close
Sayahna Sayahna
Search

പിറന്നാളുകൾ


റിൽക്കെ

റിൽക്കെ-13.11
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എന്റെ ഗ്രാഹ്യത്തിനപ്പുറത്തുള്ളതെന്നു തോന്നിയ അനുഭവങ്ങൾ ഏറ്റവും സമൃദ്ധമായി തന്നതു് പിറന്നാളുകളായിരുന്നു. വേർതിരിവുകൾ വയ്ക്കാതിരിക്കുന്നതാണു് ജീവിതത്തിന്റെ പതിവും അതിനു ഹിതവുമെന്നു് നിങ്ങൾക്കറിയാത്തതല്ല; എന്നാൽ തനിക്കവകാശപ്പെട്ട ഒരു സന്തോഷമുണ്ടെന്നും അതിൽ സംശയം വേണ്ടെന്നുമുള്ള ഒരു ബോധത്തോടെയാണ്  ആ ദിവസം നിങ്ങൾ ഉറക്കം വിട്ടെഴുന്നേല്ക്കുക. അങ്ങനെയൊരവകാശത്തെക്കുറിച്ചുള്ള ഒരു തോന്നൽ വളരെച്ചെറുപ്പത്തിലേ നിങ്ങളിൽ വളർന്നുവന്നിട്ടുണ്ടാവണം; ആ പ്രായത്തിൽ നിങ്ങൾക്കെന്തും ആഗ്രഹിക്കാമായിരുന്നു, ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്കു കിട്ടുകയും ചെയ്തിരുന്നു;   തനിയ്ക്കു നേരത്തേ സ്വന്തമായവയെ പിഴവു പറ്റാത്ത ഭാവനാശേഷിയിലൂടെ  പുതിയ തൃഷ്ണകളുടെ തീവ്രതയിലേക്കുയർത്താൻ നിങ്ങൾക്കന്നു കഴിഞ്ഞിരുന്നു.

