close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 06 17


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 06 17
ലക്കം 457
മുൻലക്കം 1984 06 10
പിൻലക്കം 1984 06 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നാല്പതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പു് “അഞ്ചു ചീത്തക്കഥകള്‍” എന്ന പേരില്‍ ഒരു കഥാസമാഹാരഗ്രന്ഥം ആരോ പ്രസിദ്ധപ്പെടുത്തി. എസ്.കെ. പൊറ്റെക്കാട്ടിന്റെ “കള്ളപ്പശു”, പൊന്‍കുന്നം വര്‍ക്കിയുടെ “വിത്തുകാള” ഈ കഥകളോടൊപ്പം കേശവദേവിന്റെ “പതിവ്രത” എന്ന കഥയും അതിലുണ്ടായിരുന്നു. കഥയുടെ വിശദാംശങ്ങള്‍ എന്റെ ഓര്‍മ്മയില്‍ നിന്നു് ഓടിപ്പോയിരിക്കുന്നു. അരോഗദൃഢഗാത്രനായ ഭര്‍ത്താവും സുന്ദരിയായ ഭാര്യയും അവര്‍ക്കു് ഒരു മകനും. ഭര്‍ത്താവു് അകാലചരമം പ്രാപിക്കുന്നു. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞു്. ദൂരെയെവിടെയോ ആയിരുന്ന മകന്‍ അമ്മയുടെ വീട്ടിലെത്തുന്നു. ഭര്‍ത്താവിന്റെ അതേ ഛായായാര്‍ന്ന മകനെക്കണ്ടു് അവര്‍ ചലനം കൊള്ളുന്നു. മരിച്ചയാളിനോടു് അക്കാലത്തുണ്ടായിരുന്ന കാമവികാരമാണു് മകനെ കണ്ടപ്പോള്‍ ആ മാതാവിന്റെ മനസ്സില്‍ ഓളം തല്ലിയതു്. അവള്‍ പണിപ്പെട്ടു് സ്വയം നിയന്ത്രിച്ചു. രാത്രിയായി, അവള്‍ക്കു് ഉറക്കം വരുന്നില്ല. എഴുന്നേറ്റു. മകന്‍ കിടന്നുറങ്ങുന്ന മുറിയുടെ വാതിലില്‍ ചെന്നു തട്ടി. അയാളെഴുന്നേറ്റു വാതില്‍ തുറക്കുന്നതിനു മുന്‍പു് സന്മാര്‍ഗ്ഗചിന്തയാല്‍ പ്രചോദിതയായി അവള്‍ ‘ശാന്തം പാവം’ എന്നു പറഞ്ഞുകൊണ്ടു് തിരിച്ചു് സ്വന്തം മുറിയിലേക്കു പോന്നു.

കഥാപാത്രങ്ങളുടെ മാനസികവും സദാചാരപരവുമായ അംശങ്ങള്‍ക്കു് ഊന്നല്‍ നല്കാതെ ശാരീരക തലത്തിലേക്കു മാത്രം കഥയെ കൊണ്ടുചെല്ലുകയാണു് കേശവദേവ്. കാമവികാരോദ്ദീപനം എന്ന കൊടും വിപത്തില്‍ അമ്മയെന്ന കഥാപാത്രത്തിനു തകര്‍ന്നടിയാം; അല്ലെങ്കില്‍ അതിനോടു മല്ലിട്ടു വിജയം വരിക്കാം. ബഹിര്‍ഭാഗസ്ഥതയില്‍ അഭിരമിക്കുന്ന കേശവദേവിനു രണ്ടവസ്ഥകളും ചിത്രീകരിക്കാന്‍ കഴിയുന്നില്ല. മുതലാളിയോടു മര്യാദ ലംഘിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി, വിചാരിച്ചിരിക്കാത്ത സന്ദര്‍ഭത്തില്‍ ബനിയന്റെ ഉള്ളില്‍ ഒളിച്ചുവച്ച ചുവന്ന തുണി പെട്ടെന്നെടുത്തു വീശി ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നു വിളിക്കുന്നതു പോലെ കഥാകാരന്റെ കഥാപാത്രം ഝടിതിയില്‍ ‘ശാന്തം പാപം’ എന്നു് ഉദ്ഘോഷിച്ചിട്ടു് അങ്ങു നിഷ്ക്രമിക്കുകയാണു്. നിഷ്ക്രമിക്കട്ടെ. ഉപരിപ്ലവതയ്ക്കു് അതില്‍ക്കൂടുതലായി ഒന്നും സാദ്ധ്യമല്ലല്ലോ.

ആസ്ട്രോ-ഹംഗേറിയന്‍ സാഹിത്യകാരന്‍ ഗേസ ചേത്തിന്റെ (Ge’za Csath, 1887–1919) “Meeting Mother” എന്ന കഥ ഞാന്‍ വായിച്ചു.

“എനിക്കു ജന്മം നല്കിക്കൊണ്ടു് അമ്മ മരിച്ചു. മുറിയാകെ മരുന്നിന്റെ നാറ്റം. രക്തം അങ്ങിങ്ങായി ആവി പുറപ്പെടുവിച്ചു. ആളുകള്‍ മുറുമുറുത്തുകൊണ്ടു് വിരലൂന്നിനടന്നു. പ്രഭാതം അങ്ങകലെ. വളരെയകലെ. എന്റെ സുന്ദരിയായ അമ്മ വേദനയില്‍ ഏങ്ങിക്കൊണ്ടു പ്രാര്‍ത്ഥിച്ചു. അമ്മയ്ക്കു് ഇരുപതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അമ്മയെ മറന്നു. അങ്ങനെ കാലം കഴിഞ്ഞു. അതിനുശേഷം ഞാനെത്ര ചെറുപ്പക്കാരികളെ കണ്ടു! അവര്‍ തലമുടിയുടെ സൗരഭ്യം കൊണ്ടു് എന്റെ വിവര്‍ണ്ണമായ മുഖമുഴിഞ്ഞു. എന്റെ മെലിഞ്ഞ കണംകൈ അവരുടെ മൃദുലവും അലസവും അരുണാഭവുമായ കൈകള്‍ക്കു് ഉള്ളിലാക്കി. എന്റെ പുച്ഛമാര്‍ന്ന ചുണ്ടുകളെ മരണത്തിന്റെ ഹര്‍ഷങ്ങള്‍ പ്രസരിപ്പിക്കുന്ന ചുംബനങ്ങള്‍ കൊണ്ടു മൂടി. പക്ഷേ വര്‍ഷങ്ങള്‍ക്കു മുന്‍പു് ദീര്‍ഘനേരം ഏങ്ങിക്കൊണ്ടു്, ചോര തെറിച്ച, മരുന്നിന്റെ നാറ്റമാര്‍ന്ന മുറിയില്‍ കിടന്നു് അന്ത്യശ്വാസം വലിച്ച അമ്മയുടെ ഓര്‍മ്മയെ അതൊന്നും പ്രത്യാനയിച്ചില്ല.

