close
Sayahna Sayahna
Search

സംസ്കൃതസാഹിത്യം 2.I

Contents

സംസ്കൃതസാഹിത്യം

ക്രി.പി. പതിനഞ്ചാം ശതകം


കോലത്തിരിമാരും സാഹിത്യവും

ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:

ʻʻയേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ;
തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ.
സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ
ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ.
ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ
സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ.
ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം
ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം.
ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ
പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ.
ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം
രാമവര്‍മ്മാണമുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം.
ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ
സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.ˮ

കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:

ʻʻശ്രീകേരളവര്‍മ്മനൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ
ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം.
രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം
പര്യാലോചനചതുരാം രാഘവ! ലാഘവവിവര്‍ജ്ജിതാത്മജിതാം.ˮ

എന്നാണു് രാഘവന്റെ പ്രസ്താവന

ʻʻചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ
കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ കേരളവര്‍മ്മ നാമാ.

ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ ശ്രുത്യന്തരത്യന്തനിഗുഢരൂപം
പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ
പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം
പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച.
ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ
ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ.ˮ

എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.

കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.

ശ്രീകണ്ഠവാരിയര്‍

രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.

ʻʻസോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം
ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം.
പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ
ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ
ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ
രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.ˮ

നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ʻനമോസ്തു രവിദേവായʼ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.

ʻʻശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ
പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ.
ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം
പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ,
മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി
യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ.ˮ

എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.

ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.

ʻʻണമഹ ഗആണയപാഅം
ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം
ജണ്ണഇരത്താലേഹാ
സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.ˮ

ʻʻനമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം
യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃˮ

ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.

ʻʻശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം
വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.ˮ

എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.

രാഘവവാരിയര്‍

യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:

ʻʻവിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം
പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം.

***


ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ
സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ.
ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ
സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.ˮ

ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ʻശ്രീകണ്ഠദാസന്‍ʼ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ʻമധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃʼ എന്നും

ʻʻസുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം
മധുരകവിതയാലേ രാഘവാന്തേ വസന്തഃ
നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം
നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.ˮ

എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു

ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:

ʻʻപാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം;
ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ.
വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ
ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ
സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി
ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി.
അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ
ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃˮ

രാമവര്‍മ്മയുവരാജാവു്

രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ–-അതായതു് ആശ്രമവാസത്തോളം–-ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍

അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.

ʻʻശനൈശ്ശനൈരന്തികമീയൂഷീം താം
ശുചിസ്മിതശ്ശന്തനുരാബഭാഷേ
അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ
മല്‍പ്രേയസീനാം പ്രവരാ ഭവേതി.
ശുഭേശുഭേ വാ ഭുവനൈകവീര
യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം
നിരോത്സ്യതേ താവകധാമ്നി താവ-
ദ്വസേയമിത്യേനമവോചദേഷാ.
താം രാജഹംസപ്രതിമാനയാനാം
തഥേതി രാജന്യവരോ ഗദിത്വാ
രോമാഞ്ചരാജീപരിരാജിതാങ്ഗ-
സ്തയാ സഹാഗാന്നിജരാജധാനീം.ˮ

വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:

ʻʻസദാഖിലാഭിസ്സഹിതഃ കലാഭിര്‍-
ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ
ഹരന്‍ ജഗന്മോഹമഹാന്ധകാര-
മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.ˮ

ചന്ദ്രികാകലാപീഡം നാടകം

രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:

ʻʻസൂത്ര:–-ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു

പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.

ʻʻആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.ˮ

ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ʻജഗന്നിവാസം ഹൃദയേ ദധാനംʼ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.

ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന

കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.

ʻʻകുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ,
രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃˮ
ʻʻദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം
വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ.ˮ

ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.

ʻʻശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ
വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍
ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ!
ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃˮ

താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:

ʻʻദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ
സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ:
ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു;
രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃˮ

ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.

ʻʻകോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ
വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃˮ

എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ʻഅന്തേവസന്‍ കശ്ചനʼ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:

ʻʻഅര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ
കളത്രയന്തീ ച വതംസയന്തീ
കാചില്‍ കൃപാ കണ്വപുരൈകഭൂഷാ
കാമപ്രസൂര്യല്‍കുലദൈവമാസ്തേ.
നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ
സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച
അകാരി യസ്യാങ്കുരിതോ മഹീയാന്‍
നവത്വമാശ്രിത്യ കവിത്വശാഖീ.ˮ

ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:

ʻʻകോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ
നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍.
കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ
ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ.

***


വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍;
തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?ˮ

ഒടുവില്‍,

ʻʻശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ
മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍.ˮ

എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.

സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:

ʻʻഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ-
കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം
അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.ˮ

ʻʻശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ-
ണാനന്ദമന്ദഗതിനാ പുരതോ ഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ.ˮ

ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:

ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി;
വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?

ശ്രീകൃഷ്ണവിജയം

ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ

സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.

പൂതനയുടെ പതനം:-

ʻʻപ്രചലല്‍കുചഗണ്ഡശൈലലോലാ
ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ
ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍-
പവനോന്മൂലിതപര്‍വ്വതോപമാനാ.ˮ (1)

കാളിയമര്‍ദ്ദനം:-
ʻʻപീതാംബരാഞ്ചിതകടീരതടീമനോജ്ഞ-
സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ
സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ–
ബാലാതപച്ഛുരിതബാലതമാലലീലാം.ˮ (2)

ശരദ്വര്‍ണ്ണനം:-
ʻʻദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ-
ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ
നവനളിനവനാളീ ധൂത നാളീക കേളീ-
പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.ˮ (3)

രാസക്രീഡ:-
ʻʻനീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം
സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം
പര്യാകുലം പയ ഇവാശു കളിന്ദജായാഃ
കാലുഷ്യമാപ നയനം കമലേക്ഷണാനാം.ˮ (4)
ˮവിസ്രംസമാനചികുരാ വിഗളദ്ദുകൂലാ
വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ
പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ
പുണ്യാതിരേകസുഭഗം പുരുഷം പുരാണം.ˮ (5)
ʻʻതാനപ്രദാനലയതാളവിമിശ്രമഞ്ജൂ-
ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ
പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ
മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.ˮ (6)

ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:

ʻʻഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ
പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം
ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍-
വിഗളിതമധുലാലാപാഥസോ വാതപോതാഃ.ˮ

അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ʻമുകുന്ദമുരളീമധുരസ്വരന്‍ʼ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:

ʻʻആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ-
ഷ്വംബ, ലോകേഷു; ജിഹ്വാ-
കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ-
വാദയോശ്ശൈലകന്യേ!
ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ
ദേവി! ബാധിര്യമുദ്രാം
ത്വന്നാമാന്യപ്രലാപേ വിതര കരുണയാ
ശ്രീവിഹാരാദ്രിനാഥേ.ˮ

പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.

ʻʻജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.ˮ

കൃഷ്ണാഭ്യുദയം

ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി

പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.

ʻʻമദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ
ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ.
ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ
ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി
കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം
നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ
കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ
വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ.
അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ
മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ
കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം
തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍.
സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം
മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു.
നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ
ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി
ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.ˮ

ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:

പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍
തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം.ˮ
ʻʻസത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം;
ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.ˮ

പൂര്‍ണ്ണസരസ്വതി, ഇല്ലം

കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.

പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍

ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ʻകാന്താവിരഹഗുരുണാʼ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ʻʻകാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍ˮ എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.

ഗുരു

പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ʻʻഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകംˮ എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.

ʻʻയദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ
കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ
സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം
പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.ˮ

ʻപൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യʼ എന്നു ഹംസസന്ദേശത്തിലും, ʻപൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃʼ എന്നും ʻപൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃʼ എന്നും വിദ്യുല്ലതയിലും, ʻപ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹംʼ എന്നു് അനര്‍ഘരാഘവടീകയിലും, ʻʼപൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീʼ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.

കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ʻരന്തിദേവസ്യ കീര്‍ത്തിംʼ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.

വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ʻമാഘേ മേഘേ ഗതം വയഃʼ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാ

രണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;

ʻʻവിസ്താരഭാജി ഘനപത്രലതാസനാഥേ
മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ
ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ-
മാപദ്ധനം സുമനസാം രമമാണമീഡേ.ˮ

ʻʻനിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ
കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി.ˮ

ʻʻആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ
കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ
യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ
ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം.ˮ

(ചര്‍മ്മണ്വതീചരിതം)


ʻʻസുകവിവചസി പാഠാനന്യഥാകൃത്യ മോഹാ-
ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ
വിബുധവരസമാജേ വ്യാക്രിയാകാമുകാനാം
ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു.ˮ

ʻʻആവിഃസ്നേഹമുപാസിതാ സഹബുധൈ-
രന്തേ വസന്ത്യാ ഗിരാ
ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ
താരാഗണൈശ്ശാരദീ
മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍-
മുഗ്ദ്ധേന്ദുനാ മുദ്രിതാ
മുദ്രാ വേദഗിരാം പരാ വിജയതേ
വിജ്ഞാനമുദ്രാവതീ.ˮ

ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.

ʻʻമഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം;
ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.ˮ

എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.

ʻʻഅസ്തി ശ്രിയോന്തഃപുരമഗ്രഹാരം
പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ
പദം മഹല്‍ പത്മപുരീതി നാമ്നാ
ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.

തത്രാന്വവായശ്രുതവിത്തവിത്തൗ
മാന്യദ്വിജൗ മാധവകേശവാഖ്യൗ
ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ
ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.ˮ

എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.

ʻʻപ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം
സുകുടിലമിതിവൃത്തം മാലതീമാധവസ്യ
ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം
കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ.ˮ

എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.

അനര്‍ഘരാഘവത്തിനു ʻപഞ്ചികʼ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.

ʻʻഅനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി
കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃˮ

എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.

കമലിനീരാജഹംസം

ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.

ʻʻജടാവാടീകോടീചടുലതടിനീവീചിപടലീ-
വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ
ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം
പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ.ˮ
ʻʻരസയതു സുമനോഗണഃ പ്രകാമം
പിശുനശുനാം വദനൈരദൂഷിതാനി
കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ-
രതിസരസാനി ഹവീംഷി വാങ്മയാനി.ˮ

ʻʻമദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം
മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ,
ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം
നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍.ˮ

തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:

ʻʻസൂത്ര-
ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍
യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം.
തഥാഹി-

ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ-
രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ

ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ
വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.

അപിച-
വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ
വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ
അദ്വൈതബോധപണബന്ധനമന്തരാപി
യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍.ˮ

വടക്കുന്നാഥനെപ്പറ്റി:
ʻʻഅനാദിരൂപോ ഭഗവാനനാദിഃ
ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍
വ്യനക്തി രൂപം നിജമപ്രമേയം
സിതഞ്ച നീലഞ്ച സിതാസിതഞ്ച.ˮ

എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.

ʻʻവാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ
ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ;
ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ
ദേവീതി സാപി നനു മാനപദം ജനാനാം.ˮ

നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.

ഹംസസന്ദേശം

ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.

ʻʻധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ
മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ
കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ
ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ,
ʻʻവേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ-
സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ
ദേശാനാശാവിതതയശസോദേവലോകോപമേയാന്‍
കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ.ˮ

നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:

ʻʻതേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ
പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ
അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ-
ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ.
തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍-
മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ;
കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ
കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?ˮ

കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.

സാമൂതിരിരാജവംശവും സാഹിത്യവും

പട്ടത്താനം

ക്രി: പി: പതിമൂന്നാം ശതകം തുടങ്ങിയ സാമൂതിരക്കോവിലകത്തിനു സിദ്ധിച്ച ഉത്തരോത്തരമായ ശ്രേയസ്സിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈബന്‍ ബറ്റ്യൂട്ടാ (1342-47), മാഹ്യുവാന്‍ (1403), അബ്ദുര്‍റസാക്ക് (1442) തുടങ്ങിയ ദേശസഞ്ചാരികള്‍ അവരുടെ സന്ദര്‍ശനകാലങ്ങളില്‍ കോഴിക്കോട്ടു നഗരത്തിനുണ്ടായിരുന്ന പ്രൌഢിയേയും പ്രശസ്തിയേയും പറ്റി പുളകപ്രദമായ രീതിയില്‍ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. രാഘവാനന്ദന്റെ സമകാലികനാണെന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ചിട്ടുള്ള തളിപ്പറമ്പിലെ ഒരു സിദ്ധനായ കോക്കുന്നത്തു ശിവാങ്ങളുടെ കാലം മുതല്ക്കു സാമൂതിരിപ്പാടന്മാര്‍ പല സല്‍കര്‍മ്മങ്ങളും ചെയ്തുവന്നതില്‍ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോള്‍ സര്‍വപ്രധാനമായി പരിഗണിക്കേണ്ടതു തളിയില്‍ ക്ഷേത്രത്തില്‍ അവര്‍ ഏര്‍പ്പെടുത്തിയ പട്ടത്താനമാകുന്നു. ആ പട്ടത്താനത്തിന്റെ ആഗമത്തെപ്പറ്റി ഒരു പുരാവൃത്തം കേട്ടിട്ടുണ്ടു്. ഒരിക്കല്‍ സാമൂതിരിക്കോവിലകത്തു പുരുഷന്മാരില്ലാതെ രണ്ടു യുവതികളായ സ്ത്രീകള്‍ മാത്രം അവശേഷിക്കുകയും അവരില്‍ ഇളയതമ്പുരാട്ടി കിരീടാവകാശിയായ ഒരു പുത്രനെ ആദ്യമായി പ്രസവിക്കുകയാല്‍ ഇച്ഛാഭംഗം നേരിട്ട മൂത്ത തമ്പുരാട്ടി ആ ശിശുവിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. അടുത്ത പുരുഷപ്രജ മൂത്ത രാജ്ഞിയുടേതുതന്നെയായിരുന്നതിനാല്‍ ആ ശിശുവിനു പ്രായപൂര്‍ത്തി വന്നപ്പോള്‍ രാജ്യാഭിഷേകം സിദ്ധിച്ചു. മാതാവു രാജ്യകാര്യങ്ങളില്‍ ഇടപെടുന്നതു രാജാവു തടുത്തപ്പോള്‍ താന്‍ ചെയ്ത ശിശുമാരണത്തിന്റെ ഫലമായാണു് അദ്ദേഹം സിംഹാസനാരുഢനായതു് എന്നു പുത്രനോടു് ആ രാജ്ഞി പറയുകയും അപ്പോള്‍ മാത്രം പുത്രന്‍ ആ വസ്തുത ഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം ഉടനടി തിരുനാവായയോഗത്തോടു തന്റെ മാതാവു ചെയ്ത പാപത്തിനു പരിഹാരമെന്തെന്നു ചോദിക്കുകയും ആ യോഗത്തിന്റെ ഉപദേശം അനുസരിച്ചു സാമൂതിരിപ്പാടന്മാരുടെ പരദേവതാവാസമായ കോഴിക്കോടു തളിയില്‍ ക്ഷേത്രത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തുകയും ചെയ്തുവത്രെ. ʻപട്ടത്താനംʼ ഭട്ടദാനം എന്ന സംസ്കൃതശബ്ദത്തിന്റെ തത്ഭവമാണു്. പന്ത്രണ്ടു കൊല്ലം തുടര്‍ച്ചയായി പ്രാഭാകരമീമാംസ, ഭാട്ടമീമാംസ, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നഭ്യസിച്ചു പരീക്ഷയില്‍ ഉത്തീര്‍ണ്ണന്മാരായ ബ്രാഹ്മണര്‍ക്കാണു് പണ്ടു ʻഭട്ടന്‍ʼ (ഭട്ടതിരി) എന്ന സ്ഥാനം നല്കിവന്നതു്. കാലാന്തരത്തില്‍ ആ കുടുംബങ്ങളില്‍ ജനിച്ച അവരുടെ സന്താനങ്ങളേയും ഭട്ടതിരിമാര്‍ എന്നു ബഹുമാനസൂചകമായി വിളിച്ചുതുടങ്ങി. തളിയില്‍ക്ഷേത്രത്തിലെ താനം തുലാമാസത്തില്‍ രേവതിനാളില്‍ ആരംഭിക്കുകയും തിരുവാതിരനാളില്‍ കാലംകൂടുകയും ചെയ്യും. തന്നിമിത്തം അതിനു പ്രാരംഭദിനത്തെ പുരസ്കരിച്ചു രേവതിപട്ടത്താനം എന്ന പേര്‍ പ്രസിദ്ധമായി. പൂര്‍വകാലങ്ങളില്‍ കൊല്ലംതോറും വിദ്വത്സദസ്സു കൂടി വാക്യാര്‍ഥപ്രവചനത്തില്‍ പരീക്ഷ നടത്തി വിജയികളായവര്‍ക്കു പാരിതോഷികമായി പണക്കിഴികള്‍ സമ്മാനിച്ചു വന്നിരുന്നു. ഓരോ കിഴിയിലും 51 പുത്തന്‍പണം (പതിന്നാലുറുപ്പിക ഒന്‍പതണ) ഉണ്ടായിരിക്കും. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും 12 വീതവും വ്യാകരണത്തിനു് 9-ഉം വേദാന്തത്തിനു് 13-ഉം അങ്ങനെ 46 ആണു് കിഴികളുടെ സംഖ്യ. കൊല്ലം 854-ല്‍ 43 കിഴികള്‍ സമ്മാനിച്ചതിനു രേഖയുണ്ടു്. തളിയിലമ്പലത്തിന്റെ തെക്കേ വാതില്‍മാടത്തിന്റെ തെക്കേ അറ്റത്തു പ്രാഭാകരമീമാംസയിലും, വടക്കേ വാതില്‍മാടത്തിന്റെ തെക്കേ അറ്റത്തു വ്യാകരണത്തിലും പരീക്ഷകള്‍ നടന്നിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നാമാവശേഷമായിപ്പോയ ഈ ഏര്‍പ്പാടു കൊല്ലം 1031-ല്‍ തീപ്പെട്ട കുട്ടുണ്ണിത്തമ്പുരാന്റെ വാഴ്ചക്കാലത്തു പുനരുദ്ധൃതമായി. അദ്ദേഹം വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുത്രനായിരുന്നു. അന്നുതൊട്ടു് 1109-ആമാണ്ടുവരെ പട്ടത്താനം ഒരടിയന്തിരമെന്ന നിലയില്‍ അനുഷ്ഠിച്ചുവന്നിരുന്നു. എങ്കിലും പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ മാത്രമേ വിദ്വല്‍പരീക്ഷ നടത്തിയിരുന്നുള്ളു. പണ്ടു പ്രസ്തുത പണ്ഡിതസദസ്സില്‍ പരമ്പരയാ ആധ്യക്ഷ്യം വഹിച്ചുവന്നതു പയ്യൂര്‍ പട്ടേരിമാരായിരുന്നു. കൊല്ലം പതിനൊന്നാം ശതകത്തിലെ പരിഷ്കാരത്തില്‍ ആ മാന്യസ്ഥാനം നാറേരി (കൂടല്ലൂര്‍) മനയ്ക്കു സിദ്ധിച്ചു. 1109-നു മേല്‍ പട്ടത്താനം നടക്കുന്നില്ലെന്നാണു് അറിയുന്നതു്.

മാനവിക്രമമഹാരാജാവു്

കൊല്ലം ഏഴാംശതകത്തിന്റെ മധ്യത്തില്‍ മാനവിക്രമനെന്ന പേരില്‍ ഒരു മഹാരാജാവു് നെടുവിരിപ്പു സ്വരൂപം (കോഴിക്കോടു) ഭരിച്ചിരുന്നു. ഒരു മഹാവീരനായിരുന്ന അദ്ദേഹത്തെ ശക്തന്‍ എന്ന ബിരുദം കൂടിച്ചേര്‍ത്തു പശ്ചാല്‍കാലികന്മാര്‍ സ്മരിച്ചുവരുന്നു. പുണ്യശ്ലോകനായ അദ്ദേഹം ഒരു വിദ്വന്മൂര്‍ദ്ധന്യനും പണ്ഡിതന്മാരേയും കവികളേയും ആദരിക്കുന്നതില്‍ വിശിഷ്യ ജാഗരൂകനുമായിരുന്നു.

അദ്ദേഹത്തിന്റെ വാഴ്ചകാലം കൊല്ലം 642 മുതല്‍ 650 വരെയാണെന്നു ശ്രീമാന്‍ കെ. വി. കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ സാമൂതിരിരാജവംശചരിത്രത്തില്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും അത്രഹ്രസ്വമായിരുന്നുവോ ആ കാലഘട്ടം എന്നു ഞാന്‍ സംശയിക്കുന്നു. കാക്കശ്ശേരി ഭട്ടതിരി വസുമതീമാനവിക്രമം നാടകത്തില്‍ ʻʻസാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃˮ എന്നു് ഉപന്യസിച്ചിട്ടുള്ള സ്ഥിതിക്കു് എട്ടു വര്‍ഷത്തേക്കു മാത്രമായിരുന്നിരിക്കുകയില്ല അദ്ദേഹത്തിന്റെ രാജ്യഭാരമെന്നും, അഥവാ അതു ശരിയാണെങ്കില്‍ അദ്ദേഹം യുവരാജാവായിരുന്നപ്പോള്‍ത്തന്നെ കാക്കശ്ശേരിയുടെ പുരസ്കര്‍ത്താവായിത്തീര്‍ന്നു എന്നും വരാവുന്നതാണു്. അതെങ്ങനെയായാലും ശക്തന്‍ സാമൂതിരിപ്പാട്ടിലേ പരിപോഷണം കേരളത്തില്‍ ശാസ്ത്രത്തിനും സാഹിത്യത്തിനും അത്യന്തം പ്രേരകവും ഉത്തേജകവുമായി പരിണമിച്ചു എന്നുള്ളതില്‍ പക്ഷാന്തരത്തിനു് അവകാശമില്ല.

വിക്രമീയം

ഉദാരചരിതനായ ആ മഹാരാജാവു വിവിധഗ്രന്ഥങ്ങളുടെ കര്‍ത്താവും കാരയിതാവുമായിരുന്നിരിക്കണം. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനര്‍ഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യയുണ്ടു്. അതു് അദ്ദേഹത്തിന്റെ കൃതിയാണു്. വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ കാണുന്നുണ്ടു്.

ʻʻകക്കുടക്രോഡഗാ ലക്ഷ്മീരക്ഷ്യതേ ഹ്യക്ഷയാ യയാ
വലയാരണ്യവാസിന്യൈ തസ്യൈ ദേവ്യൈ നമോ നമഃ
പദവാക്യപ്രമാണേഷു പ്രവീണൈര്‍ബ്രാഹ്മണോത്തമൈഃ
പ്രത്യബ്ദം സേവ്യമാനം തം സ്ഥലീശ്വരമുപാസ്മഹേ.
ദേദിവീതു മമോപാന്തേ ദേവദാനവപൂജിതം
അന്തരായവിഘാതായ ദന്താവളമുഖം മഹഃ
വസ്തു മേ ഹൃദയേ നിത്യം വര്‍ത്തതാം നിസ്തുഷോദയം
പുസ്തകാദിമഹാമുദ്രാം ഹസ്തസീമ്നി വഹല്‍ സദാ.
കിശോരം ജലദശ്യാമം യശോദാസ്തനപായിനം
ദന്തശൂന്യമുഖാംഭോജം ചിന്തയേ സര്‍വസമ്പദേ.
കരുണാകരസംജ്ഞാംസ്താന്‍ പങ്കജാക്ഷാഖ്യയാന്വിതാന്‍
രാമാഭിധാംശ്ച വാന്ദേഹം ഗുരൂനേതാന്‍ മഹാമതീന്‍.ˮ

ഒന്നാമത്തെ പദ്യത്തില്‍ വ്യാഖ്യാതാവു കുലദേവതയായ തിരുവളനാട്ടു (തിരുവളയനാട്ടു) ഭഗവതിയെ നമസ്കരിക്കുകയും രണ്ടാമത്തേതില്‍ താന്‍തന്നെ പോഷിപ്പിച്ച തളിയില്‍ക്ഷേത്രത്തിലെ താനത്തെ സ്മരിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ശ്ലോകത്തില്‍ കരുണാകരന്‍, പങ്കജാക്ഷന്‍, രാമന്‍ എന്നു തനിക്കു മൂന്നു ഗുരുക്കന്മാരുള്ളതായി പറയുന്നു. ഇവരില്‍ കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയെപ്പറ്റി പിന്നീടു പ്രസ്താവിക്കും. കരുണാകരന്റെ അച്ഛനായ കമലേക്ഷണനല്ല ഇവിടെ സ്മൃതനായ പങ്കജാക്ഷന്‍. അദ്ദേഹം കരുണാകരന്റെ ഭാഗിനേയനും വാസുഭട്ടതിരിയുടെ ത്രിപുരദഹനമെന്നയമകകാവ്യത്തിനു ഹൃദയഗ്രാഹിണി എന്ന ടീക രചിച്ച പണ്ഡിതനുമാണു്. രാമന്‍ ആരെന്നു മനസ്സിലാകുന്നില്ല. ഒടുവില്‍

ʻʻഅനര്‍ഘരാഘവവ്യാഖ്യാ വിക്രമേണ വിനിര്‍മ്മിതാ
അനര്‍ഘാ വിക്രമീയാഖ്യാ ദിക്ഷു ദിക്ഷു പ്രകാശതാം.ˮ

എന്നൊരു ആശംസാശ്ലോകവും കാണ്‍മാനുണ്ടു്. വ്യാകരണശാസ്ത്രത്തില്‍ ആകണ്ഠമഗ്നനായ ഒരു മഹാപണ്ഡിതനല്ലാതെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ലാത്ത നാടകങ്ങളില്‍ പ്രഥമഗണനീയമാണല്ലോ അനര്‍ഘരാഘവം. തദനുരോധേനതന്നെ കാക്കശ്ശേരി അദ്ദേഹത്തെ ʻസാരസ്വതനിധിʼ എന്ന പദംകൊണ്ടു വിശേഷിപ്പിച്ചിരിക്കുന്നതു് എത്രയും പരമാര്‍ത്ഥമാണെന്നു് സിദ്ധിക്കുന്നു.

