close
Sayahna Sayahna
Search

സത്യത്തിന്റെ നക്ഷത്രം


സത്യത്തിന്റെ നക്ഷത്രം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

ചേതോഹരമായ ഒരു ദക്ഷിണാഫ്രിക്കൻ നോവലിനെക്കുറിച്ചു പറയാനാണ് എനിക്കിന്നു കൗതുകം. നാടകകർത്താവെന്ന നിലയിൽ വിശ്വവിഖ്യാതനായ ഏതൽ ഫ്യൂഗാർഡിന്റെ ഒരേയൊരു നോവലായ ‘റ്റ്സോട്സി’ (Tsotsi) ആണത്. നവീന നാടകകർത്താക്കന്മാരായ സാമുവൽ ബക്കറ്റ്, യെനസ്കോ, മാക്സ് ഫ്രിഷ്, ഡൂറൻമറ്റ് ഇവർക്കു സമശീർഷനെന്ന് കരുതപ്പെടുന്ന ഫ്യൂഗാർഡിന്റെ ഈ നോവൽ വായിക്കുക എന്നത് സാധാരണമായ ഒരനുഭവമല്ല, അന്യാദൃശമായ ഒരനുഭവമാണ്. അയസ്കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ ഈ കലാശില്പം എന്റെ മനസ്സിനെ ആകർഷിച്ചു. കാന്തശക്തിക്കു വിധേയമായതിനെ വികർഷണം ചെയ്യാൻ പ്രയാസമുണ്ട്. ഇതിനെക്കാൾ മനോഹരമായ മറ്റൊരു നോവൽ വായിക്കുന്നതുവരെ മനസ്സ് അങ്ങനെതന്നെ ഇരുന്നുകൊള്ളട്ടെ.

തെക്കെ ആഫ്രിക്കയിലെ അർദ്ധ മരുഭൂമിയായ കാരുപ്രദേശത്തിലെ ഒരു ചെറിയ ഗ്രാമമാണ് മിഡിൽബർഗ്. അവിടെയാണ് ഫ്യൂഗാർഡ് 1932 ജൂൺ 11-ആംനു ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ആഫ്രിക്കനറും അച്ഛന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ദക്ഷിണാഫ്രിക്കക്കാരനുമാണ്. (ഡച്ച് ഭാഷയില്‍നിന്നുണ്ടായ ഭാഷ ആഫ്രിക്കാന്‍സ്. അത് സംസാരിക്കുന്ന ആള്‍ ആഫ്രിക്കനര്‍). ഫ്യൂഗാര്‍ഡിനു മൂന്നു വയസ്സായപ്പോള്‍ കുടുംബം പോര്‍ട്ട് ഇലിസബത്തിലേക്കു മാറി. അന്നുതൊട്ട് അദ്ദേഹത്തിന്റെ ഭവനം അവിടെത്തന്നെയാണ്. വര്‍ഷം മുഴുവനും കാറ്റടിയേറ്റു കൂനിക്കൂടി വിറയ്ക്കുന്ന തുറമുഖപ്പട്ടണമാണത്. കറുത്ത വര്‍ഗക്കാര്‍, വെളുത്ത വര്‍ഗക്കാര്‍, ഇന്ത്യാക്കാര്‍, ചൈനക്കാര്‍ ഇവരൊക്കെ അവിടെ താമസിക്കുന്നു. സമ്പന്നരാണ് വെള്ളക്കാര്‍. കൊടും പട്ടിണിയാണ് മറ്റുള്ളവര്‍ക്ക്. “അതില്‍ നിന്ന് (പട്ടണത്തില്‍ നിന്ന്) മാറി നിന്നുകൊണ്ട് എനിക്ക് എന്നെത്തന്നെ സങ്കല്പിക്കാന്‍ സാദ്ധ്യമല്ല” എന്നാണ് ഫ്യൂഗാര്‍ഡ് പോര്‍ട്ട് ഇലിസബത്തിനെക്കുറിച്ചു പറയുന്നത് (ഏതല്‍ ഫ്യൂഗാര്‍ഡ് Boesman and Lena and other Plays എന്ന നാടക സമാഹാര ഗ്രന്ഥത്തിന് എഴുതിയ മുഖവുരയില്‍ നിന്ന്) 1955 ല്‍ അദ്ദേഹം ഷീല മൈറിങ്ങിനെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു മകളുണ്ട്. ഡയറക്ടറും അഭിനേതാവും കൂടിയായ ഫ്യൂഗാര്‍ഡ് പോര്‍ട്ട് ഇലിസബത്തില്‍ താമസിക്കുന്നു.

