close
Sayahna Sayahna
Search

മരണഭയം


റിൽക്കെ

റിൽക്കെ-13.15
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

മരണഭയത്തെക്കുറിച്ചു് ഞാൻ വളരെയധികം ചിന്തിച്ചിട്ടുണ്ടു്; എന്റെ ചില അനുഭവങ്ങൾ അപ്പോൾ ഞാൻ കണക്കിലെടുക്കാതെയുമില്ല. ആ ഭയം ഞാനറിഞ്ഞിട്ടുണ്ടെന്നു് സത്യസന്ധമായി എനിക്കു പറയാം. നഗരങ്ങളിൽ, ആളുകൾക്കു നടുവിൽ നില്ക്കുമ്പോൾ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അതെന്നെ പിടി കൂടിയിട്ടുണ്ടു്. എന്നാൽ ആവശ്യത്തിലധികം കാരണങ്ങളുണ്ടായിരുന്ന ചില സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടു്: ഉദാഹരണത്തിനു് ബഞ്ചിലിരിക്കുന്ന ഒരാൾ പെട്ടെന്നു മരിക്കുകയും ആളുകൾ ചുറ്റും കൂടി അയാളെ നോക്കിനില്ക്കുകയും അയാൾ ആ ഭയത്തിനെല്ലാമപ്പുറത്തെത്തുകയും ചെയ്യുമ്പോൾ: അപ്പോൾ അയാളുടെ ഭയം എന്റേതാകുന്നു. അല്ലെങ്കിൽ, അന്നു് നേപ്പിൾസിൽ വച്ചു് ട്രാമിൽ എനിക്കെതിരേയിരുന്ന യുവതി മരിച്ചപ്പോൾ. അവൾക്കു മോഹാലസ്യം വന്നപോലെയാണു് ആദ്യം തോന്നിയതു്; ട്രാം കുറച്ചു ദൂരം കൂടി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ ട്രാം നിർത്താതെ പറ്റില്ലെന്നു് വൈകാതെ ഞങ്ങൾക്കു ബോദ്ധ്യമായി. ഞങ്ങൾക്കു പിന്നിൽ മറ്റു ട്രാമുകൾ വന്നടിയുകയായിരുന്നു, ആ ദിശയിലേക്കു് ഇനി ഒരു യാത്രയും നടക്കില്ലെന്നപോലെ. തടിച്ചു വിളറിയ ആ കുട്ടി അടുത്തിരിക്കുന്ന സ്ത്രീയെ ചാരിയിരുന്നു് സമാധാനത്തോടെ മരിച്ചുപോയേനെ; പക്ഷേ അവളുടെ അമ്മ അതു സമ്മതിക്കില്ല. അവളുടെ വഴിയിൽ സാദ്ധ്യമായ എല്ലാ തടസ്സങ്ങളും അവർ കൊണ്ടിട്ടു. അവർ അവളുടെ ഉടുപ്പുകളിൽ പിടിച്ചു വലിച്ചു, ഒന്നും തങ്ങിനില്ക്കാതായിക്കഴിഞ്ഞ വായിൽ എന്തോ ഒന്നൊഴിച്ചുകൊടുത്തു. ആരോ കൊണ്ടുകൊടുത്ത ഒരു കുഴമ്പു് അവർ അവളുടെ നെറ്റിയിൽ തേച്ചുപിടിപ്പിച്ചു; കൃഷ്ണമണികൾ അല്പമൊന്നു മുകളിലേക്കു ചാഞ്ഞപ്പോൾ അവ വീണ്ടും മുന്നിലേക്കു വരാനായി അവർ അവളെ പിടിച്ചുകുലുക്കാൻ തുടങ്ങി. കേൾക്കാൻ പറ്റാത്ത ആ കണ്ണുകളിലേക്കവർ അലറി, ആ പിണ്ഡത്തെ ഒരു പാവയെന്ന പോലെ അവർ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുരുട്ടി, ഒടുവിൽ കൈ വീശി ആ സ്ഥൂലിച്ച മുഖത്തു് ആഞ്ഞൊരടി കൊടുത്തു, അതു മരിക്കാതിരിക്കാൻ. അന്നു ഞാൻ ഭയന്നു.