പതിനെട്ടരക്കവികള്‍

മാനവിക്രമ മഹാരാജാവിന്റെ വിദ്വത്സദസ്സില്‍ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും അഹമഹമികയാ സമ്മേളിച്ചിരുന്നു. ആ സദസ്സിലെ അംഗങ്ങളായിരുന്നു കേളികേട്ട പതിനെട്ടരക്കവികള്‍. കവി എന്ന ശബ്ദത്തിനു് ഇവിടെ പണ്ഡിതന്‍ എന്നു് അര്‍ഥയോജന ചെയ്യുന്നതാണു് സമീചീനം. അവരെക്കൊണ്ടു കോഴിക്കോടു് അനന്തരകാലത്തില്‍ കൃഷ്ണദേവരായരുടെ അഷ്ടദിഗ്ഗജങ്ങളെക്കൊണ്ടു വിജയനഗരമെന്നതുപോലെ, ശോഭിച്ചു. പയ്യൂര്‍ പട്ടേരിമാര്‍ അച്ഛനും അപ്ഫന്മാരും മഹനുമുള്‍പ്പെടെ ഒമ്പതുപേര്‍. തിരുവേഗപ്പുറ(തിരുപ്പറ)ക്കാരായ നമ്പൂരിമാര്‍ അഞ്ചു പേര്‍, മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ്സുനമ്പൂരി, ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി ഇങ്ങനെ പതിനെട്ടു പേരും, സംസ്കൃതത്തിലല്ലാതെ ഭാഷയില്‍ കവനം ചെയ്യുക നിമിത്തം അരക്കവിയായി മാത്രം ഗണിയ്ക്കപ്പെട്ട പുനം നമ്പൂരിയുമാണു് ആ പതിനെട്ടരക്കവികള്‍ എന്നു പുരാവൃത്തജ്ഞന്മാര്‍ പറയുന്നു. വാസ്തവത്തില്‍ പതിനെട്ടു സംസ്കൃതപണ്ഡിതന്മാര്‍ ആ രാജസദസ്സിനെ അലങ്കരിച്ചിരുന്നുവോ എന്നു നിശ്ചയമില്ല. പതിനെട്ടര എന്ന സംഖ്യ വേറേയും കലാസംബന്ധമായ ചില പരിഗണനകള്‍ക്കു പ്രാചീനന്മാര്‍ ഉപയോഗിച്ചിരുന്നതായി കാണുന്നു. കേരളത്തില്‍ പണ്ടു പതിനെട്ടരത്തളികള്‍ ഉണ്ടായിരുന്നു എന്നും അവയില്‍ കൊടുങ്ങല്ലൂര്‍ മാത്രം അരത്തളിയായി കണക്കാക്കപ്പെട്ടിരുന്നു എന്നും ഐതിഹ്യമുണ്ടു്. സംഘക്കളിയോഗങ്ങളുടെ സംഖ്യയും പടുതോളുള്‍പ്പെടെ പതിനെട്ടരയാണല്ലൊ.

മണിപ്രവാളകവിയായ പുനത്തെപ്പറ്റി മറ്റൊരധ്യായത്തില്‍ പ്രസ്താവിക്കും. മാനവിക്രമന്റെ ഇതര സദസ്യന്മാരെപ്പറ്റി അറിവുള്ളതു് ഇവിടെ സംക്ഷേപിക്കാം.

പയ്യൂര്‍ പട്ടേരിമാര്‍

ശങ്കരാചാര്യരുടെ കാലത്തിനു മുമ്പും പിമ്പും പൂര്‍വമീമാംസയ്ക്കു മലയാളബ്രാഹ്മണരുടെ ഇടയില്‍ വളരെ വിപുലമായ പ്രചാരമുണ്ടായിരുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കൊച്ചിരാജ്യത്തില്‍പ്പെട്ട കുന്നംകുളം താലൂക്കില്‍ ഗുരുവായൂരിനു സമീപമായി പോര്‍ക്കളം എന്നൊരു സ്ഥലമുണ്ടു്. അവിടെയാണു് സുപ്രസിദ്ധമായ പയ്യൂരില്ലം സ്ഥിതിചെയ്യുന്നതു്. ആ ഇല്ലത്തിനടുത്തായി വേദാരണ്യം (വേളക്കാടു്) എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിലെ ഗോപാലിക എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകൃഷ്ണസോദരിയായ കാത്യായനീദേവിയാണു് പയ്യൂര്‍പട്ടേരിമാരുടെ പരദേവത. പ്രസ്തുത കുടുംബം വളരെക്കാലത്തേയ്ക്കു ശാസ്ത്രനിഷ്ണാതന്മാരും സഹൃദയശിരോമണികളും കവിവരേണ്യന്മാരുമായ പുണ്യപുരുഷന്മാരെക്കൊണ്ടു പ്രശോഭിച്ചിരുന്നു. അവരുടെ കീര്‍ത്തി അതിന്റെ പരമകാഷ്ഠയെ പ്രാപിച്ചതു ക്രി: പി: പതിനഞ്ചാം ശതകത്തിലാകുന്നു. താഴെ വിവരിക്കുന്ന പയ്യൂര്‍പട്ടേരിമാരെപ്പറ്റി മാത്രമേ നമുക്കു് അറിവു കിട്ടീട്ടുള്ളു.

ഒന്നാമത്തെ ഋഷിയും പരമേശ്വരനും

ഋഷി എന്ന പേരില്‍ ഒരു മഹാന്‍ പയ്യൂരില്ലത്തു ക്രി: പി: പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിനു ഗൗരി എന്ന ധര്‍മ്മപത്നിയില്‍ ജനിച്ച പുത്രനാണു് പ്രഥമപരമേശ്വരന്‍. ഈ പരമേശ്വരന്‍ സര്‍വതന്ത്രസ്വതന്ത്രനായ വാചസ്പതി മിശ്രന്റെ മഹനീയമായ ന്യായകണിക എന്ന പൂര്‍വമീമാംസാ ഗ്രന്ഥത്തിനു ജുഷധ്വംകരണി എന്നും സ്വദിതംകരണി എന്നും രണ്ടു വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. ന്യായകണിക തന്നെ മണ്ഡനമിശ്രന്റെ വിധിവിവേകത്തിനു വാചസ്പതിമിശ്രന്‍ രചിച്ച ഒരു ടീകയാണല്ലോ. സ്വദിതംകരണിയ്ക്കു മുന്‍പാണു് പരമേശ്വരന്‍ ജുഷധ്വംകരണി നിബന്ധിച്ചതു്.

ʻʻജുഷധ്വംകരണീ വ്യാഖ്യാ രചിതാസ്മാഭിരാദിതഃ
സ്വദിതംകരണീ വ്യാഖ്യാ സമ്പ്രതീയം വിതന്യതേ.ˮ

എന്ന പ്രസ്താവനയില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു. പരമേശ്വരന്‍ ശങ്കരപൂജ്യപാദന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനു വേദാന്തവിചക്ഷണനായി ഭവദാസന്‍ എന്നൊരു പിതൃവ്യന്‍ ഉണ്ടായിരുന്നതായും അറിയാം. ʻʻഇതി ശ്രീമദൃഷിഗൗരീ നന്ദനശ്രീഭവദാസപിതൃവ്യശ്രീമച്ഛങ്കരപൂജ്യപാദശിഷ്യ പരമേശ്വരകൃതൗˮ എന്നു സ്വദിതംകരണിയില്‍ ഒരു കുറിപ്പു കാണുന്നു.

ശങ്കരപൂജ്യപാദന്‍ ഒരു സ്വാമിയാരായിരിക്കാം.

ഈ ശാസ്ത്രഗ്രന്ഥങ്ങള്‍ക്കു പുറമേ ʻസുമനോരമണിʼ എന്ന പേരില്‍ മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പ്രഥമപരമേശ്വരന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു. താഴെ കാണുന്ന പദ്യങ്ങള്‍ നോക്കുക.

ʻʻഅനുദിനമഭിനവരൂപാ സുമനോരമണീവ ജഗതി ജയതിതരാം
ഹരിചരിതകാവ്യസഹഭൂര്‍വ്യാഖ്യാസൗ മേഘദൂതസ്യ
മന്ത്രബ്രാഹ്മണസൂത്രവില്‍ കൃതമതിശ്ശാസ്ത്രേ ച കൗമാരിലേ
കര്‍ത്താ ന്യായസമുച്ചയസ്യ കണികാവ്യാഖ്യാപ്രണേതാ കവിഃ
ഉല്‍പത്തിന്ത്വഘമര്‍ഷണപ്രവരജാദ് ഗൗര്യാമൃഷേരാപ്തവാന്‍
കര്‍ത്താസ്യാഃ പരമേശ്വരോ നതശിരാഃ പൂജ്യേ ഗുരൗ ശങ്കരേ.
ലബ്ധഭവദാസഭാവോ ഭഗവതി ഭക്ത്യാ ച ഭവദാസഃ
വാദീ വേദാന്തരതോ യസ്യ പിതൃവ്യസ്സ ഏവ കര്‍ത്താസ്യാഃˮ

ഏറ്റവും സരസമായ ഒരു വ്യാഖ്യാനമാണു് സുമനോരമണി. ഈ ഗ്രന്ഥം വിസ്തൃതമായും സംക്ഷിപ്തമായും രണ്ടു പ്രകാരത്തില്‍ കാണുന്നു. ഒന്നു മറ്റൊന്നിന്റെ സംഗ്രഹമായിരിക്കാം. കാളിദാസകൃതിയിലെ അശ്രുതപൂര്‍വങ്ങളായ പല ഗുഢാര്‍ത്ഥങ്ങളും അതില്‍ വ്യാഖ്യാതാവു് ഉല്‍ഘാടനം ചെയ്തിട്ടുണ്ടു്. പൂര്‍ണ്ണസരസ്വതിയുടെ വിദ്യുല്ലതാവ്യാഖ്യാനത്തെ അനേകഘട്ടങ്ങളില്‍ ഉദ്ധരിച്ചു ഖണ്ഡിക്കുവാനും ഉദ്യമിച്ചിരിക്കുന്നു. ന്യായ സമുച്ചയമെന്നു് ഒരു ശാസ്ത്രഗ്രന്ഥവും ഹരിചരിതം എന്നൊരു കാവ്യവും കൂടി പരമേശ്വരന്‍ രചിച്ചതായി മേലുദ്ധരിച്ച ശ്ലോകങ്ങളില്‍നിന്നു് അറിയുന്നു. അവ ഇനിയും കണ്ടുകിട്ടീട്ടില്ല. ദ്വിതീയപരമേശ്വരന്‍ തത്വവിഭാവനയില്‍ ʻʻഇതി സ്ഥിതം നാനവയവമേകം വാക്യം വാക്യാര്‍ഥസ്യ ബോധകമിതിˮ എന്ന തത്വബിന്ദുപങ്‌ക്തി വ്യാഖ്യാനിക്കുമ്പോള്‍ ʻʻഏതല്‍ പ്രസങ്ഗസ്തു ന്യായസമുച്ചയേ ദ്രഷ്ടവ്യംˮ എന്നു പ്രസ്താവിച്ചിരിക്കുന്നു.

രണ്ടാമത്തെ ഋഷിയും പരമേശ്വരനും

പ്രഥമപരമേശ്വരന്റെ പുത്രന്മാരില്‍ അഞ്ചുപേരെപ്പറ്റി കേട്ടിട്ടുണ്ടു്. രണ്ടാമത്തെ ഋഷി, ഭവദാസന്‍, വാസുദേവന്‍, സുബ്രഹ്മണ്യന്‍, ശങ്കരന്‍ എന്നിങ്ങനെയാണു് അവരുടെ സംജ്ഞകള്‍. രണ്ടാമത്തെ ഋഷിയുടേയും ഗോപാലികയുടേയും പുത്രനാണു് രണ്ടാമത്തെ പരമേശ്വരന്‍. ഗോപാലിക അഥവാ കൃഷ്ണസഹോദരിയായ കാത്യായനീദേവി പയ്യൂര്‍ ഭട്ടതിരിമാരുടെ കുടുംബപരദേവതയുടേയും പേരാണ്. ഈ പരമേശ്വരന്‍ മണ്ഡനമിശ്രന്റെ വിഭ്രമവിവേകം, സ്ഫോടസിദ്ധി ഈ ഗ്രന്ഥങ്ങള്‍ക്കും വാചസ്പതിമിശ്രന്റെ തത്വബിന്ദുവിനും ചിദാനന്ദപണ്ഡിതന്റെ നീതിതത്വാവിര്‍ഭാവത്തിനും പ്രൗഢങ്ങളായ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ടു്. ആദ്യമായി വിഭ്രമവിവേകത്തിനും പിന്നീടു ക്രമേണ തത്വബിന്ദു, നീതിതത്വാവിര്‍ഭാവം, സ്ഫോടസിദ്ധി ഇവയ്ക്കുമാണു് അദ്ദേഹം വ്യാഖ്യകള്‍ നിര്‍മ്മിച്ചതു്. സ്ഫോടസിദ്ധിവ്യാഖ്യയ്ക്കു കുടുംബപരദേവതയായ ഗോപാലികയുടെ നാമധേയം തന്നെ നല്കിയിരിക്കുന്നു. തത്വബിന്ദുവിന്റെ വ്യാഖ്യയ്ക്കു തത്വവിഭാവന എന്നാണു് സംജ്ഞ. ഗോപാലികയില്‍

ʻʻമണ്ഡനാചാര്യകൃതയോ യേഷ്വതിഷ്ഠന്ത കൃത്സ്നശഃ
തദ്വംശ്യേന മയാപ്യേഷാ രചിതാരാധ്യ ദേവതാം.ˮ

എന്നു് ഒരു ശ്ലോകം ഒടുവിലുണ്ടു്. അതിന്റെ അര്‍ത്ഥം ചിലര്‍ സങ്കല്പിക്കുന്നതുപോലെ മണ്ഡനമിശ്രന്റെ വംശജനാണു് പരമേശ്വരന്‍ എന്നല്ലെന്നും മണ്ഡനമിശ്രന്റെ ഗ്രന്ഥങ്ങളില്‍ നിഷ്ണാതന്മാരായ പല പൂര്‍വസൂരികളും ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണു് പരമേശ്വരന്റെ ജനനമെന്നു മാത്രമേയുള്ളു എന്നും നാം മനസ്സിലാക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍ പിതൃവ്യന്മാരായ ഭവദാസനും വാസുദേവനുമായിരുന്നു. നീതിതത്വാവിര്‍ഭാവത്തിലെ കാര്യവാദം മറ്റൊരു പിതൃവ്യനായ സുബ്രഹ്മണ്യന്റെ നിദേശമനുസരിച്ചും സ്വതഃപ്രമാണവാദം മുമ്പു പറഞ്ഞ വാസുദേവന്റെ ഉപദേശപ്രകാരവുമാണു് രചിച്ചതു്. അന്യഥാഖ്യാതിവാദം ശങ്കരനെ വന്ദിച്ചുകൊണ്ടു് ആരംഭിയ്ക്കുന്നു. ഭവദാസനും വാസുദേവനും ഭാട്ടമീമാംസയിലും സുബ്രഹ്മണ്യന്‍ പ്രാഭാകരമീമാംസയിലും നിഷ്ണാതന്മാരായിരുന്നു. മണ്ഡനമിശ്രന്‍ വിഭ്രമവിവേകത്തില്‍ പഞ്ചഖ്യാതികളെ വിവരിക്കുന്നു. സ്ഫോടസിദ്ധിയില്‍ ഭര്‍ത്തൃഹരിയുടെ പക്ഷത്തെ അനുസരിക്കുകയും സ്ഫോടതത്വസ്ഥാപനത്തിനു വേണ്ടി കുമാരിലഭട്ടന്റെ ശ്ലോകവാര്‍ത്തികത്തില്‍ പ്രപഞ്ചനം ചെയ്തിട്ടുള്ള വര്‍ണ്ണവാദങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്യുന്നു. ശാബ്ദബോധത്തിന്റെ നിമിത്തത്തെപ്പറ്റിയാകുന്നു വാചസ്പതി മിശ്രന്‍ തത്വബിന്ദുവില്‍ പ്രതിപാദിക്കുന്നതു്. ക്രി: പി: പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ചിദാനന്ദപണ്ഡിതന്‍ ഒരു കേരളീയനായിരുന്നു എന്നാണു് ഐതിഹ്യം. ആ മീമാം സകമൂര്‍ദ്ധന്യന്റെ ചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. അധ്യയനവാദം തുടങ്ങി വേദാപൗരുഷേയത്വവാദം വരെ നാല്പത്തിനാലു വാദങ്ങളെപ്പറ്റി അദ്ദേഹം നീതിതത്വാവിര്‍ഭാവവാദത്തില്‍ പ്രതിപാദിക്കുന്നു. ദ്വിതീയപരമേശ്വരന്‍ വ്യാഖ്യാനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന പ്രകരണഗ്രന്ഥങ്ങളുടെ പ്രാമാണികത എത്രകണ്ടുണ്ടെന്നു മനസ്സിലാകുന്നതിനുവേണ്ടിയാണു് അവയെപ്പറ്റി ഇത്രയും ഉപന്യസിച്ചതു്. പരമേശ്വരന്‍ നീതിതത്വാവിര്‍ഭാവവ്യാഖ്യയില്‍ നയതത്വസംഗ്രഹകാരനായ ഭട്ടവിഷ്ണുവിനേയും വിവേകതത്വകാരനായ രവിദേവനേയും സ്മരിക്കുന്നുണ്ടു്. ഭട്ടവിഷ്ണു തന്റെ സംഗ്രഹവ്യാഖ്യ രചിച്ചതു ഭവനാഥന്റെ നയവിവേകത്തിനാണെന്നു്

ʻʻഭവനാഥവിവിക്തസ്യ നയതത്വസ്യ സംഗ്രഹഃ
യഥാമതി യഥാഭ്യാസം വര്‍ണ്ണ്യതേ ഭട്ടവിഷ്ണുനാˮ

എന്ന ശ്ലോകത്തില്‍നിന്നു വിശദമാകുന്നു. അദ്ദേഹം ചിദാനന്ദനെ അപേക്ഷിച്ചു് അര്‍വ്വാചീനനാണു്. വിഷ്ണുവിന്റെ പുത്രനായ നാരായണന്‍ മണ്ഡനമിശ്രന്റെ ഭാവനാവിവേകത്തിനു ʻവിഷമഗ്രന്ഥിഭേദികʼ എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചു. രവിദേവന്‍ നയവിവേകത്തിനു രചിച്ച വ്യാഖ്യയാണു് വിവേകതത്വം. ഇവയെല്ലാം പ്രാഭാകരമതപ്രതിപാദകങ്ങളായ മീമാംസഗ്രന്ഥങ്ങളാകുന്നു. ചിദാനന്ദന്‍, വിഷ്ണു, നാരായണന്‍ എന്നീ മൂന്നു ഗ്രന്ഥകാരന്മാരും കേരളീയരാണു്. ഇവരുടെ ജീവിതകാലം ക്രി: പി: പതിനഞ്ചാം ശതകത്തിന്റെ ആരംഭവുമാണു്. ഭവനാഥന്‍ പതിനൊന്നാം ശതകത്തില്‍ ജീവിച്ചിരുന്നതായി ഊഹിയ്ക്കാം. ദേശമേതെന്നറിയുന്നില്ല.

