close
Sayahna Sayahna
Search

കരിയടുപ്പ്


കരിയടുപ്പ്
EHK Story 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൂറകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 50

ടവർ ക്ലോക്ക് ഏഴര അടിച്ചു. തണുത്ത അന്തരീക്ഷത്തിൽ അത് ഒരു അലയായി ബീറ്റു കോൺസ്റ്റബിൾ ബാനർജിയുടെ ചെവിയിലെത്തി. താൻ ഒന്നു െഞട്ടിയോ? ഇല്ല. വെറും തോന്നലായിരിക്കും. അല്ലെങ്കിൽ, എന്തിനു ഭയപ്പെടണം? ഇനി അരമണിക്കൂറും കൂടിയുണ്ട് ഈ ഡ്യൂട്ടി അവസാനിക്കാൻ. ഇതൊന്നവസാനിച്ചാൽ മതിയായിരുന്നു. അതിനുമുമ്പ് അതു സംഭവിക്കുമോ? കൂട്ടുകാരൻ ഇന്നു കൊല്ലപ്പെടുമോ?

മൂടൽ മഞ്ഞു കാരണം അയാൾക്കു ക്ലോക്കിന്റെ ഡയൽ മങ്ങിയേ കാണുവാൻ കഴിഞ്ഞിരുന്നുള്ളു. പക്ഷേ, അതിന്റെ ചുവട്ടിലെ നിലയിൽനിന്നു ജാലകത്തിലൂടെ വെളിച്ചം ശക്തിയായി പുറത്തേയ്ക്കു പ്രവഹിച്ചിരുന്നു. അവിടെ താമസിക്കുന്നത്...സുബോദു പറഞ്ഞതു ശരിയായിരിക്കുമോ?

പാലം വളരെ വീതി കുറഞ്ഞതായിരുന്നു. അതിൽക്കൂടി ഒരു സമയത്ത് ഒരു ഭാഗത്തേയ്ക്കു മാത്രമേ വാഹനങ്ങൾ പോയിരുന്നുള്ളു. ആ പാലത്തിന്റെ ഒരറ്റത്തു നിന്നു വാഹനങ്ങളെ നിയന്ത്രിക്കുന്ന ബാനർജിക്കു മറുഭാഗത്തു നിൽക്കുന്ന തന്റെ കൂട്ടുകാരൻ സുബോദിനെ മൂടൽ മഞ്ഞിൽ ഒരു നിഴൽ പോലെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു. അയാളുടെ ബെൽറ്റിന്മേലുള്ള ലോഹക്കഷണം മാത്രം ഇടയ്ക്കിടയ്ക്കു പ്രകാശിച്ചു. കുറച്ചുസമയം കൂടിക്കഴിഞ്ഞാൽ മഞ്ഞിനു കട്ടി കൂടി അയാളെ തീരെ കാണാതാകുമെന്ന വിചാരം ബാനർജിയെ അസ്വസ്ഥനാക്കി.

ബസ്സുകളും ട്രാമുകളും കടന്നു പോകുമ്പോൾ തണുത്ത കാറ്റു മുഖത്തുവന്നടിച്ചു. തണുപ്പ് ഒരു പുഴുവിനേപ്പോലെ നഗ്നമായ മുഖത്തും കൈകളിലും അരിച്ചരിച്ചു കയറുകയാണ്. ബാനർജി തന്റെ രോമകുപ്പായം കുറേക്കൂടി ദേഹത്തോടടുപ്പിച്ചു.

മറുഭാഗത്തുനിന്നു കൂട്ടുകാരന്റെ വിസിൽകേട്ടു. അവിടെ നിന്നു വരുന്ന വാഹനങ്ങളുടെ പ്രവാഹം നിലച്ചു. ഇനി തന്റെ ഊഴമാണ്. വാഹനങ്ങൾക്കു പോകുവാനുള്ള അടയാളം കാണിച്ചുകൊണ്ടു ബാനർജി വിചാരിച്ചു. ഇതിനൊരവസാനമില്ലെ? കാറുകളും ബസ്സുകളും സ്റ്റാർട്ടുചെയ്യുന്ന ശബ്ദം, പിന്നെ അവ നീങ്ങിത്തുടങ്ങി. വീണ്ടും കാറ്റു മുഖത്തു വന്നടിച്ചു.

