close
Sayahna Sayahna
Search

പാവം ഈ ദേശക്കാർ


പാവം ഈ ദേശക്കാർ
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

അവസാനം, നെടുനാൾ നീണ്ടുനിന്ന ഞങ്ങളുടെ വിരസതയ്ക്ക് അറുതി വരുത്തിക്കൊണ്ട് അയൽപക്കത്തൊരു സംഭവമുണ്ടായി. അവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധൻ ജീവിതമവസാനിപ്പിച്ചു. വളരെ വലിയയൊരു വീട്ടിൽ ആ എൺപതുകാരൻ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. മകൾ ഭർത്താവിനോടൊപ്പം മംഗലാപുരത്ത്. പേരക്കുട്ടി ഇരുപതു കിലോമീറ്റർ അകലെയുള്ള കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിൽ താമസം. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിലൊരിക്കൽ വരും, അതും ഒറ്റക്കിരുന്നു പഠിക്കാനുള്ളപ്പോൾ മാത്രം.

രാവിലെ വിവരമറിഞ്ഞ് ഞങ്ങൾ ചെന്നപ്പോൾ വയസ്സൻ കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു. ഇടതു കൈയ്യിലെ മുറിവിൽനിന്ന് കിടക്കയിലേയ്ക്ക് ഒലിച്ചിറങ്ങിയ ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. മുഖത്ത് വേദനയുടെ ചുളിവുകളല്ല, സംതൃപ്തിയുടെ വെളിച്ചം മാത്രം.

കുറേക്കാലമായി ഞങ്ങളുടെ ദേശം ആവർത്തനവിരസതയുടെ കൂടായി മാറിയിരുന്നു. ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചില്ല. കണ്ടാൽ, ഏതെങ്കിലും കാലത്തെ പരിചയം ഒരു പുതിയ സ്‌നേഹബന്ധത്തിന് തുടക്കമിടുമോ എന്ന ഭയംകൊണ്ട്, മുഖം തിരിച്ച് നടക്കുകയായിരുന്നു. ഒന്നും സംസാരിക്കാനില്ല, കാരണം സംഭവങ്ങളൊന്നു മുണ്ടാകുന്നില്ല എന്നതു തന്നെ. പുതുതായി ഒന്നുംതന്നെ തരാനില്ലാത്ത സംസാരത്തെ ഞങ്ങൾ ഭയപ്പെട്ടിരുന്നു. രാവിലെ എഴുന്നേറ്റാൽ കുളിച്ച് പ്രാതൽ കഴിച്ച് ഓഫീസിലോ കടകളിലോ പോകുന്ന ഭർത്താക്കന്മാർ, പിന്നിൽ തൂക്കിയിട്ട ഭാരമുള്ള സഞ്ചിയുമായി അതിലും ഭാരമുള്ള മുഖഭാവത്തോടെ സ്‌കൂളുകളിൽ പോകുന്ന കുട്ടികൾ, അതും കഴിഞ്ഞാൽ സന്ധിബന്ധം വിട്ടുതുടങ്ങിയ വീട് ശാപവചനങ്ങൾക്കിടയിൽ വൃത്തിയാക്കി ഉച്ചത്തെ ഭക്ഷണമുണ്ടാക്കാനും അലക്കാനും കച്ച കെട്ടിയിറങ്ങുന്ന വീട്ടമ്മമാർ. ഈ ചിത്രം തന്നെ എന്നും ആവർത്തിച്ചു വന്നതോടെ ഞങ്ങൾ ഞങ്ങളിലേയ്ക്കു വലിഞ്ഞു. കാലിന്റെ മുട്ടുരയുകയോ, കൈ ഒടിയുകയോ ചെയ്‌തേയ്ക്കാവുന്ന ഒരു ചെറിയ സൈക്കിൾ അപകടംപോലും സ്വാഗതാർഹമായിരുന്ന ഈ ദേശത്ത് ആരുടെയും വിരൽത്തുമ്പു പോലും മുറിഞ്ഞില്ല. ഞങ്ങൾക്ക് അദ്ഭുതങ്ങളുടെ പ്രഭാതങ്ങൾ വല്ലപ്പോഴും തന്നിരുന്ന കള്ളന്മാരും മാസങ്ങളോളം നീണ്ടു നിൽക്കുന്ന സംഭ്രമകഥകൾക്ക് നാന്ദി കുറിച്ചിരുന്ന കൊലപാതകങ്ങളുടെ കർത്താക്കളും കൂടുതൽ ലാഭസാധ്യതകൾ തേടി എന്നേ നാടു വിട്ടു പോയിരുന്നു.