എന്നാൽ അതിനു മുമ്പും ഞാൻ ഭയന്നിട്ടുണ്ടു്. ഉദാഹരണത്തിന്, എന്റെ നായ ചത്തപ്പോൾ. എന്നെ നിത്യമായ കുറ്റബോധത്തിലേക്കു തള്ളിവിട്ട ആ നായ. അവനു തീരെ സുഖമില്ലായിരുന്നു. അന്നു മുഴുവൻ ഞാൻ അവനടുത്തു തന്നെ മുട്ടുകുത്തി ഇരിക്കുകയായിരുന്നു; പെട്ടെന്നാണവൻ മുഖമുയർത്തിനോക്കി തെറിച്ചുതെറിച്ചുപോകുന്ന മട്ടിൽ കുരച്ചതു്; പരിചയമില്ലാത്ത ആരെങ്കിലും മുറിയിൽ കയറിവരുമ്പോൾ അങ്ങനെയാണവൻ കുരയ്ക്കുക. അങ്ങനെയുള്ള സന്ദർഭങ്ങൾക്കായി ഞങ്ങൾ പറഞ്ഞുറപ്പിച്ച ഒരടയാളം പോലെയാണതു്; അറിയാതെ തന്നെ എന്റെ നോട്ടം വാതിലിനടുത്തേക്കു ചെന്നു. പക്ഷേ അപ്പോഴേക്കും അതു് അവന്റെയുള്ളിൽ കടന്നിരുന്നു. ആപച്ഛങ്കയോടെ ഞാൻ തിരിഞ്ഞു് അവന്റെ കണ്ണുകളിലേക്കു നോക്കി, അവൻ എന്റെ കണ്ണുകളിലേക്കും; അതു പക്ഷേ വിട പറയാനായിരുന്നില്ല. അമ്പരപ്പും അനിഷ്ടവും കലർന്ന ഒരു ഭാവത്തോടെയാണു് അവൻ എന്നെ നോക്കിയതു്. അതിനെ ഉള്ളിൽ കടക്കാൻ അനുവദിച്ചതിനു് അവൻ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. അതിനെ തടയാൻ എനിക്കു കഴിയുമായിരുന്നുവെന്നു് അവനു ബോദ്ധ്യമായിരുന്നു. എന്റെ കഴിവുകൾ അവൻ എന്നും കൂട്ടിക്കണ്ടിരുന്നു. അങ്ങനെയൊന്നുമില്ലെന്നു് വിശദീകരിക്കാൻ ഇനിയിപ്പോൾ സമയവുമില്ല. അമ്പരപ്പും ഏകാന്തതയും നിറഞ്ഞ ആ നോട്ടം എന്നിൽ തറച്ചുനിർത്തിക്കൊണ്ടാണു് അവൻ ജീവൻ വെടിഞ്ഞതു്.

അതുപോലെ ആദ്യമായി മഞ്ഞു വീഴുന്ന ശരല്ക്കാലരാത്രികളിൽ ഈച്ചകൾ മുറിയിലേക്കു പറന്നുവന്നു് ഉള്ളിലെ ചൂടിൽ അവസാനമായി ഒരിക്കല്ക്കൂടി ജീവൻ വയ്ക്കുന്നതു കാണുമ്പോഴും ഞാൻ ഭയന്നിരുന്നു. അവ വല്ലാതെ ഉണങ്ങിച്ചുരുണ്ടിരുന്നു, സ്വന്തം മുരളൽ കൊണ്ടുതന്നെ അവ പേടിച്ചരണ്ടപോലെയുമായിരുന്നു. അവയ്ക്കെന്തു ചെയ്യണമെന്നറിയാത്ത മട്ടായിരുന്നു. മണിക്കൂറുകൾ നിശ്ചേഷ്ടമായിട്ടിരുന്നതിനൊടുവിലാണവയ്ക്കു തോന്നുക, തങ്ങൾക്കിപ്പോഴും ജീവനുണ്ടെന്നു്; അപ്പോഴവ തോന്നിയ ദിക്കിലേക്കു് അന്ധമായി പറക്കാൻ തുടങ്ങി; അവിടെ ചെന്നിട്ടു് എന്താണു ചെയ്യുക എന്നവയ്ക്കറിയില്ല. അവിടെയും ഇവിടെയുമൊക്കെ അവ നിലത്തിടിച്ചു വീഴുന്നതു ഞാൻ കേട്ടു. പിന്നെ അവ എല്ലായിടത്തും ഇഴഞ്ഞു നടക്കാൻ തുടങ്ങുകയും മുറിയാകെ തങ്ങളുടെ മരണത്തിന്റെ കറ പറ്റിക്കുകയും ചെയ്തു.