അദ്ദേഹത്തിന്റെ ഓരോ നാടകവും ഹൃദയാവര്‍ജകമാണെങ്കിലും ഈ ലേഖകന് ഏറ്റവും ഇഷ്ടപ്പെട്ടത് The Blood Knot ആണ്. രണ്ടു സഹോദരന്മാരുടെ കഥയാണത്; സക്കറിയയും മോറിസും. സക്കറിയ തനിക്കറുമ്പന്‍; മോറിസ് ഇരുണ്ട നിറമുള്ളവന്‍. കറുത്ത സക്കറിയക്ക് ഒരു കൂട്ടുകാരിയെ — പെന്‍ഫ്രന്‍ഡ് — ഉണ്ടാക്കിക്കൊടുക്കാനാണ് മോറിസിന്റെ {52:complete}

— — — — — — — — — — — — — — — — 

യത്നം. വെള്ളക്കാരന്റെ പത്രത്തിലൂടെ അതിനു സാഫല്യമുണ്ടാകുന്നു. എതല്‍ എന്ന പെണ്‍കുട്ടി സക്കറിയയുടെ ‘തൂലികാ മിത്ര’മായി. അവള്‍ ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരറിയിപ്പ്. അവളുടെ സഹോദരന്‍ പോലീസുകാരനാണെന്ന്. സക്കറിയ അതറിഞ്ഞു പേടിച്ചെങ്കിലും മോറിസ് അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എതല്‍ സക്കറിയയെ കാണാന്‍ തീരുമാനിച്ചു. അവളെത്തുമ്പോള്‍ കറുമ്പനായ മോറിസിനെ കണ്ടാല്‍ എന്തു തോന്നും? അതുകൊണ്ട് ഇരുണ്ട നിറമുള്ള മോറിസ് നല്ല സ്യൂട്ട് ധരിച്ചു നില്‍ക്കണമെന്നായി സക്കറിയ. വെള്ളക്കാരനു ചേര്‍ന്ന ആ വേഷം എതലിന് ഇഷ്ടപ്പെടുമെന്നാണ് അയാളുടെ വിചാരം. പക്ഷേ, അതിനിടയ്ക്ക് എതലിന്റെ വിവാഹം നിശ്ചയിച്ചു. തന്റെ കൂട്ടുകാരി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ സക്കരിയ നൈരാശ്യത്തില്‍ വീണു. സഹോദരനെ സന്തോഷിപ്പിക്കാനായി മോറിസ് പുതിയ സ്യൂട്ട് ധരിച്ചു. ഇരുണ്ട നിറമുള്ള മോറിസ് സായിപിന്റെ വേഷം ധരിച്ചാല്‍ വെള്ളക്കാരനല്ലേ. ആ വെള്ളക്കാരനും കറുമ്പനും തമ്മില്‍ ശണ്ഠ കൂടാന്‍ തുടങ്ങി. അപ്പോഴാണ് ഉറങ്ങാനുള്ള സമയം സുചിപ്പിച്ചുകൊണ്ട് അലാം ക്ളോക്കിന്റെ മണിനാദമുയരുന്നത് ശത്രുക്കള്‍ വീണ്ടും മിത്രങ്ങളായി. മോറിസ് പറയുന്നു: “...You see, we’re tide together, Zacha. It’s what they call blood knot... the bond between brothers” — “സക്കറിയ, നമ്മള്‍ പരസ്പരം ബന്ധിക്കപ്പെട്ടവരാണ്. അതിനെയാണ് രക്തബന്ധം എന്നു പറയുന്നത്, സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം.” ദക്ഷിണാഫ്രിക്കയിലുള്ള കറുത്ത വര്‍ഗക്കാരുടെ അന്യോന്യബന്ധത്തിനു മാത്രമല്ല ഫ്യൂഗാര്‍ഡ് ഊന്നല്‍ നല്‍കുന്നത്. നാടകം വായിച്ചു നോക്കു. ലോകജനതയുടെ ആകെയുള്ള സ്നേഹബന്ധത്തിനുവേണ്ടിയാണ് മഹാനായ ഈ നാടക കര്‍ത്താവ് സര്‍ഗത്മകത്വത്തില്‍ വ്യാപരിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ സാര്‍വ ലൗകികസ്വഭാവം തന്നെയാണ് ‘റ്റ്സോട്സി’ എന്ന നോവലിനുമുള്ളത്.

