close
Sayahna Sayahna
Search

മരണം ജയിക്കുന്നു


മരണം ജയിക്കുന്നു
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഉജ്ജ്വലമായ പ്രഭാതസമയത്ത് റാന്തല്‍ കത്തിച്ചുകൊണ്ട് ചന്തസ്ഥലത്തേക്ക് ഓടി ‘ഞാന്‍ ഈശ്വരനെ അന്വേഷിക്കുകയാണ്’ എന്നു വാതോരാതെ നിലവിളിച്ച ഭ്രാന്തനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ഈശ്വരനില്‍ വിസ്വസിക്കാതെ അവിടെ കൂടിനിന്നവരെ അയാള്‍ ചിരിപ്പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: ‘അപ്പോള്‍ നിങ്ങള്‍ അയാളെ കാണാതെയായോ?’ വേറൊരാള്‍ ചോദിച്ചു: ‘കൊച്ചുകുഞ്ഞിനെന്നപോലെ അയാള്‍ക്കു വഴിതെറ്റിപ്പോയോ?” ‘അതോ അയാള്‍ ഒളിച്ചിരിക്കുന്നോ?’ ‘അയാള്‍ക്കു ഞങ്ങളെ പേടിയാണോ?’ ‘അയാള്‍ യാത്ര പോയിരിക്കുകയാണോ?’ ‘അതോ കുടിയേറിപ്പാര്‍ത്തോ?’

ഇങ്ങനെ അവര്‍ ഉച്ചത്തില്‍ പലതും ചോദിച്ചു. പൊട്ടിച്ചിരിച്ചു ഭ്രാന്തന്‍ അവരുടെ ഇടയിലേക്കു ചാടി നോട്ടങ്ങള്‍ കൊണ്ട് അവരെ പിളര്‍ന്നു. എന്നിട്ട് ഉറക്കെപ്പറഞ്ഞു: ‘ഈശ്വരന്‍ എവിടെപ്പോയെന്നോ? ഞാന്‍ പറയാം. നമ്മള്‍ അദ്ദേഹത്തെ കൊന്നു — നിങ്ങളും ഞാനും നമ്മളെല്ലാവരും അദ്ദേഹത്തിന്റെ കൊലപാതകികളാണ്.’

ജര്‍മ്മന്‍ തത്ത്വചിന്തകനായ ഫ്രിഡ്റിഹ് വില്‍ഹെം നീഷേ (Firedrich Wilhelm Nietzsche 1844 — 1900) എഴുതിയ ഒരര്‍ത്ഥവാദ കഥയാണിത്. അങ്ങനെ ‘ഈശ്വരന്‍ മരിച്ചിരിക്കുന്നു’ എന്ന് അസന്ദിഗ്ധമായി നീഷേ പ്രഖ്യാപിച്ചു. ഈശ്വരന്‍ മരിച്ചില്ലെങ്കില്‍ മൂല്യങ്ങളില്ല, ആദര്‍ശങ്ങളില്ല. അപ്പോള്‍ മനുഷ്യര്‍തന്നെ ഈശ്വരനായി മാറുന്നു. അങ്ങിനെ പറഞ്ഞാല്‍ എന്താണര്‍ത്ഥം? അവന്‍ തന്നെ മൂല്യങ്ങളും ആദര്‍ശങ്ങളും കണ്ടു പിടിക്കണം. നീഷേയുടെ ഈ ചിന്താഗതി ഇന്നത്തെ അസ്തിത്വവാദത്തിന്റെ പ്രധാനപ്പെട്ട ആശയത്തോട് ബന്ധപ്പെട്ടിരിക്കുന്നു. നീഷേക്ക് ഇക്കാര്യത്തില്‍ സോയ്റന്‍ ഓബൈ കീര്‍ക്കെഗോര്‍ (Soren Aabye Kikerkegaard 1813 — 1855) എന്ന ഡാനിഷ് ചിന്തകനോട് കടപ്പാടുണ്ട്. കീക്കെഗോറിന്റെ സിദ്ധാന്തങ്ങളും ആധുനികമായ അസ്തിത്വവാദത്തിന്റെ സിദ്ധാന്തങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്നത്തെ അസ്തിത്വവാദം തന്നെ പല ശാഖകളായി പിരിഞ്ഞിരിക്കുന്നു. എങ്കിലും പ്രധാനപ്പെട്ട ചില ആശയങ്ങള്‍ സദൃശ്യങ്ങളാണ്. ഫ്രഞ്ച് സാഹിത്യത്തിലെ ഒരു മാസ്റ്റര്‍പീസായി — ഉത്കൃഷ്ടകൃതിയായി — പരിഗണിക്കപ്പെടുന്ന ബോറീസ് വിയാങ്ങിന്റെ The Empire Builders(രാഷ്ടനിര്‍മ്മാതാക്കള്‍) എന്ന നാടകത്തെക്കുറിച്ച് പര്യാലോചന ചെയ്യുന്ന ഈ പ്രബന്ധത്തില്‍ ആ സമാനസിദ്ധാന്തങ്ങളെക്കുറിച്ച് അല്പമൊന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലെ നാടകത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലാകൂ.