കഴിഞ്ഞ രാത്രിയില്‍ അമ്മ എന്റെ മനസ്സിലെത്തി. ഞാന്‍ ഒരു സ്ത്രീയുടെ അടുത്തു നിന്നു് വൈകിയെത്തി ക്ഷീണിച്ചു് ഉറക്കത്തില്‍ വീണവനാണു്. അമ്മ അടുത്തടുത്തു വന്നു. ചെറുപ്പം. ഓജസ്സു് ഇവയാര്‍ന്ന അമ്മ. അമ്മയുടെ നീലക്കണ്ണുകള്‍ എന്നിലേക്കു താണു. ഓടിച്ചെന്നു് അമ്മയെ ഉമ്മവയ്ക്കാനും കെട്ടിപ്പിടിക്കാനും എനിക്കു കൊതി. പക്ഷേ, അമ്മയുടെ കൈ ചുംബിക്കാന്‍ പോലും അമ്മ അനുവദിച്ചില്ല. അതെനിക്കു് അദ്ഭുതമുളവാക്കി. ഞങ്ങള്‍ക്കു ചുറ്റും മേയ് മാസക്കാലം. വയലുകള്‍ക്കപ്പുറത്തു പാടുന്ന പുല്ലാങ്കുഴല്‍. ലില്ലിപ്പൂക്കള്‍ മാധുര്യമാര്‍ന്ന സുഗന്ധം ഞങ്ങള്‍ക്കു വേണ്ടി മൂളുകയായിരുന്നു. എന്റെ അമ്മ എന്തു സുന്ദരി! അവര്‍ എത്ര ചെറുപ്പം. എനിക്കു പാലുതരാത്ത അമ്മയുടെ കൊച്ചുമുലകളെ ഞാന്‍ ലില്ലിപ്പൂക്കള്‍ കൊണ്ടു മൂടി. നിശ്ശബ്ദമായ ചിരിയോടുകൂടി അമ്മ എന്നെ നോക്കി, എന്റെ കൈയിലെ പൂക്കള്‍ തീരുന്നതുവരെ. ഹാ, ഞങ്ങള്‍ നീലക്കാട്ടിലെത്തി. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വിഷാദം. കൈകോര്‍ത്തു പിടിച്ചു ഞങ്ങള്‍ പുല്‍ത്തകിടികളല്‍ നടന്നു. കാട്ടിന്റെ അതിരില്‍ വച്ച് ഞങ്ങള്‍ക്കു പരിയേണ്ടതാണു്. മരിച്ച സുന്ദരിയായ അമ്മയെ എനിക്കു കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, വേദനിപ്പിക്കപ്പെട്ട ഭാവത്തില്‍ അമ്മ എന്നെ നോക്കി. മാപ്പു തരുന്നു എന്ന രീതിയില്‍ അമ്മ എന്റെ കവിള്‍ തടവി. ധവളിമയാര്‍ന്ന മായാരൂപം പോലെ അവര്‍ അപ്രത്യക്ഷയായി. നീലക്കാടിന്റെ അരികില്‍ ഞാന്‍ നിന്നു: ദുഃഖിച്ചു്, ആരാധിച്ചു്. ഇപ്പോള്‍ ഞാനൊന്നും അമ്മയെ ഓര്‍മ്മിക്കുന്നു. കറുത്ത തലമുടിയുള്ള മധുര ശബ്ദമുള്ള യുവതികളെ ഞാന്‍ അമ്മയ്ക്കു വേണ്ടി ഉപേക്ഷിച്ചു. ഇപ്പോള്‍ എന്റെ സുന്ദരിയായ, ഇരുപതു വയസ്സുള്ള ഒരിരുണ്ട പ്രഭാതത്തില്‍ മരിച്ച അമ്മയെ ഞാന്‍ സ്വപ്നം കാണുന്നു; ദീര്‍ഘനേരം ഏങ്ങി മരിച്ച അമ്മയെ.” കഥ തീര്‍ന്നു.

വേശ്യയുടെ അടുക്കല്‍ നിന്നു തിരിച്ചെത്തിയ അയാള്‍ക്കു് അന്നു രാത്രിയില്‍ സ്വപ്നമുണ്ടാകുന്നു. സ്വപ്നത്തില്‍ ആവിര്‍ഭവിച്ച അമ്മയോടുള്ള അഗമ്യ ഗമനാസക്തിയെ കഥാകാരന്‍‍ പ്രഗല്ഭമായി സൂചിപ്പിക്കുന്നു. അമ്മ ആ ആസക്തി നിന്ദ്യമാണെന്നു വ്യക്തമാക്കിയതും അദ്ദേഹം ധ്വനിപ്പിക്കുന്നു. സ്വപ്നദര്‍ശനത്തിനു ശേഷം അയാള്‍ എല്ലാ മലിന ചിന്തകളില്‍ നിന്നും മുക്തനായി. കത്സിതമായ അഗമ്യ ഗമനാഭിലാഷം വിശുദ്ധമായ ആദ്ധ്യാത്മിക വികാരമായി മാറുന്നു. ഉദ്ഗ്രഥിതമായ ഭാവനാശക്തിയുടെ കഴിവാണിതു്. കേശവദേവ് എവിടെ? ഗേസ ഭചത്ത് എവിടെ? കേശവദേവ് എപ്പോഴും ‘സൂപര്‍ഫിഷലായ’ എഴുത്തുകാരനായേ എനിക്കു തോന്നിയിട്ടുള്ളു. നമ്മുടെ പല കഥാകാരന്മാരും ഇങ്ങനെ തന്നെയാണു്.

