close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 08 22


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 08 22
മുൻലക്കം 1997 08 15
പിൻലക്കം 1997 08 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തെക്കേയമേരിക്കയിലെ റിപ്പബ്ലിക്കായ ചിലിയിലെ മഹാകവിയും നോബൽ ലാറിയിറ്റുമായ പാവലോ നേറുദാ (Pablo Neruda) 1973-ൽ മരിച്ചു. 1972-ൽ അദ്ദേഹമെഴുതിയ ‘EI Companario de Authenay’ എന്ന കാവ്യം പലരും വായിച്ചിരിക്കാനിടയില്ല. കാരണം പ്രസാധനം ചെയ്ത കാവ്യഗ്രന്ഥങ്ങളിലൊന്നും അത് ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. ലോകസാഹിത്യത്തിലെ അതിശക്തങ്ങളായ കാവ്യങ്ങളിൽ ഒന്നാണ് അതെന്ന് നിരൂപകർ പറയുന്നു.

പുൽത്തകിടിയുടെ പ്രകാശത്തിനെതിരേ കറുത്ത ഒരു ഗോപുരം. ത്രികോണാകൃതിയിലുള്ള ഒരു പള്ളിയിൽ നിന്നാണ് അത് ഉയർന്നു നിൽക്കുന്നത്. മൃദുലപ്രദേശത്തു തീരെച്ചെറിയ പള്ളി: പ്രാവിനു പ്രാർത്ഥിക്കാനുണ്ടാക്കിയതുപോലെ. ഗോപുരത്തിന്റെ വിശുദ്ധമായ ഇച്ഛാശക്തി. ആ കൂർത്ത ഗോപുരം അമ്പുപോലെ. വാളു പോലെ. ഹേമന്തകാലാന്തരീക്ഷത്തിനായി അതു മുകളിലേക്കു പോകുന്നു. ഗോപുരാഗ്രത്തിൽ കാറ്റിന്റെ ഗതിവേഗത്തിന് അനുസരിച്ചു കറങ്ങുന്ന ലോഹനിർമ്മിതമായ പൂവങ്കോഴി. കഷ്ടം! കവി ഭൂമിയിലേക്കു കൊണ്ടുവന്നതു മുഴുവൻ ഒരടിസ്ഥാനവുമില്ലാതെ എങ്ങും വിതറിക്കളഞ്ഞു. മേഘങ്ങളെ മാത്രമേ അദ്ദേഹം ഉയർത്തിയുള്ളൂ. പുകയോടു കൂടി അദ്ദേഹം ചുറ്റിക്കറങ്ങി; ഉരുണ്ടകല്ലിൽ നിന്നു വിശുദ്ധി ഉയർത്തപ്പെട്ടിരിക്കുന്നുവെന്നു മനസിലാക്കാതെയാണ് അദ്ദേഹം അങ്ങനെ ചുറ്റിസ്സഞ്ചരിച്ചത്. പുൽത്തകിടിയിലെ ശീർഷസംബന്ധിയായ അദ്ഭുതമേ (Oh, vertical amazement on the meadow) കവിയുടെ കണ്ണുകൾ ആ ഗോപുരത്തിൽ; ഇച്ഛാശക്തിയുടെ ആ ഘടനയിൽ പുൽത്തകിടിയാലും നിശബ്ദതയാലും ചുറ്റപ്പെട്ട നിശ്ചല സാന്നിദ്ധ്യം. പാവപ്പെട്ട ഒരു ഇരുണ്ട ഗോപുരത്തിന്റെ അമ്പ് അന്തരീക്ഷത്തിലേക്കു പൂവങ്കോഴിയെ ഉയർത്തിക്കൊണ്ട് അതു നിൽക്കുന്നു. (നീണ്ട കാവ്യത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം സ്വീകരിച്ചുള്ള സ്വതന്ത്രതർജ്ജമ്മ.)

