യ ലളിതയും കാന്തം കൊണ്ടുണ്ടാക്കിയവരാണെന്നു തോന്നുന്നു. ചെറിയ കുട്ടികളെ ആകർഷിക്കുന്ന ഏതോ ഘടകം ഞങ്ങളിലുണ്ടെന്നു തീർച്ച. ഏതു കുട്ടിയും ഞങ്ങളെ, പ്രത്യേകിച്ച് ലളിതയെ കണ്ടാൽ അടുത്തുകൂടും. ബോംബെയിൽ താമസിക്കുന്ന കാലം തൊട്ട് ഏതെങ്കിലും ഒരു കുട്ടി ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ആ സീരീസിൽ ഏറ്റവും അവസാന മുണ്ടായിരുന്നത് പ്രശസ്ത സിനിമോട്ടോഗ്രാഫറായ ശ്രീ ആനന്ദക്കുട്ടന്റെ മകൾ അമ്മുവാണ്. (ശരിക്കുള്ള പേര് കാർത്തിക) മൂന്നുമാസം പ്രായം തൊട്ട് ഏകദേശം രണ്ടു വയസ്സുവരെ, ഞങ്ങൾ ആ വീട് മാറുന്നതുവരെ, അവൾ ഞങ്ങളുടെ വീട്ടിൽത്തന്നെയായിരുന്നുവെന്ന് പറയാം. അവൾക്കിപ്പോൾ പത്തു വയസ്സാണ്. മിടുക്കി ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഇനി ഞങ്ങൾക്ക് വയസ്സുകാലത്ത് ഈ കുട്ടികളുടെ കളികൾ ഓർത്ത് സന്തോഷിക്കാം.

പക്ഷേ ഒരു കുട്ടിയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഹൃദയഭേദകമായൊരു അനുഭവമുണ്ടായി. ഞങ്ങൾ കുറച്ചുകാലംമുമ്പ് താമസിച്ചിരുന്ന വീട്ടിന്റെ തൊട്ടടുത്തുതന്നെയാണ് വീട്ടുടമ താമസിച്ചിരുന്നത്. അയാൾ പാസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നു. ഭാര്യ ഭാനുമതി എം.ടെക്കിന് പഠിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വരും. വീട്ടിൽ വീട്ടുടമയുടെ അമ്മ മാത്രമേയുള്ളൂ. അവരാണ് നാലു മാസം പ്രായമായ കുട്ടിയെ നോക്കുന്നത്. കാര്യം കഷ്ടംതന്നെ യായിരുന്നു. നാലു മാസം മാത്രം പ്രായമായ കുട്ടി. മുലപ്പാൽ കുടിക്കേണ്ട സമയമാണ്. അമ്മയെ കാണാൻ പോലും കിട്ടുന്നില്ല. ഒരിക്കൽ ലളിത അവരുടെ വീട്ടിൽ പോയി. കുറച്ചു നേരം അവനെ എടുത്തുനടന്നു. തിരിച്ച് വരാൻ നേരത്ത് അവൻ അച്ഛമ്മയുടെ അടുത്തേയ്ക്ക് പോകുന്നേയില്ല. ലളിതയോട് അള്ളിപ്പിടിച്ചു നിൽക്കുകയാണ്. വല്ലാത്ത കരച്ചിലും. അങ്ങിനെയാണ് അവൾ നിഖിലിനെ വീട്ടിലേയ്ക്കു കൊണ്ടുവന്നത്. ഞാനെടുത്തപ്പോഴും അവന് വലിയ പ്രശ്‌നമൊന്നു മില്ല. ആന്റി അടുത്ത്, അവന്റെ കൺവെട്ടത്തുതന്നെ വേണമെന്നു മാത്രം. അതു തുടക്കം മാത്രമായിരുന്നു. പിന്നെ എന്നും ലളിത രാവിലെ പോകും അവനെ എടുത്തു കൊണ്ടുവരും. അച്ഛമ്മ അവന് രാവിലത്തെ ഭക്ഷണം കൊടുക്കുമ്പോൾ അവൻ ലളിതയുടെ സാരി മുറുക്കെ പിടിച്ചുവയ്ക്കും; ആന്റി അവനെക്കൂട്ടാതെ പോകാതിരിക്കാൻ. അവന്റെ കളികൾ കണ്ട് മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. അവന്റെ അമ്മ എല്ലാ ശനിയാഴ്ചകളിലും എത്തി, ഞായറാഴ്ച വൈകീട്ട് തിരിച്ചു പോകുകയും ചെയ്യും. ഈ രണ്ടു ദിവസങ്ങളിൽ ഞങ്ങൾ അവനെ കൊണ്ടുവരാറില്ല. തിങ്കളാഴ്ച രാവിലെത്തന്നെ രണ്ടു വീടുകൾക്കുമിടയിലെ മതിൽ പൊളിഞ്ഞുണ്ടായ വഴിയിൽക്കൂടി അവൻ ആന്റിയുടെ ഒക്കത്ത് കയറി യാത്ര തുടങ്ങും. വരുമ്പോൾ വഴിയിലുള്ള മന്ദാരമരത്തിന്റെ അടുത്തെത്തിയാൽ അവൻ ചൂണ്ടിക്കാണിക്കും. അതിൽ നിന്നൊരു പൂ അറുത്ത് അവന്റെ കയ്യിൽ കൊടുക്കണം. ആ പൂവ്, അവനു വേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന അങ്കിളിനു സമ്മാനിക്കാനുള്ളതാണ്. ഞാൻ ആ പൂ വാങ്ങി നന്ദി പറയുമ്പോൾ അവന്റെ മുഖം വികസിക്കുന്നു. പാലിനു സമയമായാൽ ആന്റി പാൽ കാച്ചിയത് ചൂടു പാകമാക്കി കുപ്പിയിലാക്കി കൊടുക്കുന്നു. ഉച്ചയ്ക്ക് കുറുക്കിയത് കൊടുക്കുന്നു. അതു കഴിഞ്ഞ് അവന്റെ കുഞ്ഞി ഉറക്കം. തിരിച്ചു കൊണ്ടു പോയാക്കുമ്പോഴാണ് അവന്റെ കരച്ചിലും വാശിയും കാണേണ്ടത്. ലളിത അവനെയും കൊണ്ട് മതിൽ കടക്കുമ്പോഴേയ്ക്ക് കേൾക്കാം കരച്ചിൽ.

