close
Sayahna Sayahna
Search

ജീര്‍ണത


ജീര്‍ണത
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

സംസ്കാരത്തെ സംബന്ധിച്ച വികാസം മുര്‍ദ്ധന്യാവസ്ഥയിലെത്തുകയും സ്വാഭാവികമായ നിയമമനുസരിച്ച് അത് ക്രമേണ ക്ഷയോന്മുഖമാവുകയും ചെയ്യുന്ന അവസ്താവിശേഷത്തെയാണ് ജിര്‍ണ്ണതയെന്ന് വിളിക്കുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍ നമ്മുടെ ഈ കാലയളവ് ജീര്‍ണ്ണതയുടേതാണെന്ന് അസന്ദിഗ്ദ്ധമായി പറയാവുന്നതാണ്. ലോകത്തോടുള്ള വെറുപ്പ്, നിലവിലുള്ള ആവിഷ്കരണോപാധികള്‍ നവീനത ആഗ്രഹിക്കുന്നില്ലെന്നുകണ്ട് അന്നുവരെ കണ്ടിട്ടില്ലാത്ത ഉപാധികള്‍ അംഗികരിക്കല്‍ ഇവയെല്ലാം ജീര്‍ണതയുടെ ലക്ഷണങ്ങളാണ്. ദുര്‍ഗ്രഹതയും ചിന്താക്കുഴപ്പവും അതിന്റെ അവിഭാജ്യ ഘടകങ്ങളത്രേ.

