close
Sayahna Sayahna
Search

സമത്വവാദി-അങ്കം രണ്ട്


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

അങ്കം രണ്ട്

രംഗം ഒന്ന്

(പ്രഭുവിന്റെ ഭവനത്തില്‍ മുന്‍വശത്തെ വിശാലമായ മുറി ജനാലകളിലും വാതിലുകളിലും കറുത്ത വിരികള്‍ തൂക്കിയിരിക്കുന്നു.)

കാമുകന്‍: നീ എന്താണ് ചെയ്യുന്നതെന്ന് നീ അറിയുന്നില്ല. ആ മനുഷ്യന്‍ നിന്റെ അച്ഛനെ കൊന്നെങ്കിലും നിന്റെ ചേച്ചിയുടെ കാമുകനാണ്. നിന്റെ ചേച്ചി അയാളെ സ്നേഹിക്കുന്നുണ്ട്.

ഇ: മകള്‍: ഞാന്‍ അയാളെ നശിപ്പിക്കും.

കാമുകന്‍: നീ അങ്ങനെ നിര്‍ബ്ബന്ധിക്കരുത്. നിന്റെ ചേച്ചി അയാള്‍ക്കെതിരായി മൊഴികൊടുത്താല്‍ അത് അവര്‍ തന്നെ അയാളെ കൊലയ്ക്കു കൊടുക്കുന്നതുപോലെയാണ്.

ഇ: മകള്‍: എനിക്കുപമകള്‍ ആവശ്യമില്ല… ആ സ്ത്രീക്ക് അവരുടെ കൊല്ലപ്പെട്ട പിതാവിനോടുള്ള കടമറിയാം.

കാമുകന്‍: നീ അതു പറഞ്ഞുകൊടുത്തു.

ഇ: മകള്‍: അവര്‍ക്കതറിയാം.

കാമുകന്‍: കഷ്ടം

ഇ: മകള്‍: നിങ്ങള്‍ ഇന്നത് നൂറാമത്തെ തവണയാണ് പറയുന്നത്.

കാമുകന്‍: ഇനിയും പറയാതിരിക്കാനൊക്കുകയില്ല.

ഇ: മകള്‍: കേള്‍ക്കാനാരുമുണ്ടാകുകയില്ല.

കാമുകന്‍: നാം തമ്മില്‍ ചേരുകയില്ല.

ഇ: മകള്‍: അതു മനസ്സിലായിട്ടില്ലേ?

കാമുകന്‍: (അമ്പരന്ന്) ഞാന്‍ വിശ്വസിച്ചു —

ഇ: മകള്‍: നിങ്ങള്‍ യാതൊന്നിലും വിശ്വസിച്ചില്ല. യാതൊന്നിലും വിശ്വസിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. സകല സമയവും ‘കഷ്ടം’ എന്നു പറയുന്നയാള്‍ യാതൊന്നിലും വിശ്വസിക്കുന്നില്ല.

കാമുകന്‍: നിന്നെ ഞാന്‍ വിശ്വസിച്ചു.

ഇ: മകള്‍: നിങ്ങൾ എന്നെ അവിശ്വസിച്ചു.

കാമുകന്‍: കഷ്ടം.

ഇ: മകള്‍: (അക്ഷമയോടെ) ഛേ! അതു പറയാതിരിക്കണം. അതു പറഞ്ഞു പറഞ്ഞു നിങ്ങള്‍ എന്നെ നശിപ്പിച്ചു. എനിക്കു സ്നേഹിക്കണമായിരുന്നു. ആരാധിക്കണമായിരുന്നു. ആര്‍ത്തു ചിരിക്കണമായിരുന്നു. നിങ്ങള്‍ പറഞ്ഞു — ‘കഷ്ടം’. എന്നിലുള്ള സകല മധുരപ്രേരണകളുടേയും കുരുന്നു വാടിപ്പോയി. അതൊരു ദുര്‍മ്മന്ത്രമാണ് അതു പറഞ്ഞു പറഞ്ഞു നിങ്ങള്‍ എന്നെ രാക്ഷസി ആക്കി.