നിങ്ങള്‍ റോഡിലേക്കു വീട്ടില്‍ നിന്നിറങ്ങുകയാണ്. മദം പൊട്ടിയ ഒരാന നിങ്ങളുടെ നേര്‍ക്ക് ഓടിവരികയാണെന്നിരിക്കട്ടെ. എന്തെന്നില്ലാത്ത പേടിക്കു നിങ്ങള്‍ വിധേയനായിപ്പോകുമെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ആരെങ്കിലും ആനയെ ‘തളച്ചു’വെന്നു കരുതൂ. അതോടെ പേടിയും മാറുന്നു. ഇവിടെ പേടിക്കുകാരണം മദംപൊട്ടിയ ആനയാണ്. ഭയത്തിനു ഹേതുവായ മൃഗത്തിനെ മാറ്റിക്കഴിയുമ്പോള്‍ ഭയവും മാറുന്നു. വസ്തുവില്ലാതെ പേടിയുണ്ടാകുമോ? ഉണ്ടാകുമെന്നാണ് കീര്‍ക്കേഗോര്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം അതിനെ ‘ആങസ്റ്റ്’ (Angst) എന്നു വിളിച്ചു. ഇംഗ്ലീഷില്‍ ഇതു Dread ആണ്. നമുക്കിതിനെ ‘ത്രാസം’ എന്നു വിളിക്കാം. വസ്തുവില്ലാതെ, ഹേതുവില്ലാതെ മനുഷ്യനു ത്രാസമുണ്ടാകുന്നു. അപ്രതീക്ഷിതമായി, യുക്തിക്ക് അതീതമായി അത് ആവിര്‍ഭവിക്കുകയാണ്. ജീവിതത്തിന്റെ ശൂന്യതയാണ് ഈ ത്രാസത്തിലൂടെ പ്രത്യക്ഷമാകുന്നതെന്ന് കീര്‍ക്കെഗോര്‍ വിശ്വസിക്കുന്നു. മനുഷ്യന്‍ എതു നിലയിലേക്കും ഉയരട്ടെ. അവന്‍ വലിയ സാഹിത്യകാരനായിരിക്കും; രാഷ്ടാന്തരീയപ്രശസ്തിയുള്ള ശാസ്ത്രകാരനായിരിക്കും; ലോകമടക്കി ഭരിക്കുന്ന ഭരണാധികാരിയായിരിക്കും — എങ്കിലും അവന്‍ താസത്തില്‍നിന്നു വിമുക്തനായിരിക്കുകയില്ല. അവന്‍ ശൂന്യതയാല്‍, മരണത്താല്‍ ഗ്രസിക്കപ്പെടും. ഈ ത്രാസമകലാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടോ? ഉണ്ടെന്നാണ് കീർക്കെഗോറിന്റെ അഭിപ്രായം. മനുഷ്യന്‍ സ്വയം സാക്ഷാത്കരിക്കുമ്പോള്‍ ത്രാസം മാറിപ്പോകുമെന്ന് അദ്ദേഹം കരുതുന്നു. മനുഷ്യന് തന്നോടുതന്നെ ഉത്തരവാദിത്വമുണ്ടല്ലോ. അതു മനസ്സിലാക്കി അവന്‍ അസ്തിത്വത്തിന്റെ ഉപാധികള്‍ സ്വീകരിച്ച്, അസ്തിത്വത്തെ തിരഞ്ഞെടുക്കുമ്പോഴാണ് ത്രാസം മാറിപ്പോകുക. അങ്ങനെ കീർക്കെഗോറിന്റെ അസ്തിത്വവാദം ഒരളവില്‍ പ്രസാദാത്മകമാണ്. ഈശ്വരവിശ്വാസിയായ ഈ ഡാനിഷ് ചിന്തകന്‍ പ്രസാദാത്മകത്വത്തെ അംഗീകരിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ജര്‍മ്മന്‍ തത്ത്വചിന്തകനായ കാര്‍ല്‍ യാസ്പേഴ്സും (Karl Jaspers 1883 — 1969), ഫ്രഞ്ച് തത്ത്വചിന്തകനായ മര്‍സലും (Gabriel Maecel 1889 —) ഇക്കാര്യത്തില്‍ കീർക്കെഗോറിനോടു യോജിച്ചു നില്‍ക്കുന്നു. സാര്‍ത്രും കമ്യുവും (Jean Paul Sartre 1905 — Albert Camus 1913 — 1960) നിരീശ്വരവാദത്തോടു ബന്ധപ്പെട്ട അസ്തിത്ത്വവാദത്തിന്റെ ഉദ്ഘോഷകരാണ്. എന്നാല്‍ ഇവരെല്ലാം ഒന്നുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്. അതാണ് ‘ത്രാസം’. ത്രാസം ഒരനുഭവമായി ആവിഷ്കൃതമാകുമ്പോള്‍ സഹൃദയനു രസിക്കാന്‍ കഴിയുന്നു. അസ്തിത്ത്വത്തിലെ ത്രാസം എന്നത് അസത്യപൂര്‍ണ്ണമാണെന്നു കരുതുന്ന അദ്വൈതവാദിക്കുപോലും അത് ഉചിതങ്ങളായ വിഭവാനുഭാവസഞ്ചാരികളോടുകൂടി സാഹിത്യത്തില്‍ ആവിഷ്കരിക്കപ്പെടുമ്പൊള്‍ ആസ്വാദ്യമായിബ്ഭവിക്കുന്നു. ബോറീസ് വിയാങ്ങിന്റെ “രാഷ്ടനിര്‍മ്മാതാക്കള്‍” ആ വിധത്തിലുള്ള ഒരു ഉത്കൃഷ്ടമായ നാടകമാണ്.

