close
Sayahna Sayahna
Search

നോവലിനെക്കുറിച്ച് വീണ്ടും


എം കൃഷ്ണന്‍ നായര്‍

ഒരു ശബ്ദത്തില്‍ ഒരു രാഗം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഒരു ശബ്ദത്തില്‍ ഒരു രാഗം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ്ങ് ആൻഡ് പബ്ലീഷിങ്ങ്.
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 95
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നോവലിനെക്കുറിച്ച് വീണ്ടും

അയാള്‍ ആ പട്ടണത്തിലെ ചീഫ് മജിസ്റ്റ്രേട്ടിന്റെ സെക്രട്ടറിയായിരുന്നു. പട്ടണത്തിനു തൊട്ടു പുറത്തായി അയാള്‍ ഭാര്യയോട് ഒരുമിച്ച് താമസിച്ചു. പട്ടണത്തിനകത്തു് ഒരു ഫ്ളാറ്റിൽ അയാളുടെ അമ്മായി — ഭാര്യയുടെ അമ്മ — പാര്‍ത്തുവന്നു. മദര്‍–ഇന്‍–ലാ എന്നും അവരുടെ മകളെ — അയാളുടെ ഭാര്യയെ — കാണാന്‍ ചെല്ലും. പക്ഷേ അവര്‍ മകളുടെ അടുത്തേക്കു പോകില്ല. കെട്ടിടത്തിന്റെ ഏററവും മുകളിലത്തെ നിലയില്‍നിന്നുകൊണ്ടു് മകള്‍ നൂലുവഴി താഴോട്ടു ഇറക്കിക്കൊടുക്കുന്ന ബാസ്കറ്റിൽ എഴുത്തുവച്ച് അവര്‍ ആശയവിനിമയം ചെയ്യും. എന്തൊരു വിചിത്രമായ ഏര്‍പ്പാട്! പക്ഷേ മരുമകന്‍ വന്നാല്‍ അമ്മായിയുടെ അടുത്തുതന്നെ ചെല്ലും. അവര്‍ വളരെനേരം സംസാരിച്ചിരിക്കും. പട്ടണം ജിജിഞാസകൊണ്ട് ഇളകിമറിഞ്ഞു. അപ്പോള്‍ സെക്രട്ടറിയോടു കാരണമാരാഞ്ഞു ആളുകള്‍. അയാള്‍ പറഞ്ഞു തന്റെ അമ്മായിക്കു് ഭ്രാന്താണെന്നു്. അവര്‍ അയാളുടെ ആദ്യത്തെ ഭാര്യയായിരുന്ന ലീനയുടെ അമ്മയാണ്. ലീന മരിച്ചിട്ട് നാലു കൊല്ലമായി. പക്ഷേ അമ്മായിയുടെ വിചാരം സെക്രട്ടറിയുടെ രണ്ടാമത്തെ ഭാര്യ അവരുടെ മകള്‍ ലീനതന്നെയാണെന്നാണ്. ആ വ്യാമോഹം നിലനിര്‍ത്തിയില്ലെങ്കില്‍ അവര്‍ക്കു് ആപത്തു സംഭവിക്കും. അതുകൊണ്ടാണ്, അമ്മായിയെയും തന്റെ ഭാര്യയെയും തമ്മില്‍ കാണാന്‍ അനുവദിക്കാത്തതു്.

പക്ഷേ അമ്മായിക്കു പറയാനുള്ളതു മറ്റൊരു കഥയാണ്. അവരുടെ അഭിപ്രായമനുസരിച്ച് സെക്രട്ടറിക്കു ഭ്രാന്താണ്. തന്റെ ആദ്യത്തെ ഭാര്യ മരിച്ചുവെന്നു് അയാള്‍ വിചാരിക്കുന്നു. പക്ഷേ രണ്ടാമത്തെ ഭാര്യയെന്നു് അയാള്‍ കരുതുന്നതു് ആദ്യത്തെ ഭാര്യയായ ലീനതന്നെയാണ്. അവള്‍ മരിച്ചതേയില്ല.

ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഭ്രാന്തു് എന്നു് സങ്കല്‍പ്പിച്ചു പട്ടണവാസികള്‍ക്കു ഭ്രാന്തുപിടിച്ചു. രേഖയൊന്നുമില്ല സത്യം തെളിയിക്കാന്‍. കാരണം സെക്രട്ടറിയുടെ ജന്മദേശമായ പട്ടണം ഭൂകമ്പത്തിലാകെ നശിച്ചുപോയി. അപ്പോള്‍ ചീഫ് മജിസ്റ്റ്രേട്ട് ആജ്ഞ പുറപ്പെടുവിച്ചു സെക്രട്ടറിയുടെ ഭാര്യ മുഖാവരണം ധരിച്ചുവന്നു. നീയാരാണ് എന്ന ചോദ്യമുണ്ടായപ്പോള്‍ അവള്‍ പറഞ്ഞു: “ഞാന്‍ ആ സ്ത്രീയുടെ മകളാണ് അതേസമയം സെക്രട്ടറിയുടെ രണ്ടാമത്തെ ഭാര്യയും. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആരുമല്ല, ആരുമല്ല.” കേവല സത്യമെന്നു ഒന്നില്ല. എനിക്കു സത്യമായി തോന്നുന്നതു് എനിക്കു സത്യം. നിങ്ങള്‍ക്കു സത്യമായി തോന്നുന്നതു് നിങ്ങള്‍ക്കു സത്യം. അടുത്ത വീട്ടുകാര്‍ മററു വീട്ടുകാരുടെ രഹസ്യമറിയാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ക്രൂരമായിരിക്കും. Pragmatism എന്നൊരു തത്ത്വചിന്തയുണ്ട്. പരമസത്യം എന്നൊന്നില്ല. ആപേക്ഷിക സത്യം മാത്രമേയുളളു എന്നാണ് ആ തത്ത്വചിന്ത ഉദ്ഘോഷിക്കുന്നതു്. ബര്‍ട്രണ്‍ഡ് റസ്സല്‍ ഇതിനെ കളിയാക്കിയിട്ടുണ്ട്. ജഡ്ജി ദൌര്‍ഭാഗ്യംകൊണ്ട് പ്രാഗാമാററിസ്റ്റാണെങ്കില്‍ കൊലപാതകം യഥാര്‍ത്ഥത്തില്‍ ആരു നടത്തി എന്നാലോചിക്കുകയല്ല; ആരെ തൂക്കിക്കൊന്നാല്‍ സമുദായത്തിനിഷ്ടമാകും എന്നാണ് അയാല്‍ ആലോചിക്കുക. അതിരിക്കട്ടെ ഞാന്‍ പ്രാഗ്മാററിസ്റ്റല്ലെങ്കിലും എനിക്കു സത്യമായി തോന്നുന്നതു് ഞാന്‍ പറയുകയാണ്.

ഞാന്‍ സംഗ്രഹിച്ചു പറഞ്ഞ കഥ ലൂയിജി പീറാന്തെല്ലോയുടെ It is so if you think so എന്ന നാടകത്തിന്റെതാണ്. ഭൂമികുലുക്കംകൊണ്ടു പട്ടണം നശിച്ചതുകൊണ്ടാണല്ലോ സെക്രട്ടറിയെയും കുടുംബത്തെയും സംബന്ധിച്ച വിവരങ്ങള്‍ കിട്ടാതെ പോയതു്. ആ ഭൂമികുലുക്കം ആ പ്രദേശത്തന്റെ സ്വാഭാവം മാററക്കളഞ്ഞു. അതുപോലെ നോവലിന്റെ മണ്ഡലത്തിനുള്ള സ്വഭാവം മാററിക്കളയുന്ന കൃതികള്‍ പാശ്ചാത്യ ദേശങ്ങളില്‍ ഉണ്ടാകാറുണ്ടു്. തോമസ് മാന്‍ എന്ന ജര്‍മ്മന്‍ സാഹിത്യകാരന്റെ The Magic Mountain, ഹെര്‍മാന്‍ ബ്രോഹിന്റെ The Death of Vergil, ഇവയ്ക്കെല്ലാം മുന്‍പ് ടോള്‍സ്റ്റോയിയുടെ War & Peace ദസ്തെയെവ്സ്കിയുടെ Brothers Karamazov ഇവയൊക്കെ നോവലിന്റെ ഭൂവിഭാഗത്തിനുണ്ടായിരുന്ന ആകൃതിയെയും പ്രകൃതിയെയും മാററിയ കൃതികളാണ്. ലാററിനമേരിക്കയിലേക്കുകടന്നാല്‍ ഹ്വാണ്‍റൂള്‍ഫോയുടെ (Juan Rulfo 1918) പേദ്രോ പരാമോ എന്ന നോവലും ഗാബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിന്റെ One Hundred Years of Solitude എന്ന നോവലും ഇതുപോലെ അവസ്ഥിതിക്കു പരിവര്‍ത്തനം വരുത്തിയ കൃതികളാണ്.