ʻʻഇതി ഗോപാലികാസൂനുരൃഷേഃ പിതുരനുഗ്രഹാല്‍
അന്തേവാസീ പിതൃവ്യസ്യ ഭവദാസസ്യ ധീമതഃˮ

എന്നും

ʻʻയോ ന്യായകണികാവ്യാഖ്യാമകരോല്‍ പരമേശ്വരഃ
സത്യ പൗത്രേണ തല്‍സൂനോരേവാന്തേവാസിനാ മയാˮ

എന്നും നീതിതത്വാവിര്‍ഭാവവ്യാഖ്യയിലും

ʻʻനന്ദഗോപസുതാ ദേവീ വേദാരണ്യനിവാസിനീ
മാത്രാ ഗോപാലികാനാമ്നാ സേവിതാസ്മദപേക്ഷയാ;
തല്‍പ്രസാദാദിയം വ്യാഖ്യാ മയാ വിരചിതാ കില
ഇതി ഗോപാലികാസംജ്ഞാമസ്യാ വ്യാചക്ഷതേ ബുധാഃˮ

എന്നു സ്ഫോടസിദ്ധിവ്യാഖ്യയിലും ദ്വിതീയപരമേശ്വരന്‍ തന്നെപ്പറ്റി ഉപന്യസിക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവായ ഋഷിയുമാണു് മാനവിക്രമസാമൂതിരിയുടെ സദസ്യന്മാര്‍ എന്നു ഞാന്‍ കരുതുന്നു. ഋഷിയെ ഒരു ഗ്രന്ഥകാരനെന്ന നിലയില്‍ നാം അറിയുന്നില്ലെങ്കിലും അക്കാലത്തു മലയാളക്കരയില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരില്‍ അദ്ദേഹം അഗ്രേസരനായിരുന്നു എന്നുള്ളതു നിര്‍വിവാദമാണു്. അദ്ദേഹത്തെ ʻമഹര്‍ഷിʼ എന്ന ബിരുദനാമം നല്കിയാണു് സമകാലികന്മാര്‍ ബഹുമാനിച്ചുവന്നതു്. ʻമഹര്‍ഷിഗോപാലീനന്ദനകൃതിഃʼ എന്നു കൗമാരിലയുക്തിമാലയില്‍ അദ്ദേഹത്തിന്റെ പുത്രനായ വാസുദേവന്‍ പ്രസ്താവിക്കുന്നതു നോക്കുക. ഉദ്ദണ്ഡശാസ്ത്രികള്‍

ʻʻകിഞ്ചില്‍പൂര്‍വം രണഖളഭൂമി ശ്രീമദധ്യക്ഷയേഥാ-
സ്തന്മീമാംസാദ്വയകലഗുരോസ്സദ്മ പുണ്യം മഹര്‍ഷേഃ
വിദ്വദ്വൃന്ദേ വിവദിതുമനസ്യാഗതേ യത്ര ശശ്വ-
ദ്വാഖ്യാശാലാവളഭിനിലയസ്തിഷ്ഠതേ കീരസംഘഃ
ശാസ്ത്രവ്യാഖ്യാ ഹരിഹരകഥാ സല്‍കഥാഭ്യാഗതാനാ-
മാലാപോ വാ യദി സഹ ബുധൈരാക്ഷിപേദസ്യ ചേതഃ
തദ്വിസ്രബ്ധം ദ്വിജപരിവൃതേ നിഷ്കുടാദ്രൗ നിഷണ്ണഃ
കോകൂയേഥാഃ; സ ഖലു മധുരാം സൂക്തിമാകര്‍ണ്ണ്യ തുഷ്യേല്‍.
ശ്ലാഘ്യച്ഛന്ദസ്ഥിതിമിതി മയാ ശോഭനേര്‍ഥേ നിയുക്തം
ശ്രാവ്യം ശബ്ദൈസ്സരസസുമനോഭാജമഭ്രാന്തവൃത്തിം
ദൂരപ്രാപ്യം പ്രശിഥിലമിവ ത്വാം സഖേ, കാവ്യകല്പം
ധീമാന്‍ പശ്യേല്‍ സ യദി നനു തേ ശുദ്ധ ഏവ പ്രചാരഃ.ˮ

എന്നു കോകിലസന്ദേശത്തിലും, ʻʻത്രൈവിദ്യേശോ മഹര്‍ഷിര്‍ന്നിരുപമമഹിമാ യദ്ധിതേ ജാഗരൂകഃˮ എന്നു മല്ലികാമാരുതത്തിലും

ʻʻപയ്യൂരാഢ്യ, മഹര്‍ഷേ, കവിതാമാര്‍ഗ്ഗേ ച കാളിദാസം ത്വാം
ദാനേ ച കല്പവൃക്ഷം സര്‍വജ്ഞത്വേ ച ചന്ദ്രഖണ്ഡധരംˮ

എന്നു് ഒരു മുക്തകത്തിലും നല്കീട്ടുള്ള അനന്യസാധാരണമായ പ്രശസ്തിക്കു് ആ മഹാനുഭാവന്‍ വിഷയീഭവിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഭാട്ടപ്രാഭാകരമീമാംസകളിലുള്ള പാണ്ഡിത്യം, ഇതരദര്‍ശനങ്ങളിലുള്ള അവഗാഹം, കാവ്യനിര്‍മ്മാണകൗശലം, വിമര്‍ശനകലാവൈദഗ്ദ്ധ്യം, വിദ്വജ്ജന പക്ഷപാതം, ദാനശൗണ്ഡത, ഷട്കര്‍മ്മനിരതത്വം മുതലായ അപദാനങ്ങള്‍ എത്രമാത്രം അതിമാനുഷങ്ങളായിരുന്നിരിക്കണം എന്നു നമുക്കു് ഏറെക്കുറെ സങ്കല്പദൃഷ്ടികൊണ്ടു സമീക്ഷണം ചെയ്യാവുന്നതാണു്. കാക്കശ്ശേരിയും വസുമതീവിക്രമം നാടകത്തില്‍ അദ്ദേഹത്തെ

ʻʻയസ്മിന്‍ പ്രീണാതി വാണീകരതലവിലസ-
ദ്വല്ലകീതൌല്യഭാജാം
സോതാ വാതാശനാധീശ്വരവിശദശിരഃ
കമ്പസംഭാവിതാനാം
വാചാം മോചാമധൂളീപരിമളസുഹൃദാം
സര്‍വദാ നൈഗമാധ്വ-
ശ്രദ്ധാലുഃ കേരളക്ഷ്മാതലതിലകമൃഷി-
സ്സാഹിതീപാരദൃശ്വാˮ

എന്നു മുക്തകണ്ഠമായി പുകഴ്ത്തിയിരിക്കുന്നു. ശാസ്ത്രികള്‍ വീണ്ടും മല്ലികാമാരുതത്തില്‍ ʻʻകഥിതമപ്യേതന്മീമാംസകചക്രവര്‍ത്തി നാ മഹര്‍ഷിപുത്രേണ പരമേശ്വരേണ-

വേദേ സാദരബുദ്ധിരുദ്ധതതരേ തര്‍ക്കേ പരം കര്‍ക്കശഃ
ശാസ്ത്രേ ശാതമതിഃ കലാസു കുശലഃ കാവ്യേഷു ഭവ്യോദയഃ
ശ്ലാഘ്യസ്സല്‍കവിതാസു ഷട്സ്വപി പടുര്‍ഭാഷാസു, സത്വം ക്ഷിതൗ
സര്‍വോദ്ദണ്ഡകവിപ്രകാണ്ഡ, ദദസേ കസ്മൈ ന വിസ്മേരതാം?ˮ

എന്നു മഹന്‍ പരമേശ്വരഭട്ടതിരി തനിക്കു നല്കിയ പ്രശംസാപത്രം ഉദ്ധരിച്ചിട്ടുണ്ടു്. അങ്ങനെ രണ്ടാമത്തെ ഋഷിയും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരുമുള്‍പ്പെടെ ആറു പേരെ നമുക്കുകിട്ടി. വേറെയും ആ ഋഷിക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നുവോ എന്നറിയുന്നില്ല.

മൂന്നാമത്തെ ഋഷീയും പരമേശ്വരനും

ദ്വിതീയപരമേശ്വരന്റെ പുത്രന്‍ തൃതീയര്‍ഷിയും തൃതീയര്‍ഷിയുടെ പുത്രന്‍ തൃതീയപരമേശ്വരനുമാകുന്നു. തൃതീയപരമേശ്വരന്റെ കൃതികളായി മീമാംസാസൂത്രാര്‍ഥ സംഗ്രഹം എന്ന ഗ്രന്ഥവും സുചരിതമിശ്രന്റെ കാശികയ്ക്കു് ഒരു ടീകയും നമുക്കു ലഭിച്ചിട്ടുണ്ടു്. ജൈമിനീയസൂത്രങ്ങള്‍ക്കു ശാബരഭാഷ്യംപോലെ വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് സൂത്രര്‍ഥസംഗ്രഹം. സുചരിതമിശ്രന്‍ ക്രി: പി: പതിനൊന്നാംശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹം കുമാരിലഭട്ടന്റെ ശ്ലോകവാര്‍ത്തികത്തിനു രചിച്ചിട്ടുള്ള വ്യാഖ്യാനമാണു് കാശിക. സൂത്രാര്‍ഥസങ്ഗ്രഹത്തിന്റെ ആരംഭത്തില്‍ പരമേശ്വരന്‍

ʻʻഇഷ്ടാനിഷ്ടപ്രാപ്തിഹാന്യോര്‍ജ്ജാഗരൂകാ ഭവന്തു നഃ
ഋഷയഃ പിതാരോ ദേവാസ്സര്‍വദാര്യാശ്ച മാതരഃˮ

എന്ന ശ്ലോകത്തില്‍ തന്റെ മാതാപിതാക്കന്മാരെ വന്ദിക്കുന്നു. ആര്യയെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ നാമധേയം.

ʻʻജൈമിനിശബരകുമാരിലസുചരിതപരിതോഷ പാര്‍ഥസാരഥയഃ
ഉംവേകവിജയകാരൗ മണ്ഡനവാചസ്പതീ ച വിജയന്താംˮ

എന്ന വന്ദനശ്ലോകത്തില്‍ അദ്ദേഹം പൂര്‍വന്മാരായ പല മീമാംസാഗ്രന്ഥകാരന്മാരേയും സ്മരിക്കുന്നു. വിജയകാരന്‍, പരിതോഷമിശ്രന്റെ അജിത എന്ന തന്ത്രവാര്‍ത്തികവ്യാഖ്യയ്ക്കു ʻവിജയംʼ എന്ന വ്യാഖ്യാനം രചിച്ച അനന്തനാരായണമിശ്രനാണു്. ʻപ്രണമാമ്യാചാര്യാന്‍ വാസുദേവനാമാര്യാന്‍ʼ എന്നു സൂത്രാര്‍ഥസങ്ഗ്രഹത്തില്‍ കാണുന്ന പ്രസ്താവനയില്‍ നിന്നു വാസുദേവനായിരുന്നു പ്രസ്തുത പരമേശ്വരന്റെ ഗുരു എന്നു ഗ്രഹിക്കാം. ʻʻയഥാ ച തത്രഭവന്തഃ ഷഡ്ദര്‍ശനീപാരദൃശ്വത്വേ സത്യപിശേഷതഃ കൗമാരിലതന്ത്രസ്വാതന്ത്ര്യവത്തയാ വിവൃതതത്വാ വിര്‍ഭാവതത്വബിന്ദുസ്ഫോടസിദ്ധയഃ അസ്മല്‍പിതാമഹപാദാ

വിഭ്രമവിവേകവ്യാഖ്യായാംˮ എന്ന വാക്യത്തില്‍ അതേ ഗ്രന്ഥത്തില്‍ത്തന്നെ അദ്ദേഹം ദ്വിതീയപരമേശ്വരന്റെ സര്‍വതന്ത്ര സ്വതന്ത്രതയേയും സ്മരിക്കുന്നു.

വാസുദേവയമകകവി

ദ്വിതീയപരമേശ്വരന്റെ സഹോദരനായി വാസുദേവന്‍ എന്നൊരു പണ്ഡിതനുണ്ടായിരുന്നു എന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും യമകകവിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) കൗമാരിലയുക്തിമാല എന്നൊരു ശാസ്ത്രഗ്രന്ഥവും (2) ചകോര സന്ദേശം എന്ന സന്ദേശകാവ്യവും (3) ദേവീചരിതം (4) സത്യതപഃകഥ (5) ശിവോദയം (6) അച്യുതലീല എന്നീ നാലു യമകകാവ്യങ്ങളും (7) വാക്യാവലി എന്ന മറ്റൊരു കാവ്യവും നമുക്കു ലഭിച്ചിട്ടുണ്ടു്. ʻമഹര്‍ഷി ഗോപാലീനന്ദനകൃതിഃʼ എന്നു കൌമാരില യുക്തിമാലയുടെ അവസാനത്തില്‍ ഒരു കുറിപ്പു കാണുന്നുണ്ടു്. അതിലെ ഓരോ ശ്ലോകവും വരരുചിയുടെ ഓരോ വാക്യംകൊണ്ടു് ആരംഭിക്കുന്നു. ʻʻഗീര്‍ണ്ണശ്രേയസ്കരീതി ശ്രുതിരിഹ പഠനീയേതി പിത്രാദിവാചാˮ എന്നു് ആദ്യത്തെ ശ്ലോകം തുടങ്ങുന്നു. വാക്യാവലിയില്‍ ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. അതു നാലു സര്‍ഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിലെ ശ്ലോകങ്ങളും വരരുചിവാക്യങ്ങള്‍കൊണ്ടുതന്നെ ആരംഭിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം.:

ʻʻഭവോ ഹി യാജ്യസ്സുതനോ ഭവാന്യപി
സ്വയം ഭവത്യേതി മുനീന്ദ്രഭാഷിതം
ക്ഷണാദൃതം കര്‍ത്തുമിവാത്മനാഹരി-
സ്സുഖേന ചാസൂയത ഭോജകന്യയാ.ˮ

ചകോരസന്ദേശം

ʻചകോരസന്ദേശംʼ എന്ന കാവ്യവും വാസുദേവയമകകവിയുടെ കൃതിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥാന്തത്തില്‍ വാസുദേവകൃതമെന്നു മുദ്രയും ʻഗോപാല്യപിജയതു സാʼ എന്നു് ഇഷ്ടദേവതയുടെ സ്മരണവുമുണ്ടു്. പക്ഷേ വേദാരണ്യജന്മാവായ മറ്റൊരു വാസുദേവനെന്നും വരാവുന്നതാണു്. സാധാരണ സന്ദേശങ്ങളില്‍നിന്നു് സര്‍വഥാഭിന്നമായ ഒരു രീതിയാണു് കവി ഈ വാങ്മയത്തില്‍ സ്വീകരിച്ചിരിക്കുന്നതു്. ഒരു നായിക ഭര്‍ത്തൃസഹിതയായി (ശാര്‍ദ്ദൂലപുരം) ചിദംബരത്തു താമസിക്കുന്ന കാലത്തു തീര്‍ഥാടനം ചെയ്തുകൊണ്ടിരുന്ന ചില ബ്രാഹ്മണര്‍ അവിടെ പോവുകയും അവരോടുകൂടി നായകന്‍ ഒരു സൂര്യഗ്രഹണം സംബന്ധിച്ചു കേരളദേശത്തിലുള്ള വേദാരണ്യക്ഷേത്രത്തില്‍ ദേവീദര്‍ശനത്തിനായി പുറപ്പെടുകയും ചെയ്തു. നായകന്റെ പ്രത്യാഗമനത്തിനു കാലതാമസം നേരിടുകയാല്‍ വിരഹോല്‍ക്കണ്ഠിതയായ നായക ഒരു ചകോരപക്ഷിയെക്കണ്ടു് അതിനോടു തന്റെ ഭര്‍ത്താവിനെ അവിടെയോ മാര്‍ഗ്ഗസ്ഥിതമായ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി തിരഞ്ഞുപിടിച്ചു തന്റെ സന്ദേശം അറിയിയ്ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍നിന്നു് ഇതിവൃത്തം സാങ്കല്പികമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. കാവ്യം ആരംഭിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.

ʻʻകാചിന്നാരീ കിമപി ച ഗതേ കാന്തമുദ്ദിശ്യ ദൂരം
കാലം കാന്തേ ബഹുതരമനായാതി കാര്യാന്തരേണ
കാമാര്‍ത്ത്യാ നിശ്യഹനി ച സമാ നാഡികാ മന്യമാനാ
ക്ലാന്താ പശ്യല്‍ കമചി ച കദാപ്യന്തികേ തം ചകോരം.ˮ

ഭര്‍ത്താവിന്റെ യാത്രോദ്ദേശ്യത്തെപ്പറ്റി നായിക ഇങ്ങനെ പറയുന്നു:

ʻʻയാതഃ കാന്തോ മമ ഖഗപതേ! കേരളാന്‍ പുണ്യദേശാന്‍
കീര്‍ത്തിസ്തംഭാനിവ ഭഗവതോ രൈണുകേയസ്യ രമ്യാന്‍
വേദാരണ്യാഹ്വയപുരവരേ വേദഗമ്യാം വസന്തീം
ദുര്‍ഗ്ഗാം ദുര്‍ഗ്ഗാര്‍ത്ത്യപനയകരീം ലോകിതും ലോകനാഥാം.ˮ

ʻശ്രുതിവനമിതി ഖ്യാതിമല്‍ സ്ഥാനംʼ എന്നും മറ്റും ആ ക്ഷേത്രത്തെപ്പറ്റി പിന്നേയും നിര്‍ദ്ദേശിക്കുന്നുണ്ടു്. നായകന്റെ അവസ്ഥയെപ്പറ്റി നായിക ശങ്കിക്കുന്നതു് അടിയില്‍ കാണുന്ന വിധത്തിലാണു്:

ʻʻഭക്ത്യാ തസ്മാന്ന കിമു നിഗമാരണ്യതോ നിര്‍ഗ്ഗതോസൗ?
യദ്വാന്യത്ര ക്വചന ഗതവാന്‍ കേനചില്‍ കാരണേന?
ദൃശ്യം പശ്യന്‍ ബഹുവിധമപി ത്വഷ്ടുരാശ്ചര്യഭ്രതേ
തത്രൈവാസ്തേ കിമുത? ഗതവാന്‍ മയ്യസൗ വിസ്മൃതിം വാ?
കിം വാ ഗച്ഛന്‍ പഥി സ വിപിനേ വ്യാഘ്രവക്‌ത്രം പ്രപേദേ?
ദസ്യുഗ്രസ്തഃ കിമു ബത? നദീലംഘനേ മഗ്നതുര്‍വാˮ

ചിദംബരത്തുനിന്നു പുറപ്പെട്ടു ശ്രീരങ്ഗം, കുംഭകോണം, വേദാരണ്യം (ചോളദേശത്തിലെ ഒരു ശിവക്ഷേത്രം), രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചു താമ്രപര്‍ണ്ണി നദി കടന്നു കന്യാകുമാരിയില്‍ എത്തിയാല്‍ അവിടെനിന്നു വടക്കോട്ടു കേരളമാണെന്നു കവി ഉല്‍ബോധിപ്പിക്കുന്നു. താഴെക്കാണുന്നതു കേരളത്തിന്റെ വര്‍ണ്ണനമാണു്.

ʻʻലോകിഷ്യന്തേ മഹിതസഹവൈശാല്യശാലിപ്രരോഹൈഃ
കേദാരൗഘൈഃ പതഗ! രുചിരൈഃ കേരളാശ്ശ്യാമളാസ്തേ
യത്രേക്ഷ്യേരന്‍ ദ്വിജവര! മഹായജഞശാലാ വിശാലാ
ദേവക്ഷേത്രേഷ്വപിച മരുതാ കമ്പ്യമാനാഃ പതാകാഃ
ʻʻവേദാഭ്യാസേ....ഭിരമതാമാത്മധര്‍മ്മേ സ്ഥിതാനാം
വിപ്രേന്ദ്രാണാം വസതി വിതതീഃ കേരളാസ്തേ ദധാനാഃ
തൈസ്തൈര്‍ദ്ധന്യൈര്‍ഭൃശമുപഗതാഃ കസ്യ നപ്രീതയേസ്യുര്‍-
ധര്‍മ്മ്യേ വര്‍ത്മന്യഭിരതിയുതൈ രാജഭിഃ പാല്യമാനാഃ.ˮ

ശുചീന്ദ്രം ശിലീന്ധ്രാഹ്വയഗ്രാമം, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍ (രക്തഗുഞ്ജാഭിധാനഗ്രാമം–-ചെങ്കുന്നിയൂര്‍), തിരുവല്ലാ (ശ്രീബില്വാഖ്യപുരം), കുമാരനല്ലൂര്‍, ചെങ്ങന്നൂര്‍ (സ്കന്ദശാലിഗ്രാമം), വൈക്കം, തൃപ്പൂണിത്തുറ (പൂര്‍ണ്ണവേദം), തൃക്കാരിയൂര്‍ (കാര്യാഭിധഗ്രാമം) ഇടപ്പള്ളി (അന്തരാഖ്യം വിഹാരം), ചേന്നമങ്ഗലം (മങ്ഗലം ശക്രജാഖ്യാം ബിഭ്രല്‍), ഇരിങ്ങാലക്കുട (സങ്ഗമഗ്രാമം), പെരുമനം (ബൃഹന്മാനസഗ്രാമം), തിരുവഞ്ചിക്കുളം, തിരുവാലൂര്‍ (ബാലധിഗ്രാമം), ഗോവിന്ദപുരം, കൃഷ്ണപുരം, കഴുകമ്പലം (ഗൃധ്രോപപദക്ഷേത്രം), തൃക്കണാമതിലകം, തൃശ്ശൂര്‍, അരിയന്നൂര്‍ (ആര്യകന്യാഗ്രാമം), ഗുരുവായൂര്‍, ശങ്കരപുരം, ശക്തിഗ്രാമം, ധീഗ്രാമം, തിരുനാവാ, ചമ്രവട്ടം എന്നിങ്ങനെ അനേകം വിശിഷ്ടസ്ഥലങ്ങളേയും ചില നദികളേയും മറ്റും കവി സ്മരിക്കുന്നുണ്ടെങ്കിലും ചരിത്രസംബന്ധമായുള്ള സൂചനകള്‍ ഈ കാവ്യത്തില്‍ വിരളമാണു്. ചില സ്ഥലങ്ങള്‍ക്കു പേരുകള്‍ പുതുതായി സൃഷ്ടിച്ചും (ചെങ്ങന്നൂര്‍ തിരുവല്ലാ പെരുമനം മുതലായവ നോക്കുക) ചിലതുകള്‍ ആനുപൂര്‍വിതെറ്റിച്ചും കാണുന്നു. പയ്യൂര്‍ ഭട്ടതിരിമാരുടെ ഇഷ്ടദേവതാക്ഷേത്രം തൃശ്ശൂരില്‍നിന്നു 16 നാഴിക വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യവേ, കവി തിരുനാവാക്ഷേത്രത്തെ സ്മരിച്ചതിനു മേല്‍ അതിനെ വര്‍ണ്ണിക്കുന്നതുകൊണ്ടു പ്രസ്തുത സന്ദേശം രചിച്ച കാലത്തു പയ്യൂര്‍ ഭട്ടതിരിമാര്‍ പോര്‍ക്കളത്തല്ല താമസിച്ചിരുന്നതെന്നു് ഊഹിക്കാന്‍ ന്യായമുണ്ടെന്നു ചിലര്‍ പറയുന്നു. ഇതു ക്ഷോദക്ഷമമല്ല. സ്ഥലങ്ങളുടെ സംഖ്യാനത്തില്‍ കവി വേറേയും പൌര്‍വാപര്യം തെറ്റിച്ചിട്ടുള്ളതായി കാണാം. തൃശ്ശൂരിനെപ്പറ്റിയുള്ള വര്‍ണ്ണനത്തില്‍നിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം:

ʻʻഐശ്വര്യേ തം പരമരുചിരം സര്‍വതശ്ശാതകൗംഭം
യല്‍ കൈലാസം വി ദുരിഹ ജനാ ദക്ഷിണം പൂര്‍ണ്ണവേദം
പ്രാപ്യം പ്രാജ്യം ശിവപദമിദം വന്ദിതം; കിഞ്ച ദൃശ്യം
വസ്ത്വപ്യസ്തീഹ സുബഹുതരം സര്‍വലോകൈശ്ച സേവ്യേ.ˮ

പൂര്‍വോത്തരസന്ദേശങ്ങളുടെ വ്യവച്ഛേദം ഞാന്‍ വായിച്ച മാതൃകയില്‍ കാണ്‍മാനില്ല. ആകെയുള്ള നൂറ്റിത്തൊണ്ണൂറോളം പദ്യങ്ങളില്‍ നൂറ്റന്‍പത്തിരണ്ടോളം പദ്യങ്ങള്‍, പൂര്‍വസന്ദേശമെന്നൊന്നു കവി സങ്കല്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടുന്നതായി പരിഗണിക്കാവുന്നതാണു്. ഉത്തരസന്ദേശം മിക്കവാറും വേദാരണ്യക്ഷേത്രത്തിന്റെ വര്‍ണ്ണനമാകുന്നു. നായക സന്ദര്‍ശനവും സന്ദേശവാചകവും നാലഞ്ചു പദ്യങ്ങള്‍കൊണ്ടു കവി സങ്ഗ്രഹിക്കുന്നു.

ʻʻകൃഷ്ണദ്വൈപായനമുനികൃതാ ഭാരതാഖ്യാ കഥാ സാ
ദേവീമാഹാത്മ്യമപി മഹിതം തല്‍പുരാണാന്തരം ച
ശ്രീമദ്രാമായണവരകഥാ സാപി വാല്മീകിഗീതാ
ശ്രൂയേരംസ്തേ ശ്രവണസുഭഗാ ഹ്യാഗമാശ്ചാപി സര്‍വേ.
ഗാനം ശൃണ്വന്നധികമധുരം ബ്രഹ്മബന്ധ്വങ്ഗനാനാം
താനം ഷട്ജാദിഭിരഭിയുതം ശ്രോതചിത്താഭിരാനം
വാദ്യാനാം ച സ്വനിതമമിതം ചാരുനാനാവിധാനാം
ഭൂയോ വേദാംശ്ചതുര ഋഷിഭിര്‍മ്മാനുഷൈശ്ചേര്യമാണാന്‍.
മന്വാദേര്‍ഗാം ശൃണു ച പദവാക്യാത്മഭാഷ്യാണി ടീകാ-
സൂത്രവ്രാതാന്യപി മുനികൃതാന്യുല്ലസദ്വാര്‍ത്തികാനി
കാവ്യം ശ്രാവ്യം ശൃണു ച മധുരം നാടകം ചാപി നാനാ-
ഭൂതം ഭൂതം രമയദഖിലം കാളിദാസാദിഭൂതം.ˮ

എന്നും മറ്റും ആ ക്ഷേത്രത്തിന്റെ സംസ്കാരാധിഷ്ഠിതമായ മാഹാത്മ്യത്തെ കവി ഉദീരണം ചെയ്യുന്നു. നായിക തന്റെ ഭര്‍ത്താവിന്റെ ദേഹത്തെ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:

ʻʻനായം നീലോ ന ച സിതതനുഃ സ്വര്‍ണ്ണവര്‍ണ്ണോ യുവാ തു
ഹ്രസ്വോ ദീര്‍ഘോപി ച ന നിതരാം രൂപവാംശ്ചാരുവര്‍ഷഃˮ

കവിതയ്ക്കു ശബ്ദമാധുര്യം വളരെക്കുറവാണു്. അസഹ്യമായ യതിഭങ്ഗദോഷവും അതില്‍ അങ്ങിങ്ങു ധാരാളമായി മുഴച്ചു നില്ക്കുന്നു. എങ്കിലും പ്രസ്തുത കാവ്യത്തിന്റെ പഠനത്തില്‍നിന്നു നമുക്കു പലവിധത്തിലുള്ള അറിവുകളും ലഭിക്കുന്നുണ്ടെന്നുള്ള പരമാര്‍ത്ഥം വിസ്മരിക്കാവുന്നതല്ല.

