close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 09 26


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1997 09 26
ലക്കം 476
മുൻലക്കം 1997 09 19
പിൻലക്കം 1997 10 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഞാന്‍ ലൈംഗികവേഴ്ചയെയും (മുഖം നോക്കാനുള്ള) കണ്ണാടികളെയും വെറുക്കുന്നു; കാരണം അവ ആളുകളുടെ സംഖ്യ കൂട്ടുന്നു എന്നതാണ് (I hate copulation and mirrors because they both multiply people) എന്ന് ആര്‍ജന്റീന്‍ സാഹിത്യകാരനായ ബോര്‍ഹേസ് പറഞ്ഞു.(Jorge luis Borges 1899-1986) രതിക്രിയ . ദര്‍പ്പണം ഇവയുടെ കൂടെ ചെറുകഥകളെക്കൂടി അദ്ദേഹം എന്തേ ഉള്‍പ്പെടുത്താത്തത് എന്ന് ഞാന്‍ ആലോചിച്ചുപോയി. ചെറുകഥകളും സ്വയം അധികതരമാകുകയാണല്ലോ. മലയാള സാഹിത്യത്തിലെ ചെറുകഥകളെ ലക്ഷ്യമാക്കിയാണ് ഞാനിങ്ങനെ പറയുന്നതെന്ന് പ്രിയപ്പെട്ട വായനക്കാരന്‍ തെറ്റിദ്ധരിക്കരുത്. അടുത്ത കാലത്ത് ഞാന്‍ നേഡീന്‍ ഗോര്‍ഡിമറുടെ (Nardine gordimer b. 1923. Received the Nobel Prize for Literature in 1991) ഒരു ചെറുകഥ വായിച്ചപ്പോള്‍ കണ്ണാടിയിലെ പ്രതിഫലനം പോലെ, അച്ഛന്റെ അതേ ഛായയുള്ള മകനെപ്പോലെയല്ല ഈ ചെറുകഥ എന്ന സംശയമുണ്ടായി എനിക്ക്. ഒരുവന്‍ ആവിഷ്കരിച്ച ജീവിതത്തിന്റെ പ്രതിഫലനം മാത്രമാണ് ഇക്കഥ. ഒരു ജര്‍മ്മന്‍ ഭൂഗര്‍ഭശാസ്ത്രജ്ഞന്‍ തെക്കേ ആഫ്രിക്കയിലെ ജോഹനസ് ബര്‍ഗ് നഗരത്തിലെ സ്യൂപര്‍ മാര്‍ക്കറ്റില്‍ വച്ച് അവിടത്തെ കാഷ്യറായ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവള്‍ അത്രയ്ക്ക് കറുപ്പുനിറമുള്ളവളല്ല. ശാസ്ത്രജ്ഞന് വേണ്ടതെല്ലാം അവള്‍ അയാളുടെ പാര്‍പ്പിടത്തില്‍ കൊണ്ടുകൊടുക്കും. ഒരു ദിവസം അയാള്‍ അവളോടു ചോദിച്ചു. ‘Can’t you stay the night? അവളുടെ മറുപടി. ‘My mother’ എന്നായിരുന്നു. എങ്കിലും അവള്‍ അവിടെ താമസമായി. He made his way into her body without speaking; she made him welcome without a word’ എന്ന് നേഡീന്‍ ഗോര്‍ഡിമര്‍. ഇങ്ങനെ ഏതാനും മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മൂന്ന് പൊലീസുകാര്‍ ഭൂഗര്‍ഭശാസ്ത്രജ്ഞന്റെ പാര്‍പ്പിടത്തിലെത്തി. അവിടെ ഒളിച്ചിരുന്ന പെണ്‍കുട്ടിയെയും അയാളെയും അവര്‍ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റെയ്ഷനിലേയ്ക്ക് കൊണ്ടുപോയി. ലൈംഗികവേഴ്ച നടന്നോ എന്നറിയാനായി ഒരു ഡോക്ടര്‍ അവളെ പരിശോധിച്ചു. ഇനി നേഡിന്റെ വാക്കുകള്‍ തന്നെയാവട്ടെ…“he placed her legs apart from resting in stirrups and put into her where the other had made his way so warmly a cold hard instrument expanded wider and wider. Her thighs and knees trembled uncontrollably while the docter looked into her…

Immorality Act ലംഘിച്ചുവെന്നായിരുന്നു അവരുടെ പേരിലുള്ള കുറ്റം. വെള്ളക്കാരനുമായി താന്‍ ഫ്ലാറ്റില്‍ താമസിച്ചുവെന്നും അയാള്‍ തന്നെ ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കിയെന്നും ഗര്‍ഭമൊഴുവാക്കാനായി അയാള്‍ ഗുളിക നല്‍കിയെന്നും അവള്‍ നല്‍കിയ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രാത്രിയില്‍ വേഴ്ചയുണ്ടായില്ലെന്ന് അഭിപ്രായപ്പെട്ടു കോടതി അവരെ വെറുതെ വിട്ടു. കോടതിയില്‍ വച്ച് അവര്‍ രണ്ടുപേരും അന്യോന്യം സംസാരിച്ചില്ല. ‘ഞാന്‍ എന്റെ മകളെ വെള്ളക്കാരന്റെ പരിചാരികയായി വീണ്ടും അയയ്ക്കില്ല’ എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്നു.