‘വരൂ അന്ന, വേഗമാകട്ടെ. ഇനി അഞ്ചുപടികള്‍ മാത്രമേയുള്ളു’ എന്ന് അച്ഛന്‍ മകളോടു പറയുമ്പോള്‍ നാടകം ആരംഭിക്കുന്നു. ഒരു കുടുംബം — അച്ഛനും അമ്മയും മകളും പരിചാരികയും — കോണിപ്പടികള്‍ കയറി മുകളിലുള്ള മുറിയിലേക്ക് വരികയാണ്. പേടിപ്പിക്കുന്ന ഒരു ശബ്ദം വെളിയില്‍നിന്ന് വരുന്നത് ആര്‍ക്കും കേള്‍ക്കാം. അതില്‍ നിന്നു രക്ഷനേടാനായിട്ടാണ് ആ കുടുംബം മുകളിലുള്ള നിലയിലേക്കു പോരുന്നത്. അവിടെ എത്തിയ ഉടനെ അച്ഛന്‍ പലകവച്ച് താഴത്തേക്കു പോകാനുള്ള മാര്‍ഗ്ഗം അടച്ചു. പ്രധാനപ്പെട്ട ഈ കഥാപാത്രങ്ങള്‍ക്കു പുറമേ വിശേഷപ്പെട്ട ഷ്മേര്‍സ് എന്ന കഥാപാത്രം കുടി നാടകത്തിലൂണ്ട്. പകുതി യന്ത്രവും പകുതി മനുഷ്യജീവിയുമാണ്. കീറിയ വസ്ത്രങ്ങള്‍ ധരിച്ച് ബാന്‍ഡേജ് കൊണ്ടു പൊതിഞ്ഞു നില്ക്കുന്ന ആ രൂപത്തിന്റെ കൈ ഒടിഞ്ഞതാണ്. കഴുത്തില്‍നിന്ന് തൂക്കിയിട്ട നൂലില്‍ ആ കൈ വച്ചു കൊണ്ട് ഷ്മേര്‍സ് മുടന്തി നടക്കുണു. ഒടിയാത്ത കൈയില്‍ ഊന്നി നടക്കാന്‍ വടിയുണ്ട്. കൂടെക്കൂടെ അച്ഛനും അമ്മയും പരിചാരികയും ഈ രൂപത്തിന്റെ അടുത്തു ചെന്ന് അതിനെ ചവിട്ടും, തുപ്പും, ചിലപ്പോള്‍ കൈമുറുക്കി ഇടിക്കും.

താഴത്തെനിലയില്‍ കൂടുതല്‍ മുറികളുണ്ടായിരുന്നു. ശബ്ദത്തെ പേടിച്ച് എത്തിയിരിക്കുന്ന മുകളിലെ ഈ നിലയിലാവട്ടെ മുറികള്‍ വളരെ കുറവ്. പാത്രങ്ങള്‍, പടങ്ങള്‍, ഇരുമ്പുപെട്ടികള്‍ ഇവയെല്ലാം അവര്‍ കൊണ്ടുവന്നു. പക്ഷേ മഞ്ഞ ഷീറ്റില്‍ പൊതിഞ്ഞുവച്ച റേഡിയോ എടുക്കാന്‍ മറന്നുപോയി.