യമകകാവ്യങ്ങള്‍

ദേവീചരിതത്തില്‍ കവി വേദാരണ്യത്തിലെ ഗോപാലി ശ്രീകൃഷ്ണന്റെ സഹോദരിയായ കാത്യായനീദേവിയാണെന്നു സമര്‍ത്ഥിക്കുന്നു. ആകെ ആറാശ്വാസങ്ങളുണ്ടു്. ʻʻഇതി ശ്രീമല്‍കാത്യായനീ പദാംബുജമധുവ്രതേന ശ്രീമദ്ഗോപാലീസുതേന ശ്രീവാസുദേവേന വിരചിതേˮ എന്നൊരു കുറിപ്പു് ഈ കാവ്യത്തിന്റെ അവസാനത്തില്‍ കാണ്മാനുണ്ടു്.

ചില ശ്ലോകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻഭക്ത്യാ ദേവീതമദശ്ചരിതമിദം യച്ഛിവാമുദേ വീതമദഃ
കാവ്യം പരമമരചയം പഠന്നിദം മോദയതി ഹി പര മമരചയം.
സസുധാശാനാം ഭൂതാരാധ്യാ ജഗതാം ചതുര്‍ദ്ദശാനാം ഭൂതാ
മാതാ വേദവനമിതാധിജനാര്യാ വിജയതാം വേദവനമിതാ

സദാശിവാശിവാപരാ പരാജയത്വനുത്തമാ
നികേതവേദകാനനാ പരാ ജയത്വനുത്തമാ.ˮ

സത്യതപഃകഥയില്‍ കവി തന്റെ പൂര്‍വനും സത്യതപസ്സെന്ന അപരാഭിധാനത്താല്‍ വിദിതനുമായ ഒരു ഋഷി വേദാരണ്യത്തിലും ഭാരതപ്പുഴയുടെ തീരത്തിലും അനുഷ്ഠിച്ച തപസ്സിനെപ്പറ്റി വര്‍ണ്ണിക്കുന്നു. അതില്‍ നിന്നു ചില ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:

ʻʻസ്വസ്തി ഭവേദമിതായൈ വേദവനം ശ്രൂയമാണ വേദമിതായൈ
ദേവ്യൈ നാമാഗസ്യ സ്ഥിതം താടകം ച നാമാഗസ്യ.ˮ

***


ഗദിതം പരമാഖ്യാനം നാശിതവന്തൗ മയേഹ പരമാഖ്യാനം
ഭക്തേനാമ്നായമിതം ഭൂതമൃഷൌ സത്യതപസി നാമ്നാ യമിതം.
സത്യതപാനാമാസ (വ്യഘ) ഋഷിരഗ്ര്യോ ദ്വിജാധി പാനാമാസ
സ പുനര്‍വേദമഹാര്‍ത്ഥം നാകസദാം ഭൂസദാഞ്ച വേദ മഹാര്‍ത്ഥം.ˮ

ആദ്യത്തെ ഋഷിയുടെ തപസ്സിനെ കുറിച്ചായിരിക്കാം പ്രസ്തുത കാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു്. ആകെ മൂന്നാശ്വാസങ്ങളാണുള്ളതു്. കവിയുടെ എട്ടു സഹോദരന്മാരെപ്പറ്റി ഇതില്‍ പ്രസ്താവനയുള്ളതായി ചിലര്‍ പറയുന്നതു നിര്‍മ്മൂലമാകുന്നു. ശിവോദയത്തിലെ ആദ്യത്തെ രണ്ടാശ്വാസങ്ങള്‍ കിട്ടിയിട്ടുണ്ടു്. അതിലും കവിയുടെ സഹോദരന്മാരെപ്പറ്റി ഒരു പ്രസ്താവനയും കാണുന്നില്ല. നാലു പാദത്തിലും യമകമുണ്ടെന്നുള്ളതാണു് പ്രസ്തുത കാവ്യത്തിന്റെ വിശേഷം. അതിലെ രണ്ടു ശ്ലോകങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ʻʻസ്വസ്തിഭവേദവനായൈവാര്യായൈ ഗോരവാപ്തവേദ വനായൈ
(സസമി) ദ്വേദവനായൈകാത്താശ്രമഗര്‍ഷിജപഗവേദ വനായൈ.
വേദാരണ്യന്നാമസ്തര്‍ഷിയദിതമഖിലതോഹിരണ്യന്നാമ
ശൂചിസദരണ്യന്നാമ ഹ്യേതി യശോ യന്നതശ്ശരണ്യന്നാമ.ˮ

അച്യുതലീലയിലെ ഇതിവൃത്തം ബാലകൃഷ്ണന്റെ ചരിതമാണു്. നാലാശ്വാസങ്ങള്‍ ലഭിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിലെ രണ്ടു ശ്ലോകങ്ങള്‍ അടിയില്‍ ചേര്‍ക്കുന്നു:

ʻʻജയതീ ശ്രുതികാന്താരം ശ്രിതോ ഗുണോല്ലാസി വേദരുതികാന്താരം
ദേവീനാനാപര്‍ണ്ണാശ്രിതവൃഷമുനിമജ്ജഗല്‍ പുനാനാപര്‍ണ്ണാ.
യാസഭുവി വിധാത്രാദ്യാ ത്രിദശാന്നത്വാച്യുതസ്യ വിവിധാത്രാദ്യാഃ
ലീലാസദ്യമകേന ഗ്രന്ഥേന മയോച്യതേ ലസദ്യമകേന.ˮ

അച്യുതലീലയില്‍ കവി തന്റെ ജ്യേഷ്ഠനായ ഭവദാസനെ വന്ദിക്കുന്നുണ്ടു്:

ʻʻപ്രണതോസ്മി ഗതം ഭവസാഗരനാവികസദ്ധൃദയം ഭവദാസമഹം
ഭവഭക്തതയാനുഭവന്തമിതം വികസദ്ധൃദയം ദവദാസമഹം.ˮ

എന്ന പദ്യം നോക്കുക. വാസുദേവന്റെ യമകകവിത പട്ടത്തു പട്ടേരിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരമാണെങ്കിലും അതിനും ആസ്വാദ്യതയില്ലെന്നു പറയാവുന്നതല്ല. വാസുദേവന്‍ ദ്വിതീയപരമേശ്വരന്റെ സഹോദരനാണെന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹവും പതിനെട്ടരക്കവികളില്‍ ഒരാളായിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. പട്ടത്തു വാസുദേവഭട്ടതിരിയെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ഞാന്‍ പ്രാസംഗികമായി സ്മരിച്ച ഗജേന്ദ്രമോക്ഷം ഈ യമകകവിയുടെ കൃതിയല്ല. അതിന്റെ പ്രണേതാവിനെക്കുറിച്ചു യാതൊരറിവും എനിക്കു കിട്ടീട്ടില്ലെന്നു വീണ്ടും പറഞ്ഞുകൊള്ളട്ടെ.

പര്യായപദാവലി

കേരളത്തില്‍ വ്യാകരണം അധ്യയനം ചെയ്യുന്നവര്‍ക്കു് അത്യന്തം ഉപകാരമായി പര്യായപദാവലി എന്നൊരു ഗ്രന്ഥമുണ്ടു്. വ്യാകരണപദാവലി എന്നും അതിന്നു പേരു കാണുന്നു. പ്രസ്തുതകൃതിയുടെ നിര്‍മ്മാതാവു വാസുദേവസംജ്ഞനായ ഒരു പണ്ഡിതനാകുന്നു. അദ്ദേഹം പയ്യൂര്‍ ഭട്ടതിരിമാരില്‍ ആരെങ്കിലുമാണോ എന്നു നിശ്ചയമില്ല. ഗ്രന്ഥത്തിന്റെ സ്വരൂപമെന്തെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളില്‍നിന്നു വിശദമാകുന്നതാണു്:

ʻʻനമശ്ശിവായ കന്ദര്‍പ്പദര്‍പ്പഹാരീദൃഗഗ്നയേ
ഗിരീന്ദ്രതനയാസക്തമാനസായേന്ദുമൗലയേ.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വൃന്ദാരകമുനിവ്രാതൈര്‍വന്ദ്യം വന്ദാമഹേ വയം.
പൂജിതം വില്നഭീതേന ശിവേനാപി പുരദ്വിഷാ
സര്‍വസമ്പല്‍കരം ദേവം നമാമി ഗണനായകം.
പ്രണമ്യ വിദുഷസ്സര്‍വാന്‍ പദാനാം ധാതുജന്മനാം
ഉച്യതേ വാസുദേവേന പര്യായേണ പദാവലിഃ
പ്രസിദ്ധാനപ്രസിദ്ധാംശ്ച വൈദികാന്‍ ലൗകികാന്‍ ബ്രുവേ
ലട്പ്രത്യയാന്താന്‍ പര്യായാന്‍ കേവലാംശ്ചോപ സര്‍ഗ്ഗജാന്‍
പ്രത്യാഹാരാംശ്ച സൂത്രാണി പ്രക്രിയാം ബഹുവിസ്താരാം
മുക്ത്വാ പ്രയസ്യതേ ऽസ്മാഭിഃ പര്യായപദസങ്ഗ്രഹേ.ˮ

അദ്ദേഹം പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും വൈദികങ്ങളും ലൌകികങ്ങളും കേവലങ്ങളും ഉപസര്‍ഗ്ഗജങ്ങളുമായ ലട്പ്രത്യയാന്തപദങ്ങളെ സംഗ്രഹിക്കുന്നു; എന്നാല്‍ പ്രത്യാഹാരങ്ങള്‍, പാണിനിസൂത്രങ്ങള്‍, ബഹുവിസ്തരമായ പ്രക്രിയ ഇവയെ വിട്ടുകളയുകയും ചെയ്യുന്നു. കാവ്യത്തിന്റെ രീതി താഴെ കാണുന്ന കാരകാവതാരശ്ലോകങ്ങളില്‍നിന്നു വ്യക്തമാകും:

ʻʻക്രിയാഹേതുഷു സര്‍വേഷു യസ്സ്വതന്ത്രോ വിവക്ഷിതഃ
ജ്ഞേയസ്സ കര്‍ത്താ കര്‍മ്മാദികാരകാണാമധീശ്വരഃ
സ്വതന്ത്രോ യോജകോ ഹേതുരിതി കര്‍ത്താ ഭവേത്ത്രിധാ
സ്വതന്ത്രോ കര്‍ത്തരി പ്രോക്തേ പ്രഥമാ സ്യാല്‍ ക്രിയാ പദൈഃ

ബാലശ്ശേതേ ശരീ ഭാതി വൃക്ഷസ്തിഷ്ഠതി തദ്യഥാ.
യാജയന്തി ദ്വിജാ ഭൂപമിത്യാദി സ്യാല്‍ പ്രയോജകേ.
ആഹ്ലാദയതി ശീതാംശുര്‍ജ്ജടീ ഭീഷയതേ ശിശൂന്‍
വിനീതോ ലഭതേ ധര്‍മ്മമിതി വാ ഹേതുകര്‍ത്തിരി.ˮ

കര്‍മ്മാദികാരകങ്ങള്‍ക്കു് അധീശ്വരനായ കര്‍ത്താവിനെപ്പറ്റി ബാലന്മാര്‍ക്കു് ഇതിലധികം എന്താണു് അറിവാനുള്ളതു്? വിശിഷ്ടങ്ങളായ ഉദാഹരണങ്ങള്‍ പ്രസ്തുതഗ്രന്ഥത്തെ ആമൂലാഗ്രം അലങ്കരിക്കുന്നു.

സുബ്രഹ്മണ്യന്‍

പൂര്‍വമീമാംസയിലെ പ്രഥമസൂത്രത്തിനു സുബ്രഹ്മണ്യന്‍ എന്നൊരു കേരളീയപണ്ഡിതന്‍ ʻശാസ്ത്രോപന്യാസമാലികʼ എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതില്‍ താന്‍ സുബ്രഹ്മണ്യന്റെ ശിഷ്യനാണെന്നും തത്വാവിര്‍ഭാവത്തിലും അതിന്റെ വ്യാഖ്യാനത്തിലും മറ്റും ഉല്‍ഘാടനം ചെയ്തിട്ടുള്ള യുക്തികളെയാണു് അനുസരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. തത്വാവിര്‍ഭാവത്തിന്റെ വ്യാഖ്യ ദ്വിതീയപരമേശ്വരന്റേതായിരിക്കണം. ഭവനാഥനയവിവേകം, ഭട്ടവിഷ്ണുവിന്റെ നയതത്വസംഗ്രഹം, പാര്‍ത്ഥ സാരഥിമിശ്രന്റെ ന്യായരത്നമാല എന്നീ ഗ്രന്ഥങ്ങളെ സ്മരിക്കുകയും ഭട്ടവിഷ്ണുവിന്റെ മതങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങള്‍ ശ്രദ്ധേയങ്ങളാണു്:

ʻʻതത്വാവിര്‍ഭാവതദ്വ്യാഖ്യാദ്യുക്തയുക്ത്യനുസാരിണീം
ആദ്യസൂത്രേ വിധാസ്യാമഃ ശാസ്ത്രോപന്യാസമാലികാം.
സതി വിഭവേ ദാന്തസ്യ സ്ഫുടതരഹൃദയാവഭാസി വേദാന്തസ്യ
ഏതാം സുബ്രഹ്മണ്യസ്യാന്തേവാസീ കരോതി സുബ്രഹ്മണ്യഃˮ

രണ്ടാമത്തെ പദ്യത്തിലെ യമകപ്രയോഗം നോക്കുമ്പോള്‍ വാസുദേവകവിയുടെ സഹോദരനായ സുബ്രഹ്മണ്യനായിരിക്കാം ശാസ്ത്രോപന്യാസമാലികയുടെ പ്രണേതാവു് എന്നു തോന്നിപ്പോകും. ആ സുബ്രഹ്മണ്യനും പ്രാഭാകരനിഷ്ണാതനായിരുന്നുവല്ലോ.

സര്‍വപ്രത്യയമാല

ശങ്കരാര്യന്റെ അനുജനായ ശങ്കരാര്യന്‍ രചിച്ചതായി ʻസര്‍വപ്രത്യയമാലാʼ എന്ന സംജ്ഞയില്‍ ഒരു വ്യാകരണഗ്രന്ഥമുണ്ടു്. അതും പര്യായപദാവലിപോലെ വിദ്യാര്‍ത്ഥികള്‍ക്കു വളരെ പ്രയോജനകരമാകുന്നു.ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ളവയാണു് അടിയില്‍ പകര്‍ത്തുന്ന ശ്ലോകങ്ങള്‍:

ʻʻഅഭംഗുരകലാദാനസ്ഥൂ ലലക്ഷത്വമീയുഷേ
തുംഗായ മഹസേ തസ്മൈ തുരംഗായ മുഖേ നമഃ
ശിവാത്മജമവിഘ്നായ സുരാസുരസുപൂജിതം
സര്‍വക്രിയാദൗ സര്‍വാര്യം വന്ദേ ഗണപതിം പ്രഭും.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വന്ദേ വൃന്ദാരകൈര്‍വന്ദ്യമിന്ദിരാനന്ദകാരിണം.
പ്രത്യയഗ്രഥിതൈശ്ശബ്ദൈഃ പര്യായൈസ്സര്‍വധാതുജൈഃ
ശങ്കരാര്യാനുജോ മാലാം ശങ്കരാര്യഃ കരോമ്യഹം.
ക്രിയാക്രമോക്തശബ്ദാനാം പര്യായപദവിസ്തൃതാ
സര്‍വപ്രത്യയമാലേയം ബാലശിക്ഷാര്‍ത്ഥമുദ്ധൃതാ.ˮ

ഈ ശ്ലോകങ്ങളില്‍ ʻʻഗോവിന്ദം ഗോപഗോപീനാംˮ എന്നതിനു പര്യായപദാവലിയിലെ ʻʻഗോവിന്ദം ഗോപഗോപീനാംˮ എന്ന ശ്ലോകവുമായി കാണുന്ന സാദൃശ്യം വിസ്മയാവഹമായിരിക്കുന്നു. വാസുദേവനും ശങ്കരനുമായി എന്തോ ഒരു ബന്ധമുണ്ടെന്നു് ഈ സാദൃശ്യത്തില്‍ വ്യഞ്ജിക്കുന്നു. സര്‍വപ്രത്യയമാല, എല്ലാ വ്യാകരണപ്രത്യയങ്ങളേയും പരാമര്‍ശിക്കുകയും അവയെ ഉദാഹരണങ്ങള്‍കൊണ്ടു വ്യക്തമാക്കുകയും ചെയ്യുന്നു. താഴെ കാണുന്ന ശ്ലോകങ്ങള്‍ തദ്ധിതമാലയില്‍ ഉള്ളതാണു്:

ʻʻഏതല്‍ പ്രമാണമസ്യേതി ത്വര്‍ത്ഥേ ദ്വയസജാദയഃ
ഊരുമാത്രം ജലം നദ്യാം കണ്ഠമാത്രം ക്വചിജ്ജലം.
ജാനുപ്രമാണമസ്ത്യത്ര ജാനുദ്വയസമിത്യപി
ജാനുദഘ്നം ചേതി തഥാ പ്രയോഗേഷൂഹ്യതാം പുനഃ.ˮ

ലണ്‍മാലയില്‍നിന്നു് ഒരു ഭാഗംകൂടി ചേര്‍ക്കാം:

ʻʻഅനുശാസ്തി പിതാ പുത്രം ബാല്യാല്‍ പ്രഭൃതി ശിക്ഷതേ;
പിതാനുശാസയത്യേനം ണിചി ശിക്ഷയതിദ്രുതം.
പിത്രാ കര്‍മ്മണി ബാലോസൗ ശിക്ഷ്യതേ ചാനുശാസ്യതേ;
അധീതേ ചാമനത്യേവം വേദം പഠതി സര്‍വദാ.
പാഠയത്യധ്യാപയതി വേദമാമ്നാപയത്യപി;
ആമ്നായതേ പഠ്യതേ ച വേദഃ കര്‍മ്മണ്യധീയതേ.ˮ

പ്രസ്തുത വൈയാകരണനെ മേല്‍പ്പുത്തൂര്‍ ഭട്ടതിരി ഒന്നിലധികം തവണ പ്രക്രിയാസര്‍വസ്വത്തില്‍ സ്മരിച്ചിട്ടുണ്ടു്. ʻʻനിഘൃഷ്ട ഇത്യര്‍ത്ഥമാഹ ശങ്കരഃˮ എന്നു കൃല്‍ഖണ്ഡത്തിലും ˮനിഗുഹ്യമാനസ്യാഭാവോത്ര ജ്ഞാപ്യത ഇതി ശങ്കരഃˮ എന്നു സുബര്‍ത്ഥഖണ്ഡത്തിലും കാണുന്ന വചനങ്ങള്‍ നോക്കുക.

വേദാന്തസാരം

ഈ ശങ്കരന്‍ സര്‍വസിദ്ധാന്തസംഗ്രഹമെന്നുകൂടി പേരുള്ള വേദാന്തസാരമെന്ന ഗ്രന്ഥത്തിന്റേയും പ്രണേതാവാണ്. അതിലും ശ്രീകൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്.

ʻʻഅംഗോപാംഗോപവേദേഷു സര്‍വസിദ്ധാന്തസംഗ്രഹഃ
ക്രിയതേ ശങ്കരാര്യേണ ശങ്കരാര്യകനീയസാˮ

എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ഒരു ശ്ലോകം കാണുന്നുണ്ടു്. വാസുദേവന്‍നമ്പൂരിയും ശങ്കരന്‍നമ്പൂരിയും കൊല്ലം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്നതെന്നു് ഊഹിക്കാം. മഴമംഗലത്തു ശങ്കരന്‍നമ്പൂരി വാസുദേവന്റെ പര്യായപദാവലിയെ രൂപാനയനപദ്ധതിയില്‍ ഉപജീവിക്കുന്നു.

സകലദര്‍ശനങ്ങളുടെയും തത്വരത്നങ്ങള്‍ പതിനൊന്നധ്യായങ്ങളില്‍ സമഞ്ജസമായി സംക്ഷേപിച്ചിട്ടുള്ള ഒരു ഉത്തമഗ്രന്ഥമാണു് ഇതു്. പത്താമധ്യായത്തില്‍ മഹാഭാരത (ഗീതാ) പക്ഷവും പതിനൊന്നാമധ്യായത്തില്‍ വേദാന്തപക്ഷവും സംഗ്രഹിച്ചിരിക്കുന്നു. ബൃഹസ്പതി (ചാര്‍വാക) പക്ഷംകൊണ്ടാണു് ഗ്രന്ഥം ആരംഭിക്കുന്നതു്.

ʻʻഅക്ഷപാദഃ കണാദശ്ച കപിലോ ജൈമിനിസ്തഥാ
വ്യാസഃ പതഞ്ജലിശ്ചേതി വൈദികാശ്ശാസ്ത്രകാരകാഃ
ബൃഹസ്പത്യാര്‍ഹതൌ ബുദ്ധോ വേദമാര്‍ഗ്ഗവിരോധിനഃˮ

എന്നു് അദ്ദേഹം ആറു വൈദികദര്‍ശനങ്ങളേയും മൂന്നു് അവൈദികദര്‍ശനങ്ങളേയും പരാമര്‍ശിക്കുന്നു. താഴെ കാണുന്ന ശ്ലോകങ്ങളില്‍നിന്നു ശങ്കരന്റെ സരളമായ പ്രതിപാദനശൈലി അവധാരണം ചെയ്യാവുന്നതാണു്.

ʻʻഅംഗോപാംഗോപവേദാസ്യുര്‍വ്വേദസ്യാത്രോപകാരകാഃ
ധര്‍മ്മാര്‍ത്ഥകാമമോക്ഷാണാമാശ്രയസ്യ ചതുര്‍ദ്ദശ,
വേദാംഗാനി ഷഡേതാനി ശിക്ഷാ വ്യാകരണം തഥാ
നിരുക്തം ജ്യോതിഷം കല്പം ഛന്ദോവിചിതിരിത്യപി
മീമാംസാ ന്യായശാസ്ത്രഞ്ച പുരാണം സ്മൃതിരിത്യപി
ചത്വാര്യേതാന്യുപാംഗാനി ബഹിരംഗാനി താനി വൈ.
ആയുര്‍വ്വേദോര്‍ത്ഥവേദശ്ച ധനുര്‍വ്വേദസ്തഥൈവ ച
ഗാന്ധര്‍വ്വവേദ ഇത്യേവമുപവേദാശ്ചതുര്‍വ്വിധാഃ.ˮ

അനന്തരം ആചാര്യന്‍ ഈ അംഗോപാംഗോപവേദങ്ങളുടെ ലക്ഷണങ്ങള്‍ വിവരിക്കുന്നു:

ʻʻശിക്ഷാ ശിക്ഷയതി വ്യക്തം വേദോച്ചാരണലക്ഷണം;
വ്യക്തി വ്യാകരണം തസ്യ സംഹിതാപദലക്ഷണം;
വക്തി തസ്യ നിരുക്തഞ്ച പദനിര്‍വ്വചനം സ്ഫുടം;
ജ്യോതിശ്ശാസ്ത്രം വദത്യസ്യ കാലം വൈദികകര്‍മ്മണാം;
ക്രമം കര്‍മ്മപ്രയോഗാണാം കല്പസൂത്രം വദത്യപി;
മന്ത്രാക്ഷരാണാം സംഖ്യോക്താ ഛന്ദോ വിചിതിഭിസ്തഥാ.ˮ

എന്നിങ്ങനെ ആ വിവരണം തുടരുന്നു. പ്രഭാകരന്‍ കുമാരിലന്റെ ശിഷ്യനെന്നുതന്നെയാണു് കേരളത്തിലെ രൂഢമൂലമായ ഐതിഹ്യം എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ ശങ്കരനും.