എന്താണ് ഇപ്പറഞ്ഞ കൃതികളുടെ സവിശേഷതയെന്നു ചോദിച്ചാല്‍ അവയ്ക്കു മഹത്ത്വമുണ്ടെന്നാണ് ഉത്തരം. വലിപ്പമല്ല മഹത്ത്വം. സര്‍വകലാശാല കാമ്പസിനകത്തെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെറിയ കെട്ടിടമാണ്. പക്ഷേ സര്‍വകലാശാലാഓഫീസിനെക്കാള്‍ മഹത്ത്വം ഇംഗ്ളിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്. മഹത്ത്വത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സൌന്ദര്യത്തെക്കുറിച്ചു ഓര്‍മ്മവരുന്നു. സൌന്ദര്യത്തിനു ഡിഗ്രിയില്ല. താമരപ്പൂവിനു സൌന്ദര്യമുണ്ട്, റോസാപ്പൂവിനു സൌന്ദര്യമുണ്ട്. ഏതു കൂടുതല്‍ സുന്ദരം എന്നു പറയാവുന്നതല്ല. കുഞ്ഞിരാമന്‍ നായരുടെ “മലനാടന്‍ മങ്കമാര്‍”ക്കും ചങ്ങമ്പുഴയുടെ മനസ്വിനിക്കും സൌന്ദര്യമുണ്ട്. ഏതിനു കൂടുതല്‍ സൌന്ദര്യമെന്ന ചോദ്യത്തിനു മറുപടിയില്ല. എന്നാല്‍ മഹത്ത്വത്തിന്റെ കാര്യമതല്ല. വാള്‍ട്ടർ സ്കോട്ടിന്റെ നോവലുകൾ ജേന്‍ ഓസ്ററിന്റെ നോവലുകളെക്കാള്‍ മഹത്ത്വമുള്ളവയാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ കയറിനെക്കാള്‍ രാമരാജാബഹദൂറിനു മഹത്ത്വം കൂടും. മഹത്ത്വമെന്നതു് വിഷയത്തെ അവലംബിച്ചിരിക്കുന്നു. പ്രതിപാദിക്കുന്ന വിഷയത്തിനു ഉജ്ജ്വലതയും സങ്കീര്‍ണ്ണതയും കൂടുമ്പോള്‍ ആ കൃതി മഹനീയമായി ഭവിക്കുന്നു. ഇതൊക്കെ പല ചിന്തകരും പറഞ്ഞതാണ്. ഗഹനമായി, സങ്കീര്‍ണ്ണമായി സുസൂക്ഷ്മമായി വിഷയം കൈകാര്യം ചെയ്യുകയും അതു ആഴത്തോളമെത്തുന്ന ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ സാഹിത്യ സൃഷ്ടി മഹനീയമായി. ഉദാഹരണം “മഹാഭാരതം.” ഒരു വിമര്‍ശനത്തിനും മഹാഭാരതത്തെ നശിപ്പിക്കാനാവില്ല. കുറച്ചു തോഴോട്ടു വരൂ. ഡിവൈന്‍ കോമഡി, War & Peace ഇവ മഹനീയമാണ്. നൊബേല്‍ സമ്മാനം വാങ്ങിയ ഇവോ ആന്‍ഡീച്ചിന്റെ The Bridge on the Drina എന്ന നോവലിനെ തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയര്‍’ എന്ന നോവലിനോടു ചിലര്‍ ഉപമിക്കാറുണ്ട്. ആന്‍ഡ്രീച്ചിന്റെ കൃതി ഏപിക്കാണ്. തകഴിയുടെ കൃതിക്ക് സര്‍വകലാശാലാ ഓഫീസിന്റെ വൈപുല്യമേയുള്ളു. മഹത്ത്വമില്ല. Bridge on the Drina ചെറിയ പുസ്തകമാണ്. പക്ഷേ സര്‍കലാശാല ഓഫീസിനെ അപേക്ഷിച്ച് ഇംഗ്ളീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിനു മഹത്ത്വമുള്ളതുപോലെ കൊച്ചു നോവലായ The Bridge on the Drina–യ്ക്കു മഹത്ത്വമുണ്ട്.