ചുറ്റും ആളുകളുടെ തിരക്ക് ഒഴിഞ്ഞു തുടങ്ങി. ശൈത്യകാലത്ത് കൽക്കത്തയിൽ വളരെ വേഗം രാത്രിയാവും. എട്ടുമണി കഴിഞ്ഞാൽ വളരെ കുറച്ച് ആളുകളെയും വാഹനങ്ങളെയും മാത്രമെ പുറത്തു കാണുകയുള്ളു. പാലം കുറച്ചുയർന്ന സ്ഥലത്തായിരുന്നു. അവിടെനിന്നു കറുത്ത നിരത്ത് ഓടി സമതലത്തിൽ ചെന്നു ലയിക്കുന്നത് അപ്പോൾ തിരക്കില്ലാത്തതുകൊണ്ടു നല്ലപോലെ കാണാമായിരുന്നു. അതിനു നടുവിൽ ട്രാമിന്റെ ഇരുമ്പു റെയിലുകളിൽ തെരുവു വിളക്കുകൾ വെളിച്ചത്തിന്റെ ഒരു പാത നിർമ്മിച്ചു.

മഞ്ഞിനു വീണ്ടും കട്ടി കൂടുകയാണ്. മഞ്ഞിൻ പുക കലർന്ന് അതു കണ്ണുകളെ വേദനിപ്പിക്കാൻ തുടങ്ങി. ടവർ ക്ലോക്കിന്റെ ഡയൽ പിന്നെയും മങ്ങി. അതിന്റെ ചുവട്ടിലെ നിലയിൽനിന്ന് ജാലകത്തിലൂടെ അപ്പോഴും ശക്തിയായ വെളിച്ചം പുറത്തേയ്ക്കു പ്രവഹിച്ചിരുന്നു. കട്ടിയുള്ള മഞ്ഞിൽക്കൂടി ആ വെളിച്ചം കുറേ ദൂരം സഞ്ചരിക്കുന്നപോലെ തോന്നി.

കൂട്ടുകാരൻ പറഞ്ഞതു ശരിയാണെങ്കിൽ, അവിടെ താമസിക്കുന്നത് ഒരു കൂട്ടം കള്ളനോട്ടടിക്കാരാണ്. അവർ അഞ്ചിന്റെയും പത്തിന്റെയും നൂറിന്റെയും നോട്ടുകൾ അച്ചടിച്ചുണ്ടാക്കുന്നു. അല്ലെങ്കിൽ അങ്ങനെ സുബോദ് പറയുന്നു. അതു വാസ്തവമാണോ? ബാനർജി ഒരു നിമിഷം ആലോചിച്ചു. എങ്കിൽ സുബോദ് ഇന്നു കൊല്ലപ്പെടാൻ പോകുകയാണെന്നു ബാനർജിക്കു തോന്നി. കൂട്ടുകാരൻ ്രഭാന്തു പറയുകയാണെന്നു ബാനർജി വിചാരിച്ചു. എങ്കിൽ നന്നായിരുന്നു. പക്ഷെ, തന്റെ കൂട്ടുകാരൻ വധിക്കപ്പെടുന്നതിന്റെ സംഭാവ്യതയെക്കുറിച്ചു ബാനർജി ഇപ്പോൾ തികച്ചും ബോധവാനായിരിക്കയാണ്.

കൂട്ടുകാരന്റെ വിസിൽ ക്രമമായി ഇടവിട്ടു കേൾക്കാനുണ്ട്. അപ്പോഴെല്ലാം അയാൾ എന്താണു ചെയ്യുകയെന്നു ബാനർജി ഊഹിച്ചു. വാഹനങ്ങൾക്കു പോകുവാൻ കൈയും കാട്ടി ടവർക്ലോക്കുള്ള കെട്ടിടത്തിലേയ്ക്ക് നോക്കുന്നുണ്ടാവും.

