close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 09 12


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 09 12
മുൻലക്കം 1997 09 05
പിൻലക്കം 1997 09 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രാത്രിയിൽ മല നിരകളിൽ
അരുവി ശാന്തമായി, നിശ്ശബ്ദമായി ഒഴുകുന്നു
അരുവിയുടെ അരികിൽ ഒരു പെൺകുട്ടി ഇരിക്കുന്നു
സ്വന്തം പ്രതിഫലനത്തിൽ മോഹിപ്പിക്കപ്പെട്ട്
ഇവിടെ എല്ലാ പ്രതീക്ഷകളോടും
കൂടിയെന്നപോലെ അവൾ എഴുന്നേൽക്കുന്നു
മേഘങ്ങളെപ്പോലെ അവളുടെ വസ്ത്രങ്ങൾ ഊർന്നു വീഴുന്നു
മറ്റൊരിടത്തും നോക്കാതെ വെള്ളത്തിൽ
മാത്രം നോക്കിക്കൊണ്ട്
അവൾ ഒരു കാൽ ജലത്തിൽ വയ്ക്കുന്നു;
വെള്ളം വിറയ്ക്കുകയും ചെയ്യുന്നു.
അരുവിക്ക് അതിന്റെ മാർഗ്ഗം നഷ്ടമായി.
അതു പെൺകുട്ടിയുടെ അടുത്തേക്ക് ഇരച്ചുചെല്ലുന്നു.
അതു അവളുടെ മുലകൾ വരെ ഉയരുന്നു
കൂടുതലുയരാൻ അതിനു കഴിയുന്നില്ല.
പാറക്കെട്ടുകളുടെ പിറകിൽ
നിശ്ചലനായ് നിൽക്കുന്ന സൂര്യൻ
ജലത്തിന്റെ കണ്ണാടിയിൽ കടാക്ഷമെറിയുന്നു;
ആ രംഗത്തെ അനവരതം പ്രകാശിപ്പിച്ചുകൊണ്ട്
ഈ ഹ്രസ്വനിമിഷങ്ങളെ വീക്ഷിക്കുന്നു

തർക്‌മേനസ്ഥാൻ (Turkmenistan) കവി ആദാമുറാദ് ബേയേഫ് (Atamurad Atabaev -born 1948) എഴുതിയ കവിതയുടെ ഭാഷാന്തരീകരണമാണിത്. വിലോഭനീയമായ സ്ത്രീസൗന്ദര്യത്തെ വാഴ്ത്താത്ത കവികളില്ല. എന്നാൽ ഈ വർണ്ണനയിൽ സവിശേഷതയുണ്ട്. അരുവി, സൂര്യൻ ഈ പ്രാപഞ്ചിക വസ്തുക്കൾ പോലും വനിതയുടെ സൗന്ദര്യത്താൽ ആകർഷിക്കപ്പെടുന്നു എന്നാണ് പ്രസ്താവം. റഷൻ ഫോർമുലിസ്റ്റുകൾ പറയുന്ന determiliarisation - പരിചിത വസ്തുക്കളെ അപരിചിത വസ്തുക്കളാക്കുന്ന രീതി - ഇവിടെ സംദൃശമാണ്. പെൺകുട്ടിയുടെ സ്തനസ്‌പർശത്താൽ ആഹ്‌ളാദിച്ച് അവിടെ നിന്നു ഉയരാാൻ കഴിയാത്ത നദിയും അവളെ അഭിലാഷത്തോടുകൂടി നോക്കുന്ന സൂര്യനും കാമാവേശമാർന്നവരുടെ പ്രതീകങ്ങളാണ്. ആ വർണ്ണനത്തിൽ അത്യുക്തിയുണ്ടെന്നു സമ്മതിക്കാം. പക്ഷേ ആ അതിശയോക്തിയിലൂടെ നമ്മൾ കലാസത്യത്തിന്റെ ലോകത്തു ചെന്നു ചേരുന്നു.

