close
Sayahna Sayahna
Search

ഏകാന്തത


റിൽക്കെ

റിൽക്കെ-23.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എന്റെ കുട്ടിക്കാലത്തു്, എല്ലാവരും എന്നോടു് നിർദ്ദയമായി പെരുമാറുകയും എത്ര പരിത്യക്തനാണു ഞാനെന്നു് അത്രയുമെനിക്കുള്ളിൽ തട്ടുകയും ഒരജ്ഞാതലോകത്തു് സ്വയമില്ലാതാവാൻ എനിക്കു തോന്നുകയും ചെയ്തിരുന്ന കാലത്തു്, മറ്റെവിടെയെങ്കിലും പോകാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടാവണം. പക്ഷേ, മനുഷ്യർ എനിക്കന്യരായിരുന്ന ആ കാലത്തു് ഞാൻ വസ്തുക്കളോടടുത്തു; അവയിൽ നിന്നു പ്രസരിക്കുന്ന ആനന്ദത്തോടടുത്തു: ഒരേപോലെ പ്രബലവും പ്രശാന്തവുമായ, സന്ദേഹങ്ങൾക്കിടമില്ലാത്ത ഒരാനന്ദം. മിലിട്ടറി സ്കൂളിൽ പഠിക്കുമ്പോൾ ആകാംക്ഷാഭരിതമായ ദീർഘയുദ്ധങ്ങൾക്കൊടുവിൽ ഞാനെന്റെ തീവ്രമായ കത്തോലിക്കാവിശ്വാസം വലിച്ചെറിഞ്ഞു മുക്തനായിരുന്നു; സാന്ത്വനലേശമില്ലാത്ത ഏകാന്തതയിലേക്കു ഞാൻ പിൻവാങ്ങിയിരുന്നു. പക്ഷേ വസ്തുക്കളിൽ നിന്നു്, അവയുടെ നിത്യസഹനത്തിലും ക്ഷമയിലും നിന്നു്, മഹത്തും ശാശ്വതവുമായ ഒരു സ്നേഹം എന്നെത്തേടി വന്നു: പേടിയോ അതിരോ അറിയാത്ത ഒരു തരം വിശ്വാസം. ജീവിതവും ആ വിശ്വാസത്തിന്റെ ഒരു ഭാഗമാണു്. ഹാ, അതിൽ, ജീവിതത്തിൽ എനിക്കെന്തു വിശ്വാസമാണു്. കാലം ഭരിക്കുന്ന ജീവിതമല്ല, മറ്റൊരു ജീവിതം, കുഞ്ഞുകുഞ്ഞുവസ്തുക്കളുടെ ജീവിതം, ജന്തുക്കളുടെയും വിപുലസമതലങ്ങളുടെയും ജീവിതം. പ്രത്യക്ഷത്തിൽ നിർമ്മമമായ, എന്നാൽ ചലനത്തിന്റെയും വളർച്ചയുടെയും ഊഷ്മളതയുടെയും ശക്തികൾ പൂർണ്ണമായ തുലനാവസ്ഥയിൽ വർത്തിക്കുന്ന ജീവിതം. അതുകൊണ്ടാണു് നഗരങ്ങൾ എനിക്കത്രമേൽ അസഹനീയമാകുന്നതു്. അതുകൊണ്ടാണു് നഗ്നപാദനായി ദീർഘയാത്രകൾ നടത്താൻ ഞാൻ ഇഷ്ടപ്പെടുന്നതു്, ഒരു മൺതരി പോലും എനിക്കു നഷ്ടമാവരുതെന്നതിനായി, ലോകത്തെ അതിന്റെ സർവരൂപങ്ങളിലും, ഒരൈന്ദ്രിയാനുഭവമായി, ഒരു സംഭവമായി, ഒരു ബാന്ധവമായി എന്റെയുടൽ അറിയണമെന്നതിനായി. അതുകൊണ്ടാണു് കഴിയുന്നതും പച്ചക്കറികൾ കൊണ്ടു ഞാൻ ജീവൻ നിലനിർത്തുന്നതു്; അന്യമായതൊന്നിന്റെയും സഹായമില്ലാത്ത ഒരു ലളിതജീവിതമെന്ന അവബോധത്തിലേക്കെനിക്കടുക്കണം. അതുകൊണ്ടാണു് മദ്യത്തിനെന്നിൽ പ്രവേശനമില്ലാത്തതും; എന്തെന്നാൽ എന്റെ സ്വന്തം നീരുകളേ എനിക്കുള്ളിൽ നാവെടുക്കാവൂ, ഇരച്ചുകയറാവൂ, നിർവൃതി നുകരാവൂ, കുഞ്ഞുങ്ങൾക്കും ജന്തുക്കൾക്കുമുള്ളിൽ നടക്കുന്നപോലെ! എല്ലാ ധാർഷ്ട്യങ്ങളും വലിച്ചെറിയാൻ ഞാൻ ആഗ്രഹിക്കുന്നതതുകൊണ്ടാണു്; ഏറ്റവും എളിമയുള്ള ജന്തുവിനെക്കാൾ മേലെയോ വെറുമൊരു കല്ലിനെക്കാൾ ഉത്കൃഷ്ടനോ ആയി സ്വയം കരുതാത്തതും അതുകൊണ്ടാണു്. എനിക്കു ഞാനായാൽ മതി, എനിക്കു പറഞ്ഞ ജീവിതം ജീവിച്ചാൽ മതി, മറ്റാരുടെയും സ്വരമാകാതിരുന്നാൽ മതി, എന്റെ ഹൃദയത്തിൽ നിന്നു വിടരണമെന്നനുശാസിച്ചിരിക്കുന്ന പൂക്കൾ വിടർത്തിയാൽ മതി — അതൊരിക്കലും ഒരു ധാർഷ്ട്യമാകണമെന്നില്ലല്ലോ.