മകള്‍ക്ക് അതില്‍ വല്ലായ്മയുണ്ട്. പ്രജ്ഞാപരത്വത്തിന്റെ ഔന്നത്യം കാണിക്കുന്ന കഥാപാത്രമായിട്ടാണ് ഈ കൊച്ചുപെണ്‍കുട്ടിയെ നാടകക്കാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. അവളുടെ സംഭാഷണരീതി അടുത്ത മുറിയില്‍ താമസിക്കുന്നവനെ രസിപ്പിക്കത്ത വിധത്തില്‍ ബുദ്ധിപൂര്‍വ്വകമത്രേ. തന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചാലെന്ത് എന്ന് അയാള്‍ ആലോചിച്ചുപോകുന്നു. അത്രകണ്ട് അവളുടെ സംഭാഷണം അയാള്‍ക്ക് ആദരണീയമായിത്തോന്നി.

രണ്ടാമത്തെ അങ്കത്തില്‍ ആ കുടുംബം അടുത്ത നിലയിലേക്കു കയറിച്ചെന്നതായിട്ടാണ് നാം കാണുന്നത്. അവിടെ സ്ഥലം തീരെ കൂറവാണ്. അടുക്കളയില്ല. ഒരു കിടപ്പുമുറിയും മറ്റൊരു മുറിയും മാത്രം. ശബ്ദം അവരെ അപ്പോഴും പിന്തുടരുണ്ട്, ‘ആ ശബ്ദം… നാം താമസസ്ഥലം വിട്ടുപോകുമ്പോഴെല്ലാം… അര്‍ദ്ധരാത്രി ഉണര്‍ന്നെഴുന്നേറ്റ് കോണിപ്പടികള്‍ കയറുമ്പോള്‍…ഭ്രാന്തുപിടിച്ച മട്ടില്‍ പെരുമാറുമ്പോള്‍…എല്ലാം മറക്കുമ്പോള്‍…നാം നമ്മെത്തന്നെ വേദനിപ്പിക്കുമ്പോള്‍…നമുക്കെന്തുകൊണ്ട് ഒരിക്കലെങ്കിലും താമസിച്ചുകൂടാ? ഒരു പ്രാവശ്യം മാത്രം…നാമിങ്ങനെ പേടിക്കുന്നത് എന്തിന്? എന്നാണ് മകളുടെ ചോദ്യം. ‘നാം പേടിക്കുന്നില്ല. കോണിപ്പടികള്‍ കയറുന്നതേയുള്ളൂ. അത്രമാത്രം’ എന്നാണ് പരിചാരികയുടെ മറുപടി.‘പക്ഷേ നമ്മള്‍ എവിടെയായിരുന്നുവോ അവിടെത്തന്നെ താമസിച്ചാലെന്ത്? നാം താമസിച്ചാലെന്ത്?’ എന്ന് വീണ്ടും മകള്‍ ചോദിക്കുന്നു. ‘ആരും താമസിക്കുന്നില്ല’ എന്നു പരിചാരികയുടെ മറുപടി.

മകള്‍ക്കു താഴത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്നുണ്ട്. അച്ഛന്‍ പലക വച്ച് മാര്‍ഗ്ഗം വീണ്ടും അടച്ചുകളഞ്ഞതുകൊണ്ട് അവള്‍ക്ക് അതിനു കഴിയുന്നില്ല. മാത്രമല്ല, ഷമേര്‍സ് ആ പലകയുടെ പുറത്തു വന്നു കിടക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം റേഡിയോ എടുക്കാന്‍ മറന്നു. ഇത്തവണ യാത്രയില്‍ ക്ലോക്ക് എടുക്കാന്‍ മറന്നു. മറന്ന വസ്തുക്കളെക്കുറിച്ചെല്ലാം മകള്‍ക്ക് ഓര്‍മ്മിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതല്ല. തങ്ങള്‍ക്കു റേഡിയോ ഉണ്ടായിരുന്നോ എന്നാണ് അച്ഛന്റേയും അമ്മയുടേയും സംശയം. സംശയമല്ല നിശ്ചയം തന്നെ അക്കാര്യം. ‘താഴത്തെ നിലയിലായിരുന്നപ്പോള്‍ നമുക്കു റേഡിയോ ഇല്ലായിരുന്നു. ഉറപ്പിച്ചു പറയാം. പക്ഷേ ക്ലോക്ക് ഉണ്ടായിരുന്നു. സമ്മതിച്ചു. റേഡിയോ ഇല്ല’ എന്നാണ് അച്ഛന്റെ പ്രസ്താവം.

