close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 03 01


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 03 01
ലക്കം 859
മുൻലക്കം 1992 02 23
പിൻലക്കം 1992 03 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പുളിമാന പരമേശ്വരന്‍ പിള്ളയുടെ കവിത, കഥ, നാടകം ഇവയെക്കുറിച്ച് നല്ല വാക്കുകള്‍ തന്നെ പറയട്ടെ. പക്ഷെ അവയുടെ രഹസ്യമറിയുന്നവര്‍ മന്ദസ്മിതം പൊഴിച്ചാല്‍ അവരെ കുറ്റപ്പെടുത്തരുത്.

“ഇനിയൊന്നും പറയാനില്ലാത്ത മനുഷ്യന്റെ ചുണ്ടുകള്‍ ഒടുവില്‍പ്പറഞ്ഞ വാക്കിന്റെ രൂപം ആ ചൂണ്ടുകളില്‍ത്തന്നെ സൂക്ഷിച്ചുവച്ചിരിക്കും. വീട്ടിലേക്കു തിരിച്ചുപോരുമ്പോള്‍ കൈയിലിരുന്ന കുടത്തിലെ വെള്ളം ലാഞ്ചി പകതിയോളം ആയിപ്പോയാലും അതിന്റെ ആദ്യത്തെ ഭാരംതന്നെ അനുഭവപ്പെട്ടുകൊണ്ടിരിക്കും.” ഇതു പറഞ്ഞതു റഷ്യന്‍ കവി ഒസിപ്മാന്‍ദില്‍സ്തെമ്മാണ്. (Osip Mandelstam 1892-1940? 1933-ല്‍ അല്ലെങ്കില്‍ 1934-ല്‍ മഹാനായ ഈ കവിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഒരു തടങ്കല്‍പ്പാളയത്തില്‍ കഴിഞ്ഞുകൂടവേ അദ്ദേഹം “ഹൃദയസ്തംഭന”ത്താല്‍ മരിച്ചു.) മാന്‍ദില്‍സ്തെമ്മിന്റെ കാവ്യങ്ങള്‍ വായിച്ചുണ്ടായ ലഹരിയിലിരുന്നുകൊണ്ടാണ് ഞാന്‍ ഈ വരികള്‍ കുറിക്കുന്നത്. ചില വരികള്‍ കേള്‍ക്കുക:

“I am the gardner, I am the flower too
I am not lonely in the prison of the world.
Already on the windowpanes of eternity
my breathing, my warmth, has settled.
A pattern is imprinted on it
but lately can’t be recognized.
Let the moment’s dross flow down;
the gentle pattern cannot be effaced.”

നിത്യതയുടെ ജാലകത്തിന്റെ കണ്ണാടിച്ചില്ലില്‍ കവിയുടെ ശ്വാസവും ചൂടും പതിച്ചുകഴിഞ്ഞു. മാന്‍ദില്‍സ്തെമ്മിന്റെ കവിതയെക്കുറിച്ചും ഇതുതന്നെയാണു പറയാനുള്ളത്. അജ്ഞേയങ്ങളായ ഔന്നത്യങ്ങളുടെ സാന്നിദ്ധ്യത്തില്‍ അജേയമായ ഭയമനുഭവിക്കുന്ന കവി അന്തരീക്ഷത്തില്‍ മീവല്‍പ്പക്ഷിയെ കാണുമ്പോള്‍ ആഹ്ളാദിക്കുന്നുവെന്നു എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിത അനായാസമായി ഗൂഢാര്‍ത്ഥങ്ങളായ ഔന്നത്യങ്ങളെ ആവിഷ്കരിക്കുന്നവതന്നെയാണ്. ഈ മഹാകവിയുടെ കവിതയെക്കുറിച്ചു പറയാനല്ല ഞാന്‍ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ കവിതപോലെ ചേതോഹരവും പ്രൗഢവുമായ ഗദ്യരചനകളെപ്പറ്റി എഴുതാനാണ് എനിക്കു കൗതുകം.

ലണ്ടനിലെ കോളിന്‍സ് ഹാര്‍വില്‍ പ്രസാധകര്‍ മാന്‍ദില്‍സ്തെമ്മിന്റെ പ്രബന്ധങ്ങള്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമചെയ്തു സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (The Collected Critical Prose and Letters, Osip Mandelstam, Edited by Jane Gary Harris, Pages 726, U.K. GBP 9.55). എല്ലാം കൊണ്ടും മഹനീയമായ ഈ ഗ്രന്ഥം വായിച്ചു കഴിയുമ്പോള്‍ വിശ്വവിഖ്യാതനായ ബ്രൂസ് ചറ്റ്വിന്‍ “He is our century’s literary martyr. Another age would have made him a saint” എന്നു പറഞ്ഞത് ശരിയാണെന്നു നമ്മള്‍ സമ്മതിക്കും. അറുപത്തിയൊന്‍പതു പ്രബന്ധങ്ങളും തൊണ്ണൂറ്റിയേഴുകത്തുകളും വിദ്വജ്ജനോചിതങ്ങളായ നോട്ടുകളുമടങ്ങിയ ഈ പുസ്തകത്തിന്റെ സ്വഭാവം ഒന്നു സൂചിപ്പിക്കാന്‍പോലും ഇവിടെ സ്ഥലമില്ല. കവിയുടെ മൗലികതയിലേക്ക് ഒരു നെയ്ത്തിരികത്തിച്ചു കാണിക്കാനേ കഴിയുകയുള്ളു. ഭ്രാന്തിന്റെ ഭീഷണസ്വഭാവത്തിന്റെ പ്രതീതിയുളവാക്കുന്ന ഭ്രാന്തന്റെ സവിശേഷതയെന്തെന്ന് മാന്‍ദില്‍സ്തെം ചോദിക്കുന്നു. അയാളുടെ വിടര്‍ന്ന കൃഷ്ണമണികളോ? നിര്‍ജ്ജീവങ്ങളായ അവ നിങ്ങളെ ശൂന്യമായി തുറിച്ചുനോക്കുന്നല്ലോ. ആ കൃഷ്ണമണികള്‍ ഒന്നിലും ചെന്നുപതിക്കുന്നില്ല. അയാളുടെ ഉന്മാദമാര്‍ന്ന വാക്കുകളോ? ഭ്രാന്തന്‍ നിങ്ങളെ പരിഗണിക്കുന്നില്ല. നിങ്ങളുടെ സാന്നിദ്ധ്യത്തെയും അയാള്‍ അറിയുന്നില്ല. ആ സാന്നിദ്ധ്യത്തെ താന്‍ പരിഗണിക്കുന്നില്ല എന്ന രീതിയാണ് ആ ഭ്രാന്തന്. നിങ്ങളില്‍ അയാള്‍ക്ക് ഒരു താല്‍പര്യവുമില്ല. നമ്മള്‍ ഭ്രാന്തനില്‍ ഏറ്റവും പേടിക്കുന്നത് അയാള്‍ക്കു നമ്മളെസ്സംബന്ധിച്ചുള്ള കേവലവും ഭയജനകവുമായ ഔദാസീന്യമാണ്. മറ്റൊരുത്തനു നമ്മളില്‍ താല്പര്യമില്ലെന്നു കണ്ടാല്‍ അതുപോലെ പേടിയുളവാക്കുന്ന വേറൊരു കാര്യമില്ലതന്നെ. കവിയുടെ വാക്കുകള്‍ തന്നെ ലക്ഷ്യമാക്കിയല്ല എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അയാള്‍ ഭ്രാന്തനെയെന്നപോലെ ആ കവിയെ പേടിക്കും.

