close
Sayahna Sayahna
Search

ഹംപി


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഹംപി

ചരിത്രത്തിലേക്ക്
ആഴ്ന്നിറങ്ങുന്ന വെയില്‍.
രഥവേഗങ്ങളോ
കുളമ്പടികളോ ഇല്ല.
അശരണവിലാപങ്ങളുടെ
ഒരു ചുടുകാററ്
ചൂഴ്ന്നുന്നുവന്ന്
നിലപാടുതറയില്‍
മൗനം കൊളളുന്നു.
കുളപ്പടവുകളുടെ
തകര്‍ക്കപ്പെടാത്ത
കണിശമായ
ജ്യാമതീയതയില്‍
വെയിലും നിഴലും
പടവുകളിറങ്ങുന്നു.
അടിക്കല്ലുകളില്‍
മുഖം ചേര്‍ത്തു;
നനവിന്റെ
ഓര്‍മ്മയേയില്ല.

ജലവാഹിനികളായ
കല്പാത്തികള്‍
ഛേദിക്കപ്പെട്ട
തുമ്പിക്കൈകള്‍പോലെ-
ആനക്കൊട്ടിലുകളുടെ
ശൂന്യത പിളര്‍ന്ന്
മസ്തകം പൊട്ടിയ
ഒരു നിലവിളി.

കേളീഗൃഹങ്ങളിലും
പടകുടീരങ്ങളിലും
മഹലുകളിലും
നിശ്ശബ്ദതയുടെ
അനന്തനിദ്ര.
വിചിത്രരൂപികളായ
പാറകളുടെ നെറ്റിയില്‍
സൂര്യന്റെ ആഗ്നേയം.

കല്ലുകളുടെ
പ്രാചീനനഗരത്തില്‍
ഇളനീര്‍ വില്ക്കാന്‍
വന്ന വൃദ്ധനോട്
കൃഷ്ണദേവരായര്‍
സംശയിച്ചു.
ഹംപിയുടെ ചരിത്രം?
ഉഷ്ണം വരട്ടിയ ചുണ്ടുകളനക്കി
വൃദ്ധന്റെ ചരിത്രസാക്ഷ്യം
‘കാണാനെത്തുന്നവരുടെ
ദാഹം’.

പാറകള്‍ക്കിടയില്‍
അലറിയെത്തുന്ന
പൊടിക്കാററില്‍
കൃഷ്ണദേവരായര്‍ നിന്നു.
തുംഗഭദ്രയില്‍നിന്ന്
ജലസ്മൃതികളുമായി
ഒരു ചെറുകാറ്റെങ്കിലുമില്ല.
ആരവങ്ങളുടെയും
നിലവിളികളുടെയും
ഒരു പൊടിക്കാററ്
ദൂരെയെങ്ങോനിന്ന്
ഇരമ്പിവന്ന്
രാജാവിനെ മൂടി.

ചുമച്ചും ഞരങ്ങിയും
ഒരുതുളളി വെളളത്തിന്
ചുണ്ടുകള്‍ പിളര്‍ന്നും
അയാള്‍
മണ്ണിന്റെ ചൂടില്‍
മലര്‍ന്നുകിടന്നു.
ചരിത്രത്തിന്റെ
പ്രേതാടനഭൂമിയില്‍
ചരിത്രപുരുഷന്‍
പിന്നെയും
കഥാവശേഷനായി.

നരസിംഹമഹാരൂപത്തിനു
മുന്നില്‍
ഇളനീര്‍ വില്ക്കുന്ന വൃദ്ധന്‍
കരിക്കിന്‍തൊണ്ടുകളിലെ
തണുത്ത വെയിലിലേക്ക്
കുഴഞ്ഞുവീണു.
നാക്കുനീട്ടി, കണ്ണുരുട്ടി
ഒരുതുളളി
വെളളമെന്ന് ചുമച്ചു.
കണ്‍കുഴികളില്‍
താണുതാണ്
ചലനം വറ്റി…

ചരിത്രമില്ലാത്തവരുടെ
കഥ
അവസാനിക്കുന്നതേയില്ല.