ഇതുപോലുള്ള മനോഹരങ്ങളായ കാവ്യങ്ങളും കലാത്‌മകമായ ചെറുകഥകളും പ്രൗഢങ്ങളായ പ്രബന്ധങ്ങളും ഉൾക്കൊള്ളുന്ന ത്രൈമാസികമാണ് “World Literature Today - literatures of Central Asia” എന്നത്. അസർബൈജാൻ, കാസാക്ക്സ്ഥാൻ, കിർജിസ്ഥാൻ, തജകിസ്ഥാൻ, തർക്ക്മെനസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ ഈ രാജ്യങ്ങളിലെ സമകാലിക സാഹിത്യകാരന്മാരുടെ രചനകൾ കൊണ്ട് ഇതു സലങ്കൃതമാണ്. ദേശത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സാഹിത്യത്തെ മറ്റു രാജ്യങ്ങളിലെ സഹൃദയർക്കു പരിചയപ്പെടുത്തിക്കൊടുക്കാനും സാകല്യാവസ്ഥയിലുള്ള സാഹിത്യ സംസ്ക്കാരത്തെ വികസിപ്പിക്കാനും വേണ്ടി UNESCO 1948-ൽ സമാരംഭിച്ചതാണ് ഈ ത്രൈമാസിക പ്രസാധനം. ഇതിന്റെ ഒടുവിലായി ഫ്രഞ്ച്, സ്‌പാനിഷ്, ഇറ്റാല്യൻ, ജർമ്മൻ, ഇംഗ്ലീഷ്, റഷ്യൻ, ഗ്രീക്ക്, ആഫ്രിക്കൻ, വെസ്റ്റ് ഇൻഡീസ് ഈ ഭാഷകളിലുണ്ടായ നിരൂപണങ്ങളുമുണ്ട്. സൽമാൻ റുസ്ച്ദിയുടെ The moor’s Last Sigh” എന്ന നോവൽ നിരൂപണം ചെയ്തത് Bruce King എന്ന വിഖ്യാതനായ നിരൂപകനാണ്. റുഷ്‌ദിയുടെ നോവൽ ഉത്കൃഷ്ടമാണെന്നു പറഞ്ഞിട്ട് അദ്ദേഹം ശൈലിയെ വാഴ്ത്തുന്നു.‘His style is unique and influential as Picasso’s and he always manages to write powerfully about the defining issues of our time’.

മുൻപൊരു ലക്കം “മലയാള” ത്തിൽ കാർലോസ് ഫ്വേന്തേസിന്റെ “Dian, the Goddess who Hunts Alone” എന്ന നോവലിനെക്കുറിച്ച് ഞാൻ എഴുതിയുരുന്നല്ലോ. ആ നോവലിന്റെ റെവ്യൂ ഈ ത്രൈമാസികത്തിലുണ്ട്. അമേരിക്കൻ ചലച്ചിത്രതാരം ജീൻ സെബ്ർഗുമായി ഫ്വേന്തേസിൻ ഉണ്ടായ ഒരു ഹ്രസ്വകാല പ്രേമമാണത്രേ ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്. ജീൻ സെബെർഗ് നോവലിൽ ഡയൻ സോറനായി മാറുന്നുവെന്നു മാത്രം. ഡയന വേറൊരു ചെറുപ്പക്കാരനുവേണ്ടി ഫ്വേന്തേസിനെ ഉപേക്ഷിക്കുമ്പോൾ നോവൽ പരകോടിയിലെത്തുന്നു. ഡയന ആത്മഹത്യ ചെയ്യുന്നു. അവളുടെ ഭർത്താവ് ഐവാൻ ഗ്രാവുറ്റുമായി ഫ്വേതൻസ് സംസാരിക്കുന്നു. അതോടെ നോവൽ അവസാനിക്കുകയാണ്. ഈ Ivan Gravet വിശ്വവിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് റൊമാങ് ഗറീ (Romain Gary 1914 - 1980) ആണെന്നു നിരൂപകൻ പറയുന്നു. ഫ്വേതൻസ് നോവൽ രചനയ്ക്കു വേണ്ടി തന്റെ പൂർവ്വകാലാനുഭവത്തെ വീണ്ടും ആവിഷകരിക്കുകയാണോ, അതോ സ്വയം ഡോൺ ജൂവനായി പ്രത്യക്ഷനാവുകയാണോ എന്നു നിരൂപകനു സംശയം. നോവലിനെ brilliant എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. എങ്കിലും അത് ഫ്വേതൻസിന്റെ മറ്റു കൃതികളോടൊപ്പം നിൽക്കുകയില്ലെന്നു പറയുന്നുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഒക്ലഹോമ സർവകലാശാല മൂന്നു മാസത്തിലൊരിക്കൽ പ്രസാധനം ചെയ്യുന്ന ഈ മാസിക വിശിഷ്ടമാണ് (Pages from 489 to 772 - UNESCO collection of representative works).

ചോദ്യം, ഉത്തരം

പൊട്ടിചിരിപ്പിക്കുന്ന ഹാസ്യം യഥാർത്ഥ ഹാസ്യമല്ല. അനുവാചകരുടെ ചുണ്ടുകളിൽ നേരിയ ചിരി മാത്രമേ അതു ജനിപ്പിക്കാവൂ. മലയാറ്റൂരിന്റെ ഹാസ്യം ആ രീതിയിലുള്ളതാണ്.


Symbol question.svg.png കൈക്കൂലിക്കാരെ മുക്കാലിയിൽ കെട്ടി അടിക്കുന്ന രീതി വരാത്തതെന്ത്?

പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു ഈ ഏർപ്പാട്. ഇപ്പോൾ ഇല്ല. ഒരിക്കൽ ഭാസ്ക്കരൻ നായർസ്സാറ് (ഡോക്ടർ കെ. ഭാസ്കരൻ നായർ) എന്നോടു പറഞ്ഞു: ‘ഞാനിന്നു വരെ കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടു ഞാൻ സുഖമായി ഉറങ്ങുന്നു.’ ഇപ്പോഴത്തെ സ്ഥിതി വിഭിന്നം. മുൻകൂർ ജാമ്യമെന്ന ഏർപ്പാടുള്ളതുകൊണ്ട് പാർട്ടി സഹായത്തിനെത്തുമെന്നുള്ളതു കൊണ്ടു കൈക്കൂലിക്കാരൻ ഗാഢനിദ്രയിൽ മുഴുകുന്നു. മുക്കാലി വീണ്ടും വരേണ്ടതാണ്.

Symbol question.svg.png പമ്പരം കറങ്ങുന്നതു കാണാൻ രസമില്ലേ നിങ്ങൾക്ക്?

പമ്പരത്തെക്കാൾ വേഗമാർന്നു ഓട്ടോറിക്ഷാമീറ്റർ കറങ്ങുന്നതു കാണാനാണ് എനിക്കു രസം.

Symbol question.svg.png പ്രസംഗം നടക്കുമ്പോൾ സദസ്സാകെ അതു ശ്രദ്ധിക്കുന്നുണ്ടോ. കേൾക്കുന്നുണ്ടോ?

ഈ ലോകത്ത് ആരാണ് മറ്റൊരാൾ പറയുന്നതു കേൾക്കുക? ഭാര്യ വാതോരാതെ സംസാരിക്കും. ഭർത്താവ് അതിനൊക്കെ മൂളുമെങ്കിലും യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നില്ല. കേൾക്കുന്നില്ല. ഭർത്താവ് പറയുന്നതെല്ലാം ഭാര്യ കേൾക്കും. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കില്ല.

Symbol question.svg.png ബോറടി - നിർവചിക്കാമോ സാറേ?

ഈ ലോകത്ത് എല്ലാവരും മറ്റെല്ലാവർക്കും ബോറുകളാണ്. ഞാൻ നിങ്ങൾക്കു ബോറൻ. സ്ത്രീകളോടു സംസാരിക്കുന്നതാണ് ഏറ്റവും വലിയ ബോറടി. സ്ത്രീകളിൽ തന്നെ മധ്യവയസ്കകളായ മുത്തശ്ശിമാരുണ്ട്. അവർ എപ്പോഴും പേരക്കുട്ടികളുടെ ബുദ്ധിസാമർത്ഥ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സഹിക്കാനൊക്കുകയില്ല അത്.

Symbol question.svg.png തിരുവനന്തപുരത്ത് ലോക്കൽ കാളുകളുടെ സമയപരിധി അഞ്ചു മിനിറ്റാണ്. ഇതു ശരിയാണോ?

ശരി. ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ സ്ത്രീകൾക്കു സംഭാഷണത്തിനുള്ള സമയം ഒരു മിനിറ്റാക്കി കുറയ്ക്കുമായിരുന്നു.

Symbol question.svg.png പെണ്മക്കൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ അവരെ യാത്രയയ്ക്കാൻ ചെല്ലുന്ന അച്ഛനമ്മമാർ കരയുന്നതെന്തിന്?

മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞു കൂടാ. എന്റെ കാര്യം പറയാം. മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ അവൾ ഉപയോഗിച്ചിരുന്ന മുറി പുസ്തകങ്ങൾ വയ്ക്കാനെടുക്കാമല്ലോ എന്നു വിചാരിച്ച് ആഹ്ലാദിച്ചിട്ടേയുള്ളൂ ഞാൻ.

Symbol question.svg.png മരിക്കാൻ ആഗ്രഹമുണ്ടോ?

ഇല്ല. അതിനു തെളിവ് ഞാൻ ടെലിവിഷൻ പരിപാടികൾ കാണുന്നില്ല എന്നതാണ്.