കാമുകന്‍: എന്റെ കുററമല്ല. നിങ്ങളെല്ലാം അങ്ങിനെയാണ്. രാക്ഷസികളാണ്. ഹൃദയങ്ങളെക്കൊണ്ട് നിങ്ങള്‍ക്കമ്മാനമാടണം.

ഇ: മകള്‍: ഹൃദയങ്ങളെക്കൊണ്ടല്ലേ? ഹൃദയത്തിനു പകരം നിങ്ങള്‍ക്കൊരു കട്ട വിഷമാണുള്ളത്. സംശയം! ഹൃദയത്തിന്റെ കാര്യം പിന്നെന്തിനു പറയുന്നു? അതു മററുള്ളവര്‍ പറയട്ടെ.

കാമുകന്‍: നീ മൂലം —

ഇ: മകള്‍: ഞാന്‍ മൂലം?

കാമുകന്‍: എന്റെ ജീവിതം ഒരു നിമിഷത്തെ സൌഖ്യമറിഞ്ഞിട്ടില്ല.

ഇ: മകള്‍: നിങ്ങളും ഒരു പ്രഭുപുത്രനാണ്.

കാമുകന്‍: ഞാന്‍ സുഖിക്കേണ്ടവനല്ലേ?

ഇ: മകള്‍: നിങ്ങള്‍ക്കതിനുള്ള ബുദ്ധിയില്ല… ഒന്നിനെപ്പററിയും നിങ്ങള്‍ക്കു ചിന്തിക്കേണ്ടിയിരുന്നില്ല. എല്ലാം നിങ്ങള്‍ക്കുണ്ടായിരുന്നു. എല്ലാം നല്കപ്പെട്ടു.

കാമുകന്‍: ഞാന്‍ എന്റച്ഛന്റെ ഓമനയായിരുന്നു.

ഇ: മകള്‍: നിങ്ങള്‍ ഓമനയായിരുന്നു. നിങ്ങള്‍ക്കു ചിന്തിക്കപോലും വേണ്ടായിരുന്നു. നിങ്ങള്‍ക്കു ഒരു ശേഷിയുമില്ലാതായി. പക്ഷേ ശേഷികെട്ടവന്റെ മനസ്സിനും ഒരു വ്യാപാരമണ്ഡലം ആവശ്യമാണ്. നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ചു പൂജിച്ചു. അല്ലലറിഞ്ഞിട്ടില്ല. നിങ്ങളുടെ ഭാവന അത് സൃഷ്ടിച്ചു. നിങ്ങള്‍ക്കു ചുററും നിങ്ങള്‍ കണ്ണീരൊഴുക്കി. സകലരും നിങ്ങളെ ചതിക്കുമെന്നൊരു മിഥ്യാബോധം നിങ്ങള്‍ക്കുണ്ടായി. നിങ്ങളുടെ നന്മയില്‍മാത്രം നിങ്ങള്‍ വിശ്വസിച്ചു. ഭയങ്കരനായ സ്വാര്‍ത്ഥന്‍.

കാമുകന്‍: എന്നെ കുററപ്പെട്ടത്താന്‍ നിനക്കെന്തൊരു രസമാണ്? — അല്ലാതിതിനൊരര്‍ത്ഥവുമില്ല.

ഇ: മകള്‍: നിങ്ങള്‍ക്കു പിത്തംപിടിച്ച ഒരു ശരീരവും ദുഷിച്ച ഒരു മനസ്സുമുണ്ടായി. നമ്മുടെ പിതാക്കള്‍ സന്ധിചെയ്തു — നമ്മെ ദമ്പതികളാക്കണമെന്ന്.