കഴിഞ്ഞ ഒരാഴ്ചയായി സുബോദിന് ആ കള്ളനോട്ടടിക്കാരുടെ കാര്യമേ പറയുവാനുണ്ടായിരുന്നുള്ളു. ബാനർജി ഓർത്തു. പക്ഷേ, ബാനർജി തന്റെ സ്‌നേഹിതൻ പറഞ്ഞത് ഒട്ടും വിശ്വസിച്ചില്ല. വാസ്തവത്തിൽ, കള്ളനോട്ടടിക്കാരെ കുറിച്ചു വ്യത്യസ്തമായ ഒരു ഭാവനയാണു ബാനർജിക്കുണ്ടായിരുന്നത്. വളരെയേറെ അപകടസാദ്ധ്യതയുള്ള ഒരു ജോലി. ഇത്ര പരസ്യമായ ഒരു സ്ഥലത്തുവച്ചു ചെയ്യുവാൻ അവർ ധൈര്യപ്പെടുമോ? തന്റെ സ്‌നേഹിതൻ ചില തെറ്റായ ധാരണയും വച്ചു കൊണ്ടാണു നടക്കുന്നതെന്നു ബാനർജിക്കു തോന്നിയിരുന്നു. അതുകൊണ്ട് ആ കള്ളനോട്ടടിക്കാരെ പിടിക്കുവാനുള്ള തന്റെ പരിപാടിയെക്കുറിച്ചു സുബോദു പറഞ്ഞപ്പോഴൊന്നും ബാനർജി അധികം താല്പര്യം കാണിച്ചില്ല. ആ കള്ളനോട്ടടി സംഘത്തെ പിടിച്ചാൽ തനിക്കു കിട്ടുവാൻ പോകുന്ന ഉദ്യോഗക്കയറ്റത്തെപ്പറ്റി സുബോദു പറയുമ്പോഴെല്ലാം ബാനർജി വിചാരിക്കാറുണ്ട്. ‘പാവം ്രഭാന്തു പിടിച്ചുപോയി.’

ദിവസവും ഡ്യൂട്ടിക്കു വരിക രണ്ടുപേരുമൊന്നിച്ചാണ്. പാലത്തിന്റെ അടുത്തെത്തിയാൽ കൂട്ടുകാരൻ ടവർ ക്ലോക്കുള്ള കെട്ടിടത്തിലേയ്ക്കു നോക്കിക്കൊണ്ടു പറയും.

‘അവർ അവിടെയുണ്ട്. രാത്രി, ആ ജാലകത്തിലൂടെ വെളിച്ചം വരുമ്പോഴെല്ലാം മനസ്സിലാക്കാം. അവർ അവിടെയുണ്ടെന്ന്. ഞാനവരെ പിടിക്കും, ഒരു ദിവസം. അതു ഞാൻ ചെയ്യും.’

അന്നു സുബോദിനെ പരിഹസിക്കുകയാണുണ്ടായത്. പക്ഷേ, ഇന്ന്, മൂടൽമഞ്ഞിൽ കുഴച്ച തണുപ്പിൽ നിന്നുകൊണ്ട് വാഹനങ്ങളെ നിയന്ത്രിക്കുമ്പോൾ ബാനർജിക്കു തന്റെ സ്‌നേഹിതൻ പറഞ്ഞതു വാസ്തവമാണോയെന്നു തോന്നി. ആ, അരമണിക്കൂറിനു മുമ്പു നടന്ന സംഭവം അയാളെ അത്രയും അട്ടിമറിച്ചിരുന്നു.

ഏഴുമണി അടിക്കുവാൻ തുടങ്ങിയപ്പോൾ ബാനർജിക്കു പാലത്തിന്റെ മുകളിൽ കത്തുന്ന മൂന്നു ഗ്യാസു വിളക്കുകളുടെ പ്രകാശത്തിൽ മറുഭാഗത്തുനിന്നിരുന്ന സുബോദിനെ ഒരുമാതിരി നന്നായിക്കാണുവാൻ കഴിഞ്ഞിരുന്നു. അപ്പോൾ മഞ്ഞിനു ഇത്രയധികം കട്ടിയുണ്ടായിരുന്നില്ല. പിന്നീട് അതിനോടു പുകകൂടി ചേർന്ന് എല്ലാം അവ്യക്തമായിത്തുടങ്ങി. കൂട്ടത്തിൽ കൂട്ടുകാരനും. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, പുക വന്നിരുന്നതു റോഡിന്റെ മറുഭാഗത്തുനിന്നു കത്തിച്ചിരുന്ന കരിയടുപ്പിൽ നിന്നാണെന്ന്.