കവിത ഒരനുഭവത്തിന്റെ ആവിഷ്കാരമാണ്. അത് അതീന്ദ്രിയാനുഭവത്തിന്റെ ബഹിഃസ്ഫുരണമാണ് എന്നു വാദിക്കുന്ന പ്രതിരുപാത്മകസിദ്ധാന്തക്കാര്‍ക്കു മറുപടി നല്കുകയാണ് മാന്‍ദില്‍സ്തെം. അദ്ദേഹം ‘അക്‌മീസ്റ്റാ’ണ്. (Acmeist) മൂര്‍ത്തങ്ങളായ ബിംബങ്ങള്‍, സ്പഷ്ടതയാര്‍ന്ന പ്രതിപാദനങ്ങള്‍ ഇവയിലാണ് അക്മീസ്റ്റുകള്‍ താല്‍പര്യം കാണിച്ചത്. അവരുടെ മുന്‍പില്‍ അനുവാചകന്‍ എപ്പോഴുമുണ്ട്. പ്രതിരൂപാത്മകസിദ്ധാന്തത്തിന്റെ ഉദ്ഘോഷകരെപ്പോലെ അനുവാചകരെ അവഗണിച്ചാല്‍ അവരെ വളഞ്ഞു ഠ എന്ന അക്ഷരം പോലെ കിടക്കുന്നു. അതുകണ്ട് കൂടെയുണ്ടായിരുന്ന ഒരു സ്നേഹിതന്‍ പറഞ്ഞു. “നവീനസാഹിത്യം ഇങ്ങനെ ഇപ്പോള്‍ വട്ടത്തില്‍ കിടക്കുകയാണ്. അതുകൊണ്ടു ജീവനില്ലെന്നു വിചാരിക്കരുത്. ഏതുസമയവും അത് നീണ്ടുനിവര്‍ന്നു വരും. അപ്പോള്‍ നമ്മള്‍ പേടിക്കും.”

അത്യുക്തി

നമ്മള്‍ ഭ്രാന്തനില്‍ ഏറ്റവും പേടിക്കുന്നത് അയാള്‍ക്ക് നമ്മളെ സംബന്ധിച്ചുള്ള കേവലവും ഭയജനകവുമായ ഔദാസീന്യമാണ്. മറ്റൊരുത്തനു നമ്മളില്‍ താല്‍പ്പര്യമില്ലെന്നു കണ്ടാല്‍ അതുപോലെ പേടിയുളവാക്കുന്ന വേറൊരു കാര്യമില്ലതന്നെ. കവിയുടെ വാക്കുകള്‍ തന്നെ ലക്ഷ്യമാക്കിയല്ല എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അയാള്‍ ഭ്രാന്തനെയെന്നപോലെ ആ കവിയെ പേടിക്കും.

കുങ്കുമം വാരികയില്‍ മുഖലേഖനങ്ങള്‍ എഴുതുന്നത് ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. പലരോടും ചോദിച്ചിട്ടും അതറിയാന്‍ കഴിഞ്ഞതുമില്ല. ആരായാലും സാഹിത്യത്തെസ്സംബന്ധിച്ച് അറിവുള്ള ആളാണ് അദ്ദേഹം. ഇത്തവണ അന്തരിച്ചുപോയ പുളിമാന പരമേശ്വരന്‍പിള്ളയെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ദൗര്‍ഭാഗ്യംകൊണ്ട് എനിക്കദ്ദേഹത്തിന്റെ ഒരഭിപ്രായത്തോടും യോജിക്കാന്‍ വയ്യ; മുന്‍പുള്ള പല ലേഖനങ്ങളും ശരിയാണെന്ന് എനിക്കു തോന്നിയിട്ടുണ്ടെങ്കിലും.

പുളിമാന പരമേശ്വരന്‍പിള്ളയെ എനിക്ക് നേരിട്ടറിയാമായിരുന്നു. ആകൃതിസൗഭഗത്താല്‍ അനുഗൃഹീതനായിരുന്ന യുവാവ്. ബുദ്ധിമാന്‍. പബ്ളിക് ലൈബ്രറിയിലുള്ള പല ഉത്കൃഷ്ടഗ്രന്ഥങ്ങളും വായിച്ച് മാര്‍ജിനില്‍ അദ്ദേഹം നിറംകൂടിയ നീലമഷിയില്‍ ഓരോ അഭിപ്രായങ്ങള്‍ കുറിച്ചിട്ടിരിക്കുന്നതു കാണുന്ന ആരും പറയും ബുദ്ധിശാലിയായ വ്യക്തിയായിരുന്നു പുളിമാന പരമേശ്വരന്‍പിള്ളയെന്ന്. പക്ഷേ അദ്ദേഹം വെറും മാറ്റൊലിക്കവിയായിരുന്നു. ചങ്ങമ്പുഴക്കവിതയുടെ പ്രതിധ്വനികളേ അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍നിന്ന് ഉയരുന്നുള്ളു. തെക്കന്‍ തിരുവിതാംകൂറിലെ പേച്ചിപ്പാറ അണയില്‍ച്ചെന്നുനിന്ന് അക്കാലത്തു ബാലനായിരുന്ന ഞാന്‍ സായ്പേ എന്നു വിളിച്ചിട്ടുണ്ട്. ഉടനെ തിരിച്ചു സായ്പേ എന്ന പ്രതിധ്വനി ഉണ്ടാകും. അണകെട്ടിയ എഞ്ചിനീയര്‍ സായ്പിന്റെ മൃതദേഹം അവിടെ ഒരിടത്തു അടക്കിയിട്ടുണ്ട്. അദ്ദേഹമാണത്രേ തിരിച്ചു സായ്പേ എന്നു വിളിക്കുന്നത്. ഇപ്പോള്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ കവിതയെടുത്തുവച്ച് ‘പുളിമാന’ എന്നുറക്കെപ്പറഞ്ഞാല്‍ പ്രതിധ്വനിയായി ‘ചങ്ങമ്പുഴ’ എന്നു കേള്‍ക്കും.