ഒരു നോബല്‍ ലാറിയിറ്റ് എഴുതിയതാണ് ക്ഷുദ്രമായ ഇക്കഥയെന്നു പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാനാവുക? എങ്കിലും ഈ സര്‍വസാധാരണത്വത്തിന്റെയും ക്ഷുദ്രത്വത്തിന്റെയും അന്ധകാരത്തില്‍ കലയുടെ മിന്നലൊളിയുണ്ട്. അത് നേഡീന്റെ രചനാനിയന്ത്രണപാടവം തന്നെ. ഒരുടത്തും അവര്‍ വാവദൂതകതയില്‍ അഭിരമിക്കുന്നില്ല. ആവശ്യകതയില്‍ക്കവിഞ്ഞ ഒരുവാക്കു പോലും പ്രയോഗിക്കുന്നില്ല. വികാരമുണ്ടെങ്കില്‍ത്തന്നെയും അതു നദിയിലെ ആന്തരപ്രവാഹമെന്ന പോലെയേയുള്ളു. ‘ഞാന്‍ ഈ സംഭവം അറിഞ്ഞു. നിങ്ങള്‍ക്കുവേണ്ടി ഞാനിതു വിവരിക്കുന്നു’ എന്ന മട്ടേയുള്ളു നേഡീന്‍ ഗോര്‍ഡിമാര്‍ക്ക്. ശ്രീ. ടി. പദ്ഭനാഭന്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പിലെഴുതിയ ‘കാലവര്‍ഷം’ എന്ന ചെറുകഥയുടെ സവിശേഷതയും ഇതുതന്നെ.പ്രായം കൂടിയ എഴുത്തുകാരനും പ്രായം കുറഞ്ഞ പെണ്‍കുട്ടിയും. അവള്‍ അയാള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു. ആദ്യമായി പരസ്പരം കാണുന്നു. അവളുടെ ആരാധനം ക്രമാനുഗതമായി രതിഭാവത്തിലേക്ക് ഉയരുമ്പോള്‍ പദ്ഭനാഭന്‍ കഥ പര്യവസാനത്തിലെത്തിക്കുന്നു. വിഷയത്തിന്റെ മധ്യമസ്വഭാവത്തില്‍ നിന്ന് ഇക്കഥയെ രക്ഷിക്കുന്നത് പദ്ഭനാഭന്റെ ഔചിത്യമാണ്. അദ്ദേഹം കഥയുടെ വികാരപ്രപപഞ്ചത്തില്‍ നിന്നു മാറിനില്‍ക്കുന്നു. പുരുഷനും സ്ത്രീയും കൂടുതല്‍ അടുക്കുന്തോറും കഥാകാരന്‍ പിറകോട്ടു പിറകോട്ടു മാറുന്നു. ഈ മാറ്റം പദ്മനാഭനെപ്പോലെ യശ്ശസുള്ള മറ്റ് കഥാകാരന്മാര്‍ക്കും അഭിലഷിക്കത്തക്കതാണ്.

ചോദ്യം, ഉത്തരം

Symbol question.svg.png ‘മുഗീയമല്ലേ നിങ്ങളുടെ വിമര്‍ശനം?”

ആയിരിക്കാം. ഈ ലോകത്ത മൃഗീയമല്ലേ എല്ലാം? ചില ചോദ്യങ്ങളും മൃഗങ്ങളില്‍ നിന്നു വരും.”

Symbol question.svg.png “വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചേ ഞാന്‍ നിങ്ങളെ കണ്ടിട്ടുള്ളു. എന്താണ് വെളുപ്പിനോട് ഇത്ര സ്നേഹം?”

ഇതിനു രണ്ടുതരത്തില്‍ ഉത്തരം പറയാം. ഒന്ന്: എന്റെ മനസ്സ് കറുത്തതാണ്. അതു അങ്ങനെയല്ല എന്നു ബഹുജനത്തെ ഗ്രഹിപ്പിക്കാനായി ഞാന്‍ വെണ്‍മയാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. രണ്ട്: എന്റെ മനസ്സ് നിര്‍മ്മലമാണ്. ആ നൈര്‍മ്മല്യം പ്രദര്‍ശിപ്പിക്കാനായി ഞാന്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇവയിലേതാണ് സത്യമെന്നു താങ്കള്‍ തന്നെ കണ്ടിപിടിക്കൂ.”

Symbol question.svg.png ‘എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇന്നുവരെ ഒരഭിപ്രായവ്യത്യാസവും ഞാനും ഭാര്യയും തമ്മില്‍ ഉണ്ടായിട്ടില്ല. ദാമ്പത്യജീവിതം കള്ളമാണെന്ന് പറയുന്ന നിങ്ങള്‍ക്കു മതിയായ സമാധാനമല്ലേ ഇത്?”