ʻʻമീമാംസാവാര്‍ത്തികം ഭാട്ടം ഭട്ടാചാര്യകൃതം ഹി തല്‍;
തച്ഛിഷ്യോ ഹ്യല്പഭേദേന ശബരസ്യ മതാന്തരം
പ്രഭാകരഗുരുശ്ചക്രേ തദ്ധി പ്രാഭാകരം മതംˮ

എന്നീ വചനങ്ങളില്‍ ഉദീരണം ചെയ്യുന്നു.

ശാങ്കരസ്മൃതി

ശാങ്കരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക എന്ന ഗ്രന്ഥം ഭഗവല്‍പാദരുടെ കൃതിയാകുവാന്‍ ന്യായമില്ലെന്നു് എട്ടാമധ്യായത്തില്‍ ഉപപാദിച്ചിട്ടുണ്ടു്. പ്രഥമപരമേശ്വരന്റെ ഗുരുവായി ഒരു ശങ്കരപൂജ്യപാദന്‍ ഉണ്ടായിരുന്നുവല്ലോ. അദ്ദേഹമായിരിക്കാം ശാങ്കരസ്മൃതികാരന്‍; പരിച്ഛേദിച്ചു് ഒന്നും പറയുവാന്‍ നിര്‍വ്വാഹമില്ല. ആ സ്മൃതി ഇങ്ങനെ ആരംഭിക്കുന്നു:

ʻʻനത്വാ ധര്‍മ്മവിദോ ദേവാനൃഷീംശ്ച പരമം മഹഃ
സാംബം ശിവമനുസ്മൃത്യ ശങ്കരേണ യതാത്മനാ
ആലോക്യ ഭാര്‍ഗ്ഗവാല്‍ പ്രാപ്തം ധര്‍മ്മശാസ്ത്രമിതസ്തതഃ
വിസ്തരേണ വിഷീദത്സു കൃപയാ മന്ദബുദ്ധിഷു
പ്രായസ്തദേവ സംക്ഷിപ്യ ക്രിയതേ മൃദുഭിഃ പദൈഃ
അല്പാക്ഷരൈരനല്പാര്‍ത്ഥൈഃ പൃഥഗേതന്നിബന്ധനം
വര്‍ണ്ണാനാമാശ്രമാണാഞ്ച ധര്‍മ്മേ ദീപ ഇവാപരഃ
അനവദ്യം സതാം നാമ്നാ ലഘുധര്‍മ്മപ്രകാശികാ.ˮ

ശാങ്കരസ്മൃതിയെയാകട്ടെ അതിന്റെ മൂലഗ്രന്ഥമാകുന്ന ഭാര്‍ഗ്ഗവസ്മൃതിയെയാകട്ടെ ഇതരഗ്രന്ഥകാരന്മാര്‍ ആരും സ്മരിച്ചിട്ടില്ല. ഭാര്‍ഗ്ഗവസ്മൃതി കണ്ടുകിട്ടീട്ടുപോലുമില്ല. ശാങ്കരസ്മൃതി മുപ്പത്താറധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണെന്നു പറഞ്ഞുവരുന്നു. എന്നാല്‍ അവയില്‍ ആദ്യത്തെ പന്ത്രണ്ടധ്യായങ്ങള്‍ മാത്രമേ ഇതേ വരെ നമുക്കു ലഭിച്ചിട്ടുള്ളു. ഓരോ അധ്യായത്തിലും നന്നാലുപാദങ്ങളുണ്ടു്.

ʻʻഔര്‍ദ്ധ്വദൈഹികകര്‍മ്മാണി ശാവാശൗചഞ്ച സൂതകം
പ്രാകീര്‍ണ്ണസംഗ്രഹം ചാത ആഖ്യാസ്യേ ഭാഗ ഉത്തരേˮ

എന്നു പറഞ്ഞു പ്രസ്തുത നിബന്ധകാരന്‍ പന്ത്രണ്ടാമധ്യായം അവസാനിപ്പിക്കുന്നു. പ്രണേതൃത്വത്തെപ്പറ്റി പക്ഷാന്തരമുണ്ടെങ്കിലും ശാങ്കരസ്മൃതി നിരുപയോഗമായ ഒരു ഗ്രന്ഥമാണെന്നു പറവാന്‍ നിവൃത്തിയില്ല. സ്നാതകന്മാരുടെ സ്ഥിതി, മരുമക്കത്തായികളുടെ ദത്തു്, സ്മാര്‍ത്തവിചാരം, അറുപത്തിനാലു് അനാചാരങ്ങള്‍ മുതലായി കേരളത്തിനു പ്രത്യേകമായുള്ള ആചാരങ്ങളെക്കുറിച്ചു് അതില്‍ പ്രതിപാദിച്ചിട്ടുള്ളതു് എല്ലാ പേരും അറിഞ്ഞിരിക്കേണ്ടതാകുന്നു. സ്നാതകന്മാരുടെ സ്ഥിതിയെപ്പറ്റി വിവരിക്കുമ്പോള്‍ ʻസഹോദരാണാം വിവാഹോനുമതോ മുനേഃʼʼ ʻഅതോ വിവാഹസ്സര്‍വ്വേഷാമിഷ്ടകല്പോയമുത്തമഃʼ എന്നുള്ള മതത്തിനു പരശുരാമന്റെ അനുമതിയുള്ളതായി ഗ്രന്ഥകാരന്‍ ഉപന്യസിക്കുന്നു. അങ്ങനെയാണെങ്കില്‍ ʻജ്യോഷ്ഠഭ്രാതാവു ഗൃഹീ ഭവേല്‍ʼ എന്ന അനാചാരത്തിനു ജ്യേഷ്ഠഭ്രാതാവു മാത്രമേ വിവാഹം ചെയ്യാവൂ എന്നുള്ള സങ്കുചിതാര്‍ത്ഥമില്ലെന്നു സങ്കല്പിക്കാം. ഇങ്ങനെ പലതും വിമര്‍ശനീയമായുണ്ടു്. സദാചാരപ്രകരണത്തില്‍ നിന്നു ചില ശ്ലോകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻഅവമാനം ന കര്‍വീത കസ്യചില്‍ ക്ഷേമകൗതുകീ
ഹീനാംഗാനധികാംഗാന്‍ വാ വികൃതാംഗാനഥാപി വാ
ന ഹീനാംശ്ച ന മൂര്‍ഖാംശ്ചപ്രഹസേദ്വ്യാധിതാനപി
ന ഹീനസേവനം കുര്യാന്ന സ്വാധ്യായം ദ്വിജസ്ത്യജേല്‍;
വര്‍ണ്ണസ്യ ചാശ്രമസ്യാപി വയസോഭിജനസ്യ വാ
ശ്രുതസ്യ ച ധനസ്യാപി ദേശസ്യ സമയസ്യ ച
അനുരൂപേണ വേഷേണ വര്‍ത്തതേ ന ച ഗര്‍ഹിതഃ
നിത്യം ശാസ്ത്രാര്‍ത്ഥവീക്ഷീ സ്യാജ്ജീര്‍ണ്ണവാസോ ന ധാരയേല്‍
മലിനഞ്ച തഥാ തദ്വല്‍ സച്ഛിദ്രം വിഭവേ സതി.
ന നാസ്തീത്യഭിഭാഷേത മ്ലേച്ഛഭാഷാം നചാഭ്യസേല്‍

***


നാത്മാനമവന്യേത പരമര്‍മ്മാണി ന സ്പൃശേല്‍

***


ന കുര്യാല്ലോകവിദ്വിഷ്ടം ധര്‍മ്മമപ്യുദിതം ക്വചില്‍.ʼʼ

ഉദ്ദണ്ഡശാസ്ത്രികള്‍, ജീവചരിത്രം

ഉദ്ദണ്ഡശാസ്ത്രികളുടെ ജന്മഭൂമി പണ്ടു തൊണ്ടമണ്ഡലം എന്നു പറഞ്ഞു വന്നിരുന്ന ചെങ്കല്‍പ്പേട്ട (ചിങ്കല്‍പെട്ട) ഡിസ്ത്രിക്ടില്‍ കാഞ്ചീപുരത്തിനു

സമീപം പാലാര്‍ എന്ന പുഴയുടെ വക്കത്തുള്ള ലാടപുരം ഗ്രാമമാകുന്നു. ഈ വസ്തുതയും മറ്റും അദ്ദേഹംതന്നെ മല്ലികാമാരുതത്തില്‍ വിശദമായി രേഖപ്പെടുത്തീട്ടുണ്ടു്.

ʻʻഅസ്തി ദക്ഷിണാപഥേ ദയമാനകാമാക്ഷീകടാക്ഷതാണ്ഡവിതകവിശിഖണ്ഡിമണ്ഡലേഷു തുണ്ഡീരേഷു ക്ഷീരനദീത രംഗിതോപശല്യോ ലാടപുരോ നാമ മഹാനഗ്രഹാരഃ; തത്ര ച

തപശ്ചരണചുഞ്ചവസ്സകലശാസ്ത്രമുഷ്ടിന്ധയാഃ
സ്വനുഷ്ഠിതമഹാധ്വരാഃ ശ്രുതിപരായണാഃ ശ്രോത്രിയാഃ
മഹാഭിജനശാലിനോ വദനവര്‍ത്തിവാഗ്ദേവതാ
വസന്ത്യതിഥിസല്‍കൃതിക്ഷപിതവാസരാ ഭൂസുരാഃ.

തത്ര ചാമുഷ്യായണസ്യ, ആപസ്തംബശാഖാധ്യായിനോ വാധൂലകുലതരുപല്ലവസ്യ, കവിതാവല്ലഭസ്യ, വിപഞ്ചീപഞ്ചമോദഞ്ചിതകീര്‍ത്തേ, രുപാധ്യായഗോകുലനാഥപൗത്രസ്യ, ശ്രീകൃഷ്ണ സൂനോര്‍ഭട്ടരംഗനാഥസ്യ പ്രിയനന്ദന ഇരുഗുപനാഥാപരപര്യായ ഉദ്ദണ്ഡകവിര്‍നാമ....സ കില വിധിവദുപാസിതാല്‍ തീര്‍ത്ഥാ ദധിഗതസകലവിദ്യോ, ദിദൃക്ഷുര്‍ദ്ദിഗന്തരാണി, ആന്ധ്രകര്‍ണ്ണാടകകലിംഗചോളകേരളാനവതീര്‍ണ്ണ:, മജ്ജന്‍ മഹാനദീഷു, പശ്യന്‍ ദേവതാസ്ഥാനാനി, സേവമാനസ്സജ്ജനാന്‍, അഭിനന്ദന്നന്തര്‍വാണീന്‍, ഇദമേവ താമ്രചൂഡക്രോഡനഗരമാഢൗകത.ˮ

ഈ പ്രസ്താവനയില്‍നിന്നു ലാടപുരം ഗ്രാമത്തില്‍ ഗോകുലനാഥന്റെ പൌത്രനായി, ശ്രീകൃഷ്ണന്റെ പുത്രനായി, മഹാകവിയായി ആപസ്തംബസൂത്രത്തിലും വാധൂലഗോത്രത്തിലും പെട്ട രംഗനാഥന്‍ എന്നൊരു മഹാബ്രാഹ്മണന്‍ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ പുത്രനാണു് ഇരുഗുപനാഥന്‍ എന്നുകൂടി പേരുള്ള ഉദ്ദണ്ഡനെന്നും, ഇരുഗുപനാഥന്‍ എന്ന സംജ്ഞകൊണ്ടു് അദ്ദേഹം ഒരു ആന്ധ്രനായിരിക്കണമെന്നും ഉദ്ദേശിക്കാം. അദ്ദേഹം ഗുരുമുഖത്തില്‍നിന്നു ബാല്യത്തില്‍ സകല വിദ്യകളും അഭ്യസിച്ചു്, ആന്ധ്രം, കലിംഗം, ചോളം, കേരളം എന്നീ രാജ്യങ്ങള്‍ ചുറ്റിസ്സഞ്ചരിച്ചു് ഒടുവില്‍ കോഴിക്കോട്ടു ചെന്നുചേര്‍ന്നു എന്നും കാണാവുന്നതാണു്. മല്ലികാമാരുതത്തിലെ

ʻʻഉദ്ദണ്ഡം രംഗനാഥസ്സുതമലഭത യം രംഗദേവീ തഥാബാˮ

ഇത്യാദി പദ്യത്തില്‍നിന്നു ശാസ്ത്രികളുടെ മാതാവു രംഗദേവിയായിരുന്നുവെന്നു വെളിപ്പെടുന്നു. ലാടപുരം എന്ന പേരില്‍ കാഞ്ചീപുരത്തിന്റെ പരിസരത്തില്‍ ഇക്കാലത്തു് ഒരു അഗ്രഹാരമുള്ളതായി അറിയുന്നില്ല. കാലാന്തരത്തില്‍ അതിന്റെ സംജ്ഞയ്ക്കു വ്യത്യാസം വന്നിരിയ്ക്കാം. രാമഭദ്രദീക്ഷിതരുടെ ശിഷ്യനായി ക്രി: പി: പതിനെട്ടാംശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ഭൂമിനാഥകവി (നല്ലാദീക്ഷിതര്‍) രംഗനാഥനും ഉദ്ദണ്ഡനും ഒരു കാലത്തു തഞ്ചാവൂര്‍ ഡിസ്ത്രിക്ടില്‍പെട്ട കണ്ഡരമാണിക്യം ഗ്രാമത്തില്‍ താമസിച്ചിരുന്നുവെന്നും രംഗനാഥന്‍ ക്രതുവൈഗുണ്യപ്രായശ്ചിത്തം മുതലായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു എന്നും സുഭദ്രാഹരണ നാടകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു എന്നു ‍‍ഡോക്ടര്‍ കൃഷ്ണമാചാര്യര്‍ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തില്‍ പറഞ്ഞിട്ടുള്ളതു നിര്‍മ്മൂലമാണു്. ʻʻഉദ്ദണ്ഡപണ്ഡിതാധ്യുഷിതംˮ എന്നു മാത്രമേ ആ നാടകത്തില്‍ പ്രസ്താവിച്ചുകാണുന്നുള്ളൂ.

ʻʻജയതി കില ചോളമണ്ഡലമണ്ഡനമുദ്ദണ്ഡപണ്ഡിതാ ധ്യുഷിതം
കണ്ഡരമാണിക്യമിതി ഖ്യാതം മഹദഗ്രഹാരമാണിക്യംˮ

എന്നു് അദ്ദേഹത്തിന്റെ ശൃംഗാരസര്‍വസ്വഭാണത്തിലും പ്രസ്താവിച്ചിട്ടുണ്ടു്. ഉദ്ധൃതഭാഗങ്ങളില്‍ കാണുന്ന ʻഉദ്ദണ്ഡʼ പദം ശാസ്ത്രികളെ പരാമര്‍ശിക്കുന്നില്ലെന്നുള്ളതു നിര്‍വിവാദമാണു്; ഉദ്ദണ്ഡന്മാരായ പണ്ഡിതന്മാര്‍ താമസിക്കുന്ന ഗ്രാമം എന്നേ ʻഉദ്ദണ്ഡപണ്ഡിതാധ്യുഷിതംʼ എന്ന വിശേഷണത്തിനു് അര്‍ത്ഥമുള്ളു. കര്‍ണ്ണാടക രാജാവിനെ (വിജയനഗര മഹാരാജാവു്) ശാസ്ത്രികള്‍ കുറേക്കാലം ആശ്രയിക്കുകയും അറുപിശുക്കനായ അദ്ദേഹത്തെ വിട്ടുപിരിയുന്ന അവസരത്തില്‍

ʻʻമാ ഗാഃ പ്രത്യുപകാരകാതരതയാ വൈവര്‍ണ്ണ്യമാകര്‍ണ്ണയ
ശ്രീകര്‍ണ്ണാടവസുന്ധരാധിപ, സുധാസിക്താനി സൂക്താനി നഃ;
വര്‍ണ്ണ്യന്തേ കവിഭിഃ പയോനിധിസരില്‍സന്ധ്യാഭ്ര വിന്ധ്യാടവീ-
ഝംഝാമാരുതനിര്‍ഝരപ്രഭൃതയസ്തേഭ്യഃ കിമാപ്തം ഫലം?ʼ

എന്ന ശ്ലോകം സമ്മാനിക്കുകയും ചെയ്തു എന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ല. അങ്ങനെ പല ദേശങ്ങളില്‍ പര്യടനം ചെയ്തതിനു മേല്‍ ഒടുവിലാണു് ആ കവിപ്രവേകന്‍ കോഴിക്കോടു നഗരത്തില്‍ എത്തിച്ചേര്‍ന്നതു്. മാനവിക്രമമഹാരാജാവിന്റെ വാഴ്ചക്കാലമായിരുന്നു അതു്. അദ്ദേഹവും ശാസ്ത്രികളുമായുള്ള പ്രഥമസമാഗമത്തിന്റെ ഉജ്ജ്വലമായ ഒരു ചരിത്രം മല്ലികാമാരുതത്തില്‍ ദൃശ്യമാകുന്നുണ്ടു്. അതു താഴെ പകര്‍ത്തുന്നു:

ʻആസ്ഥാനമധ്യഗതമുദ്ധതസൗവിദല്ല-
ഭ്രൂക്ഷേപചോദിതനമച്ചതുരന്തവീരം
ശ്രീവിക്രമം ചതുരവാരവധൂകരാബ്ജ-
വ്യാധൂതചാമരമലോകത ലോകനാഥം.

അസ്തോഷ്ട ച–

പ്രത്യര്‍ത്ഥിഭൂമിപാലപ്രതാപഘര്‍മ്മോത്ഥപുഷ്കലാവര്‍ത്ത,
വിശ്വംഭരാകുടുംബിന്‍, വിക്രമ, വിശ്വൈകവീര വിജയസ്വി

ദേവോപി പരിസരവര്‍ത്തികോവിദകവിവദാനാകൃഷ്ടേനവി ഘടമാനകമലദളശീതളേന കടാക്ഷേണ സംഭാവയന്‍ സാദരമേവമാദിക്ഷല്‍-

ശ്രീമന്നുദ്ദണ്ഡ, വിദ്വന്‍, നിശമയ വചനം
മാമകം; കാമദോഗ്ധ്രീ
വാണീ നാണീയസീ തേ നനു വരകവിതാ-
ഭൂഷിതാ വാഗ്വിലാസൈഃ;
തസ്മാദഹ്നായ സമ്യക് പ്രകരണമധുനാ
മല്ലികാമാരുതാഖ്യം
കിഞ്ചിദ്വ്യഞ്ജദ്രസാര്‍ദ്രം വിരചയ വിധിനാ
സല്‍കവേ, സല്‍ക്രിയാം മേ.

മഹാരാജാവിന്റെ നിയോഗമനുസരിച്ചാണു് കവി മല്ലികാമാരുതം രചിച്ചതെന്നു് ഇതില്‍നിന്നു വിശദമാകുന്നുണ്ടല്ലോ. അവിടത്തെ ഒരു സദസ്യനായ ചേന്നാസ്സു നമ്പൂതിരിപ്പാടു ശാസ്ത്രികളെ തമ്പുരാനുമായി പരിചയപ്പെടുത്തുമ്പോള്‍ ചൊല്ലിയ ശ്ലോകം ചുവടെ ഉദ്ധരിക്കുന്നു:

ʻʻപ്രക്രീഡല്‍കാര്‍ത്തവീരാര്‍ജ്ജുനഭുജവിധൃതോ-
ന്മുക്തസോമോദ്ഭവാംഭ-
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ-
ഗ്‌ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാല്‍ തവ ഖലു വിഷയേऽ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയം തേ വിക്രമക്ഷ്മാവര, നി കിമു ഗതഃ
ശ്രോത്രിയഃ ശ്രോത്രദേശം?ˮ

ഈ ശ്ലോകത്തിലും ശാസ്ത്രികളുടെ ശൈലീമുദ്ര പതിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നു. ശാസ്ത്രികള്‍ തമ്പുരാനു് ആദ്യമായി അടിയറ വെച്ച ശ്ലോകമാണു് താഴെക്കാണുന്നതു്.

ʻʻഉദ്ദണ്ഡഃ പരദണ്ഡഭൈരവ, ഭവദ്യാത്രാസു ജൈത്രശ്രിയോ
ഹേതുഃ കേതുരതീസ്യ സൂര്യസരണിം ഗച്ഛന്‍ നിവാര്യസ്ത്വയാ,
നോ ചേല്‍ തല്‍പടസമ്പുടോദരലസച്ഛാര്‍ദ്ദൂലമുദ്രാദ്രവല്‍-
സാരംഗം ശശിബിംബമേഷ്യതി തുലാം ത്വല്‍ പ്രേയസീനാം മുഖൈഃˮ

രസോത്തരമായ ആ ശ്ലോകംകേട്ടു് ആഹ്ലാദഭരിതനായ മഹാരാജാവു് കവിക്കു് ʻഉദ്ദണ്ഡന്‍ʼ എന്ന ബിരുദനാമം സമ്മാനിച്ചുവത്രേ. ചേന്നാസ്സുനമ്പൂരിപ്പാട്ടിലെ പദ്യത്തില്‍ കാണുന്ന ഉദ്ദണ്ഡപദത്തിനു പ്രതിവാദികള്‍ക്കു ഭയങ്കരന്‍ എന്നുമാത്രം അര്‍ത്ഥംകല്പിച്ചാല്‍ മതി. ശാസ്ത്രികളെ കോഴിക്കോട്ടെ വിദ്വത്സദസ്സിലെ ഒരംഗമായി സാമൂതിരിപ്പാടു സസന്തോഷം സ്വീകരിച്ചു. ഏതു പണ്ഡിതകുഞ്ജരന്മാരേയും കൊമ്പുകുത്തിക്കുവാന്‍ വേണ്ട ശാസ്ത്രപാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചിരുന്നു. ʻവേദേ സാദരബുദ്ധിഃʼ എന്നു ഞാന്‍ മുമ്പുദ്ധരിച്ചിട്ടുള്ള പദ്യത്തില്‍നിന്നു ഇതു വെളിവാകും. ഒരിക്കല്‍ ശാസ്ത്രികളുമായുള്ള വാദപ്രതിവാദത്തില്‍ മഹര്‍ഷിക്കുപോലും സ്ഖലനം പറ്റുകയും അദ്ദേഹത്തിന്റെ പേരില്‍ അമിതമായ ബഹുമാനമുണ്ടായിരുന്ന ശാസ്ത്രികള്‍ തെറ്റിയ ഭാഗം ഒന്നുകൂടി നിര്‍വ്വഹിയ്ക്കുവാന്‍ അപേക്ഷിച്ചപ്പോള്‍ ആദ്യം ഒരുവിധത്തിലും പിന്നീടു മറ്റൊരു വിധത്തിലും താന്‍ ഒരിക്കലും നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ അതു കഴിയുകയില്ലെന്നു പറഞ്ഞു്. ആ മഹാപുരുഷന്‍ ഒഴിഞ്ഞുമാറുകയും ചെയ്തുവത്രേ. മറ്റൊരവസരത്തില്‍ ശാസ്ത്രികള്‍ നാറേരി (കൂടല്ലൂര്‍) മനയ്ക്കല്‍ ചെന്നപ്പോള്‍ പദമഞ്ജരി എന്ന കാശികാവ്യാഖ്യ പഠിച്ചിട്ടുണ്ടോ എന്നു വൈയാകരണമൂര്‍ദ്ധന്യനായ അവിടുത്തെ അച്ഛന്‍നമ്പൂതിരിപ്പാടു ചോദിക്കുകയും ആരെങ്കിലും ഓലയും നാരായവും കൊണ്ടുവന്നാല്‍ പറഞ്ഞുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു് ആ പരീക്ഷയില്‍ വിജയം നേടി നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ക്ഷമായാചനം ചെയ്യിക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ടു്. പട്ടത്താനത്തില്‍ കുറെക്കാലത്തേയ്ക്ക കിഴികള്‍ മുഴുവന്‍ ശാസ്ത്രികള്‍ തന്നെ വാങ്ങി എന്നു പറയുന്നതു് അതിശയോക്തിയാണെന്നു തോന്നുന്നു. അദ്ദേഹത്തിനു് ആ വിദ്ദ്വത്സദസ്സില്‍ അഭ്യര്‍ഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു എന്നേ ആ പുരാവൃത്തത്തിനു് അര്‍ത്ഥമുള്ളു.