കാമുകന്‍: (പൂര്‍വ്വസ്മരണകളുടെ ലഹരിയില്‍) അന്നു നിനക്കു പതിനാലു വയസ്സുകാണും!

ഇ: മകള്‍: നിങ്ങള്‍ക്കെന്റെ മുറിയില്‍ വലിയ സ്വാതന്ത്ര്യമായിരുന്നു.

കാമുകന്‍: കള്ളം!

ഇ: മകള്‍: എന്റെ അച്ഛന്‍ ഒരു തെണ്ടിയുടെ മകനാണ്. ഞങ്ങള്‍ക്കു കുലമഹിമയില്ല. നിങ്ങള്‍ക്കു ആരോഗ്യമില്ലെങ്കിലും കുലമഹിമയുണ്ട്. കുലമഹിമയ്ക്കുവേണ്ടി കോടീശ്വരന്‍ എന്തും ചെയ്യും. നിങ്ങള്‍ക്കെന്റെ മുറിയില്‍ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു.

കാമുകന്‍: എന്നിട്ടു ഞാന്‍, ഒരു സ്വാതന്ത്ര്യവും കാണിച്ചില്ലല്ലോ.

ഇ: മകള്‍: നിങ്ങള്‍ മഠയനായിരുന്നു. നിങ്ങള്‍ എന്നോട് അസഭ്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. വൃത്തികെട്ട മുഷിപ്പിന്‍ അസഭ്യങ്ങള്‍.

കാമുകന്‍: (തലതാഴ്ത്തി) നിനക്കതു കേള്‍ക്കാന്‍ രസമായിരുന്നു.

ഇ: മകള്‍: അതേ, അന്നു്. എനിക്കതിഷ്ടമില്ലാതായപ്പോള്‍ തുടങ്ങി നിങ്ങളുടെ കഷ്ടംവയ്പ്… നിങ്ങള്‍ പുരുഷനായിരുന്നെങ്കില്‍!…എന്റെ ഹൃദയം അതിന്റെ കന്യകാസഹജമായ മനോഹരാഭിലാഷങ്ങളോടെ വിടര്‍ന്നു വിടര്‍ന്നു തേന്‍ തുളുമ്പിയപ്പോള്‍ — യൌവനത്തിനോടും, പ്രേമത്തോടും, പ്രസരിപ്പിനോടും എല്ലാം നിങ്ങളുടെ ദുഷിച്ച പുരുഷത്വം പറഞ്ഞു. കഷ്ടം, കഷ്ടം, കഷ്ടം (അന്തരീക്ഷത്തിനോട്) എന്റെ ജീവിതം!…ഞാനിന്നെന്തായി?

കാമുകന്‍: ഇതെന്തോരു ഭ്രാന്താണ്? എന്തൊരു അക്ഷമയാണിത്? നിനക്കെന്താണിന്നീയൊരു —

ഇ: മകള്‍: അക്ഷമ. ഭാവിയുടെ അങ്കതലത്തില്‍ സംഭവങ്ങള്‍ പെററുവീഴാന്‍പോകുന്നു. കാലം ചുരുളു നിവര്‍ത്തിയിടുന്ന ഒരു പ്ലാനില്‍ വിധി ജീവിതങ്ങളുടെ വഴി അടയാളപ്പെടുത്തുന്നു… ഈ വീടിന്റെ ഓരോ വാതിലിനു പുറകിലും പ്രതീക്ഷകള്‍ ശ്വാസമടക്കി നില്‍ക്കുന്നു. നിങ്ങള്‍ ഇതൊന്നുമറിയുന്നില്ല.

കാമുകന്‍: ഞാനൊന്നുമറിയുന്നില്ല.

ഇ: മകള്‍: ഞാനറിയുന്നു. വ്യക്തമായി, വിശദമായി.