“നിങ്ങളുടെ ജീവിതം എല്ലാക്കാലത്തും ഇമ്മട്ടില്‍ ആഹ്ലാദം നിറഞ്ഞതാവട്ടെ. പക്ഷേ, ഗ്രന്ഥങ്ങളുടെ ഒടുവില്‍ ചേര്‍ക്കുന്ന ശുദ്ധിപത്രങ്ങളില്‍ ഞാനേറേ അച്ചടിത്തെറ്റുകള്‍ കണ്ടിട്ടുണ്ട്.”

Symbol question.svg.png “എന്തെല്ലാം വിശേഷം സാറെ”.

വിവാഹിതകളോടും ചിലപ്പോള്‍ അവിവാഹിതകളോടും ചോദിക്കേണ്ട ഈ ചോദ്യം എന്നോടു ചോദിക്കുന്നതെന്തിന്?”

Symbol question.svg.png “മൂര്‍ച്ഛാജനകമായ മരുനു കൊടുത്തു മേശമേല്‍ കിടത്തിയ രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തില്‍ വിടര്‍ന്നുകിടക്കുമ്പോള്‍ ’ എന്ന എല്യറ്റിന്റെ സങ്കല്പം മനോഹരമല്ലേ?

“ഗര്‍ഭാധാനം ചിലപ്പോള്‍ ഗര്‍ഭച്ഛിദ്രത്തില്‍ പര്യവസാനിക്കും. കവിതാംഗനയ്ക്കുവന്ന ഗര്‍ഭച്ഛിദ്രം ഞാന്‍ ഈ കവ്യഭാഗത്ത് കാണുന്നു”

Symbol question.svg.png “കവിത വായിക്കേണ്ടതെങ്ങനെ? വേഗത്തിലോ പതുക്കെയോ?

“സുന്ദരിയായ യുവതി നിങ്ങളുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും പതുക്കെ നടക്കാനല്ലേ നിങ്ങള്‍ക്കു കൗതുകം?”

Symbol question.svg.png “ദരിദ്രന്മാരല്ലേ വേഗം മരിക്കുന്നത്?”

അതേ. ഭാര്യയുടെ കോടീശ്വരനായ അച്ഛന്‍ നൂറുകൊല്ലത്തോളം ജീവിച്ചിരിക്കും.”

നൂതനസംഭവങ്ങള്‍

“കവിത വായിക്കേണ്ടതെങ്ങനെ? വേഗത്തിലോ പതുക്കെയോ? “സുന്ദരിയായ യുവതി നിങ്ങളുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും പതുക്കെ നടക്കാനല്ലേ നിങ്ങള്‍ക്കു കൗതുകം?”

ഒക്‌ലഹോമ സര്‍വകലാശാല മൂന്നുമാസത്തിലൊരിക്കല്‍ പ്രസിദ്ധപ്പെടുത്തുന്ന ‘World Literature Today’ എന്ന വിശിഷ്ടമായ ജേണലിനെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിരുന്നു. ഭാഗ്യാതിരേകം കൊണ്ട് ആ ത്രൈമാസികത്തിന്റെ വേറൊരു ലക്കം എനിക്കു കിട്ടി. ഒരുതരം ആര്‍ത്തിയോടെ തന്നെ ഞാനതു വായിച്ചുതീര്‍ത്തു. ഇതും ഇമ്മാതിരിയുള്ള പ്രസാധനങ്ങളും കാണുന്നില്ലെങ്കില്‍ നമ്മള്‍ വിശ്വസാഹിത്തക്കുറിച്ച് ഒന്നുമറിയുന്നില്ലെന്നു ഞാനറിഞ്ഞത് ഇതിന്റെ പാരായണത്തോടുകൂടിയാണ്. സമകാലിക ജര്‍മ്മന്‍ സാഹിത്യത്തെക്കുറിച്ചാണ് ഈ ലക്കം ത്രൈമാസികം. ഇതില്‍ ജര്‍മ്മന്‍ സാഹിത്യകാരനായ പേറ്റര്‍ ഷ്നൈഡറുടെ (Peter Schneider, b. 1940)നോവല്‍ രചനാരീതിയെക്കുറിച്ച് ഉത്കൃഷ്ടമായ ഒരു പ്രബന്ധമുണ്ട്. രചയിതാവ് നോവലിസ്റ്റ് തന്നെ. കഥാനായികയ്ക്ക് ശയനമുറി വേണ്ട; റ്റെലിഫോണ്‍ ബൂത്തുകള്‍, റ്റോയ്‌ലെറ്റുകള്‍, സിനിമാശാലയിലെ ഇരിപ്പിടങ്ങള്‍, കാമുകന്റെ പഴയ കാറ് ഇവയെല്ലാം ശയനമുറിയേക്കാള്‍ മുന്‍ഗണനാപരം. പ്രകടനാത്മകത കൂടിയ സ്ഥലമാണ് ഭിത്തി. (കിഴക്കന്‍ ജര്‍മ്മനിയെയും പടിഞ്ഞാറന്‍ ജര്‍മ്മനിയെയും പണ്ടു വേര്‍തിരിച്ചിരുന്നതും പിന്നീട് ഇടിച്ചുകളഞ്ഞതുമായ ഭിത്തിയായിരിക്കാമിത്. നോവല്‍ വായിക്കാതെ തീര്‍ത്തുപറയാന്‍ വയ്യ. സാ. വാ. ഫലക്കാരൻ) ഇനിയുള്ള ഭാഗം ഇംഗ്ലീഷില്‍ത്തന്നെയാവട്ടെ. അവാച്യമായതിന്റെ സാന്ദ്രത ഇംഗ്ലീഷാകുമ്പോള്‍ കുറഞ്ഞു വരും. “With a single movement of her hand she freed Eduard’s member fron his pants and held the lip in the border light. Eduard leaned back against the wall and bore in this way the legs which Laura scissored around his lips. The wall held, but Eduard’s knees began to yield…

