close
Sayahna Sayahna
Search

ഒരു ദിവസത്തയ്ക്കു മാത്രമുള്ള മഴ


ഒരു ദിവസത്തയ്ക്കു മാത്രമുള്ള മഴ
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

ഒരു ചെറിയ ലൈസൻസിനു വേണ്ടി ഇത് ആറാമത്തെ പ്രാവശ്യമാണ് കരുണൻ നടക്കുന്നത്. അതു കിട്ടിയാലെ ഉദ്ദേശിച്ച യൂണിറ്റ് തുടങ്ങാൻ പറ്റൂ. സർക്കാർ ഓഫീസ് ഒരമ്പലം പോലെയാണ്. ഓരോ നടയിലും ദക്ഷിണ കൊടുക്കണം. ചെറിയ പ്രതിഷ്ഠ മുതൽ പ്രധാന ദേവൻ വരെ ആരെയും പിണക്കാൻ വയ്യ. ഇത് പറഞ്ഞുതന്നത് നാണപ്പനാണ്. അയാൾക്ക് ഈ രഹസ്യം ഒരു മാസംമുമ്പ് പറഞ്ഞുതരാൻ സന്മനസ്സുണ്ടായെങ്കിൽ തന്റെ വിലപ്പെട്ട സമയം ഇത്ര പാഴാവില്ലായിരുന്നു. ഇവിടുത്തെ കാര്യങ്ങളുടെ കിടപ്പ് സൗദിയിലിരിക്കുന്ന താനെങ്ങിനെ അറിയാനാണ്? പക്ഷേ പറഞ്ഞുതരുമ്പോൾ അതിന്റ വഴിപോലെ പറഞ്ഞുതന്നതു നന്നായി. ആദ്യം കൊടുക്കേണ്ടത് ഓഫീസിന്റെ പുറം ഗോപുരംതൊട്ട് സ്ഥാപനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വശക്തനും സർവ്വവ്യാപിയുമായ പ്യൂണിനാണ്. അതൊരു അമ്പതു മതി. അയാളാണ് തന്നെയും കൊണ്ട് അടുത്ത പടിയിലേയ്ക്ക് കയറുന്നത്. ഒരു ക്ലർക്ക്. പക്ഷേ അയാൾ എത്ര ഉഗ്രമൂർത്തിയാണെന്ന് നേരിട്ടു പോയപ്പോഴാണ് മനസ്സിലായത്. അയാൾ എന്തോ എഴുതുകയായിരുന്നു. മുമ്പിൽ വന്ന് തൊഴുതുനിൽക്കുന്ന ഭക്തനെ അയാൾ ശ്രദ്ധിക്കുന്നുപോലുമില്ല. താൻ ക്ഷമയോടുകൂടി കാത്തുനിൽക്കുന്നു. ഒരു പേജ് മുഴുവൻ എഴുതിക്കഴിഞ്ഞപ്പോൾ അയാൾ അടുത്ത മേശയ്ക്കു പിന്നിലിരിക്കുന്ന പെൺകുട്ടിയോട് എന്തോ പറയുന്നു. അങ്ങിനെ ഒരവസരത്തിനു വേണ്ടി കാത്തിരുന്നപോലെ അവൾ പെൻ താഴെ വച്ച് സംസാരം തുടങ്ങുന്നു.

ഒരര മണിക്കൂർ കാത്തുനിന്നശേഷം കരുണൻ ചുമച്ച് തന്റെ അസ്വീകാര്യമായ സാന്നിദ്ധ്യം അറിയിച്ചു. അയാൾ തലതിരിച്ച്, തന്റെ സ്വസ്ഥമായ സൈ്വരസല്ലാപത്തിന് വന്ന തടസ്സത്തിന് കാരണമന്വേഷിക്കുന്നു. ഒരു ലൈസൻസിന്നാണ് വന്നതെന്നറിഞ്ഞപ്പോൾ അയാൾ ഒന്നു ചിരിച്ചു. സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ഒരുമ്പെടുന്ന ഏവനേയും നാണിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിരി. കരുണൻ പതറാതെ തന്റെ അപേക്ഷാഫോം നീട്ടി. തൊട്ടടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽനിന്ന് ടൈപ്‌സെറ്റ് ചെയ്ത് മനോഹരമായി പ്രിന്റൗട്ടെടുത്തതാണത്. അലസമായ കണ്ണുകളോടെ അതൊന്ന് വീക്ഷിച്ചശേഷം അയാൾ അതു മേശപ്പുറത്തുവച്ചു.