നിഖിലിന്റെ അമ്മ നല്ലൊരു സ്ര്തീയായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടുള്ള മുഖം. നിഖിൽ ഞങ്ങളുടെ വീട്ടിലാണ് പകൽസമയത്തൊക്കെ എന്നവർക്കറിയാം. പക്ഷേ ക്രമേണ അവർക്കതു രസിക്കാതായി. ഒരു തിങ്കളാഴ്ച ലളിത അവനെ എടുക്കാൻ പോയപ്പോൾ മാധവിയമ്മ പറഞ്ഞു. ‘ഭാനു പറയ്ണ്ണ്ട് ഇനിതൊട്ട് അവനെ അങ്ങനെ മുഴുവൻ സമയും അയക്കണ്ടാന്ന്. ലളിത കൊണ്ടു പൊയ്‌ക്കോളൂ, പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവന്നുകൊള്ളൂ. ഒന്നും വിചാരിക്കര്ത് കേട്ടോ.’

ഞങ്ങൾക്ക് വിഷമമായി. എട്ടു മാസം പ്രായമുള്ള കുട്ടിയാണ്. അവന് എന്താണ് സന്തോഷം എന്നു വച്ചാൽ അതല്ലെ നല്ലത്? അവൻ നന്നായി മുട്ടികുത്തിത്തുടങ്ങിയിരുന്നു. ഒരു സെക്കന്റുകൊണ്ട് വീട്ടിൽ എല്ലായിടത്തു മെത്തും. നോക്കിയുണ്ടാക്കൽ വിഷമം പിടിച്ചതു തന്നെയാണ്, പ്രത്യേകിച്ച് മറ്റു ജോലികളുള്ളപ്പോൾ. പക്ഷേ അവനെ കൊണ്ടുവരേണ്ട, അല്ലെങ്കിൽ കൊണ്ടുവന്നാൽത്തന്നെ ഒരു മണിക്കൂർ നിർത്തിയാൽ മതി എന്നു കേൾക്കുമ്പോൾ വിഷമം. എന്തായാലും അതിനു ശേഷം അവനെ അധികനേരം നിർത്താറില്ല. അവന്റെ കരച്ചിൽ വകവെക്കാതെ ത്തന്നെ അവനെ കൊണ്ടുപോയാക്കും. തിരിച്ചുവന്നാൽ, ദ്വേഷ്യം പിടിച്ച് അവൻ മാന്തിയതിന്റെ നീറ്റമായിരിക്കും ലളിതയുടെ മുഖത്തു നിറയെ.