കാമുകന്‍: നിന്റെ മുഖം നല്ലപോലെ ചുവന്നു. നിനക്കെന്തെങ്കിലും വിഷമം തോന്നുമ്പോഴെല്ലാം അതിങ്ങിനെ ചുവക്കും നിനക്കപ്പോള്‍ എന്തൊരു സൌന്ദര്യമാണെന്നറിയാമോ? നിന്നെപ്പോലെ ആര്‍ക്കും സൌന്ദര്യമില്ല.

ഇ: മകള്‍: നിങ്ങള്‍ എന്നെ ഉണര്‍ത്തുന്നു… എന്താണെന്റെ സൌന്ദര്യം?

കാമുകന്‍: നിന്റെ സൌന്ദര്യം —

ഇ: മകള്‍: എന്റെ ആത്മീയസൌന്ദര്യമാണോ? എന്റെ ത്യാഗം! സേവന സന്നദ്ധത! ദീനാനുകമ്പ! ഇതെല്ലാമാണോ? ഞാന്‍ ഒരു ശീലാവതിയാണ്. പരപുരുഷന്റെ നിഴല്‍പോലും നോക്കാത്ത പതിവ്രതയാണ്, അല്ലേ? ഇതെല്ലാമാണോ എന്നില്‍ കാണുന്ന സൌന്ദര്യം?

കാമുകന്‍: (അത്ഭുതത്തോടെ) നിന്റെ ത്യാഗം! സേവന സന്നദ്ധത! ദീനാ —

ഇ: മകള്‍: മതി. എനിക്കറിയാം എനിക്കതൊന്നുമില്ലെന്ന്. ഇതെല്ലാമറിഞ്ഞിട്ടും നിങ്ങള്‍ എന്നെ പ്രണയിക്കുന്നെന്നു പറയുന്നല്ലോ, എന്നെ സൌന്ദര്യവതിയെന്നു വിളിക്കുന്നല്ലോ. എന്തിന്?

കാമുകന്‍: (നിശ്ശബ്ദം)

ഇ: മകള്‍: നിങ്ങള്‍ക്കുത്തരമില്ല. എന്റെ ശരീരത്തിന്റെ അഴക്. എന്റെ അവയവഘടനയുടെ മാദകവശ്യത. അതല്ലേ പരമാര്‍ത്ഥം?

കാമുകന്‍: (നിശ്ശബ്ദം)

ഇ: മകള്‍: നിങ്ങള്‍ പുരുഷന്മാര്‍ തങ്ങളുടെ ദുര്‍ബലതകളെ സമ്മതിക്കയില്ല. സ്ത്രീക്കുവേണ്ടി ഞാന്‍ സമ്മതിക്കുന്നു — പുരുഷന്റെ മാംസം അവളെ ഭ്രാന്തുപിടുപ്പിക്കുമെന്ന്. പക്ഷെ, സ്ത്രീയുടെ വശ്യശക്തി പുരുഷന്റെ ദൌര്‍ബ്ബല്യമെന്നാണ് അവന്‍ കരുതുന്നതു്. അവന് അതു സമ്മതിക്കാന്‍ മടിയാണ്.

കാമുകന്‍: (മനസ്സിലാകാതെ) പുരുഷന്റെ ദൌര്‍ബ്ബല്യം സ്ത്രീയാണ്. ഞാന്‍ സമ്മതിക്കാം. നിന്നെക്കാണുമ്പോള്‍ എന്റെ ധൈര്യം നശിച്ചുപോകുന്നു. എന്തെല്ലാം കരുതിയാണ് ഞാന്‍ ഓരോ ദിവസവും വരുന്നതു്.

ഇ: മകള്‍: ഞാന്‍ ക്രൂരയാണെന്നറിഞ്ഞുകൂടെ?