‘ഇത് എന്നേയ്ക്കു ശരിയാവും?’ കരുണൻ ചോദിച്ചു.

വീണ്ടും അതേ ചിരി. ‘ഇതിനൊരു സമ്പ്രദായൊക്കെണ്ട്. അതുപ്രകാരെ കാര്യങ്ങള് നടക്കൂ. ഇത് നിങ്ങടെ അപേക്ഷയല്ലെ. ഇതോണ്ട് കാര്യല്ല്യ. ഇവിട്ന്ന് ഒരപേക്ഷാഫോം വാങ്ങണം. അതില് അപ്ലൈചെയ്യണം.’

‘എന്നാൽ ഒരപ്ലികേഷൻ ഫോം തരു, ഞാനത് ഇപ്പൊത്തന്നെ പൂരിപ്പിച്ച് തരാം.’

‘ഫോം തല്ക്കാലം സ്റ്റോക്കില്ല. അടുത്ത ആഴ്ച വന്ന്‌നോക്ക്.’

‘അടുത്ത ആഴ്ചതന്നെ വര്വോ?’

‘വന്ന് അന്വേഷിച്ച് നോക്ക്. ചെല പ്പൊ വരും, ചെലപ്പൊ ഒരു മാസം എടുക്കും വരാൻ.’

‘അപ്പൊ ഞാൻ അടുത്ത ആഴ്ച…’ എന്നു പറഞ്ഞപ്പൊഴാണ് എന്തൊരു കഴുതയാണ് താനെന്ന് കരുണൻ ഓർ ക്കുന്നത്. അയാൾ ചെവി തപ്പിനോക്കി. നാണപ്പൻ പഠിപ്പിച്ചുതന്ന ഹോംവർക്ക് മുഴുവൻ മറന്നുപോയിരിക്കുന്നു. അയാൾ പറഞ്ഞിരുന്നു. ‘നമ്മള് ഒരു കാര്യം ആവശ്യപ്പെട്ടാൻ ഉടനെ അവര് അവര്‌ടെ മേശവലിപ്പ് തുറന്നിടും. അപ്പൊ കാര്യത്തിന്റെ ഗൗരവനുസരിച്ച് നൂറോ ഇരുന്നൂറോ അഞ്ഞൂറോ കാണിക്കയിട്ടുകൊടുക്കണം. കാര്യം അപ്പൊ നടക്കും. അല്ലെങ്കീ അവരിട്ട്…’