ഉമാമഹേശ്വരന്‍

ഇതെഴുതുന്ന ആള്‍ തിരുവനന്തപുരത്തെ സയന്‍സ് കോളേജിലാണു് ഇന്റര്‍മീഡിയറ്റിനു് പഠിച്ചതു്. തിങ്കളാഴ്ച കാലത്തു് ആദ്യത്തെ പീരിയെഡ് കഴിയാറാവുമ്പോള്‍ കുട്ടികളുടെ മുഖം മങ്ങും. കാരണം ഗോപാലകൃഷ്ണയ്യര്‍ സാര്‍ ബ്രൗണിങ്ങിന്റെ കവിത പഠിപ്പിക്കാന്‍ സെക്കന്‍ഡ് പീരിയെഡില്‍ വരുമെന്നതാണു്. ബ്രൗണിങ് ഗദ്യകവി. ചിന്താപ്രധാനമെങ്കിലും വികാരശൂന്യമായ കവിതയുടെ രചയിതാവു്. പഠിപ്പിക്കുന്ന സാറ് ഗോപാലകൃഷ്ണയ്യരും വളരെ വിരസം. ഒരു ദിവസം തിങ്കളാഴ്ച സെക്കന്‍ഡ് പീരിയെഡില്‍ ക്ലാസ്സിലേക്കു കയറിവന്നതു് ഉമാമഹേശ്വരന്‍ സാറാണു്. അദ്ദേഹം ചൊവ്വാഴ്ച രണ്ടാമത്തെ പീരിയെഡില്‍ വരേണ്ട ഗുരുനാഥനാണു്. ആഴ്ച തെറ്റിപ്പോയതാകാമെന്നു വിചാരിച്ചു കുട്ടികള്‍ വിളിച്ചുപറഞ്ഞു: “സാര്‍ ക്ലാസ്സ് നാളെയാണു്” ഉമാമഹേശ്വരന്‍ സാറ് പറഞ്ഞു: “ശരി തന്നെ. ഗോപാലകൃഷ്ണയ്യര്‍ നാളെ രണ്ടാമത്തെ പീരിയെഡില്‍ വരും. ഇതൊരു അഡ്ജസ്റ്റ്മെന്റ് ഈ ആഴ്ചത്തേക്കു മാത്രം.” കുട്ടികള്‍ ആഹ്ലാദിച്ചു. ഉമാമഹേശ്വരന്‍ സാറിന്റെ ക്ലാസ്സിലിരുന്നാല്‍ സമയം പോകുന്നതു് അറിയില്ല. അത്രയ്ക്കു രസമുണ്ടു്. വിചാരിച്ചിരിക്കാതെ ഉണ്ടാകുന്ന ഈ ആഹ്ലാദവും അതിനോടു ചേര്‍ന്ന അദ്ഭുതവുമുണ്ടല്ലോ അതാണു് കലയില്‍ നിന്നുണ്ടാകേണ്ടതു്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ ‘റെസ്റ്റോറന്റ്’ എന്ന കഥയെഴുതിയ അഷ്ടമൂര്‍ത്തിക്കു് രചനാ വൈദഗ്ദ്ധ്യമുണ്ടു്. അതു് ഇക്കാഥയിലും കാണാം. റെസ്റ്റൊറന്റില്‍ കൂട്ടുകാരനെ കാത്തിരിക്കുന്നു ഒരുവന്‍. അയാളുടെ മുന്‍പില്‍ ഒരു യുവതിയും വേറൊരുത്തരും. ആ വേറൊരുത്തന്‍ പോകുമ്പോള്‍ അവള്‍ അയാളോടു കൂട്ടുകൂടിത്തുടങ്ങുന്നു. വരേണ്ടയാള്‍ വന്നപ്പോള്‍ യുവതിയും കാത്തിരുന്നതു് അയാളെത്തന്നെയാണെന്നു വ്യക്തമാകുന്നു. ചെറുപ്പക്കാരി വേശ്യയാണെന്നു നമുക്കു ഗ്രഹിക്കാം. സര്‍വസാധാരണമായ ഈ വിഷയം ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട് കഥാകാരന്‍. പക്ഷേ വായനക്കാരനു് ആഹ്ലാദാനുഭൂതിയില്ല, അദ്ഭുതപ്രതീതിയില്ല. ഉമാമഹേശ്വരന്‍ സാറല്ല വരുന്നതു് ഗോപാലകൃഷ്ണയ്യര്‍ സാറാണു്.

* * *

ഗോപാലകൃഷ്ണയ്യര്‍ സാര്‍ ബ്രൗണ്ടിങ് കവിതയില്‍ പാണ്ഡിത്യമുള്ള ആളായിരുന്നു. അദ്ദേഹം ആ കവിയെക്കുറിച്ചു് പ്രബന്ധം തയ്യാറാക്കി ഇംഗ്ലീഷ് നിരൂപകന്‍ സേന്റ്സ്ബറീക്കു് അയച്ചുകൊടുത്തു പോലും. ഉടനെ സായ്പിന്റെ മറുപടി വന്നു. അതു് സാറ് ക്ലാസ്സില്‍ കൊണ്ടുവന്നു കുട്ടികളെ വായിച്ചു കേള്‍പ്പിച്ചുവെന്നാണു് കഥ. സേന്റ്സ്ബറീയുടെ കത്തു് ഏതാണ്ടു് ഇങ്ങനെയായിരുന്നു: You have not considerably added to the nonsense that has been written on Browning. യഥാര്‍ത്ഥമാണോ ഇതു്? അതോ സാറിന്റെ അതിരു കടന്ന ബ്രൗണിങ് കവിതാപ്രതിപത്തി കണ്ടു് വല്ല രസികനും നിര്‍മ്മിച്ചു വച്ചതോ?

