close
Sayahna Sayahna
Search

സി.വി.രാമന്‍പിള്ള


സി.വി.രാമന്‍പിള്ള
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

നമ്മുടെ പിതാമഹന്മാരെയും പ്രപിതാമഹന്മാരെയും ആഹ്ലാദിപ്പിക്കുകയും അന്നു് യൗവനദശയിലായിരുന്ന അവര്‍ക്കു് കപോലരാഗമുളവാക്കുകയുംചെയ്ത സാഹിത്യകാരനായിരുന്നു സി.വി. രാമന്‍പിള്ള. ആദരാത്ഭുതങ്ങള്‍കൊണ്ടു വിടര്‍ന്ന നേത്രങ്ങളാലാണു് അവര്‍ ആ പ്രതിഭാശാലിയെ നോക്കിയതു്. സി.വി. രാമന്‍പിള്ളയെ വിമര്‍ശിച്ച ഏതൊരു വിമര്‍ശകനെയും കോപത്തോടെയല്ലാതെ അവര്‍ക്കു നേരിടാന്‍ കഴിഞ്ഞില്ല. രാജവാഴ്ചയോടു ചേര്‍ന്ന മാലിന്യങ്ങളെ ചൂണ്ടിക്കാണിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭക്തരായ ബഹുജനം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. രാജവാഴ്ചയ്ക്കും രാജാവിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്കും അനുകൂലനായിനിന്ന സി.വി. രാമന്‍പിള്ളയെ രാമകൃഷ്ണപിള്ള വിമര്‍ശിച്ചപ്പോള്‍ അവര്‍ക്കു് അതു സഹിക്കാനാവാത്തതായി. ഈ അസഹിഷ്ണുത മറ്റു സാഹിത്യകാരന്മാരെക്കുറിച്ചുള്ള പ്രതികൂലാഭിപ്രായങ്ങളില്‍ ബഹുജനം പ്രദര്‍ശിപ്പിച്ചില്ല. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ചന്തുമേനോന്‍ ഇവരെക്കുറിച്ചു് എത്രയെത്ര വിമര്‍ശനങ്ങളാണ് ആവിര്‍ഭവിച്ചതു്! അങ്ങിങ്ങായി ചിലര്‍ പ്രതിഷേധ പ്രകടനം നടത്തിയെന്നല്ലാതെ ജനരോഷം ആളിക്കത്തിയതേയില്ല. അതായിരുന്നില്ല സി.വി. രാമന്‍പിള്ളയുടെ നോവലുകളെ വിമര്‍ശിക്കുന്നവരോടു ജനതക്കുള്ള മനോഭാവം. “അക്കളി തീക്കളി” എന്ന എന്താവാം ഇതിനു കാരണം? സി.വി. രാമന്‍പിള്ള നല്ല നോവലിസ്റ്റായിരുന്നു എന്നതില്‍ ഒരു സംശയവുമില്ല. ചന്തുമേനോനും നല്ല നോവലിസ്റ്റായിരുന്നല്ലോ. അദ്ദേഹത്തെ സംബന്ധിച്ചു് അനുവാചകര്‍ക്കു് ഉണ്ടാകാത്ത അതിരുകടന്ന ആഭിമുഖ്യം സി.വി. രാമന്‍പിള്ളയെക്കുറിച്ചു് ഉണ്ടായതെങ്ങനെ? അതിനു് ഉത്തരം നൽകുന്നതിനുമുമ്പ് സി.വി.യുടെ കൃതികളിലെ സവിശേഷത എന്താണെന്നു നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. പൂര്‍വ്വകാലം അതിന്റേതായ മൂല്യമാര്‍ജ്ജിച്ചതാണെന്നും കാലം കഴിഞ്ഞപ്പോള്‍ ആ മൂല്യത്തിനു നാശം സംഭവിച്ചുപോയെന്നും ആ കാലയളവിനെ മൂല്യത്തോടുകൂടി ചിത്രീകരിക്കേണ്ടതാണെന്നും വിചാരിച്ച റൊമാന്‍റിസിസ്റ്റു് ആയിരുന്നു സി.വി.