റ്റ്സോട്സി പിടിച്ചുപറിക്കുന്നവനാണ്, കൊലപാതകിയാണ്. തനിച്ചല്ല അയാള്‍ ആ ഹീനകൃത്യങ്ങള്‍ ചെയ്യുക. കൂട്ടുകാരായി ബോസ്റ്റണും ബുച്ചറും ഡൈ ഏപ്പുമുണ്ട്. ആരെയും പേടിക്കാത്ത റ്റ്സോട്സി ഏകാന്തതയെ പേടിക്കുന്നു. ജീവിതത്തിന്റെ പിറകില്‍ ശൂന്യതയുണ്ടെന്ന് അയാള്‍ക്കറിയാം. മനുഷ്യന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഏകാന്തതയുടെ നിശ്ശബ്ദത അയാള്‍ കേള്‍ക്കുന്നു. മനുഷ്യന്റെ സൗന്ദര്യത്തിന്റെ പിറകില്‍ അത് മുഖമില്ലാതെ കാത്തുനില്ക്കുന്നത് അയാള്‍ കാണുന്നു. മനുഷ്യന്റെ പ്രകാശങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ശൂന്യത. അവസാനിക്കാത്ത രാത്രിപോലുള്ള അന്ധകാരം. റ്റ്സോട്സിയുടെ ജീവിത ‘പ്രശ്നം’ ഈ ശൂന്യതയ്ക്കു മുമ്പില്‍ തന്റെ അസ്തിത്വത്തെ ദൃഢീകരിക്കുക എന്നതാണ്. ഇത് മരണത്തിലൂടെ സഫലീഭവിപ്പിക്കാനാണ് അയാള്‍ തീരുമാനിച്ചത്. ശമ്പളം കൊടുക്കുന്ന ദിവസങ്ങളിലാണ് കൊലപാതകം നടത്തുക റ്റ്സോട്സിയും കൂട്ടുകാരും. അന്ന് ശമ്പളം മേടിച്ച ഗംബൂട്ട് ശമ്പളപ്പൊതി തുറന്ന് ടിക്കറ്റ് വാങ്ങുന്നത് അവര്‍ കണ്ടു. തീവണ്ടിവന്ന് ആളുകള്‍ അതില്‍ ഓടിക്കയറാന്‍ തുടങ്ങിയപ്പോള്‍ റ്റ്സോട്സി അയാളുടെ ശരീരത്തില്‍ ചേര്‍ന്നുനിന്നു. ബുച്ചര്‍ കൂര്‍പ്പിച്ച സൈക്കിള്‍ സ്പോക്ക് ഗംബൂട്ടിന്റെ ഹൃദയത്തില്‍ കുത്തിക്കയറ്റി. പണം അപഹരിക്കുകയും ചെയ്തു. തീവണ്ടിസ്റ്റേഷന്‍ വിട്ടുപോയപ്പോള്‍ നെഞ്ചില്‍ തറച്ച സ്പോക്കുമായി അയാള്‍ കിടക്കുന്നത് ആളുകള്‍ കണ്ടു. ഇങ്ങനെ എത്രയെത്ര നികൃഷ്ടകൃത്യങ്ങള്‍!