അങ്ങിനെയിരിക്കെ ഒരു മാസം ഭാനു നാട്ടിലേയ്‌ക്കേ വന്നില്ല. പരീക്ഷയടുത്തതിനാൽ അതിനുള്ള തയ്യാറെടുപ്പായിരുന്നു. അവസാനം പരീക്ഷയൊക്കെ കഴിഞ്ഞ് ഒരു ദിവസം അറിയിക്കാതെ വീട്ടിലെത്തി. നിഖിൽ ഞങ്ങളുടെ ഒപ്പമാണ് എന്നറിഞ്ഞപ്പോൾ വലിയ രസമായിട്ടുണ്ടാവില്ല. അവൾ വേഗം ഞങ്ങളുടെ അടുത്തെത്തി. മുഖത്ത് തീരെ പ്രസാദമില്ല. നിഖിൽ ലളിതയുടെ ഒക്കത്തായിരുന്നു. അമ്മ വിളിച്ചപ്പോൾ അവൻ പോയില്ല. അവൻ അമ്മയെ മറന്നു തുടങ്ങിയിരിക്കുന്നു. നല്ല പരിചയക്കേട്. എടുക്കാൻ ശ്രമിച്ചപ്പോൾ അവൻ കരയാൻ തുടങ്ങി. ഭാനുവിന് വളരെ ദ്വേഷ്യം പിടിച്ചു. അവൾ പെട്ടെന്ന് അവനെ ‘എടാ ഞാനാണ് നിന്റെ അമ്മ’ എന്നും പറഞ്ഞുകൊണ്ട് വാരി വലിച്ചെടുത്തു. അവൾ കുട്ടിയെ തട്ടിപ്പറിച്ചു കൊണ്ടുപോകുകയായിരുന്നു. അവളുടെ മുഖത്തെ രൗദ്രഭാവവും നിഖിലിന്റെ നിർത്താതെയുള്ള കരച്ചിലും ഞാനിപ്പോഴുമോർക്കുന്നു.

ഒരാഴ്ച ഭാനുമതി വീട്ടിലുണ്ടായിരുന്നു. അവൾ പോയി എന്നുറപ്പായപ്പോൾ ഞാനും ലളിതയും അവിടെ പ്പോയി. അപ്പോഴാണറിയുന്നത്, ഭാനുമതി നിഖിലിനെ ഒപ്പം കൊണ്ടുപോയെന്ന്. അവിടെ ഒരു വീട് വാടകക്കെടുത്ത് താമസിക്കാൻ പോകുകയാണത്രെ. എന്തുതന്നെ കഷ്ടപ്പാടുണ്ടായാലും ഇനി അവനെ നാട്ടിൽ നിർത്തുന്ന പ്രശ്‌നമേയില്ലെന്ന്. ആ വയസ്സായ സ്ത്രീ കരയുകയായിരുന്നു. തിരിച്ചു നടക്കുമ്പോൾ ഞങ്ങളുടെ കണ്ണിലും വെള്ളമൂറുന്നുണ്ടായിരുന്നു. മന്ദാരത്തിന്റെ അടുത്ത് ഞങ്ങൾ ഒരു മിനുറ്റ് നിന്നു. ഇനി ആരും അതിന്റെ പൂ പറിച്ചുകൊണ്ടുവരില്ലെന്ന ബോധം വന്നപ്പോൾ വളർന്നുവന്ന തേങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല.

അന്നു ഞങ്ങൾ ഒരു തീരുമാനമെടുത്തു. ഇനിതൊട്ട് മറ്റുള്ളവരുടെ കുട്ടികളുമായി അടുക്കില്ലാ എന്ന്. മൂന്നു കൊല്ലത്തിനുശേഷം ഞങ്ങൾ താമസിച്ചത് നേരത്തെ പറഞ്ഞ ശ്രീ ആനന്ദക്കുട്ടൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ മുകളിലെ നിലയിലായിരുന്നു. ലളിത എല്ലാവരുമായി എളുപ്പം അടുക്കുന്ന പ്രകൃതമാണ്. ഞാൻ മറിച്ചും. ഒരു ദിവസം രാവിലെ താഴേക്കിറങ്ങിപ്പോയ ലളിത തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ മൂന്നു മാസം പ്രായമായ ഒരു സുന്ദരി. അവൾ എന്നെ നോക്കി മനോഹരമായ ഒരു ചിരി. അപ്പോൾ എനിക്കു മനസ്സിലായി ഞങ്ങളെടുത്ത തീരുമാനങ്ങളൊന്നും ഇനി വിലപ്പോവില്ലെന്ന്. പിന്നെയുണ്ടായത് ചരിത്രമാണ്!