വിദൂരതയില്‍നിന്ന് ആ ഭയജനകമായ ശബ്ദം കേള്‍ക്കാം. ഷ്മേര്‍സ് ഒഴിച്ച് എല്ലാവരും അതു കേട്ട് സ്തംഭിക്കുന്നു. ശബ്ദം ഒന്നിനൊന്നു വലുതാകാന്‍ തുടങ്ങി. അമ്മ ചകിതയായി നിന്നു. അച്ഛന്‍ കൈയിലിരുന്ന പുസ്തകം താഴെയിട്ടു. ഷ്മേര്‍സിനു മാത്രമേ അതില്‍ ആഹ്ലാദമുള്ളു. അയല്ക്കാരന്റെ മുറിയില്‍ ചെന്നു തട്ടുന്ന മകള്‍ തിരിച്ചുവരുന്നില്ല. ‘കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരെ വിട്ടുപോകുന്നു. നീ സമാധാനമായിരിക്ക്. ഇതാണ് ജീവിതം’ എന്ന് അച്ഛന്‍ അമ്മയെ സാന്ത്വനപ്പെടുത്തുമ്പോള്‍ രണ്ടാം അങ്കം അവസാനിക്കുന്നു.

മൂന്നാമങ്കമാകുമ്പോള്‍ അയാള്‍ അടുത്ത നിലയിലേക്കു കയറിയിരിക്കുന്നതായി നാം കാണുന്നു. തീരെ ചെറിയ മുറി. അവിടെനിന്ന് പിന്നെ മുകളിലേക്കു കോണീപ്പടിയില്ല. വേറൊരു നിലയും അതിനുമുകളിലില്ല. ഈ പ്രാവശ്യം അയാളുടെ ഭാര്യയ്ക്ക് (അമ്മ എന്ന കഥാപാത്രത്തിന്) മുകളിലേക്കു ചെല്ലാന്‍ കഴിയുന്നില്ല. അതിനു മുമ്പ് അയാള്‍ പലകവെച്ച് മാര്‍ഗ്ഗം അടച്ചുകളഞ്ഞു. ഒറ്റയ്ക്കായ ആ മനുഷ്യന്‍ പലതും പുലമ്പാന്‍ തുടങ്ങി. എന്നിട്ട് അയാള്‍ ഷ്‌മേര്‍സിനെ സമീപിച്ച് അതിനെ അടിച്ചു താഴെയിട്ടു. അതിന്റെ കഴുത്തു ഞെക്കി നോക്കി. ഒരു ഫലവുമില്ല. പിന്നീട് കൈത്തോക്കെടുത്തു വെടിവച്ചു. ഷ്‌മേര്‍സ് മരിച്ചില്ല. അയാള്‍ വീണ്ടും അതുമിതും പറഞ്ഞു. അപ്പോള്‍ വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേള്‍ക്കാറായി. അതു ക്രമേണ ഉയര്‍ന്നുവരികയാണ്. അയാള്‍ ഭയന്നു ജനലിനരികിലേക്കു ഓടിചെന്നു. ഈ സമയം കൊണ്ട് ഷ്‌മേര്‍സ് തകര്‍ന്നു താഴെവീണു മരിച്ചു. ‘ഞാന്‍ എല്ലാക്കാലത്തും ഒറ്റയ്ക്കായിരുന്നു. ഭൂതകാലത്തിന്റെ പൊടിപടലത്തിലൂടെ എനിക്കൊന്നും വേര്‍തിരിച്ചറിയാന്‍ വയ്യ’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ മറിഞ്ഞുവീണു. വാതിലില്‍ തട്ടുന്ന ശബ്ദം അതോടെ ഇല്ലാതായി. പക്ഷേ ഭയജനകമായ ആ വലിയ ശബ്ദമുണ്ടല്ലോ അത് അടുത്തുതന്നെ കേട്ടുതുടങ്ങി. ഇതിനകം ഏഴുന്നേറ്റ അയാള്‍ വീണ്ടും നിലവിളിച്ചുകൊണ്ടു താഴെ വീണു മരിക്കുമ്പോള്‍ ശബ്ദം മൂറിയിലാകെ വ്യാപിക്കുന്നു; ഇരുട്ടു പരക്കുന്നു. വാതില്‍ ഒരു പക്ഷേ തുറക്കുന്നുണ്ടാവാം. അനേകം ഷ്‌മേര്‍സുകള്‍ അവിടം ആക്രമിക്കുന്നുണ്ടാവാം. അവ്യക്തങ്ങളായ രൂപങ്ങള്‍ അന്ധകാരത്തിലൂടെ ദൃശ്യങ്ങളാവുന്നതുകൊണ്ട് അങ്ങനെ സങ്കല്പിക്കാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ യവനിക ചുരുളു നിവര്‍ത്തി വീഴുന്നു.