സി.വി.രാമന്‍പിള്ള, ഒ.ചന്ദുമേനോന്‍, കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഇവരുടെ സര്‍ഗ പ്രക്രിയകളും അവയുടെ ഫലങ്ങളായ രചനകളും മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളവയാണ്. ഓരോ എഴുത്തുകാരന്റെയും കലാസൃഷ്ടി മറ്റുള്ളവരുടേതില്‍ നിന്ന് വിഭിന്നം. സി.വി.രാമന്‍പിള്ളയുടെ കൃതികള്‍ വെറും ചരിത്രാഖ്യായികകളല്ല. ചരിത്രത്തിലെ വീരപുരുഷന്മാരെ പ്രതീകങ്ങളാക്കിക്കൊണ്ട് സി.വി. വിശാലമായ കാന്‍വാസില്‍ മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ സ്ഫുടീകരിക്കുകയായിരുന്നു. അസ്നിത്വത്തിന്റെ ഗൌരവം കുറഞ്ഞ തലത്തില്‍ നിന്നുകൊണ്ട് ചന്തുമേനോന്‍ കേരളീയജീവിതം ആവിഷ്കരിച്ചു. മഹാകവിത്രയത്തിന്റെ കൃതികള്‍ക്കാകെ വൈജാത്യവും വൈവിദ്ധ്യവും ഉണ്ട്. എങ്കിലും സി.വി.രാമന്‍പിള്ള തൊട്ട് ഉള്ളൂര്‍ വരെയുള്ള സാഹിത്യകാരന്മാരുടെ കൃതികളെ കൂട്ടിയിണക്കുന്ന ഒരു ഘടകമുണ്ട്. ഐഡിയോളജിക്ക് യോജിക്കുന്ന ആധ്യാത്മികമാനമാണ് ആ ഐക്യമുണ്ടാക്കുന്നത്. സാമുഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത `ഇന്ദുലേഖയും' `ശാരദ'യും ധര്‍മ്മരാജാവിന്റെ കാലയളവിനെ ആവിഷ്കരിച്ച സി.വിയുടെ നോവലുകളുമായി അക്കാര്യത്തില്‍ വിഭിന്നത പുലര്‍ത്തുന്നില്ല. എല്ലാ കേരളീയര്‍ക്കും ഒരേസമയം ചെന്നുകയറാവുന്ന വലിയ സൌധമായിട്ടുവേണം ആ നോവലിസ്റ്റുകളുടെയും കവികളുടെയും കൃതിളെ കാണാന്‍. അങ്ങോട്ട് ഒന്നു ചെന്നു നോക്കുക. ഹരിപഞ്ചാനനനും മാധവനും വിഭിന്ന വ്യക്തികള്‍. ശാരദയും സാവിത്രിയും വ്യത്യസ്മ സ്വഭാവം ഉള്ള സ്‌ത്രീകള്‍. നളിനിയുടെ വ്യക്തിത്വമൊന്ന് ഉഷയുടെ വ്യക്തിത്വം വേറൊന്ന്. പക്ഷേ, ആധ്യാത്മിക തേജസ്സ് എല്ലാവരേയും ആവരണം ചെയ്യുന്നു. കശ്മലനായ ഹരിപഞ്ചാനനുപോലും അതുണ്ട്. ആ സാമാന്യഘടകം ഇപ്പറഞ്ഞ സാഹിത്യകാരന്മാര്‍ക്കുശേഷം നഷ്ടമായിപ്പോയി. മനുഷ്യനെ അവന്റെ സങ്കിര്‍ണ്ണതകളോടും സാകല്യാവസ്ഥകളോടും കൃടി ആലേഖനം ചെയ്യാതെ സാമുഹിക മനുഷ്യനായിമാത്രം ലഘൂകരിച്ച് അവതരിപ്പിച്ചു മലയാളത്തിലെ റിയലിസ്റ്റിക് എഴുത്തുകാര്‍. അതോടുകൂടി വായനക്കാര്‍ മനുഷ്യനെ സംബന്ധിച്ചുള്ള മനോഭാവത്തിന് മാറ്റംവരുത്തി. ആ മാറ്റം സാകല്യാവസ്ഥയില്‍നിന്ന് ഭാഗികാവസ്ഥയിലേക്ക് വായനക്കാരെ കൊണ്ടുവന്നു. ആധ്യാത്മികമാനമുള്ള ഒരു കൃതിയും സി.വി ക്കുശേഷം, മഹാകവിത്രയത്തിനുശേഷം മലയാളസാഹിത്യത്തില്‍ ഉണ്ടായില്ല. ധിഷണാശാലികളാണ് ഓരോ യുഗം ഉദ്ഘാടനം ചെയ്യുന്നത്. സി.വി. രാമന്‍പിള്ളയും മഹാകവിത്രയവും ഇമ്മട്ടില്‍ യുഗസ്രഷ്ടാക്കളാണ്. അവര്‍ അപ്രത്യക്ഷരായതിനുശേഷം അവരെപ്പോലെ ഒരു മഹാവ്യക്തിയും മലയാള സാഹിത്യത്തില്‍ ഉണ്ടാകാത്തതിന് ഒരു കാരണം ആധ്യാത്മിക പ്രതിപത്തിയുടെ അന്തര്‍ദ്ധാനം തന്നെയാണ്.

സമകാലിക കവിതയും സമകാലിക കഥയും (നോവലും ഇതില്‍ ഉള്‍പ്പെടും) സന്ത്രാസത്തിന്റെയും അസ്വസ്ഥതയുടെയും ഭലങ്ങളാണ്. ഒന്നിലും ആത്മാവില്ല. ഇടയ്ക്കിടയ്ക്ക് ചില കൃതികള്‍ കലാമുല്യമുള്ളവയായി പ്രത്യക്ഷപ്പെടാറുണ്ട് എന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല. കലാസൌഭഗമുണ്ടായിരിക്കെത്തന്നെ അവ അന്യവത്കരണത്തിന്റെ ബോധം ജനിപ്പിച്ചുകൊണ്ട്‌ വിരാജിക്കുകയാണ്. എവിടെ സാഹിത്യത്തിന്റെ ആധ്യാത്മികമാനം നഷ്ടപ്പെടുന്നുവോ അവിടെ ജീര്‍ണ്ണത താണ്ഡവ നൃത്തമാടും. മലയാള സാഹിത്യത്തില്‍ ഇന്നു നടക്കുന്നത് അതുതന്നെയാണ്. ആധ്യാത്മികമാനം ഉയര്‍ത്തിപ്പിടിക്കുന്ന ചില കവികളെങ്കിലും നമുക്കില്ലേ എന്ന് ചിലര്‍ ചോദിക്കുമായിരിക്കും. ഉണ്ട് എന്നുതന്നെയാണ് എന്റെ മറുപടി. പക്ഷേ, ഇന്നത്തെ ജീര്‍ണ്ണതയുടെ കൂരിരുട്ടില്‍ അവയുടെ തിളക്കം കൊണ്ട് പ്രയോജനമുണ്ടാകുന്നില്ല. മാത്രമല്ല, ആ തിളക്കത്തെ നിന്ദിക്കാനും ഇരുട്ടിന്റെ സ്തോതാക്കള്‍ മുന്നോട്ടു വരുന്നുണ്ട്.