രാമന്‍പിള്ള. ആ വിചാരത്തിനു യോജിച്ചവിധത്തില്‍ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെയും ധര്‍മ്മരാജാവിന്റേയും ഭരണകാലത്തെ ആവിഷ്കരിച്ചു. മാര്‍ത്താണ്ഡവര്‍മ്മ തനിക്കു് എതിരായി പ്രവര്‍ത്തിച്ച വിധ്വംസകശക്തികളെ തച്ചുടച്ചു് സ്വന്തമധികാരം പ്രതിഷ്ഠാപനം ചെയ്തു. ധര്‍മ്മരാജാവ് ഹൈദരിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങളെ സുധീരം നേരിട്ടു. മൂല്യവത്തായ, ആ രണ്ടു കാലയളവുകളെ സി.വി.രാമന്‍പിള്ള ചിത്രീകരിച്ചപ്പോള്‍ തന്റെ കാലത്തെ മഹാരാജാവിനെ — ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മയെ — ഭംഗ്യന്തരേണ വാഴ്ത്തുകയായിരുന്നു. മൂല്യമാര്‍ന്ന പ്രാചീനകാലം അതിനെക്കാള്‍ മൂല്യമുള്ള ശ്രീമൂലംതിരുനാളിന്റെ കാലമായി വികസിച്ചു എന്നു് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ഈ ചിന്താഗതി അദ്ദേഹത്തിനു് ഉണ്ടായിരുന്നതുകൊണ്ടാണു് ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ ഒരു നാലാംമുറ തമ്പുരാന്റെ തൃപ്പാദങ്ങളില്‍ അദ്ദേഹം സമര്‍പ്പിച്ചതു്. ‘ധര്‍മ്മരാജാ’ എന്ന നോവല്‍ മൂലംതിരുനാളിന്റെ ‘തൃപ്പാദഭൃത്യ’നായ ഗ്രന്ഥകാരന്‍ ‘കൈക്കുറ്റപ്പാടു ചെയ്തു്’ ആ മഹാരാജാവിനു സമര്‍പ്പണം ചെയ്തതു്. തന്റെ ‘മാഗ്നം ഓപസ്’ (മഹനീയമായ കൃതി) ആയ ‘രാമരാഹബഹദൂർ’ സി.വി.സമര്‍പ്പിച്ചതോ? ‘പൊന്നു തിരുമേനിയുടെ തിരുവുള്ളപ്രഭാവത്താല്‍ അനുഗ്രഹീതനായ’ ടി.ശങ്കരന്‍തമ്പിക്കും. ഈ ശങ്കരന്‍തമ്പിയെയാണു് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്നത്തെ സകല ജീര്‍ണ്ണതകള്‍ക്കും കാരണക്കാരനായി കണ്ടതു്. ഇതിലൊന്നും ഈ ലേഖകന്‍ തെറ്റു കാണുകയല്ല. രാജവാഴ്ച നിലവിലിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ മാത്രമേ സാഹിത്യകാരന്മാര്‍ക്കു പെരുമാറാന്‍ പറ്റൂ. എത്രയെത്ര പടിഞ്ഞാറന്‍ സാഹിത്യകാരന്മാരാണ് തങ്ങളുടെ രാജാക്കന്മാരുടെ മുന്‍പില്‍ ഭക്തി പ്രശ്രയപരവശരായി നിന്നിട്ടുള്ളതു്. ഒന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. താന്‍ അഭിനന്ദിച്ച ഒരു കാലഘട്ടത്തിന്റെ വൈശിഷ്ട്യത്തെ അവിടെനിന്നു് ഉയര്‍ത്തിയെടുത്തു് സമകാലിക രാജവാഴ്ചയില്‍ പരോക്ഷമായി നിവേശനം ചെയ്ത നോവലിസ്റ്റായിരുന്നു സി.വി. രാമന്‍പിള്ള. അതുകൊണ്ടുതന്നെയാണു് ‘സി.വി.ഈശ്വരഭക്തനും രാജഭക്തനും സദാചാര നിരതനുമായിരുന്നു’ എന്നു് ഉള്ളൂര്‍ പ്രഖ്യാപിച്ചതു്. (കേരള സാഹിത്യചരിത്രം, വാല്യം 5, പുറം 1017.)

