close
Sayahna Sayahna
Search

ജലനയന


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജലനയന

നിറനിലാവിലോ കാറ്റിലോ ഓര്‍മ്മതന്‍
ഹരിതമേഖലയ്ക്കുളളില്‍നിന്നാകുമോ
എവിടെനിന്നോ നീയെന്റെ നേര്‍ക്കിപ്പോള്‍
നിന്‍ ജലനയനം തുറന്നുനോക്കുന്നുവോ?
പടവിലോ… വില്വാദ്രി തന്നാല്‍മര
ഹരിതശീതമാം രാമസവിധത്തിലോ
കേദാരഗിരിയിലോ, ശൈവാംബര
ഗഹനശാന്തം ഹിമവെളിച്ചത്തിലോ
അളകതന്‍ ജലനിറവിലോ
മന്ദാകിനീസലിലപ്രഭാവത്തില്‍നിന്നോ
എവിടെനിന്ന് നീയെന്റെ നേര്‍ക്കിപ്പോഴും
മിഴി തുറക്കുന്നു, ഓര്‍മ്മയായ് പെയ്യുന്നു.
എവിടെനിന്നറിയില്ല, പൊടുന്നനെ
നോട്ടമലയടിക്കുന്നു, കാഴ്ചയില്‍
മഹിതമാം വിവേകാനന്ദസാഗരം
കവിയുമുണ്ടരികെ, തമിഴകപ്പെരുമ
തന്നലയാഴി, കുമാരീ തീരസന്ധ്യയും.
എവിടെ നിന്നാണതെന്തിനെന്നറിയില്ല,
ത്രസിതദീപ്തം നയനശോഭാംബരം
ശശിയുദിക്കുന്ന സാഗരരാത്രിയില്‍
കല വിളങ്ങുന്ന മണ്ഡപസന്ധ്യയില്‍
അതിരലിയും മഹാകാലസംഗീത
ജടിതജീവിത മൃദംഗതാളങ്ങളില്‍
പ്രിയതരം ഭാവം; എങ്കിലുമെവിടെയോ
കീറിമുറിയുന്നു, ചുട്ടുപൊളളുന്നു. നിശ്ചയം
നഗരപാതയില്‍, വഴിവാണിഭവിശ്രുതി-
യ്ക്കരികില്‍ നിൽക്കവേ, പൊടുന്നനെ യാമിഴി-
യരികിലെത്തുന്നു, കോപമോ രാഗമോ
അറിയുന്നില്ല, അറിയാതിരിക്കലേ ഭംഗിയും.
യാത്ര തുടരവേ, എപ്പോഴോയെപ്പോഴോ
ഹൃദയനേത്രകിരണങ്ങളെത്തുന്നു
മനവുമോര്‍മ്മയും വിഭ്രാന്തമാകുന്നു
ക്രമബഹുലമീ നിത്യജീവിത-
വഴിയിലാരിത്? പൂര്‍വ്വമാം കാമന?