ഒരുദിവസം റ്റ്സോട്സി മരങ്ങളുടെ ഇടയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ട് അയാള്‍ നിഴലിലേക്ക് നീങ്ങി കാത്തുനിന്നു. കറുത്തവര്‍ഗത്തില്‍പ്പെട്ട ഒരു ചെറുപ്പക്കാരി പേടിയോടെ വരുന്നത് അയാള്‍ കണ്ടു. അവളുടെ കൈയില്‍ ഒരു പാഴ്സല്‍. അതൊരു ഷൂബോക്സാണ്. നടത്തമാണോ അവളുടേത്? അല്ല. ഓട്ടമാണോ? അതുമല്ല. രണ്ടിനുമിടയ്ക്കുള്ള എന്തോ ഒന്ന്. റ്റ്സോട്സി അവളെ പിടിച്ച് വായ്പൊത്തി. മരത്തില്‍ ചേര്‍ത്തു നിര്‍ത്തി. അയാളുടെ ഒരു കാല്മുട്ട് അവളുടെ കാലുകള്‍ക്കിടയിലായി. അവളുടെ ശരീരത്തിന്റെ ചൂട് അയാളുടെ ശരീരത്തിന്റെ ചൂടുമായി കലര്‍ന്നു. ആ പെണ്‍കുട്ടിയുടെ മുഴുത്ത ഉറച്ച മുലകള്‍ കൊടുംപേടിയാല്‍ ത്രസിച്ചു. റ്റ്സോട്സി പിടിവിട്ട് പിന്‍മാറി. അവള്‍ ഷൂബോക്സ് അയാളുടെ കൈയില്‍ വെച്ചിട്ട് രാത്രിയുടെ ‘അഗാധത’യിലേക്ക് മറഞ്ഞു. അയാള്‍ പൊതി തുറന്നു നോക്കി, അതിനകത്ത് ഒരു കറുത്ത ശിശു. അതിന്റെ കരച്ചിലാണ് അവളെ രക്ഷിച്ചതും അയാളെ നിന്ദ്യകര്‍മത്തില്‍ നിന്നു പിന്തിരിപ്പിച്ചതും.

റ്റ്സോട്സി ശിശുവിനെ സംരക്ഷിച്ചു: വേറൊരു സ്ത്രീയെക്കൊണ്ട് മുലയൂട്ടി. അതോടെ അയാളുടെ കാട്ടാളത്തം പോയിട്ട് മനുഷ്യത്വം ഉണരുകയാണ്. പള്ളിയിലെ മണിനാദം ഉയരുന്നു. ഡിങ്, ഡോങ്, ഓങ് — ഡിങ് ദോങ് ഓങ്. ശിശുവിന് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീയെ വിശ്വാസമില്ലാത്ത റ്റ്സോട്സി അതിനെ തെരുവിലെ ജീര്‍ണാവശിഷ്ടങ്ങളില്‍ കൊണ്ടുവച്ചിട്ട് ഉറങ്ങാന്‍ പോയി. നേരം വെളുത്തപ്പോള്‍ ബുള്‍ഡോസറുകളുടെ ശബ്ദം വെള്ളക്കാരുടെ ടൗണ്‍ഷിപ്പ് ജീര്‍ണാവശിഷ്ടങ്ങള്‍ മാറ്റി പുതിയ പട്ടണം നിര്‍മ്മിക്കാന്‍ പോവുകയാണ്. “നിര്‍ത്തൂ, നിര്‍ത്തൂ” എന്ന് നിലവിളിച്ചുകൊണ്ട് അയാളോടി. ജീര്‍ണാവശിഷ്ടങ്ങളിലൂടെ ഓടി, ശിശുവിനെ ഒളിച്ചുവെച്ച സ്ഥലത്ത് അയാള്‍ എത്തി, എത്തിയില്ലെന്നായി. പക്ഷേ, അതിനുമുമ്പ് ബുള്‍ഡോസറിന്റെ ആഘാതമേറ്റിട്ടാവാം മതിലിന്റെ മുകളിലുള്ള ചുടുകട്ടകള്‍ വീഴാന്‍ തുടങ്ങി. മതിലാകെ അയാളുടെ പുറത്ത് മറിഞ്ഞുവീണു. റ്റ്സോട്സി ഭൂമിയോടൊരുമിച്ചുചേര്‍ന്നു. കുറെക്കഴിഞ്ഞ് അവര്‍ അയാളെ വലിച്ചെടുത്തു. അയാളുടെ മന്ദസ്മിതം മനോഹരമായിരുന്നുവെന്ന് എല്ലാവരും സമ്മതിച്ചു. നോവല്‍ ഇവിടെ അവസാനിക്കുന്നു.