പ്രശസ്തനായ ഒരു ഡോകടറുടെ ജീവിതരീതി നോക്കാം. അദ്ദേഹം കാലത്തെഴുന്നേല്‍ക്കുമ്പോള്‍ അനേകം രോഗികള്‍ വീട്ടിനു മുമ്പില്‍ കൂടിനില്‍ക്കുന്നു. ഡോകടര്‍ ഓരോ രോഗിയേയും പരിശോധിച്ച് മരുന്നു എഴുതികൊടുക്കുന്നു. ചിലര്‍ക്കു ശസ്ത്രക്രിയ വേണമെന്നു തീരുമാനിക്കുന്നു. ഒരാള്‍ക്കു ഗുരുതരമായ ഹൃദ്രോഗമാണ്. ശസ്ത്രക്രിയകൊണ്ടേ അതു ഭേദമാക്കാന്‍ സാധിക്കൂ. അതിനും ദിവസം നിശ്ചയിക്കുന്നു അദ്ദേഹം. മരുന്നു കഴിച്ച രോഗികള്‍ സുഖക്കേടില്‍നിന്നു വിമുക്തരായി. ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ രക്ഷപ്പെട്ടു. ആ ഹൃദ്രോഗക്കാരനോ? വലിയ വിദഗ്ധനായ ഡോക്ടര്‍ക്കു മാത്രമേ ആ ശസ്ത്രക്രിയ ചെയ്യാനാവൂ. അതും അദ്ദേഹം വിജയകരമായി നിര്‍വഹിച്ചു. ഇങ്ങനെ ഓരോ ദിവസവും വിജയശ്രീലാളിതമായി കടന്നു പോകുന്നു. ഡോക്ടര്‍ക്കു അഖിലഭാരത പ്രശസ്തി മാത്രമല്ല ലഭിച്ചത്; രാഷ്ടാന്തരീയ പ്രശസ്തി അദ്ദേഹം ആര്‍ജ്ജിച്ചു. അങ്ങനെ തന്റെ ജീവിതം സാഫല്യത്തിലെത്തിയെന്ന് ഡോക്ടര്‍ വിചാരിച്ചു. മറ്റുള്ളവരും അദ്ദേഹത്തിന്റെ ജീവിതം ധന്യമായെന്നു കരുതി. പക്ഷേ ഒരു ദിവസം കാലത്ത് അദ്ദേഹം ശയനീയത്തില്‍ നിന്ന് എഴുന്നേൽക്കുന്നില്ല്ല. ബന്ധുക്കള്‍ ചെന്നു നോക്കുമ്പോള്‍ ആ മഹാവ്യക്തി മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത്. ഇത് ഡോക്ടറുടെ മാത്രം അവസ്ഥയല്ലല്ലോ. ഈ ലോകത്തുള്ള എല്ലാവരും മരണമെന്ന യഥാര്‍ത്ഥ്യത്തില്‍ ചെന്നു ചേരുന്നു. മരണമെന്നു പറഞ്ഞാലോ? ശൂന്യത എന്നര്‍ത്ഥം.