ഈശ്വരന് താക്കീത്

ഈശ്വരൻ മരിച്ചെന്നു ജർമ്മനിയിലെ ഒരു തത്ത്വചിന്തകൻ പ്രഖ്യാപിച്ചു. ശരിയല്ല. അങ്ങോർ ജീവിച്ചിരിക്കുന്നു. എന്നാൽ പക്ഷപാതം കാണിക്കലാണ് ഈശ്വരന്റെ ജോലി. ശതാബ്ദങ്ങൾക്കു മുൻപ് മൂപ്പർക്ക് ഈ പക്ഷാനുരാഗം ഇല്ലായിരുന്നു. വാൽമീകിയെയും വ്യാസനെയെയും കാളിദാസനെയും ഭാരതത്തിനു കൊടുത്ത ദൈവം തമ്പുരാൻ ഹോമറെയും സൊഫൊക്ലിസ്സിനെയും ഷെക്സ്പിയറെയും പടിഞ്ഞാറൻ ദേശങ്ങൾക്കു കൊടുത്തു. ഭാരതത്തിനു റ്റാഗോറിനെ നൽകിയ പരമാത്മൻ സിറിയയ്ക്കു ഖലീൻ ജിബ്രാനെ നൽകി. പിന്നീടാണ് ഈശ്വരൻ പക്ഷപാതസങ്കീർണ്ണമായ സ്വഭാവം കാണിച്ചു തുടങ്ങിയത്. താൻ മരിച്ചെന്ന് ഒരു തത്ത്വചിന്തകൻ ലോകമാകെ ഞെട്ടത്തക്കവിധത്തിൽ പ്രഖ്യാപിച്ചതു കേട്ട് ദൈവം തമ്പുരാൻ പേടിച്ചു പോയിരിക്കണം. അന്നുമുതൽ അദ്ദേഹം പക്ഷപാതം കാണിച്ചു തുടങ്ങി തന്റെ അസ്തിത്വം തെളിയിക്കാനായി കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലാണ് മൂപ്പിലാന്. ഐർലണ്ടിന് ബർനാഡ് ഷായെയും ജെയിംസ് ജോയിസിനെയും കൊടുത്ത ജഗന്നിയന്താവ് കേരളത്തിനു മുൻഷി പരമുപിള്ളയെയാണ് കൊടുത്തത്. കേരളീയർക്ക് അതിലെ ന്യായതയ്യിലായ്മ മനസ്സിലായി. അതുകൊണ്ട് അവർ മുൻഷിയെ കേരള ബർനാഡ് ഷാ എന്നു വിളിച്ചു. ബ്രിട്ടനിൽ ഡിക്കിൻസിനെയും ഹാർഡിയെയും അവതരിപ്പിച്ച ദൈവം കേരളത്തിൽ അപ്പൻ തമ്പുരാനെയും അപ്പു നെടുങ്ങാടിയെയും അവതരിപ്പിച്ചു. ജർമ്മനിയിൽ ഷൊർഷ്കൈസർ; കേരളത്തിൽ പുളിമാന പരമേശ്വരൻ പിള്ള. നൊർവയിൽ ഇബ്സൺ; കേരളത്തിൽ എൻ. കൃഷ്ണപിള്ള. മൂപ്പരുടെ കളി എന്തു കേമം! ഫ്രാൻസിൽ സാങ്ത് ബോയ്‌വിനെയും ഇംഗ്ലണ്ടിൽ കോൾ റിജ്ജിനെയും നിരൂപകരാക്കി വാഴിച്ച പടച്ചോൻ കേരളത്തിൽ എം. കൃഷ്ണൻനായരുൾപ്പെട്ട കുറെ ജേണലിസ്റ്റുകളെയാണ് കൊണ്ടിറക്കിയത്. ഫ്രാൻസിനു മൊപസാങിനെയും റഷ്യയ്ക്കു ചെക്കോവിനെയും നോർവെയ്ക്കു ക്നൂട്ട് ഹാംസുണിനെയും കൊടുത്ത പടച്ചവൻ മാതൃഭൂമി വാരികയിൽ ‘ഹംസപക്ഷ മുദ്ര’ എന്ന കഥയെഴുതിയ രവിയെയും ദേശാഭിമാനി വാരികയിൽ ‘പൂമ്പാറ്റയുടെ ചിറക്’ എന്ന കഥയെഴുതിയ ബീനാ ജോർജ്ജിനെയുമാണ് നമുക്കു നൽകിയത്. പടച്ചോനോട് ഒരു വാക്ക്. നിങ്ങൾ ഈ പക്ഷാനുരാഗം ഉടനെ നിറുത്തണം. ഇല്ലെങ്കിൽ ഞങ്ങൾ ആ ജർമ്മൻ ദാർശനികനെപ്പോലെ ‘നിങ്ങൾ മരിച്ചു’ എന്നു പ്രചരിപ്പിക്കും.