കാവ്യം വായിച്ചപ്പോൾ അതിന്റെ ഉജ്ജ്വലതയും അന്യാദ്രൃശ സ്വഭാവവും കണ്ട് അനല്പമായ ആഹ്ലാദം എനിക്കുണ്ടായെങ്കിലും അതിന്റെ അർത്ഥാന്തരങ്ങളെക്കുറിച്ച് സന്ദേഹമനസ്കനായി ഭവിച്ചു. അതുകൊണ്ട് നേറൂദായെക്കുറിച്ച് നിരൂപണമെഴുതിയ Emerico Mario Santi-യെ എനിക്കാശ്രയിക്കേണ്ടതായി വന്നു. കവിയുടെ ദൃഷ്ടിയിൽ കവിതയുടെ മൂർത്തിമദ്ഭാവമാണത്രേ. പക്ഷേ നേറൂദായ്ക്ക് ആ രീതിയിൽ ഒരു രൂപം സ്രിഷ്ടിക്കാനായില്ല. ഗോപുരം കേവല സാന്നിദ്ധ്യം നൽകുന്നു. നേറൂദായുടെ കവിതയ്ക്ക് ആ സാന്നിദ്ധ്യമുണ്ടാക്കാൻ കഴിയാതെ അതു ക്ഷുദ്രമായി വർത്തിക്കുന്നു. നിക്കരഗ്വയിലെ കവി റൂവേൻ ദാറിയോ (Ruben Dario) ഒരിക്കലെഴുതി തന്റെ കാവ്യശൈലി റോസാപ്പൂവാകാൻ ശ്രമിക്കുന്ന ചിന്താമുകുളമാണെന്ന്. നേറൂദായുടെ കാവ്യം റോസാപ്പൂവായി വിടർന്നുകഴിഞ്ഞു. എങ്കിലും തന്റെ കലാസൃഷ്ടിയെസ്സംബന്ധിച്ച് അദ്ദേഹത്തിനു നിരാശയേയുള്ളൂ. ഗോപുരം ഉരുണ്ടതാണ്. പക്ഷേ അതിനു ഐശ്വരാംശമുണ്ട്. അതിനോടു തട്ടിച്ചുനോക്കുംബോൾ നേറൂദായുടെ ഭാഷ വികലം. ഇരുണ്ട കല്ലിനു മുൻപിൽ കവി സൃഷ്ടിച്ച മേഘങ്ങൾ. പുക ഇവയൊക്കെ അർത്ഥരഹിതങ്ങൾ. “I raised but clouds and only walked around with smoke without knowing that out of dark stone purity was raised” വിനീതമാണു ഗോപുരം. പക്ഷേ അതു സമ്പന്നം. അതിനോടു താരതമ്യപ്പെടുത്തുമ്പോൾ കവിത ക്ഷുദ്രം. കവി ആരുമല്ല. എന്നാൽ ഗോപുരത്തിന് സത്വമോ വ്യക്തിത്വമോ ഉണ്ട്. നിരൂപകന്റെ നിരൂപണം ദീർഖമാണ്. ഇതൊക്കെപ്പറഞ്ഞിട്ട് അദ്ദേഹം നേറൂദായുടെ കാലാസങ്കല്പത്തിലേക്കു പോകുന്നു. നമുക്ക് അതറിയേണ്ടതില്ല. I remainded where everyone could look at my empty hands: The construction I build not my uninhabited heart: while dark tools, grey arms, dark hands raised the rectitude of a belfry and of an arrow എന്നു പറഞ്ഞു പള്ളിയും ഗോപുരവും നിർമ്മിച്ച മനുഷ്യന്റെ പ്രയത്നത്തെ നേറൂദാ പ്രശംസിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ കാവ്യം പള്ളിയേക്കാൾ ശക്തിയാർജ്ജിച്ചതല്ലേ? പള്ളിയുടെയും ഗോപുരത്തിന്റെയും സാന്നിദ്ധ്യമെന്നപോലെ കവിതയും അതിന്റെ സാന്നിദ്ധ്യംകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്നു.

Wang Wei എന്ന ചൈനീസ് കവി എഴുതി: “The setting sun goes down beside a bird.’’ പ്രത്യക്ഷത്തിൽ ഇത് സത്യമാണ്. ഒരു കൊച്ചു പക്ഷിയുടെ അടുത്തായി അസ്തമയ സൂര്യൻ താഴുന്നതെങ്ങനെ? എങ്കിലും കവി അതുകണ്ടു. നമുക്കു അത് കാണിച്ചു തരികയും ചെയ്യുന്നു. അസ്തമിക്കുന്ന സൂര്യൻ ചക്രവാളത്തിൽ താഴുന്നു എന്നു പറയുന്നതിനെക്കാൾ സത്യാത്മകതയുണ്ട് പക്ഷിയുടെ അടുത്തായി സൂര്യൻ താഴുന്നു എന്ന പ്രസ്താവത്തിന്. ഇതാണ് കവിതയുടെ സത്യം. തന്റെ കവിതയുടെ ക്ഷുദ്രത്വത്തെ നേറൂദാ ഊന്നിപ്പറഞ്ഞാലും പള്ളിയേക്കാൾ അതിന്റെ ഗോപുരത്തെക്കാൾ സത്യാത്മകതയുണ്ട് നേറൂദായുടെ കാവ്യത്തിന്.

കള്ളിച്ചെടി പൂത്തു നിൽക്കുമ്പോൾ ആ പൂവിന്റെ ഭംഗി കണ്ട് എന്റെ ഉള്ളം കുളിർത്തിട്ടുണ്ട്. പൂ പൊഴിഞ്ഞു പോയാൽപ്പിന്നെ ക്രൂരങ്ങളായ മുള്ളുകളേയുള്ളൂ. അവ കാണുമ്പോൾ എനിക്കു അസ്വസ്ഥത മാത്രം.