നാണപ്പൻ പറഞ്ഞത് ശരിയാണ്. താൻ അപേക്ഷ കൊടുത്ത ഉടനെ ക്ലർക്ക് അയാളുടെ മേശവലിപ്പ് തുറന്നിട്ടിരുന്നു. അതു കണ്ടെങ്കിലും അതിന്റെ സാംഗത്യം മനസ്സിലായില്ല എന്നത് തന്റെ ബുദ്ധിമാന്ദ്യത്തെ കാണിക്കുന്നു. കരുണൻ പോക്കറ്റിൽനിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് ക്ലർക്കിന്റെ മേശവലിപ്പിലിട്ടു. മേശവലിപ്പ് അടച്ചശേഷം ക്ലർക്ക് എഴുന്നേറ്റു. നാലു മിനുറ്റിന്നുള്ളിൽ അപേക്ഷാ ഫോം അയാളുടെ മുമ്പിലെത്തി. മുമ്പിലുള്ള കസേലയിൽ ഇരുന്ന് അതു പൂരിപ്പിക്കാൻ അനുവാദവും നൽകപ്പെട്ടു. പിന്നെ കാര്യങ്ങൾ എളുപ്പമായിരുന്നു. ഓരോ നടയിലെത്തിയാലും മൂർത്തിയുടെ ശക്തിയനുസരിച്ചും നടന്നുകിട്ടേണ്ട കാര്യങ്ങളുടെ ഗൗരവമനുസരിച്ചും ദക്ഷിണ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ ഫയൽ പ്രധാനപ്രതിഷ്ഠയുടെ മുമ്പിലെത്തി. പ്രതിഷ്ഠ ദേവിയായിരുന്നു. അവരുടെ പേരും ദേവി എന്നത് യാദൃശ്ചികമാവാൻ തരമില്ല. ഇനിയുള്ളത് അവരെ പ്രസാദിപ്പിക്കലാണ്. അല്പം ഗവേഷണം നടത്തിയപ്പോൾ കിട്ടിയ വിവരങ്ങൾ അത്ര ആശാവഹമല്ല. ക്ഷിപ്രകോപിയാണെന്നാണ് കേൾവി. നാല്പതു വയസ്സായ അവിവാഹിതയാണ്. കഴിക്കണ്ട എന്നു വച്ചിട്ടല്ല. ഇതുവരെ ഒന്നും തരത്തിനു കിട്ടിയില്ല എന്നു മാത്രം. പണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവമാണ്. നോക്കട്ടെ ഒരാഴ്ച സമയമുണ്ട്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയൊക്കെയാണെന്ന് അയാൾ രോഷ്‌നിയോടു പറഞ്ഞു. രോഷ്‌നി എന്നത് ഒരു നിർദ്ദോഷകരമായ ഇന്റർനെറ്റ് ചാറ്റിങ്ങിലൂടെ കഴുത്തിൽ വീണ പൊല്ലാപ്പാണ്. ഇപ്പോൾ അവളുമായി കല്യാണനിശ്ചയം കഴിഞ്ഞിരിക്കയാണ്.

‘അവിവാഹിത? നാല്പതു വയ സ്സ്?’ രോഷ്‌നി പറഞ്ഞു. ‘കാര്യം എളുപ്പമായല്ലോ. കരുൺ സ്വന്തം വശീകരണശക്തി പ്രയോഗിച്ചാൽ മതി. കാര്യം നടക്കും.’

‘വല്ലാത്ത അപകടസാദ്ധ്യതയുള്ള കാര്യമാണത്. ഞാൻ ഇന്റർനെറ്റിൽ ഒരിക്കൽ ശ്രമിച്ചിട്ടുള്ളതാണ്. ഒരു ദുരന്തമായി അത്?’

‘അതെന്താണ്?’ മന്ദബുദ്ധി ചോദിച്ചു.

‘പെണ്ണ് കഴുത്തിൽ തൂങ്ങി.’

‘ഓ, അതോ?…’

‘എന്റെ വശീകരണശക്തിയൊന്നും അവിടെ ചെലവാവുംന്ന് തോന്ന്ണ്ല്ല്യ.’

‘ങൂം?’

‘അവിടെ അതിലും വശീകരണശക്തിയുള്ള സാധനംതന്നെ വേണം. ചുരുങ്ങിയത് ഇരുപത് ഗാന്ധിമാർ വടികുത്തി ചെല്ലണം. ഗാന്ധിജിക്കുള്ള വശീകരണശക്തി ഇന്ന് മറ്റാർക്കുമില്ല.’

എന്തിനെപ്പറ്റിയാണ് കരുണൻ പറയുന്നതെന്ന് ആലോചിക്കുകയായിരുന്നു രോഷ്‌നി. സർക്കാർ ഓഫീസുകളിൽ കാര്യസാധ്യത്തിന്നായി ഇതുവരെ പോകേണ്ട ആവശ്യം വന്നിട്ടില്ലാത്ത ഭാഗ്യവതിയായ അവൾക്ക് ഗാന്ധിമാർഗ്ഗത്തെപ്പറ്റി എന്തറിയാം?

‘അടുത്ത ചൊവ്വാഴ്ച എന്റെ പിറന്നാളാണ്. എന്താണ് സമ്മാനം?’

‘ഇതെല്ലാം പൈങ്കിളി വർത്തമാനമാണ്.’ കരുണൻ പറഞ്ഞു. ‘നമ്മൾ കല്യാണം കഴിക്കാൻ പോകുന്നു. അതിലും മീതെ എന്തു സമ്മാനമാണ്. അതുതന്നെ വലിയൊരു സമ്മാനമായും, എന്റെ വശത്തുനിന്ന് വളരെ മഹത്തായ ഒരു ത്യാഗമായും കണക്കാക്കണം.’