മലയാറ്റൂർ രാമകൃഷ്ണൻ

ഞാൻ എല്ലാക്കാലത്തും ചെറിയ വീടുകളിലേ താമസിച്ചിട്ടുള്ളൂ. വിദ്യാർത്ഥിയായിരുന്നപ്പോൾ പച്ചക്കട്ട കെട്ടിയുയർത്തിയ, ഓല മേഞ്ഞ ഒരു കൊച്ചു കെട്ടിടത്തിലായിരുന്നു താമസം. ഞാൻ പഠിക്കാൻ ഉപയോഗിച്ചിരുന്ന മുറിക്ക് മേൽത്തട്ട് ഇല്ലായിരുന്നു. മുകളിലോട്ട് നോക്കിയാൽ ഓലയുടെ സുഷിരങ്ങളിലൂടെ ആകാശത്തിന്റെ ചില ഭാഗങ്ങൾ കാണാം. മഴ പെയ്താൽ ആ ദ്വാരങ്ങളിലൂടെ വെള്ളം ഒഴുകി കിടന്നുറങ്ങുന്ന എന്റെ വായ്ക്കകത്തേക്കു പോകും. മരസ്സാമാനങ്ങൾ - മേശ, കസേര,ഇവ - അറു പഴഞ്ചൻ. കാലുകൾക്ക് ആട്ടം വച്ച കസേരയിൽ വളരെ സൂക്ഷിച്ചിരുന്ന് ഡിക്കിൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് എന്ന നോവൽ വായിച്ചത് ഞാനിന്നും ഓർമ്മിക്കുന്നു. എനിക്കന്നു പതിന്നാലു വയസ്സ്. പ്രായമായി സ്വന്തമായ വരുമാനമുണ്ടായിട്ടും പച്ചക്കട്ട കൊണ്ടു കെട്ടിയ ഒരു പഴഞ്ചൻ വീട്ടിലാണ് പാർത്തത്. നൂതനരീതിയിലുള്ള സെറ്റി, വട്ടമേശ, കറങ്ങുന്ന കസേര, ഭ്രമണം ചെയ്യുന്ന വൃത്താകൃതിയിലുള്ള മേശ ഇവയൊന്നും എന്റെ വീട്ടിലില്ല. ഇതല്ല പല വീടുകളിലേയും സ്ഥിതി. ഈട്ടിത്തടി കൊണ്ടുണ്ടാക്കിയ സെറ്റികൾ എല്ലാ മുറിയിലും നീരാളം വിരിച്ച ഫോം റബർ കുഷനുകൾ സെറ്റിയിൽ കൈ വയ്ക്കുന്നിടത്ത് ചിത്രപ്പണികൾ. ആ ‘ഹാൻഡ് റെസ്റ്റി’ലും നീരാളം പൊതിഞ്ഞ് റബർ കുഷൻ ഒറ്റക്കസേര സിംഹാസനം പോലെ. അങ്ങനെ പല സിംഹാസനങ്ങൾ. യാദൃശ്‌ചികമായി അവിടെച്ചെന്നു കയറുകയും ഗൃഹനായകൻ ’ഇരിക്കൂ’എന്നു പറയുകയും ചെയ്താൽ ആ സിംഹാസനത്തിലിരിക്കാൻ എനിക്കു പേടിയാണ്. ക്ഷമിക്കണം. അസൂയകൊണ്ടു പറയുകായാണു ഞാനെന്നു വിചാരിക്കരുത്. ഈ പ്രൗഢി കാണിക്ക്ലൊക്കെ വൾഗാരിറ്റിയാണ്. ‘പാങ്ങില്ലാ പതിവ്രത’ എന്നു പറയുന്നതുപോലെ പണമില്ലാത്തവൻ പണമുള്ളവനെ ആക്ഷേപിക്കുകയാാണെന്നു കരുതരുത്. ഒരതിരു കടന്നാൽ സമ്പത്തിന്റെ പ്രദർശനം വൾഗാരിറ്റിയായിത്തീരും. മരസ്സാമാനങ്ങൾ വീട്ടിലിടുന്നതിലും വസ്ത്രധാരണത്തിലും മിതത്വം പാലിക്കുന്നതാണ് മാന്യതയുടെ ലക്ഷണം.

സാഹിത്യരചനയിലും ഈ മിതത്വം വേണ്ടതാണ്. “ഉന്നതമായ ശരവണത്തിന്റെ അന്തരാളത്തിൽ കുറഞ്ഞൊന്നു മറഞ്ഞു മേചക രേഖാകിർമ്മിരിതമായ ചർമ്മകഞ്ചുകത്ത്ടു കൂടി സമാധിയിൽ സ്വപ്‌നദർശിയെന്നപോലെ ഊർദ്ധ്വം തുഷാരരേഖിതങ്ങളായ ഗിരിശൃംഗങ്ങളിലേക്കു ദൃഷ്ടികളെ വ്യാപരിപ്പിക്കുകയും അപ്പോഴും ദീപ്രമായിരുന്ന ദിനകര പ്രകാശത്താൽ അവയെ അർദ്ധ മുകുളിതമാക്കുകയും ചെയ്തുകൊണ്ട് ഒരു ശാർദ്ദൂലം സ്വൈരമായി ശയിച്ചു.” (ഓർമ്മയിൽ നിന്നെഴുതുന്നത്) എന്ന വർണ്ണന വൾഗറാണ്; ധനികന്റെ വീട്ടിലെ സിംഹാസങ്ങളെപ്പോലെയുള്ള കസേരകളും സെറ്റികളും വൾഗറായതുപോലെ. എന്നാൽ തകഴി, കേശവദേവ്, ബഷീർ ഇവരുടെയെല്ലാം രചനകളുടെ തുടക്കം ലളിതമായിട്ടാണ്.

ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ശൈലി ഇതുപോലെ അസങ്കീർണ്ണമാണ് ’മലയാളം’ വാരികയിൽ അദ്ദേഹമെഴുതിയ ‘ബ്രിഗേഡിയറും കോഹിനൂറും’ എന്ന ഹാസ്യത്‌മകമായ കഥയ്ക്കും ഈ സവിശേഷതയുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യം യഥാർഥ ഹാസ്യമല്ല. അനുവാചകരുടെ ചുണ്ടുകളിൽ നേരിയ ചിരി മാത്രമേ അതു ജനിപ്പിക്കാവൂ. മലയാറ്റൂരിന്റെ ഹാസ്യം ആ രീതിയിലുള്ളതാണ്.

നിരീക്ഷണങ്ങൾ

വെളുത്തമുണ്ട് കൂടുതൽ വെളുപ്പിക്കണമെന്നുണ്ടെങ്കിൽ ആരും കാണാതെ അതു ചെയ്തുകൊള്ളൂ. അഴുക്കുള്ള മുണ്ടാണെങ്കിൽ മറ്റൊരുത്തന്റെയും ദൃഷ്ടിയിൽ പെടാത്ത വിധമാണു അതനുഷ്ഠിക്കേണ്ടത്. കുങ്കുമം വാരികയിൽ ‘സ്‌പന്ദിക്കുന്ന അസ്ഥിമാടവും മനസ്വിനിയും’ എന്ന ലേഖനമെഴുതിയ ശ്രീ. ചങ്ങമ്പുഴ പ്രഭാകരൻപുതിഗന്ധമുള്ള മുണ്ടാണു പരസ്യ‌മായി അലക്കുന്നത്. ഇപ്പോഴും ജീവിച്ചിരിക്കാൻ ഇടയുള്ള ഒരു സ്ത്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ ഉമ്മവച്ചത്. (ആ സ്ത്രീ ഇന്നില്ലെങ്കിൽ അവരുടെ മക്കളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ)കവിക്കു സിഫിലിറ്റിക് ഷാന്ദ്കർ വന്നത് ഇങ്ങനെ പലപല വസ്ത്രങ്ങൾ-ദുർഗന്ധപൂരിതങ്ങളായ വസ്ത്രങ്ങൾ-പ്രഭാകരൻ പരസ്യമായി അലക്കുന്നു. ഇതു ശരിയല്ലെന്നു പറയാൻ ഞാൻ നിർബന്ധനാകുന്നത് ചങ്ങമ്പുഴയുടെ അമ്മയെക്കാണാൻ ഞാൻ ഇടപ്പള്ളിയിൽ ചെന്നപ്പോൾ അവരും പ്രഭാകരനും എന്നോടു സ്‌നേഹത്തോടെ പെരുമാറിയത് വിസ്‌മരിക്കാതെ തന്നെയാണ്. മഹാൻമാരെ ബഹുജനത്തിന്റെ മുന്നിൽ കരിതേച്ചു കാണിക്കുന്നത് തെറ്റാണ്. സാഹിത്യ വിമർശനമാകാം.സ്വഭാവഹനനം പാടില്ല.

ആധുനിക മലയാള സാഹിത്യത്തിൽ സുന്ദരങ്ങളായ സൃഷ്ടികൾ ഏറെയുണ്ട്. പടിഞ്ഞാറൻ സാഹിത്യത്തിൽ സുന്ദരങ്ങളായ രചനകളോടൊപ്പം മഹനീയങ്ങളായ രചനകളും ഉണ്ടാകുന്നു. മലയാള സാഹിത്യത്തിൽ - ആധുനിക കാലയളവിൽ - ആവിർഭവിക്കുന്ന സാഹിത്യസൃഷ്ടികൾക്കു മഹത്ത്വമില്ല.

2. ഭാരതീയ സാഹിത്യത്തിൽ പടിഞ്ഞാറൻ സാഹിത്യവുമായി കിടപിടിക്കുന്ന നോവലുകളോ കഥകളോ ഇല്ലെന്ന ചിലരുടെ അഭിപ്രായത്തോട് എന്തു തോന്നുന്നു?

=വിശ്വസാഹിത്യത്തിലെ മികച്ച നോവലുകളും കഥകളും പടിഞ്ഞാറൻ സാഹിത്യത്തിലാണെന്ന ധാരണ ചിലർ സൂക്ഷിക്കുകയും പരത്തുകയും ചെയ്യുന്നുണ്ട്. കഥയെപ്പറ്റിയും നോവലിനെക്കുറിച്ചുമുള്ള പാശ്ചാത്യ മാനദണ്ഡങ്ങളനുസരിച്ച് ഭാരതീയ സാഹിത്യം വിലയിരുത്തുന്നതിനോട് എനിക്കു വിയോജിപ്പുണ്ട്.