ഗീയാന്‍

ക്യൂബയിലെ സുപ്രധാനനായ കവിയാണു് നീകോലാസ് ഗീയാന്‍ (Nicolas Guillen, 1902), മ്യൂലറ്റോയാണു് അദ്ദേഹം (അച്ഛനമ്മമാരില്‍ ഒരാള്‍ ധവള വര്‍ഗ്ഗത്തിലും മറ്റേയാള്‍ കറുത്ത വര്‍ഗ്ഗത്തിലും പെടുമ്പോള്‍ ആ സന്തതിയെ മ്യൂലറ്റോ — mulatto — എന്നു വിളിക്കുന്നു). സങ്കരജാതിയില്‍പ്പെട്ട ഗീയാന്‍ നീഗ്രോ കവിതയുടെ (poesia negra) ഉദ്ഘോഷകനായതില്‍ വിസ്മയിക്കാനില്ല. ഇത്തരം കവിതയില്‍ പ്രാകൃതിക ലൈംഗികത, ഹര്‍ഷോന്മാദം, ആഭിചാരം, ഗുഢാര്‍ത്ഥ സ്വഭാവം, ഒരളവിലുള്ള നെഗ്രിറ്റ്യൂഡ് (negritude = ആഫ്രിക്കന്‍ ദേശീയത സാഹിത്യത്തിലും മാനവിക ശാസ്ത്രത്തിലും പ്രതിഫലിക്കണമെന്ന വാദം) ഇവ കാണുമെന്നു നിരൂപകമതം. I am the son, the great grandson and the great-great-grandson of a slave എന്നു പ്രഖ്യാപിച്ച ഗീയാന്‍ കമ്മ്യൂണിസ്റ്റാണു്. അതുകൊണ്ടു് ന്യാസീകൃത കവിതയുടെ (Committed Poetry) നേതാവുമാണു്. കവിതയ്ക്കു സമര്‍പ്പിതസ്വഭാവം വരുമ്പോള്‍ പ്രചാരണ സ്വഭാവവും വാവദൂകതയും വന്നുകൂടും. ഗീയാന്റെ, ഞാന്‍ വായിച്ചിടത്തോളം കാവ്യങ്ങളില്‍ ഈ ദോഷങ്ങളുണ്ടു്. The troubled waters of the river are deep and hold their dead; turtle shells, heads of black children. At night the river sticks out its arms and tears the silence with its nails, which are the nails of a frenzied crocodile. — ഈ ഭാഗം ഗീയാന്റെ Ballad of the Little Black Dwarf എന്ന കാവ്യത്തിലെ ഒരു ഭാഗമാണു് (ഛന്ദോബദ്ധമായ മൂലകാവ്യത്തിന്റെ ഗദ്യപരിഭാഷ). കലാപരമായ ആവശ്യകതയില്‍ക്കവിഞ്ഞ വാചാലത ഈ ഭാഗത്തിനുണ്ടു്. അതു് ഗീയാന്റെ മാനസികനിലയുടെ സവിശേഷതയോടു ബന്ധപ്പെട്ടിരിക്കുന്നു. നീഗ്രോയുടെ പ്രശ്നങ്ങള്‍ക്കു് (പ്രശ്നത്തിനു ചോദ്യമെന്നേ അര്‍ത്ഥമുള്ളു) പരിഹാരം ലഭിക്കുമ്പോള്‍ ഇത്തരം കാവ്യങ്ങള്‍ വിസ്മരിക്കപ്പെടും.

“പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍” എന്നു പണ്ടു വള്ളത്തോളെഴുതിയതു വായിച്ചു പുളകമനുഭവിച്ചവര്‍ ഇന്നു് ആ കാവ്യം വായിക്കുമോ? വായിച്ചാല്‍ അവര്‍ക്കു പുളകമുണ്ടാകുമോ? പ്രചാരണ സ്വഭാവമാര്‍ന്ന കാവ്യങ്ങള്‍ക്കു ചിരസ്ഥായിത്വമില്ല. ഗീയാന്റെ ചില പദ്യങ്ങള്‍ അയ്യപ്പപ്പണിക്കര്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഉമിക്കരി ചവച്ചപോലെ വിരസങ്ങളായ ഇത്തരം തര്‍ജ്ജമകള്‍ കൊണ്ടു് നമ്മള്‍ ഒന്നും നേടുന്നില്ല.

* * *

Native Son എന്ന നോവലെഴുതി വിശ്വവിഖ്യാതനായി ഭവിച്ച റിച്ചേഡ് റൈറ്റ് അമേരിക്കയിലെ നീഗ്രോ സാഹിത്യകാരനാണു് (1960-ല്‍ മരിച്ചു). അതുകൊണ്ടു അദ്ദേഹം Political poetry is proverbially bad poetry — രാഷ്ട്ര വ്യവഹാരത്തെസ്സംബന്ധിച്ച കവിത കുപ്രസിദ്ധമായ വിധത്തില്‍ അധമ കവിതയാണു് — എന്ന ചൊല്ലിന്റെ സത്യാത്മകത തെളിയിക്കുന്ന ആളുമാണു്. എങ്കിലും ചിലപ്പോള്‍ ശുദ്ധസൗന്ദര്യത്തിന്റെ ഉപാസകനായി പ്രത്യക്ഷനാകാറുണ്ടു് അദ്ദേഹം.

In the falling snow
A laughing boy holds out his palms
Until they are white.