മാധ്യമങ്ങൾക്കു നന്ദി; മറ്റുള്ള ദേശങ്ങളിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് ഞങ്ങൾ അറിയുന്നുണ്ട്. തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന മനുഷ്യരെ കിഴങ്ങു ചുട്ടെടുക്കുന്ന ലാഘവത്തോടെ ചുട്ടെരിക്കുന്നതും വീടു വീടാന്തരം കയറിയിറങ്ങി ജീവനുള്ള മനുഷ്യരെ പുറത്തിറക്കി വെട്ടി നുറുക്കുന്നതും അവരുടെ വീടുകൾക്ക് തീവെയ്ക്കുന്നതും, മനുഷ്യബോംബുകളായി വന്ന് നിരപരാധികളെ കൊല്ലുന്നതും ഞങ്ങൾ അറിയുന്നുണ്ട്. ടിവിയിൽ അവയുടെ ദൃശ്യങ്ങൾ ഞങ്ങൾക്ക് ഉന്മാദത്തോളമടുത്ത ആനന്ദഹർഷമുണ്ടാക്കുന്നുണ്ട്. ആ ദേശക്കരെല്ലാം ഭാഗ്യം ചെയ്തവരാണ്. ഞങ്ങളുടെ ദേശം മാത്രം അതിൽ നിന്നെല്ലാമകന്ന്… അകലങ്ങളിൽ കണ്ണു നട്ട് ഇരിക്കാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ, ഈ പാവം ദേശക്കാർ. അങ്ങിനെയിരിക്കുമ്പോഴാണ്…

പോലീസ് വരണമെങ്കിൽ സമയമെടുക്കും. അതു വരെ ഞങ്ങൾക്കിത് ആഘോഷിക്കാം. ഞങ്ങൾ ഇന്ന് ഓഫീസിൽ പോകില്ല, കടകളൊന്നും തുറക്കില്ല, ചുരുങ്ങിയത്, ആഘോഷിക്കാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യം പോലീസ് വന്ന് ആമ്പുലൻസിൽ എടുത്തു കൊണ്ടുപോവുന്നവരെ എങ്കിലും.

വൃദ്ധന്റെ ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങി. അവർ അകത്തു കയറി കട്ടിലിന്റെ അടുത്തു വന്ന് ഒരു നോക്കുനോക്കി, പുറത്തു കടന്ന് മറ്റു ബന്ധുക്കളെ തെരഞ്ഞു കണ്ടുപിടിച്ച് അവരോട് കൃത്രിമമായുണ്ടാക്കിയ ഗൗരവസ്വരത്തിൽ സംസാരിച്ചു, ഇനിയും വന്നിട്ടില്ലാത്ത ബന്ധുക്കളെ വിവരമറി യിക്കാൻ ചെറുപ്പക്കാരെ പറഞ്ഞയച്ചു. മകളെ വിവരമറിയിച്ചില്ലേ എന്ന് അന്വേഷിച്ചു. പിന്നെ ടെലിഫോണിൽ മകളെ കിട്ടാനുണ്ടായ വിഷമങ്ങളും, അവസാനം അരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ മൊബൈൽ ലൈൻ കിട്ടിയതും കാര്യം പറഞ്ഞു തീർന്നതോടെ ഫോൺ കട്ടായതും… ആകപ്പാടെ രംഗം വളരെ രസകരമായിരുന്നു. ഇങ്ങിനെയൊരു സ്ഥിതിവിശേഷത്തിന്നായി നാട്ടുകാർക്ക് എത്രകാലം കാത്തിരിക്കേണ്ടി വന്നു!