കഥാകാരനെന്ന നിലയിലും അദ്ദേഹത്തിന് മലയാളസാഹിത്യത്തില്‍ ഒരു സ്ഥാനവുമില്ല. വികാരങ്ങളെ കൃത്രിമമായി തീക്ഷ്ണതയിലേക്കു നയിച്ച് ഒരുതരം contrived stories എഴുതിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേരു കേട്ട “എഞ്ചിന്‍ ഡിസ്സാട്ടര്‍” എന്ന കഥയില്‍ ദൗര്‍ഭാഗ്യമുളവാക്കുന്ന വിഷാദമില്ല, കാത്തു നില്പിന്റെ വൈരസ്യമില്ല. അതുകൊണ്ട് കലയുടെ ആഹ്ളാദദായകത്വവുമില്ല.

പുളിമാനയുടെ “സമത്വവാദി” എന്ന നാടകത്തെ മലയാളസാഹിത്യത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകമായി ചിലര്‍ കൊണ്ടാടാറുണ്ട്. ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് നാടകകര്‍ത്താവ് കൈസറുടെ “Coral”, “Gas” ഈ നാടകങ്ങളുടെ വിലകുറഞ്ഞ ഒരനുകരണമാണ് പുളിമാനയുടെ “സമത്വവാദി”.

പിന്നെ എന്‍. കൃഷ്ണപിള്ള അദ്ദേഹത്തിന്റെ രചനകളെ ഉജ്ജ്വലങ്ങളാക്കി അവതരിപ്പിച്ചതെങ്ങനെയെന്ന ചോദ്യമുണ്ടാകാം. കൃഷ്ണപിള്ളസ്സാറിന്റെ നിരൂപണങ്ങള്‍ അത്യുക്തികള്‍ കലര്‍ന്നവയാണ്. വിശേഷിച്ചും തനിക്കു പരിചയമുള്ളവരുടെ കൃതികളെക്കുറിച്ച് എഴുതുമ്പോള്‍ അദ്ദേഹം അതിശയോക്തിയെ ആലിംഗനം ചെയ്തുകൊണ്ടേ ചാടുവാക്കുകള്‍ പറഞ്ഞിരുന്നുള്ളു. സാറിന്റെ ഏതു അവതാരികയും നോക്കുക. സത്യം അതില്‍ കാണുകില്ല. നിരൂപണമെന്ന സാംസ്കാരികപ്രവര്‍ത്തനത്തില്‍ പത്താംതരക്കാരെ ഒന്നാംതരക്കാരാക്കാന്‍ ഒരു മടിയുമില്ലായിരുന്നു കൃഷ്ണപിള്ളസ്സാറിന്. എന്‍. ഗോപാലപിള്ളസ്സാറിന്റെ കലാശൂന്യങ്ങളായ കാവ്യങ്ങളുടെ സമാഹാരത്തിന് അദ്ദേഹമെഴുതിയ അവതാരികയും വിവൃതിയും നോക്കിയാല്‍ ഞാന്‍ പറഞ്ഞതിന്റെ സത്യം വായനക്കാര്‍ക്കു ബോധപ്പെടും. കാളിദാസനെയും ഷെയ്ക്‌സ്പിയറിനെയും കുറിച്ചു പറയുന്ന വാക്കുകളാണ് അദ്ദേഹം എന്‍. ഗോപാലപിള്ളയെക്കുറിച്ചു പറയുന്നത്. “കൈരളിയുടെ കഥ”യില്‍ സമകാലികസാഹിത്യകാരന്മാരെക്കുറിച്ചു അദ്ദേഹം എഴുതിയതു വായിച്ചാലും എന്റെ അഭിപ്രായത്തിന്റെ സത്യാത്മകതയെ ചോദ്യം ചെയ്യേണ്ടതായി വരില്ല.

“പുരുഷന്റെ വെറുപ്പിനോ സ്ത്രീയുടെ വെറുപ്പിനോ ശക്തികൂടുതല്‍?”

“സ്ത്രീയുടെ വെറുപ്പിന്. അതു ജീവിതകാലത്തു മാറുകയില്ല. അതിനെക്കാള്‍ വലിയ വെറുപ്പ് ഈ ലോകത്തില്ലതാനും.

അരശ്ശതാബ്ദത്തിനു മുന്‍പ് എന്റെ വീട്ടിലൊരാള്‍ മരിച്ചപ്പോള്‍ എനിക്കു ഒരു പരിചയവുമില്ലാത്ത എത്രയോ ആളുകള്‍ അവിടെ ഓടിക്കൂടി. അവരില്‍ ഓരോ വ്യക്തിയും അന്തരിച്ച ആളിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചു. അതൊക്കെ നാട്ടുനടപ്പാണ്. അകാലചരമം പ്രാപിച്ച നല്ല മനുഷ്യന്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ സാഹിത്യപ്രവര്‍ത്തനത്തെക്കുറിച്ചു നല്ല വാക്കുകള്‍ പറയുന്നതു കൊള്ളാം. എന്റെ വീട്ടിന്റെ പൂമുഖത്തു നിശ്ചേതനമായിക്കിടന്ന ശരീരം ഒരുകാലത്തു ചലനംകൊണ്ടിരുന്ന വേളയില്‍ എന്തെല്ലാം പരാക്രമങ്ങള്‍ കാണിച്ചുവെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു മരണമന്വേഷിച്ചെത്തിയവരുടെ ഗുണവര്‍ണ്ണനംകേട്ട് ഞാന്‍ ഉള്ളിലൊന്നു ചിരിച്ചുപോയി. പുളിമാന പരമേശ്വരന്‍പിള്ളയുടെ കവിത, കഥ, നാടകം ഇവയെക്കുറിച്ച് നല്ല വാക്കുകള്‍തന്നെ പറയട്ടെ. പക്ഷേ, അവയുടെ രഹസ്യമറിയുന്നവര്‍ മന്ദസ്മിതം പൊഴിച്ചാല്‍ അവരെ കുറ്റപ്പെടുത്തരുത് (പ്രതിരൂപാത്മകസിദ്ധാന്തക്കാരെ). അനുവാചകര്‍ ഭ്രാന്തന്മാരായി കരുതും. ഇതാണ് മാന്‍ദില്‍ സ്തെമ്മിന്റെ മതം.

Major non-fiction എന്നു നിരൂപകര്‍ വാഴ്ത്തുന്ന “Journey to Armenia”, “Conversation about Dante” എന്നീ പ്രബന്ധങ്ങളും ഈ ഗ്രന്ഥമുള്‍ക്കൊള്ളുന്നു. ഈ മഹാകവിയുടെ മുന്‍പില്‍, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മുന്‍പില്‍, ഉജ്ജ്വലധിഷണയുടെ മുന്‍പില്‍ ഞാന്‍ ആദരാവനതനായി നില്ക്കുന്നു.