അതു കത്തിച്ചിരുന്നവൻ അതിനടുത്തു തന്നെ പുറംതിരിഞ്ഞിരിക്കുകയായിരുന്നു.

ബാനർജി വിളിച്ചു. ‘ഏയ്, അടുപ്പുകാരാ...

ആ കരിയടുപ്പ് അവിടെനിന്ന് എടുത്തുകൊണ്ടു പോകുവാൻ പറയണമെന്നു വിചാരിച്ച്, അയാൾ ഒന്നുകൂടി വിളിച്ചു.

‘ഏയ്...’

പെട്ടെന്ന് അയാൾ തിരിഞ്ഞു നോക്കി. കൊമ്പൻമീശയുള്ള ഒരു ഭീമാകാരൻ. അയാളോട് അടുപ്പ് എടുത്തുകൊണ്ടു പോകുവാൻ പറയുവാൻ തുനിഞ്ഞപ്പോൾ ബാനർജി പെട്ടെന്ന് ഓർമ്മിച്ചത്. ഇവനെ എവിടെവച്ചോ കണ്ടിട്ടുണ്ട്. എവിടെ വച്ചാണ്?

പുക വീണ്ടും മഞ്ഞിൽ കലർന്നു പരിസരങ്ങളെ അവ്യക്തമാക്കുകയാണ്. ബാനർജി അപ്പോഴും ആലോചിച്ചു. എവിടെവച്ചാണവനെ കണ്ടത്? ആ കൊമ്പൻമീശക്കാരൻ, ബാനർജിയെ തുറിച്ചുനോക്കുകയായിരുന്നു. ബാനർജിക്ക് അവന്റെ മുഖത്തു നോക്കുവാൻ ഭയമായി.

കൂട്ടുകാരന്റെ വിസിൽ ഇടയ്ക്കിടയ്ക്ക് അപ്പോഴും കേൾക്കാനുണ്ട്. അയാളുടെ ബെൽറ്റിന്മേലുള്ള ലോഹക്കഷണം അയാളുടെ ഓരോ ചലനത്തിലും തിളങ്ങിക്കൊണ്ടിരുന്നു.

ബാനർജി അടുപ്പു കത്തിക്കുന്നവരെ നോക്കി. ഇപ്പോൾ അയാളുടെ മുഖം കൂടുതൽ വ്യക്തമായിരുന്നു. പെട്ടെന്നു ബാനർജിക്ക് ആ കൊമ്പൻമീശക്കാരന്റെ കണ്ണുകൾ കാണുവാൻ കഴിഞ്ഞു. അതിലെ ക്രൂരതയും.

അയാളെ എവിടെവച്ചാണു കണ്ടത്. ഓ, കിട്ടിപ്പോയി. രാഷ്ബീഹാരി അവന്യുവിൽവച്ച്. അയാളാണോയിത്? അപ്പോഴേയ്ക്കും മറുഭാഗത്തുനിന്നു വന്നിരുന്ന ഒരു ട്രാം കാരണം ആ കൊമ്പൻമീശക്കാരൻ തന്റെ ദൃഷ്ടിയിൽനിന്നും മറഞ്ഞു. ബാനർജി തന്നത്താൻ ചോദിച്ചു. അയാളാണോ ഇത്? പിന്നെ ട്രാം പോയിക്കഴിഞ്ഞപ്പോൾ തന്റെ ഊഹം ശരിയാണോയെന്നു പരിശോധിക്കുവാൻ ബാനർജി അവിടേയ്ക്കു നോക്കി. പക്ഷേ, ആ കൊമ്പൻ മീശക്കാരൻ അടുപ്പുമെടുത്ത് അപ്രത്യക്ഷനായിരുന്നു.

അപ്പോഴേയ്ക്കും പുക അവിടം മുഴുവൻ പരന്നു കഴിഞ്ഞിരുന്നു. ഈ തണുപ്പു കാലത്തു പുക ഒരിക്കലും മുകളിലോട്ടു പോകുകയില്ല. മഞ്ഞുമായി കുഴഞ്ഞ് അതു ഭൂമിയുടെ വിതാനത്തിൽ തങ്ങി നിൽക്കുകയേയുള്ളു.