മലയാള നോവല്‍ സാഹിത്യത്തിനു — സി. വി. രാമന്‍പിള്ളതൊട്ട് ഒ. വി. വിജയന്‍വരെയുള്ള നോവലെഴുത്തുകാരുടെ സാഹിത്യത്തിനു — ഈ മഹത്ത്വം കരഗതമായിട്ടില്ല. നമ്മുടെ ചില നോവലെഴുത്തുകാരെ വിശ്വസാഹിത്യകാരന്മാരാക്കുന്ന ആളുകള്‍ ഒരു സെന്‍റീമീററര്‍ ‘റേഡിയസ്’ ഉള്ള വൃത്തത്തിനകത്തു് വിശ്വസാഹിത്യത്തെ ഒതുക്കുന്നവരാണ്.

ലോകത്തു എല്ലാക്കാലത്തും വിരുദ്ധ ശക്തികളുടെ സംഘട്ടനങ്ങളുണ്ട്. അക്രമവും ഏകാന്തതയും ബന്ധശൈഥില്യവും ലോകത്തു കാണാം. അവ കണ്ട് മഹാന്മാരായ എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ മഹനീയമായ സാഹിത്യം രൂപംകൊള്ളുന്നു. അതു അവരുടേതായ ഒരു കാഴ്ചപ്പാടുമാത്രമായിരിക്കാം. പക്ഷേ ഒരു നൂതന രൂപം സൃഷ്ടിച്ച് ആ കാഴ്ചപ്പാട് ആവിഷ്കരിക്കുമ്പോള്‍ അതിനു സാര്‍വലൌകിക സ്വഭാവം കൈവരുന്നു; സാര്‍വജനീനസ്വഭാവം സിദ്ധിക്കുന്നു. അങ്ങനെ അവരുടെ കഥാപാത്രങ്ങളില്‍ ഓരോന്നും ലോകത്താകെയുള്ള മനുഷ്യര്‍ക്കു പ്രതിനിധികളായിത്തീരുന്നു. ഇവിടെയാണു് ഖസാക്കിന്റെ ഇതിഹാസത്തിന്റെ ന്യൂനത പ്രത്യക്ഷപ്പെടുന്നതു്. രൂപശില്‍പ്പത്തികവുകൊണ്ടു് ചേതോഹരമായ ആ നോവല്‍, മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമാര്‍ജ്ജിച്ച ആ നോവല്‍ സര്‍വ്വസാധാരണമായ മനുഷ്യത്വത്തിനു് പ്രതിനിധീഭവിക്കുന്നില്ല. അതിലെ കഥാപാത്രമായ രവിയുടെ സാഡിസവും മസോക്കിസവും ലൈംഗികാസക്തിയും വിജയന്റെ സ്ഥൂലീകരിക്കപ്പെട്ട കാവ്യാത്മക കല്‍പ്പനാഭാസങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുമ്പോള്‍ മനുഷ്യന്റെ പ്രിഡിക്കമന്റിനു — വിഷമസ്ഥിതിക്കു് — പ്രാതിനിധ്യം വഹിക്കുന്നില്ല. വിശാലമായ മനുഷ്യത്വത്തിന്റെ പശ്ചാത്തലത്തില്‍വച്ചു നോക്കുമ്പോള്‍ വിജയന്റെ നോവല്‍ സങ്കുചിതമാണ്. യജമാനന്‍മാരും അടിമകളും, നേതാക്കന്മാരും നയിക്കുപ്പെടുന്നവരും ബലിയാടുകളും വിധികര്‍ത്താക്കളും നയിക്കുന്ന ഈ ലോകം ജനിപ്പിക്കുന്ന വിഷമസ്ഥിതി ടോള്‍സ്റ്റോയിയും ദസ്തെയെവ്സ്കിയും പാസ്തര്‍നാക്കും ഇവോ ആന്‍ഡ്രിച്ചും ചിത്രീകരിക്കുമ്പോള്‍ ഒരു outcast–നെ ചിത്രീകരിക്കാനാണ് വിജയനു കൗതുകം. അതു ഭംഗിയായി അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്റെ അന്തസ് — human dignity — ഇല്ലാത്ത നോവലായി അതു മാറിയിരിക്കുന്നു. മഹനീയങ്ങളായ നോവലുകള്‍ വായിക്കുമ്പോള്‍ നക്ഷത്രസമാലംകൃതമായ അന്തരീക്ഷത്തിനു താഴെ നടക്കുന്ന പ്രതീതി നമുക്കുണ്ടാകും. പ്രകാശവും അന്ധകാരവും അവയില്‍കാണാം. പ്രകാശം നമ്മെതഴുകും, അന്ധകാരം പേടിപ്പിക്കും. മാര്‍ത്താണ്ഡവര്‍മ്മതൊട്ട് അല്ലെങ്കില്‍ ധര്‍മ്മരാജാതൊട്ട് അതുമല്ലെങ്കില്‍ രാമരാജാബഹദൂര്‍തൊട്ട് പണ്ഡവപുരം വരെയുള്ള ഏതു നോവലിലാണ് ഈ സവിശേഷതകളുള്ളതു്? നമ്മുടെ നോവല്‍ സാഹിത്യം ഒരു കൊച്ചു സാഹിത്യമാണ്. ഇങ്ങനെ പറയുമ്പോള്‍ “ഉമ്മാച്ചു”വില്ലേ, “സുന്ദരന്മാ”രുമില്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അവയ്ക്കു അവയുടേതായ രീതിയില്‍ ഭംഗികാണും. പക്ഷേ സാകല്യവസ്ഥയാര്‍ന്ന ലോകവീക്ഷണം അവയിലൊന്നുമില്ല.