ഉദ്ദണ്ഡനു ചേന്നമംഗലത്തു മാരക്കര എന്ന വീട്ടില്‍ ഒരു നായര്‍ സ്ത്രീ പ്രണയിനിയായീരുന്നു എന്നു നാം കോകിലസന്ദേശത്തില്‍നിന്നറിയുന്നു.

ʻʻമാഹാഭാഗ്യം രതിപതിഭുജാഡംബരം പൗനരുക്ത്യാല്‍-
ക്കല്യാണൗഘഃ സ്ഫുരതി രസികാനന്തതാപ്യത്ര ഹീതി
ഏഷാമാദ്യക്ഷരഗണമുപാദായ ബദ്ധേന നാമ്നാ
മാന്യം മാരക്കരനിലയനം യല്‍ കവീന്ദ്രാ ഗൃണന്തി.ˮ

എന്ന കോകിലസന്ദേശപദ്യം നോക്കുക. അപ്രകാശിതമായ മയൂരസന്ദേശമെന്ന കാവ്യത്തില്‍ ചേന്നമംഗലത്തിന്റെ പ്രസംഗം വരുന്ന ഘട്ടത്തില്‍ ആ സന്ദേശത്തിന്റെ പ്രണേതാവായ ഉദയന്‍ ശാസ്ത്രികളെപ്പറ്റി

ഉദ്ദണ്ഡാഖ്യാസ്സുരഭികവിതാസാഗരേന്ദുഃ കവീന്ദ്ര-
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്രചേല്‍ സന്നിധത്തേ
ശ്രാവ്യാമുഷ്യ ത്രിദശതടിനീവേഗവൈലക്ഷ്യദോഗധ്റീ
വാഗ്‌ഗ്ദ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ.ˮ

എന്നു പ്രശംസിച്ചിരിക്കുന്നതും ഈ സംബന്ധത്തിനു മറ്റൊരു തെളിവാണു്. ഉദ്ദണ്ഡനു വിദ്വാനായ ഒരനുജന്‍ സഹചാരിയായി ഉണ്ടായിരുന്നു എന്നും ജ്യേഷ്ഠന്റെ മരണാനന്തരം പല അപൂര്‍വ്വ ഗ്രന്ഥങ്ങളും അനുജന്‍ പയ്യൂര്‍ ഭട്ടതിരിക്കു സമ്മാനിച്ചു എന്നും അവയില്‍ ചില ഗ്രന്ഥങ്ങള്‍ ഇപ്പോഴും ചില പഴയ ഗ്രന്ഥപ്പുരകളിലുണ്ടെന്നും അറിയുന്നു.

കൃതികള്‍:

ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളായി മല്ലികാമാരുതവും കോകിലസന്ദേശവും മാത്രമേ നമുക്കു് ലഭിച്ചിട്ടുള്ളു. നടാങ്കുശം എന്ന ഒരു അഭിനയനിരൂപണഗ്രന്ഥവും അദ്ദേഹത്തിന്റേതെന്നാണു് വയ്പ്. ഈ കൃതികളെപ്പറ്റി സ്വല്പം ഉപന്യസിക്കാം.

മല്ലികാമാരുതം

മല്ലികാമാരുതം ഭവഭൂതിയുടെ മാലതീമാധവംപോലെ പത്തങ്കത്തിലുള്ള ഒരു പ്രകരണമാകുന്നു. കാമദേവന്റെ മന്ത്രിയായ മലയ യുവാവിന്റേയും നാഗരാജാവിന്റെ മന്ത്രി മണിധരന്റെ പുത്രിയായ മഞ്ജുളയുടെയും സന്താനമായി മാരുതന്‍ എന്ന ഒരു കുമാരന്‍ അവതരിച്ചു. ആ കുമാരനെ മലയപര്‍വ്വതത്തില്‍ അഗസ്ത്യമഹര്‍ഷിയും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ലോപാമുദ്രയുംകൂടി വളര്‍ത്തി; കാലാന്തരത്തില്‍ മാരുതന്‍ വിദ്യാധരരാജമന്ത്രിയായ വിശ്വാവസുവിന്റെ പുത്രി മല്ലികയില്‍ അനുരക്തനായി ചമഞ്ഞു; അവര്‍തമ്മില്‍ സമാഗമവുമുണ്ടായി. ആ അവസരത്തില്‍ മാരുതന്റെ കൈയില്‍ ഇരുന്ന ചിത്രഫലകം സുലഭമന്യു എന്ന മഹര്‍ഷിയുടെ ശിരസ്സില്‍ പതിക്കുകയും ക്രോധാവിഷ്ടനായ മഹര്‍ഷി അവരെ ശപിക്കുകയും ചെയ്തു. ആ ശാപത്തിന്റെ ഫലമായി രണ്ടുപേര്‍ക്കും മനുഷ്യജന്മം സ്വീകരിക്കേണ്ടിവന്നു. മാരുതന്‍ കുന്തളേശ്വര മന്ത്രിയായ ബ്രഹ്മദത്തന്റെ പുത്രനായും മല്ലിക കുസുമപുരവാസ്തവ്യനായ വിശ്വാവസുവിന്റെ പുത്രിയായും ജനിച്ചു. അവരെ കുസുമപുരത്തിനു സമീപമുള്ള ഒരാശ്രമത്തില്‍ താമസിക്കുന്ന മന്ദാകിനി എന്ന യോഗിനി പുനസ്സംഘടിപ്പിക്കുന്നതാണു് ശാസ്ത്രികളുടെ പ്രകരണത്തിലെ ഇതിവൃത്തം. കവി, ശാകുന്തളം മുതലായ പല നാടകങ്ങളോടും പ്രത്യേകിച്ചു മാലതീമാധവത്തോടും കടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രസ്തുത കൃതിയില്‍ എവിടേയും അനുസ്യൂതമായി പ്രകാശിക്കുന്നുണ്ടു്. മല്ലികാമാരുതത്തിലെ പദ്യങ്ങളും ഒന്നുപോലെ മനോമോഹനങ്ങളാണ്. രചനാവിഷയത്തില്‍ ശാസ്ത്രികള്‍ക്കു സിദ്ധിച്ചിട്ടുള്ള ഹസ്തലാഘവം ഏതു സഹൃദയനേയും ഹര്‍ഷപര്യാകുലനാക്കുകതന്നെ ചെയ്യും. ശൃംഗാരരസത്തിന്റെ എല്ലാ മുഖങ്ങളേയും അദ്ദേഹത്തിന്റെ കൂലങ്കഷമായ മനോധര്‍മ്മം സവിശേഷമായി സ്പര്‍ശിക്കുന്നു. പ്രകൃതിവര്‍ണ്ണനത്തില്‍ അദ്ദേഹത്തിന്നുള്ള പാടവവും പ്രശംസാസീമയെ അതിലംഘിച്ചു പരിസ്ഫുരിക്കുന്നു. മാതൃക കാണിക്കുവാന്‍ ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.

(1) നൂപുരങ്ങളുടെ ശിഞ്ജിതം:
ʻʻതസ്മിന്‍ ക്ഷണേ കമപി മാന്മഥകാര്‍മ്മുകജ്യാ-
ക്രേങ്കാരതാരമഭിനന്ദനമിന്ദ്രിയാണാം
കാഞ്ചീകലാപകുലഝങ്കരണാനുകീര്‍ണ്ണ-
മാകര്‍ണ്ണയം ഫണഫണം മണിനൂപുരാണാം.

(2) ഉപവനം:
ʻʻആരക്താഃ പടമണ്ഡപാഃ കിസലയൈരുല്ലോചിതാഃ പാദപാ,
ദൃംഗാളീ കരവാളികാ, പരികരാസ്സേനാഭടാ വായവഃ
താരാഃ കാഹളനിസ്വനാഃ പികരവാ, സ്തന്മന്മഹേ ഡാമരം
സ്കന്ധാവാരപദം വിഭോരുപവനം നാമ സ്മരോര്‍വീഭുജഃ.ˮ

(3) പുഷ്പാപചയം:
ʻʻഉത്താനീകൃതവക്‌ത്രബിംബ, മുപരിച്യോതല്‍പരാഗോല്‍കര-
ത്രസ്താകൂണിതലോചനം, സ്തനഭരോദായത്തമധ്യാങ്കുരം,
ഈഷദ്ദര്‍ശിതനാഭി, തുംഗജഘനക്ലാന്തോരുപാദാംഗുലി-
വ്യാസക്തസ്ഥിതി ലീലയാപചിനുതേ പുഷ്പന്നു ചിത്തന്നു മേ?ˮ

(4) കാമദേവന്‍:
ʻʻവക്ഷസ്ഥലീവദനവാമശരീരഭാഗൈഃ
പുഷ്യന്തി യസ്യ വിഭുതാം പുരുഷാസ്ത്രയോപി,
സോയം ജഗത്ത്രിതയജിത്വരചാപധാരീ
മാരഃ പരാന്‍ പ്രഹരതീതി ന വിസ്മയായ.ˮ

(5) നായകന്റെ വാക്യം:
ʻʻവേലാലംഘിവിലാസയോര്‍വികസതോര്‍വ്യാജിഹ്മയോര്‍മ്മന്ദയോഃ
സ്മേരാകേകരതാരയോസ്തരളയോസ്സാകൂതയോസ്സാശ്രുണോഃ
സഭ്രൂതാണ്ഡവയോസ്സബാഷ്പലവയോസ്സമ്മുഗ്ദ്ധയോഃ സ്നിഗ്ദ്ധയോ-
സ്സോയം ഭാജനതാമഗാച്ചിരതരം ദ്രാഘീയസോര്‍ന്നേത്രയോഃˮ

(6) സുഹൃത്തിനെപ്പറ്റി നായകന്റെ വിലാപം:
ʻʻകിമാലംബം ധൈര്യം ഭവതു, നനു ശൂന്യാ സുജനതാ,
നിരാധാരാ നീതിഃ, പ്രിയവചനമേകാന്തവിരതം.
വിനഷ്ടോ വിസ്രംഭഃ, ശമിതമഖിലം ബാന്ധവതപഃ,
കഥാമാത്രാ സത്താ മമ ഹി കളകണ്ഠ, ത്വയി ഗതേ.ˮ

(7) നായകന്റെ അനുരാഗഗതി:
ʻʻലഗ്നം പാദതലേ, നഖേഷു വിലുഠല്‍, സംസക്തമൂര്‍വോര്യുഗേ,
വിശ്രാന്തം ജഘനസ്ഥലേ, നിപതിതം നാഭീസരോമണ്ഡലേ,
ശൂന്യം മദ്ധ്യമവേക്ഷ്യ രോമലതികാമാലംബമാനം, ക്രമാ-
ദാരുഢം സ്തനയോഃ, പ്ലുതം നയനയോര്‍, ലീനം മനഃ കൈശികേ.ˮ

(8) നായികയുടെ ദൃഷ്ടിപാതം:
ʻʻപ്രണയചപലാഃ പ്രേമസ്ഫാരാഃ പ്രസൂതമനോഭുവഃ
ക്ഷപിതധൃതയശ്ചേതശ്ചോരാശ്ചലാചലതാരകാഃ
ശിവശിവ മയി പ്രേംഖന്ത്യസ്യാസ്തരംഗിതഘൂര്‍ണ്ണിത-
സ്തിമിതമധുരസ്നിഗ്ദ്ധാ മുഗ്ദ്ധാ വിലോചനവിഭ്രമാഃ.ˮ

(9) ദേവേന്ദ്രന്‍:
ʻʻത്രൈലോക്യം ഭ്രൂവിധേയം ബലിജിദവരജഃ സേവിതാരോ നിലിമ്പാ-
സ്സന്തൃപ്ത്യൈ സപ്തതന്തുഃ സ്തുതിരകൃതകവാഗ്ഗീഷ്പതിസ്സ്വസ്തിവാദഃ
സ്വര്‍ണ്ണാദ്രിസ്സത്മ വാപീ ഗഗനസരിദഹോ നിഷ്കടഃ കല്പവാടഃ
പൗലോമീനേത്രപേയം വപുരിഹ കിമിവ ശ്ലാഘ്യതാ നോ മഘോനഃ?ˮ

(10) മഹിഷമര്‍ദ്ദനം:
ʻʻകേളീരാവോ വ്യരംസീന്ന കില വിജയയാ സാര്‍ദ്ധമാ ബധ്യമാനോ;
നാകൃഷ്ടാ ദൃഷ്ടിപാതാഃ കില നടനജുഷശ്ചന്ദ്രചൂഡസ്യ വക്‌ത്രാല്‍;
ഉല്‍ക്ഷിപ്തേ പാദപദ്മേ കില മണികടകോ നോച്ചകൈര്‍വാ ശിശിഞ്ജേ;
മാതശ്ശൈലേന്ദ്രകന്യേ, മഹിഷവിമഥനം നാമ കോയം വിലാസഃ?ˮ

(11) വര്‍ഷകാലം:
ʻʻഅമീഭിരാഖണ്ഡലചാപമണ്ഡിതൈ-
സ്തടിന്നടീതാണ്ഡവരംഗമണ്ഡപൈഃ
നിചോളിതം വ്യോമസമീരണേരിതൈ-
സ്തമാലമാലാമലിനൈര്‍വലാഹകൈഃ.ˮ

ʻʻഅമീ കിമപി വാസരാഃ പ്രസുവതേ മുദം ദേഹിനാം
വിജൃംഭിനവകന്ദളീദളനിലീനപുഷ്പന്ധയാഃ
പയോദമലിനീഭവദ്ഗഗനദര്‍ശനപ്രോച്ചലല്‍-
കൃഷീവലവിലാസിനീനയനകാന്തിതാപിഞ്ഛിതാഃ.ˮ

(12) മലയാപര്‍വ്വതം:
ʻʻമന്ദാനിലപ്രസവഗേഹഗുഹാവിഹാരി-
നാഗാംഗനാമണിവിഭൂഷണകാന്തിചിത്രഃ
കുംഭോദ്ഭവപ്രണയിനീകരവര്‍ദ്ധ്യമാന-
പാടീരവല്ലിവലയോ മലയോ ഗിരീന്ദ്രഃ.

പ്രതീയന്താം വിശ്വേ പരമഗരിമാണഃ ക്ഷിതിഭൃതോ;
മഹീയാന്‍ കോപ്യനഃ ഖലു മലയശൈലസ്യ മഹിമാ;
ഗുണസ്നിഗ്ദ്ധാസ്തത്തല്‍കുലഗിരിയശോഹാരിണി കുചേ
വിശുദ്ധാം യല്‍കീര്‍ത്തിം ദധതി വനിതാശ്ചന്ദനമിഷാല്‍.ˮ

ഇങ്ങനെയുള്ള പദ്യങ്ങള്‍ എത്ര വേണമെങ്കിലും മല്ലികാമാരുതത്തിലുണ്ടു്. അഥവാ ʻʻനഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃˮ എന്നല്ലേ ആപ്തവാക്യം? ഈ പ്രകരണം ആദ്യമായി അഭിനയിച്ചതു തളിയില്‍ക്ഷേത്രത്തില്‍വെച്ചുതന്നെയാണു്. താഴെക്കാണുന്ന ഗദ്യഖണ്ഡിക നോക്കുക:

ʻʻഅഹമസ്മി സകലഹരിദന്തരനഗരസംസദാരാധനജ്ഞാ തസാരപ്രയോഗപാടവോ വിഷ്ടപത്രിതയപ്രഖ്യാതം കുക്കുടക്രോഡനഗരമുപസൃത്യ കുതൂഹലാദഭ്യാഗതോ രംഗചന്ദ്രോനാമ ശൈലൂഷകിശോരഃ അദ്യ ഖലു പ്രായേണ സര്‍വതഃ കലികാലവിധുന്തുദകബളിതവിവേകചന്ദ്രമസ്സു സുമനസ്സു, പൗരോഭാഗ്യപൗരുഷേഷു പരിഷദന്തരേഷു, ലവണാപണേഷ്വിവ ഘനസാരമകിഞ്ചില്‍കരമഭിനയസാരം അഖിലഭുവനഘസ്മര കരാളകാളകൂടകബളനപ്രഭാവപ്രകടിത കാരുണ്യാവഷ്ടംഭസ്യ പുരത്രയനിതംബിനീകപോലപത്രാങ്കുരകൃന്തനലവിത്രസ്യ കങ്കണക്വണിതസ്ഥിരീകൃതശബ്ദബ്രഹ്മവ്യവസ്ഥസ്യ ഭഗവതഃ ശ്രീസ്ഥലീശ്വരസ്യ സന്നിധാനാദുദ്ഭൂതതത്താദൃശനിര്‍മ്മല ധിഷണായാം അശേഷകലാകമലിനീവികസനബാലാര്‍ക്ക പ്രഭായാം സഭായാം പ്രയുജ്യ സഫലയിതുമഭിലഷാമഹേ.ˮ

ശാസ്ത്രികള്‍ക്കു് ഇതരദേശപണ്ഡിതന്മാരെപ്പറ്റിയുണ്ടായിരുന്ന അവജ്ഞയും കേരളീയ വിദ്വാന്മാരെപ്പറ്റിയുണ്ടായിരുന്ന ബഹുമാനവും ഈ ഉദ്ധാരത്തില്‍നിന്നു കാണാവുന്നതാണു്. പ്രസ്താവനയിലുള്ള ʻʻവസ്തുനി ചിരാഭിലഷിതേ കഥമപിദൈവാല്‍ പ്രസക്തസംഘടനേ പ്രാക്‍പ്രാപ്താന്യപി ബഹുശോദുഃഖാനി പരം സുഖാനി ജായന്തേˮ എന്ന പദ്യത്തിലും കവി തനിക്കു കോഴിക്കോട്ടു വന്നുചേര്‍ന്നതിലുള്ള ചാരിതാര്‍ത്ഥ്യം വ്യഞ്ജിപ്പിക്കുന്നു. മല്ലികാമാരുതത്തിനു് ആന്ധ്രഭാഷയില്‍ ഒരു തര്‍ജ്ജമയുണ്ടു്.

കോകിലസന്ദേശം

ശുകസന്ദേശത്തിനു് അടുത്ത പടിയില്‍ നില്ക്കുന്നതും ദക്ഷിണാത്യങ്ങളായ ഇതരസന്ദേശങ്ങളെയെല്ലാം ജയിക്കുന്നതുമായ ഒരു കാവ്യമാകുന്നു കോകിലസന്ദേശം. അതിലെ നായകന്‍ ശാസ്ത്രികളും നായിക ഞാന്‍ മുമ്പു സൂചിപ്പിച്ചതുപോലെ ചേന്നമങ്ഗലത്തു മാരക്കരവീട്ടിലെ ഒരു നായര്‍യുവതിയുമാണു്. പൂര്‍വഭാഗത്തില്‍ 92-ഉം ഉത്തരഭാഗത്തില്‍ 69-ഉം അങ്ങനെ 161 ശ്ലോകങ്ങള്‍ ഈ സന്ദേശത്തിലുണ്ടു്. നായകനും പ്രിയതമയുമായി സുഷുപ്തിസുഖം അനുഭവിക്കുമ്പോള്‍ ഒരു രാത്രിയില്‍ വരുണപുരത്തുനിന്നു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ വന്ദിയ്ക്കുവാന്‍ പോകുന്ന ചില സ്ത്രീകള്‍ നായകനെക്കൂടി അങ്ങോട്ടു കൊണ്ടുപോകുകയും ദേവിയുടെ കിങ്കിരനാല്‍ ആജ്ഞപ്തരായി അയാളെ അവിടെ വിട്ടിട്ടു മടങ്ങുകയും ചെയ്യുന്നു. അഞ്ചുമാസം നായകന്‍ അവിടെ കാമാക്ഷിയെ ഭജിക്കണമെന്നു് അശരീരിവാക്കുണ്ടായി. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍ വിരഹതാപം സഹിക്കുവാന്‍ അശക്തനായിത്തീര്‍ന്ന അയാള്‍ തന്റെ പ്രേമഭാജനത്തിനു് ഒരു കുയില്‍മുഖേന സന്ദേശമയയ്ക്കുന്നു.

ʻʻഗന്തവ്യസ്തേ ത്രിദിവവിജയീ മങ്ഗലാഗ്രേണ ദേശഃ
പ്രാപ്തഃ ഖ്യാതിം വിഹിതതപസഃ പ്രാഗ് ജയന്തസ്യ നാമ്നാ,
പാരേ ചൂര്‍ണ്ണ്യാഃ പരിസരസമാസീനഗോവിന്ദവക്ഷോ-
ലക്ഷ്മീവീക്ഷാവിവലനസുധാശീതളഃ കേരളേഷുˮ

എന്നു പ്രാപ്യസ്ഥാനം വര്‍ണ്ണിതമായിരിക്കുന്നു. കാഞ്ചീപുരം, പാലാറു്, അതിനുതെക്കുള്ള അഗ്രഹാരങ്ങള്‍, വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം ഇവ കടന്നിട്ടു വേണം സഹ്യപര്‍വ്വതത്തിലെത്തുവാന്‍. കവി ഇവിടെ സൂചിപ്പിയ്ക്കുന്ന അഗ്രഹാരങ്ങളിലൊന്നായിരിക്കണം അദ്ദേഹത്തിന്റെ ജന്മഭൂമിയായ ലാടപുരം.

ʻʻസാ വൈദഗ്ദ്ധീ ശ്രുതിഷു സ പുനസ്സര്‍വശാസ്ത്രാവഗാഹ-
സ്തച്ചാമ്ലാനപ്രസരസരസം നിഷ്കളങ്കം കവിത്വം
തത്രത്യാനാം കിമിഹ ബഹുനാ സര്‍വമേതല്‍ പഠന്തഃ
ശൃംഗേ ശൃംഗേ ഗൃഹവിടപിനാം സ്പഷ്ടയിഷ്യന്തി കീരാഃˮ

എന്ന പദ്യത്തില്‍ അദ്ദേഹം അവിടെയുള്ള ബ്രാഹ്മണരുടെ വിശ്വതോമുഖമായ മാഹാത്മ്യത്തെ സ്പഷ്ടമായി ഉദ്ഘോഷിക്കുന്നു. കേരളത്തില്‍ സഹ്യപര്‍വതം, തിരുനെല്ലി വിഷ്ണുക്ഷേത്രം, ചെറുമന്നത്തു ശിവക്ഷേത്രം, വടക്കന്‍കോട്ടയം ഇവയെയാണു് ശാസ്ത്രികള്‍ ആദ്യമായി സ്മരിക്കുന്നതു്. കോട്ടയത്തെ ʻʻഉച്ചൈസ്സൗധൈരുഡുഗണഗതീരൂര്‍ദ്ധ്വമുത്സാരയന്തീം ഫുല്ലാരാമാം പ്രവിശ പുരളീക്ഷ്മാഭൃതാം രാജധാനീംˮ എന്നും, അവിടത്തെ രാജഭക്തന്മാരെ

ʻʻയേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ, യദുപജ്ഞം ച കൗമാരിളാനാം
യുദ്ധേ യേഷാമഹിതഹതയേ ചണ്ഡികാ സന്നിധത്തേ
തേഷാമേഷാം സ്തുതിഷു ന ഭവേല്‍ കസ്യ വക്‌ത്രം പവിത്രംˮ

എന്നും ആ രാജകുടുംബത്തിലെ സ്വാതി എന്ന വിദുഷിയും സുന്ദരിയുമായ കുമാരിയെ

ʻʻകേളീയാനക്വണിതരശനാ കോമളാഭ്യാം പദാഭ്യാ-
മാളീഹസ്താര്‍പ്പിതകരതലാ തത്ര ചേദാഗതാ സ്യാല്‍
സ്വാതീ നാമ ക്ഷിതിപതിസുതാ സേവിതും ദേവ മസ്യാ-
സ്സ്വൈരാലാപൈസ്തവ പിക, ഗിരാം കാപി ശിക്ഷാഭവിത്രീ.