‘Someone’s out there!’
‘You’re not being very romantic!’
‘what do you mean not romantic, this is dangerous’ Eduard could not believe his eyes. But of contrarlness, with the carelessness of a stranger to the city, Laura took a shoe from her foot and threw it, just like that over the wall.
‘What are you doiung?
‘I’m proving that no one’s there!”

Luara had hardly reseated herself when something dark, about the size of a bird, flew over their heads and hit the ground several feet away.

‘The shoe!’
‘There really is someone there!’
‘Well, so what!’

ഒരാധുനിക ജര്‍മ്മന്‍ നോവലിസ്റ്റിനെ കേരളത്തിലെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള താല്പര്യം മാത്രമല്ല ഇതെടുത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നോവലെഴുത്തുകാരന്റെ കല്പകസ്വഭാവം സ്പഷ്ടമാക്കാനുമാണ് എന്റെ യത്നം. അപ്പുറത്ത് ആരുമില്ലെന്ന് കാമുകനെ ധരിപ്പിക്കാന്‍ വേണ്ടി അവള്‍ പാദരക്ഷയെടുത്ത് ഭിത്തിയുടെ മുകളിലൂടെ എറിയുന്നു. അല്പം കഴിഞ്ഞപ്പോള്‍ പക്ഷിയെപ്പോലെ കറുത്ത എന്തോ ഒന്ന് അവരുടെ തലയ്ക്കുമുകളില്‍ കൂടി പറന്ന് മുമ്പില്‍ വീഴുന്നു. മതിലിന് അപ്പുറത്തുള്ള ആരോ തിരിച്ചെറിഞ്ഞ ഷൂ ആണത്. എന്നിട്ടും നായികയ്ക്ക് കൂസലില്ല. കഥാപാത്രത്തിന്റെ പ്രവൃത്തിയിലൂടെ സ്വഭാവ ചിത്രീകരണം നടത്തുന്നു നോവലിസ്റ്റ് എന്നതിനും പ്രാധാന്യമില്ല. പ്രാധാന്യം സംഭവങ്ങള്‍ കണ്ടുപിടിക്കാനുള്ള സാമര്‍ത്ഥ്യത്തിനാണ്- കല്പകശക്തിക്കാണ്. നമ്മുടെ പല നോവലെഴുത്തുകാര്‍ക്കും കഥാകാരന്മാര്‍ക്കും ഈ ശക്തിയില്ല. അവര്‍ കണ്ണാടിയിലെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഭേദപ്പെട്ട കഥാകാരനായ അഷ്ടമൂര്‍ത്തിയുടെ ‘ജലജയുടെ രാത്രി’ എന്ന ചെറുകഥ വായിക്കുക. ഏകാന്തയുടെ ദുഃഖമനുഭവിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് അതില്‍. ലക്ഷക്കണക്കിന് കഥാകാരന്മാര്‍ കൈകാര്യംചെയ്ത വിഷയം ഒരു വൈചിത്ര്യവുമില്ലാതെ അഷ്ടമൂര്‍ത്തി പ്രതിപാദിക്കുന്നു. കല്പിത വിഷയങ്ങളാണല്ലോ കഥയുടെ കേന്ദ്രസ്ഥാനത്തുനിന്ന് അതിനെയൊക്കെ നിയന്ത്രിക്കുന്നതും ശോഭിപ്പിക്കുന്നതും. പുതിയതായി കഥാകാരന്‍ നിവേശനം ചെയ്ത സംഭവമാണ് അനുവാചകന് അദ്ഭുതപ്രതീതിയുളവാക്കുന്നത്. അഷ്ടമൂര്‍ത്തിക്ക് ആ കഴിവൊന്നുമില്ല. അദ്ദേഹം തികച്ചും സാധാരണമായ സത്യത്തെ സത്യാത്മകമാക്കാതെ സാധാരണമായ സത്യമായിത്തന്നെ സ്ഫുടീകരിക്കുന്നു. ഫലമോ? കണ്ണാടിയിലെ പ്രതിഫലനം മാത്രം. (കഥ കുങ്കുമം ഓണപ്പതിപ്പില്‍).