പിന്നീടു പക്ഷേ പെട്ടെന്നാണു്, പിറന്നാളുകളുടെ സ്വഭാവം മാറുക; തന്റെ അവകാശത്തെക്കുറിച്ചു പണ്ടേപ്പോലെ നിങ്ങൾ അത്ര ബോധവാനാണെങ്കിലും മറ്റുള്ളവർക്കിപ്പോൾ അത്ര ഉറപ്പില്ലാത്തതായി നിങ്ങൾ കാണുന്നു. മുൻവർഷങ്ങളിൽ പതിവുള്ളപോലെ നിങ്ങളെ ആരെങ്കിലും പുതിയ ഉടുപ്പുകൾ ധരിപ്പിക്കുന്നതും തുടർന്നുള്ള ചടങ്ങുകളിലേക്കു നിങ്ങളെ ആനയിക്കുന്നതുമൊക്കെ ഇപ്പോഴും നിങ്ങൾക്കിഷ്ടമാണു്. പക്ഷേ ഉറക്കം ശരിക്കും തെളിയുന്നതിനും മുമ്പേ വാതിലിനു പുറത്താരോ ഒച്ച വയ്ക്കുന്നതു നിങ്ങൾ കേൾക്കുന്നു, കേയ്ക്കു് ഇനിയും എത്തിയിട്ടില്ലെന്നു്; അല്ലെങ്കിൽ അടുത്ത മുറിയിലെ മേശ മേൽ സമ്മാനങ്ങൾ നിരത്തിവയ്ക്കുമ്പോൾ എന്തോ താഴെ വീണുടയുന്നതു നിങ്ങൾ കേൾക്കുന്നു; അതുമല്ലെങ്കിൽ ആരോ മുറിയിൽ കയറിവന്നിട്ടു് വാതിൽ ചാരാതെ പോയതിനാൽ പിന്നീടു മാത്രം കാണേണ്ടതു് നിങ്ങൾക്കിപ്പോൾത്തന്നെ കാണാമെന്നാകുന്നു. ശസ്ത്രക്രിയ പോലെന്തിനോ നിങ്ങൾ വിധേയനാവുന്നതു് ആ നിമിഷത്തിലാണു്. ഒരു നിമിഷം മാത്രം നീണ്ടുനില്ക്കുന്നതും കൊടിയ വേദനയുളവാക്കുന്നതുമായ ഒരു ഛേദനം. എന്നാൽ അതു ചെയ്യുന്ന കൈ തഴക്കം കിട്ടിയതും പതറാത്തതുമാണു്. നൊടിയിടയിൽ കാര്യം കഴിഞ്ഞു. അടുത്ത നിമിഷം നിങ്ങൾ ചിന്തിക്കുന്നതു് നിങ്ങളെക്കുറിച്ചല്ല, തന്റെ പിറന്നാളിനെ അധികം പരിക്കേല്പിക്കാതെ എങ്ങനെ രക്ഷിച്ചെടുക്കാമെന്നാണു്; മറ്റുള്ളവരിൽ ഒരു കണ്ണു വേണം, അവരുടെ തെറ്റുകൾ മുൻകൂട്ടിക്കണ്ടു തടുക്കണം, തങ്ങൾ സകലതും വളരെ നന്നായി നടത്തിക്കൊണ്ടുപോവുകയാണെന്ന അവരുടെ മിഥ്യാബോധത്തെ ഊട്ടിയുറപ്പിക്കുകയും വേണം. അവർ നിങ്ങളുടെ പണി എളുപ്പമാക്കില്ല. അവരെ ഒന്നിനും കൊള്ളില്ലെന്നും മന്ദബുദ്ധികളാണവരെന്നുപോലും നിങ്ങൾക്കു തോന്നുന്നു. മറ്റുള്ളവർക്കുദ്ദേശിച്ചിരുന്ന സമ്മാനങ്ങളുമായി കയറിവരിക എന്ന പ്രശംസനീയമായ കൃത്യത്തിൽ അവർ വിജയിക്കുന്നു; നിങ്ങൾ അവരുടെ നേർക്കോടിച്ചെല്ലുന്നു, എന്നിട്ടുപിന്നെ താൻ അല്പം വ്യായാമത്തിനു വേണ്ടി മുറിക്കുള്ളിൽ ഒന്നോടിനടന്നതാണെന്നും വിശേഷിച്ചൊന്നിനും നേർക്കല്ല എന്നും നിങ്ങൾക്കഭിനയിക്കേണ്ടിയും വരുന്നു. അടുത്തതായി അവർ നിങ്ങളെ ആശ്ചര്യപ്പെടുത്താൻ നോക്കുന്നു: പ്രതീക്ഷയുടെ വലിയൊരു ഭാവം മുഖത്തു വരുത്തിക്കൊണ്ടു് അവർ സമ്മാനപ്പെട്ടിയുടെ മൂടി തുറക്കുന്നു; അടിയിൽ പായ്ക്കിംഗിനുള്ള കുറച്ചു കടലാസ്സല്ലാതെ മറ്റൊന്നും അതിലില്ല; അമ്പരപ്പിൽ നിന്നു് അവരെ നിവർത്തിപ്പിക്കേണ്ട ചുമതല ഇപ്പോൾ നിങ്ങൾക്കാകുന്നു. അല്ലെങ്കിൽ ഒരു യന്ത്രപ്പാവയാണു് അവർ നിങ്ങൾക്കു സമ്മാനമായി തരുന്നതെന്നു കരുതുക; ഒന്നാമത്തെ മുറുക്കലിൽ തന്നെ അവർ അതിന്റെ സ്പ്രിങ്ങ് പൊട്ടിച്ചുകളയും. അതിനാൽ സ്പ്രിങ്ങ് മുറുക്കിയ ഒരെലിയോ അതുപോലെന്തെങ്കിലും കളിപ്പാട്ടമോ ആരും കാണാതെ കാലു കൊണ്ടു നിരക്കി മുന്നിലേക്കിടാൻ മുൻകൂട്ടി പരിശീലിച്ചുവയ്ക്കുന്നതു് നല്ലതായിരിക്കും: ആ കബളിപ്പിക്കൽ കൊണ്ടു് അവരെ നാണക്കേടിൽ നിന്നു രക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരും.

അങ്ങനെ, നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളതൊക്കെ നിങ്ങൾ ചെയ്തുകഴിഞ്ഞു; അതിനെന്തെങ്കിലും വിശേഷാൽ വൈദഗ്ധ്യമൊന്നും വേണ്ട. വൈദഗ്ധ്യം വേണ്ടതു് ഒരാൾ വളരെയൊക്കെ കഷ്ടപ്പെട്ടു്, അഭിമാനത്തോടെയും വാത്സല്യത്തോടെയും നിങ്ങൾക്കൊരാനന്ദം കൊണ്ടുവരികയും നിങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തനായ ഒരാൾക്കുള്ള ആനന്ദമാണതു്, തീർത്തും അന്യമായ ഒരാനന്ദമാണതു് എന്നു് ദൂരെ നിന്നേ നിങ്ങൾക്കു മനസ്സിലാവുമ്പോഴാണു്. ആ ആനന്ദത്തിനു പറ്റിയ ഒരാളുണ്ടോയെന്നുതന്നെ നിങ്ങൾക്കറിയില്ല; അത്രയ്ക്കുമന്യമായിരുന്നു അതു്.