നീഗ്രോയുടെ വേദനവേണമെങ്കില്‍ ഇതിലും കാണാം. പക്ഷേ സൗന്ദര്യത്തിനാണു് ഇവിടെ പ്രാധാന്യം.

ഒ.എന്‍.വി. കുറുപ്പു്

ഒ.എന്‍.വി. കുറുപ്പിന്റെ “സൂര്യഗീത”ത്തെ ഞാന്‍ “സുപ്രീം എച്ചീവ്മെന്റ്” Supreme achievement — പരമോന്നതമായ നേട്ടം) എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു (കലാകൗമുദി). വയലാര്‍ രാമവര്‍മ്മയെയും ഒ.എൻ.വി.യെയും താരതമ്യപ്പെടുത്തുന്ന ചില അപക്വമതികള്‍ രാമവര്‍മ്മയ്ക്കാണു് സര്‍ഗ്ഗശക്തി കൂടുതലെന്നു പറയാറുണ്ടു്. ആ താരതമ്യം ശരിയല്ല. ആ പ്രസ്താവവും ശരിയല്ല. ബഹുഭാഷിതയിലാണു് രാമവര്‍മ്മയ്ക്കു കൗതുകം. മധുരപദങ്ങളുടെ സന്നിവേശം കൊണ്ടു ജനിപ്പിക്കുന്ന ബാഹ്യമായ താളമാണു് വയലാര്‍ക്കവിതയുടെ സവിശേഷത. മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത എന്നു വിശ്വസിക്കുന്ന ഒ.എന്‍.വി. ആന്തരലയത്തില്‍ അഭിരമിക്കുന്ന കവിയാണു്. സൂര്യഗീതത്തിന്റെ കര്‍ത്തൃത്വം കൊണ്ടു് അദ്ദേഹം വയലാര്‍ രാമവര്‍മ്മയെ മാത്രമല്ല ഇന്നത്തെ പല കവികളെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു.

സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന ആ മഹാഗോളത്തിനു ചുറ്റും മറ്റും ഗോളങ്ങളും ഉപഗ്രഹങ്ങളും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ആ മഹാഗ്രഹമൊന്നു കണ്ണടച്ചാല്‍ മറ്റു കോടാനുകോടി ഗ്രഹങ്ങള്‍ അന്ധകാരത്തില്‍ വീഴും. തന്റെ ഉജ്ജ്വല കാവ്യത്തിന്റെ കേന്ദ്രസ്ഥാനത്തു് സൂര്യനെ പ്രതിഷ്ഠിച്ചിട്ടു് കവി ഈ ലോകത്തുള്ള ചരാചരങ്ങളെയാകെ ഭ്രമണം ചെയ്യിക്കുന്നു. അപ്പോള്‍ അനുവാചകന്‍ കാണുന്നതു് ഔജ്ജ്വല്യം, കേള്‍ക്കുന്നതു് ഗ്രഹങ്ങളുടെ ഉദാത്ത സംഗീതം. ക്ഷുദ്രങ്ങളയേ വസ്തുക്കളില്‍പ്പോലും ഈ മഹാചൈതന്യം പ്രസരിക്കുന്നതു് കവിയുടെ വാക്കുകളില്‍ക്കൂടിത്തന്നെ ദര്‍ശിച്ചാലും:

… … … … … തില
മണികളിലെഴും സ്നേഹകണികകള്‍ കുറന്നെടു
ത്തൊരു മണ്‍ചിരാതിന്റെ തിരിയിലിറ്റിച്ചതിന്‍
തിരുമിഴിതിളക്കവേ, ഇരുള്‍ വിറക്കൊള്‍കവേ
നീയതിലുയിര്‍ക്കുന്നു സൂര്യ!…
പാറിപ്പറന്നുവന്നായിരം ഖദ്യോത
ജാലങ്ങളാരണ്യ ശാഖികളില്‍ സൗവര്‍ണ്ണ
കേസരമെഴുന്ന പൂങ്കുലകളായുലയവേ
നീയതിലുയിര്‍ക്കുന്നു സൂര്യ!…”

ഗോളങ്ങള്‍ക്കു ചാക്രികചലനം ഉള്ളതുപോലെ ഈ കാവ്യത്തിനും ചാക്രികചലനമുണ്ടു്. ആന്തരലയമാണു് അതുളവാക്കുന്നതു്. ഈ ചലനം സ്നേഹത്തിന്റെ ചലനശക്തിയോടു ബന്ധപ്പെടുത്തിയിരിക്കുന്നു കവി. ആ സ്നേഹത്തിന്റെ പ്രതി രൂപം സൂര്യനും. സൂര്യനോടുബന്ധപ്പെട്ടവയെല്ലാം സ്നേഹത്തിന്റെ പ്രതിരൂപങ്ങളും. അങ്ങനെ എല്ലാം സ്നേഹമയം, സൂര്യനെക്കുറിച്ചുള്ള ഈ ഗീതം വിശ്വസ്നേഹത്തെക്കുറിച്ചുള്ള ഗീതമായി ഭവിക്കുന്നു. മഹനീയമായ അനുഭവമത്രേ ഈ കാവ്യത്തിന്റെ പാരായണം.

ആന്റി ക്ളൈമാക്സ്

പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുന്നു. അതിന്റെ പേരില്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാകെ പണിമുടക്കുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ പ്രിന്‍സിപ്പലിനു ഭാവമില്ല. അടുത്ത ദിവസം കോളേജ് മുഴുവന്‍ സ്ട്രൈക്കിലേര്‍പ്പെടുന്നു. പട്ടണത്തിലെ കോളേജുകള്‍ എല്ലാം അതിനടുത്ത ദിവസം പണിമുടക്കുന്നു. പിന്നെ സ്റ്റേറ്റിലെ കോളേജുകളാകെ സ്ട്രൈക്കില്‍. സര്‍ക്കാര്‍ വക ബസ്സുകള്‍ കത്തിക്കുന്നു. വലിയ ബഹളം. വെടിവയ്പു്. മരണങ്ങള്‍. ഇതാണു് ക്രമാനുഗതമായ പരകോടിയിലേക്കുള്ള കയറ്റം. ഇനി മറ്റൊരു സംഭവം.