ഭാവനയുടെ സൃഷ്ടികളാണു് മാര്‍ത്താണ്ഡവര്‍മ്മ’യും ’ധര്‍മ്മരാജാ’യും ‘രാമരാജ ബഹദൂറും’. ചരിത്രസംഭവങ്ങളാണ് അവയിലുള്ളതു്. ചരിത്രകാരനു് ആ സംഭവങ്ങളെ സ്ഥലകാലങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടതുണ്ടു്. നോവലിസ്റ്റിനു് ആ ചുമതലയില്ല. അദ്ദേഹത്തിന്റേതു് ഭാവനയുടെ ലോകമാണ്. ആ ലോകത്തെ സി.വി.രാമന്‍പിള്ള ആകര്‍ഷകമായി ആലേഖനം ചെയ്തു. അതിലാണ്‍ അദ്ദേഹം നല്ല നോവലിസ്റ്റാണെന്നു് ആദ്യമേ പറഞ്ഞതു്. ഇതൊക്കെ സത്യമാണെങ്കിലും സി.വി.യുടെ ഭാവനാലോകം യഥാര്‍ത്ഥമായ ഒരു ലോകത്തിലാണു് അടിയുറച്ചിരിക്കുന്നതു് അതു് മാര്‍ത്താണ്ഡവര്‍മ്മയുടെയും ധര്‍മ്മരാജാവിന്റെയും ലോകങ്ങള്‍ തന്നെ. അവയുടെ സ്വാഭാവികവികാസം ശ്രീമൂലംതിരുനാളിന്റെ ലോകവും. അതിനാല്‍ രാജഭക്തരായ തിരുവിതാംകൂറുകാര്‍ക്കു് ആ നോവലുകള്‍ വായിച്ചാലുണ്ടാകുന്ന സവിശേഷാനുഭൂതി ആ ഗ്രന്ഥങ്ങള്‍ വായിക്കുന്ന കൊച്ചിക്കാര്‍ക്കും മലബാറുകാര്‍ക്കും അതേയളവില്‍ ഉളവാകുകയില്ല. ചരിത്രപരമായ ജ്ഞാനം കൂടുന്തോറും രാജഭക്തി കൂടുന്തോറും ‘മാര്‍ത്താണ്ഡവര്‍മ്മ’യും ‘ധര്‍മ്മരാജാ’യും ‘രാമരാജബഹദൂരും’ കൂടുതല്‍ ആസ്വാദ്യങ്ങളാവും, തിരുവിതാംകൂറില്‍ ഉള്ളവര്‍ക്കു്. നോവലുകളുടെ ഉള്ളടക്കം ചരിത്രപരമായ ചിന്തനത്താലാണു് നിയന്ത്രിക്കപ്പെട്ടതു്; ഭാവനയുടെ ആധിപത്യം അതിലുണ്ടെങ്കിലും. ഈ രാജഭക്തി പ്രാചുര്യമാണു് സി.വി.രാമന്‍പിള്ളയുടെ നോവലുകള്‍ക്കു് ഓവര്‍ എസ്റ്റിമേഷന്‍ — അധികമായ മതിപ്പ് — നല്‍കിയതെന്നു ഞാന്‍ വിചാരിക്കുന്നു. തിരുവിതാംകൂറിനു വടക്കുള്ള അനുവാചകര്‍ ‘ഭൂതരായര്‍’ എന്ന ആഖ്യായിക വായിച്ചു രസിച്ചതു പോലെ തിരുവിതാംകൂറിലുള്ള വായനക്കാര്‍ അതു വായിച്ചു രസിച്ചില്ല എന്ന വസ്തുതയും നമ്മള്‍ ഓര്‍മ്മിക്കണം.

ചരിത്രത്തെ ചരിത്രപരമായ റൊമാന്‍സാക്കി മാറ്റിയ സാഹിത്യകാരനാണു് സി.വി. അതുകൊണ്ടു് രാജ്യം ഭരിച്ച മാര്‍ത്താണ്ഡവര്‍മ്മയേയോ ധര്‍മ്മരാജാവിനേയോ വിചാരിക്കുമ്പോഴെല്ലാം തിരുവിതാംകൂറിലുള്ളവരുടെ മുന്‍പില്‍ വന്നുനില്‍ക്കുന്നതു് രാമനാമത്തില്‍ പിള്ളയും സുന്ദരയ്യനും പാറുക്കുട്ടിയും അനന്തപത്മനാഭനും മാമാവെങ്കിടനും ഹരിപഞ്ചാനനുമാണു്. അവര്‍ വിഹരിച്ച ആ കാലഘട്ടത്തിന്റെ പ്രാധാന്യമെന്തു് എന്ന ചോദ്യത്തിനു് ഉത്തരം സി.വി.യുടെ നോവലുകളില്‍നിന്നു ലഭിക്കുകയില്ല. അവരെക്കണ്ടു് ആഹ്ലാദിച്ചിട്ടു് വായനക്കാര്‍ സി.വി.രാമന്‍പിള്ള അവതരിപ്പിച്ച രാജാക്കന്മാരുടെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്നു. അവരെ — ആ രാജാക്കന്മാരെ — കാണിച്ചുകൊടുത്ത സി.വി.യെ അവര്‍ തലയിലേറ്റി നടക്കുന്നു. നിരൂപണത്തിന്റെയോ വിമര്‍ശനത്തിന്റെയോ മാനദണ്ഡവുമായും അങ്ങോട്ടുമ് ചെല്ലാമെന്നേ വിചാരിക്കേണ്ട. സി.വി. യുടെ ഗദ്യശൈലി ഇരുമ്പുകുടംപോലെ നിഷ്പന്ദവും അഭേദകവുമാനെന്നു് പരിണതപ്രജ്ഞനായ എം.പി. പോള്‍ പറഞ്ഞപ്പോള്‍ അറ്റൊരു പരിണത പ്രജ്ഞനായ പി.കെ. പരമേശ്വരന്‍നായര്‍ ചന്ദ്രഹാസമിളക്കിയതു് നമ്മളാരും മറന്നിട്ടില്ല.