ബാനർജി അസ്വസ്ഥനായി. ഇന്നു രാവിലെ തന്റെ കൂട്ടുകാരനെപ്പറ്റി ചോദിച്ച ആ കൊമ്പൻമീശക്കാരൻ തന്നെയാണോ ഈ കണ്ടത്? അവനെന്താണ് ഇവിടെ കാര്യം?

ഇന്നു രാവിലെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പറഞ്ഞത്. അവൻ ടോളി ഗഞ്ചിൽ താമസിക്കുകയാണെന്നാണ്. അവിടെ അവന് ഒരു പലചരക്കു കച്ചവടമുണ്ടത്രെ. പക്ഷേ, ടോളി ഗഞ്ചിൽ പലചരക്കു കച്ചവടമുള്ള ഒരാൾ ഇവിടെ, കാളിഘട്ടു പാലത്തിന്റെ അടുത്തു വന്നിരുന്ന് അടുപ്പു പുകയ്‌ക്കേണ്ട കാര്യം!! ഇവിടം മുഴുവൻ പുക നിറച്ചു ദൃശ്യത കുറയ്ക്കുകയാണോ അയാളുടെ ഉദ്ദേശം?

അതയാളല്ലെന്നു വരുമോ? അതെ, അത് അയാൾതന്നെയാണ്. അതേ കൊമ്പൻമീശ, അതേ ക്രൂരമായ കണ്ണുകൾ.

അയാൾ രാവിലെ തന്റെ കൂട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. അയാളുടെ പേര്, ഡ്യൂട്ടി എപ്പോഴാണ് എന്നെല്ലാം. രാവിലെ ബാനർജി അതത്ര കാര്യമായി എടുത്തില്ല. ആ ചോദ്യത്തിൽ അത്ര പന്തികേടുണ്ടെന്നും ഓർത്തില്ല.

ഇപ്പോൾ, ഈ മൂടൽ മഞ്ഞിൽ ഏകനായി നിൽക്കുമ്പോൾ, അയാൾക്കു പല സംശയങ്ങളുമുണ്ടായി. അയാൾ എന്തിനു തന്റെ കൂട്ടുകാരനെപ്പറ്റി അന്വേഷിച്ചു. ബാനർജിക്കു താൻ അതു സുബോദിനോടു പറയാഞ്ഞത് ഒരു വലിയ വിഡ്ഢിത്തമായി തോന്നി. ഈ കൊമ്പൻമീശക്കാരനും, സുബോദു പറഞ്ഞ കള്ളനോട്ടടി സംഘത്തിലെ അംഗമായിരിക്കുമോ? എന്തിനയാൾ കരിയടുപ്പു കത്തിച്ച് ഇവിടം മുഴുവൻ പുകകൊണ്ടു നിറച്ചു?

സംശയങ്ങൾ പുകയെപ്പോലെതന്നെ ബാനർജിയുടെ മനസ്സിൽ വലുതായി വന്നു. അവസാനം അത് ഒരാകാരം പൂണ്ടു. മരണത്തിന്റേതായ ആകാരം. ബാനർജി നടുങ്ങി.

ഇപ്പോൾ വാഹനങ്ങളുടെ തിരക്കു വളരെ കുറഞ്ഞിരുന്നു. ഇടയ്ക്കും, തലയ്ക്കുമായി വല്ല കാറോ, ബസ്സോ, ട്രാമോ മാത്രം പോകും. കൂട്ടുകാരന്റെ ബെൽറ്റിന്റെ ലോഹക്കഷണം ഗ്യാസ് വിളക്കിന്റെ വെളിച്ചത്തിൽ മിന്നി. അടുത്ത നിമിഷത്തിൽ അതും കാണാതാകും. അത്രയധികം മഞ്ഞുണ്ട് ഇന്ന്.

ഈ ഡ്യൂട്ടിയൊന്നവസാനിച്ചാൽ തനിക്കു വീട്ടിൽ പോകാമായിരുന്നു. വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഭാര്യയെ അയാൾ ഓർത്തു. തന്റെ കൊച്ചുമകൾ ഒരു പക്ഷേ ഉറങ്ങിയിട്ടുണ്ടാകും.

