close
Sayahna Sayahna
Search

ശരല്‍കാല ദീപ്തി


ശരല്‍കാല ദീപ്തി
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

ശരല്‍കാലം എനിക്കു മാത്രം ആഹ്ലാദം നല്‍കാനല്ല വന്നെത്തുന്നത്. ജനതയെയാകെ സന്തോഷിപ്പിക്കാനാണ്. ചേതോഹരമായ മസ്കറ്റ് നഗരത്തിന്റെ സംസ്കാരസമ്പന്നമായ “കേരള കള്‍ച്ചര്‍ സെന്റര്‍” പ്രഭാഷണങ്ങള്‍ നിര്‍വഹിക്കാന്‍വേണ്ടി എന്നെ ക്ഷണിച്ചത് എനിക്കു മാത്രം സന്തോഷം പ്രദാനം ചെയ്യാനല്ല. അവരുടെ പ്രതിനിധി അവിദ്ഗ്ധമായിട്ടെങ്കിലും സംസാരിക്കുന്നതു കേട്ട് സ്വയമാഹ്ലാദിക്കാനും ആ പ്രതിനിധിയെ മാനിക്കാനും വേണ്ടിയാണ്.

ആ നഗരം ക്രമാനുഗതമായിട്ടാണ് എന്റെ നേത്രയവനികയില്‍ വന്നു വീണത്. ആദ്യം പ്രകാശത്തിന്റെ അവ്യക്തത. ആകക്കൂടി ഒരു പ്രകാശമണ്ഡലം. അത് ദീപ്തിയാര്‍ന്ന നക്ഷത്രങ്ങളായി മാറി. അന്ധകാരമാര്‍ന്ന അന്തരീക്ഷത്തില്‍ തെളിഞ്ഞു വരുന്ന നക്ഷത്രങ്ങള്‍. അനുഗ്രഹീതമാര്‍ന്ന ഫ്രഞ്ച് സാഹിത്യനായകന്‍ സാങ്ങ്തേഗ്സ്യൂപേരി (Saint-Exupery) എഴുതിയ ചില പുസ്തകങ്ങള്‍ എനിക്കോര്‍മ്മവന്നു. യഥാര്‍ത്ഥമായ ദൂരത്തെ സൂചിപ്പിച്ചുകൊണ്ടു നക്ഷത്രങ്ങള്‍. ലളിതജീവിതം, ശാശ്വതസ്നേഹം, നമ്മള്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി — മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ധ്രുവനക്ഷത്രം. ആ ധ്രുവനക്ഷത്രം പ്രേമത്തിന്റെ പ്രതീകമാണ്. അതു ചൂണ്ടിക്കാണിച്ച മാര്‍ഗ്ഗത്തിലുടെ സഞ്ചരിച്ച വൈമാനികന്‍ സാങ്ങ്തേഗ്സ്യൂപേരി തിരിച്ചുവന്നില്ല. അദ്ദേഹം പോയതു ഉയരത്തിലേക്ക്. ഞാനാകട്ടെ താഴത്തേക്കും. താഴെയും ആകാശമോ? അല്ല അത് ഇരുട്ടിന്റെ പടലമാണ്. അവയില്‍ തെളിഞ്ഞുകണ്ടത് താരങ്ങളല്ല. വിദ്യുച്ഛക്തി വിളക്കുകളാണ്. നീലപ്പുതപ്പില്‍ വരിയായിപ്പോകുന്ന എറുമ്പുകളെന്നപോലെ ആസ്ഫള്‍ട്ട് റോഡുകളില്‍ “പിന്നാലെ പിന്നാലെ തൊട്ടു തൊട്ടങ്ങനെ” നീങ്ങിക്കൊണ്ടിരിക്കുന്നതു ജാപ്പനീസ് കാറുകളാണ്. ഓട്ടോറിക്ഷയില്ല, സൈക്കളില്ല, സ്ക്കൂട്ടറില്ല, മോട്ടോര്‍ സൈക്കളില്ല, എല്ലാം ഒരേ മോഡല്‍ കാറുകള്‍. അവയിലേതെങ്കിലും ഒന്നില്‍ അല്പം മാലിന്യം കണ്ടാല്‍ പോലീസ് ഓടിക്കുന്നവനെയും വാഹനത്തെയും കൊണ്ടുപോകും. രാജരഥ്യകളില്‍ ഒരിടത്തും അഴുക്കില്ല. രാജവാഴ്ചയുടെ കാര്യക്ഷമതയാണ് അവിടെ. പട്ടണത്തിന്റെ വിശുദ്ധി ഇതെഴുന്ന ആളിനെ സ്വീകരിക്കാനെത്തിയ നൂറുക്കണക്കിനു മലയാളികള്‍ക്കുമുണ്ട്. എന്തൊരാഹ്ലാദമമവര്‍ക്ക്. എന്തൊരാര്‍ജ്ജവമവര്‍ക്ക്! ഹോട്ടലിലേക്കു കാറോടിച്ച ശ്രീ. സി. എന്‍. പി. നമ്പൂതിരിയോട് ഞാന്‍ പറഞ്ഞു: “ദേവലോകത്തിന്റെ പ്രതീതി.” കാറിലിരിക്കുന്നുവെന്നു തോന്നുകയില്ല. പട്ടിലൂടെ നീങ്ങുന്നുവെന്ന തോന്നല്‍. മുന്‍പ് അവിടെയെത്തിയ ശ്രീ. പ്രേംനസീറിനോടു ശ്രീ. പ്രേമന്‍ ചോദിച്ചു: “താങ്കള്‍ക്ക് ഇവിടെ ഏറ്റാവും ഇഷ്ടപ്പെട്ടതെന്ത്?” അദ്ദേഹം മറുപടി നല്കി: “റോഡുകള്‍. ഇതുപോലെ മനോഹരങ്ങളായ, മൃദുലങ്ങളായ റോഡുകള്‍ ഞാന്‍ വേറെ കണ്ടിട്ടില്ല.”