മുൻപും നേറൂദാ പ്രപഞ്ചിക വസ്തുക്കളുടെ സാന്നിദ്ധ്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

“ഞാൻ ഭൂതകാലത്തിന്റെ പ്രതിനിധിയാണ്; എന്റെ കവിതയെയാകെ നിറയ്ക്കുന്ന വർത്തമാനകാലത്തെ സംഘട്ടനങ്ങളുടെയും സ്വാനുഭവങ്ങളിലേയ്ക്ക് ഞാൻ ശ്രദ്ധ ക്ഷണിച്ചെങ്കിൽ മാപ്പു തരിക. എന്റെ രചനകളെക്കാൾ യഥാർത്ഥവും പർവ്വതപംക്തികളെക്കാൾ സമുന്നതവും സമുദ്രത്തെക്കാൾ വിശാലവും ആയ ഭൂമിയുടെ വിസ്മരിക്കപ്പെട്ടവയിലേക്കു ഞാൻ ശ്രദ്ധ ക്ഷണിച്ചെങ്കിൽ മാപ്പു തരിക. അവയുടെ അദൃശ്യ സാന്നിദ്ധ്യങ്ങളാൽ ഞാൻ ചുറ്റപ്പെട്ടിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു” (സ്വതന്ത്രതർജ്ജമ)

സാറ്റയർ

ഒട്ടകങ്ങളുടെ പുറത്തു കൊച്ചു കുഞ്ഞുങ്ങളെ കെട്ടിവരിഞ്ഞിരുത്തി ആ മൃഗങ്ങളെ വളരെ വേഗത്തിൽ ഓടിച്ച് അപരിഷ്കൃതന്മാർ രസിക്കുന്നുവെന്ന് ഞാൻ പത്രത്തിൽ വായിച്ചറിഞ്ഞിട്ടുണ്ട്. പല കുഞ്ഞുങ്ങളും മരിക്കും. വലിയ തുകകൾ വാങ്ങിക്കൊണ്ട് ഈ ഉഷ്ട്രമത്സരത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വിൽക്കുന്നവർ ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ ഈ മത്സരം കണ്ടിട്ടില്ല. പക്ഷേ ഒട്ടകങ്ങൾക്ക് ഓടനുള്ള പാതകൾ മണൽക്കാടുകളിൽ കണ്ടിട്ടുണ്ട്. അവ നോക്കി, നോക്കി എന്റെ കണ്ണുകൾ നനഞ്ഞിട്ടുണ്ട്. വിഷാദം ധർമ്മരോഷത്തിലേയ്ക്കു എന്നെ നയിച്ചിട്ടുണ്ടുതാനും. മൃഗീയതയുടെ മുൻപിൽ വിഷാദത്തിനും ധർമ്മരോഷത്തിനും എന്തുസ്ഥാനം?

കള്ളിച്ചെടി പൂത്തു നിൽക്കുമ്പോൾ ആ പൂവിന്റെ ഭംഗികണ്ട് എന്റെ ഉള്ളം കുളുർത്തിട്ടുണ്ട്. പൂ പൊഴിഞ്ഞു പോയാൽ പിന്നെ ക്രൂരങ്ങളായ മുള്ളുകളേയുള്ളൂ. അവ കാണുമ്പോൾ എനിക്കു അസ്വസ്ഥത മാത്രം.

പടിഞ്ഞാറേക്കോണിലെ ചന്ദ്രക്കല തിളങ്ങുമ്പോൾ അന്തരീക്ഷത്തിൽ ധൂസര പ്രകാശം. അതേ പ്രകാശം ഭൂമിയിലും. പക്ഷേ ചന്ദ്രക്കല മറഞ്ഞാൽ ഇരുട്ടാണെങ്ങും. ഒട്ടകങ്ങൾക്കു കുഞ്ഞുങ്ങളേയും കൊണ്ട് ഓടാനുള്ള പാതയുടെ ദർശനം എനിക്കു ദുഃഖമുളവാക്കുന്നതുപോലെ വയലാർ-പുന്നപ്ര സമരം നടന്ന പ്രദേശങ്ങൾ കാണുമ്പോൾ എനിക്കു വിഷാദം ജനിക്കുന്നു. എത്രയെത്ര ആളുകൾ മരിച്ചുവീണ പ്രദേശങ്ങൾ എന്നാവും ആകലതയോടെ ഞാൻ ചിന്തിക്കുക. പൂ പോയി മുള്ളുകൾ മാത്രമായി നിൽക്കുന്ന ചെടി കണ്ടാൽ ഗാന്ധിജി എന്ന പനിനീരലരില്ലാതെ കൈക്കൂലിയുടെയും കൊലപാതകത്തിന്റേയും കുതികാൽവെട്ടിന്റെയും മുള്ളുകൾ മാത്രമായി നിൽക്കുന്ന രാഷ്ട്ര വ്യവഹാരസസ്യത്തിന്റെ ഓർമ്മയുണ്ടാകുമെനിക്ക്. ഈ സ്മരണയാണ് ശ്രീ. വത്സലൻ വാതുശ്ശേരിയുടെ ‘ചില ചരിത്രരേഖകൾ’ എന്ന ചെറുകഥ കലാകൗമുദിയിൽ വായിച്ചപ്പോൾ എനിക്കു ഉണ്ടായത്. മഹാത്മജിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന ദണ്ഡിക്കടവ് എന്ന ദേശം. അവിടെ പ്ലേറ്റോ തുടങ്ങിയ മഹാത്മരുടെ പ്രേതങ്ങളായി പ്രവർത്തിക്കുന്നവരുണ്ട്. ബാലഗംഗാധര തിലകൻ, രാജാറാം മോഹൻറായി ഇവരുടെയെല്ലാം ഡബ്ലുകളായി നടക്കുന്നവരുണ്ട്. ഇവയെല്ലാം ഉചിതാജ്ഞതയോടെ കഥയിലേക്കുകൊണ്ടുവന്ന് നമ്മുടെ നാട്ടിന്റെ സമകാലിക ജീവിതത്തിന്റെ ജീർണ്ണതയെ കഥാകാരൻ അഭിവ്യഞ്ജിപ്പിക്കുന്നു. ഒടുവിൻ ദുഷ്ടതയുടെ പ്രതീകമായ ഹിറ്റ്‌ലറേയും രംഗത്തിലേയ്ക്കു ആനയിച്ച് നമ്മുടെ ജീവിതം എത്ര പൈശാചികമാണെന്ന് ധ്വനിപ്പിക്കുന്നു വത്സലൻ. ഒന്നാന്തരം സാറ്റയറാണിത്