നമ്മുടെ സാഹിത്യത്തിന്റെ റീയലിസ്റ്റിക് കാലയളവ് അത്രകണ്ടൂ മോശമല്ല. ഓരോ കഥാകാരനും യാഥാര്‍ത്ഥ്യം കണ്ട് പ്രതികരണം നടത്തിയത് ഓരോ തരത്തിലാണ്. യാഥാര്‍ത്ഥ്യത്തെക്കണ്ട് അതിനെ സാമാന്യസത്യമായി ആവിഷ്കരിക്കാനായിരുന്നു തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കൌതുകം. `വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലെ ശ്വാനനെ കഥാകാരന്‍ തികച്ചും വ്യക്തിപരമായിട്ടാണ് സംവീക്ഷണം ചെയ്യുന്നത്. പക്ഷേ, വര്‍ണ്ണന പുരോഗമിക്കുന്തോറും ആ ശ്വാനന്‍ വെള്ളപ്പൊക്കത്തില്‍ നാശമടയുന്ന എല്ലാറ്റിന്റെയും പ്രതീകമായി മാറുന്നു. ഒടുവില്‍ മൃഗത്തിന്റെ നിറമെന്തെന്ന് അറിഞ്ഞുകൂടാ എന്നു കഥാകാരന്‍ പറയുമ്പോള്‍ മൃഗത്തിന്റെ മരണം നിസ്സാരമാവുകയും സാകല്യാവസ്ഥയിലുള്ള നാശമെന്ന വലിയ യാഥാര്‍ത്ഥ്യത്തിന് പ്രാധാന്യം വരികയും ചെയ്യുന്നു. സത്യത്തെ വ്യക്തിനിഷ്ഠത്വത്തോടുകൂടി നോക്കിത്തുടങ്ങുക ക്രമേണ ആ സംവിക്ഷണത്തിന്‌ വികാസം വരുത്തി മഹനീയമായ സാമൂഹിക സത്യത്തിലേക്ക് ചെല്ലുക ഇതാണ് തകഴിയുടെ രീതി. വൈക്കം മുഹമ്മദ് ബഷീര്‍, താന്‍ കാണുന്ന സത്യത്തെ യുക്തിക്ക് ചേരുന്ന രീതിയില്‍ ചിത്രീകരിക്കുന്നു. സമൂഹം അവിടെയൊരു ഘടകമായിരിക്കാം. പക്ഷേ, ബഷീര്‍ വ്യക്തിനിഷ്ഠത്വത്തിലൂടെമാത്രമേ സത്യം പ്രകാശിപ്പിക്കുന്നുള്ളു. `സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കില്‍ അടുക്കള അടയ്ക്കരുതോ?' എന്നു ഗൃഹനായികയെക്കൊണ്ടു ചോദിപ്പിച്ച് പച്ചയായ യാഥാര്‍ത്ഥ്യത്തെ കാരൂര്‍ നീലകണ്ഠപ്പിള്ള സ്ഫുടികരിക്കുന്നുണ്ടെങ്കിലും താന്‍ കാണുന്ന സത്യത്തിന്റെ മണ്ഡലത്തെ `ആദര്‍ശാത്മക'മാക്കാനാണ് അദ്ദേഹത്തിന് കൌതുകം. അദ്ദേഹത്തിന്റെ 'മരപ്പാവകള്‍' ഒരു' സ്വാഭാവിക സംഭവത്തിന്റെ പുനരാവിഷ്കാരമല്ല. `പൂവന്‍പഴം' എന്ന കഥയും അങ്ങനെതന്നെ. പൊന്‍കുന്നം വര്‍ക്കി താന്‍ കണ്ട സത്യത്തെ ഏറ്റക്കുറവുകൂടാതെ ആലേഖനം ചെയ്തു. എസ്.കെ. പൊറ്റെക്കാട്ട് സത്യത്തില്‍ കാല്പനികാംശം ഏറെക്കലര്‍ത്തി.