പെട്ടെന്നു ബാനർജിക്കു തന്റെ കൂട്ടുകാരൻ ഒരു ഭർത്താവും, പിതാവും ആണെന്ന കാര്യം ഓർമ്മ വന്നു. അയാളുടെ ഭാര്യയും അയാളെ കാത്തിരിക്കുന്നുണ്ടാവും. സുബോദ് ഇന്നു കൊല്ലപ്പെടുമെന്ന് ആ സ്ത്രീക്ക് ഊഹിക്കുവാൻ പോലും കഴിയുമോ?

താൻ അർത്ഥമില്ലാത്ത ഓരോന്ന് ആലോചിക്കുകയാണെന്നു ബാനർജിക്കു തോന്നി. തന്റെ മനസ്സു വളരെ അസ്വസ്ഥമായിരിക്കുന്നു.

തണുപ്പ് ഇപ്പോൾ വളരെയധികമുണ്ട്. ബാനർജിക്കു തന്റെ കൈകൾ കോച്ചുന്നതായി തോന്നി. ലോഹം കൊണ്ടുള്ള വിസിൽ ചുണ്ടിൽ വയ്ക്കുമ്പോൾ ചുണ്ടുകൾ തണുപ്പുകൊണ്ടു വേദനിച്ചു.

ഇപ്പോൾ സമയം ഏകദേശം ഏഴേമുക്കാലായിട്ടുണ്ടാകും. ടവർക്ലോക്കിന്റെ ഡയൽ തീരെ മങ്ങിയിരുന്നു. അതിന്റെ ചുവട്ടിലെ ജാലകത്തിലൂടെ പക്ഷേ, വെളിച്ചം അപ്പോഴും പുറത്തേയ്ക്കു പ്രവഹിച്ചിരുന്നു.

ചുറ്റും മൂടൽമഞ്ഞു കാരണം വെളിച്ചം കുറവായിരുന്നു. ആ മൂടൽമഞ്ഞിൽ മരണം പതിയിരിക്കുന്നുണ്ടെന്നു ബാനർജിക്കു തോന്നി. എന്തിനാണു താനങ്ങനെ വിചാരിക്കുന്നതെന്ന് അയാൾ നിമിഷം ആലോചിച്ചു. ദിവസവും താനിവിടെ പാറാവു നിൽക്കാറുണ്ട്. ഒരു ദിവസവും താൻ ഈ വിധത്തിൽ ആലോചിക്കാറില്ല. ഇന്നു തന്റെ മനസ്സ് ആകെ തകിടംമറിഞ്ഞിരിക്കുന്നു. ഇന്നു വാസ്തവത്തിൽ വല്ലതും സംഭവിക്കുമോ?

തണുപ്പു കാരണം അയാളുടെ, താടിയെല്ലുകൾ കൂട്ടിയടിക്കാൻ തുടങ്ങി. ഇനി പതിനഞ്ചു മിനിറ്റുകൂടിയുണ്ടാവും. അതു കഴിഞ്ഞാൽ തനിക്കു പോകാം. സുഖമായി ഊണു കഴിച്ചു കിടന്നുറങ്ങാം. അതിനുമുമ്പ് ഇന്ന് അതു സംഭവിക്കുമോ?

പീടികകളെല്ലാം അടച്ചുതുടങ്ങി. റോഡിന്റെ ഒരു വശത്തു കത്തുന്ന ഗ്യാസു വിളക്കുകളുടെ മങ്ങിയ പ്രകാശം മാത്രമുണ്ട് ഇപ്പോൾ. അതും കൂടി കെട്ടുപോയാലോ? ബാനർജി ഭയം കൊണ്ടു വിറച്ചു.

തന്റെ കൂട്ടുകാരനെന്താണു ചെയ്യുന്നതെന്ന് അറിയുവാൻ ബാനർജി ആഗ്രഹിച്ചു. അയാളുടെ ബൽറ്റിന്മേലുള്ള ലോഹക്കഷണം വളരെ മങ്ങിയേ പ്രകാശിക്കുന്നുള്ളു. വളരെ സൂക്ഷിച്ചാലേ കാണാൻ കഴിയൂ.