എന്‍.മോഹനന്‍

ഞാന്‍ കന്യാകുമാരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരുവര്‍ഷത്തോളം താമസിച്ചിട്ടുണ്ട്. എന്റെ താമസസ്ഥലത്തുനിന്ന് അഞ്ചുനാഴിക വരും കന്യാകുമാരിയിലേക്ക്. ഇന്നത്തെപ്പോലെ അന്നും എനിക്ക് സ്നേഹിതന്മാരില്ല. അതുകൊണ്ട് എല്ലാ ദിവസവും വൈകുന്നേരത്ത് ഞാന്‍ സൈക്കിള്‍ ചവിട്ടി കന്യാകുമാരിയിലെത്തും. മൂന്ന് കടലുകളുടെ സംഗമസ്ഥാനത്തിനപ്പുറമായി സൂര്യന്‍ മറയുന്നതു കണ്ടിട്ട് തിരിച്ച് വീട്ടിലേക്കു പോരും. അഗാധനീലിമയാര്‍ന്ന ആകാശം പൊടുന്നനെ കനം നന്നേക്കുറഞ്ഞ നീലിമയാകും. ലോലമായ ചുവപ്പുനിറം കടുംചുവപ്പാകും. സൂര്യന് എന്തൊരു വ്യാസം! പുളകപ്രസരത്തോടുകൂടി ഞാന്‍ അവയൊക്കെ കാണും. അവിടത്തെ ഭൂവിഭാഗങ്ങളിലും ദേവീ ക്ഷേത്രത്തിലും അസ്തമയസൂര്യന്‍ കടുംചുവപ്പാര്‍ന്ന റോസാപ്പൂക്കള്‍ വാരിയെറിയുന്നതുകാണുമ്പോള്‍ എന്തൊരു ദിവ്യാനുഭൂതിയാണ് എനിക്ക്. ക്രമേണ എന്റെ അനുഭൂതികള്‍ക്ക് മങ്ങലേറ്റു. അവ വിരസങ്ങളായിബ്ഭവിക്കുകയും ചെയ്തു. ഞാന്‍ ചവിട്ടുവണ്ടി തൊടാതെയായി. എന്റെ വീട്ടില്‍ നിന്നു നോക്കിയാല്‍ മരുത്വാമല കാണാം. നീലാകാശത്തെ ഭേദിച്ച് നീലശോഭയാര്‍ന്ന ആ മല നില്‍ക്കുന്നതുകണ്ടപ്പോള്‍ അതില്‍ അസ്തമിക്കുന്ന സൂര്യന്റെ അരുണകിരണങ്ങള്‍ ശോഭ പ്രസരിപ്പിക്കുന്നത് ദര്‍ശിച്ചപ്പോള്‍ വീണ്ടും ദിവ്യാനുഭൂതിക്കു വിധേയനായി ഞാന്‍. മലയിലേക്കുള്ള പാതകളിള്‍ പേടിപ്പിക്കുന്ന ഉടമുള്ളുകള്‍ ഏറെ. എത്ര സൂക്ഷിച്ചു നടന്നാലും അവ കാലില്‍ തറച്ചുകയറും. രക്തമൊഴുകും. മലയുടെ സൗന്ദര്യമാസ്വദിക്കാന്‍ ഞാന്‍ ആ പാതയിലൂടെ നടക്കുമ്പോള്‍ കണ്ട ക്ഷതങ്ങള്‍ മാലതി പുഷ്പത്തിന്റെ ദലങ്ങളുടെ സ്പര്‍ശമായേ എനിക്ക് തോന്നുകയുള്ളൂ. ഇതിന് സദൃശമായ ഒരനുഭവമാണ് എനിക്ക് ശ്രീ.എന്‍.മോഹനന്റെ ‘വെളിച്ചത്തിന്റെ സംഭ്രമതാളകള്‍’ എന്ന ചെറുകഥ വായിച്ചപ്പോള്‍ ഉണ്ടായത് (മലയാളം വാരിക). പ്രേമകഥകള്‍ വായിച്ചുവായിച്ച് അവയുടെ ആകര്‍ഷകത്വം നഷ്ടമായിപ്പോയി എനിക്ക്; കന്യാകുമാരിയിലെ സായാഹ്നവേളകള്‍ വിരസമായിബ്ഭവിച്ചതുപോലെ ആ വൈരസ്യത്തോടെ ഇരിക്കുമ്പോഴാണ് ഈ കലാശില്പത്തിന്റെ മനോഹാരിത എന്ന തഴുകിയത്. ദിനത്തിന്റെ മൃദുലതയില്‍ മലയുടെ ശൈത്യത്തിൽ എന്റെ അനുഭൂതി നവീകരിക്കപ്പെട്ടതുപോലെ. മോഹനന്റെ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ പ്രേമകഥകള്‍ക്ക് പ്രകാരഭേദമോ രൂപഭേദമോ വരുത്തിയാല്‍ അത് നൂതനത്വം ആവഹിക്കുമെന്ന് ഞാന്‍ ഗ്രഹിച്ചു. മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് കത്തെഴുതാന്‍ തുടങ്ങുകയായിരുന്നു കഥ പറയുന്ന ആള്‍. അപ്പോള്‍ വിസ്മരിക്കപ്പെട്ട സ്വപ്നം വീണ്ടുമെത്തിയതുപോലെ പൂര്‍വ്വകാലപ്രണയം അതിന്റെ എല്ലാ ചേതോഹരത്വങ്ങളോടുംകൂടി ആവിര്‍ഭവിക്കുന്നു. വെള്ളിത്തിരശ്ശീലയില്‍ ജീവിതം ചുറ്റഴിഞ്ഞുവീഴുമ്പോലെയുള്ള തോന്നല്‍. മറിയാമ്മയും കഥപറയുന്ന ആളും ബാല്യകാലത്ത് ഒരുമിച്ചുപഠിച്ചവര്‍ അവരുടെ നിഷ്കളങ്കമായ സ്നേഹത്തിനു വിഘ്നം വന്നു. ‘ഈടാര്‍ന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം കൂടാഞ്ഞൊഴുക്കനുവദിക്കയില്ല ദൈവം ! ബാല്യകാലസഖിയുടെ അച്ഛനു സ്ഥലം മാറ്റം. വര്‍ഷങ്ങള്‍ കഴിഞ്ഞു മറ്റൊരു പ്രദേശത്തുവച്ച് കഥ പറയുന്ന ആള്‍ ഒരു അപരിചിതനെ കാണുന്നു. അയാള്‍ മറിയാമ്മയുടെ ഭര്‍ത്താവാനെന്ന് കഥപറയുന്നയാള്‍ മനസ്സിലാക്കുന്നു. വിഷാദം അയാളെ തകര്‍ക്കുന്നു. മോഹഭംഗങ്ങള്‍ അയാളുടെ മനസ്സിന്റെ സമനില തെറ്റിക്കുന്നു. കലാസൗന്ദര്യത്തിന് കിരീടം ചാര്‍ത്തുക എന്നത് എനിക്കിഷ്ടമുള്ള പ്രയോഗമാണ്. വായനക്കാരുടെ സദയാനുമതിയോടെ ഞാനത് ആവര്‍ത്തിക്കട്ടെ. കലാംഗനയുടെ ശിരസ്സില്‍ മകുടം വച്ചുകൊണ്ട് മോഹനന്‍ കഥ അവസാനിപ്പിക്കുന്നു:

“അവര്‍ രണ്ടാളൂം എന്റെ അന്തരാത്മാവിന്റെ നിഗൂഢതകളില്‍ ലയിച്ചിരിക്കുന്നു. വഴിയറിയാത്ത കറുത്ത കൂരിരുള്‍ കവലകളില്‍, ദീപനാളങ്ങളായിത്തെളിയുവാന്‍, മലീമസ വിഷാദത്തിന്റെ താമസസന്ധ്യകളില്‍ പ്രകാശനക്ഷത്രങ്ങളായി തിളങ്ങുവാൻ”. മറിയാമ്മയും മായക്കുട്ടിയും വെളിച്ചങ്ങളായി തനിക്കു വഴികാട്ടണമേ എന്നേ കഥപറയുന്ന ആളിന് പ്രാര്‍ത്ഥിക്കാനുള്ളൂ. ഭൗതികത്വത്തില്‍ നിന്ന് ആദ്ധ്യാത്മകതിയിലേക്ക് മോഹനന്‍ ഉയരുന്നു. അദ്ദേഹത്തോടൊപ്പം വായനക്കാരനായ ഞാനും ഉയരുന്നു. മലയാള സാഹിത്യത്തിലെ ഭംഗിയാര്‍ന്ന പ്രേമകഥകളില്‍ മോഹനന്റെ ഇക്കഥയ്ക്ക് പ്രധാന സ്ഥാനമുണ്ട്. സാന്ധ്യപ്രകാശത്തില്‍ മുങ്ങിനില്‍ക്കുന്ന മരുത്വാമല കാണാന്‍ എനിക്ക് ഇപ്പോഴും കൗതുകം. മോഹനന്റെ ചെറുകഥ വീണ്ടും വായിക്കാന്‍ എനിക്ക് അമിതകൗതുകം.

നിരീക്ഷണങ്ങള്‍

പണ്ടുപണ്ട് നമ്പൂതിരിവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഓലക്കുട ചരിച്ചുപിടിച്ച് പാതകളിലൂടെ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില രാജ്യങ്ങളിലെ സ്ത്രീകള്‍ കണ്ണുകളുടെ സ്ഥാനത്ത് രണ്ടു സുഷിരങ്ങള്‍ മാത്രം ഉണ്ടാക്കി മുഖമാകെ മൂടി, ശരീരമാകെ മൂടിനടക്കുന്നു. ആചാരങ്ങള്‍ എന്നേ പറയാനുള്ളൂ. ഓലക്കുടയുടെ പിറകില്‍, ആവരണത്തിന്റെ പിറകില്‍, സൗന്ദര്യം കാണുമായിരിക്കും.