caption
കാരൂര്‍ നീലകണ്ഠപ്പിള്ള

തങ്ങളെഴുതിയ കാലയളവിന്റെ ആന്തരങ്ങളായ പിരിമുറുക്കങ്ങളെ ആ സാഹിത്യകാരന്മാര്‍ പ്രഗല്ഭമായി ആവിഷ്കരിച്ചെങ്കിലും ഏതെങ്കിലും ഒരു രചനയില്‍നിന്ന് അധ്യാത്മികത്വത്തിന്റെ സൌരഭ്യമുയര്‍ന്നോ എന്ന് ആലോചിച്ചുനോക്കുക. സങ്കുചിതമായ, മതപരമായ അര്‍ത്ഥത്തിലല്ല ഞാന്‍ ആധ്യാത്മികമാനം എന്നു പറയുന്നത്. മതപരമായ ആധ്യാത്മികതയോട് എനിക്ക് എതിര്‍പ്പേയുള്ളു. ഞാനുദ്ദേശിക്കുന്നത് മനുഷ്യന്റെ ചൈതന്യധന്യമായ ജീവിതം ഇവരുടെ കൃതികളില്‍ ഇല്ല എന്നാണ്. അതില്ലെകില്‍ രചന താണപടിയിലേ നില്ക്കു. നമ്മുടെ റീയലിസ്റ്റിക് സാഹിത്യം സുന്ദരമാണ്'. പക്ഷേ, അത് മനുഷ്യനെ ഉന്നമിപ്പിക്കത്തക്കവിധത്തില്‍ ആധ്യാത്മികപ്രഭാവം ഉള്‍ക്കൊള്ളുന്നതല്ല. കാന്‍സര്‍ പിടിപെട്ടു മരിക്കുന്ന ഒരുത്തന്റെ അന്ത്യം ടോള്‍സ്റ്റോയി `ഇവാന്‍ ഇലീച്ചിന്റെ മരണം' എന്ന കഥയിലൂടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ അഗാധതയാര്‍ന്ന മാനുഷികമൂല്യങ്ങള്‍ നമ്മള്‍ കാണുന്നു. അതില്‍ നിന്നു പുറപ്പെടുന്ന ചൈതന്യത്തിന്റെ ശോഭ നമ്മളെ തഴുകുന്നു. മലയാളത്തില്‍ ഈ അനുഭവം നല്കുന്ന എത് കഥയുണ്ട്? ഏത് നോവലുണ്ട്?

ഇവിടെയാണ്‌ വേറൊരു കുട്ടരുടെ രംഗപ്രവേശം. തകഴി തുടങ്ങിയവര്‍ എതു യാഥാര്‍ത്ഥ്യത്തിന് പ്രാതിനിദ്ധ്യം വഹിച്ചുവോ അത് യാഥാതഥമല്ല എന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടു്‌ വന്നത്. റീയലിസ്റ്റുകളുടെ സത്യാവിഷ്കാരം ബഹിര്‍ഭാഗസ്ഥമാണ്, അവര്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്നത് അസത്യാത്മകമാണ് എന്ന് പരോക്ഷമായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇവര്‍ കഥകളെഴുതിയത്. ഭൌതികത്വത്തിനുമപ്പുറത്തുള്ള `എന്തോ ഒന്നിനെ' കലയില്‍ ആനയിക്കുവാനായിരുന്നു അവരുടെ യത്നം. പക്ഷേ, യുക്തിരഹിതമായതില്‍ ചെല്ലാനും മനുഷ്യത്വത്തെ ഗളഹസ്തം ചെയ്യാനും കേവലത്വത്തിന് രൂപം നല്കാനും മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അതോടെ സാഹിത്യത്തിന്റെ ധര്‍മ്മം വിസ്മരിക്കപ്പെട്ടു. ആര്‍ട്ടല്ല അപ്പോള്‍ ജനിച്ചത്. സ്യൂഡോ ആര്‍ട്ടാണ്. ഈ സ്യൂഡോ ആര്‍ട്ടിനെ വിശ്വസാഹിത്യത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തിക്കാണിക്കാനും ചില നിരൂപകര്‍ ഉണ്ടായി.