പടികടന്ന് പേരക്കുട്ടി വന്നു. അവൾ കരഞ്ഞു കൊണ്ടാണ് വന്നത്. അടക്കിപ്പിടിച്ച കരച്ചിൽ. കണ്ണുകൾ കലങ്ങിയിരുന്നു. അവൾ പടി കടന്നതും ബന്ധുക്കൾ അവളെക്കൂട്ടി അകത്തേയ്ക്കു കയറി. അകത്തു നിന്ന് അവളുടെ തേങ്ങലുകൾ കേൾക്കാം. പത്തു മിനിറ്റിന്നു ള്ളിൽ ദൃക്‌സാക്ഷികൾ പുറത്തേയ്ക്കു വന്നു. ഉള്ളിലു ള്ള സന്തോഷം മറച്ചുവെച്ച് അവർ, പാടുപെട്ടുണ്ടാക്കിയ വ്യസനത്തോടെ എങ്ങിനെ പേരക്കുട്ടി മുത്തച്ഛന്റെ മേൽ വീണു പൊട്ടിക്കരഞ്ഞുവെന്നും, മറ്റുള്ളവർ അവളെ എങ്ങിനെ പിടിച്ചു മാറ്റിയെന്നും, ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചെന്നും അറിയിച്ചു. ആദ്യം പറഞ്ഞു തുടങ്ങിയ ആൾക്ക് വാക്കുകൾ കിട്ടാതായപ്പോഴോ, വസ്തുതകൾ യഥാതഥമായല്ലാ വിവരിക്കുന്നതെന്ന് ബോധ്യമായപ്പോഴോ ഒപ്പം പുറത്തു വന്നവർ അയാളെ തിരുത്തുകയും ക്രമേണ വിവരണത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു. പിന്നെ കൂടുതൽ ദൃക്‌സാക്ഷി വിവരണങ്ങൾക്കുള്ള കോപ്പിനുവേണ്ടി അവർ അകത്തേയ്ക്കുതന്നെ കുതിച്ചു.

പിന്നീട് വന്നത് വിവരങ്ങളുടെ പ്രളയമായിരുന്നു. പേരക്കുട്ടി ഇന്നലെ വന്നു പോയിട്ടേ ഉള്ളു വെന്നും, മുത്തച്ഛൻ ഒരു മാതിരി പട്ടിണിയായിരുന്നെന്ന് മനസ്സിലാക്കിയെന്നും അറിഞ്ഞു. പണമില്ലാഞ്ഞിട്ടല്ല. വയ്യാഞ്ഞിട്ട്, അല്ലെങ്കിൽ ജീവിക്കുന്ന തിന്റെ നിരർത്ഥകത മനസ്സിലാക്കിയിട്ട്. രാവിലെ വന്ന് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയും വീട് വൃത്തിയാക്കുകയും ചെയ് തിരുന്ന ജോലിക്കാരി ഒരാഴ്ചയായി സുഖമില്ലാതെ കിടപ്പായിരുന്നത്രെ. മുത്തച്ഛന്റെ സ്ഥിതി കണ്ടപ്പോൾ ഹോസ്റ്റൽ വാസമുപേക്ഷി ച്ച് മുത്തച്ഛന്റെ ഒപ്പം താമസിക്കാൻ പേരക്കുട്ടി തീർച്ചയാക്കിയിരുന്നെന്നു കേട്ടപ്പോൾ ഞങ്ങൾക്ക് ഉൾപുളകമൊന്നു മുണ്ടായില്ല. ശരിയാണ് ദിവസവും ഇരുപതും ഇരുപതും നാല്പത് കിലോമീറ്റർ, തിരക്കുള്ള ബസ്സിൽ യാത്ര ചെയ്യണം എന്നതുകൊണ്ട് ആ തീരുമാനം ഒരു വലിയ ത്യാഗമാണെന്നറിയാത്തതു കൊണ്ടല്ല. വർഷങ്ങളായി കിട്ടാതിരുന്ന ആനന്ദത്തിന്റെ നിമിഷങ്ങൾ ഒരു ഇരുപതുകാരിയുടെ ത്യാഗസൗരഭ്യത്തിന്റെ കണക്കു പറഞ്ഞ് നശിപ്പിക്കരുത് എന്നുള്ളതു കൊണ്ടാണത്. മറ്റൊരു വശവുമുണ്ട്. അവളുടെ ത്യാഗത്തെ ഭയന്നായിരിക്കണം ഏതാനും മാസങ്ങളോ വർഷങ്ങളോ തന്നെ ഇനിയും ജീവിച്ചിരുന്നേക്കാവുന്ന വയസ്സൻ തന്റെ ജീവിതം പെട്ടെന്നവസാനിപ്പിച്ചത്. തന്റെ മരണം കൊണ്ട് വയസ്സൻ പേരക്കുട്ടിയുടെ ത്യാഗത്തെ ക്രൂരമായി അട്ടിമറിക്കുകയാണുണ്ടായത്.

