close
Sayahna Sayahna
Search

ഒരു തെറ്റിദ്ധാരണ


ഒരു തെറ്റിദ്ധാരണ
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: അടിസ്ഥാനജീവിതാവശ്യങ്ങള്‍ എല്ലാവര്‍ക്കും നിറവേറികിട്ടുകയാണ്. പരിവര്‍ത്തനപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എന്നൊരു തെറ്റിദ്ധാരണ പലരിലുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വീട്, സൗജന്യവൈദ്യസഹായം, സൗജന്യവിദ്യാഭ്യാസം, എല്ലാവര്‍ക്കും തൊഴില്‍, സൗജന്യഗതാഗതം, യഥേഷ്ടം ഇണചേരല്‍ ഇതൊക്കെ സാധിക്കുന്ന രാഷ്ട്രമാണ് മാതൃകരാഷ്ട്രം എന്നൊരു ധാരണ പരക്കെ ഉണ്ട്. ഓരോരുത്തര്‍ക്കും ഇതൊക്കെ ലഭ്യമാക്കിക്കൊടുക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നാല്‍ അതിന്റെ ചിറകിന്‍കീഴില്‍ മനുഷ്യന്‍ സ്വസ്ഥനായി ഒതുങ്ങിക്കൂടുമോ? എനിക്കു തോന്നുന്നില്ല. ജീവിതം ഒരു ലക്ഷ്യത്തിലേക്കുള്ള സ്വതന്ത്രപ്രയാണമാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ സംതൃപ്തനാകുന്നത്. അതു നേടട്ടെ നേടാതിരിക്കട്ടെ അവനതുവേണം. മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം എന്നതിനെ പറയാം. ഒന്നു കൊടുത്തും അത് അവനില്‍നിന്ന് അപഹരിക്കുവാന്‍ പാടില്ല. വോട്ടുകൊടുത്തും നോട്ടു കൊടുത്തും പേടിപ്പെടുത്തിയും ഈ സ്വാതന്ത്ര്യം തടയാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നതിന്റെ ദോഷപരിണാമങ്ങളാണ് നാം ഇന്നനുഭവിക്കുന്നത്. അപരനെ തന്റെ അടിമയാക്കുന്നതിനുവേണ്ടി സ്വന്തം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയാണ് ഓരോരുത്തരും. തന്നെപ്പോലെ സ്വാതന്ത്ര്യം അപരനുമുണ്ടായിരുന്നാല്‍ അവന്‍ ആ സ്വാതന്ത്ര്യം ഉപയോഗിച്ചു തന്നെ അടിമയാക്കിയേക്കാം എന്ന ഭീതി ഓരോരുത്തര്‍ക്കുമുണ്ട്. പരസ്പരമുള്ള ഈ അവിശ്വാസമാണ് നമ്മുടെ തലമുറയുടെ പ്രശ്‌നം. ഇതിനു പരിഹാരം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ വ്യക്തിയെ അനുവദിക്കുകയാണ്. താന്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളവനാണെന്ന് ഓരോരുത്തര്‍ക്കും അനുഭവമാകണം. എനിക്ക് വേണ്ടതെല്ലാം തരുന്ന ഒരു ഗവണ്മെന്റ്ഉണ്ടായിരുന്നെങ്കില്‍ എന്ന മോഹം നിലനിറുത്തുന്നത് ആപത്താണ്. എനിക്കു വേണ്ടതു ലഭിക്കുന്നുവോ എന്നതല്ല ലോകത്തിനു വേണ്ടത് ചെയ്യുവാന്‍ എനിക്കു കഴിയുന്നുവോ എന്നതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

’നന്ദനന്മാരെ പിതാവു രക്ഷിക്കുന്നതുപോലെ പ്രജകളെ രക്ഷിക്കുന്ന ’ ഭരണകൂടങ്ങളല്ല; അന്യോന്യം ശ്രദ്ധിക്കുന്ന പൗരന്മാരുടെ സ്വതന്ത്ര സമൂഹജീവിത വേദികളാണ് ലോകത്തിനിനി ആവശ്യം.