(1903)

നിശബ്ദനായിരിക്കാൻ ശീലിച്ചതില്പിന്നെ സർവതും എന്നിലേക്കത്രയ്ക്കടുത്തു വന്നിരിക്കുന്നു. കുട്ടിയായിരിക്കുമ്പോൾ ബാൾട്ടികു് കടലോരത്തു ചെലവഴിച്ച ഒരു വേനല്ക്കാലം എനിക്കോർമ്മ വരികയാണ്: അന്നെത്ര വാചാലനായിരുന്നു ഞാൻ, കാടിനോടും കടലിനോടും. എനിക്കു പരിചയമില്ലാത്ത ഒരാഹ്ളാദത്തിമിർപ്പു കൊണ്ടു നിറഞ്ഞ ഞാൻ വാക്കുകളുടെ തിടുക്കത്തിലുള്ള ആവേശത്തോടെ സകല അതിർത്തികളും ചാടിക്കടക്കാൻ അന്നെത്ര ശ്രമിച്ചു. പിന്നെ സെപ്തംബറിൽ ഒരു പ്രഭാതത്തിൽ വിട പറഞ്ഞുപോരുമ്പോഴാണു് എനിക്കു മനസ്സിലായതു്, അന്തിമവും ധന്യവുമായതെന്തോ, അതിനു വാഗ്രൂപം കൊടുത്തിട്ടില്ല അതേവരെ ഞങ്ങളെന്നു്; എന്റെ അവികസിതാനുഭൂതികളെയോ കടലിന്റെ നിത്യമായ ആത്മാവിഷ്കാരത്തെയോ പ്രകാശിപ്പിക്കാൻ പോരുന്നതായില്ല ആവേശഭരിതമെങ്കിലും പരിമിതവിഭവമായ എന്റെ സംഭാഷണങ്ങളെന്നു്…

* * *

ഏകാകിയായ ഒരാളെ ചിലനേരമെന്തോ തേടിവരുന്നു, അത്ഭുതരോഗശാന്തി നല്കുന്ന ഒരൗഷധം പോലെ അതയാൾക്കു മേൽ പ്രവർത്തിക്കുന്നു; അതൊരു ശബ്ദമല്ല, ഒരു ശോഭയല്ല, ഒരു സ്വരം പോലുമല്ല. എന്നോ മണ്മറഞ്ഞ സ്ത്രീകളുടെ മന്ദഹാസമാണതു് — കെട്ടുപോയ നക്ഷത്രങ്ങളുടെ വെളിച്ചം പോലെ യാത്ര ചെയ്തുതീരാത്ത ഒരു മന്ദഹാസം.

(1900 സെപ്തംബർ 13)

മിക്ക സമയത്തും നാം വീണുകിടക്കുന്ന കാലുഷ്യത്തെ വിളിച്ചുകാട്ടുകയല്ലാതെ കല പ്രത്യേകിച്ചൊന്നും കൈവരിച്ചിട്ടില്ല. നമുക്കു മനസ്സമാധാനം തരുന്നതിനു പകരം നമ്മെ വിരട്ടിവിടുകയാണതു ചെയ്യുന്നതു്. വേറേ വേറേ തുരുത്തുകളിലാണു നാം ജീവിക്കുന്നതെന്നു് അതു കാണിച്ചുതരുന്നു; അതേ സമയം അലട്ടില്ലാതെ ഏകാകികളായി കഴിയാൻ നമുക്കു പറ്റുന്നത്ര ദൂരം അവയ്ക്കിടയിലില്ല താനും. ഒരു തുരുത്തിലുള്ള ഒരാൾക്കു് മറ്റൊന്നിലുള്ള മറ്റൊരാളെ ശല്യപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ കുന്തമെറിഞ്ഞു വീഴ്ത്തുകയോ ഒക്കെയാവാം — ഒരാൾക്കും മറ്റൊരാളോടു ചെയ്യാൻ പറ്റാത്തതു് അയാളെ സഹായിക്കുക എന്നതു മാത്രമാണു്.