സമുദ്രത്തില്‍ സഞ്ചരിക്കുന്നവന്‍ സന്ദേശമെഴുതി കുപ്പിയിലടച്ച് മുദ്രവച്ച് തിരകളിലൊഴുക്കുന്നു. അതു കടപ്പുറത്ത് അടിഞ്ഞുകിടക്കുന്നത് സംവത്സരങ്ങള്‍ കഴിഞ്ഞ് ഒരുത്തന്‍ കാണുന്നു. അത് കണ്ടയാളിനുള്ളതാണ് ആ സന്ദേശം. അയാള്‍ “രഹസ്യമേല്‍വിലാസക്കാര”നായി മാറുന്നു. മാന്‍ദില്‍സ്തെമ്മിന്റെ ഈ അലങ്കാര പ്രയോഗം എന്നെസ്സംബന്ധിച്ചും ശരിയാണ്. അദ്ദേഹത്തിന്റെ മനോഹരങ്ങളായ കാവ്യങ്ങളും ഉജ്ജ്വലങ്ങളായ പ്രബന്ധങ്ങളും വായിക്കുന്ന ഞാന്‍ ഇന്ന് “രഹസ്യമേല്‍വിലാസക്കാര”നാണ്. സോവിയറ്റ് യൂണിയനിലെ ഏതോ തടങ്കല്‍പ്പാളയത്തില്‍ കഴിയുമ്പോള്‍ “ഹൃദയസ്തംഭനം വന്നു മരിച്ച” കവേ, ഞാന്‍ അങ്ങയ്ക്കു നന്ദി പറയുന്നു.

യാഥാതഥ്യം, ഭാവന

വര്‍ഷം 1942. തിരുവനന്തപുരത്തെ ജനറലാശുപത്രിയിലെ ഈ.എന്‍.റ്റി വിഭാഗത്തില്‍, കാതിന് അസുഖം വന്ന ഞാന്‍ ചെന്നു. ഈ.എന്‍.റ്റി ഡോക്ടര്‍ പ്രഖ്യാതനായ നാരായണന്‍നായര്‍. ഓരോ രോഗിയായി അകത്തേക്കു പോകുന്നു; കുറച്ചുകഴിഞ്ഞ് മരുന്നെഴുതിയതുണ്ടുമായി വരുന്നു. എന്റെ ഊഴമായി. ഞാന്‍ ഹാഫ്ഡോര്‍ തുറന്ന് അകത്തേക്കു കയറാന്‍ ഭാവിച്ചപ്പോള്‍ എന്നെ സയന്‍സ് കോളേജില്‍ പഠിപ്പിക്കുന്ന സാറ് പിറകില്‍ നില്ക്കുന്നതുകണ്ടു. ഞാന്‍ വിനയത്തോടെ മാറിനിന്ന് സാറ് “അകത്തേക്കു പോയാട്ടെ” എന്നു പറഞ്ഞു. അദ്ദേഹം പോകാതെ നിന്ന് “No I am timid, No I am timid” എന്നു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഡോക്ടര്‍ ദേഷ്യപ്പെടുമെന്നു വിചാരിച്ച് ഞാന്‍ മനസ്സിലാമനസ്സോടെ അകത്തേക്കു പോയി. പരിശോധന കഴിഞ്ഞ് ഞാന്‍ തിരിച്ചു വരാന്തയില്‍ വന്നിട്ടും സാറ് ‘റ്റിമിഡാ’യിത്തന്നെ (ദയശീലമാര്‍ന്ന്). അവിടെത്തന്നെ നില്ക്കുകയാണ്. മെല്ലെ ഞാന്‍ സ്ഥലംവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാറ് ഉന്നതോദ്യോഗസ്ഥനായി. പാവപ്പെട്ട കീഴ്ജീവനക്കാരെ നിര്‍ദ്ദയം ദൂരെയുള്ള സ്ഥലങ്ങളിലേക്കു മാറ്റി. അവര്‍ കാലില്‍വന്നു വീണാലും ദയ കാണിക്കാത്തവനായി. അവര്‍ കരഞ്ഞാല്‍ കള്ളന്മാരെന്നു വിളിക്കു. നട്ടെല്ലു വളയ്ക്കാതെ അപേക്ഷിച്ചാല്‍ അഹങ്കാരികള്‍ എന്ന വിശേഷണം നല്കും. ഈ.എന്‍.റ്റി ഡോക്ടറുടെ മുറിയുടെ മുന്‍പില്‍ റ്റിമിഡ് ആയി നിന്ന മനുഷ്യന്‍ ഒടുവില്‍ ക്രൂവലായി മാറി. (Cruel — ക്രൂഎ്ല്‍ എന്നു ശരിയായ ഉച്ചാരണം.) സാഡിസ്റ്റ് എന്ന് ആളുകള്‍ അദ്ദേഹത്തെ വിളിച്ചു. ഇങ്ങനെ പരമാധികാരിയായിത്തീര്‍ന്ന അദ്ദേഹത്തോടൊരുമിച്ച് ഞാന്‍ പല സമ്മേളനങ്ങള്‍ക്കുംപോയി. പോകുമ്പോഴെല്ലാം അദ്ദേഹം പഴയ റ്റിമിഡ് മനുഷ്യനായിത്തന്നെ പെരുമാറിയിരുന്നു.

ഇനി വേറൊരു റ്റൈപ്പ്. ഒരുനേരത്തെ കഞ്ഞികൂടിക്കുപോലും വഴിയില്ലാതെ തിരുവനന്തപുരത്തെത്തിയ ഒരാളിന് മഹാപണ്ഡിതനായ നാരായണപിള്ള (പേര് ഇതല്ല) ശങ്കരപ്പിള്ള എന്ന ഡിപ്പാര്‍ട്ട്മെന്റ് അധികാരിയോടു പറഞ്ഞ് (പേര് ഇതല്ല) ജോലി വാങ്ങിക്കൊടുത്തു. അവര്‍ രണ്ടുപേരോടും ആ മനുഷ്യനു വിധേയത്വം വേണ്ടതാണല്ലോ. അതുണ്ടായിരുന്നില്ലെന്നു മാത്രമല്ല അവരെ തൃണവല്‍ഗണിച്ച് പെരുമാറാനുള്ള മാനസികനിലയും ആര്‍ജ്ജിച്ചു. നാരായണപിള്ള ഓഫീസ് ജോലികഴിഞ്ഞ് കാറില്‍ കയറാന്‍ ഭാവിക്കുമ്പോഴായിരിക്കും അയാള്‍ അവിടെ എത്തുക. ഉടനെ “ഹേ നാരായണപിള്ളേ നിങ്ങളുടെ ആ പുസ്തകമുണ്ടല്ലോ എന്തൊരു ചവറാണത്!” എന്നു പറയും. ശങ്കരപ്പിള്ളയെയാണ് കാണുന്നതെങ്കില്‍ “ശങ്കരപ്പിള്ള നിങ്ങള്‍ ‘പാലോടുതുല്യരുചി’ എന്നു തുടങ്ങുന്ന ശ്ളോകം വ്യാഖ്യാനിച്ചത് സര്‍വാബദ്ധമായിപ്പോയി” എന്നു മൊഴിയാടും. ഉപകര്‍ത്താക്കളെ എപ്പോഴും നിന്ദിച്ചിരുന്ന ഈ മനുഷ്യന്‍ എന്റെ വീട്ടില്‍ പലപ്പോഴും വരുമായിരുന്നു. ഓരോ തവണയും ‘റ്റിമിഡിറ്റി’യുടെ ഉടലെടുത്ത രൂപമായിട്ടാണ് അദ്ദേഹം പെരുമാറിയത്.