ക്രൂരനായ മനുഷ്യന്‍ തന്റെ മഹത്വം മനസ്സിലാക്കുന്നത് ചില പരിവര്‍ത്തന “ഘട്ട”ങ്ങളിലാണ്. വിക്തോര്‍ യൂഗോയുടെ “പാവങ്ങള്‍” എന്ന നോവലിലെ ബിഷപ്പ് വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയ ഷാങ്‌വല്‍ഷാങ്ങിന് മാപ്പുകൊടുത്തിട്ട് വെള്ളി മെഴുകുതിരിക്കാലുകള്‍കൂടി എടുത്തു കൊടുക്കുമ്പോള്‍ അയാള്‍ മൃഗത്തില്‍നിന്ന് മനുഷ്യത്വത്തിലേക്ക് ഉയരുന്നു. അവിടെനിന്ന് ദേവത്വത്തിലേക്കും. അന്ധകാരം മാറി പ്രകാശം പരക്കുന്നു. അതിന്റെ ഔജ്വല്യത്തില്‍ കണ്ണുകാണാന്‍ വയ്യാതെ തെല്ലുനേരം നിന്നുപോകുന്നു ഷാങ്‌വല്‍ഷാങ്. ബിഷപ്പ് “ഷാങ്‌വല്‍ഷാങ് നിങ്ങളുടെ ആത്മാവിനെ വിലയ്ക്കുവാങ്ങുന്നു ഞാന്‍. നല്ല മനുഷ്യനായി ജീവിക്കൂ” എന്നു പറഞ്ഞതോടെ അയാള്‍ വേറൊരു മനുഷ്യനായി. (ബിഷപ്പിന്റെവാക്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് കുറിക്കുന്നത്.) അതുപോലെ കൊള്ളക്കാരനും കൊലപാതകിയുമായ റ്റ്സോട്സി ശിശുവിന്റെ ദര്‍ശനത്താല്‍ മൃഗീയതയില്‍നിന്ന് മനുഷ്യത്വത്തിലേക്ക് കുതിക്കുന്നു. അയാള്‍ മരണംവരിക്കുമ്പോള്‍ മുഖത്ത് ആദ്ധ്യാത്മികതയുടെ ശോഭ പ്രസരിക്കുന്നു. നോവലിലാകെ ആദ്ധ്യാത്മികതയുടെ പ്രകാശം. വായനക്കാരായ നമ്മളും അതില്‍ മുങ്ങിനില്‍ക്കുന്നു. നമുക്ക് അതോടെ മാനസികോന്നമനം സംജാതമാകുന്നു. നമ്മുടെ മനസിലെല്ലാം വ്യാഘ്രങ്ങളുണ്ട്. ഏതിനെയും ഹിംസിക്കുന്ന ദുഷ്ടജന്തുക്കള്‍, ആ ജന്തുക്കളുടെ ക്രൗര്യം മാറും. ഒരു ശിശു ജനിക്കുമ്പോള്‍ അന്യാദൃശമായ എന്തോ ഒന്ന് ലോകത്ത് ആവിര്‍ഭവിക്കുകയാണ്. ശിശുവാകുന്ന അന്യാദൃശത്വം കണ്ട് റ്റ്സോട്സി എന്ന ഭയങ്കരന്‍ പുണ്യാത്മാവായി മാറുന്നതിന്റെ ചിത്രം ഏതല്‍ ഫ്യൂഗാര്‍ഡ് കലാവൈഭവത്തോടെ ആലേഖനം ചെയ്യുന്നു.