ചോദ്യം, ഉത്തരം

Symbol question.svg.png പടിഞ്ഞാറൻ ദേശത്തെ വിപ്ലവകവികളും കേരളത്തിലെ വിപ്ലവകവികളും തമ്മിൽ എന്താണ് വ്യത്യാസം?

നേറൂദാ, മായകോവ്സ്കി, യാനീസ് റീറ്റ്സോസ് ഈ കവികളുടെ കാവ്യങ്ങൾ poetic ആണ്. കെ. പി. ജി. നമ്പൂതിരി തുടങ്ങിയവരുടെ കാവ്യങ്ങൾ poetic അല്ല. അവ dogmatic ആണ്.

Symbol question.svg.png നിങ്ങൾ ആക്രമണത്തെ പേടിക്കുന്നുണ്ടോ? സാഹിത്യത്തിലെ ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്.

ഒരിക്കൽ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എന്നോടു പറഞ്ഞു. ഒരിക്കലും ആക്രമിക്കാത്തവൻ ആക്രമിച്ചു തുടങ്ങിയാൽ അയാളെ പേടിക്കണമെന്ന്. ഡോക്ടർ എസ്. കെ. നായരും ഡോക്ടർ സുകുമാർ അഴിക്കോടും തമ്മിൽ വാക്കുകൾ കൊണ്ട് യുദ്ധം നടത്തിയപ്പോൾ അഴിക്കോടിന്റെ പ്രവൃത്തിയെ നീതിമത്ക്കരിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ അങ്ങനെ പറഞ്ഞത്. അന്യരെ ഒരിക്കൽപ്പോലും അറ്റാക്ക് ചെയ്യാത്ത ഒ. വി. വിജയനോ ആനന്ദോ അറ്റാക്ക് ചെയ്താൽ എനിക്കു അസ്വസ്ഥതയുണ്ടാകും. അറ്റാക്കിനു മാത്രം കച്ച കെട്ടി ഗോദയിലിറങ്ങിയവരുണ്ട്. അവരെ ഞാൻ ശഷ്പതുല്യം പരിഗണിക്കുന്നു.

Symbol question.svg.png മധുവിധു തീരുന്നതു പതിന്നാലു ദിവസം കഴിയുമ്പോഴാണോ?

അല്ല. നാലു ദിവസം കഴിഞ്ഞു ഭാര്യയും ഭർത്താവും വേറെ വേറെ കട്ടിലുകളിൽ കിടക്കുകയും ഭർത്താവു കൂർക്കം വലിച്ചു ഉറങ്ങുകയും ചെയ്യുമ്പോൾ.

Symbol question.svg.png ചങ്ങമ്പുഴക്കവിതയെ ഞാൻ ഡികൺസ്റ്റ്രക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളെന്തു പറയുന്നു?

ചെമ്പൈ വൈദ്യനാഥയ്യർ പാടുമ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ നാക്കു പിടിച്ചു വലിച്ചു രാഗം അതിലെവിടെയിരിക്കുന്നുവെന്നു പരിശോധിക്കുമോ?

Symbol question.svg.png നിങ്ങളുടെ ചരമസ്മാരകത്തിൽ ഞാൻ എന്തെഴുതിവയ്ക്കണം?

ഒന്നും എഴുതി വക്കേണ്ടതില്ല. നിങ്ങളുടെ ചരമസ്മാരകത്തിൽ എഴുതി വയ്ക്കാനുള്ളതു ഞാൻ പറഞ്ഞു തരാം. ഇവിടെ …പിള്ള ശയിക്കുന്നു. അദ്ദേഹം ഇനി വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കില്ല.

Symbol question.svg.png ബന്ദ് ഇഷ്ടപ്പെടുന്നവർ ആരെല്ലാം?

കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികൾ.

Symbol question.svg.png തിരുവനന്തപുരത്തേക്കാൾ വൃത്തികെട്ട സ്ഥലം വേറെയില്ല എന്ന് എനിക്ക് അഭിപ്രായം, എന്താ ശരിയല്ലേ?

നിങ്ങൾ കോഴിക്കോടു കണ്ടിട്ടില്ലെന്നു വ്യക്തമായി.


വേദന കലയാവുന്നു.