എന്നാൽ ഒറ്റയ്ക്കായിരിക്കുമ്പോൾപ്പോലും ഞാൻ ഭയന്നിരുന്നു. മരണഭയം കൊണ്ടു് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന ആ രാത്രികൾ ഉണ്ടായിട്ടില്ലെന്നു ഞാൻ എന്തിനു നടിക്കണം; ജീവനുള്ളവർക്കേ എന്തായാലും എഴുന്നേറ്റിരിക്കാൻ കഴിയൂ എന്ന ആശയത്തിലാണു് ഞാനന്നു് അള്ളിപ്പിടിച്ചതു് — മരിച്ചവർ എഴുന്നേറ്റിരിക്കില്ലല്ലോ. യാദൃച്ഛികമായി താമസിക്കേണ്ടിവരുന്ന മുറികളിലാണു് അങ്ങനെ സംഭവിച്ചിട്ടുള്ളതു്; എന്റെ കാര്യങ്ങൾ പിശകുമെന്നാകുമ്പോൾ അവ ആ നിമിഷം എന്നെ കൈയൊഴിയുകയായി; എന്റെ പ്രശ്നങ്ങളിൽ തങ്ങളും പങ്കാളികളാകുമെന്നും തങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന പേടി കൊണ്ടാണെന്നപോലെയാണതു്. ഞാനവിടെ അങ്ങനെയിരിക്കും; ആ ഇരിപ്പു കണ്ടു പേടിച്ചിട്ടാവണം, ഐക്യദാർഢ്യം പ്രകടിപ്പിച്ചു് എനിക്കടുത്തു വരാൻ ഒരു വസ്തുവിനും കഴിയാതിരുന്നതു്. കൊളുത്തുക എന്ന ഉപകാരം തൊട്ടു മുമ്പു ഞാൻ ചെയ്തുകൊടുത്ത ആ മെഴുകുതിരി പോലും എന്നെ അറിയില്ലെന്ന മട്ടിൽ ഇരുന്നുകളഞ്ഞു. ആളില്ലാത്ത ഒരു മുറിയിലെന്നപോലെ അതു് തനിക്കായി മാത്രം എരിയുകയായിരുന്നു. എന്റെ അവസാനത്തെ പ്രതീക്ഷകൾ എപ്പോഴും ജനാലയിലായിരുന്നു. ഇപ്പോഴും, മരണത്തിനു മുന്നിലെ പെട്ടെന്നുള്ള ഈ നികൃഷ്ടതയ്ക്കു നടുവിലും എന്റെ സ്വന്തമെന്നു പറയാവുന്നതെന്തെങ്കിലും പുറത്തുണ്ടാവുമെന്നു ഞാൻ ഭാവന ചെയ്തു. പക്ഷേ ജനാലയുടെ നേർക്കൊന്നു നോക്കിയതും, അതു് ചുമരു പോലെ കെട്ടിയടച്ചതായിരുന്നെങ്കിൽ എന്നു ഞാൻ മോഹിച്ചുപോയി. എന്തെന്നാൽ ഉള്ളിലെ അതേ ഉദാസീനത തന്നെയാണു് പുറത്തുമെന്നും അവിടെയും എന്റെ ഏകാന്തതയല്ലാതെ മറ്റൊന്നുമില്ലെന്നും അപ്പോഴാണെനിക്കു മനസ്സിലാകുന്നതു്. ഞാൻ എനിക്കു മേൽ സ്വയം കയറ്റിവച്ചതും ഇപ്പോൾ എന്റെ ഹൃദയത്തിനു താങ്ങാൻ പറ്റാത്ത രീതിയിൽ വിപുലമായതുമായ ഏകാന്തത. ഒരിക്കൽ ഞാൻ വിട്ടുപോന്നവരെ എനിക്കോർമ്മ വന്നു; എങ്ങനെയാണു് ഒരാൾക്കു മറ്റൊരാളെ ഉപേക്ഷിക്കാൻ കഴിയുക എന്നെനിക്കു മനസ്സിലായതുമില്ല.