ഈ ഭയജനകമായ ശൂന്യതയില്‍ എല്ലാ ജീവികളും ചെന്നെത്തുന്നതുകൊണ്ട് ജീവിതം അര്‍ത്ഥരഹിതമാണ് — അബ്സേഡാണ് — എന്നു അസ്തത്വവാദികള്‍ അഭിപ്രായപ്പെട്ടു. ത്രാസം — മരണം ജനിപ്പിക്കുന്ന ത്രാസം — മാത്രമേ ഇവിടെ സത്യമായുള്ളു എന്നും അവര്‍ ഉദ്ഘോഷിച്ചു. രാഷ്രാന്തരീയ പ്രശസ്തി നേടിയ ഡോക്ടറുടെ വിചാരം തന്റെ വിജയകരമായ ഓരോ പ്രവര്‍ത്തനവും അര്‍ത്ഥമുള്ളതാണെന്നാണ്. അങ്ങനെ ജീവിതം നയിച്ചതുകൊണ്ട് തന്റെ ജീവിതമാകെ അര്‍ഥപൂര്‍ണ്ണമാണെന്നും അദ്ദേഹം കരുതി. എന്നാല്‍ ജീവിതം മരണത്തില്‍ കലാശിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല എല്ലാ ജീവിതങ്ങളും അര്‍ത്ഥശൂന്യങ്ങളാണെന്ന് അസ്തിത്വവാദികള്‍ വിചാരിക്കുന്നു. എന്റെ ഒരു ബന്ധു രണ്ടു വര്‍ഷം മുന്‍പു മരിച്ചു. മരണ വാര്‍ത്ത അറിഞ്ഞയുടനെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. സത്യം പറയുകയാണ്; അത്യുക്തിയില്‍ മുങ്ങുകയില്ല. എനിക്ക് മരണം നടന്ന വീട്ടിലേക്കു കയറാന്‍ സാധിച്ചില്ല. അസഹനീയമായ നാറ്റം, കുറെക്കാലം രോഗിയായി ഒറ്റക്കിടപ്പുകിടന്ന ആ ബന്ധുവിന്റെ ശരീരമാകെ “ബഡ്സോര്‍” ഉണ്ടായിരുന്നു. അതില്‍ നിന്നുണ്ടായ ദുര്‍ഗ്ഗന്ധമാണ് ഞങ്ങളെയെല്ലാം വൈഷമ്യത്തിലാക്കിയത്. മരിച്ചയാളോ? ശുചിത്വത്തിന്റെ ഉടലെടുത്ത രൂപമായിരുന്നു. വാഴയിലയില്‍പ്പോലും, ബാക്റ്റീരിയയെ പേടിച്ച് ഊണു കഴിക്കാത്ത ആള്‍; വെള്ളത്തില്‍ ‘ഡറ്റാള്‍’ ഒഴിച്ച കുളിക്കുന്ന ആള്‍. അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിന്നു പുറപ്പെട്ട നാറ്റമാണ് ഞങ്ങളെ ബോധം കെടുത്തിയത്. ശുചിത്വം, ഒരു മാനുഷികമൂല്യമാണെന്ന സങ്കല്പം ഇവിടെ തകരുന്നു. യജമാനന്റെ മുന്‍പില്‍ വായ്പൊത്തിനിന്നു വിനയം കാണിക്കുന്ന ശിപായിയെക്കൂറിച്ചൊന്നു സങ്കല്പിക്കൂ. ആ യജമാനനും ശിപായിയും ഒരു ബസ്സ് അപകടത്തില്‍ പെട്ടുപോയെന്നും ശിപായിക്കു രക്ഷപ്പെടണമെങ്കില്‍ യജമാനന്റെ ശരീരത്തില്‍ ചവിട്ടിമെതിച്ചുപോയാലേ സാധിക്കുകയുള്ളുവെന്നും കരുതു ശിപായി അതു ചെയ്യുകയില്ലേ? അപ്പോള്‍ വിനയം എന്ന മൂല്യം വെറും കള്ളമല്ലേ? പെന്‍ഷന്‍ പറ്റിയ ഡിപ്പാര്‍ട്ട്മെന്റ് അദ്ധ്യക്ഷനും, പെന്‍ഷന്‍ പറ്റിയ പ്യൂണും കൈകോര്‍ത്തുപിടിച്ച് കാലത്തു തിരുവനന്തപുരത്തെ മ്യൂസിയം റോഡിലൂടെ നടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഭക്തി എന്ന മാനുഷികമൂല്യം ഇവിടെ തകരുന്നു. ഇങ്ങനെ എല്ലാ മാനുഷികമൂല്യങ്ങളും തകരുന്നുവെന്നാണ് അസ്തിത്വവാദികളുടെ മതം.

ബോറീസ് വിയാങ്ങിന്റെ ഉജ്ജ്വലമായ നാടകത്തില്‍ ഈ ആശയങ്ങള്‍ കലാസുന്ദരങ്ങളായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ എല്ലാവരും നാടകത്തിലെ അച്ഛന്‍ എന്ന കഥാപാത്രത്തെപ്പോലെ രാഷ്ടനിര്‍മ്മാതാക്കളാണ്. ഞാന്‍ പഠിച്ചു ജയിക്കുന്നു; ഒരു രാഷ്ടം ഞാന്‍ നിര്‍മ്മിച്ചു. ജോലി സമ്പാദിക്കുന്നു; മറ്റൊരു രാഷ്ടം നിര്‍മ്മിച്ചുകഴിഞ്ഞു. ജോലിക്കയറ്റം വാങ്ങിച്ചു വിരാജിക്കുന്നു; വേറൊരു രാഷ്ടം. ഇങ്ങനെ അനേകം രാഷ്ട്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഞാന്‍ സര്‍വ്വജനാരാധ്യനായി വര്‍ത്തിക്കുമ്പോള്‍ മരണം എന്നെ പിടികൂടുന്നു. എന്റെ ‘ഈ രാഷ്ട്രനിര്‍മ്മാണം’ എത്ര അര്‍ത്ഥരഹിതം! താഴത്തെ നിലയില്‍നിന്നു മുകലിലുള്ള നിലകളിലേക്കു കയറിപ്പോകുന്ന അച്ഛന്‍ എന്ന കഥാപാത്രം ഇമ്മട്ടില്‍ രാഷ്ട്രനിര്‍മ്മാണം നടത്തുന്ന നമുക്കെല്ലാം പ്രാതിനിധ്യം വഹിക്കുന്നു. അയാള്‍ കേള്‍ക്കുന്ന ഭയാജങ്കമായ ശബ്ദം മരണത്തിന്റെ ശബ്ദമത്രെ. അതിനെ പേടിച്ചു പേടിച്ച് മുകളിലേക്കു കയറുമ്പോള്‍ പാര്‍പ്പിടങ്ങള്‍ സങ്കുചിതത്വം ആവഹിക്കുന്നു. ഒടുവില്‍ രക്ഷപ്പെടാന്‍ സ്ഥലമില്ല. അപ്പോള്‍ ഭയങ്കരമായ ശബ്ദം അയാളെ ഗ്രസിക്കുന്നു. ഈ ശബ്ദം മരണമാണെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. നമ്മുടെയും നാടകത്തിലെ അച്ഛന്‍ എന്ന കഥാപാത്രത്തിന്റെയും വിധി ഒന്നുപോലെ തന്നെ.