ജോലിക്കാരി അടുക്കളയുടെ പുറംതിണ്ണയിൽ ഇരുന്ന് കരയുകയാണ്. അവൾക്കുണ്ടായത് തീരാ നഷ്ടമാണ്. അവൾ കരഞ്ഞുകൊണ്ട് പറയുകയാണ്. ‘പൊറത്തെ മുറീല് ഇട്ട ഒറ്റക്കട്ടില് എന്നോട് കൊണ്ടോയ്‌ക്കോളാൻ കാരണോര് പറഞ്ഞതാ. അന്നേ കൊണ്ടോയാ മത്യാർന്നു. കെട്ട്യോനോട് പറഞ്ഞപ്പോ തെരക്ക് കഴിയട്ടേന്ന് പറഞ്ഞ്. ഒടുക്കത്തെ തെരക്ക്. ഇനിപ്പോ ആരെങ്കിലും ഞാമ്പറഞ്ഞത് വിശ്വസിക്ക്യോ…ന്റെ തലേലെഴ്ത്താ…’

പോലീസ് ജീപ്പു ചീറിക്കൊണ്ടു വന്നു പടിക്കൽ ബ്രേക്കിട്ടു നിർത്തി. ആൾക്കാർ വശത്തേയ്ക്ക് ഒതുങ്ങിനിന്നു. ഇനിയാണ് ത്രിൽ മുഴുവൻ. ഞങ്ങൾ ടിവി സീരിയലുകൾ ഒന്നും വിടാതെ കാണുന്നവരായിരുന്നു. ഞങ്ങളെ ചൂഴ്ന്നു നിൽക്കുന്ന വിരസത ഒരു പരിധി വരെ മാറ്റിയെടുക്കുന്നത് ജീവിതവുമായി പുലബന്ധം പോലുമില്ലെങ്കിലും ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തിയിരുന്ന ഈ സീരിയലുകളാണ്. ഒരാൾ ആത്മഹത്യ ചെയ്താൽ പോലീസു വരുമെന്നും, ചുറ്റുമുള്ളവരെ ചോദ്യം ചെയ്യുമെന്നും അറിയാം. പോലീസിന്റെ വരവ് എപ്പോഴും ഉദ്വേഗജനകമാണ്. വെടി വെയ്ക്കുന്നതു പോലുള്ള ചോദ്യം ചെയ്യലിനിടക്ക് അടിയും ഇടിയുമൊക്കെയുണ്ടാവും. ഞങ്ങളെ നിരാശപ്പെടുത്തിയെന്നു പറയട്ടെ. ഈ പറഞ്ഞ ഒന്നുംതന്നെയുണ്ടായില്ല. തങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന അറിവിൽ അവർ ജനങ്ങൾക്കിടയിലൂടെ നെഞ്ചുവിരിച്ചു നടന്നു. അവർ വഴിതെറ്റി അടുക്കളയിലേയ്‌ക്കോ തട്ടിൻപുറത്തേയ്‌ക്കോ പോകേണ്ടെന്നു കരുതിയായിരിക്കണം ബന്ധുക്കൾ അവരെ ‘വരു, വരൂ’ എന്നു പറഞ്ഞ് അകത്തേയ്ക്ക് ആനയിച്ചു. പത്തു മിനിറ്റിന്നകം അവർ പുറത്തു കടക്കുകയും വന്ന അതേ ഗൗരവത്തോടെ ജീപ്പിൽ തിരിച്ചുപോകയും ചെയ്തു. സീരിയലുകൾ സത്യസന്ധമായല്ല ജീവിതം പകർത്തുന്നതെന്ന് ഞങ്ങൾ ആലോചിക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല.