“അന്യാദൃശമായ വിധത്തിൽ അനുഗൃഹീതനായ ഒരെഴുത്തുകാരൻ എഴുതിയ ഈ ഹൃദയഭേദകമായ കഥ വേദനയെ സർഗ്ഗാത്മകത്വമാക്കുന്നതാണ്; മനുഷ്യന്റെ നൈരാശ്യത്തെ സാഹിത്യപരമായ മഹാത്ഭുതമാക്കി മാറ്റുന്നതും.” റൊമേനിയയിൽ ജനിച്ച അമേരിക്കൻ നോവലിസ്റ്റ് ഏലീവീസൽ (Elie Wiesel - സമാധാനത്തിനുള്ള നോബൽസമ്മാനം 1986-ൽ നേടി) പറഞ്ഞതാണിത്. ഏതു പുസ്തകം? ഷാങ് ദോമീനിക് ബോബി ഫ്രഞ്ച് ഭാഷയിലെഴുതിയ “The Diving Bell and the Butterfly” എന്ന പുസ്തകം. അമേരിക്കൻ നോവലിസ്റ്റ് സിന്തിയൊ ഓസ്റ്റിക് (Cynthia Ozik) പറഞ്ഞത് ഇങ്ങനെയും: “ഷാങ് ദൊമീനിക് ബോബിയുടെ അസാധാരണമായ സംഭവകഥനം അമേയമായ മനുഷ്യഭാവനക്ക് സാക്ഷ്യപത്രമായി വിരാജിക്കുന്നു; അതിരറ്റ ധൈര്യത്തെ നയിക്കുന്ന പ്രതിഹനന സ്വഭാവമുള്ള ഇച്ഛാശക്തിക്കും. The Diving Bell and the Butterfly എന്ന വീരധർമ്മാത്മകമായ രചന നമ്മുടെ കാലയളവിലെ ഏറ്റവും ഉത്കൃഷ്ടമായ ഓർമ്മക്കുറിപ്പുകളാണ്: ഒരു പക്ഷേ എതുകാലത്തേയും”.

ഞാൻ ഇപ്പുസ്തകം വായിച്ചു. വീസലും ഓസ്സിക്കും (സ്ത്രീ) പറഞ്ഞതിൽ അത്യുക്തിയുണ്ടെങ്കിലും അത് ഏതാണ്ട് ശരിയാണെന്ന് ഗ്രഹിക്കുകയും ചെയ്തു. ഫ്രാൻസിലെ ‘ഏൽ’പ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു, ഷാങ്. ഒരു സെറിബ്രോ വാസ്ക്യുലർ അപകടം അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം ഇല്ലാതാക്കി. പണ്ടത്തെ കാലത്ത് അതിനെ ‘Massive Stroke’ എന്നാണ് ഡോക്ടർമാർ വിളിച്ചിരുന്നത്. അതു വന്നാൽ രോഗി മരിക്കും. പക്ഷേ ചികിത്സ കൊണ്ട് ഷാങ് ഉടനെയുള്ള മരണത്തെ പരാജയപ്പെടുത്തി. തലതൊട്ട് കാൽവിരൽ വരെ തളർന്ന അദ്ദേഹത്തിന്റെ ആ അവസ്ഥയെ “locked in syndrome” എന്നാണ് പറയുക. രോഗിയുടെ മനസ്സിന് ഒരു കുഴപ്പവുമില്ല. എന്നാൽ സംസാരിക്കൻ വയ്യ. ചലനം കൊള്ളാൻ വയ്യ. ഇടത്തേ കണ്ണിന്റെ പോളകൾ അടയും തുറക്കും. ഷാങ് ആ കൺപോളകളുടെ ചലനത്തിലൂടെ അന്തർഗ്ഗതങ്ങൾ മറ്റുള്ളവർക്ക് പകർന്ന് കൊടുത്തിരുന്നു.

ഇരുപതു ദിവസം ഷാങ് ബോധശൂന്യനായി കിടന്നു. അതിനു ശേഷം ബോധം വീണ്ടെടുത്ത അദ്ദേഹം ഇടത്തേകണ്ണിന്റെ പോളകൾ ചലിപ്പിച്ച് തനിക്കുവേണ്ട അക്ഷരങ്ങൾ തിരഞ്ഞെടുപ്പിക്കും. അങ്ങനെയാണ് ഈ ആത്മകഥ അദ്ദേഹം എഴുതിയത്. ഫ്രഞ്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയതിന്റെ രണ്ടാം ദിവസം ഷാങ് മരിച്ചു.