വാല്മീകി കാവ്യമെഴുതിയതു കടലാസ്സിലല്ലോ. ഭൂര്‍ജ്ജപത്രത്തിലാവാം. ആ കവിക്കുശേഷം ശതാബ്ദങ്ങള്‍ എത്ര കഴിഞ്ഞു. ഇന്നു മനോഹരവും മൃദുലവുമായ കടലാസ്സുണ്ട്. അതില്‍ എഴുതുന്ന കവിത ആദി കാവ്യത്തിന്റെ അടുത്തെങ്ങാനും വരുമോ?

ഈ ലോകത്തു തികഞ്ഞ നന്മയുള്ള മനുഷ്യന്‍, തികഞ്ഞ തിന്മയുള്ള മനുഷ്യന്‍ ഇവരെ കാണില്ല. കുറച്ചു തിന്മയും കൂടുതല്‍ നന്മയുമുള്ളവനെ നമ്മള്‍ നല്ലയാള്‍ എന്നു വിളിക്കും. കുറച്ചു നന്മയും ഏറിയ തിന്മയുമുള്ളയാളെ ചീത്ത മനുഷ്യന്‍ എന്നു വിളിക്കും. തിന്മയുടെ മൂര്‍ത്തിമദ്ഭാവം സാഹിത്യത്തിലേ കാണൂ. അങ്ങനെയുള്ള ഒരു ക്രൂരനെ കാണണമെങ്കില്‍ ശ്രീ. എന്‍. പ്രഭാകരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍‍ എഴുതിയ “അക്കരെനിന്നുള്ള പൊന്ന്” എന്ന കഥ വായിച്ചാല്‍ മതി. ആ ഭയങ്കരന്‍ കൊലപാതകിയാണ്; മകനെ ആപത്തിലേക്കു തള്ളിവിട്ടിട്ട് അവന്റെ ഭാര്യയെ സ്വീകരിച്ചവനാണ്. അവളില്‍ സന്തത്യുല്‍പാദനം നടത്തിയവനാണ്.ഒടുവില്‍ അവനെത്തിയപ്പോള്‍ ഏറ്റവും ക്രൂരതയോടെ പെരുമാറിയവനാണ്. കലാപരമായ ദൃഢപ്രത്യയം — കലയിലെ വിശ്വാസം — ഉളവാക്കാന്‍ കഥാകാരന് കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആഖ്യാനപാടവം ആ ദൗര്‍ബ്ബല്യത്തെ മറച്ചുകളയുന്നു. യാഥാതഥ്യത്തിന്റെ തലത്തില്‍ കഥയുടെ തുടക്കം. പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ ഫാന്റസിയിലേക്കു ഒരു ഹനുമാന്‍ചാട്ടം. നടുക്കടലിലെ തുരുത്തില്‍നിന്നു പൊന്നു കൊണ്ടുവരാന്‍ മകനെ പറഞ്ഞയച്ചിട്ടാണ് അവന്റെ ഭാര്യയെ അയാള്‍ പ്രാപിക്കുന്നത്. പിന്നീട് മരുമകളുടെ അല്ല ഭാര്യയുടെ ‘ഡെലിവറി’ പലതവണ കഴിഞ്ഞു. അപ്പോഴുണ്ട് മകന്‍ അപ്പാ എന്നു വിളിച്ചുകൊണ്ട് കടല്‍ക്കരയില്‍ പൊന്നുമായി എത്തുന്നു. അവനെ അയാളും മരുമോളും കൂടി കൊന്നു. കടലിലേക്ക് എറിഞ്ഞു എന്നു സാരം. യാഥാതഥ്യത്തിന്റെ തലത്തില്‍നിന്ന് അവാസ്തവികതയുടെ തലത്തിലേക്കുള്ള ഈ മാറ്റത്തിനു കലയ്ക്കുവേണ്ട സ്വാഭാവികതയില്ല എന്നതാണ് ഇക്കഥയുടെ ന്യൂനത. പ്രഭാകരന്റെ ടെക്നിക്ക് നന്ന്. ഇടയ്ക്കിടയ്ക്കു വായനക്കാരോടു നേരിട്ടുകയറി അതുമിതും പറയുന്ന രീതിപിരിമുറുക്കത്തിനു ലഘുത്വം വരുത്തി വരാന്‍ പോകുന്ന ദുരന്തത്തിന്റെ തീക്ഷണത കൂട്ടാന്‍ പ്രയോജനപ്പെടുന്നു. പക്ഷേ ഈ ടെക്നിക്‌തന്നെ വേറൊരു കഥയിലും പ്രഭാകരന്‍ പ്രയോഗിച്ചുവെന്നാണ് എന്റെ ഓര്‍മ്മ. ആവര്‍ത്തനം ക്ഷീരബലയ്ക്കു കൊള്ളാം. കഥയ്ക്കു നല്ലതല്ല; സാഹിത്യവാരഫലത്തിനും നല്ലതല്ല.