പിന്നെ വന്നത് ഒരു ആമ്പുലൻസാണ്. ഒപ്പം രണ്ടു പോലീസുകാരും. അവർ, മറ്റു ബന്ധുക്കളുടെ സഹായത്തോടെ വയസ്സന്റെ ശരീരം ഒരുണങ്ങിയ വിറകുകൊള്ളി പൊക്കുന്ന ലാഘവത്തോടെ ആമ്പുലൻസിലേയ്ക്ക് എടുത്തു വെച്ചു. ആമ്പുലൻസ് ഗെയ്റ്റു കടന്ന് ചീറിപ്പാഞ്ഞപ്പോൾ ഞങ്ങൾ ആലോചിച്ചു. ഇത്രയേയുള്ളൂ. ഒന്നും സംഭവിച്ചില്ല. ഇതിനാണോ ഇത്രകാലം കാത്തിരുന്നത്?

അകത്തുനിന്നും വന്നവർ കൂടുതൽ വിവരങ്ങൾ പുറത്തേയ്ക്ക് വിട്ടു. വൃദ്ധനെപ്പറ്റി, അയാളുടെ കുടുംബത്തെ പ്പറ്റി. ഭാര്യ മരിച്ചത് ആറു വർഷങ്ങൾക്കു മുമ്പാണ്. ഞങ്ങൾക്കറിയാം. ഞങ്ങൾ എന്നും കണ്ടിരുന്നതല്ലെ. ആ സ്ത്രീ എപ്പോഴും ആ മിറ്റത്തോ പറമ്പിലോ ഉണ്ടായിരിക്കും. തെങ്ങിൽനിന്ന് ഒരു മടൽ വീണാൽ അവർ ഓടിയെത്തി അതും വലിച്ച് അടുക്കളമുറ്റത്തെത്തിക്കും. വേലിക്കപ്പുറത്തു കുടിലിൽ താമസിക്കുന്നവർ വേലികടന്നു വന്ന് അതു കൈക്കലാക്കുന്നതിനുമുമ്പ് രക്ഷപ്പെടുത്തി കൊണ്ടുവരണമല്ലൊ. അടുക്കളയിൽ ഗാസടുപ്പുണ്ട്. ഓലക്കൊടിയോ മടലോ കത്തിക്കുന്നത് മകൾക്കിഷ്ടമല്ല. മംഗലാപുരത്തു നിന്ന് ലീവിൽ വരുമ്പോൾ അടുക്കളയിൽ ഓലക്കൊടി മണം ഉണ്ടെങ്കിൽ അവൾ അമ്മയെ ശാസിക്കും. അമ്മ ആർക്കു വേണ്ടിയാണ് ഇങ്ങിനെ പിശുക്കി ജീവിക്കണത്… അതിനു ശേഷം അവർ ഉണങ്ങി വീഴുന്ന പട്ടകൾ തെങ്ങിന്റെ കടക്കലിട്ട് കത്തിക്കും. എന്നാലും അത് അയൽപക്കത്തെ പാവങ്ങൾക്ക് കൈക്കലാക്കാൻ പറ്റില്ലല്ലോ. സ്വർഗ്ഗത്തിൽ ഒരു സ്ഥാനം നേടണമെങ്കിൽ അത് പാവങ്ങൾക്ക് ഉപകാരം ചെയ്തിട്ടു വേണ്ടെന്ന നിലപാടിലായിരുന്നു അവർ. ആ സ്ത്രീ ഒരു ദിവസം ഒരു ഉണക്കനോല തെങ്ങിന്മേൽ നിന്ന് വീഴുന്നപോലെ മുറ്റത്ത് വീണു. ഉണക്കപ്പട്ടകൾ കത്തിക്കുന്നപോലെ അവരുടെ ദേഹവും പറമ്പിലിട്ട്…