നമ്മള്‍ ആശയം പകര്‍ന്നുകൊടുക്കാന്‍വേണ്ടി ഭാഷ പ്രയോഗിക്കുമ്പോള്‍ അതു് ചില ചിത്രങ്ങള്‍ മനസിലുണ്ടാക്കുന്നു. അതോടുകൂടി ഭാഷ അപ്രത്യക്ഷമാകുന്നു. ‘രാമന്‍ വരുന്നു’ എന്നുകേള്‍ക്കുമ്പോള്‍ രാമന്റെ ചിത്രം അയാള്‍ വരുന്നതിന്‍റെ ചിത്രം ഇവ മനസിലുണ്ടാകുന്നു. അതോടൊപ്പം രാമന്‍ വരുന്നു എന്ന വാക്കുകള്‍ ഇല്ലാതാകുന്നു. കലാപരമായ ആവിഷ്കാരത്തിന്‍റെ സ്വാഭാവമിതല്ല. വാക്കുകള്‍ അപ്രത്യക്ഷങ്ങളാകുന്നതേയില്ല. ചാരത്തില്‍നിന്നു് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്സ് പക്ഷിയെപ്പോലെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നു.

ധ്യാനക്രിയയ്ക്കു മുറപോലെയിവന്‍ വിവിക്ത
സ്ഥാനത്തിരിപ്പളവടച്ച മിഴിക്കുമുന്നില്‍
ആനന്ദകന്ദമൊരു രൂപമുദിച്ചുകാണാം
പീനസ്തനാവനത മര്‍ദ്ധവഭൂഷിതാംഗം

നല്‍ക്കാരകില്‍പ്പുക പുണര്‍ന്നകരിങ്കുഴല്‍ക്കെ
ട്ടുക്കാറിനത്തി ലലരാം ചിലതാരകങ്ങള്‍
മുക്കാലുമാര്‍ദ്രത വിടാത്തൊരരക്കു ചാറായ്
പ്പൊല്‍ക്കാലടിത്തളിരിലൊലുമൊളിക്കുഴമ്പും
ഫാലത്തിലമ്പിളി മുറിക്കുറി–യല്ല–കന്ത
ളാലാംബിയാം സ്മരഭടന്‍റെ കുലച്ചചാപം
ഓലക്കമാണ്ടു കവിളത്തനുരക്തിചേടി
യാലക്ഷ്യമാക്കിയൊരകൃതിമകുങ്കുമാങ്കം
ഭൃംഗസ്ഫുര തുഷിമുകര്‍ന്ന ഭൃഗബ്ജ പത്രം
മംഗല്യകച്ചരടുമാത്രമിയന്നകണ്ഠം
തുഗസ്തനത്തില്‍ നവചന്ദനചര്‍ച്ച കാഞ്ചി
സംഗപ്രഭോദയചമടുത്ത നിതംബബിംബം