രാത്രി പതിനൊന്നുമണിക്ക് “ഇനി വിശ്രമിക്കൂ” എന്നു സ്നേഹപൂര്‍വ്വം പറഞ്ഞു് എല്ലാവരും പിരിഞ്ഞു. തിരുവനന്തപുരത്ത് അപ്പോള്‍ പന്ത്രണ്ടര മണിയാണ്. മേശപ്പുറത്തുവച്ചിരുന്ന പൂച്ചെണ്ടിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടു ഞാന്‍ കട്ടിലില്‍ ഇരുന്നു. ഹോളണ്ടില്‍ നിന്നാണ് ആ പൂക്കള്‍ കൊണ്ടുവന്നത്. ഏതാണ്ടു നാനൂറു രൂപാ വിലവരും അതിന്. പ്ലാസ്റ്റിക് കവര്‍ കൊണ്ടു പൊതിഞ്ഞ ആ പുഷ്പ സമൂഹത്തില്‍നിന്ന് ഒന്നടര്‍ത്തിയെടുക്കാന്‍ തോന്നിയെനിക്ക്. എങ്കിലും അഭിലാഷത്തിനു സാഫല്യം വരുത്തിയില്ല ഞാന്‍. പെട്ടന്നു ഞാനോര്‍മ്മിച്ചത് അമേരിക്കനാണെങ്കിലും ജപ്പാന്‍ പൗരനായി മാറിയ ലഫ്കാഡീയോഹേണ്‍ (Lafcadio Hearn, 1850–1904) എവിടെയോ എഴുതിയ ഒരു യഥാര്‍ഥ സംഭവമാണ്. ജപ്പാനിലെ പ്രസിദ്ധനായ തസ്കരന്‍ ഇഷീകാവ ഗോയ്മോന്‍ കൊല്ലാനും മോഷ്ടിക്കാനുമായിട്ട് ഒരു ഭവനത്തില്‍ രാത്രി സമയത്ത് എത്തി. അവിടെ കൊച്ചു കട്ടിലില്‍ക്കിടന്ന ഒരു കുഞ്ഞ് ചിരിച്ചുകൊണ്ട് അയാളുടെ നേര്‍ക്കു പിഞ്ചുകൈനീട്ടി. കള്ളന്‍ നേരം വെളുക്കുന്നതുവരെ കുഞ്ഞിനെ കളിപ്പിച്ചും ലാളിച്ചും തലോടിയും നിന്നു. താന്‍ ലക്ഷ്യമാക്കിവന്ന കാര്യം സാഫല്യത്തിലെത്തിക്കാതെ അയാള്‍ തിരിച്ചുപോയി. എന്റെ നേര്‍ക്കു പുഞ്ചിരിപൊഴിച്ചു ഇരുന്ന പുഷ്പശിശുവിനെ ഞാന്‍ ഹിംസിച്ചില്ല. ഞാന്‍ തിരിച്ചുപോരുന്നതുവരെ ആ പൂച്ചെണ്ട് വാടാതെ മേശപ്പുറത്തുതന്നെ ഇരുന്നു.

നാലുഭാഗത്തും പര്‍വതങ്ങളാണ്. പക്ഷേ എല്ലാ പര്‍വ്വതങ്ങള്‍ക്കും ചാരനിറം. മണല്‍ക്കാടല്ലേ? ഒരു പുല്ക്കൊടിക്കുപോലും അവയില്‍ വളരാനാവില്ല. താഴ്‌വരകളുടെ വീതി വര്‍ദ്ധിപ്പിച്ചും പ്രതിബന്ധം സൃഷ്ടിക്കുന്ന മലകളെ മുറിച്ചുമാണ് രാജരഥ്യകള്‍ നിര്‍മ്മിച്ചത്. അവയിലൂടെ അതിദൂരം സഞ്ചരിച്ച് സുല്‍ത്താന്റെ കൊട്ടാരത്തിന് മുന്‍പിലെത്തി ഞാന്‍. അതിന്റെ ഉജ്ജ്വലതയും ഉദാത്തതയും ആവിഷ്കരിക്കാന്‍ എനിക്കു വാക്കുകളില്ല. അകലെ സമുദ്രം അലയടിക്കുന്നുണ്ട്. എങ്കിലും തിരമാലകളുടെ ശബ്ദമില്ല. അന്തരീക്ഷത്തില്‍ ഒരു നേരിയ നിസ്വനം പോലുമില്ല. ആ നിശബ്ദതയിലൂടെ സുല്‍ത്താന്റെ പ്രഭാവവും ഒഴുകിവന്നു. അദ്ദേഹം അപ്പോള്‍ അകലെയുള്ള, കേരളത്തിന്റെ ഭൂപ്രകൃതിയോടു സാദൃശ്യമുള്ള സലാല എന്ന പട്ടണത്തില്‍ പോയിരിക്കുന്നു. അദ്ദേഹം മസ്കറ്റിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുമായിരുന്നു: സന്ദര്‍ശനത്തിനു സമ്മതം കിട്ടുമായിരുന്നോ എന്നതു വേറെ കാര്യം.

അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുചെല്ലുന്ന ജലധാരകളുടെ മധ്യത്തിലൂടെ, സ്റ്റെയ്റ്റിന്റെ അധീനത്തിലുള്ള ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ഭുതവികാരം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സന്ദര്‍ശകനെ സമാക്രമിക്കുന്ന ആ സൗന്ദര്യത്തിലൂടെ നീങ്ങിപുറത്തേക്കു പോരാനുള്ള വാതിലിനടുത്ത് എത്തിയപ്പോള്‍ ഹോട്ടലിന്റെ ഒരു ഭാഗത്തു സ്വര്‍ണ്ണാഭരണങ്ങള്‍ വില്ക്കുന്ന കട. അതിമനോഹരങ്ങളായ ആ ആഭരണങ്ങളുടെ തിളക്കം കൂട്ടുന്നു വിദ്യുച്ഛക്തി വിളക്കുകളുടെ പ്രകാശം. ഇരുപത്തിയഞ്ചു വര്‍ഷമായി അവിടെ താമസിക്കുന്ന ഒരാള്‍ എന്നോട് പറഞ്ഞു: “ഈ നീണ്ട കാലത്തിനിടയില്‍ ഇന്നുവരെ ഒരു നിമിഷംപോലും ‘കറന്റ് ഫെയ്ല്യര്‍’ ഉണ്ടായിട്ടില്ല ഇവിടെ. ഒരു നിമിഷം പോലും ശുദ്ധലജവിതരണം മുടങ്ങിയിട്ടുമില്ല.” അതുകേട്ട് ഞാന്‍ സ്വാഭാവികമായും തിരുവനന്തപുരത്തെ സ്ഥിതി ആലോചിച്ചുനോക്കിപ്പോയി. എന്തൊരു മ്ലേച്ഛാവസ്ഥയാണ് ഇവിടെ! ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വിദ്യുച്ഛക്തിയുടെ പരാജയം ഉണ്ടായിയെന്നു വിചാരിക്കു. എങ്കിലും ആ സ്വര്‍ണ്ണാഭരണങ്ങള്‍ “ഇരുട്ടുകീറുന്ന വജ്രസൂചി” പോലെ തിളങ്ങിക്കൊണ്ടിരിക്കും.

കടലിലെ രണ്ടു സ്നാനസ്ഥലങ്ങള്‍. അര്‍ദ്ധവൃത്താകൃതിയാര്‍ന്ന തീരങ്ങള്‍. ഒഴിവുദിവസങ്ങളില്‍ സായ്പന്മാരും മദാമ്മമാരും കുളിക്കാനായി അവിടെ തിങ്ങിക്കൂടും. ഞാന്‍ ചെന്നപ്പോള്‍ ഭംഗി മാത്രമേ അവിടെ ചെങ്കോല്‍ നടത്തുന്നുള്ളൂ. കടല്‍, തിരകളാകുന്ന ഞെറികള്‍ ഉണ്ടാക്കുന്നതുപോലെ തൊട്ടടുത്തുള്ള മലകളില്‍ ഞെറികള്‍. ഒരു മലയുടെ അഗ്രഭാഗം ഇതിഹാസ പ്രസിദ്ധമായ സ്ഫിങ്ങ്സിനെപ്പോലെ. അതുകണ്ടു ശ്രീ സി. എന്‍. പി. നമ്പൂതിരിയോടു ഞാന്‍ ചോദിച്ചു. “ഈ സ്ഫിങ്ങ്സ് മനുഷ്യനിര്‍മ്മിതമാണോ?” “അല്ല. ഉപ്പുകലര്‍ന്ന കാറ്റേറ്റ് മലകള്‍ പടലം പടലമായി അടര്‍ന്നു വീണ് ഒരാകൃതി ഉണ്ടായതാണ്” എന്നു അദ്ദേഹം പറഞ്ഞു. സാന്ധ്യപ്രകാശത്തിന്റെ നേരിയ മുഖാവരണമണിഞ്ഞു കിടക്കുന്ന കടലിനെ ഒരിക്കല്‍ക്കൂടി കൗതുകത്തോടെ നോക്കിക്കൊണ്ടു ഞാന്‍ തിരിച്ചു പോന്നു.

അടുത്തദിവസത്തെ മധ്യാഹ്നം. സൂര്യാഘാതമുണ്ടായി ആളുകള്‍ നിശ്ചേതനരായി വീഴുന്നിടമാണ് അത്.