പിന്നെ വയസ്സന്റെ ഏകാന്തജീവിതമായിരുന്നു. ‘കാർന്നോര് ഭക്ഷണംതന്നെ കഴിച്ചിട്ടില്ലാത്രെ… ഒരാഴ്ച്യായിട്ട്…’ ഒരാൾ പറഞ്ഞു. ആൾക്കാർ ചരിത്രകാരന്റെ ചുറ്റും കൂടി. തനിക്കു മാത്രം അറിയുന്ന ഒരു രഹസ്യം പരസ്യമാക്കുമ്പോഴുണ്ടാവുന്ന ഉൾക്കുളിരോടെ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി. മറ്റുള്ളവർക്ക് അയാൾ പറയുന്നത് പെട്ടെന്ന് മനസ്സിലാവരുതെന്ന നിർബ്ബന്ധമുള്ളതുകൊണ്ട് അയാൾ പലപ്പോഴും വാചകങ്ങളെ ഒറ്റ വാക്കിലോ അക്ഷരങ്ങളിലോ ചുരുക്കി. ‘മിനിഞ്ഞാന്ന് ആ കുട്ടി കോളേജീന്ന്….’ ബാക്കി ഭാഗങ്ങളിൽ വെറും ചുണ്ടനക്കൽ മാത്രം. …വന്നപ്പോഴാണ് മനസ്സിലായത് എന്നായിരിക്കണം അയാളുദ്ദേശിച്ചത്. ജോലിക്കാരി ഒരാഴ്ച ലീവായതുകൊണ്ട് ഭക്ഷണം പാകം ചെയ്യലൊന്നും നടന്നില്ല. വയസ്സൻ ഭക്ഷണമില്ലാതെ ഒരാഴ്ച കിടന്നു. സമ്പന്നതയുടെ നടുവിൽ…

‘അല്ലാ, നമ്മളൊക്കെ ചുറ്റുവട്ടത്തുണ്ടായിട്ട് ഒരു വയസ്സായ മനുഷ്യൻ…’ ചരിത്രകാരൻ ജീവകാരുണ്യത്തി ലേയ്ക്ക് വഴുതിപ്പോയി. ഞങ്ങളുടെ സന്തോഷത്തിൽ പാര വെയ്ക്കുന്ന ഈ മനഷ്യൻ ഈ ദേശക്കാരനാവാൻ വയ്യ. ഇവിടെ ജീവിക്കേണ്ടവനുമല്ല. ഒരുപക്ഷേ വരത്തനായിരിക്കും. അവന്റെ ഒടുക്കത്തെ ഒരു സഹതാപം! അയാളെ കൈകാര്യം ചെയ്യണോ എന്ന് ആലോചിക്കുമ്പോഴേയ്ക്കാണ് ഒരു കാർ ഗെയ്റ്റിൽ വന്നു നിന്നതും വയസ്സന്റെ മകളും ഭർത്താവും ഇറങ്ങിയതും.