എന്ന ശ്ലോകങ്ങള്‍ എഴുതിയ കവി ജനിച്ചതു പടിഞ്ഞാറന്‍ നാട്ടിലായിരുന്നെങ്കില്‍ വിശ്വമഹാകവിയായി ആദരിക്കപ്പെട്ടേനെ. ഈ കവിത എത്ര പരിവൃത്തി വേണമെങ്കിലും ചൊല്ലാം. ഇതിനെയാണ് infinity of expression എന്നു് ക്രോചെ വിളിച്ചത്. നോവലിലുമുണ്ട് ഈ ആവിഷ്കാരത്തിന്‍റെ അനന്തത.

ഞാന്‍ വീണ്ടും ഉദാഹരണമായി നല്കുന്നത് ദസ്തെയെവ്സ്കിയുടെ Crime & Punishment എന്ന നോവലിലെ ഒരു ഭാഗമാണ്. കൊലപാതകം നടത്തിയ രസ്കല്‍ റിക്കഫ് സൊന്യായെകാണാന്‍ ചെല്ലുന്നു. (മുന്‍പുള്ള ലേഖനത്തില്‍ പറഞ്ഞതാണിത്. ആവര്‍ത്തനത്തിന് മാപ്പ്). About five minutes passed. He was still walking up & down in silence without looking at her. Finally he came up to her; his eyes were glittering. He grasped her two shoulders in his hands and looked directly into her weeping face. His eyes were dry, inflamed and piercing his lips trembled violently. Suddenly he bent swiftly, fell to the floor and knied her foot. Sunya recoiled from him in horror as though he were mad. And in truth he looked like a complete mad man.

“What are you doing, what did you do that for? And to me too!” She muttered, turning pale; and her heart suddenly contacted extremely painfully.

He got up immediately “I did not bow down to you. I bowed to the whole of suffering humanity.” ‘ഞാന്‍ നിന്‍റെ മുന്‍പിലല്ല നമസ്കരിച്ചത്. വേദനിക്കുന്ന മനുഷ്യരാശിയുടെ മുന്‍പിലാണ് നമസ്കരിച്ചത്’ എന്ന പ്രസ്താവം Supreme poetic utterance (ശ്രേഷ്ഠമായ കാവ്യഭാഷണമാണ്) ആണ്. കളത്തിലേക്ക് എറിയുന്ന കല്ല് തരംഗപരമ്പരകള്‍ ഉളവാക്കുന്നതുപോലെ ഈ പ്രസ്താവം നമമുടെ അനുഭവ മണ്ഡലത്തെ ചുഴന്നുനിന്നു തരംഗങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലൊരു ഭാഷണം തകഴിയുടെയോ കേശവദേവിന്‍റെയോ ബഷീറിന്‍റെയോ പൊററക്കാട്ടിന്‍റെയോ ഒരു നോവലിലും ഒരു ചെറുകഥകളിലും കാണുകില്ല. അതു കൊണ്ടാണ് നമ്മുടെ നോവല്‍ സാഹിത്യം തികച്ചും മൈനര്‍ ലിറററേച്ചേറാണെന്നു് പറയേണ്ടിവരുന്നത്.