* * *

കനികൾ പോലെയാണു നാം. വിചിത്രമായ വിധം കുടിലമായ കൊമ്പുകളിൽ ഉയരത്തിൽ നാം തൂങ്ങിക്കിടക്കുന്നു, പലതരം കാറ്റുകളുടെ പ്രഹരങ്ങൾ സഹിക്കുന്നു. വിളവും മധുരവും  ഭംഗിയുമാണു് നമ്മുടെ സമ്പാദ്യങ്ങൾ. എന്നാൽ ആ സമ്പാദ്യങ്ങൾ നേടാനുള്ള ബലം നമ്മിലേക്കൊഴുകിയെത്തിയതു് ഒരേയൊരു തായ്ത്തടിയിലൂടെയാണു്, പലലോകങ്ങളിലേക്കു നീളുന്ന ഒരേയൊരു തായ്‌‌വേരിലൂടെയാണു്. ആ ബലത്തിന്റെ സാക്ഷ്യങ്ങളാണു നാമെങ്കിൽ നാമോരോരുത്തരും ആ ബലം ഉപയോഗപ്പെടുത്തുകയും വേണം, ആ വാക്കുകളുടെ ഏറ്റവും പൂർണ്ണമായ അർത്ഥത്തിൽ വ്യക്തികളായി, ഏകാകികളായി. ഏകാകികൾ കൂടുന്തോറും സമൂഹത്തിന്റെ ഗൗരവവും സ്ഥിരതയും ബലവും കൂടുന്നു.

(1898)

ഓരോ ആളും സ്വന്തം ജീവിതത്തിന്റെ കേന്ദ്രബിന്ദു തന്റെ പ്രവൃത്തിയിൽ കണ്ടെത്തണം, എന്നിട്ടു് ആ ബിന്ദുവിൽ നിന്നു് കഴിയുന്നത്ര പുറത്തേക്കു വളരുകയും വേണം. മറ്റൊരാളും അയാളുടെ ആ വികാസം നിരീക്ഷിക്കാനുണ്ടാകരുതു്, അയാൾക്കേറ്റവും അടുത്തവരും ഏറ്റവും പ്രിയപ്പെട്ടവരും പ്രത്യേകിച്ചും: അയാൾ തന്നെയും അതിനു മുതിരരുതു്. തന്റെ സ്വത്വത്തിൽ നിന്നു് ഇങ്ങനെ നോട്ടം മാറ്റുന്നതിൽ ഒരു തരം നൈർമ്മല്യമുണ്ടു്, ഒരു കന്യകാത്വമുണ്ടു്; പ്രകൃതിയിലെ ഒരു വസ്തുവിനെ നോക്കി ചിത്രം വരയ്ക്കുന്ന പോലെയാണതു്: നമ്മുടെ നോട്ടം ആ വസ്തുവിലുടക്കി ബന്ധിതമായി കിടക്കുമ്പോൾ കൈ അങ്ങു താഴെയെവിടെയോ ഒറ്റയ്ക്കു പോവുകയാണു്; അതു് നീങ്ങിനീങ്ങിപ്പോകുന്നു, ഇടയ്ക്കു് പേടിച്ചുനില്ക്കുന്നു, ഇടറുന്നു, ആത്മവിശ്വാസം വീണ്ടെടുത്തു് പിന്നെയും നീങ്ങുന്നു. അങ്ങനെയതു് താഴേയ്ക്കു താഴേയ്ക്കു യാത്ര ചെയ്യുമ്പോൾ മുകളിൽ നക്ഷത്രം പോലെ നിലകൊള്ളുന്ന മുഖം നോക്കുന്നില്ല, തിളങ്ങുന്നതേയുള്ളു. സർഗ്ഗാത്മകതയുടെ നിമിഷങ്ങളിൽ ഞാൻ എന്നും ഇങ്ങനെയായിരുന്നുവെന്നു തോന്നുന്നു: വിദൂരവസ്തുക്കളെ ധ്യാനിച്ചുനില്ക്കുന്ന മുഖം, കൈകൾ ഒറ്റയ്ക്കും. അതങ്ങനെതന്നെയാണു വേണ്ടതും. ക്രമേണ വീണ്ടും ഞാൻ അങ്ങനെയാവുകയും ചെയ്യും. പക്ഷേ അതിനു ഞാൻ ഇന്നത്തെപ്പോലെ തന്നെ ഏകാകിയായിരിക്കണം, എന്റെ ഏകാന്തത ദൃഢവും ഭദ്രവുമായിരിക്കണം, ഒരു കാല്പാടും പതിയാത്ത, ഒരു കാല്പാടിനേയും ഭയവുമില്ലാത്ത കാടു പോലെ. അതിൽ പ്രത്യേകപ്രാധാന്യമോ അസാധാരണത്വമോ ബാദ്ധ്യതയോ ഒന്നുമുണ്ടാവരുതു്. അതു് ദിനചര്യയാവണം, നിത്യസാധാരണമാവണം. വന്നെത്തുന്ന ചിന്തകൾ, എത്രയും ക്ഷണികമായവ പോലും, ഏകാകിയായി എന്നെ കണ്ടെത്തണം; എങ്കിൽ എന്നെ വീണ്ടും വിശ്വസിക്കാൻ അവ തീരുമാനിച്ചുവെന്നു വരാം.

(1903 ഏപ്രിൽ 8)