താമായാന്തീം സ്തനഭരപരിത്രസ്തഭുഗ്നാവലഗ്നാം
സ്വേദച്ഛേദച്ഛുരിചവദനാം ശ്രോണിഭാരേണ ഖിന്നാം
കിഞ്ചിച്ചഞ്ചൂ കലിതകലികാശീഥുഭാരേണ സിഞ്ചേ-
ശ്ചഞ്ചച്ചില്ലീചലനസുഭഗാന്‍ലപ്സ്യസേऽസ്യാഃ കടാക്ഷാന്‍.ˮ

എന്നും പ്രശംസിയ്ക്കുന്നു. ഈ സ്വാതീകുമാരിയെപ്പറ്റി ഞാന്‍ വീണ്ടും പ്രസ്താവിക്കും. പിന്നീടു കുയില്‍ പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തില്‍ചെന്നു ശിവനെ തൊഴണമെന്നാണു് കവി ഉപദേശിയ്ക്കുന്നതു്. കാളിദാസനു് ഉജ്ജയിനി എങ്ങനെയോ അങ്ങനെയാണു് ശാസ്ത്രികള്‍ക്കു പെരുഞ്ചെല്ലൂര്‍. ʻʻസമ്പദ്ഗ്രാമം യദിന ഭജസേ ജന്മനാ കിം ഭൃതേന?ˮ എന്നു് അദ്ദേഹം ചോദിക്കുന്നു. ആ ക്ഷേത്രത്തില്‍ ʻപരിചിതനമസ്കാരജാതശ്രമʼന്മാരായ നമ്പൂതിരിമാരുണ്ടെന്ന ചൂണ്ടിക്കാണിച്ചുകൊണ്ടു് അവിടത്തെ ദേവനെ താഴെ ഉദ്ധരിക്കുന്ന ശ്ലോകം ചൊല്ലി വന്ദിക്കണമെന്നു പറയുന്നു:

ദിവ്യൈശ്വര്യം ദിശസി ഭജതാം, വര്‍ത്തസേ ഭിക്ഷമാണോ:
ഗൗരീമങ്കേ വഹസി, ഭസിതം പഞ്ചബാണം ചകര്‍ത്ഥ;
കൃത്സ്നം വ്യാപ്യസ്ഫുരസി ഭുവനം, മൃഗ്യസേ ചാഗമാന്തൈഃ;
കസ്തേ തത്വം പ്രഭവതി പരിച്ഛേത്തുമാശ്ചര്യസിന്ധോ!ˮ

അനന്തരം തൃച്ചമ്മരം, ശങ്കരാദ്യന്മാരായ കവീന്ദ്രന്മാര്‍ വസിക്കുന്ന കോലത്തുനാടു് ഇവ കടന്നു കുയില്‍ കോഴിക്കോട്ടേക്കുപോകണം. ആ നഗരത്തെപ്പറ്റിയുള്ള ശാസ്ത്രികളുടെ വര്‍ണ്ണനം അത്യുജ്ജ്വലമായിത്തീരുന്നതു് ആശ്ചര്യമല്ലല്ലോ. നോക്കുക അദ്ദേഹത്തിന്റെ അപ്രതിമമായ വാക്‍പ്രസരം:

ʻʻകുര്യാല്‍ പ്രീതിം തവ നയനയോഃ കുക്കുടക്രോഡനാമ
പ്രസാദാഗ്രോല്ലിഖിതഗഗനം പത്തനം തല്‍ പ്രതീതം;
യദ്ദോര്‍വീര്യദ്രഢിമകരദീഭൂതരാജന്യവീരാ-
ശ്ശുരാഗ്രണ്യശ്ശിഖരിജലധിസ്വാമിനഃ പാലയന്തി.
ഗേഹേ ഗേഹേ നവനവസുധാക്ഷാളിതം യത്ര സൗധം;
സൗധേ സൗധേ സുരഭികുസുമൈഃ കല്പിതം കേളിതല്പം;
തല്പേ തല്പേ രസപരവശം കാമിനീകാന്തയുഗ്മം;
യുഗ്മേ യുഗ്മേ സ ഖലു വിഹരന്‍ വിശ്വവീരോ മനോഭ്രഃ

വ്യര്‍ത്ഥം കര്‍ണ്ണേ നവകുവലയം വിദ്യമാനേ കടാക്ഷേ;
ഭാരോ ഹാരഃ സ്തനകലശയോര്‍ഭാസുരേ മന്ദഹാസേ;
യത്ര സ്നിഗ്ദ്ധേഷ്വപി കചഭരേഷ്വേണശാബേക്ഷണാനാം
മാദ്യല്‍ഭൃങ്ഗേ സതി പരിമളേ മങ്ഗളായ പ്രസൂനം.

യത്ര ജ്ഞാത്വാ കൃതനിലയനാമിന്ദിരാമാത്മകന്യാം
മന്യേ സ്നേഹാകുലിതഹൃദയോ വാഹിനീനാം വിവോഢാ
തത്തദ്ദ്വീപാന്തരശതസമാനീതരന്തൗഘപൂര്‍ണ്ണം
നൗകാജാലം മുഹുരൂപഹരന്‍ വീചിഭിഃ ശ്ലിഷ്യതീവ.

തത്സൗധാഗ്രേഷ്വരുണദൃഷദാം സാന്ദ്രസിന്ദൂരകല്പം
തേജഃപുഞ്ജം കിസലയധിയാ ചര്‍വിതും മാരഭേഥാഃ
ദൃഷ്ട്വാവാതായനവിനിഹിതൈര്‍ല്ലോചനാബ്ജൈ സ്തരുണ്യോ
വല്ഗദ്വക്ഷോരുഹമുപചിതൈര്‍ഹസ്തതാളൈര്‍ഹസേയുഃ.ˮ

അതിനുമേല്‍ തൃപ്രങ്ങോട്ടു ക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാക്ഷേത്രം, മാമാങ്കം, ചമ്രവട്ടത്തു ക്ഷേത്രം ഇവയെ അനുസ്മരിപ്പിച്ചുകൊണ്ടു കവി കുയിലിനെ വെട്ടത്തുനാട്ടിലേക്കു നയിക്കുന്നു. ആ ഘട്ടത്തില്‍ അദ്ദേഹം നമ്പൂതിരിമാരെ സ്തുതിയ്ക്കുന്ന ഒരു ശ്ലോകമുള്ളതു സര്‍വഥാ ഉദ്ധര്‍ത്തവ്യമാണു്:

ʻʻസര്‍വ്വോല്‍കൃഷ്ടാ ജഗതി വിദിതാഃ കേരളേഷു ദ്വിജേന്ദ്രാ;
വല്ലീകൗണ്യോസ്തദപി മഹിമാ കാപി മധ്യശ്രിതാനാം;
തത്രാപ്യസ്യാസ്സലിലപവനാ യത്ര യത്ര പ്രഥന്തേ
തേഷാന്തേഷാമതിശയജുഷശ്ശീലവിദ്യാനുഭാവാഃ.ˮ

ʻʻഈഷ്ടേ തേഷാം സ്തുതിഷു ന ഗുരുഃ കാ കഥാല്പീയസാം നഃˮ എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ആ പ്രസങ്ഗം ഉപസംഹരിക്കുന്നതു്. പിന്നെ ആഴ്‌വാഞ്ചേരിമന, മൂക്കോല, പോര്‍ക്കളം, തൃശ്ശൂര്‍, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പെരിയാര്‍ ഇവയെ കവി വര്‍ണ്ണിക്കുന്നു. പെരിയാറ്റിനു തെക്കാണു് കോകിലം പറന്നുചെന്നു പറ്റേണ്ട ചേന്നമംഗലം. ഇത്രയും പ്രസ്താവിച്ചതില്‍ നിന്നു സാഹിത്യസംബന്ധമായി മാത്രമല്ല, ചരിത്രസംബന്ധമായി നോക്കുമ്പോഴും കോകിലസന്ദേശം ഒരു അമൂല്യമായ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ.

നടാങ്കുശം

ചാക്കിയാന്മാരുടെ കൂടിയാട്ടത്തില്‍ കാണുന്ന അനൗചിത്യാദിദോഷങ്ങളെ ശക്തിയുക്തമായ ഭാഷയില്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രൗഢമായ ശാസ്ത്രഗ്രന്ഥമാകുന്നു നടങ്കുശം. ആ നിബന്ധത്തിന്റെ നാമധേയത്തില്‍നിന്നുതന്നെ അതു നടന്മാരെ നിയന്ത്രിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു വിശദമാകുന്നുണ്ടല്ലോ. അതിന്റെ പ്രണേതാവു് ഉദ്ദണ്ഡനാണെന്നു് ഐതിഹ്യമുണ്ടു്. ആ ഗ്രന്ഥത്തില്‍ അതിന്റെ പ്രണേതാവു തന്റെ അലങ്കാരനിഷ്ണാതത, അഭിനയകലാജ്ഞാനം, ന്യായശാസ്ത്രപാണ്ഡിത്യം, ഫലിതപ്രയോഗചാതുരി മുതലായ സിദ്ധികളെ നിസര്‍ഗ്ഗമനോഹരമായ രീതിയില്‍ പ്രകടിപ്പിക്കുന്നു. ഭരതന്റെ നാട്യശാസ്ത്രം, ധനഞ്ജയന്റെ ദശരൂപകം ഇവയെ ആശ്രയിച്ചാണു് അദ്ദേഹം വാദിക്കുന്നതു്. കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപകങ്ങളില്‍ ശാകുന്തളം, ചൂഡാമണി, നാഗാനന്ദം, സംവരണം, ധനഞ്ജയം, പ്രതിജ്ഞായൌഗന്ധരായണം, കല്യാണസൗഗന്ധികം ഇവയെ സ്മരിക്കുന്നുണ്ടു്. ചാക്കിയാന്മാര്‍ തങ്ങളുടെ അഭിനയത്തില്‍ വൈകല്യങ്ങളുണ്ടെന്നു് അന്യന്മാര്‍ പറയുമ്പോള്‍ ʻʻനാസ്മല്‍ പ്രയോഗം ജാനന്തി മുഗ്ദ്ധാ ഏതേ ജനാഃˮ എന്നു് അവരെ പുച്ഛിക്കുന്നു എന്നും അതുകൊണ്ടു് അംഗുലീയാങ്കപ്രയോഗത്തിലേ സംശയങ്ങളെപ്പറ്റിത്തന്നെ ആദ്യമായി ചോദിക്കാമെന്നും പ്രസ്തുത വിമര്‍ശകന്‍ ഉപന്യസിച്ചുകൊണ്ടു മൂലത്തില്‍ കാണാത്ത മംഗലാചരണം അവര്‍ ചെയ്യുന്നതു് അനുപപന്നമാണെന്നു തെളിയിക്കുവാന്‍ ഉദ്യമിക്കുന്നു. ചൂഡാമണിയില്‍ ആദ്യത്തെ അങ്കത്തില്‍ മംഗലാചരണമുണ്ടല്ലോ എന്നാണു് സമാധാനമെങ്കില്‍

ʻʻപൂര്‍വമുല്‍പന്നനഷ്ടേന മുക്താഹാരേണ സമ്പ്രതി
കഥങ്കാരം കുരംഗാക്ഷ്യാഃ സ്തനഗ്രീവം വിഭൂഷ്യതേ?ˮ

എന്നു് അദ്ദേഹം മന്ദസ്മിതപൂര്‍വം ചോദിക്കുന്നു. വാചികാദ്യഭിനയചതുഷ്ടയാത്മകമാണു് നാട്യമെന്നു് ആചാര്യന്മാര്‍ വ്യവസ്ഥാപനം ചെയ്തിരിക്കുന്ന സ്ഥിതിക്കു ചാക്കിയാന്മാര്‍ ʻക്രിയʼ എന്നു പറയുന്ന നൃത്തത്തിന്റെ ആവശ്യമോ ഔചിത്യമോ അദ്ദേഹത്തിനു മനസ്സിലാകുന്നില്ല.

ʻʻക്രിയേയം ദേവതാപ്രീതിവിധയേ ജായതേ യദി
നാട്യാല്‍ പ്രാഗേവ നാന്ദീ തു പ്രയോക്തവ്യാ ഭവേദ്ധ്രുവം.ˮ

എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അതൊരാചാരമാണെന്നു പറയുന്നതായാല്‍ അതുകൊണ്ടു സഹൃദയന്മാര്‍ തൃപ്തരാകുകയില്ല.

ʻʻആചാരസ്യോപലബ്ധ്യൈവ ന സാധുത്വം വ്യവസ്ഥിതം;
കിഞ്ചാഗമേന യുക്ത്യാ വാ ലോകേച്ഛാലബ്ധജന്മനാ;
ന ത്വാചാരേണ തന്മൂലസ്മൃതിസംഭാവനാ ഭവേല്‍.ˮ

അതല്ല, പ്രമാണവാക്യമുണ്ടെന്നും എന്നാല്‍ അതു തങ്ങള്‍ക്കു അറിഞ്ഞുകൂടെന്നും പറയുന്നതിലും അര്‍ത്ഥമില്ല.

ʻʻഅസ്ത്യത്ര വചനം മൂലം തത്തു നാധിഗതം മയാ
ഇതി ചേന്നാട്യസാധുത്വേ വാദസ്തവ ന ശോഭതേ.ˮ

പ്രമാണവും യുക്തിയും വേണം.

ʻʻയുക്ത്യാ വിരഹിതം വാക്യം ന കിഞ്ചിദപി ശോഭതേ;
അഗ്നിനാ സിഞ്ചതീത്യേതല്‍ കഥം ഭവതി? ചിന്ത്യതാം.ˮ

ഗ്രന്ഥത്തിനും ʻക്രിയʼയ്ക്കും തമ്മിലുള്ള ഘടന ഹാരത്തിനും യതിയുടെ വക്ഷസ്സിനുമെന്നപോലെ യോജിപ്പില്ലാത്തതാണെന്നും

ʻʻഅഗാഹമാനാ സംബന്ധം പൂര്‍വേണ ച പരേണ ച
ഇയം സാധ്വീ ക്രിയാ മധ്യേ ത്രിശങ്കുരിവ വര്‍ത്തതേˮ

എന്നും

ʻʻഹനൂമാനിതി കൃത്വൈവം പ്രവേശേ വിഹിതേ പുനഃ
കഥാ ഹി യുക്താ; കിം യുക്തം ഗാത്രവിക്ഷേപസാഹസം?
തത്തന്നാമഗൃഹീതാനി പാത്രാണി പരിപശ്യതാം
പ്രേക്ഷകാണാം കഥാം മുക്ത്വാ നാന്യത്ര രമതേ മനഃˮ

എന്നും അദ്ദേഹം സ്വപക്ഷസാധനം തുടരുന്നു.

പൂര്‍വകഥകള്‍ വിസ്തരിച്ചു നടന്‍ അഭിനയിക്കുന്നതില്‍ ഗ്രന്ഥകാരനു വളരെ വൈരസ്യം തോന്നീട്ടുണ്ടു്. ഹനൂമാന്റെ ലങ്കാപ്രാപ്തിക്കു മുമ്പുള്ള കഥ സിദ്ധമാണെന്നും അത്തരത്തിലാണു് ശക്തിഭദ്രന്റെ രചനാപ്രകാരമെന്നും കവിയുടെ അഭിമതമാണു് നടന്‍ അനുസരിക്കേണ്ടതെന്നും, ʻʻന താവല്‍ കവിഭിര്‍ന്നാടകാദൗ നായകാനാം ചരിതമുല്‍പത്തേരേവ പ്രഭൃതിവിലയപര്യന്തമുപനിബധ്യതേˮ എന്നും ʻʻഏവഞ്ച കവിനാ യല്‍ സിദ്ധവല്‍ കൃത്വാ സമുപേക്ഷിതം സുഗ്രീവസംഗമാദിഹനൂമല്‍ സമുദ്രസന്തരണപര്യന്തം തദുപാദായ വിസ്താരയിതും അയമുപക്രമസ്സുതരാം ന യുക്തം; ലങ്കാവലോകനരഭസവിശേഷിതഹരി വിശേഷസമുന്മേഷദര്‍ശനേ പ്രേക്ഷകാണാം ന കിഞ്ചിദപി പൂര്‍വവൃത്താന്തേ മനോ വലതേˮ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഭിനയകലയുടെ തത്വമെന്തെന്നു് ആ നിരൂപകന്‍ അടിയില്‍ കാണുന്ന ശ്ലോകത്തില്‍ വ്യവച്ഛേദിക്കുന്നു:

ʻʻവയോനുരൂപഃ പ്രഥമസ്തു വേഷോ; വേഷാനുരൂപശ്ച ഗതിപ്രചാരഃ;
ഗതിപ്രകാരാനുഗതഞ്ച പാഠ്യം; പാഠ്യാനുരൂപോऽഭിനയശ്ച കാര്യഃ.ˮ

മന്ത്രാങ്കത്തില്‍ വസന്തകന്‍ മലയാളത്തില്‍ സംസാരിക്കുന്നതു തന്നെ ശരിയല്ലെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. അഭിനയത്തില്‍ കണ്ടുമുട്ടുന്ന അനൌചിത്യങ്ങള്‍ക്കു് അദ്ദേഹം വേറേയും ചില ഉദാഹരണങ്ങള്‍ എടുത്തു കാണിക്കുന്നു:

ʻʻസന്തി പ്രാവൃഷി പദ്മാനി കശ്മീരേഷ്വിവ നാടകേ
പ്രയുക്താത്രാംബുജോദ്ഭൂതിര്‍ന്ന ഭവേദ്വിദുഷാം മുദേ.
സിംഹളദ്വീപവൃത്താന്തമാത്രമാലോകയന്‍ സുധീഃ
സഹകാരാങ്കുരൈരേവ ഘനകാലം പ്രശംസതി.ˮ

ഇത്യാദി ശ്ലോകങ്ങള്‍ നോക്കുക. ചുരുക്കത്തില്‍ അനാവശ്യകമായ വര്‍ണ്ണനം അത്യന്തം രസഭംഗഹേതുകമെന്നാണു് അദ്ദേഹത്തിന്റെ മതം.

ʻʻഇത്ഥമംഗാന്യഭൂതസ്യ വസ്തുനോऽതിപ്രപഞ്ചനം
പ്രകൃതാര്‍ത്ഥലതാമൂലേ കുഠാരപതനം സ്ഫുടം.ˮ

ഒടുവില്‍ തങ്ങളുടെ അഭിനയത്തിന്റെ സാധുത്വം യുക്തികൊണ്ടു സമര്‍ത്ഥിക്കാവുന്നതല്ലെന്നും പ്രയോഗമാത്രശരണന്മാരാണ് തങ്ങളെന്നും ചാക്കിയാന്മാര്‍ക്കു സമ്മതിക്കേണ്ടിവരുമെന്നു് അദ്ദേഹം വാദിക്കുന്നു. അങ്ങിനെയാണെങ്കില്‍

ʻʻകിന്നിമിത്തമിദം നാട്യം, കിംപ്രകാരം, കിമാശ്രയം,
ഇതി കിഞ്ചിന്ന ജാനന്തി പ്രയോക്താരോപ്യമീ ജനാഃ
ഉക്തമാത്രം ഗൃഹീത്വാ തല്‍പ്രയോഗേ ഗൗരവം യദി
ബഹുമാനോയമസ്മാഭിശ്ശുകേഷു വിനിവേശ്യതേ.ˮ

എന്നു് അദ്ദേഹം അവരെ പുച്ഛിക്കുന്നു.

മേല്‍ക്കാണുന്ന വിവരണത്തില്‍നിന്നു നാടാങ്കുശം ഒരു വാദഗ്രന്ഥമാണെങ്കിലും അതില്‍നിന്നു് അഭിനയത്തെസ്സംബന്ധിച്ചു പല സൂക്ഷ്മങ്ങളായ രഹസ്യങ്ങളും അനുവാചകന്മാര്‍ക്കു ഗ്രഹിക്കാവുന്നതാണെന്നും കൂടിയാട്ടച്ചടങ്ങു കാലോചിതമായി പരിഷ്കരിക്കണമെന്നു് അതിന്റെ പ്രണേതാവിനു് അഭിസന്ധിയുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. ʻʻഒട്ടുകുറേ ദിവസമാടേണ്ടുകില്‍ അതിനു തക്കവണ്ണം കാലദേശാവസ്ഥകള്‍ക്കു പിടിക്കുമാറു ചുരുക്കി ആടിക്കൊള്ളൂˮ എന്നൊരു വിധി ചില നാടകങ്ങളുടെ ആട്ടപ്രകാരങ്ങളില്‍ കാണുന്നുണ്ടു്; അങ്ങനെയൊരു പരിഷ്കാരത്തിനു പഴുതുണ്ടാക്കിയതു പ്രസ്തുത നിബന്ധത്തിലെ നിശിത വിമര്‍ശനമായിരിക്കുമോ എന്നു ഞാന്‍ ശങ്കിക്കുന്നു.

ഉദ്ദണ്ഡന്റെ മുക്തകങ്ങള്‍

ഉദ്ദണ്ഡശാസ്ത്രികളും ചേന്നാസ്സുനമ്പൂരിയും തമ്മിലുള്ള മൈത്രിയെപ്പറ്റി മുന്‍പു സൂചിപ്പിച്ചുവല്ലോ. നമ്പൂരിയുടെ തന്ത്രസമുച്ചയത്തില്‍ ശാസ്ത്രികളുടെ ഒരു ശ്ലോകവും മറ്റൊരു ശ്ലോകത്തിന്റെ പകുതിയും കടന്നുകൂടീട്ടുണ്ടു്. ആദ്യത്തേതു പത്താം പടലത്തില്‍ ദേവനെ ആറാട്ടിന്നെഴുന്നള്ളിക്കുമ്പോള്‍ സ്ത്രീകള്‍ വിളക്കെടുത്തു് അനുഗമനം ചെയ്യേണ്ടകാര്യം വര്‍ണ്ണിക്കുന്നതാണു്:

ʻʻശംഖപ്രേംഖച്ചടുലപടഹോത്താളതാളോരുഭേരീ-
രംഗച്ഛൃംഗോഡ്ഡമരഡമരൂരുദ്ദീപ്രവീണാപ്രവീണാഃ
ഢക്കാഡുക്കാവിരളമുരളീകര്‍മ്മഠാശ്ചാഭിയാന്തു
സ്ഫായദ്ദീപാസ്തമിഹ മഹിതോദ്ദാമഹേളാ മഹേളാഃ.ˮ

ʻʻക്വഥിതകഥിതവൃക്ഷത്വക്കരീഷം സുഗന്ധംˮ എന്ന ഭാഗമാണു് രണ്ടാമത്തേതു്.