ഇന്നലത്തെ പത്രത്തില്‍ ചില കുറ്റവാളികളുടെ പടം. കുറ്റം ചെയ്തവര്‍ മുഖമാകെ ലുങ്കികൊണ്ട് മൂടിയിരിക്കുന്നു. ആ ലുങ്കി ഉയര്‍ത്തിനോക്കിയാല്‍ കുറ്റം കാണാന്‍ നമുക്ക് കഴിഞ്ഞേക്കും. കലാശൂന്യതയെ മറയ്ക്കാന്‍ പ്രകടനാത്മകതയുടെ മൂടുപടമിടും ചിലര്‍. ദേശാഭിമാനി വാരികയില്‍ ‘ഓര്‍മ്മയും മറവിയും’ എന്ന ചെറുകഥ (ശ്രീ. ബഷീര്‍ മേച്ചേരി എഴുതിയത്). ഭാഷയുടെയും പ്രകടനത്തിന്റെയും ആവരണമൊന്നുയര്‍ത്തു. കലാശൂന്യതയുടെ നൃശംസത അതില്‍ കാണാനാവും.

2. ഗ്രീസിന്റെ സാംസ്കാരിക ചരിത്രമെഴുതിയ സി.എം ബൗറയുടെ ഗ്രന്ഥത്തില്‍ ‘നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഈശ്വരന്‍ നിങ്ങള്‍ക്ക് കിട്ടുന്നുവെന്ന് എഴുതിക്കണ്ടപ്പോള്‍ മൗലികതയുള്ള ആശയമാണ് അതെന്ന് വിചാരിച്ചു ഞാന്‍ ആഹ്ലാദിച്ചു. കുറച്ചുകാലം കഴിഞ്ഞ് റ്റോയിന്‍ബിയുടെ ഒരു പുസ്തകത്തില്‍ മൃഗങ്ങളുടെ ഈശ്വരന്‍ മൃഗരൂപത്തിലായിരിക്കുമെന്ന് കണ്ടപ്പോഴും എനിക്ക് ആഹ്ലാദമുണ്ടായി. പക്ഷേ, രണ്ടഭിപ്രായങ്ങള്‍ക്കും മൗലികതയില്ല. ഗ്രീക്ക് തത്ത്വചിന്തകനായ സിനാഫെനസ് (Xenophanes C560-C478 BC) ഇങ്ങനെ പറഞ്ഞതായി ഞാന്‍ ഒരു പുസ്തകത്തില്‍ വായിച്ചു. “കന്നുകാലികള്‍, കുതിരകള്‍, സിംഹങ്ങള്‍, ഇവയ്ക്കു കൈകൾ ഉണ്ടായിരിക്കുകയും ആ കൈകൾകൊണ്ട് അവയ്ക്കു വരയ്ക്കാന്‍ സാധിക്കുകയും ചെയ്താല്‍ കുതിരകള്‍ അവയുടെ രൂപത്തില്‍ ഈശ്വരനെ വരയ്ക്കും. കന്നുകാലികള്‍ കന്നുകാലികളുടെ രൂപത്തിലും. ആ ഈശ്വരന്മാരുടെ രുപങ്ങള്‍ ആ മൃഗങ്ങളുടെ രൂപങ്ങളിലായിരിക്കുകയും ചെയ്യും.” ജി. ശങ്കരക്കുറുപ്പ് കവിയല്ലെന്ന് എന്‍.ഗോപാലപിള്ള പറഞ്ഞുനടന്ന കാലം. ഞാനൊരിക്കല്‍ അദ്ദേഹവുമായി ഒരു സമ്മേളനത്തിന് പോയപ്പോള്‍ ജിയുടെ ‘ആ സന്ധ്യ’ എന്ന കവിത ചൊല്ലി അതെഴുതിയ ആള്‍ കവിയല്ലേ എന്നു ചോദിച്ചു. ഗോപാലപിള്ള പറഞ്ഞു: ‘കവിത നന്നായിട്ടുണ്ട്. ഇനി അതിന്റെ ഒറിജിനല്‍ കണ്ടുപിടിച്ചാല്‍ മതി. അതുപോലെ സിനാഫെനസ് ആരുടെ ആശയം കടമെടുത്തു എന്ന് നമ്മള്‍ അന്വേഷിച്ചാല്‍ മതിയാകും.