ചോദ്യം ശ്രീ എം. എ. ചന്ദ്രശേഖരന്റേത്. സമചിഹ്നത്തിനു ശേഷമുള്ള ഉത്തരം ശ്രീ. ഇ. കെ. ദിവാകരൻ പോറ്റിയുടേത്. ചിന്തനീയമാണ് ദിവാകരൻ പോറ്റിയുടെ അഭിപ്രായം. സാഹിത്യത്തെസ്സംബന്ധിച്ച മാനദണ്ഡങ്ങൾ എല്ലാ രാജ്യങ്ങളിലും ഒന്നു തന്നെയാണ്. ബ്രിട്ടന് ഒരു മാനദണ്ഡം. ജർമ്മനിക്ക് വേറൊന്ന്. ഇന്ത്യക്ക് മറ്റൊന്ന് എന്നില്ല. ഭാരതീയന്റെ രസാനുഭൂതി തന്നെയാണ് പാശ്ചാത്യന്റെ eastheic delight. പിന്നെ ഭാരതീയന് അപഗ്രഥനപാടവം കൂടും. അതുകൊണ്ട് രസ്ത്തെ ശ്രംഗാരം, ഹാസ്യം ഇങ്ങനെ പലതായി വിഭജിക്കുന്നു. ഗംഗാനദി പല സ്ഥലങ്ങളിലൂടെയും ഒഴുകുമ്പോൾ അതാത് സ്ഥലങ്ങളുടെ പേര് അതിനു കിട്ടുന്നതുപോലെ രസത്തിന് ശൃംഗാരം, കരുണം ഇങ്ങനെയുള്ള പേരുകൾ കിട്ടുന്നു. അത്രേയുള്ളൂ.

റ്റ്. എസ്. എല്യറ്റിന്റെ ഒബ്ജക്ടീവ് കോറിലേറ്റീവിനും ഭാരതീയന്റെ വിഭാവത്തിനും തമ്മിൽ വലിയ വ്യത്യാസമില്ല. രാജശേഖരൻ കാവ്യകവി, ഗദ്യകവി,അഭ്യാസികൻ ഇങ്ങനെ കവികളെ തരംതിരിച്ചതു പോലെ ഇറ്റലിയിലെ ബേനേദേത്തോ ക്രോചെ prosaic poet, poetic poet എന്ന് കവികളെ തരംതിരിച്ചിട്ടുണ്ട്. രസാസ്വാദനത്തിനോ ഭാവാസ്വാദനത്തിനോ ഭാരതീയർക്കു കാലത്തെയും സ്ഥലത്തെയും സ്സംബന്ധിച്ച് യഥർഥ്യബോധം വേണ്ട. ദുഷ്യന്തൻ ഓടിച്ച മാനിന്റെ വർണ്ണന രസോത്‌പാദകമാകുന്നത് അതു കണ്വാശ്രമത്തിലെ മാനാണ് അക്കാലം പ്രാചീനമാണ് എന്നൊക്കെ സഹൃദയൻ അറിയുന്നതിന്റെ ഫലമല്ല. വേഡ്‌സ്‌വർത്തിന്റെ Solitary Reaper അനുവാചകൻ ആസ്വദിക്കുന്നു. ഒരു മദാമ്മക്കുട്ടി അരിവാളുമായി വയലിൽ നിന്നു കൊയ്തു എന്ന അറിവ് ആ കവിതയുടെ ആസ്വാദനത്തിൻ സാഹായ്യമരുളുന്നില്ല. ചങ്ങമ്പുഴയുടെ ‘ആ പൂമാല’യും വേഡ്‌സ്‌വർത്തിന്റെ Solitary Reaperഉം ഒരേവിധത്തിൽ ഭാവാനുഭൂതി ഉളവാക്കുന്നു. ഒരു കാര്യം കൂടി. ആധുനിക മലയാള സാഹിത്യത്തിൽ സുന്ദരങ്ങളായ സൃഷ്ടികൾ ഏറെയുണ്ട്. പടിഞ്ഞാറൻ സാഹിത്യത്തിൽ സുന്ദരങ്ങളായ രചനകളോടൊപ്പം മഹനീയങ്ങളായ രചനകളും ഉണ്ടാകുന്നു. മലയാള സാഹിത്യത്തിൽ - ആധുനിക കാലയളവിൽ - ആവിർഭവിക്കുന്ന സാഹിത്യസൃഷ്ടികൾക്കു മഹത്ത്വമില്ല.