‘അയ്യടാ! അടുക്കുമ്പോഴല്ലെ യഥാർത്ഥ സ്വഭാവം മനസ്സിലാവുന്നുള്ളു.’

‘രോഷ്‌നി എന്തിനെപ്പറ്റിയാണ് പറയണത്?’

‘നിങ്ങളുടെ പിശുക്കിനെപ്പറ്റിത്തന്നെ.’

‘ഇങ്ങിനെ മുഖത്തടിച്ച് കാര്യങ്ങൾ പറയുന്നത് ക്രൂരമാണ്.’

‘ഞാൻ എന്തായാലും ഒരു സമ്മാനം പ്രതീക്ഷിക്കും. നമ്മൾ കണ്ടുമുട്ടിയതിനുശേഷമുള്ള ആദ്യത്തെ പിറന്നാളാണ്. സമ്മാനം ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ വീണ്ടും ഇന്റർനെറ്റ് ചാറ്റിങ്ങിനുപോകും.’

ഈ ഭീഷണിയ്ക്ക് ദൂരവ്യാപകമായ ഫലങ്ങളുണ്ടാകുമെന്ന് തീർച്ച. കാര്യങ്ങൾ വിഷമതരമാകുന്നു എന്ന് കരുണന് മനസ്സിലായി. സർക്കാർ ഓഫീസും കാമുകിയും കൂടി താൻ പത്തു കൊല്ലം മണലാരണ്യത്തിൽ പോയി സമ്പാദിച്ച പണം മുഴുവൻ തിന്നുതീർക്കുമെന്നു തോന്നുന്നു. ഫാക്ടറി തുടങ്ങുവാൻ എല്ലാം തയ്യാറായാൽ, അതു നടത്താനായി ഒരു പത്തുകൊല്ലം വീണ്ടും ഗൾഫിൽ പോയി ജോലിയെടുത്തു സമ്പാദിക്കേണ്ടി വരും. രോഷ്‌നിയുടെ കാര്യം എങ്ങിനെയെങ്കിലും കൈകാര്യം ചെയ്യാം, പക്ഷേ സർക്കാറാഫീസിൽ ദക്ഷിണ കൊടുക്കാതെ ഒരു ഫയൽ മുന്നോട്ടു പോകില്ല. പതിനായിരം എന്നാണ് നാണപ്പൻ പറഞ്ഞത്. അതൊരുപക്ഷേ വരാൻ പോകുന്ന സീരിയലിന്റെ പ്രഥമ എപിസോഡ് മാത്രമാകാനും സാധ്യതയുണ്ട്. അടുത്ത ഒരാഴ്ച, തന്നെ സംബന്ധിച്ചേടത്തോളം നിർണ്ണായകഘട്ടമാണെന്ന് അച്ചടി ഭാഷയിൽ കരുണൻ ചിന്തിച്ചു.