സി.വി.രാമന്‍പിള്ളയുടെ നോവലുകളെ വിമര്‍ശിക്കുമ്പോള്‍ ടോള്‍സ്റ്റോയിയുടെ കൃതികളെയോ ദസ്തേയേവ്സ്കിയുടെ കൃതികളെയോ തോമസ് മന്നിന്റെ കൃതികളെയോ സങ്കല്പിച്ചു കൊണ്ടു് ആ കൃത്യം അനുഷ്ഠിക്കുന്നതു് തെറ്റാണു്. സി.വി.ക്കു മുന്‍പുണ്ടായിരുന്ന നോവലുകളെയാണു് നമ്മള്‍ മനസ്സില്‍ കരുതേണ്ടതു്. അതിനു ശ്രമിക്കുമ്പോള്‍ ശൂന്യതയാണു് അനുഭവം. ‘മാര്‍ത്താണ്ഡവര്‍മ്മ’യുടെ ആവിര്‍ഭാവത്തിനുമുന്‍പു് മലയാളസാഹിത്യത്തില്‍ പരിഗണനാര്‍ഹമായ ഒരു നോവലേയുള്ളൂ. അതു് പ്രതിപാദ്യവിഷയമായ സ്വീകാര്യത്തിലും പ്രതിപാദനരീതിയിലും വിഭിന്നത പുലര്‍ത്തുന്ന ‘ഇന്ദുലേഖ’യാണു്. അതിനാല്‍ ആ താരതമ്യവിവേചനം അര്‍ത്ഥരഹിതമായിത്തീരുന്നു. അപ്പോള്‍ എന്താണു് ചെയ്യാനുള്ളതു്? സി.വി.രാമന്‍പിള്ളയുടെ രചനകള്‍ക്കു് പ്രചോദനം നല്കിയ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരുടെ നോവലുകള്‍ പരിഗണനാര്‍ഹങ്ങളാവണം. അവരില്‍ പ്രധാനന്മാര്‍ വാള്‍ട്ടര്‍ സ്കോട്ടും ബുള്‍വര്‍ ലിറ്റനുമത്രേ. ആ രണ്ടു സാഹിത്യകാരന്മാരുടെ കൃതികള്‍ക്കുള്ള ഗുണങ്ങളും ദോഷങ്ങളും സി.വി.രാമന്‍പിള്ളയുടെ കൃതികളിലും ദര്‍ശിക്കാം. സി.വി.സ്കോട്ടിനെപ്പോലെ, ലിറ്റനെപ്പോലെ ഭൂവിഭാഗങ്ങള്‍ വര്‍ണ്ണിക്കുന്നു; കഥാപാത്രങ്ങളുടെ സാമൂഹികാചാരങ്ങള്‍ ആലേഖനം ചെയ്യുന്നു; ഉത്തേജകങ്ങളായ സംഭവങ്ങള്‍ പ്രഗത്ഭമായി ആവിഷ്കരിക്കുന്നു. ഉള്ളൂര്‍ എടുത്തുകാണിക്കുന്ന ഭാഗങ്ങള്‍തന്നെ നമുക്കും പരിശോധിക്കാം. മാങ്കോയിക്കല്‍ ഭവനം തീപിടിക്കുന്നതു്; ചിലമ്പിനേത്തു ചന്ത്രക്കാരന്റെ ആകൃതിവര്‍ണ്നന; വസൂരിക്കാരന്റെ മൃതദേഹവര്‍ണ്ണന; കേശവദാസന്റെ വിടവാങ്ങല്‍. ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ ചൂണ്ടിക്കാണിക്കുന്ന മല്ലയുദ്ധവര്‍ണ്ണനയും നോക്കൂ. ഇവയെല്ലാം ഉത്കൃഷ്ടങ്ങള്‍ തന്നെ; വര്‍ണ്ണോജ്വലങ്ങള്‍ തന്നെ. എങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതു് ഉപരിതലത്തിലെ വര്‍ണ്ണവിന്യാസമാണെന്ന പരമാര്‍ത്ഥം ബോധ്യപ്പെടും. ഏതു വര്‍ണ്ണനയിലും ആഴത്തിലെത്തുന്ന മാനുഷികാനുഭവം വേണമല്ലോ. സി. വി.യുടെ ഒരു വര്‍ണ്ണനയിലും അതു ദൃശ്യമല്ല. വര്‍ണ്ണനകള്‍ വര്‍ണ്ണനകള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നു. അവ നേത്രാനന്ദകരങ്ങളും ശ്രോത്രാനന്ദകരങ്ങളുമാണെന്നു സമ്മതിക്കാം. പക്ഷേ ഒന്നിനും ആത്മാവില്ല. ആ ആത്മാവില്ലായ്മ കഥാപാത്രങ്ങള്‍ക്കുമുണ്ടു്. അനന്തപത്മനാഭന്റെ പരാക്രമങ്ങളും ഹരിപഞ്ചാനന യുഗ്മത്തിന്റെ കൗടില്യങ്ങളും പ്രകടനാത്മകങ്ങള്‍ തന്നെ. എന്നാല്‍ ആ കഥാപാത്രങ്ങളോ അവയുടെ പ്രവര്‍ത്തനങ്ങളോ അനുവാചക മനസ്സിന്റെ അഗാധതന്ത്രികളെ സ്പര്‍ശിക്കുന്നില്ല. ഇവിടെ മുന്‍പു പറഞ്ഞതിനു വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കുകയാണു്. ദസ്തേയേവ്സ്കിയുടെ കഥാപാത്രമായ റ്സ്ക്കല്‍ നിക്കഫ് വേറൊരു കഥാപാത്രമായ വൃദ്ധയെ കൊല്ലുന്ന രംഗം കാണുന്ന നമ്മള്‍ ത്രാസിനു വിധേയരാകുന്നു. നോവല്‍ അടച്ചുവച്ചാലും അതു നമ്മളെ ‘ഹോണ്‍ട്’ ചെയ്യുന്നു. ‘മാര്‍ത്താണ്ഡവര്‍മ്മ’യില്‍ ക്ഷതാംഗനായിക്കിടക്കുന്ന അനന്തപത്മനാഭനെ കണ്ടാല്‍ ആര്‍ക്കെന്തു് ചേതോവികാരം? ‘ധര്‍മ്മരാജാ’ യിലെ അണ്ണവയ്യന്റെ അന്ത്യം ആരെ സ്പര്‍ശിക്കുന്നു? ചന്ത്രക്കാരന്റെ ദുരന്തം ഏതു വായനക്കാരനെയാണു് ചലിപ്പിക്കുന്നതു്? ഹരിപഞ്ചാനനന്‍ അനുജനെ നശിപ്പിച്ചിട്ടു് വെടിമരുന്നു നിറച്ച അറയ്ക്കു തീകൊളുത്തി ആത്മാഹൂതി ചെയ്യുമ്പോള്‍ ആര്‍ക്കെന്തു ചാഞ്ചല്യം? നാടകത്തിന്റെ ബാഹ്യപ്രകടനമേയുള്ളൂ ഇവയിലെല്ലാം. കലാത്മകമായ ആശയമില്ല, ആത്മാവില്ല.