* * *

ഹാസ്യസാഹിത്യകാരന്‍ പി.ജി. വുഡ്‌ഹൗസിന് മുന്‍പു പറഞ്ഞ കാതരഭാവം ഉണ്ടായിരുന്നതായി ജീവചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. വീടു വാടകയ്ക്കെടുക്കാന്‍ ഭാര്യയോടു നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുപോലും: താഴത്തെ നില മതി. അതിന്റെ കാരണമന്വേഷിച്ച ഭാര്യയോടു വുഡ്ഹൗസ് പറഞ്ഞത് എനിക്ക് ലിഫ്റ്റ് ബോയിയോടു എന്താണു പറയേണ്ടതെന്ന് അറിഞ്ഞുകൂടാ എന്നാണ്. സ്ക്കൂളില്‍ മകളെ വിളിക്കാന്‍ പോയാല്‍ ഹെഡ്മിസ്റ്റ്രസിനോടു സംസാരിക്കണമല്ലോ എന്നു വിചാരിച്ച് അദ്ദേഹം ഒഴിഞ്ഞുനില്ക്കും. വുഡ്ഹൗസ് എന്റെ സാറിനെപ്പോലെ പില്ക്കാലത്ത് പാവപ്പെട്ടവരെ സ്ഥലംമാറ്റി കഷ്ടപ്പെടുത്താത്തത് അദ്ദേഹത്തിന് ആ ജോലി ഇല്ലാതിരുന്നതിനാലാണ്. എങ്കിലും ജര്‍മ്മനിയില്‍ തടവുകാരനായി കഴിഞ്ഞുകൂടിയ അദ്ദേഹം ഹിറ്റലര്‍ക്കുവേണ്ടി റേഡിയോ പ്രഭാഷണങ്ങള്‍ നടത്തിയെന്നു കേട്ടു. ജീവന്‍ സംരക്ഷിക്കുന്നതിനാകാം അല്ലെങ്കില്‍ ‘റ്റിമിഡിറ്റി’യുടെ മറുപുറമായ ക്രൂരതയാലുമാകാം.

ചോദ്യം, ഉത്തരം

Symbol question.svg.png “രംഭ, തിലോത്തമ, ഉര്‍വ്വശി ഇവരുടെയെല്ലാം വേഷമെന്താണ്? അവര്‍ സാരിയാണോ ഉടുക്കാറ്?”

“സാല്‍വാര്‍, കമ്മീസ് ഇവയാണ് അവര്‍ ധരിക്കുക. വേണമെങ്കില്‍ സ്വര്‍ഗ്ഗത്തു ചെന്നുനോക്കൂ. ദേവേന്ദ്രന്റെ മുന്‍പിലൂടെ അവര്‍ ആ വേഷം ധരിച്ച് നടക്കുന്നതു കാണാം.”

Symbol question.svg.png “പുരുഷന്റെ വെറുപ്പിനോ സ്ത്രീയുടെ വെറുപ്പിനോ ശക്തി കൂടുതല്‍?”

“സ്ത്രീയുടെ വെറുപ്പ്. അതു ജീവിതകാലത്തുമാറുകില്ല. അതിനെക്കാള്‍ വലിയ വെറുപ്പ് ഈ ലോകത്തില്ലതാനും.”

Symbol question.svg.png “വിവാഹസദ്യയല്ലേ ഏറ്റവും വൃത്തികെട്ട ഏര്‍പ്പാട്?”

“അല്ല. സമ്മാനങ്ങളായി സ്റ്റീല്‍പ്പാത്രങ്ങള്‍ പൊതിഞ്ഞുപിടിച്ചുകൊണ്ടുള്ള ആളുകളുടെ ആഗമനംപോലെ വൃത്തികെട്ടതായി വേറെ ഒന്നുമില്ല.”

Symbol question.svg.png “അമ്പലങ്ങളില്‍പ്പോയി പ്രാര്‍ത്ഥിക്കുന്നതുകൊണ്ടു വല്ല പ്രയോജനവുമുണ്ടോ?”

“ഇന്നുവരെ ഈശ്വരന്‍ ഒരു പ്രാര്‍ത്ഥനയും കേട്ടിട്ടില്ല. ആക്ഷനു റീയാക്ഷനുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ നല്ല ഫലങ്ങളുണ്ടാവും. ചീത്തക്കാര്യങ്ങള്‍ക്കു ചീത്ത ഫലങ്ങളും. ദുഷ്ടത കാണിച്ചിട്ട് എന്നും അമ്പലത്തില്‍ പോയതു കൊണ്ട് പ്രയോജനമില്ല. സ്വഭാവഗുണമുള്ള നിരീശ്വരന് ഒരാപത്തും സംഭവിക്കില്ല.”

Symbol question.svg.png “നിങ്ങള്‍ക്ക് ഇനിയും വിദേശയാത്രയുണ്ടോ? മസ്കറ്റ് പുരാണങ്ങൾപോലുള്ള പുരാണങ്ങള്‍ ഇനിയും വന്നേക്കുമോ എന്നു പേടിച്ചാണ് ചോദിക്കുന്നത്.”

“ഇനി ഒരു വിദേശയാത്രകൂടിയുണ്ട്. അതു നടത്താനുള്ള സമയം ഏറെക്കഴിഞ്ഞു. ആ യാത്ര പോയാല്‍ തിരിച്ചുവരിക എന്ന ഏര്‍പ്പാടുണ്ടാവുകയില്ല.”

Symbol question.svg.png “ആറും ഏഴും നിലകളുള്ള മാളികകള്‍ പണിയുന്നവരെക്കുറിച്ച് എന്തു പറയുന്നു നിങ്ങള്‍?”

“To build means to conquer emptiness, to hypnotize space. The handsome arrow of the Gothic belltower rages because its function is to stab the sky, to reproach it for its emptiness. — Osip Mandelstam.”

Symbol question.svg.png “കടം വാങ്ങുക, കടം കൊടുക്കുക ഇവ രണ്ടും നിഷിദ്ധമല്ലേ?”

“ഒരിക്കല്‍ വക്കം അബ്ദുള്‍ ഖാദറുമായി ഞാന്‍ തിരുവനന്തപുരത്തെ മ്യൂസിയം പാര്‍ക്കിലിരുന്നപ്പോള്‍ അദ്ദേഹം സംഭാഷണമധ്യേ എന്നോടു ചോദിച്ചു. “ഞാന്‍ നിങ്ങളെ കുത്തിക്കൊല്ലുകയില്ല എന്നതിന് എന്താണുറപ്പ് നിങ്ങള്‍ക്ക്?” മറുപടി പറയാതിരുന്ന എന്നോട് അദ്ദേഹം വീണ്ടും പറഞ്ഞു: “Faith. ഈ വിശ്വാസമാണ് ലോകത്തെ ഭരിക്കുന്നത്.” ഇതില്ലെങ്കില്‍ ജീവിക്കാനാവുകയില്ല. പണമുണ്ടെങ്കില്‍ കടം കൊടുക്കു. ഉള്ളവനോട് വേണ്ടിവന്നാല്‍ ചോദിക്കൂ. കിട്ടിയാലുമില്ലെങ്കിലും വിശ്വാസം ജയിക്കും.”

ചിന്ത

ഭൂര്‍ജ്ജപത്രം കടലാസ്സിലേക്കു പുരോഗമിച്ചാലും ഒറ്റക്കമ്പിയുള്ള ഉപകരണം ഓര്‍ക്കിസ്റ്റ്രയായി വികസിച്ചാലും കലയില്‍ പുരോഗമനമില്ല.