ഈ കേവലത്വത്തിന് സമാന്തരമായി വെറൊരു പ്രവാഹം കുടിയുണ്ട്. അത് ധിഷണയുടേതാണ്. സാഹിത്യകൃതി ഒരാശയം പ്രതിപാദിച്ചാല്‍ മതി എന്ന തെറ്റിദ്ധാരണയില്‍ നിന്ന് കുറെ നോവലുകള്‍ മലയാളത്തില്‍ ആവിര്‍ഭവിച്ച. ചിലര്‍ ആ കൃതികളെ പടിഞ്ഞാറന്‍ മാസ്റ്റര്‍പീസുകള്‍ക്ക് സദൃശങ്ങളാക്കിക്കല്പിക്കുകയും ചെയ്തു. പക്ഷേ എഴുത്തുകാരന്റെ ജീവരക്തത്തില്‍നിന്ന് വരാത്ത ആ ആശയങ്ങള്‍ കേരളീയരെ സ്പര്‍ശിച്ചതേയില്ല. അവ സത്യങ്ങളായിരിക്കാം. പക്ഷേ, കലയിലെ സത്യങ്ങളല്ല. കലാസൃഷ്ടിയിലെ സത്യങ്ങള്‍ക്കുമാത്രമേ അനുവാചക ഹൃദയങ്ങളില്‍ സ്ഥാനമുള്ളൂ. അതുകൊണ്ട് ഇത്തരം നോവലുകളും കഥകളും താത്കാലികമായ ക്ഷോഭം ജനിപ്പിച്ചുകൊണ്ട് അപ്രത്യക്ഷങ്ങളായി. സാമുവല്‍ ബക്കിറ്റിന്റെ `വെയ്റ്റിങ് ഫോര്‍ ഗൊദോ' എന്ന നാടകം പോലും വിസ്മരിക്കപ്പെട്ടു കഴിഞ്ഞു. അപ്പോള്‍ കടം കൊണ്ട ആശയങ്ങളെ നോവലിന്റെ രൂപങ്ങളിലാക്കിയ നമ്മുടെ കൃതികളെക്കുറിച്ച് എന്തു പറയാനിരിക്കുന്നു?

ഡിക്കേഡന്‍സാണ് -- ജീര്‍ണ്ണതയാണ് മലയാള സഹിത്യത്തിലാകെ. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങളില്‍ ആന്തരസൌന്ദര്യം ബാഹ്യസൌന്ദര്യമായി പുഷ്പിക്കുന്നു. പനിനീര്‍പ്പൂവ് വിടരുന്നതുപോലെ. 'ലീല' പനിനീര്‍പ്പുവാണ്. 'മഗ്ദലനമറിയം' പനിനീര്‍പ്പൂവാണ്. ധൈഷണികത്വത്തിന്റെ സന്തതികളായ നവീന മലയാള കൃതികളില്‍ ആന്തരസൌന്ദര്യമില്ല. ഇല്ലാത്ത ആന്തരസൌന്ദര്യത്തിന് ബാഹ്യസൌന്ദര്യത്തിന്റെ റോസാപ്പു വിടര്‍ത്താനാവില്ല. അതുകൊണ്ട് സൌരഭ്യവുമില്ല. ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന് അനുസരിച്ച് കലയിലും സാഹിത്യത്തിലുമുണ്ടായ പരിവര്‍ത്തനം വൈരൂപ്യാസ്പദമായി ബ്ഭവിച്ചിരിക്കുന്നു. ഈ സത്യത്തിന്റെ നേര്‍ക്ക് കണ്ണടച്ചതുകൊണ്ട് പ്രയോജനമൊന്നുമില്ല.