മുകളിലുള്ള നിലകളിലേക്കു കയറുന്ന മനുഷ്യനു മകള്‍ നഷ്ടപ്പെടുന്നു; ഭാര്യ നഷ്ടപ്പെടുന്നു. അടുത്ത മുറിയിലേക്കു പോയ മകള്‍ക്കു തിരിച്ചുവരാന്‍ വയ്യാത്തവിധം വാതില്‍ അടഞ്ഞുപോകുകയാണ്. അവസാനത്തെ നിലയില്‍ കയറിയ അയാള്‍ പലകവച്ച് മാര്‍ഗ്ഗം അടച്ചതുകൊണ്ട് ഭാര്യയും ഇല്ലാതാവുന്നു.

അച്ഛനോടുള്ള സ്നേഹം; ഭാര്യയോടുള്ള സ്നേഹം ഈ മൂല്യങ്ങളുടെ അര്‍ത്ഥശൂന്യതയാണ് നാം ഇവിടെ ദര്‍ശിക്കുന്നത്.

ഈ നാടകത്തിലെ ഷ്‌മേര്‍സോ? ഷ്‌മേര്‍സ് എന്നു പറഞ്ഞാല്‍ വേദനയനുഭവിക്കുന്നവന്‍ എന്നാണര്‍ത്ഥം. മരണത്തിന്റെ ആക്രമണത്തിനു വിധേയനായി അനുനിമിഷം തകര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യന്റെ നശ്വരമായ അംശത്തെ ആയിരിക്കാം അതു സൂചിപ്പിക്കുന്നത്. പ്രധാനപ്പെട്ട കഥാപാത്രം മരിക്കുമ്പോള്‍ ഷ്‌മേര്‍സും മരിക്കുന്നത് ഈ മതത്തിന് ഉപോദ്ബലകമായി ചിലര്‍ എടുത്തുകാണിക്കുന്നുണ്ട്.

ഇതെഴുതുന്ന ആള്‍ അസ്തിത്വവാദിയല്ല. എങ്കിലും ഈ നാടകം എന്നെ എന്തെന്നില്ലാത്തവിധം സ്പര്‍ശിച്ചു. കാരണം അസ്തിത്വവാദിത്തോടു ബന്ധപ്പെട്ട ആശയങ്ങള്‍ ജനിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ കലാശില്പത്തിലുള്ളത്. ആശയങ്ങള്‍ ആശയങ്ങളായിത്തന്നെ ഇരിക്കുമ്പോള്‍ അവ അനുവാചകനെ ചലിപ്പിക്കുകയില്ല. അവ വികാരമായി രൂപാന്തരപ്പെടുമ്പോള്‍, വാങ്ങ്മയചിത്രങ്ങളായി പ്രത്യക്ഷപ്പെടുമ്പോള്‍ നാം ചലനംകൊണ്ടുപോകും. ആ അശയങ്ങളോടു യോജിക്കാത്തവരും രസിക്കും. അങ്ങനെയാണ് ഹിന്ദുക്കള്‍ ബൈബിള്‍ വായിച്ചു രസിക്കുന്നത്. ക്രിസ്ത്യാനികള്‍ രാമായണവും മഹാഭാരതവും വായിച്ചു രസിക്കുക. എക്സിസ്റ്റെന്‍ഷ്യലിസത്തില്‍ വിശ്വസിക്കാത്തവര്‍പോലും ബോറീസ് വിയാങിന്റെ നാടകത്തിന്റെ മുമ്പില്‍ തലകുനിച്ചു നില്ക്കും. അത്രകണ്ട് അത് കലാസുന്ദരമാണ്.