മഞ്ഞനിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമിട്ട നാല്പതുകാരിയുടെ പിന്നിലായി സഫാരി സൂട്ടിട്ട ഭർത്താവ് നടന്നു. വലതുകൈയ്യിന്റെ ചൂണ്ടാണിവിരലിൽ കോർത്ത താക്കോൽ ചുഴറ്റിക്കൊണ്ട് അയാൾ എല്ലാവരേയും നോക്കി ചിരിച്ചു. ഭാര്യയുടെ മുഖത്ത്, വീട്ടുമുറ്റത്ത് ഇത്രയധികം ആൾക്കാരെ കണ്ടപ്പോഴുള്ള പകപ്പ് മാത്രം. വ്യസനമില്ല, കണ്ണീരില്ല. ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടു പോകാൻ ഗെയ്റ്റു വരെ വന്നു.

‘ഞങ്ങള് നോൺ സ്റ്റോപ്പ് ഡ്രൈവ് ചെയ്തിട്ടാ വന്നത്.’ ഭർത്താവ് പറഞ്ഞു. ‘രാവിലെ ഏഴരയ്ക്ക് പൊറപ്പെട്ട താ, ഇപ്പോ സമയെത്ര്യായി? ഒരു മണിയാവുണു.’

‘അഞ്ചര മണിക്കൂറ്.’ ഒരാൾ പറഞ്ഞു. ‘അപ്പോ നല്ല അടിപൊളി ഡ്രൈവിങ്ങ് തന്ന്യാരിക്കും’.

ഭർത്താവിന്റെ മുഖത്ത് വീരമുദ്രകൾ. ഭാര്യ അകത്തേയ്ക്കു നടക്കുന്നു.

‘കൊണ്ടുപോയിരിക്ക്യാണ്…അതെ അങ്ങനത്തെ മരണല്ലെ, പോസ്റ്റ്‌മോർട്ടംല്ല്യാതെ അവര് സമ്മതി ക്ക്യോ?…’

ഞങ്ങളെ ഒരുതരം വിരസത ബാധിക്കുകയാണ്. ഇങ്ങിനെ പോയാൽ…? ഇനിയുള്ള പ്രതീക്ഷ പോസ്റ്റുമോർട്ടം കഴിഞ്ഞ് ശവം കൊണ്ടുവരുമ്പോഴുള്ള സീൻ മാത്രമാണ്. അവസാനത്തെ സീൻ. വയസ്സന്റെ മകളും മരുമകനും ഒരു സൈന്യത്തിന്റെ അകമ്പടിയോടെ അകത്തേയ്ക്കു പോയി. പെട്ടെന്ന് പേരക്കുട്ടിയുടെ കരച്ചിൽ കേട്ടു. ഒരു നിമിഷത്തേയ്ക്കു മാത്രം. ഞങ്ങൾ കാത്തുനിൽക്കുകയാണ്. അകത്തു നടക്കുന്ന കാര്യങ്ങളുടെ ലൈവ് റിപ്പോർട്ടു കിട്ടാൻ. റിപ്പോർട്ടർ കൂടിയായ ചരിത്രകാരൻ വീണ്ടും ഞങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി വന്നു, ഏറ്റവും പുതിയ ന്യൂസ് അപ്‌ഡേറ്റുമായി.

‘അവള്, ആ പാവം പെൺകുട്ടി കരയ്യാണ്. അവള് അമ്മേ കുറ്റം പറയ്യാണ് മുത്തച്ഛനെ ഒറ്റയ്ക്കാക്കി മംഗലാ പുരത്തു പോയി നിന്നതില്…’

ഒരു ത്രില്ലുമില്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ. ഇനിയും കാത്തു നിൽക്കുന്നതിൽ അർത്ഥ മില്ല. ഇനി ആമ്പുലൻസ് വരും, വെള്ളത്തുണികൊണ്ട് മൂടപ്പെട്ട ശരീരം നാലഞ്ചുപേർ ഇറക്കിക്കൊണ്ടു വരും, ഉമ്മറത്ത് കിടത്തും, പിന്നെ…

ഒന്നും സംഭവിച്ചില്ല. കനത്ത മനസ്സോടെ ഞങ്ങൾ ദേശക്കാർ ആ വീടിന്റെ പടികളിറങ്ങി.