സമ്മാനര്‍ഹങ്ങളായ പല മലയാള നോവലുകളും സ്യൂഡോ നോവലുകളാണ്. അഗ്നിസാക്ഷിയിലെ കഥാപാത്രങ്ങളായ ദേവിബഹനും തങ്കവും ഉണ്ണിയേട്ടനും ജീവനുള്ള മനുഷ്യരല്ല. മമ്മികള്‍ മാത്രമാണ്. ദേവിബഹന്‍ മതിയായ കാരണം കൂടാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോകുന്നു. ഭൂവിഭാഗങ്ങളും മാമലകളും താണ്ടി മഹാത്മഗാന്ധിയുടെ അടുത്തെത്തുന്നു. കലാപം നടക്കുമ്പോള്‍ പോലീസിന്‍റെ അടിവാങ്ങി രക്തസാക്ഷിത്വം വരിക്കാറായി ആള്‍ക്കൂട്ടത്തിലെത്തുന്നു. പിന്നീട് ആധ്യാത്മകത്വത്തിന്‍റെ ചവിട്ടുപടികള്‍ കയറി മുകളിലേക്കു പോകുന്നു. ഇതൊക്കെയായിട്ടും ദേവിബഹന് moral consciousness എന്നു പറയുന്ന ധാര്‍മ്മികാവസ്ഥയില്ല. ഇതുകൊണ്ട് നോവല്‍ വിരസമായിത്തീരുന്നു.

ഖാണ്ഡേക്കറുടെ യയാതിയോടു താരതമ്യപ്പെടുത്തുമ്പോഴാണ് ‘ഇനി ഞാന്‍ ഉറങ്ങട്ടെ’, ‘രണ്ടാമൂഴം’ ഇവയുടെ പാപ്പരത്തം നമമള്‍ അറിയുന്നത്. ഇംഗ്ളീഷില്‍ multiple perspectives എന്നു പറയുന്ന കാഴ്ചപ്പാടിന്‍റെ ബാഹുല്യം യയാതിക്കുണ്ട്. ഭൂതകാലത്തിന്‍റെ ശക്തിയും പ്രചോദനവും അതിലാവിഷ്കൃതമകുന്നു. ഇതൊന്നും ‘ഇനി ഞാനുറങ്ങട്ടെ’ എന്ന കൃതിയിലില്ല. അതു് മാഹാഭാരതകഥയുടെ ഒരു പുനരാവിഷ്കാരം മാത്രമാണ്. കര്‍ണ്ണന്‍റെ സ്വഭാവത്തിനു വരുത്തിയ മാറ്റം ആ ഗ്രന്ഥത്തിനു വൈശിഷ്ട്യം നല്‍കുന്നില്ല. അതുപോലെ മഹാഭാരതത്തിന്‍റെ വള്ഗറൈസേഷനാണ് “രണ്ടാമൂഴം.” മഹാത്മാഗാന്ധിയെക്കാള്‍ ഭാരതീയരില്‍ സ്വാധീനശക്തി ചെലുത്തിയതു മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ്. അവയ്ക്ക് ജീവനുള്ള മനുഷ്യരെക്കാള്‍ ജീവനുണ്ട്. ആ കഥാപാത്രങ്ങളെ അവയുടെ സ്വഭാവത്തിന്‍റെ പേരില്‍ നമുക്കു വിമര്‍ശിക്കാം. പക്ഷേ അവയുടെ സ്വാഭാവം മാറ്റാന്‍ പാടില്ല. (You can criticise a man but you cannot change his character) മഹാപ്രസ്ഥാന വേളയില്‍ തിരിഞ്ഞുനോക്കരുതെന്നാണ് ധര്‍മ്മപുത്രരുടെ ആജ്ഞ. തിരിഞ്ഞുനോക്കരുതെന്നു പറഞ്ഞാല്‍ ലൗകിക ജീവിതത്തിലേക്കു തിരിഞ്ഞുനോക്കരുതെന്നാണ് അര്‍ത്ഥം. ഭീമന്‍ തിരിഞ്ഞുനോക്കുന്നു. പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. അതോടെ മഹാഭാരതത്തിന്‍റെ സ്പിരിററ് — ചൈതന്യം — വള്‍ഗറൈസ് ചെയ്യപ്പെടുന്നു. മഹാഭാരതത്തിന്‍റെ ട്രാന്‍സ്ഫിഗറെഷന്‍ എന്നു് വിലാസിനി അവകാശപ്പെടുന്ന ‘അവകാശികള്‍ക്ക്’ സര്‍വകലാശാലാ ഓഫീസിന്‍റെ നീളവും വീതിയുമുണ്ട്. ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മഹത്ത്വമില്ല.