വാല്മീകി കാവ്യമെഴുതിയതു കടലാസ്സിലല്ലല്ലോ. ഭുര്‍ജ്ജപത്രത്തിലാവാം. ആ കവിക്കു ശേഷം ശതാബ്ദങ്ങള്‍ എത്രകഴിഞ്ഞു. ഇന്നു മനോഹരവും മൃദുലവുമായ കടലാസ്സുണ്ട്. അതില്‍ എഴുതുന്ന കവിത ആദ്യകാവ്യത്തിന്റെ അടുത്തെങ്ങാനും വരുമോ? പണ്ട് എസ്.ജി. കിട്ടപ്പപാടിയിരുന്നു. പിറകെ ശ്രുതിയിടുന്ന ഒരുത്തന്‍ മാത്രം. മൃദംഗക്കാരനും കാണും. ഇപ്പോള്‍ ആരെങ്കിലും പാടുമ്പോള്‍ എന്തെല്ലാമാണ് അയാളുടെ പിറകില്‍ അണിനിരക്കുന്നത്. ഇറുകിപ്പിടിച്ച ട്രൗസേഴ്സ് ഇട്ടുകൊണ്ട് വളഞ്ഞ കുഴല്‍ ഊതുന്ന ഒരുത്തന്‍. കൊല്ലപ്പണിക്കാരന്റെ ആലയില്‍ തീ പെരുക്കാന്‍ ഉപയോഗിക്കുന്ന തോലുപകരണംപോലെ മടക്കുകളുള്ള ഒരു തോല്‍സ്സഞ്ചി ഒരുത്തന്‍ വലിച്ചുനീട്ടുന്നു. കുറുക്കുന്നു. വേറൊരുത്തന്‍ മൂക്കിനടുത്തു എന്തോ വച്ചുകൊണ്ടു മ്യൂ മ്യൂ എന്നു കേള്‍പ്പിക്കുന്നു. കമ്പിയില്‍ തട്ടംവച്ച് ഉപകരണങ്ങള്‍ ഏറെ. ഓരോസമയം പല തട്ടങ്ങളില്‍ തട്ടി ശബ്ദമുണ്ടാക്കുന്നു വേറൊരുത്തന്‍. ഒട്ടിയ ചന്തി പ്രേക്ഷകരെ കാണിച്ചുകൊണ്ട് ഒരുത്തന്‍ നൃത്തത്തിന്റെ മട്ടില്‍ ചില ഗോഷ്ടികള്‍ കാണിക്കുന്നു. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അന്തമില്ല. ഇവയെക്കാളൊക്കെ അസഹ്യം ഒരുത്തന്‍ അവര്‍ക്ക് അഭിമുഖമായിനിന്ന് പ്രേക്ഷകരെ പിറകുവശം കാണിച്ചുകൊണ്ട് കാണിക്കുന്ന അംഗവിക്ഷേപങ്ങളാണ്. ശരീരം വളച്ചു കൈകള്‍ താഴ്ത്തുന്നു. പെട്ടെന്ന് നിവര്‍ന്നു കൈകള്‍ ഉയര്‍ത്തുന്നു. വലത്തോട്ടു ചരിയുന്നു. ഇടത്തോട്ടു വളയുന്നു. കണ്ടക്റ്റര്‍ എന്നാണത്രേ ഈ ഗോഷ്ടിക്കാരന്റെ പേര്. ഫലമോ? പാട്ടു നന്നാവുന്നുണ്ടോ? ഇല്ലേയില്ല. കിട്ടപ്പയുടെ പാട്ട് ശ്രോതാക്കളുടെ കാതുകളില്‍ അമൃതവര്‍ഷം നടത്തുന്നു. ആധുനികന്റെ പാട്ടു വിഷമൊഴിക്കുന്നു. ഭൂര്‍ജ്ജപത്രം കടലാസ്സിലേക്കു പുരോഗമിച്ചാലും ഒറ്റക്കമ്പിയുള്ള ഉപകരണം ഓര്‍ക്കിസ്റ്റ്രയായി വികസിച്ചാലും കലയില്‍ പുരോഗമനമില്ല.

ഭ്രാന്തന്‍

“ഞാനെങ്ങനെ ഭ്രാന്തനായിയെന്ന് നിങ്ങളെന്നോടു ചോദിക്കുന്നു. അതു സംഭവിച്ചത് ഇങ്ങനെയാണ്: ഒരുദിവസം, പല ഈശ്വരന്മാര്‍ ജനിക്കുന്നതിനുമുന്‍പ് ഞാന്‍ അഗാധനിദ്രയില്‍ നിന്നുണര്‍ന്നു. എന്റെ മുഖാവരണങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നു കണ്ടു.

ഞാന്‍ രൂപം നല്കിയ ഏഴു മുഖാവരണങ്ങള്‍. ഏഴു ജീവിതങ്ങളില്‍ ഞാനുപയോഗിച്ച മുഖാവരണങ്ങള്‍. ജനക്കൂട്ടമുള്ള തെരുവുകളിലൂടെ കള്ളന്മാര്‍, കള്ളന്മാര്‍, ശപിക്കപ്പെട്ട കള്ളന്മാര്‍ എന്നു ഉറക്കെ വിളിച്ചുകൊണ്ടു മുഖാവരണമില്ലാതെ ഞാന്‍ ഓടി.

പുരുഷന്മാരും സ്ത്രീകളും എന്നെ നോക്കിച്ചിരിച്ചു. ചിലര്‍ എന്നെപ്പേടിച്ച് അവരുടെ വീടുകളിലേക്കു ഓടിക്കയറി.

ചന്തസ്ഥലത്തു ഞാന്‍ ചെന്നപ്പോള്‍ വീട്ടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്നുകൊണ്ട് ഒരു യുവാവ് വിളിച്ചുപറഞ്ഞു. അവന്‍ ഭ്രാന്തനാണ്. അവനെ കാണാനായി ഞാന്‍ തലയുയര്‍ത്തിനോക്കി; സൂര്യന്‍ എന്റെ നഗ്നമായ മുഖം ആദ്യമായി ചുംബിച്ചു. ആദ്യമായി സൂര്യന്‍ എന്റെ നഗ്നമായ മുഖം ചുംബിച്ചു; സൂര്യനോടുള്ള സ്നേഹത്താല്‍ എന്റെ ആത്മാവു ജ്വലിച്ചു. എനിക്കു മുഖാവരണങ്ങള്‍ വേണ്ടെന്നായി. മോഹനിദ്രയില്‍പെട്ടവനെപ്പോലെ ഞാന്‍ ഉദ്ഘോഷിച്ചു. എന്റെ മുഖാവരണങ്ങള്‍ മോഷ്ടിച്ച കള്ളന്മാര്‍ അനുഗ്രഹിക്കപ്പെട്ടവര്‍, അനുഗ്രഹിക്കപ്പെട്ടവര്‍.