കാമുകന്‍: (ഓര്‍ക്കാതെ) അറിയാം. (പെട്ടെന്ന്) ഇല്ലില്ല. എന്നുവച്ചാല്‍ –

ഇ: മകള്‍: പാവം!… ജീവിതശക്തിയുടെ ആദ്യത്തെ ദൃശ്യരൂപമായ ആ Protoplasm–ന് അതിന്റെ പെണ്ണിണയുടെ ചാരത്തേക്കു് നീന്തിയെത്താന്‍ അമ്പരിപ്പിക്കുന്ന ഒരാകര്‍ഷണം ഉണ്ടായിരുന്നു. പുരുഷനില്‍, അതു വികസിച്ച്, വ്യക്തമായ ഒരു ദാസ്യമനോഭാവമായി പ്രബലപ്പെട്ടിരിക്കുന്നു.

കാമുകന്‍: ഹൃദയാര്‍പ്പണം ചെയ്യുന്നതുകൊണ്ടല്ലേ? എന്തു ചെയ്യാം? ഒരുവളെ സ്നേഹിച്ചാല്‍ പുരുഷന്‍ അവള്‍ക്കടിമയാണ്. അവന് അവള്‍ തന്റെ ഹൃദയത്തിന്റെ നാഥയും, സന്തതികളുടെ അമ്മയും, ജീവിതത്തിന്റെ ധ്രുവനക്ഷത്രവുമാണ്.

ഇ: മകള്‍: ആ Protoplasm ഇങ്ങനെ ഒന്നും പറഞ്ഞു കാണുകയില്ല. അതിന് ഇത്രയധികം മനോഹരപദങ്ങളും ദുരഭിമാനവും വശമില്ലായിരുന്നു. അതിന് ഒരിണയെ മതിയായിരുന്നു.

കാമുകന്‍: Protoplasm ആണോ മനുഷ്യന്‍?

ഇ: മകള്‍: അല്ല, കൂടുതല്‍ വഷളനാണ്.

കാമുകന്‍: നിനക്കിങ്ങനെ കാടുകയറി സംസാരിക്കണം. പണ്ടൊക്കെ നീ എന്തു മധുരമായി സംസാരിച്ചിരുന്നു?

ഇ: മകള്‍: അന്നു ഞാന്‍ അബദ്ധം പറയുകയായിരുന്നു.

കാമുകന്‍: അന്നു നിനക്കു പുഞ്ചിരിക്കാനറിയാമായിരുന്നു. ഞാന്‍ നിന്നെ തൊട്ടാല്‍ നീ മധുരമായി ലജ്ജിക്കുമായിരുന്നു. ഇന്നു നീ വികൃതമായി, ബീഭത്സമായി പൊട്ടിച്ചിരിക്കുന്നു. മുട്ടാളന്‍മാരെപ്പോലെ തെളിഞ്ഞുനടക്കുന്നു. നീ പരീക്ഷകള്‍ ജയിച്ച പരിഷ്കൃതയായി. അതാണ്. എങ്കിലും — ഈശ്വരാ. ഇതെന്താരു മാററം!

ഇ: മകള്‍: പുഞ്ചിരിയും ലജ്ജയും എനിക്കിന്നും അഭിനയിക്കാനറിയാം. പക്ഷേ അന്നു ഞാന്‍ അഭിനിയിക്കയല്ലായിരുന്നു. ആ പുഞ്ചിരിയും ലജ്ജയും നശിച്ചു പോയി. നിങ്ങള്‍ നശിപ്പിച്ചു. ഇന്നെന്റെ കയ്യിലുള്ളതു പകര്‍പ്പാണ്. എന്റെ ആയുധങ്ങള്‍.

കാമുകന്‍ :ആയുധങ്ങള്‍!… നീ ആരാണ്?

