close
Sayahna Sayahna
Search

മഹാരാജാവും ആറാട്ടുമുണ്ടനും


മഹാരാജാവും ആറാട്ടുമുണ്ടനും
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

“എഫിസസ് നഗരത്തിലെ വിധവ” എന്ന കഥ എ. ഡി. ഒന്നാം ശതാബ്ദത്തില്‍ രചിക്കപ്പെട്ടതാണ്. റോമന്‍ ഉപഹാസകന്‍ ഗേയസ് പിത്രോനീയസാണ് അതിന്റെ രചയിതാവ്. ചാരിത്രത്തിന് പ്രഖ്യാതയായ ഒരു സ്ത്രീ എഫിസസിലുണ്ടായിരുന്നു. ആ ചാരിത്രശാലിനിയെ ഒന്നു കാണാന്‍വേണ്ടി മത്രം വിദൂരദേശങ്ങളില്‍നിന്നുപോലും പല സ്ത്രീകളും വന്നു. അങ്ങനെയിരിക്കെ അവളുടെ ഭര്‍ത്താവ് മരിച്ചു. ഒരു ഗുഹയ്ക്കകത്തുവെച്ച മൃതശരീരത്തിനടുത്തിരുന്ന് അവള്‍ നിരന്തരം വിലാപവും തുടങ്ങി. ഒരാഹാരവും കഴിക്കാതെ അവള്‍ അഞ്ചുദിവസം ആ ഗുഹയ്ക്കകത്തിരുന്ന് നെഞ്ചത്തിടിക്കുകയും രോദനം നടത്തുകയും ചെയ്തു. കൂട്ടിന് ഒരു തോഴിയും. ബന്ധുക്കളും മറ്റുള്ളവരും എത്ര ഉപദേശിച്ചിട്ടും അവള്‍ അവിടം വിട്ടു വീട്ടിലേക്കു പോരാന്‍ കൂട്ടാക്കിയില്ല. വിധവ അമ്മട്ടില്‍ ശവത്തിനടുത്തിരുന്നു നിലവിളിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെയാണ് ആ ദേശത്തെ ഗവര്‍ണ്ണര്‍ ചില കള്ളന്‍മാരെ കുരുശില്‍ത്തറച്ചു കൊല്ലാന്‍ ആജ്ഞാപിച്ചത്. ശവക്കുഴിക്കടുത്ത് കുരിശുകളില്‍ തസ്കരന്‍മാരുടെ ശവങ്ങള്‍ തൂങ്ങിക്കിടക്കുന്നു. അവ ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകാതിരിക്കാനായി ഒരു ഭടനും അവിടെ സൂക്ഷിപ്പുകാരനായി ഉണ്ടായിരുന്നു. അയാള്‍ അടുത്തുള്ള ഗുഹയില്‍നിന്നുയര്‍ന്ന വിലാപം കേട്ടു. അവിടത്തെവിളക്ക് കണ്ടു. ദൗര്‍ബല്യത്താലും ജിജ്ഞാസയാലും പ്രേരിപ്പിക്കപ്പെട്ട് അയാള്‍ അവിടെച്ചെന്നു നോക്കിയപ്പോള്‍ ഒരതിസുന്ദരിയിരുന്നു മാറത്തടിച്ചു കരയുന്നതുകണ്ടു. ജീവിതത്തെയും മരണത്തെയും കുറിച്ച് അയാള്‍ പറഞ്ഞ ആശ്വാസദായകങ്ങളായവാക്കുകള്‍ക്ക് ഫലമുണ്ടായില്ല. തലമുടിപിച്ചിച്ചീന്തി അവള്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിലിട്ട് കൂടുതല്‍ ഉച്ചത്തില്‍ നെഞ്ചിലിടിച്ചതേയുള്ളു. ഒടുവില്‍ ഭടന്റെ നിര്‍ബന്ധം തടുക്കാനാവാതെ അവള്‍ അയാള്‍ കൊടുത്ത ഭക്ഷണം കഴിച്ചു. തോഴി പോയി. സുന്ദരനായ ഭടനോടൊരുമിച്ച് അവള്‍ ശയിച്ചു. ഗുഹയുടെ പ്രവേശനദ്വാരം കല്ലുകൊണ്ട് അടച്ചിട്ടായിരുന്നു അവരുടെ ശയനം. ഈ സമയത്ത് കുരുശില്‍ക്കിടന്ന മൃതദേഹങ്ങളില്‍ ഒന്ന് ബന്ധുക്കളാല്‍ അപഹരിക്കപ്പെട്ടു. നേരം വെളുത്തു. ശവം കാണാനില്ലെന്നു വന്നപ്പോള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നു ഗ്രഹിച്ച് ഭടന്‍ ഭയന്നു. ആത്മഹത്യയാണ് ഗവര്‍ണറുടെ വധശിക്ഷയെക്കാള്‍ നല്ലത് എന്നു കരുതിയ ഭടന്‍ വാളുവലിച്ചൂരി സ്വന്തം കഴുത്ത് കണ്ടിക്കാന്‍ ഭാവിച്ചപ്പോള്‍ വിധവ പറഞ്ഞു. “എനിക്കിഷ്ടപ്പെട്ട രണ്ടുപേരുടെയും മരണം സഹിക്കാനാവില്ല.” അവളുടെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിന്റെ ശവമെടുത്ത് ഭടന്‍ ഒഴിഞ്ഞ കുരിശില്‍ തൂക്കി. ഇടയ്ക്ക് കാണാതെയായ മൃതദേഹം വീണ്ടും കുരുശില്‍വന്നതെങ്ങനെയെന്ന് ആലോചിച്ചാലോചിച്ച് ആ ദേശത്തെ ജനങ്ങള്‍ വിസ്മയിച്ചു (സത്രികൊ, Satyricon, Penther Books, Page 137–141).

സ്ത്രീയുടെ ചാഞ്ചല്യം, സ്നേഹപ്രകടനത്തിന്റെ കാപട്യം, ദുഖ:ത്തിന്റെ അസ്ഥിരത ഇവയോക്കെ ഇക്കഥയില്‍ പിത്രോനീയസ് കലാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. ഇക്കഥയുടെ രചനയ്ക്കുശേഷം ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് ഉറൂബ് എഴുതിയ “വാടകവീടുകള്‍” എന്ന ചെറുകഥയിലെ പ്രതിപാദ്യ വിഷയങ്ങളും ഇവതന്നെയല്ലേ? സമയത്തിനു വാടകകൊടുക്കാത്തതുകൊണ്ട് താമസസ്ഥലത്തുനിന്ന് ഗളഹസ്തം ചെയ്യപ്പെട്ട ഒരു സാഹിത്യകാരന്‍, ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഒരു പങ്കജത്തിന്റെ ലോജ്ജില്‍ (Lodge) വന്ന് താമസമാകുന്നു. ആദ്യത്തെ ലോജ്ജുടമസ്ഥന്‍ സാഹിത്യകാരന്റെ പെട്ടി വാടകക്കുടിശ്ശികയ്ക്കുവേണ്ടി പിടിച്ചുവച്ചില്ല. നവാഗതനെ പങ്കജം ഹൃദയസാരള്യത്തോടെ സ്വീകരിച്ചു. എപ്പോഴെങ്കിലും പണം തന്നാല്‍ മതിയെന്ന് അവരുടെ മട്ട്. വാടക കുടിശ്ശികയായി. ക്രമേണ പങ്കജം ഭര്‍ത്താവുമായി അടുത്തു. അയാളുമായി പുനസമാഗമം ഉണ്ടായപ്പോള്‍ അവള്‍ ഭര്‍ത്താവിനെക്കൊണ്ട് വാടക ചോദിപ്പിച്ചു. അയാളോട് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. പോകുന്ന സന്ദര്‍ഭത്തില്‍ അവള്‍ അറിയിച്ചു. വാടകകുഠിശിക കൊടുത്തതിനുശേഷം പെട്ടി കൊണ്ടുപോകാമെന്ന്. അതിസുന്ദരമായ കഥ. രണ്ടു കഥകളും നോക്കുക. പിത്രോനീയസിന്റെ കാലയളവിലെ സാമൂഹികസ്ഥിതികളും ഉറൂബിന്റെ കാലയളവിലെ സാമൂഹികസ്ഥിതികളും തമ്മിലുള്ള ബഹിര്‍ഭാഗസ്ഥങ്ങളായ വ്യത്യാസങ്ങളല്ലാതെ മറ്റൊരു വിഭിന്നതയും ഇക്കഥകള്‍ക്കു തമ്മിലില്ല. സ്ത്രീസ്വഭാവത്തിന്റെ സവിശേഷതകള്‍ രണ്ടുകഥകളിലും ഒന്നുതന്നെ. വ്യാപകമായിപ്പറഞ്ഞാല്‍ മനുഷ്യസ്വഭാവത്തിന് ഒരു വിഭേദവുമില്ല രണ്ടു രചനകളിലും. കഥകളുടെ സാങ്കേതികമായ സംവിധാനം മാത്രം രണ്ടായി കാണപ്പെടുന്നു. അടിസ്ഥാനപരമായി കേരളത്തിലെ പങ്കജവും എഫിസിസിലെ വിധവയും ഒരാള്‍ തന്നെ. ഇതുകൊണ്ടാണ് കലയില്‍ പുരോഗമനമില്ല എന്നു പറയേണ്ടതായി വരുന്നത്. ഹോമറിനെയോ വാല്മീകിയെയോ ഷെയ്ക്സ്പിയറിനെയോ അതിശയിച്ച കവിയെവിടെ?

അതിനാല്‍ ഡി. സി. ബുക്സ് പ്രസാധനം ചെയ്ത ‘100 വര്‍ഷം 100 കഥ’ എന്ന കഥാസമാഹാര ഗ്രന്ഥത്തിലെ ആദ്യകാല കഥകളുടെ വൈലക്ഷ്യണ്യം ആ കാലയളവുകളിലെ സാഹിത്യത്തിന്റെ സ്വഭാവ സവിശേഷതയുടെ ഫലമാണെന്നു വാദിക്കാനാവുന്നതല്ല. മൂത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ ‘വിധവയുടെ വിധി’ എന്ന കഥ നോക്കുക. ഭര്‍ത്താവ് മരിച്ച ഒരന്തര്‍ജനത്തെ ഒരു ഡോക്ടര്‍ കാമിക്കുന്നു. മരിച്ചയാളിനോടുള്ള പ്രതിജ്ഞ നിറവേറ്റാനും സ്വന്തം ഹൃദയശുദ്ധി പാലിക്കാനും വേണ്ടി അവള്‍ രണ്ടാമത്തെ വിവാഹത്തിന് ഇഷ്ടമില്ല എന്നറിയിക്കുന്നു. ഇഷ്ടമെന്നു ബന്ധുക്കള്‍ തെറ്റിദ്ധരിച്ചപ്പോള്‍ യാതനയില്‍ വീണ വിധവ നദിയുടെ കയത്തില്‍ ചെന്നുവീണു ജീവനൊടുക്കുന്നു.

ഭാവനാദരിദ്രവും ചിന്താദരിദ്രവുമായ മെലോഡ്രാമയായിട്ടേ ഇതിനെ സഹൃദയര്‍ കാണുകയുള്ളൂ. കലയുടെ അനുപേക്ഷണീയാംശമായ ദൃഢപ്രത്യയം (വിശ്വാസം) ഇതുളവാക്കുന്നില്ല. സാഹിത്യത്തിനു പ്രചിന്തിതസ്വഭാവം വരുമ്പോള്‍ കലാംശം പമ്പ കടക്കുന്നു. നമ്പൂതിരിപ്പാടിന്റെ കഥയില്‍ സംഭവിക്കുന്നത് അതുതന്നെയാണ്. ഞാന്‍ സമഹര്‍ത്താക്കളെ കുറ്റപ്പെടുത്തുകയല്ല, അവര്‍ക്ക് ഇതേ സാധിക്കുകയുള്ളു. കാലത്തെയും സ്ഥലത്തെയും സംബന്ധിച്ച യഥാതഥ്യങ്ങള്‍കൊണ്ടു ശരിയാവില്ല എന്നു വ്യക്തമാക്കാനേ എനിക്കുദ്ദേശ്യമുള്ളു.

വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ തൊട്ടുള്ള പഴയ കഥാകാരന്‍മാരുടെ രചനകളെക്കുറിച്ചും എനിക്ക് ഇതേ പറയാനുള്ളു. സാഹിത്യവും ജീവിതവും ഒരിക്കലും പരസ്പരശത്രുക്കളല്ല. അവ ഗാഡസൗഹൃദം പുലര്‍ത്തുന്നവയാണ്. ആ സൗഹൃദത്തെ വേണ്ടവിധത്തില്‍ സ്ഫുടീകരിച്ചാല്‍ പ്രാചീനമായതു നവീനമമായതിന്റെ പ്രതീതിയുളവാക്കും. പനിനീര്‍പ്പൂക്കള്‍ വില്‍ക്കാന്‍ വരുന്ന ഒരു സുന്ദരിപ്പെണ്‍കുട്ടിയെക്കണ്ട് 2500 കൊല്ലങ്ങള്‍ക്കുമുമ്പ് ഗ്രീസിലെ ഒരു കവി ചോദിച്ചു: “You with the roses, rosy is your charm, do you sell roses? Yourself? or both? “വേണമോ പനിനീര്‍പ്പൂ വേണമോ പനിനീര്‍പ്പൂ” എന്നു വെണ്ണിക്കുളം ഒരു പെണ്‍കുട്ടിയെക്കൊണ്ടു ചോദിപ്പിക്കുന്നതിനും ഇതിനും തമ്മില്‍ എന്തേ വ്യത്യാസം?

റഷ്യന്‍ സമൂഹശാസ്ത്രജ്ഞന്‍ പ്ലൈഹാനഫ് (Plekhanov) പറഞ്ഞു, പ്രാചീനമനുഷ്യന്‍ ക്ഷുദ്രജന്തുക്കളില്‍നിന്നു രക്ഷനേടാന്‍ കളിമണ്ണ്, സസ്യങ്ങളില്‍നിന്നെടുക്കുന്ന ദ്രാവകം ഇവ ശരീരത്തില്‍ പുരട്ടിയിരുന്നുവെന്ന്. നവീന മനുഷ്യന്‍ സുഗന്ധലേപനം നടത്തുന്നു. ആദ്യത്തേത് പ്രയോജനത്തെ മുന്‍നിര്‍ത്തി: രണ്ടാമത്തേത് സൗന്ദര്യത്തെ പരിഗണിച്ച്. കുഞ്ഞിരാമന്‍നായരുടേയും എം. ആര്‍. കെ. സിയുടേയും പ്രാകൃതകഥകളില്‍നിന്നു തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി ഇവരുടെ കഥകളിലേക്കു കടക്കുമ്പോള്‍ സോപകാരത്വവുമുണ്ട്, സൗന്ദ്ര്യാഭിമുഖ്യവുമുണ്ട്. അങ്ങനെ പ്രഥിതങ്ങളായ ‘വെള്ളപ്പൊക്കത്തില്‍’ (തകഴി), ‘പൂവമ്പഴം’ (കാരൂര്‍) വിശ്വവിഖ്യാതമായ മൂക്ക്(ബഷീര്‍) ഇവയെല്ലാം സമാഹാരഗ്രന്ഥത്തിന്റെ തിളക്കംകൂട്ടുമാറ് സ്ഥലംപിടിക്കുന്നു. ചേര്‍ത്ത കഥകള്‍ രചിയിതാക്കളുടെ പ്രകൃഷ്ട രചനകളാണോ എന്ന ചോദ്യത്തിനു സാംഗത്യമില്ല. പാഞ്ഞുപോകുന്ന അമ്പ് പാഞ്ഞുപോകുന്നില്ല, നിശ്ചലമാണ് എന്നു സീണോ തെളിയിച്ചു. യുക്തിവാദത്തിനു അതിനു കഴിയും. വികാരാധിഷ്ഠിതമായ സാഹിത്യാരചനയെക്കുറിച്ച് അന്തിമമായി ഒന്നും പറയാനാവില്ല. ഞാന്‍ സമാഹര്‍ത്താവായിരുന്നെങ്കില്‍ ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്കി’നു പകരമായി ‘പൂവമ്പഴം’ ചേര്‍ക്കുമായിരുന്നെന്നോ കേശവദേവിന്റെ ‘കൂള്‍ഡ്രിങ്കി’നു പകരമായി ‘പ്രതിജ്ഞ’യോ ‘അജ്ഞാത്കവിയോ’ ‘വില്പനക്കാര’നോ ചേര്‍ക്കുമായിരുന്നെന്നോ പറയുന്നതില്‍ ഒരര്‍ഥവുമില്ല. പായുന്ന അമ്പ് പായുന്നു എന്നു തെളിയിക്കാനാണ് ഏറെ വൈഷമ്യം. അതിനാല്‍ വ്യക്തിഗതമായ അഭിരുചിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നതേയുള്ളൂ ഞാന്‍. അങ്ങനെ നില്‍ക്കുന്ന ഞാന്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ ‘എഞ്ചിന്‍ ഡിസാട്ടര്‍’ക്കോ ഇ. എം. കോവൂരിന്റെ ‘പശുക്കുട്ടി’ക്കോ ജോസഫ് മുണ്ടശ്ശേരിയുടെ ‘ആ കണ്ണുനീരി’നോ ഈ സമാഹാര ഗ്രന്ഥത്തില്‍ കടന്നുകൂടാന്‍ യോഗ്യതയില്ലെ എന്നും പറയുകയില്ല. എന്നും പറയുകയില്ല. സമാഹര്‍ത്താക്കളുടെ വ്യക്തിഗതങ്ങളായ അഭിരുചികള്‍ക്കു മുമ്പില്‍ മറ്റുള്ളവരുടെ മതങ്ങള്‍ തോറ്റു തുന്നം പാടുകയേയുള്ളൂ. അതിനാലാണല്ലോ എം.ടി.വാസുദേവന്‍നായരുടെ മാസ്റ്റര്‍പീസായ ‘വാനപ്രസ്ഥം; എന്ന കഥയെ ഉപേക്ഷിച്ചതു ശരിയായില്ല എന്നു ഞാന്‍ പറയാത്തത്. ചിരപരിചിതമായ വിഷയം അതിരുകടന്ന റൊമാന്‍റിസിസത്തിലൂടെ പ്രതിപാദിക്കുന്ന റ്റി. പത്ഭനാഭന്റെ ‘ഗൗരി’ എന്ന കഥയേക്കാള്‍ ആദരണീയവും സ്വീകരണീയവും ആയതു സെന്‍റിമെന്‍റലായ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യാണെന്ന് എഴുതാത്തത്. ‘ഗൗരി’ എന്ന കഥയുടെ നേര്‍ക്കു നിന്ദനമില്ല എനിക്കെന്നും കൂടി പറയട്ടെ.

നക്ഷത്രങ്ങള്‍ ഒരേ രീതിയില്‍ കാന്തിചിന്തുന്നുവെന്നു ഭൂമിയില്‍ നില്‍ക്കുന്ന നമുക്കുതോന്നും. അവ വളരെ അടുത്തു നില്‍ക്കുന്നുവെന്ന പ്രതീതിയുളവാകും. പക്ഷേ എത്രയോ പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് നക്ഷത്രങ്ങള്‍ വര്‍ത്തിക്കുക. അവിടെച്ചെല്ലാന്‍ മാര്‍ഗമില്ല. ചെന്നാല്‍ ഓരോ നക്ഷത്രവും വിഭിന്നമാണെന്നു ഗ്രഹിക്കാം. ദൂരെ നിന്നു നോക്കു. ഒരേമട്ടില്‍ മയൂഖമാലകള്‍ പ്രസരിപ്പിക്കുന്ന താരങ്ങളാണ് മാധവിക്കുട്ടിയും സേതുവും ഒ. വി. വിജയനും. സംഭവ വിവരണങ്ങളോട് അകലെ എന്നു പറഞ്ഞ് ഒരു ജീവിതനിമിഷത്തെ സൗന്ദര്യം ഘ്നീഭവിച്ചുകിടക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്ന ‘പക്ഷിയുടെ മണം’, ‘ദൂത്’, ‘കടല്‍തീരത്ത്’ എന്നീ കഥകള്‍ ഈ സമാഹാരഗ്രന്ഥത്തിന്റെ ഉത്കൃഷ്ടത വിളിച്ചോതുന്നു. ഇവയില്‍ ഏതെങ്കിലുമൊരു കഥയെക്കുറിച്ച് ഈ ലേഖകന്‍ ആവിഷ്കരിച്ച അഭിപ്രായം അതിന്റെ സാകല്യാവസ്ഥയിലുള്ള സൗന്ദ്ര്യത്തെ നിഷേധിക്കുന്നുല്ല. മനുഷ്യപ്രേമാത്മകത്വത്തിനു വല്ലാത്ത ഇടിവുവന്നിരിക്കുന്ന ഇക്കാലത്ത് ഇവര്‍ മൂന്നുപേരും അതിനെ പരോക്ഷമായി വാഴ്ത്തി കലാശില്പങ്ങള്‍ നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവയെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ സമാഹര്‍ത്താക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

പക്ഷേ, വ്യക്തിഗതമായ അഭിരുചികള്‍ക്കു വലിയ ഒരു മാര്‍ജിനിട്ടാലും തെറ്റായിപ്പോയിയെന്നു പറയേണ്ട വസ്തുതകളും വന്നുചേരും; ക്ഷണിക്കാതെ വിവാഹത്തിനെത്തുന്ന ചിലയാളുകളെപ്പോലെ. അങ്ങനെയുള്ള ഒരു തെറ്റാണ് സാറാ ജോസഫിന്റെ കഥ ഇതില്‍ ഉള്‍പ്പെടുത്താത്തത്. കഥയെഴുത്തുകാരി മറുപടി അയിച്ചില്ലെന്നോ എന്റെ കഥ ചേര്‍ക്കേണ്ടതില്ല എന്ന് അവര്‍ പറഞ്ഞെന്നോ ഞങ്ങള്‍ ചോദിക്കാന്‍ മറന്നുപോയിയെന്നോ സമാഹര്‍ത്താക്കള്‍ക്കു പറയാനാവും. അതൊന്നും ശരിയായ സമാധാനമല്ല. മലയാള ചെറുകഥയുടെ പ്രാതിനിധ്യസ്വാഭാവം കാണിക്കുന്ന ഒരു കഥാസമാഹാര ഗ്രന്ഥത്തില്‍ സാറാ ജോസഫിന്റെ കഥ വരുന്നില്ലെങ്കില്‍ (അവരുടെ കഥകളെക്കുറിച്ച് എന്റെ അഭിപ്രായം എന്തുതന്നെയായാലും) അത് പത്രഭാഷയില്‍ അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ഫയല്‍വാന്‍ ഗുസ്തിയില്‍ തോറ്റിട്ട്, ലങ്കോട്ടിയിലെ പൊടി തട്ടിക്കളഞ്ഞിട്ട് ഞാന്‍ തോറ്റില്ല എന്ന മട്ടില്‍ ഗോദായില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞാന്‍ ഗുസ്തിമത്സര ദര്‍ശനത്തില്‍ കൗതുകമുള്ളവനല്ലെങ്കിലും എന്റെ മുത്തച്ഛന്‍ പേരുകേട്ട ഗുസ്തിക്കാരനായിരുന്നതുകൊണ്ട് അക്കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. ഈഗ്രന്ഥത്തിന്റെ സമാഹര്‍ത്താക്കള്‍ക്ക് അമ്മട്ടില്‍ ഇറങ്ങിപ്പോകാന്‍ പറ്റില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