പഠിക്കുന്ന കാലത്തു് തെമ്മാടിയായി നടന്നവന്‍ കോണ്‍ഡെക്ട് സര്‍ട്ടിഫിക്കറ്റിനായി പ്രിസിപ്പലിന്റെ അടുക്കലെത്തുന്നു. പ്രിന്‍സിപ്പല്‍: “ആരെടാ, രാമകൃഷ്ണനോ? നിനക്കു് സ്വഭാവ സര്‍ട്ടിഫിക്കറ്റോ? പൊയ്ക്കോ. തെമ്മാടികള്‍ക്കു ഗുഡ് കോണ്‍ഡെക്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ തരില്ല” രാമകൃഷ്ണന്‍ നെഞ്ചു ഞെളിച്ചുപിടിച്ചുനിന്നു് പറയുന്നു: “സാറേ സര്‍ട്ടിഫിക്കറ്റ് തന്നേ തീരു. വാങ്ങിയേ ഞാന്‍ പോകൂ.” പ്രിന്‍സിപ്പല്‍: “പ്യൂണ്‍, ഇവനെ പിടിച്ചു് വെളിയിലാക്കു”. വെളിയിലാക്കി, പഴയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയുടെവാതില്ക്കല്‍ നീണ്ടു നിവര്‍ന്നു് കിടക്കുന്നു. അയാളുടെ കക്ഷിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടുന്നു. ‘പ്രിന്‍സിപ്പല്‍ നീതി പാലിക്കുക, സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കില്‍ കൊടുപ്പിക്കും’ എന്നൊക്കെ തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ എടാ…മോനേ സര്‍ട്ടിഫിക്കറ്റ് കൊടുക്കെടാ എന്ന നിലവിളിയില്‍ അവസാനിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ കസേരയില്‍ നിന്നെഴുന്നേല്ക്കുന്നു. രാമകൃഷ്ണന്റെ തോളില്‍ മൃദുലമായി തട്ടുന്നു. “രാമകൃഷ്ണാ, എഴുന്നേല്ക്കു്, ഞാന്‍ നിനക്കു സര്‍ട്ടിഫിക്കറ്റ് തരില്ലെന്നു പറഞ്ഞോ. ഞാന്‍ ഇവിടെ ഇരിക്കുന്നതു് അതിനല്ലേ? വാ, നിനക്കു് എത്ര സര്‍ട്ടിഫിക്കറ്റ് വേണം?” എന്നു മൊഴിയുന്നു. വെപ്രാളത്തോടുകൂടി എഴുതുന്നു: The Character of Mr Ramakrishnan is excellent.” പഠിച്ച കാലത്തു് കോളേജ് തീവച്ചവനും പ്രതിയോഗി നേതാവന്റെ മുഖത്തു് സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചവനുമായ രാമകൃഷ്ണന്‍ മുണ്ടിന്റെ ഒരു വശം പൊക്കി മുഷ്കവൃദ്ധിയുള്ളവനെപ്പോലെ കവച്ചുകവച്ചു നടന്നു പോകുന്നു. പ്രിന്‍സിപ്പല്‍ ക്ഷീണിച്ചവശനായി കസേരയില്‍ ഇരിക്കുന്നു. (യഥാര്‍ത്ഥസംഭവം, പ്രിന്‍സിപ്പല്‍ പിന്നീടു് ഡെപ്യൂട്ടി കോളീജിയേറ്റ് ഡയറക്ടറായി. പെന്‍ഷന്‍ പറ്റി. മരിച്ചു. മേ ഹിസ് സോള്‍ റസ്റ്റ് ഇന്‍ പീസ്.) ഇതു് ആന്റി ക്ലൈമാക്സ്. ക്രമാനുഗതമായ ഈ tilting off ദയനീയമാണു്. ഇതു തന്നെയാണു് ഹരികുമാര്‍ കലാകൌമുദിയിലെഴുതിയ “വെറുമൊരു ബ്ലാക്ക് മെയ്‌ലര്‍” എന്ന കഥയുടെ മുദ്ര. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികവേഴ്ച അവരറിയാതെ ഫോട്ടോ എടുത്ത ഒരുത്തന്‍ പുരുഷനെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നു. ഇരുപത്തയ്യായിരം രൂപ ചോദിച്ച അയാള്‍ വെറും രണ്ടു രൂപയ്ക്കു വേണ്ടി ഒടുവില്‍ യാചിക്കുന്നു. അതിലെ ആന്റി ക്ലൈമാക്സ് തന്നെ കഥയിലുമുണ്ടു്. വര്‍ണ്ണോജ്ജ്വലങ്ങളായ ആയിരമായിരം കൊച്ചുഗോളങ്ങളായി അന്തരീക്ഷത്തില്‍ ചിതറി വീഴേണ്ട അമിട്ടു് ‘ശ്ശൂ’ എന്ന ശബ്ദം കേള്‍പ്പിച്ചുകൊണ്ടു് കെട്ടുപോകുന്ന പ്രതീതി. സത്യം പറഞ്ഞാല്‍ പോരാ കഥാകാരന്‍. സത്യം അതിന്റെ തീക്ഷ്ണതയില്‍ ആവിഷ്കരിക്കണം.