എന്റെ ദൈവമേ, എന്റെ ദൈവമേ, ഈതരം രാത്രികളാണു് ഇനിയും എന്നെ കാത്തിരിക്കുന്നതെങ്കിൽ ഇടയ്ക്കൊക്കെ എനിക്കു് ചിന്തിക്കാൻ കഴിഞ്ഞിരുന്ന ചിന്തകളിൽ ഒന്നെനിക്കനുവദിക്കേണമേ. എന്റെ ആവശ്യം അത്ര അന്യായമല്ല; എനിക്കറിയാം, ആ ചോദ്യങ്ങൾ എന്റെ ഭീതിയിൽ നിന്നു നേരിട്ടു വരുന്നതാണെന്നു്, അത്ര വലുതാണെന്റെ ഭീതിയെന്നു്. കുട്ടിയായിരിക്കുമ്പോൾ എന്റെ മുഖത്തടിച്ചിട്ടു് ഞാനൊരു ഭീരുവാണെന്നു് അവർ പറഞ്ഞിരുന്നു. അതിനു കാരണം എന്റെ ഭീതി പൂർണ്ണമായിരുന്നില്ല എന്നതായിരുന്നു. പക്ഷേ യഥാർത്ഥഭീതി കൊണ്ടു ഭീതനാകാൻ പിന്നീടു ഞാൻ പഠിച്ചു; ആ ഭീതി അതു ജനിപ്പിക്കുന്ന ശക്തിക്കൊപ്പം വളരുന്നതായിരുന്നു. ആ ശക്തിയെക്കുറിച്ചു് ആ ഭീതിയിലൂടെയല്ലാതെ നമുക്കൊരു ധാരണയും കിട്ടില്ല. കാരണം, അത്രയ്ക്കു നമുക്കു പിടി കിട്ടാത്തതാണതു്, നമുക്കെതിരാണതു്, അതിനെക്കുറിച്ചു ചിന്തിക്കാൻ നോക്കുമ്പോൾ നമ്മുടെ മസ്തിഷ്കം പൊടിഞ്ഞുതകർന്നുപോവുകയും ചെയ്യുന്നു. എന്നാല്ക്കൂടി കുറേക്കാലമായി ഞാൻ വിശ്വസിക്കുന്നതു് നമ്മുടെ ശക്തിയാണു്, നമ്മിലാകെയുള്ള ശക്തിയാണു് നമുക്കു താങ്ങാൻ പറ്റാതെയുള്ളതെന്നാണു്. അതെന്താണെന്നു നമുക്കറിയില്ല എന്നതു സത്യം തന്നെ; അതേ സമയം, അത്രയും നമ്മുടെ സ്വന്തമായതിനെയല്ലേ, നമുക്കൊട്ടുമറിയാത്തതും? ചിലപ്പോൾ ഞാൻ ആലോചിച്ചുനോക്കിയിട്ടുണ്ടു്, ആകാശവും മരണവും എങ്ങനെ ഉണ്ടായിവന്നുവെന്നു്; നമുക്കേറ്റവും അമൂല്യമായതിൽ നിന്നു നാം അകലം പാലിച്ചതുകൊണ്ടാണതു്, അതിനും മുമ്പു് ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാനുണ്ടായിരുന്നു എന്നതുകൊണ്ടാണതു്, നമ്മുടെ പലകാര്യവ്യഗ്രതയ്ക്കിടയിൽ അതു നമ്മിൽ സുരക്ഷിതമായിരുന്നില്ല എന്നതുകൊണ്ടാണു്. അതില്പിന്നെ കാലങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, അതിലും ചെറിയ കാര്യങ്ങളോടായി നമ്മുടെ ഇടപാടുകളെന്നും വന്നു. നമുക്കിപ്പോൾ നമ്മുടേതായതിനെ കണ്ടിട്ടറിയുന്നില്ല, അതിന്റെ വൈപുല്യം നമ്മെ ഭയവിഹ്വലരാക്കുകയും ചെയ്യുന്നു. ഇതല്ലേ ശരി?