എന്റെ ബാല്യകാലത്തു കുതിരപ്പവന്‍ എന്നു വിളിച്ചിരുന്ന സ്വര്‍ണനാണയം സര്‍വസാധാരണമായിരുന്നു. മാര്‍ക്കറ്റില്‍ച്ചെന്നു വസ്തുക്കള്‍ വാങ്ങുന്നതിനു പവന്‍ ഉപയോഗിച്ചിരുന്നില്ലെങ്കിലും പവന്‍ കൈയിലില്ലാത്തവര്‍ വിരളം. രൂപ വെള്ളികൊണ്ടു നിര്‍മ്മിതം. ഒരു രൂപയുടെ വെള്ളിനാണയത്തിന് അതിന്റെ തൂക്കമുള്ള വെള്ളി ലോഹത്തേക്കാള്‍ മൂല്യമുണ്ടായിരുന്നു. ക്രമേണ പവന്‍ കാണാതെയായി. വെള്ളിരൂപാ അപ്രത്യക്ഷമായി. ഇന്നു നിക്കല്‍ കൊണ്ടുള്ള രൂപയേയുള്ളു. അതിലേറെ റിസര്‍വ് ബാങ്കിന്റെ നോട്ടുകളും. സാഹിത്യത്തിലെ പവന്‍ പോയി. വെള്ളിപോയി. ഇപ്പോള്‍ നടുക്കുദ്വാരമുള്ള മുഷിഞ്ഞ ഒരു രൂപാനോട്ടുകള്‍ മാത്രം. ആ നോട്ടുകളെയെടുത്ത് ഇപ്പുസ്തകത്തില്‍ നിരത്തിവെച്ചിരിക്കുന്നു. അവയെ സ്പര്‍ശിച്ചാല്‍ ആന്‍റിസെപ്റ്റിക് ലോഷന്‍കൊണ്ടു കൈകഴുകണം. ഇല്ലെങ്കില്‍ ബാക്റ്റീരിയ രക്തപ്രവാഹത്തിലേക്കു കടന്നു മാരകരോഗങ്ങളുണ്ടാക്കും. ഞാന്‍ മുന്‍പു പറഞ്ഞതിനു വിരുദ്ധമായി പറയുകയാണെന്നു കരുതരുത്. വ്യക്തിഗതമായ അഭിരുചി എന്നു പറഞ്ഞു നീതിമത്കരിക്കാനാവാത്തവിധം പല കഥാകരന്‍മാരുടെയും കഥകള്‍ ഇതില്‍ നിവേശിപ്പിച്ചിരിക്കുന്നു. രഘുനാഥ് പലേരി, അഷ്ടമൂര്‍ത്തി, വി. എസ്. അനില്‍കുമാര്‍, കെ. രഘുനാഥന്‍, ഹാഫീസ് മുഹമമദ്, സുമിത്രാവര്‍മ ഇങ്ങനെ പലരുടേയും കഥകളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ രചനകള്‍ ഇല്ലാത്ത നൂറുവര്‍ഷത്തെ കഥകള്‍ ആ പേരിന് അര്‍ഹമല്ല (വിശേഷിച്ചും സുമിത്രാവര്‍മ്മയുടെ കഥകള്‍). മുന്‍പ് കുനിഞ്ഞുപോയ എന്റെ ശിരസ്സ് ഇപ്പോള്‍ ഉയരുന്നത് നിഷ്പക്ഷത പാലിക്കൂ എന്നു പ്രഖ്യാപിക്കാന്‍ മാത്രമാണ്.

ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവ് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് ശംഖുംമുഖത്തേക്ക് ആറാട്ടിന് എഴുന്നല്ലുമ്പോള്‍ ഒരു മുണ്ടന്‍ മുന്‍വശത്ത്. ട്രെപ്പിസില്‍ സര്‍ക്കസ്സുകാര്‍ ക്ഷോഭജനകങ്ങളായ വിദ്യകള്‍ കാണിക്കുമ്പോള്‍ ഒരു ഹ്രസ്വകായകനായ കോമാളി താഴെ. ഏതു വലിയ സംഭവത്തിനും വൈചിത്ര്യം വരുത്താന്‍ കൊച്ചു സംഭവങ്ങള്‍ വേണം. മഹാവ്യക്തികളുടെ മുന്‍പില്‍ മുണ്ടന്‍മാരും വേണം. നടക്കെട്ട. പക്ഷേ, ആ മുണ്ടന്‍മാര്‍ ബൃഹദകാരമാര്‍ന്നവര്‍ക്കു സദൃശ്യന്‍മാരാണെന്ന് പറയാതിരുന്നാല്‍ മാത്രം മതി.