ആശുപത്രിയിൽ നാവനക്കാൻ വയ്യാതെ, ഒരു ചെറിയ ചലനത്തിനുപോലും കെല്പില്ലാതെ കിടക്കുന്ന ഷാങ് വിചാരിക്കുകയാണ് ഞാൻ ഒരു ദിവസം എഴുതാൻ ഇടയുള്ള നാടകത്തിന്റെ പേര് ‘The Pressure Cooker’ എന്നായിരിക്കും. ഇവിടെ എനിക്കുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ചാവുമത്. ഞാനതിന് ‘The Eye’ എന്നോ ‘The Diving Bell’ എന്നോ പേരിട്ടെന്നു വരും. അതിന്റെ ഇതിവൃത്തമെന്താണെന്ന്, രംഗമെന്താണെന്ന് നിങ്ങൾക്ക് ഇതിനകം അറിവ് കിട്ടിയിരിക്കുമല്ലോ. ആശുപത്രിയിലെ മുറി. അതിനകത്ത് കുടുംബം പുലർത്തുന്ന ഒരാൾ. പ്രൗഢയൗവനത്തിലെത്തിയ ഒരാൾ ഗൗരവാവഹമായ സെറിബ്രോ വാസ്കുലാർ അപകടമുണ്ടാക്കിയ ‘ലോക്ക്ഡ് ഇൻ സിൻഡ്രോ’വുമായി ജീവിക്കാൻ പഠിക്കുന്നു. വൈദ്യലോകത്തെ അയാളുടെ സാഹസകർമ്മങ്ങളെയാണ് നാടകം പ്രത്യക്ഷങ്ങളാക്കുന്നത്. അയാളുടെ ഭാര്യയോടും, കുഞ്ഞുങ്ങളോടും, സ്നേഹിതരോടുമുള്ള അകന്നുപോകുന്ന ബന്ധങ്ങളെക്കുറിച്ചും ഉത്കർഷാഭിലാഷമുള്ള, ഏതാണ്ട് നിന്ദാശീലമുള്ള, ഇതുവരെ പരാജയപ്പെടാത്ത അയാൾ ദൈന്യതയിലേക്ക് ആദ്യത്തെ കാൽവയ്പ് നടത്തുന്നു… അടുത്തവരും പ്രിയപ്പെട്ടവരും അന്യരാണെന്ന് അയാൾ കണ്ടു പിടിക്കുന്നു. ഈ മന്ദഗതിയിലുള്ള പരിവർത്തനം മുൻ സീറ്റുകളിലേക്ക് കൊണ്ടു പോകാവുന്നതാണ്… അവസാനത്തെ രംഗം. നാടകവേദിയുടെ നടുക്ക് കട്ടിലിന് ചുറ്റുമുള്ള പ്രകാശവലയമൊഴിച്ചാൽ നാടകവേദിയാകെ ഇരുട്ടിലാണ്. രാത്രി സമയം. എല്ലാവരും ഉറങ്ങുന്നു. യവനിക ഉയർന്നതിനുശേഷം നിശ്ചേഷ്ടനായിരുന്നയാൾ പെട്ടെന്ന് വിരിപ്പും കമ്പിളിയുമൊക്കെ ദൂരെയെറിഞ്ഞ് കിടക്കയിൽ നിന്ന് ചാടിയെഴുന്നേൽക്കുന്നു. ഭീതിജനകമായ വിധത്തിൽ പ്രകാശം നൽകിയ നാടകവേദിക്കു ചുറ്റും അയാൾ നടക്കുന്നു. പിന്നീട് എല്ലാം ഉരുളുന്നു. നാടകവേദിക്കപ്പുറമായി അയാളുടെ ആന്തര നാദം അവസാനമായി കേൾക്കുന്നു. “നാശം! ഇതൊരു സ്വപ്നം മാത്രം.”

രചനയുടെ നിസ്തുലാവസ്ഥ വായനക്കാർക്ക് മനസ്സിലായില്ലേ, ഇതിൽ നിന്ന്? മരണത്തിന്റെ വക്കിലെത്തി യാതന അനുഭവിക്കുന്നവന്റെ ആ നിസ്സഹായാവസ്ഥ ഈ സാങ്കല്പിക നാടകത്തിന്റെ വർണ്ണന പരകോടിയിലെത്തിക്കുന്നില്ലേ? Intravenous കുത്തിവയ്പിലൂടെയാണ് ഷാങ് ‘ഭക്ഷണം’ കഴിക്കുന്നത്. അദ്ദേഹം സങ്കല്പത്തിലൂടെ പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്നു. ഈ സാങ്കല്പിക വർണ്ണനങ്ങൾ വായനക്കാരന്റെ ഹൃദയത്തെ പിടിച്ചുകുലുക്കും. ഒരു തരത്തിൽ കർമ്മയോഗിയാണ് ഈ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ എനിക്ക് ഉത്തേജനമരുളി. പ്രിയപ്പെട്ട വായനക്കാർക്കും അതേ അനുഭവമുണ്ടാകുമെന്നാണ് എന്റെ വിചാരം (Translated from the French by Jeremy Leggatt, Alfred A. Knopf, New York, 1997, Pages 132).