റ്റ്സോട്സിയും കൂട്ടുകാരും ജന്മനാ കൊലപാതകികളും കൊള്ളക്കാരുമാണോ? അതേയെന്നു പറയാന്‍ വയ്യ. ദക്ഷിണാഫ്രിക്കയിലെ എപാര്‍ട്ട്ഹെയ്റ്റ് — വെള്ളക്കാരെയും കറുത്തവര്‍ഗ്ഗക്കാരേയും വെവ്വേറെ താമസിപ്പിച്ച് ഭരിക്കണമെന്ന നയം — അതാണ് റ്റ്സോട്സിയേയും കൂട്ടുകാരേയും സൃഷ്ടിക്കുന്നത്. കറുത്തവര്‍ഗക്കാരെ വേര്‍തിരിക്കുമ്പോള്‍, അവരെ അടിമകളാക്കുമ്പോള്‍ അവരുടെ വിദ്വേഷം കൊലപാതകത്തിനുള്ള അഭിനിവേശമായി മാറുന്നു. നിസാരങ്ങളായ തുകകള്‍ക്കു വേണ്ടിയാണ് റ്റ്സോട്സിയും സുഹൃത്തുക്കളും ഹീനകൃത്യങ്ങള്‍ ചെയ്യുന്നത്. ധനസമ്പാദനമല്ല അവരുടെ ലക്ഷ്യം. എപാര്‍ട്ഹെയ്റ്റ് ജനിപ്പിക്കുന്ന വൈരസ്യം അന്യവത്കരണവും മൂല്യനിരാസ കൗതുകവും ജനിപ്പിക്കുന്നു. ജീവിതത്തിന് വിലയില്ല. മൂല്യങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല എന്നു വരുമ്പോള്‍ മനുഷ്യന്‍ അനിയത സ്വഭാവമുള്ളവനായി മാറുന്നു. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല റ്റ്സോട്സിയുള്ളത്. എവിടെയെല്ലാം വര്‍ണവിവേചനമുണ്ടോ, എവിടെയെല്ലാം സമഗ്രാധിപത്യമുണ്ടോ അവിടെയൊക്കെ അവരുണ്ടാകും. കൊലപാതകം ഭയാജനകവും അര്‍ത്ഥരഹിതവുമാണോ? അതേ, സംശയമില്ല. പക്ഷേ, കൊലപാതകികളെ സൃഷ്ടിക്കുന്ന എപാര്‍ട്ട്ഹെയ്റ്റ് അപരിഷ്കൃതമാണ്. ആ കൊലപാതകികളില്‍ ഒരുവന്‍ പെട്ടെന്ന് മനുഷ്യത്വത്തിലൂടെ സത്യം കണ്ടുവെന്നുവരാം. അവനേയും അവന്റെ മനുഷ്യത്വം ഉണര്‍ത്തിയ ശിശുവിനേയും വെള്ളക്കാരന്റെ ബുള്‍ഡോസര്‍ ചതച്ചരച്ചുകളയും. എങ്കിലും സത്യം കണ്ടെത്തിയവന്റെ ആദ്ധ്യാത്മികശോഭ നമുക്ക് മാര്‍ഗം കാണിച്ചുതരും. ‘നമ്മള്‍ തെറ്റായ നക്ഷത്രത്തെ കാണുകയാണ്’ എന്നു ചെസ്റ്റര്‍ടണ്‍ ഒരിക്കല്‍ പറഞ്ഞു. നമ്മുടെ ശരിയായ നക്ഷത്രത്തെ കാണിച്ചുതരികയാണ് അസുലഭസിദ്ധികളുള്ള ഏതല്‍ ഫ്യൂഗാര്‍ഡ്.