3. തീവണ്ടിഉഇൽ സഞ്ചരിക്കുന്ന ചെറുപ്പക്കാർക്കാരിക്ക് ‘ലാവറ്ററി’യിൽ പോകണമെങ്കിൽ തനിച്ചു പോകാൻ പേടിയാണ്. ഒരുത്തിയെക്കൂടെ കൊണ്ടുപോകും. അവൾ അടച്ച വാതിലിന്റെ അടുത്ത് ഇസ്പീട് രാജ്ഞിയെപ്പോലെ നിൽക്കും. ആരെങ്കിലും ലാവറ്ററി’യെ സമീപിച്ചാൽ വരുന്ന ആളിന്റെ മുഖത്തുനോക്കാതെ അവൾ പറയും: ‘അകത്ത് ആളുണ്ട്’ എന്ന്. അരുന്നയാൾ ദേഷ്യത്തോടെ തിരിച്ചുപോകും. ആധുനിക കവി ധാവനസ്ഥലത്ത് (ധാവനസ്ഥലം=ലാവാറ്ററി) കയറിയുരിക്കുന്ന തരുണിയെപ്പോലെയാണ്. നിത്യകർമ്മം അനുഷ്ഠിക്കുമ്പോൾ ആ വ്യക്തിയെ സംരക്ഷിക്കാൻ അടച്ച കതകിന്റെ ഇപ്പുറത്തു നിൽക്കുന്ന വ്യക്തിയെപ്പോലെ നവീന നിരൂപകർ അകത്തിരിക്കുന്ന ആളിനെ വെളിയിൽ നിൽക്കുന്ന ആൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.

4. പ്രഫെസർ എൻ. പി. രാമചന്ദ്രൻ നായരുടെ ‘സംഖ്യാശബ്‌ദകോശം ‘അത്യുത്തമമാണ്. ‘സംഖ്യാശബ്‌ദങ്ങൾക്കു സമഗ്രമായൊരു കോശം ചമയ്ക്കാനുള്ള ദീർഘകാലത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ഗ്രന്ഥമെന്നു ഗ്രന്ഥകാരൻ ആമുഖകുറുപ്പിൽ പറയുന്നു. വിവിധങ്ങളായ വിജ്ഞാന മണ്ഡലങ്ങളിൽ ചിതറിക്കിടക്കുന്ന സംഖ്യാ ശബ്ദങ്ങളെ തിരഞ്ഞെടുത്ത് വിവരണങ്ങളോടു കൂടി ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു സമാഹർത്താവ്. സമാഹർത്താവ് എന്നു ഞാൻ എഴുതിയെങ്കിലും മൗലികത പ്രദർശിപ്പിക്കുന്ന ഏറെ ഭാഗങ്ങളുണ്ട് വിവരണങ്ങളിൽ. ഏകം തൊട്ട് (ഒന്നുതൊട്ട്) അഷ്ടോത്തരശതം വരെയുള്ള (നൂറ്റെട്ടു വരെ‌) സംഖ്യാശബ്ദങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നവീനാശയങ്ങളുടെ പ്രതിപാദനവും ഇതിലുണ്ട്. പാശ്ചാത്യാശയങ്ങളെ ഒഴിവാക്കുന്നില്ല ഗ്രന്ഥകാരൻ. അദ്ദേഹത്തിന്റെ പാണ്ഡിത്യം ആദരണീയം. അദ്ദേഹത്തിന്റെ സേവനം മഹനീയം.

വിവരണങ്ങൾ ദീർഘങ്ങളായതുകൊണ്ട് ഒരു ചെറിയ ഭാഗം മാത്രം വായനക്കാരുടെ അറിവിനുവേണ്ടി എടുത്തെഴുതുന്നു:

പുറം 249

സ്മൂത്യാദി പഞ്ചകം - ബുദ്ധിയുടെ അഞ്ചു പ്രതിഭാസങ്ങൾ.

സ്മൃതി- കഴിഞ്ഞു പോയതും മുൻപ് അനുഭവിച്ചതുമായ വിഷയങ്ങളെക്കുറിച്ചുള്ള ഓർമ്മ.

മതി- വരാനിരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത.

ബുദ്ധി- സമകാലിക സംഭവങ്ങളെയും വിഷയങ്ങളെയും മനസ്സിലാക്കാൻ ഉപകരിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത്.

പ്രജ്ഞ- ഭൂതവർത്തമാനഭാവികളെ വിശകലനം ചെയ്തും വിവേചിച്ചും അപഗ്രഥിച്ചും ഗ്രഹിക്കാൻ സഹായിക്കുന്നത്.

പ്രതിഭ- നിത്യനൂതന സ്ഫുരണങ്ങളാൽ തിളങ്ങുന്ന പ്രജ്ഞ (നവനവോന്മേഷ ശാലിനിയായ പ്രജ്ഞ).

ഇത്തരം പുസ്തകങ്ങൾക്കാണ് എവോർഡ് കൊടുക്കേണ്ടത്. ഭാസ്കരൻ നായർസ്സാർ പറഞ്ഞതുപോലെ ‘കാമവികാരത്തിൽ ആറാട്ടു നടത്തുന്ന പീറക്കഥകൾക്കും നോവലുകൾക്കുമല്ല’ (ഗ്രന്ഥകാരൻ തന്നെയാണ് പ്രസാധകൻ. വിതരണം കറന്റ് ബുക്ക്സ്).