രണ്ടു രാത്രിയും രണ്ടു പകലും ഗാഢമായി ചിന്തിച്ചതിന്റെ ഫലമായി കരുണൻ താഴെ പറയുന്ന ഒരു തീരുമാനത്തിലെത്തി. ദേവിയ്ക്ക് വഴിപാടു കൊടുക്കേണ്ട പതിനായിരത്തിനു പകരം തൽക്കാലം അയ്യായിരം കൊടുക്കുക, ബാക്കി പിന്നീട് നിർബ്ബന്ധം പിടിക്കുകയാണെങ്കിൽ മാത്രം കൊടുക്കുക. ഒരു അയ്യായിരം രൂപയ്ക്കു വേണ്ടി അവർ തന്റെ പദ്ധതിയ്ക്ക് കോടാലി വയ്ക്കില്ലെന്ന് വിശ്വസിക്കുക. ഇനി കാമുകിയും പ്രതിശ്രുതവധുവുമായ രോഷ്‌നിയ്ക്ക് എന്തു കൊടുക്കും? തല്ക്കാലം അവൾക്ക് ഒരു പിറന്നാൾ ആശംസാകാർഡും വേണമെങ്കിൽ അവളെ ഇന്റർനെറ്റു വഴി വീഴ്ത്തിയ മട്ടിലുള്ള ഏതാനും വരികളടങ്ങിയ ഒരു കത്തും വയ്ക്കാം. നമ്മുടെ വിവാഹം കഴിഞ്ഞാൽ പിന്നെ എന്നും ആഘോഷമല്ലെ എന്നമട്ടിൽ ഒരു കത്ത്. അതു കൊടുത്ത ഉടനെ അവളുടെ പ്രതികരണത്തിനും നന്ദിവാക്കിനും കാക്കുക എന്ന വങ്കത്തം ചെയ്യാതെ വാച്ചുനോക്കി ഒരു മീറ്റിങ്ങുണ്ട് എന്നും പറഞ്ഞ് കാറിൽ കയറി സ്ഥലം വിടുക. അതേ നടക്കൂ. കാര്യങ്ങൾ വിചാരിച്ചപോലെ നടക്കുമെന്നു തോന്നുന്നു. രണ്ടു മണിക്കൂർ എടുത്തെങ്കിലും സുന്ദരമായ ഒരു കത്ത് എഴുതാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം മുഖത്തു പിടിപ്പിച്ച് കരുണൻ പുറത്തിറങ്ങി. സർക്കാർ ദേവിയ്ക്കുള്ള വഴിപാടും എടുത്തു. രോഷ്‌നിയെക്കണ്ടശേഷം നേരെ സർക്കാരാഫീസ്ലിൽ പോയി കാര്യങ്ങൾ നടത്തിവരാം. നക്ഷത്രങ്ങളും ഗ്രഹങ്ങളും അനുകൂലമാണെങ്കിൽ ഇന്ന് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. അനുകൂലം തന്നെയായിരുന്നു. ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന രോഷ്‌നിയുടെ കയ്യിൽ കവർ കൊടുത്ത് ‘ഹാപ്പി ബർത്ത്‌ഡേ’യും പറഞ്ഞ് പുറത്തേയ്ക്കു കടന്നു.

‘അകത്തു കയറുന്നില്ലേ?’ രോഷ്‌നി ചോദിച്ചു.

‘ഇല്ല, പോകാൻ ധൃതിണ്ട്. ലൈസൻസിന്റെ കാര്യം ഇന്ന് ശരിയാക്കാംന്നാണ് പറഞ്ഞിട്ടുള്ളത്. പത്തുമണിയ്ക്ക്. ഇപ്പൊത്തന്നെ പത്തു കഴിഞ്ഞു. ഓടട്ടെ.’

‘വൈകീട്ട് കാണില്ലേ?’

‘പിന്നേ?’

അങ്ങിനെ ഒന്നാമത്തെ കടമ്പ കടന്നു. ഇനി? സർക്കാർ ഓഫീസ് ചൂടു പിടിച്ചുവരുന്നേയുള്ളൂ. അയാൾ ക്ഷമയോടെ കാത്തിരുന്നു. പത്തേമുക്കാലായപ്പോൾ ദേവി മാഡം വന്നു. ഉടനെ കരുണൻ അവരുടെ മുമ്പിൽ പോയി നിന്നു. അവർ കർചീഫെടുത്തു മുഖം തുടയ്ക്കുന്നതിനിടയിൽ അയാളെ ചോദ്യഭാവത്തിൽ നോക്കി. കരുണൻ കടലാസെടുത്ത് ഭവ്യതയോടെ അവരുടെ മുമ്പിൽ വച്ചു. അവർ അതെടുത്തു നോക്കി, മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

‘ശരി, അറിയിക്കാം.’

‘മാഡം, ഇത് വേഗം ശരിയാക്കിയാൽ നന്നായിരുന്നു.’ കരുണൻ ധൈര്യം സംഭരിച്ച് പറഞ്ഞു.

ദേവി ഒന്നു ചിരിച്ചു. ആ ചിരിയിൽ അടങ്ങിയ പ്രപഞ്ചരഹസ്യങ്ങൾ കണ്ട് കരുണൻ ഒന്നു പതറി.