എങ്കിലും അന്ന് സഹിക്കാവുന്ന ചൂടേയുള്ളു. ആ ചൂടിലൂടെ നടന്നുചെന്നപ്പോള്‍ സര്‍വകലാശാല. ഞാനതിനെ സര്‍വകലാശാലയെന്നല്ല വിളിക്കുക; ദേവാലയമെന്നാണ്. വിജ്ഞാനത്തിന്റെ വിശുദ്ധിയും അന്തരീക്ഷത്തിന്റെ പ്രശാന്തതയും ഗുരുനാഥന്മരുടെ സൗജന്യമാധുര്യവും ശില്‍പകലയുടെ ഉദാത്തസ്വഭാവമാര്‍ജ്ജിച്ച ആ സര്‍വ്വകലാശാലയുടെ അനുപേക്ഷണീയങ്ങളായ ഘടകങ്ങളാണ്. ഒരു മൃദുല സ്പര്‍ശനം എന്റെ കൈയ്യില്‍. കേരളീയനായ ശ്രീ. മുകുന്ദന്‍ അവിടത്തെ പ്രഫെസറാണ്. അദ്ദേഹവും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥയായ ശ്രീമതി ഗിരിജയും ആശുപത്രിയിലെ ഉദ്യോഗസ്ഥയായ ശ്രീമതി സൗദാമിനിയും ഞങ്ങളുടെ കൂടെവന്നു എല്ലാ ഡിപ്പാര്‍ട്ടുമെന്‍ഠുകളും കാണിച്ചുതന്നു. 1982-ലാണ് ഭരണാധികാരി സര്‍വകലാശാലയുടെ തറക്കല്ലിട്ടത്. നാലുവര്‍ഷംകൊണ്ട് അത് സമ്പൂര്‍ണ്ണമായ സര്‍വ്വകലാശാലയായി മാറി. ഇസ്ലാമിക് ശാസ്ത്രങ്ങള്‍, അറബിക്, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, ഫിലോസാഫി, സോഷ്യല്‍ ശാസ്ത്രങ്ങള്‍ ധനതത്ത്വശാസ്ത്രം, മാനവികശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, കെമസ്റ്റ്രി, ഫിസിക്സ് ഇവയിലെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രാവീണ്യം നേടുന്നു. ക്ലാസ്‌മുറികള്‍ അതിസുന്ദരങ്ങള്‍. ഓരോവിദ്യാര്‍ത്ഥിക്കും ആകര്‍ഷകമായ മേശയും കസേരയും. റ്റെലിവിഷന്‍, വീഡിയോ ഉപകരണങ്ങള്‍ എല്ലാ ക്ലാസ്സുകളിലും. പകല്‍ സമയത്ത് അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ രാത്രികാലത്ത് വീഡിയോ പ്രദര്‍ശനത്തിലൂടെ വീണ്ടും വിദ്യാര്‍ത്ഥികള്‍ ഗ്രഹിക്കുന്നു. കൊച്ചുകുട്ടിക്കു പുതിയ കളിപ്പാട്ടം കിട്ടിയാല്‍ എന്താവും അവന്റെ മാനസികനില അതുപോലെ ആ സര്‍വകലാശാലയുടെ ഗാംഭീര്യത്തിനു മുന്‍പില്‍ ഞാന്‍ ശിശുവായി മാറി. ആ വിജ്ഞാന ദേവാലയത്തെ കളിപ്പാട്ടമാക്കി മാറ്റി വിനോദിക്കാന്‍ തോന്നി എനിക്ക്.