അങ്ങനെ ഞാന്‍ ഭ്രാന്തനായി.

അങ്ങനെ എന്റെ ഭ്രാന്തില്‍ ഞാന്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടു; ഏകാന്തതയില്‍ നിന്നുള്ള സ്വാതന്ത്ര്യം. എന്നെ അന്യര്‍ മനസ്സിലാക്കുന്നതില്‍നിന്നുള്ള സ്വാതന്ത്ര്യം നമ്മളെ മനസ്സിലാക്കിയാല്‍ നമ്മിലുള്ള ഏതോ ചിലതിനെ അവര്‍ അടിമപ്പെടുത്തുകയാവുമല്ലോ.

എങ്കിലും എന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ കൂടുതല്‍ അഭിമാനംകൊള്ളാതിരിക്കട്ടെ. കാരാഗൃഹത്തില്‍ കിടക്കുന്ന കള്ളന്‍പോലും മറ്റൊരു കള്ളനില്‍നിന്നു സുരക്ഷിതത്വമാര്‍ജ്ജിച്ചവനാണല്ലോ.”

ജിബ്രാന്റെ “The Madman” എന്ന കാവ്യഗ്രന്ഥത്തിലെ ആദ്യത്തെ കവിതയാണിത്. നീച്ചേയുടെ “Thus spoke Zarathustra” എന്ന ഗ്രന്ഥത്തിന്റെ സ്വാധീനശക്തി ഇതില്‍ ദൃശ്യമാണ്. മനുഷ്യന്‍ സത്യാത്മകതയിലല്ല ജീവിക്കുന്നത്, അസത്യത്തിന്റെ മുഖാവരണം അവന്‍ ധരിച്ചിരിക്കുന്നു എന്നു ജിബ്രാന്‍ കരുതുന്നു. മുഖാവരണങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ അവന്‍ സൂര്യനാകുന്ന ആധ്യാത്മികതേജസ്സിനെ സാക്ഷാത്കരിക്കുന്നു. ഇമ്മട്ടില്‍ ബഹുജനത്തില്‍ നിന്നകന്ന് സത്യസാക്ഷാത്കാരം നിര്‍വഹിച്ചവനെ ഭ്രാന്തനായി ആ ബഹുജനം കരുതും. അവനെ കല്ലെറിയും, വേണമെങ്കില്‍ നിഗ്രഹിക്കും. ശ്രീ. കാക്കനാടന്റെ “ഉരുളുന്ന പാറകള്‍” എന്ന ചെറുകഥയില്‍ സത്യസാക്ഷാത്കാരം നേടിയ ഒരു ഭ്രാന്തനെ കാണാം. അയാള്‍ യഥാര്‍ത്ഥത്തില്‍ ഭ്രാന്തനല്ല. മറ്റുള്ളവരാണ് അയാളെ ഭ്രാന്തനാക്കുന്നത്. സങ്കുചിതമായ വീക്ഷണഗതിയില്‍ നിന്നുയര്‍ന്നു വിശാലവീക്ഷണഗതിയിലേക്കു ചെല്ലാനുള്ള ആഹ്വാനം ഇക്കഥയില്‍നിന്നു നിപുണശ്രോത്രങ്ങള്‍ക്കു കേള്‍ക്കാം. കാക്കനാടന്‍ വരച്ച ഭ്രാന്തന്റെ ചിത്രം നന്ന്. എങ്കിലും നൂതനങ്ങളായ അനുഭവമണ്ഡലങ്ങളെ അദ്ദേഹം കഥയില്‍ ചിത്രീകരിക്കണമെന്നാണു വായനക്കാരനായ എന്റെ അഭിലാഷം.

ബഹുജനം പലവിധം

  1. പുതിയ കഥാകാരന്മാര്‍, പുതിയ കവികള്‍, പുതിയ നിരൂപകര്‍ ഇവരെ നേരിട്ടു ഞാന്‍ കാണാറില്ല. എന്റെ പേടിസ്സ്വപ്നങ്ങളില്‍ അവരെ കാണാറുണ്ട്.
  2. മഹാകവിത്രയമാരെന്ന് പ്രശസ്തനായ ഒരു കവി എന്നോടു ചോദിച്ചു. “എന്താ സാര്‍, ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഇവരല്ലേ? കൊച്ചുകുഞ്ഞിനുപോലും ഇതറിയാമല്ലോ. സാറെന്താ അങ്ങനെ ചോദിച്ചത്” എന്നു ഞാന്‍. “നിങ്ങള്‍ പറഞ്ഞതു തെറ്റ്. ഇപ്പോഴത്തെ മഹാകവിത്രയം എഴുത്തച്ഛന്‍, കുമാരനാശാന്‍, വൈലോപ്പിള്ളി ഇവരാണെന്നാണ് നൂതന നിരൂപകര്‍ എഴുതുന്നത്. ആ പേരുകള്‍ മെരിറ്റ് അനുസരിച്ചല്ല. തിരിച്ചു പറയണം. വൈലോപ്പിള്ളിയെക്കാള്‍ മോശപ്പെട്ട കവി കുമാരനാശാന്‍. കുമാരനാശാനെക്കാള്‍ മോശപ്പെട്ട കവി എഴുത്തച്ഛന്‍.” ഇത് അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ ഈയര്‍ ഡ്രം മാത്രമല്ല, റ്റെലിഫോണും പൊട്ടിപ്പോയി.
  3. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയെക്കുറിച്ച് ഞാന്‍ ഫലിതരസികനായ കെ. ദാമോദരനോട് (കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്റെ സഹോദരന്‍) സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അവിവാഹിതര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യം വല്ലതുമുണ്ടോ?
  4. സാധനങ്ങളുടെ വിലക്കൂടുതല്‍ കാരണം താന്‍ കേരളംവിട്ടു പഞ്ചാബിലേക്കു പോകുകയാണെന്ന് ഒരു സ്നേഹിതന്‍ പാളയം മാര്‍ക്കറ്റില്‍ വച്ച് എന്നോടു പറഞ്ഞു. “അതെന്ത്? പഞ്ചാബില്‍ വിലക്കുറവുണ്ടോ” എന്നു എന്റെ ചോദ്യം. “അവിടെച്ചെന്നാല്‍ ഭീകരന്റെ വെടിയേറ്റു അങ്ങു ചാകാമല്ലോ, കേരളത്തിലെ ജീവിതത്തെക്കാള്‍ പഞ്ചാബില്‍വച്ചുള്ള മരണമാണ് നല്ലത്” എന്ന് അദ്ദേഹത്തിന്റെ ഉത്തരം. “പോകുമ്പോള്‍ എന്നെക്കൂടി കൊണ്ടുപോകണേ” എന്ന് എന്റെ അപേക്ഷയും.