‘എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. അപ്പൊഴേ നടക്കൂ. നിങ്ങള് ധൃതി പിടിച്ചതോണ്ട് കാര്യല്ല്യ.’ മുമ്പിൽ കുന്നുകൂടി കിടക്കുന്ന ഫയലുകൾ ചൂണ്ടിക്കൊണ്ട് അവർ തുടർന്നു. ‘ഇതാ, ഇതൊക്കെ കഴിഞ്ഞ ഒരു കൊല്ലായിട്ട് കെടക്കണതാണ്. സമയമെടുക്കും. ശരിയാവുമ്പോ അറീക്കാം.’

ഇതാണ് സമയം. കരുണൻ കീശയിൽനിന്ന് ഒരു കവറെടുത്ത് മേശമേൽ വച്ചു.

‘എന്റെ ഒരു ചെറിയ ഉപഹാരം.’

അവർ അതു കണ്ട ഭാവം നടിച്ചില്ല, പക്ഷേ താൻ നേരത്തെ കൊടുത്ത കടലാസ് ഒരിക്കൽക്കൂടി വായിച്ചു. എന്തോ അവരുടെ പെരുമാറ്റത്തിൽ കുറച്ചു മയം വന്നപോലെ. ‘ഒന്ന് പുറത്തു കാത്തുനിൽക്കൂ, ഞാൻ ഫയൽ ആവശ്യപ്പെടട്ടെ.’ അവർ പറഞ്ഞു. ‘എന്നിട്ട് വിളിക്കാം.’

കരുണൻ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു.

പത്തു മിനുറ്റിനുള്ളിൽ പ്യൂൺ വന്ന് വിളിച്ചപ്പോൾ കരുണനുണ്ടായിരുന്ന ഭയം കൊടുത്ത അയ്യായിരം പോരാ എന്നെങ്ങാൻ പറയുമോ എന്നായിരുന്നു. ഒന്നുമുണ്ടായില്ല. അയാൾക്കു കിട്ടിയ സ്വീകരണത്തിൽ കരുണന് ശരിക്കും അദ്ഭുതമായി. ഒരു സർക്കാർ ഓഫീസിൽത്തന്നെയാണോ താൻ നിൽക്കുന്നത്, അതോ പഞ്ചനക്ഷത്ര ഹോട്ടലിലോ? ദേവിയുടെ മുഖം നിറയെ ചിരിയാണ്.

‘ഇരിക്കു…’ അവർ മുമ്പിലുള്ള കസേല ചൂണ്ടിക്കാട്ടി.

അയാൾ ഇരുന്നു.

‘എന്താണ് പേര്?’ അല്പം ലജ്ജ കലർന്ന ചോദ്യം.

‘കരുണൻ. കരുണൻ രാമകൃഷ്ണൻ. കൂട്ടുകാർ എന്നെ കരുൺ എന്നു വിളിക്കുന്നു.’

‘ഞാനും അങ്ങിനെ വിളിക്കട്ടെ?’

ദൈവമേ, ഇവളെന്തിനുള്ള പുറപ്പാടാണ്? പണവും വാങ്ങിവച്ചിട്ട് ശൃംഗരിക്കാനുള്ള പുറപ്പാടാണോ?

‘തീർച്ചയായും.’

‘കരുണിന് എത്ര വയസ്സായി? ചോദിക്കുന്നതു കൊണ്ട് വിരോധമില്ലല്ലോ?’

കരുണൻ മുമ്പിലിരിക്കുന്ന സ്ത്രീയുടെ ഒരവലോകനം നടത്തി. നാണപ്പൻ പറഞ്ഞത് നാല്പതു കഴിഞ്ഞുവെന്നാണ്. പക്ഷേ കണ്ടാൽ തോന്നില്ല. ഏറിയാൽ ഒരു മുപ്പത്തഞ്ച്. ഒരു ശരാശരി സ്ത്രീ. എന്താണവരുടെ കല്യാണം കഴിയാത്തതാവോ. ജാതക ദോഷമോ, അങ്ങിനെ വല്ലതുമായിരിക്കും. സൗന്ദര്യം ഒരു കാരണമാണെന്നു തോന്നുന്നില്ല. ഇത്രതന്നെ സൗന്ദര്യമില്ലാത്തവർ കല്യാണം കഴിച്ച് ഭംഗിയായി ജീവിക്കുന്നു.