ദോഹദം

ഗംഗയുടെ രണ്ടറ്റത്തും രണ്ട് കുമിളകൾ. നദി ആ കുമിളകളെ കൂട്ടിയിണക്കുന്നു. അതുപോലെ പ്രപഞ്ച പ്രവാഹത്തിന്റെ രണ്ടറ്റത്തുമുള്ള രണ്ടു കുമിളകളാണ് നക്ഷത്രവും മനുഷ്യനും

ഒരു പ്ലേറ്റിൽ ജിലേബി. വേറൊന്നിൽ പച്ചപ്പുളി. ഇവരണ്ടും ഗർഭിണിക്ക് നേരേ വച്ചുനീട്ടിയാൽ അവൾ പുളിയെടുത്തു തിന്നും. ജിലേബി വേണ്ടെന്നു പറയുകയും ചെയ്യും. പാൽ പായസം തട്ടി ദൂരെയെറിഞ്ഞിട്ട് പച്ചമണ്ണു തിന്നുന്ന ഗർഭിണികളെ ഞാൻ കണ്ടിട്ടുണ്ട്. പ്രസവംകഴിഞ്ഞാൽ പുളി അവൾക്ക് ഓക്കാനമുണ്ടാക്കിയേക്കും. ഗർഭകാലത്ത് മണ്ണൂ തിന്നല്ലോ എന്നോർത്ത് ദുഃഖിക്കുകയും ചെയ്യും. എന്നൽ എല്ലാവർക്കും - ആണൂങ്ങൾക്കും, പെണ്ണുങ്ങൾക്കും ഇഷ്ടമുള്ള ചില വസ്തുതകളും വസ്തുക്കളും ഉണ്ട്. കാശ്മീരിലെ സുന്ദരികളെ കണ്ണെടുക്കാതെ താൻ നോക്കിക്കൊണ്ട് നിന്നുവെന്ന് എസ്. കെ. പൊറ്റക്കാട്, വക്കം അബ്ദുൾ ഖാദറിന് എഴുതി അയച്ചത് ഞാൻ കണ്ടിട്ടുണ്ട്. പൊറ്റെക്കാടിനു മാത്രമല്ല എല്ലാ പുരുഷന്മാർക്കും കാശ്മീരിലെ യുവതികൾ സുന്ദരികളായി തോന്നും. അൽഡസ് ഹക്സിലി ഒഴിച്ച് ലോകത്തുള്ളവർക്കെല്ലാം താജ്‌മഹൽ മനോഹരം തന്നെ. സർദാർ കെ. എം. പണിക്കരൊഴിച്ചുള്ള എല്ലാ ആളുകൾക്കും ഷേക്സ്പിയറിന്റെ കവിത മനോഹരമാണ്. നയാഗ്രാ വെള്ളച്ചാട്ടം എല്ലാവർക്കും ഉദാത്തമായി തോന്നും. യേശുദാസന്റെ ഗാനനിർഝരി, ചലച്ചിത്രതാരം കാനൻ ദേവിയുടെ കണ്ണുകൾ, ചലച്ചിത്ര താരം ശോഭനാ സമർഥിന്റെ കാലുകൾ, ജിദ്ദു കൃഷ്ണമൂർത്തിയുടെ ആകൃതി സൗഭഗം, ഗംഗാനദിയുടെ ഉജ്ജ്വലത, ഇവയൊക്കെ അംഗീകരിക്കാത്തവർ ആരുണ്ട്? പക്ഷേ പച്ചപ്പുളിയിൽ ഗർഭിണിക്കേ കൗതുകമുള്ളൂ. ദോഹദകാലം കഴിഞ്ഞാലേ അവൾക്ക് അതിൽ വെറുപ്പുണ്ടാകൂ. കഥയെഴുതാനുള്ള ആഗ്രഹം ഗർഭസദൃശമായി മനസ്സിൽ പേറുന്ന ശ്രീ. അംബികാസുതൻ പച്ചപ്പുളി പോലെയുള്ള ഒരു കഥയെഴുതി അതിൽ തനിക്കുള്ള അഭിനിവേശത്തെ പ്രത്യക്ഷമാക്കുന്നു (മാളമില്ലാത്ത ജീവിതം – മതൃഭൂമി ആഴ്ചപ്പതിപ്പ്). അമ്ലത കൂടിയ ഈ രചനയെ ഗാർഭികഭാരമില്ലാത്ത സഹൃദയർ ഇഷ്ടപ്പെടുന്നില്ല താനും. മഴക്കാലത്ത് വീട്ടിൽ കയറി വരുന്ന പാമ്പിനെ കൊല്ലാതെ ഗൃഹനായകൻ അകന്നുപോകുന്നു. പിന്നീട് അത് കുടയിൽ കയറിക്കിടക്കുന്നതു ഗൃഹനായിക കാണുന്നു. വെള്ളം തിളപ്പിച്ച് പാമ്പിന്റെ മേൽ ഒഴിച്ച് ഗൃഹനായിക അതിനെ കൊല്ലുന്നു. പാമ്പിന്റെ ശവം കുടയിൽ വച്ച് അത് തലയിലേറ്റി ഭർത്താവ് പുറത്തേക്ക് പോകുമ്പോൾ കഥ തീരുന്നു. വല്ല സിംബലിസവും മറ്റും അംബികാസുതൻ ഇതിൽ ഒളിച്ചുവച്ചിട്ടുണ്ടോ എന്തോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതു് സഹൃദയനു് ഉദ്വേഗം ജനിപ്പിക്കുന്ന അറുവഷളൻ കഥയാണു്. അനുഭവത്തിന്റെ അഗാധതയിൽ കിടക്കുന്ന മുത്തുകളെ മുങ്ങിയെടുക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് കഥാകാരനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. വളരെ വൈകാതെ അമ്ലതയിൽ അദ്ദേഹത്തിനുള്ള താല്പര്യം മാറി മാധുര്യത്തിലേക്കു അതു വന്നു ചേരട്ടെ എന്നു ഞാൻ ആശംസിക്കുന്നു.