സമയം എത്രമണിയായിട്ടുണ്ടാകും? എന്താണ് എട്ടുമണിയാവാത്തത്? ബാനർജി ടവർക്ലോക്കിലേയ്ക്കു നോക്കി. െഞട്ടിപ്പോയി! അവിടെ ജാലകത്തിലൂടെ വന്നിരുന്ന വെളിച്ചം നിലച്ചിരുന്നു. അവിടെ ഇരുട്ടാണ്. അപ്പോൾ അവിടെയുള്ള ആളുകൾ എല്ലാം പുറത്തു കടന്നിട്ടുണ്ടാകും.

താനെന്തൊരു വിഡ്ഢിയാണ്. ബാനർജി തന്നത്താൻ ആശ്വസിക്കുവാൻ ശ്രമിച്ചു. ഇനി അഞ്ചു മിനിട്ടു മാത്രമേയുള്ളു. എട്ടുമണിയാവാൻ. ടവർ ക്ലോക്കിന്റെ പെട്ടെന്നുള്ള അടി കേട്ടാൽ താൻ െഞട്ടുമെന്നു ബാനർജി വിചാരിച്ചു. അയാൾ കരുതിയിരുന്നു.

പെട്ടെന്നു റോഡിൽ കുറെ ദൂരെയായി അയാൾ ഒരു കുളമ്പടിയൊച്ച കേട്ടു.

‘ടപ്പ്, ടപ്പ്, ടപ്പ്,...

വല്ല കച്ചവടക്കാരനും പീടിക പൂട്ടി പോകുകയായിരിക്കുമെന്നു ബാനർജി വിചാരിച്ചു.

ആ കുളമ്പടി ശബ്ദം അടുത്തടുത്തു വരികയാണ്. പക്ഷേ, മൂടൽമഞ്ഞു കാരണം ബാനർജിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ഒന്നുരണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ മഞ്ഞിനിടയിലൂടെ ഒരു നിഴൽ പ്രത്യക്ഷമായി. അടുത്തു വരുന്തോറും ആ നിഴൽ തെളിഞ്ഞു തെളിഞ്ഞു വന്നു. അവസാനം ഒരു ചതുരത്തിലുള്ള കുതിരവണ്ടിയായി മാറി.

‘ടപ്പ്, ടപ്പ്, ടപ്പ്...

കുതിര, തന്റെ കുഞ്ചിരോമം കുലുക്കിക്കൊണ്ടു വണ്ടി വലിക്കുകയാണ്. വണ്ടി ബാനർജിയുടെ മുമ്പിലെത്തിയപ്പോൾ തലേക്കെട്ടോടുകൂടിയ വണ്ടിക്കാരൻ കടിഞ്ഞാൺ വലിച്ചു. കുതിര ഒരു തലയാട്ടത്തോടെ നിന്നു. വണ്ടിയുടെ വാതിൽ ഉള്ളിൽനിന്നു തുറന്ന്, ഒരു തല പുറത്തേയ്ക്കു നീണ്ടു.

ബാനർജി െഞട്ടിപ്പോയി! അത് ആ കൊമ്പൻ മീശക്കാരനായിരുന്നു, ഒരു നിമിഷം, ആ കൊമ്പൻ മീശക്കാരൻ പലകവാതിൽ കൊട്ടിയടച്ചു. കുതിര വീണ്ടും നീങ്ങി.

‘ടപ്പ്, ടപ്പ്...

ഓരോ കുളമ്പടിയും പതിയുന്നതു തന്റെ ഹൃദയത്തിലാണെന്നു ബാനർജിക്കു തോന്നി. ആ തണുത്ത രാത്രിയിലും അയാൾ വിയർക്കുകയായിരുന്നു.

അയാൾ ഒരു നിശ്വാസത്തോടെ തന്നത്താൻ പറഞ്ഞു. ‘അപ്പോൾ അവസാനം അതു സംഭവിക്കാൻ പോകുന്നു. അവർ സുബോദിനെ കൊല്ലാൻ പോകുന്നു.

അവർ കൂട്ടുകാരൻ നിൽക്കുന്നിടത്തു വണ്ടി നിറുത്തും... എന്തുകൊണ്ടാണവർ അയാളെ കൊല്ലുക? ഒരു റിവോൾവർ ഉണ്ടാകും. സൈലൻസർ ഘടിപ്പിച്ചാൽ ശബ്ദവും ഉണ്ടാവില്ല.