‘എനിക്ക് ഈ ഒക്‌ടോബറിൽ മുപ്പത്തിരണ്ടു തികയുന്നു.’

‘കണ്ടാൽ തോന്നില്ല. ഏറിയാൽ ഇരുപത്തെട്ട്.’

‘താങ്ക്‌സ്.’ ഇതേ അഭിനന്ദനം അവർക്കും കൊടുക്കണമെന്നുണ്ടായിരുന്നു കരുണന്ന്. എങ്ങിനെ കൊടുക്കും? അവരുടെ ശരിക്കുള്ള വയസ്സ് ആരോ പറഞ്ഞുതന്നു എന്നത് അവർ ഇഷ്ടപ്പെട്ടെന്നു വരില്ല.

‘വീട്ടിൽ ആരൊക്കെയുണ്ട്?’

കരുണൻ സംസാരിക്കാൻ നിർബ്ബന്ധിതനായി. രോഷ്‌നി പറഞ്ഞപോലെ തന്റെ വശീകരണശക്തി ഫലിക്കുന്നുണ്ട് എന്നു തോന്നുന്നു, തനിക്കത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഒരു മണിക്കൂർ നേരത്തെ സംസാരത്തിനു ശേഷം പിരിയുമ്പോൾ അവർ പറഞ്ഞു.

‘ഈ ലൈസൻസ് ഒരാഴ്ചക്കുള്ളിൽ നമുക്ക് ശരിയാക്കാം.’

വീട്ടിലെത്തിയ ഉടനെ കരുണൻ രോഷ്‌നിയ്ക്ക് ഫോൺ ചെയ്തു.

‘നീ പറഞ്ഞതു തന്നെയാണ് കാര്യമെന്നു തോന്നുന്നു. കാര്യം ഒരു മണിക്കൂറിനുള്ളിൽ ശരിയായി.’

‘ഞാനെന്താണ് പറഞ്ഞത്?’

‘എന്റെ ചാം കൊണ്ട് കാര്യങ്ങള് എളുപ്പം നടത്താംന്ന്.’

‘കരുണിന്റെ ചാം കൊണ്ടോ? സർക്കാർ ഓഫീസിൽ അതുകൊണ്ടൊന്നും കാര്യങ്ങൾ നടക്കില്ല. പണം എണ്ണിക്കൊടുക്ക്വന്നെ വേണം. പിന്നെ കരുണിന് അത്ര വശീകരണശക്തിയൊന്നുംല്ല്യ. അങ്ങിനത്തെ മിഥ്യാധാരണയൊന്നും വച്ചുപുലർത്തണ്ട കെട്ടോ. ആട്ടെ ആ ഓഫീസർക്ക് വയസ്സെത്ര്യായി?’

‘ഇരുപത്തഞ്ച്.’

‘കാര്യമാണോ?’ അവളുടെ സ്വരം താഴ്ന്നുവരുന്നു. ‘ആട്ടെ വൈകുന്നേരം കാണില്ലേ? കരുണിന് ഒരു സർപ്രൈസുണ്ട്.’

‘സർപ്രൈസോ?’

‘വൈകുന്നേരം കാണാം.’

രോഷ്‌നി തന്ന ഏറ്റവും വലിയ സർപ്രൈസ് അവളെ നേരിട്ടു കണ്ടപ്പോഴെ കഴിഞ്ഞിരിക്കുന്നു. അതുവരെ ഇ—മെയിലിൽക്കൂടി വന്നിരുന്ന ഫോട്ടോകൾ വഴി കിട്ടിയ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു. കരുണന്ന് അന്നുമുതലാണ് ഫോട്ടോകളോടുള്ള അവിശ്വാസം തുടങ്ങിയത്. പിറന്നാൾ സമ്മാനം ഒരു ഉഗ്രൻ ഡിന്നറിൽ ഒതുക്കാം. രോഷ്‌നിയ്ക്ക് ഇഷ്ടപ്പെട്ട റെസ്റ്റോറണ്ടിൽത്തന്നയാകട്ടെ. ഒരു ടേബ്ൾ ബുക്കു ചെയ്തു, അയാൾ അവളെ കൂട്ടാനായി പോയി. അവൾ തയ്യാറായി നിൽക്കുകയാണ്. ചുവപ്പു നിറത്തിൽ മഞ്ഞപ്പൂക്കളുള്ള മനോഹരമായ സിൽക്ക് ചൂരിദാർ, നെറ്റിയിൽ ചുവന്ന പൊട്ട്, നഖങ്ങളിൽ ചുവന്ന പോളിഷ്, അതിനെല്ലാം യോജിച്ച ചെരിപ്പ്, ആകെ ചുവപ്പുമയം.