ജീവിതം സങ്കീര്‍ണ്ണമാണു്. സങ്കീര്‍ണ്ണങ്ങളായ വികാരങ്ങളുടെ കെട്ടാണു്. അതില്‍നിന്നു് ഓരോ വികാരത്തെയും പിരിച്ചെടുക്കൂ. ഒടുവില്‍ ഒരു വികാരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു വിചാരിക്കൂ. ആ ഒറ്റവികാരത്തെ തീക്ഷ്ണതയോടെ ആവിഷ്കരിക്കുന്നതിനേയാണു് ‘ലിറിക്ക്’ എന്നു വിളിക്കുന്നതു്. ലൈംഗിക വികാരത്തിനുമാത്രം തീക്ഷ്ണത നല്കിയ നോവലാണു് നാബോകോഫിന്റെ ലോലീറ്റ . (ജീവിതത്തിന്റെ) അബ്സേഡിറ്റി എന്ന ഏക വികാരത്തിനു് സാന്ദ്രത നല്‍കിയ അല്‍ബേര്‍ കമ്യുവിന്റെ The outsider. ‘എപ്പിക്കി’ന്റെ രീതിയില്‍ എഴുതിയ നോവലില്‍ പല വികാരങ്ങളെയും സാന്ദ്രതയോടെ സ്ഫുടീകരിക്കും. സി.വി.രാമന്‍പിള്ളയുടെ നോവലുകളില്‍ വികാരങ്ങളുടെ സാന്ദ്രതകളില്ല. അനന്തപത്മനാഭനും പാറുക്കുട്ടിയും സംസാരിക്കുമ്പോള്‍ ‘കാര്‍ഡ്ബോര്‍ഡ്’ കൊണ്ടുണ്ടാക്കിയ രണ്ടു രൂപങ്ങള്‍ സംസാരിക്കുകയാണെന്നേ തോന്നുകയുള്ളു. മീനാക്ഷി കമിതാവിനു് ആശയങ്ങള്‍ കൈമാറുമ്പോഴും എന്റെ പ്രതീതി ഇതുതന്നെ. ഇംഗ്ലീഷില്‍ ‘പാഷന്‍’ എന്നു വിളിക്കുന്ന ഉത്കട വികാരം സി.വി.വലരെ വിരളമായേ ചിത്രീകരിച്ചിട്ടുള്ളൂ. ഇതിനു ഹേതു ചരിത്രസംഭവങ്ങളുടെ രംഗപ്പകിട്ടിലാണു് അദ്ദേഹത്തിന്റെ ശ്രദ്ധ എന്നതാണു്. രംഗപ്പകിട്ടില്‍ മനസ്സിരുത്തുന്ന ഏതു സാഹിത്യകാരനും ആ സംഭവത്തിന്റെ ആത്മാവിലേക്കു ചെല്ലുകില്ല.

ഒരു രത്നം അമൂല്യമാണെന്നു് ഒരു തലമുറയിലെ ആളുകള്‍ പറഞ്ഞെന്നു കരുതൂ. അടുത്ത തലമുറയിലെ ആളുകള്‍ അതു് വാസ്തവമാണോ എന്നു ചിന്തിച്ചുനോക്കാതെ ആ രത്നം കൈയിലെടുത്തു് ‘ഹാ ഹാ മനോഹരം’ എന്നു് ഉദ്ഘോഷിച്ചു് പിന്നീടുള്ള തലമുറയ്ക്കു നല്‍കുന്നു. അവരും പരിശോധന കൂടാതെ അഭിനന്ദന വചസ്സുകള്‍ പൊഴിക്കുന്നു. ഇന്നാരും സി.വി.രാമന്‍പിള്ളയുടെ നോവലുകള്‍ വായിക്കുന്നില്ല. അവ കൈയിലെടുത്തുവച്ചു് ‘ഹാ, ഹാ മനോഹരം’ എന്നു് പ്രഖ്യാപിക്കുന്നതേയുള്ളു. പലര്‍ക്കും സി.വി.യുടെ നോവലുകള്‍ വെറും ‘പ്രിന്റഡ് മാറ്റര്‍’ മാത്രമാണു്.

മലയാള നോവല്‍സാഹിത്യത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ച ഒരു വലിയ സാഹിത്യകാരന്റെ യശോ ലാവണ്യത്തില്‍ ഞാന്‍ മാലിന്യം വാരിയെറിഞ്ഞോ? ഒരസുലഭവിഹംഗമത്തിന്റെ ഗാനാ‘ലാപ’ത്തിനിടയ്ക്ക് ഭേകാരവം ഉയര്‍ത്തിയോ? അങ്ങനെ തോന്നുന്നെങ്കില്‍ ക്ഷമിക്കൂ. സത്യമെന്നു കരുതുന്നതു പറയാതിരിക്കുന്നതല്ലേ ഭീരുത്വം?