പച്ചയായ അനുഭവം

വിഖ്യാതനായ നരവംശശാസ്ത്രജ്ഞനാണു് ക്ലോദ് ലേവീ സ്റ്റ്രൗസ് (Claude Levi-Straauss) ഇറച്ചി പൊരിക്കുന്നതു് സ്വാഭാവിക പ്രവര്‍ത്തനവും അരി വെള്ളത്തിലിട്ടു തിളപ്പിച്ചു് ചോറാക്കുന്നതു സാംസ്കാരിക പ്രവര്‍ത്തനവുമാണെന്നു് പറഞ്ഞിട്ടുണ്ടു്. പൊരിച്ച ഇറച്ചി ഭാഗികമായി മാത്രം പാകപ്പെടുത്തിയതാണു്. വെള്ളമോ വായുവോ വേണ്ട അതിനു്. തീ മതി. അതുകൊണ്ടു് അതൊരു ഭാഗിക പ്രവര്‍ത്തനമത്രേ. (ചീനച്ചട്ടിയിലോ മറ്റോ ഇടാതെ നേരെ തീയിലേക്കു മാംസം ഇടുന്നതിനെയാണു് ലേവി സ്റ്റ്രൗസ് ലക്ഷ്യമാക്കുന്നതു്.) അരി വേവിക്കുമ്പോള്‍ വെള്ളം വേണം. സംസ്കാരത്തിന്റെ ഒരു ഭാഗമായ പാത്രം വേണം. അതുകൊണ്ടാണു് ചോറുണ്ടാക്കുന്നതു സാംസ്കാരിക പ്രവര്‍ത്തനമായതു്.

ഇതു മനുഷ്യനെസ്സംബന്ധിച്ച കാര്യം. മൃഗത്തിനെ സംബന്ധിച്ചാണെങ്കില്‍? പച്ചമാംസം തന്നെ കടുവയുടെ കൂട്ടിലേക്കു് എറിയണം. പൊരിച്ച ഇറച്ചി അവന്‍ തൊട്ടില്ലെന്നു വരും. മനുഷ്യന്റെ അനുഭവങ്ങളും പച്ചമാംസക്കഷണങ്ങള്‍ തന്നെ. അവ പൊരിച്ചാലേ, വേവിച്ചെടുത്താലേ കഴിക്കാനാവൂ. സര്‍ഗ്ഗശക്തിയുള്ള കലാകാരന്മാര്‍ ഭാവനയുടെ അഗ്നിയില്‍ അതു വേവിച്ചെടുക്കുന്നു; നമുക്കു ഭക്ഷിക്കാനായി. മനോരാജ്യത്തില്‍ ‘കറുത്ത സായാഹ്നങ്ങള്‍’ എന്ന കഥയെഴുതിയ തുളസി കോട്ടുക്കലിന്റെ വിചാരം വാരികകള്‍ വായിക്കുന്ന നമ്മളെല്ലാം കൂട്ടില്‍കിടക്കുന്ന വ്യാഘ്രങ്ങളാണെന്നാണു്. അനുഭവത്തിന്റെ പച്ചയിറച്ചി അദ്ദേഹം നമ്മുടെ നേര്‍ക്കെറിയുന്നു. നമ്മള്‍ കടുവകളല്ലാത്തതുകൊണ്ടു് അതു തൊടുന്നതേയില്ല. രവിയെ ഭാര്യവീട്ടുകാരും സ്വന്തം വീട്ടുകാരും അലട്ടുന്നു. സഹോദരിയെ വിവാഹം കഴിച്ചയയ്ക്കാന്‍ ഭാര്യവീട്ടുകാര്‍ തടസ്സം. ചുമതലയെന്ന നിലയില്‍ അതു ചെയ്തേ തീരൂ എന്നു രവിയുടെ അച്ഛന്‍. രണ്ടു വികാരങ്ങളും തമ്മില്‍ സംഘട്ടനം. “ദശാവിശേഷാല്‍ സാമാര്‍ത്ഥ്യമാര്‍ന്നു് ഒടുവിലത്തതു താന്‍ ജയിച്ചു.” പക്ഷേ ഇതു കഥയുമല്ല, സാഹിത്യവുമല്ല. ഇറച്ചി എറിയലാണു്.