ഉജ്ജ്വലം

“ഞാന്‍ പരിചയപ്പെട്ട ഔങ്സാൻസൂക്കി ഇങ്ങനെ:കുലുക്കമില്ലാത്ത ആത്മവിശ്വാസമുള്ള ശക്തിയേറിയ സ്ത്രീ; ആ ആത്മവിശ്വാസം അവരുടെ ധാര്‍മ്മികനിയമങ്ങളില്‍ നിന്നു വേര്‍തിരിക്കാനാവില്ല. ന്യായബോധവും കര്‍ത്തവ്യബോധവും അതിനെ നിലനിറുത്തുന്നു. സ്വന്തം കുറവുകളെ സമ്മതിച്ചുകൊണ്ട് അവര്‍ കാപട്യങ്ങളെ വെറുക്കുന്നു. അവരുടെ ദയ പ്രത്യക്ഷമാണ്. ഞാന്‍ മനസ്സിലാക്കിയ അവരുടെ പ്രധാന ഗുണം സത്യസന്ധതയണ്. ആ ഗുണത്തിന്റെ ഉള്ളില്‍ സ്വയം നന്നാകാനുള്ള വിശ്വാസമുണ്ട്. ഔങ്ങ്സാന്‍ സൂക്കി ആത്മാവ് കണ്ടെത്താന്‍ തീര്‍ത്ഥയാത്ര നടത്തുന്നവരാണ്. അഗാധവും മഹനീയവുമായ സത്യങ്ങളിലേക്ക് ജാഗ്രതയോടെ ചെല്ലാന്‍ സ്വന്തം ജീവിതത്തെ ഉപയോഗപ്പെടുത്തുന്നവര്‍, ധ്യാത്മികത്വത്തെ ശാന്തമായി, പ്രകടനരഹിതമായി, ലാഘവത്തോടെ അവര്‍ കൊണ്ടുനടക്കുന്നു. അതിന്റെ അചിന്തിതസ്വഭാവം അതിനെ കൂടുതല്‍ ഹര്‍ഷദായകമാക്കുന്നു. അവര്‍ എളുപ്പമായി, മനസ്സുതുറന്നു ചിരിക്കുന്നു. ഔങ്ങ്സാന്‍ സൂക്കി മനോഹരമായ ചീനക്കളിമണ്ണു കൊണ്ടുണ്ടാക്കിയ ഭാജനം പോലെയാണ്. ജാപ്പനീസ് ഹൈക്കു പോലെ അവരുടെ സൗന്ദര്യം ക്ലാസിക്കലാണ്. ഒന്നും സ്ഥാനം തെറ്റുന്നില്ല. അവരുടെ തലമുടിയിലെ പൂക്കളോ വസ്ത്രങ്ങളോ അലക്കിത്തേച്ച പരമ്പരാഗതമായ ബര്‍മ്മീസ് വസ്ത്രങ്ങളോ ആ വസ്ത്രധാരണം ഭംഗിയോടെയാണ് അവന്‍ നിര്‍വഹിക്കുക. അവരുടെ ശബ്ദം സമ്യക്കായവിധത്തില്‍ ലയാത്മകം, മധുരം…’ അലന്‍ ക്ളെമന്റ്സ്, സൂക്കിയുമായി നടത്തിയ സംഭാഷണങ്ങളുടെ റിപോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ‘The Voice of Hope’ എന്ന അതിസുന്ദരവും മാനസികോന്നമനജനകവുമായ ഗ്രന്ഥത്തിന് ക്ളെമെന്റ് തന്നെ എഴുതിയ അവതാരികയില്‍ നിന്നാണ് ഈ ഭാഷാന്തരീകരണം. പുസ്തകം വായിക്കാനെടുത്താല്‍ അത് താഴെ വയ്ക്കാതെ വായിക്കുമെന്ന പ്രസ്താവം വിലകുറഞ്ഞതാണെന്ന് എനിക്കറിയാം. എങ്കിലും അങ്ങനെത്തന്നെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഇപ്പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ അസാധാരണമായ മഹത്വമുള്ള ഒരു സ്ത്രീ എന്റെ മുമ്പില്‍ നില്‍ക്കുന്നതുപോലെ എനിക്കുതോന്നി. അവരുടെ പാദങ്ങളില്‍ തൊട്ടു കണ്ണില്‍വച്ച് പാപപങ്കിലമായ എന്റെ ജീവിതത്തെ പവിത്രീകരിക്കണമെന്ന് എനിക്കു തോന്നി. ഈ സ്ത്രീരത്നം ഇനി എനിക്കു മാര്‍ഗ്ഗദര്‍ശനമരുളും. ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന അവരുടെ ചിത്രങ്ങള്‍ നോക്കുക. പ്രായമാകുമ്പോള്‍ നിങ്ങള്‍ക്കര്‍ഹമായ മുഖം നിങ്ങള്‍ക്കു കിട്ടുവെന്നു ബല്‍സാക്ക് പറഞ്ഞത് ശരിയാണെന്നു ഗ്രഹിക്കാം. സുന്ദരമായ ആ മുഖത്ത് നിഷ്കളങ്കതയും ആധ്യാത്മികതേജസ്സും ഓളംവെട്ടുന്നു. ചെക്ക് പ്രസിഡന്റ് വാറ്റ്സ്ലാഫ് ഹാവല്‍ പറഞ്ഞു സൂക്കിയുടേത് ശക്തിയില്ലാത്തവരുടെ ശക്തിയാണെന്ന് (The power of the powerless) അധികാരത്തിലേറാത്ത സൂക്കി അധ്യാത്മികാധികാരത്തോടെ മഹത്വമാര്‍ന്ന ജീവീതം നയിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം വായിക്കണം. (പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസാധനം 1977. പുറങ്ങള്‍ 241, വില $3.99.)