ഇ: മകള്‍: സ്ത്രീ… നിങ്ങള്‍ക്കു സ്ത്രീയെ മനസ്സിലാകുമോ? നിങ്ങള്‍ അവളെ കണ്ടിട്ടില്ല. നിങ്ങള്‍ കണ്ടിട്ടുള്ളത്, പുരുഷന്റെ ഗര്‍ഭഗൃ‌ഹത്തില്‍ ചമയ്ക്കുപ്പെടുന്ന ഒരുമാതിരി സ്ത്രീ രൂപങ്ങളെയാണ്. സ്ത്രീകളെയല്ല. നിങ്ങള്‍ പതിവ്രതകളെ വളര്‍ത്തി. അവിടെ സ്ത്രീയെങ്ങിനെ വളരും?

കാമുകന്‍ : ഭ്രാന്തു പറയാതിരിക്കൂ. സ്ത്രീ ലോകത്തിന്റെ മാതൃകകള്‍ –

ഇ: മകള്‍: സ്ത്രീയുടെ മാതൃക സ്ത്രീയാണ്.

കാമുകന്‍ : അപ്പോള്‍ സീതയും സാവിത്രിയും

ഇ: മകള്‍: സീതയും സാവിത്രിയും വൈകൃതങ്ങള്‍. (പെട്ടെന്ന്) നിങ്ങള്‍ക്കു ചരിത്രമറിയാമോ?

കാമുകന്‍ :എന്നെ എന്തൊരു മഠയനാക്കുന്നു!

ഇ: മകള്‍: സാമ്രാജ്യശക്തികള്‍ ഭരണം നടത്തുന്നതെങ്ങനെയെന്നറിയാമോ? അടിമരാജ്യക്കാരില്‍ ചിലര്‍ക്കു ചട്ടയും മുദ്രയും കൊടുത്ത്, മിനുങ്ങുന്ന തൊപ്പിയും കൊടുത്തു സാമ്രാജ്യശക്തിയുടെ മാനംകെട്ട ദാസന്മാരാക്കും. അവരെ കൈചൂണ്ടിക്കാണിച്ചു പറയും – അതാ നില്ക്കുന്നു നിങ്ങളുടെ രാജ്യത്തിന്റെ മിനുങ്ങുന്ന മാതൃകകള്‍! സ്വാര്‍ത്ഥനായ പുരുഷന്റെ സാമ്രാജ്യശക്തി, സ്ത്രീ ലോകത്തിനെ ഭരിക്കാന്‍ നിര്‍മ്മിച്ച മാതൃകയാണ് പതിവ്രത.

കാമുകന്‍ : കൊള്ളാം. സീതയും സാവിത്രിയും –

ഇ: മകള്‍: ആ പല്ലവി പാടി മുഷിഞ്ഞില്ലേ? നിങ്ങള്‍ പോകണം. ദയവു ചെയ്ത്. എന്റെ ക്ഷമ നശിപ്പിക്കാതെ. എന്നെ ഭ്രാന്തു പിടിപ്പിക്കാതെ. ഇതാ കേട്ടു നടുങ്ങു. രാധ; പിങ്ഗള; മറിയം; ഇവരാണെന്റെ മാതൃകകള്‍.

കാമുകന്‍ : (ഉദ്വേഗത്തോടെ) അഭിസാരികകള്‍!… ഇല്ലില്ല. നീ വെറുതെ പറയുകയാണ്. നി അവരെപ്പോലെ ആകയില്ല. നീ നല്ലവളാണ്. നിനക്കതു സാധിക്കയില്ല.

ഇ: മകള്‍: ഛീ! എന്റെ സ്ത്രീത്വത്തെ നിഷേധിക്കാതിരിക്കൂ… പോകൂ… സ്ത്രീയെന്നു വിളിക്കുന്ന ആ കല്പവശ്യതയുടെ ഒരംശമാണ് ഞാന്‍.

കാമുകന്‍ :നശിപ്പിക്കുന്ന വശ്യത. പ്രളയത്തിന്റെ ഭംഗി. നിന്റെ സൌന്ദര്യം! (മറയുന്നു)

ഇ: മകള്‍: (സ്വപ്നദര്‍ശിയെപ്പോലെ) നശിപ്പിക്കുന്ന വശ്യത!