സോവിയറ്റ് ബ്യൂറോക്രസിയെ ആക്ഷേപിച്ചുകൊണ്ടുള്ള Not by Bread Alone എന്ന സോവിയറ്റ് നോവൽ (ദുദിൻത്‌സേഫ് എഴുതിയത്) ആന്റി കോമ്യൂണിസ്റ്റുകൾ ഉയർത്തിക്കൊണ്ടു നടന്ന കാലം ഞാൻ ഓർമ്മിക്കുന്നു. 1956-ലായിരുന്നു അതിന്റെ സോവിയറ്റ് പ്രസാധനം. ‘മഹാകേമം’ എന്ന് അവർ അതിനെ വാഴ്ത്തിയെങ്കിലും യഥാർത്ഥത്തിൽ അതൊരു “പറട്ട” നോവലാണു്. ഞാനതു പ്രയാസപ്പെട്ട് വായിക്കുകയും തലവേദന മാറാൻ അക്കാലത്തു കിട്ടുമായിരുന്ന സാരിഡോൻ ഗുളിക രണ്ടെണ്ണം വിഴുങ്ങുകയും ചെയ്തു. മനുഷ്യന് ഭക്ഷണം മാത്രം പോരാ. ആധ്യാത്മികാനുഭൂതിയും വേണം എന്ന ആശയമാണ് നോവലിസ്റ്റ് പ്രകാശിപ്പിച്ചത്. ആ ആശയം നന്ന്. നന്നെന്നു മാത്രം പറഞ്ഞാൽ മതിയാവുകയില്ല. നൂറിനു നൂറിനും ശരി എന്നാണ് അഭിപ്രായപ്പെടേണ്ടതു്. പക്ഷേ നോവലിസ്റ്റ് അതിനു സ്ഫുടീകരണം നൽകിയപ്പോൾ കലാകാരനെന്ന നിലയിൽ പരാജയപ്പെട്ടു പോയി.

നേറൂദാ ഒരിക്കൽ പറഞ്ഞു: Man does not live by stars alone-മനുഷ്യൻ നക്ഷത്രങ്ങളെക്കൊണ്ടു മാത്രമല്ല ജീവിക്കുന്നത്, അതുംശരി. അന്തരീക്ഷത്തിലെ നക്ഷത്രങ്ങളെ മാത്രം നോക്കി പുളകം കൊള്ളുന്നയാൾ ഭൂമിയിലാണല്ലോ കാലുറപ്പിച്ചു നിൽക്കുന്നതു്. ആ ഭൂമിയിലെ ചെളിയും മാലിന്യവും പാരുഷ്യവും അയാൾ കണ്ടില്ലെങ്കിൽ പിന്നെന്തു പ്രയോജനം? എന്നാൽ ഒരു കവി നക്ഷത്രങ്ങളെക്കൂറിച്ചു മാത്രം പാടിയാൽ അയാളെ അതിന്റെ പേരിൽ കുറ്റം പറയാമോ? ഫ്രഞ്ച് തത്ത്വചിന്തകൻ ഷാക്ക് മാറിതങ് (Jacques Maritain 1882-1973) Creative intuition in Art and Poetry എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. പർവ്വത പംക്തികളെയും അന്തരീക്ഷത്തിലെ തേജോഗോളങ്ങളെയും കാവ്യങ്ങൾക്കു വിഷയങ്ങളാക്കുന്ന കവി യഥാർത്ഥത്തിൽ മനുഷ്യവികാരങ്ങളെയാണ് അവയിൽ ആരോപിക്കുന്നതെന്നു്. (ഓർമ്മയിൽ നിന്നെഴുതുന്നത്. പുസ്തകം കൈയിലില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണു് ഞാൻ ഈ ഗ്രന്ഥമെടുത്തു വായിച്ചത്. അത്യുജ്ജ്വലം എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ) അപ്പോൾ പ്രകാശഗോളങ്ങളെക്കുറിച്ചു പാടുന്ന കവി മനുഷ്യനെക്കുറിച്ചു പാടുക തന്നെയാണ്. ഗംഗയുടെ രണ്ടറ്റത്തും രണ്ടു കുമിളകൾ. നദി ആ കുമിളകളെ കൂട്ടിയിണക്കുന്നു. അതുപോലെ പ്രപഞ്ചപ്രവാഹത്തിന്റെ രണ്ടറ്റത്തുമുള്ള രണ്ടു കുമിളകളാണു് നക്ഷത്രവും മനുഷ്യനും. അതിനാൽ നക്ഷത്രത്തെക്കുറിച്ച് പാടുകയെന്നതു മനുഷ്യനെക്കുറിച്ചു പാടുകയെന്നതു തന്നെ എന്ന് ജി. ശങ്കരക്കുറുപ്പ് ജോസഫ് മുണ്ടശ്ശേരിക്കു നൽകിയ മറുപടി ഈ സന്ദർഭത്തിൽ ഓർമ്മിക്കത്തക്കതാണ്.