മസ്കറ്റ് നഗരത്തിന്റെ സൗന്ദര്യവും നമ്മുടെ നാട്ടിന്റെ വൈരൂപ്യവും, അവിടത്തെ സര്‍ക്കാരിന്റെ കാര്യക്ഷമതയും കേന്ദ്രസര്‍ക്കരുള്‍പ്പെടെയുള്ള നമ്മുടെ സര്‍ക്കാരുകളുടെ കാര്യക്ഷമതയില്ലായ്മയും, അവിടത്തെ സര്‍വകലാശാലയുടെ സാംസ്കാരികോന്നതിയും നമ്മുടെ സര്‍വകലാശാലകളുടെ പ്രാകൃതത്വവും കണ്ട് അന്യവത്കരണത്തോടു ബന്ധപ്പെട്ട ബോധം എനിക്കുണ്ടായി. അതു മാറിയതു കേരള കള്‍ച്ചറൽ സെന്‍ററിന്റെ ഗള്‍ഫ് മലയാള സമ്മേളനങ്ങളില്‍ പങ്കുകൊണ്ടപ്പോഴാണ്. ഡാര്‍സെറ്റിലെ അല്‍ അഹ്ലിഹാളില്‍ സെന്‍റ്റിന്റെ പ്രസിഡന്‍റായ ശ്രീ. സി. പ്രേമന്റെ അധ്യക്ഷതയിലാരംഭിച്ച സമ്മേളനം ഒമാനിലെ സുപ്രധാന വ്യക്തിയായ ഷെയ്ക് കനക്സി ജിഖിംജി ഉദ്ഘാടനം ചെയ്തപ്പോള്‍ കേരളം ഹ്രസ്വാകാരം ആര്‍ജ്ജിച്ച് എന്റെ മുന്‍പില്‍ പ്രത്യക്ഷമായി. എന്തെല്ലാം വിഷങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്! വിദേശങ്ങളിലെ ഭാഷാഭ്യസനം, തനിമ നഷ്ടപ്പെടുന്ന മലയാളി, മലയാള ഭാഷയിലെ പ്രതിസന്ധി, ചെറുകഥയിലെയും കവിതയിലെയും നൂതന പ്രവണതകള്‍, വിമര്‍ശനം, നാടക സാഹിത്യം ഇവയൊക്കെ വിദ്വജ്ജനോചിതമായി ചര്‍ച്ചചെയ്യപ്പെട്ടു. ഒമാനില്‍ ഒരു ഹിന്ദുക്ഷേത്രവും ഒരു ക്രൈസ്തവ ദേവാലയവുമുണ്ട്. അവ അവിടെ വരാന്‍ കാരണം ഷെയ്ക് ഖിംജിയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുല്‍ത്താന്‍ സ്വീകരിച്ചു. സമ്മേളനങ്ങളില്‍ പ്രസംഗിച്ചവരുടെ പേരുകളൊക്കെ എന്റെ വാര്‍ദ്ധകസ്മൃതിയിലില്ല. പക്ഷേ ആധുനിക സാഹിത്യത്തിന്റെ സ്തോതാക്കളായിട്ടാണ് പലരെയും ഞാന്‍ കണ്ടത്. കലയ്ക്കും സാഹിത്യത്തിനും നേരിട്ട് ദാര്‍ശനികവും രാഷ്ട്രീയവുമായി രംഗപ്രവേശം ചെയ്യാന്‍ കഴിയുകയില്ല എന്ന മതമാണ് എനിക്ക്. കലയുടെ സാരംശമിരിക്കുന്നത് സൗന്ദര്യത്തിലാന്. ആ സൗന്ദര്യത്തെ പ്രകടമായി നിഷേധിച്ച് ദുര്‍ഗ്രഹങ്ങളായ ആശയങ്ങള്‍ ബിംബരഹിതങ്ങളായി അവതരിപ്പിക്കുന്ന നവീനകലയും നവീനസാഹിത്യവും ദുഷ്ടങ്ങളാണെന്നു ഞാന്‍ വിചാരിക്കുന്നു. എന്റെ ചിന്താഗതിക്കു വിരുദ്ധമായിട്ടാണ് പലരും ആശയങ്ങള്‍ സ്ഫുടീകരിച്ചത്. അവയെ വിമര്‍ശിക്കാന്‍ ഉചിതജ്ഞത എനിക്കു സമ്മതം തരുന്നില്ല. അതിനെ അവഗണിച്ച് ഞാന്‍ ഇവിടെ എന്തെങ്കിലുമെഴുതിയാല്‍ എന്നെ ഇടതുപക്ഷചിന്താഗതിയുടെ വിരോധിയായി തെറ്റിദ്ധരിച്ചു മറ്റൊരു സംഘടനയിലെ അംഗമായ ഒരു മാന്യന്‍ അസഭ്യത്തില്‍ കുളിപ്പിച്ചതുപോലെയാകും. അദ്ദേഹത്തിന്റെ ആ ഉപാലംഭവും അശ്ലീലപ്രസ്താവവും കേട്ടു ചിരിയടക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. കലാസൗന്ദര്യത്തിന്റെ തിരമാലകള്‍ അനുസ്യൂതം ഉളവാക്കിക്കൊണ്ട് ശ്രീമതി പദ്മിനി ഹരിഹരന്‍ നൃത്തം ചെയ്തപ്പോള്‍, ശ്രീമതി ശോഭിനി രാജന്‍ “കാവ്യനര്‍ത്തകി” പാടിയപ്പോള്‍, ശ്രീ. ശ്രീകുമാര്‍ “എന്റെ ഗുരുനാഥ” ന്റെ സംഗീതാവിഷ്കരണം നടത്തിയപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു.