ജോവാന്നി

വളരെയൊന്നും വായിക്കാതെ ധാരാളം വായിച്ചുവെന്നു് നടിക്കുന്ന ആളുകളുണ്ടു്. ധാരാളം വായിച്ചാലും അതു പ്രകടിപ്പിക്കാതെ കഴിയുന്നവരുമുണ്ടു്. പി.സി. കുട്ടിക്കൃഷ്ണന്‍ ചില പുസ്തകങ്ങള്‍ വായിക്കും. അതിനെക്കുറിച്ചു പറയുകയും ചെയ്യും. ഒരു ദിവസം മീറ്റിങ്ങിനു പോകുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു. “മൊറേവ്യായുടെ The Two of us എന്ന നോവല്‍ നിങ്ങള്‍ വായിച്ചോ?” ഞാന്‍: “വാങ്ങി വച്ചിട്ടുണ്ടു്. വായിച്ചില്ല.” പി.സി. “എന്നാല്‍ വായിക്കൂ. സ്വന്തം ജനനേന്ദ്രിയം ഒരുത്തനെ പീഡിപ്പിക്കുന്നതിന്റെ കഥയാണിതു്.” കുട്ടിക്കൃഷ്ണന്‍ പറഞ്ഞതുകൊണ്ടു് ഞാനതു വായിച്ചു. മഹാനായ കലാകാരനാണു് മൊറേവ്യാ എന്നു് നിരൂപകന്‍ പറയുന്നുണ്ടെങ്കിലും എനിക്കു് ആ നോവല്‍ ഇഷ്ടപ്പെട്ടില്ല. അതിന്റെ പ്രമേയം — ലൈംഗികമായ സമ്മര്‍ദ്ദം കുടുമ്പോള്‍ റോമാക്കാരായ ചെറുപ്പക്കാര്‍ സ്വന്തം ജനനേന്ദ്രിയത്തെ നോക്കിക്കൊണ്ടു പറയും പോലും: ഹാ ജോവാന്നി നീ എന്നെ പറ്റിച്ചല്ലോ. ഇതു വഞ്ചനയാണു്.” റോമാക്കാരനെ പറ്റിക്കുന്ന ജോവാന്നിയെപ്പോലെ സുകുമാര്‍ കൂര്‍ക്കാംചേരി “മലയാളനാട്ടു”കാരെ പറ്റിക്കുന്നു. അടുത്ത വീട്ടിലെ കറുമ്പിപ്പെണ്ണു് തന്തയ്ക്ക് ജനിച്ചവളല്ല, മറ്റൊരുത്തനു് ഉണ്ടായവളാണെന്നു് ഒരു മെഡിക്കല്‍ റെപ്രിസെന്‍റ്റേറ്റീവ് കണ്ടുപിടിച്ചു പോലും. കണ്ടുപിടിക്കട്ടെ. അതു സാഹിത്യമാണെന്നു് അയാളും സുകുമാറും പറയാതിരുന്നാല്‍ മതി. അത്യാവശ്യമായി ഡോക്ടറെ കാണാന്‍ ചെന്നിരിക്കുകയും മൂന്നു മണിക്കൂറിനു ശേഷം നമ്മുടെ ഊഴം വരികയും ചെയ്യുമ്പോള്‍ ഇറുകിപ്പിടിച്ച സൂട്ടിനകത്തു സ്വന്തം ശരീരം കടത്തിവിട്ടു് ഒരു കറുത്ത ബാഗുമായി വടി പോലെ ഡോക്ടറുടെ മുറിയിലേക്കു കയറിപ്പോയി ഒന്നു് ഒന്നര മണിക്കൂര്‍ നേരം അദ്ദേഹത്തോടു സംസാരിക്കുന്ന, അത്രയും നേരം നമ്മെ ഡോക്ടറെ കാണാന്‍ സമ്മതിക്കാത്ത മെഡിക്കല്‍ റെപ്രിസെന്‍റ്റേറ്റീവിനെക്കാള്‍ എത്രയോ നല്ലവനും പരോപകാര തല്‍പരനുമാണു് സുകുമാറിന്റെ കഥയിലെ മെഡിക്കല്‍ റെപ്രിസെന്‍റ്റേറ്റീവ്. അയാള്‍ അയല്‍ വീട്ടിലെ പെണ്ണിന്റെ അര്‍ദ്ധനഗ്നമേനി കണ്ടു രസിക്കുന്നവന്‍ മാത്രമാണല്ലോ. അവളുടെ തന്തയാരാണെന്നു കണ്ടുപിടിക്കുന്നവന്‍ മാത്രമാണല്ലോ.

* * *

ഡോക്ടറെക്കുറിച്ചു് ഇവിടെ എഴുതിയപ്പോള്‍ ഫ്രഞ്ചു് സാഹിത്യനായകന്‍ അലക്സ്സാങ്ദ്രെ ദൂമ ഒരു ഡോക്ടറെക്കുറിച്ചെഴുതിയതു് ഓര്‍മ്മയില്‍ വരുന്നു. പ്രസിദ്ധനായ ഡോക്ടര്‍ ഷീസ്തയുടെ അതിഥിയായിച്ചെന്നു ദൂമ. ഡിന്നറിനു ശേഷം ഡോക്ടര്‍ അദ്ദേഹത്തോടു് അഭ്യര്‍ത്ഥിച്ചു തന്റെ ആല്‍ബത്തില്‍ എന്തെങ്കിലും എഴുതാന്‍. ദൂമ പുഞ്ചിരി തൂകിക്കൊണ്ടു് എഴുതി: “ഡോക്ടര്‍ ഷീസ്ത രോഗികളെ ചികിത്സിക്കാന്‍ നമ്മുടെ പട്ടണത്തില്‍ വന്നതിനു ശേഷം ആശുപത്രി ഇടിച്ചു പൊളിച്ചു കളഞ്ഞു.” ഡോക്ടര്‍ അതു കണ്ടു സന്തുഷ്ടനായി, “മുഖസ്തുതിക്കാരാ” എന്നു ദൂമയെ വിളിച്ചു. ദൂമ തുടര്‍ന്നു് എഴുതിക്കൊണ്ടിരുന്നു: “എന്നിട്ടു് അതിന്റെ സ്ഥാനത്തു് വലിയൊരു ശവപ്പറമ്പു് ഉണ്ടാക്കി.”

* * *

ആസ്ട്രേലിയന്‍ സാഹിത്യം മറ്റൊരു സാഹിത്യത്തിന്റെയും പിറകിലല്ല. നോവല്‍ രചനയ്ക്കു പല സമ്മാനങ്ങളും നേടിയ David Malouf എഴുതിയ Child’s Play ഉജ്ജ്വലമായ നോവലാണു്. “I am what the newspapers call a terrorist” എന്നു തന്നെ വിശേഷിപ്പിക്കുന്ന ഒരു ഭീകര പ്രവര്‍ത്തകന്‍ മഹായശസ്കനായ ഒരു സാഹിത്യകാരനെ കൊല്ലാന്‍ വേണ്ടി തയ്യാറെടുക്കുന്നു. വധം കഴിഞ്ഞാല്‍ അയാള്‍ക്കു് അവിടം വിട്ടുപോകാം. ഭീകരപ്രവര്‍ത്തകന്‍ സാഹിത്യകാരന്റെ മുന്‍പില്‍ചെന്നു… വരട്ടെ നോവല്‍ വായിക്കാന്‍ താല്പര്യമുള്ളവരുടെ രസത്തിനു് ഞാന്‍ ഭംഗം വരുത്തുന്നില്ല. അസാധാരണമായ ശക്തിയുള്ള നോവലാണിതു്. ആസ്ട്രേലിയയിലെ പെന്‍ഗ്വിന്‍ ബുക്ക്സാണു് ഇതു പ്രസാധനം ചെയ്തതു്. And in the miraculous assurance of being safe at last, walk on under the early blossoms എന്നു നോവലിന്റെ അവസാനം. ഈ നോവലിസ്റ്റിന്റെ മുമ്പില്‍ നമ്മുടെ കലാബോധവും സുരക്ഷിതമത്രേ.