കുളമ്പടി ശബ്ദം ഇപ്പോഴും കേൾക്കാനുണ്ട്. അത് ഏതു നിമിഷത്തിലും നിൽക്കാം. തനിക്ക് ഇപ്പോഴും ഓടിച്ചെന്നു തന്റെ സ്‌നേഹിതനെ രക്ഷിക്കാം. പക്ഷേ, തന്റെ കാലുകൾ മരവിച്ചിരിക്കുന്നു. അനങ്ങാൻ വയ്യ. അതിനിടയിൽ അയാൾ വിയർക്കുവാനും തുടങ്ങി. ഈ കഠിനമായ തണുപ്പിലും അയാൾ വിയർത്തു.


ഭയം അയാളുടെ ഓരോ രോമകൂപത്തിലും കടന്നുചെന്ന് അയാളെ നടുക്കി. തന്റെ കൂട്ടുകാരൻ കൊല്ലപ്പെടാൻ പോകുകയാണ്. താനിവിടെ നിസ്സഹായനായി നിൽക്കുകയും.

പെട്ടെന്നു കുളമ്പടിശബ്ദം നിന്നു. വല്ല ശബ്ദവും കേൾക്കാനുണ്ടോ? ബാനർജി പാലത്തിന്റെ മറുഭാഗത്തേയ്ക്കു തുറിച്ചുനോക്കി. ഒന്നും വ്യക്തമല്ല. ഒരു നിഴൽ മാത്രം. മരണത്തിന്റെ നിഴൽ! അയാൾക്ക് ഉറക്കെ വിളിച്ചു കൂവണമെന്നു തോന്നി. ഇതാ, ഇവിടെയൊരു കൊലപാതകം നടക്കുന്നു. പക്ഷേ, തന്റെ ദേഹമാകെ മരവിച്ചിരിക്കുന്നു. അയാൾ നടുങ്ങി. അവിടെയെന്താണു നടക്കുന്നത്? താൻ, സുബോദിന്റെ നിലവിളി കേട്ടുവോ? ബാനർജി ചെവിയോർത്തു. ഇല്ല, ഒന്നും കേൾക്കാനില്ല. ഒന്നും കാണ്മാനുമില്ല. കൂട്ടുകാരന്റെ ബെൽറ്റിന്മേലുള്ള ലോഹക്കഷണംപോലും.

വിയർപ്പു തുള്ളികൾ നെറ്റിമേൽക്കൂടി ഊർന്നിറങ്ങി. പെട്ടെന്നൊരു വാതിൽ കൊട്ടിയടയുന്ന ശബ്ദം. വീണ്ടും കുളമ്പടി.

‘ടപ്പ്, ടപ്പ്, ടപ്പ്...

താൻ ഒരു നിമിഷത്തിനകം തലചുറ്റി വീഴുമെന്നു ബാനർജി വിചാരിച്ചു. തന്റെ കാലുകൾ വിറയ്ക്കുകയാണ്.

പെട്ടെന്നു ടവർ ക്ലോക്ക് അടിക്കുവാൻ തുടങ്ങി. ‘ണോം...ണോം...ണോം...’ ബാനർജി െഞട്ടി.

എട്ടുമണി! അപ്പോൾ അത് ഇന്നു സംഭവിച്ചു. തന്റെ കൂട്ടുകാരൻ മരിച്ചിരിക്കുമോ?

അയാളുടെ ജഡം അവിടെയുണ്ടാകുമോ?

ഒരു മുഴക്കം സൃഷ്ടിച്ചുകൊണ്ടു ടവർ ക്ലോക്കു എട്ടാമതും അടിച്ചു. അവസാനിപ്പിച്ചു.

ബാനർജി ഒരു ്രഭാന്തനെപ്പോലെ വിസിൽ വലിച്ചെറിഞ്ഞ്, മഞ്ഞിലൂടെ പാലത്തിന്റെ മറുഭാഗത്തേയ്ക്ക് ഊളിയിട്ടു. അപ്പോഴും അതു കേട്ടു.

‘ടപ്പ്, ടപ്പ്, ടപ്പ്...

അകന്നകന്നു പോകുന്ന കുളമ്പടി ശബ്ദം.