കാറിന്റെ ശബ്ദം കേട്ട ഉടനെ അവൾ പിന്നിലേയ്ക്കു നോക്കി അമ്മയോട് എന്തോ വിളിച്ചുപറഞ്ഞ് ഓടിവന്നു. അടുത്തെത്തിയപ്പോൾ അയാളുടെ മുമ്പിൽ നിന്നുകൊണ്ട് ചോദിച്ചു.

‘എങ്ങിനെയുണ്ട്?’

‘ഉഗ്രനായിട്ടുണ്ട്. നീ കയറ്.’ അയാൾ വാതിൽ തുറന്നുകൊടുത്തു.

അവൾ കയറിയിരുന്നപ്പോൾ പെർഫ്യൂമിന്റെ വാസന. അവൾ സാധാരണ ഉപയോഗിക്കുന്നതല്ല. ഇന്നവൾ കുറേ പണം പൊടിച്ചിട്ടുണ്ടെന്നു തോന്നുന്നു.

അയാൾ കാർ സ്റ്റാർട്ടാക്കി.

‘എന്താണ് സർപ്രൈസ് കാണിച്ചു തരാംന്ന് പറഞ്ഞത്?’

‘ഇതു തന്നെ!’ അവൾ കുറച്ചു നിരാശപ്പെട്ടു എന്നു തോന്നി. ‘ഇതിൽ ഞാനല്ലാത്തതൊക്കെ കരുൺ തന്ന ബർത് ഡേ ഗിഫ്റ്റുകൊണ്ട് വാങ്ങിയതാണ്. ആട്ടെ എന്റെ ചെരിപ്പ് എങ്ങിനെണ്ട്?’

‘നന്നായിട്ട്ണ്ട്…’ കരുണൻ പെട്ടെന്ന് അവൾ പറഞ്ഞ വാചകത്തിന്റെ പൊരുൾ മനസ്സിലാവാതെ ചോദിച്ചു. ‘ഒരു മിനിറ്റ്… എന്താ നീ പറഞ്ഞത്? ഞാൻ തന്ന ഗിഫ്‌റ്റോ?’

‘അതേ, കരുൺ രാവിലെ തന്ന ഗിഫ്റ്റ്? രാവിലെ അയ്യായിരം രൂപ തന്നത് മറന്ന്വോ?’

‘എന്ത്?’

അയാൾ കാർ ഇടത്തോട്ടു തിരിച്ച് ഓരത്തു നിർത്തി, തലയിൽ കയ്യുംവച്ച് ഒരിരിപ്പിരുന്നു. എന്തു പറ്റീ എന്ന ഉൽക്കണ്ഠാകുലമായ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അയാൾ ഇരിക്കുകയാണ്. എവിടെയോ പുതുമഴ പെയ്തു. അതിന്റെ ഈർപ്പം ഒരു വരണ്ട മനസ്സിനെ ആർദ്രമാക്കുകയാണ്. വാടിക്കൂമ്പിയ ഇലകൾ വിടർന്ന് പുതിയ മുളകൾ പൊട്ടുന്നു. പ്രകൃതിയുടെ ജീവൽസ്പർശത്തിനായി മുഖമുയർത്തുന്നു, ആ മഴ ഒരു ദിവസത്തേയ്ക്കു മാത്രമുള്ളതാണെന്നറിയാതെ. ഒരു നാല്പതു വയസ്സുകാരിയെ ഓർത്ത് അയാൾ ദു:ഖിതനായി.