യാത്ര അയയ്ക്കാനായി സ്നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി കേരളീയരാകെ എത്തിയിരുന്നു. അവരുടെ നിശബ്ദത സ്നേഹത്തിന്റെ സൂചനയായിരുന്നു. കണ്ണീരൊഴുക്കാതെ ഒരു മലയാളിക്കും അവിടെ നിന്നും പോരാന്‍ കഴിയില്ല. അത്രയ്ക്ക് ആര്‍ജ്ജവും സ്നേഹവുമുണ്ട് മലയാളികള്‍ക്ക്. സൂര്യനെ നീലാന്തരീക്ഷം അതിന്റെ മധ്യത്തിലേക്കു വലിച്ചുയര്‍ത്തുകയാണ്. വെള്ളിപോലെയുള്ള സൂര്യപ്രകാശം വിമാനത്തിനകത്ത്. പൈലറ്റാകണം അദ്ദേഹം — മുരളി കൊക്ക് പിറ്റില്‍നിന്നിറങ്ങിവന്ന് എന്നോട് ചോദിച്ചു.“കൃഷ്ണന്‍നായര്‍ സാറല്ലേ?” എന്റെ ലേഖന പരമ്പര ഇംഗ്ലീഷില്‍ തര്‍ജ്ജിമചെയ്തു പതിവായി വായിക്കുന്ന എയര്‍ഹോസ്റ്റെസും തൊട്ടടുത്തിരുന്ന ഒരു യുവതിയും അതേ ചോദ്യം ചോദിച്ചു. അവരുടെ മുഖങ്ങളിലെ സന്തോഷത്തിന് സൂര്യപ്രകാശത്തെക്കാള്‍ തിളക്കമുണ്ടായിരുന്നു.

ഇവിടെ തിരുവനന്തപുരത്ത് രാത്രി സമാഗതമാകുന്നു. പകല്‍സമയത്ത് രാഷ്ടവ്യവഹാരവും സുഹൃത്തുക്കളുടെ വഞ്ചനയും സാഹിത്യകാരന്മാരുടെ കാപട്യവും ജനിപ്പിക്കുന്ന അന്ധകാരത്തിന്റെ തീക്ഷണതയില്ല രാത്രികാലത്ത് ഇഴഞ്ഞെത്തുന്ന ഈ ഇരുട്ടിന്.