ʻʻസ്വസ്മിന്‍ വേശ്മനി പൂര്‍ണ്ണവിശ്വവിഭവേ പൂജ്യാന്‍ സമാരാധയന്‍
പ്രേയസ്യാ ഗുണപൂര്‍ണ്ണയാ ഗുണവതാ പുത്രേണ മിത്രേണ ച
സാര്‍ദ്ധം പ്രാവൃഷി കേരളേഷു നിവസന്‍ ഭക്ത്യാ സമാകര്‍ണ്ണയന്‍
ലീലാം രാഘവകൃഷ്ണയോഃ ക്ഷപയതേ കാലം സ ധന്യോ ജനഃ.ˮ

എന്ന ശ്ലോകം അദ്ദേഹം നമ്പൂരിമാരുടെ ജീവിതരീതിയെ പ്രശംസിച്ചു കൂടല്ലൂര്‍ മനയ്ക്കല്‍വെച്ചു ചൊല്ലിയതാണു്. അവിടെ കുട്ടികളെ പഠിപ്പിച്ചു താമസിക്കാമോ എന്നു വലിയ നമ്പൂരിപ്പാടു ചോദിച്ചതിനു് ഉദ്ദണ്ഡന്റെ മറുപടി താഴെക്കാണുന്നതായിരുന്നു:

ʻʻവാചാ വാക്യപദപ്രമാണപദവീസഞ്ചാരസമ്പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൗഢസ്ത്രീരസികായ ബാലവനിതാസംഗഃകഥം രോചതേ?ˮ

കാക്കശ്ശേരിയുടെ രംഗപ്രവേശംവരെ ശാസ്ത്രികള്‍ കേരളത്തിലെ സകല പണ്ഡിതന്മാരോടും വാദത്തിലേര്‍പ്പെട്ടു് അവരെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. തൃക്കണ്ടിയൂര്‍ സുപ്രസിദ്ധനായ അച്യുതപ്പിഷാരടിയുടെ പൂര്‍വ്വനായി നാണപ്പപ്പിഷാരടി എന്നൊരു വൃദ്ധപണ്ഡിതന്‍ അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ചൊല്ലിയതാണു് ചുവടെ ഉദ്ധരിക്കുന്ന പദ്യം:

ʻʻധ്വന്യധ്വന്യധ്വനീനാഃ ഫണിപതിഭണിതാം-
ഭോധികുംഭീകുമാരാഃ
പ്രൗഢാഃ കേചില്‍ പ്രഥന്തേ പരഗുണകണികാ-
ശ്ലാഘിനസ്താന്‍ നമാമഃ;
പ്രത്യാഹാരഗ്രഹേപി ഭ്രമിതമതിരസൗ
കോപി സാഹിത്യവിദ്യാ-
കാണോ നാണപ്പനാമാ പ്രലപതു ജരാ-
സ്താവതാ മേ ന ഹാനിഃ.ˮ

മറ്റൊരു വിദ്വാന്‍ വാദത്തിനു വന്നപ്പോള്‍ ശാസ്ത്രികള്‍ അദ്ദേഹത്തെപ്പറ്റി

ʻʻഉദാത്തമദപിത്തളദ്വിരദരാജഗണ്ഡസ്ഥലീ-
വിദാരണവിനോദനക്ഷപിതവാസരഃ കേസരീ
കഥം നു കലഹക്രമം വിതനുതേ പരേതാടവീ-
പുരാണകുണപാശനപ്രകടിതാരവേ ഫേരവേ?ˮ

എന്ന പദ്യം ചൊല്ലുകയുണ്ടായി. താഴെച്ചേര്‍ക്കുന്ന പദ്യം ഊരകത്തു ദേവിയെപ്പറ്റിയുള്ളതാണു്:

ʻʻകാന്തഃ കപാലീ കഠിനഃ പിതാ തേ;
മേനേതി മാതുസ്തവ നാമധേയം;
കഥം നു ഭദ്രേ, വലയാലയസ്ഥേ,
വദാന്യതാ മാദൃശി ബോഭവീതു?ˮ

ഒരിക്കല്‍ കോഴിക്കോട്ടു തളിയില്‍ ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ നടയടച്ചിരുന്നതിനാല്‍ മാരാര്‍ കൊട്ടിക്കൊണ്ടിരുന്ന ഇടയ്ക്കയുടെ താളത്തിനൊപ്പിച്ചു് അവിടെവച്ചു ശാസ്ത്രികള്‍ പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് താഴെക്കാണുന്ന ഗാനഗന്ധിയായ പദ്യം:

ʻʻനൃത്യദ്ധൂര്‍ജ്ജടികരഗതഡമരുക-
ഡുമുഡുമുപടുരവപരിപന്ഥിന്യഃ,
കല്പക്ഷ്മാരുഹവികസിതകുസുമജ-
മധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധി-
ഘുമുഘുമുഘനരവമദമന്ഥിന്യഃ,
ശൈലാബ്ധീശ്വരനൃപവര, വിദധതു
ബുധസുഖമയി തവ വചസാം ശ്രേണ്യഃ.ˮ

ഓണം, കഞ്ഞി, പൈങ്ങ ഇവയെപ്പറ്റി യഥാക്രമം അദ്ദേഹം രചിച്ചിട്ടുള്ള മൂന്നു ശ്ലോകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻചോകൂയന്തേ പൃഥുകതതയശ്ചാപതാഡിന്യ ഉച്ചൈ,–
സ്സര്‍വാ നാര്യഃ പതിഭിരനിശം ലംഭയന്ത്യര്‍ത്ഥകാമാന്‍,
ബംഭ്രമ്യന്തേ സകലപുരുഷൈര്‍വല്ലഭാഭ്യഃ പ്രദാതും
ചിത്രം വസ്ത്രം; ശ്രവണകുതുകം വര്‍ത്തതേ കേരളേഷു.ˮ

ʻʻശുണ്ഠീകുണ്ഠീകൃതാംഭോഗതഗരിമഭരാം
പൈഠരീം ജാഠരാഗ്നേ–
സ്താപം നിര്‍വാപയന്തീം ശ്രമശമനകരീം
മായുജായൂഭവന്തീം
മൗദ്ഗ്ഗൈശ്ശല്ക്കൈഃ പരീതാം ഘൃതലവസുരഭിം
മണ്ഡിതാം കേരഖണ്ഡൈര്‍–
നൃണാം ശ്രാണാം സുരാണാം പുനരകൃത സുധാം
യസ്സ വേധാസ്സുമേധാഃ.ˮ

ʻʻതൃഷ്ണാകൃന്തി ബൃഹന്തി ചാമൃതരസസ്രുതി ശ്രമോല്‍കൃന്തി ച
സ്ഫായല്‍സ്ഫിഞ്ജി തമാലപത്രമസൃണത്വഞ്ജി പ്രഭായുഞ്ജ്യപി
ഈഷദ്ദന്തനിപീഡനപ്രവിഗളദ്ബഹ്വംബുപൂഗീഫലാ-
ന്യന്യഃ കോ നു ലഭേല്‍ പ്രയാഗപതനപ്രോദ്ഭിദ്യ ദസ്ഥ്നോ നരാല്‍.ˮ

ʻʻഅനാരാധ്യ കാളീമനാസ്വാദ്യ വീടീംˮ എന്ന പദ്യം ശാസ്ത്രികളുടേതല്ലെന്നും തൊണ്ടമണ്ഡലം ഗോപാലകവിയുടെ ʻശാകിനീസഹകാരംʼ എന്ന ചമ്പുവിലുള്ളതാണെന്നും ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ടു്. സാമൂതിരിപ്പാട്ടിലെ സ്യാലനെപ്പറ്റി ഒരിക്കല്‍ കുപിതനായി അദ്ദേഹം നിര്‍മ്മിച്ചതാണു്.

ʻʻചതുരം തുരഗം പരിവര്‍ത്തയസേ;
പഥി പൗരജനാന്‍ പരിമര്‍ദ്ദയസേ;
ന ഹി തേ ഭുജഭാഗ്യഭവോ വിഭവോ,
ഭഗിനീഭഗഭാഗ്യഭവോ വിഭവഃ.ˮ

എന്ന ഭര്‍ത്സനപദ്യം. ആ കഥയറിഞ്ഞിട്ടും അദ്ദേഹത്തോടു യാതൊരപ്രിയവും തോന്നാത്ത ആ മഹാരാജാവിന്റെ വിദ്വല്‍ പക്ഷപാതത്തെ എത്ര പുകഴ്ത്തിയാലാണു് മതിയാകുക; ഒരവസരത്തില്‍ ശാസ്ത്രികള്‍ മൂക്കോലക്ഷേത്രത്തില്‍ തൊഴാന്‍ ചെന്ന അവസരത്തില്‍

ʻʻസംഭരിതഭൂരികൃപമംബ, ശുഭമംഗം
ശുംഭതു ചിരന്തനമിദം തവ മദുന്തഃ

എന്നൊരു വന്ദനശ്ശോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം ചൊല്ലുകയും അടുത്തുനിന്നിരുന്ന കവിചിന്താമണികാരനായ കരുണാകരപ്പിഷാരടി

ʻʻജംഭരിപുകുംഭിവരകുംഭയുഗഡംഭ-
സ്തംഭികുചകുംഭപരിരംഭപരശംഭു.ˮ

എന്നു് അതു നിഷ്‌പ്രയാസം ഒന്നുകൂടി ഉജ്ജ്വലമായ ശൈലിയില്‍ പൂരിപ്പിക്കുന്നതു കേട്ടു ʻʻകോയം കവിമല്ലഃˮ എന്നു് അത്ഭുതപരവശനായി ചോദിക്കുകയും ʻʻഅയം ദേവ്യാഃ കരുണാകരഃˮ എന്നു പിഷാരടി മറുപടി പറയുകയും ചെയ്തതായി ഒരൈതിഹ്യമുണ്ടു്. മറ്റൊരവസരത്തില്‍ ഉദ്ദണ്ഡന്‍ തളിയില്‍ ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ ഒരു പദ്യത്തിന്റെ താഴെ ഉദ്ധരിക്കുന്ന മൂന്നു പാദം ഉണ്ടാക്കിച്ചൊല്ലി:

ʻʻവീണാലസന്മണിഖലായ നമോസ്തു തസ്മൈ
വീണാഘൃണാജിനവതേ തൃണിനേ തൃണായ
അര്‍ദ്ധോയമീശ്വരനമസ്കൃതയേ കഥം സ്യാല്‍?ˮ

എന്നു മുഖമണ്ഡപത്തില്‍ ജപിച്ചുകൊണ്ടിരുന്ന നമ്പൂരിമാരോടു് ഒരു ചോദ്യമായിരുന്നു അതു്. അന്നുവരെ അരക്കവിയായി മാത്രം സാമൂതിരിപ്പാട്ടിലെ സദസ്യകുഞ്ജരന്മാര്‍ കരുതിയിരുന്ന പുനം ഉടനെ

ʻʻഅസ്യോത്തരോക്തിമവിദന്നപി കീദൃശസ്സ്യാല്‍?ˮ

എന്നു പ്രസ്തുത പദ്യം പൂരിപ്പിച്ചു് ആ ചോദ്യത്തിനു പ്രത്യുത്തരം നല്കി. ʻവിഷണ്ണഃʼ എന്ന ശബ്ദമാണു് അദ്ദേഹം ധ്വനിപ്പിച്ചതു്. ആറു ണകാരമില്ലാത്തത് എന്നുകൂടി ആ ശബ്ദത്തിന് അര്‍ത്ഥമുണ്ടല്ലോ. ʻʻവ്യാലസന്മേഖലായ, വ്യാഘ്രാജിനവതേ, ത്രിനേത്രായ തസ്മൈ നമോസ്തുˮ എന്നര്‍ത്ഥം.

ശാസ്ത്രികള്‍ ഗര്‍വിഷ്ഠനായിരുന്നു എന്നു ചിലര്‍ ഉപരിപ്ലവമായി അഭിപ്രായപ്പെടാറുണ്ടു്. അദ്ദേഹത്തിനു തന്റെ സര്‍വതോമുഖമായ പാണ്ഡിത്യപ്രകര്‍ഷത്തെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. വൈയാകരണഖസൂചികളെയും മീമാംസകദുര്‍ദുരൂഢന്മാരെയും മറ്റും പറ്റി അളവറ്റ പുച്ഛവുമുണ്ടായിരുന്നു. എന്നാല്‍ ബഹുമതി അതെവിടെ അര്‍ഹിക്കുന്നുവോ അവിടെ മുക്തഹസ്തമായി സമര്‍പ്പിക്കുവാന്‍ ആ വിശാലഹൃദയന്‍ എപ്പോഴും സന്നദ്ധനായിരുന്നു. ʻʻഅഭിനന്ദന്നന്തര്‍വാണീന്‍ˮ എന്നു് അദ്ദേഹം തന്നെക്കുറിച്ചു മല്ലികാമാരുതത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു് ഏറ്റവും പരമാര്‍ത്ഥമാകുന്നു.

സ്വാതീചാടു

വടക്കന്‍ കോട്ടയത്തു രാജകുടുംബത്തിലെ സ്വാതി എന്ന രാജകുമാരിയെ ഉദ്ദണ്ഡന്‍ കോകിലസന്ദേശത്തില്‍ പ്രശംസിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. ആ മഹതിയുടെ അപദാനങ്ങളെ പ്രപഞ്ചനം ചെയ്യുന്ന കുറെ മനോഹരങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ ഞാന്‍ സാഹിത്യപരിഷത്ത്രൈമാസികത്തിന്റെ സപ്തമസഞ്ചികയില്‍ ഉദ്ധരിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ നിര്‍മ്മാതാവു് ആരെന്നറിയുന്നില്ല. കവിതയുടെ ശൈലി കണ്ടാല്‍ ഉദ്ദണ്ഡന്റേതാണെന്നു തോന്നും. പ്രസ്തുത മുക്തകങ്ങളില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ʻʻപ്രഖ്യാതാ പുരളീശവംശകലശാംഭോധേസ്സമുന്മീലിതാ
സ്വാതീകല്പലതാ വിഭാതി സുമനസ്തോമപ്രിയംഭാവുകാ,
രാഗൈഃ പല്ലവിതാ, സ്മിതൈഃ കുസുമിതാ, കേശൈശ്ച ലോലംബിതാ,
കാന്ത്യാ കോരകിതാ, രതേന ഫലിതാ, കാമേന ചോപഘ്നിതാ.ˮ
ʻʻകേചിത്തേ കഥയന്തി മന്ദഹസിതം കീര്‍ത്ത്യങ്കുരം മാന്മഥം;
സ്വാതി, സ്ഫീതമനോഗധര്‍മ്മലതികോദ്ഗച്ഛദ്ഗുളുച്ഛം പരേ;
ഏതേ കേപി വയന്തു മഞ്ജുരസനാരംഗസ്ഥലീചന്ദ്രമ-
സ്സ്വൈരോജ്ജാഗരശാരദാതനുമഹസ്സ്യന്ദം ബഹിഃസ്പന്ദിതം.ˮ

ʻʻദൃഗഞ്ചലമിദം ചലം കിമിതി രഞ്ജിത; കിഞ്ച തേ
നികുഞ്ചിതതരേ ഭ്രുവൗ; നിബിഡകമ്പി ബിംബാധരം;
അഹന്തു ന പരാംഗനാഹ്വയമവാദിഷം സ്വാതി, ത-
ന്ന മന്തുരിഹ വിദ്യതേ; നനു കലാവതീ ത്വം പ്രിയേ?ˮ

ʻʻശൃംഗാരജീവനകലേ സംഗീതപരദേവതേ
സാഹിത്യരസമര്‍മ്മജ്ഞേ ജീവ സ്വാതി! ശതം സമാഃ.ˮ

ʻʻഹംഹോ! ഭാഗ്യമനര്‍ഗ്ഗളം മമ; യതസ്സ്വാതീ! സുധാഭാഷിണീ
ശ്രുത്വാ മദ്ഭണിതിം സുഗന്ധിഘുസൃണപ്രാരബ്ധപത്രാങ്കുരാല്‍
വക്ഷോജാദവകൃഷ്ടബാലതരണിപ്രോദ്യന്മഹഃ കന്ദളീ-
കുട്ടാകദ്യുതികോമളാംശുകയുതം പട്ടാംശുകം പ്രാദിത.ˮ

ശ്രീദേവീപ്രശസ്തി

ആയിടയ്ക്കുതന്നെ ചേന്നമംഗലത്തു ശ്രീദേവി എന്നൊരു നായികയെപ്പറ്റിയും ഏതോ ഒരു കവി ചില പ്രശസ്തിപദ്യങ്ങള്‍ രചിച്ചിട്ടുണ്ടു്. അവയില്‍ രണ്ടെണ്ണം ചുവടേ ചേര്‍ക്കുന്നു:

നീരന്ധ്രാസു ജയന്തമംഗലമഹാദേശൈകഭൂഷാമണേഃ
ശ്രീദേവ്യാശ്ചികുരാടവീഷു സുചിരം സഞ്ചാര്യ പഞ്ചാശുഗഃ
ആനീയ സ്നനഭൂധരദ്വയമധശ്ശൂന്യേ പ്രദേശേ ബലാ-
ച്ചേതശ്ചോരിതവാനതീവ രുചിരം നേതും നിജം മന്ദിരം.ˮ

ʻʻശ്രീദേവീം സ്തനഭാരമന്ഥരഗതിം സന്ധ്യാസു സേവാഗതാം
ദൃഷ്ട്വാ ചമ്പകദാമകോമളതരാം ജാതാനുരാഗോദയഃ
വ്യാമൂര്‍ച്ഛല്‍പുളകാഞ്ചിതാംഗലതികോ വിസ്രസ്തപീതാംബരോ
നാമൈക്യവ്യപദേശവാനനുനയത്യംഭോധികന്യാം ഹരിഃ.ˮ

ഇതുപോലെ വെട്ടത്തുനാട്ടിലെ ദേവി എന്നൊരു നായികയെ

ʻʻപ്രകാശപൃഥ്വീപഥികാ ഭവന്തഃ
പശ്യന്തു മേ വക്ഷസി കാമബാണാന്‍.ˮ

എന്ന പദ്യത്തില്‍ വിലാപരൂപേണ ഒരു കവി വാഴ്ത്തുന്നു.

അക്കാലത്തു കവികള്‍ വിദുഷികളായ നായികമാരെപ്പറ്റി വിശിഷ്ടങ്ങളായ ശൃംഗാരശ്ലോകങ്ങള്‍ വിരചിച്ചു സമര്‍പ്പിച്ചിരുന്നു. അതു കേവലം പാശ്ചാത്യര്‍ ʻPlatonic loveʼ എന്നു പറയുന്ന, ആത്മാവിനു് ആത്മാവിനോടുള്ള അലൈംഗികമായ പ്രണയത്തിന്റെ ഫലമായിരുന്നു. അത്തരത്തിലുള്ള ശ്ലോകങ്ങള്‍ ആ സ്ത്രീരത്നങ്ങള്‍ സ്വീകരിച്ചു്, പ്രസ്തുത കവികളെ സമുചിതങ്ങളായ സമ്മാനങ്ങള്‍ നല്കി അനുഗ്രഹിച്ചുമിരുന്നു. സ്വാതി പ്രശസ്തികാരനു് ഒരു പട്ടാംബരം ആ രാജകുമാരിയില്‍നിന്നു ലഭിച്ചതായി അദ്ദേഹംതന്നെ പ്രസ്താവിക്കുന്നതു നോക്കുക. ഏതാദൃശമായ പദ്യങ്ങളില്‍നിന്നു് അന്നത്തെ ജനസമുദായത്തിന്റെ ചാരിത്രപരിപാലനത്തെപ്പറ്റി അനുവാചകന്മാര്‍ക്കു യാതൊരു തരത്തിലുള്ള ദുശ്ശങ്കയും അങ്കുരിക്കേണ്ടതില്ല.

കാക്കശ്ശേരി ഭട്ടതിരി, ജനനം

ഉദ്ദണ്ഡശാസ്ത്രികള്‍ക്കു സര്‍വഥാ സമസ്കന്ധനായ ഒരു പ്രതിദ്വന്ദിയായിരുന്നു കാക്കശ്ശേരി ഭട്ടതിരി. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഒരൈതിഹ്യമുണ്ടു്. കേരളത്തില്‍ വന്നു തളിയില്‍ താനത്തില്‍ മാനവിക്രമമഹാരാജാവു നല്കിവന്നിരുന്ന കിഴികള്‍ മുഴുവന്‍ ശാസ്ത്രികള്‍ കരസ്ഥമാക്കുവാന്‍ തുടങ്ങിയപ്പോള്‍ നമ്പൂതിരിമാര്‍ക്കു ആ വിദേശീയന്റെ വിജയം അസഹ്യമായ അവമാനമായിത്തോന്നി. താനത്തിനു വിദ്വാന്മാരെ ചാര്‍ത്തുന്നതു പന്തീരാണ്ടിലൊരിക്കലാകയാല്‍ അടുത്ത ഊഴത്തിനുമാത്രമേ ശാസ്ത്രികള്‍ കിഴികള്‍ക്കു് അവകാശപ്പെടാവൂ എന്നു് അവര്‍ അദ്ദേഹത്തെക്കൊണ്ടു സമ്മതിച്ചു. പിന്നീടു കാക്കശ്ശേരിയില്ലത്തു് ഒരന്തര്‍ജ്ജനം ഗര്‍ഭം ധരിച്ചിരിക്കുന്നതായി അറിഞ്ഞു മന്ത്രജ്ഞന്മാരായ ചില നമ്പൂരിമാര്‍ അവിടെച്ചെന്നു ഗര്‍ഭസ്ഥനായ ശിശു അമാനുഷപ്രതിഭയോടുകൂടി ജനിക്കത്തക്കവണ്ണം പല സല്‍കര്‍മ്മങ്ങളും നടത്തി. അങ്ങനെ ജനിച്ച ഉണ്ണിയാണത്രെ ഭട്ടതിരി. ഈ ഐതിഹ്യം മുഴുവന്‍ വിശ്വസനീയമല്ല. പേര്‍ ദാമോദരന്‍ എന്നായിരുന്നു എന്നു് അദ്ദേഹംതന്നെ വസുമതീമാനവിക്രമം എന്ന നാടകത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്.

ദേശവും ഗുരുനാഥനും: പൊന്നാനി താലൂക്കില്‍ ബ്രഹ്മകുളം അംശത്തില്‍ കാക്കശ്ശേരി എന്നൊരു ദേശമുണ്ടു്. അവിടെ പണ്ടു് അതേ പേരില്‍ ഒരു നമ്പൂതിരിയില്ലമുണ്ടായിരുന്നു. ഇപ്പോള്‍ ആ ഇല്ലം അന്യംനിന്നു, സ്വത്തുക്കള്‍ മംഗലത്തു ഭട്ടതിരിയുടെ ഇല്ലത്തേയ്ക്കു് ഒതുങ്ങിയിരിയ്ക്കുന്നു. ശൈശവത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയി. ബലിപിണ്ഡം കൊത്തിത്തിന്നുവാന്‍ വരുന്ന കാക്കകളെ വേര്‍തിരിച്ചറിയുവാന്‍ സാധിച്ചതു കൊണ്ടാണു് ഉണ്ണിക്കു കാക്കശ്ശേരി എന്നു പേര്‍ വന്നതു് എന്നും മറ്റും പഴമക്കാര്‍ പറയുന്ന കെട്ടുകഥ ത്യാജ്യകോടിയില്‍ തള്ളേണ്ടതാകുന്നു. അദ്ദേഹം വസുമതീമാനവിക്രമത്തില്‍ തന്നെപ്പറ്റി ഇങ്ങനെ പറയുന്നുണ്ടു്: ʻʻഅസ്തി ദക്ഷിണാപദേ ഭൃഗുസംഭവ ചണ്ഡദോര്‍ദ്ദണ്ഡപാണ്ഡിത്യസാരേഷ്വിവ മൂര്‍ത്തിമത്ത്വേഷു കേരളേഷു, സതതതന്തന്യമാനസപ്തതന്തുധൂമധൂസരിതസത്യലോ കൈഃ കലികാലകാലുഷ്യകന്ദളദളനദര്‍ശിതമഹിമഭിര്‍മ്മഹീസു

രൈരധ്യാസിതേ, മുഗ്ദ്ധകീരകുലതുണ്ഡഖണ്ഡിതമാതുളുംഗഫല ശകലകിസലയിതമഹീതലേ, മദമന്ഥരബന്ധുരാക്ഷീ കുടിലഭ്രൂലതാവശംവദയുവകദംബകസേവ്യമാനോപവനേ, മന്ദമാരുതാധൂതപൂഗപാളീസിന്ദൂരിതാശാമൂലേ നിളാസഹചരീകൂലേ ദോഷാകരഖണ്ഡമണ്ഡിതശിഖണ്ഡശ്ചണ്ഡിമശാലിനിശിതനിജ ശൂലനിര്‍ഭിണ്ണദന്താവളാസുരചര്‍മ്മപരികര്‍മ്മിതകടീതടഃ, ശൈലാധിരാജതനയാദൃഢകഠോര കുചകുഡ്‌മളീപീഡിതോരഃസ്ഥലഃ, പ്രളയസമയമുദിതഹുതവഹബഹളകീലമാലാലോഹിതജടാഭാരഭരിതസുരതരംഗിണീവാതപോതപോഷിതഭൂഷാംഭുജംഗഃ പത്രരഥപരിവൃഢപരികല്പിതസപര്യാവിശേഷഃ സാക്ഷാദശോകപുരേശ്വരോ നാമ ജഗദവനജാഗരൂകോ ഭഗവാന്‍ പിനാകപാണിഃ.

അസ്ത്യദ്രികന്യാപതിപാദപീഠ-
വിചേഷ്ടമാനാശയപുണ്ഡരീകഃ
നാരായണാചാര്യ ഇതി പ്രരൂഢിം
പ്രാപ്തഃ പരാം പ്രാജ്ഞധിയാം പുരോഗഃ.

തസ്യ ചരണാരവിന്ദയുഗളീ ഗളിതരേണുപരമാണുപാതപൂതചേതനാസാരഃസാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ സതതസാഹിതീപരിചിതിവര്‍ദ്ധമാനവാണീവിലാസ സുരഭിലവദനേന്ദുശേഖരകുടുംബിനീകരുണാകടാക്ഷപാതവിജൃംഭമാണവൈഭവോയം കവിരസാധാരണമഹിമൈവ.ˮ

ഇതില്‍നിന്നു ഭട്ടതിരിയുടെ ഗുരുവായ നാരായണാചാര്യന്റെ ജന്മദേശം (അശോകപുരം) തിരുവേഗപ്പുറയായിരുന്നു എന്നും ഞാന്‍ മുമ്പൊരിക്കല്‍ പ്രസ്താവിച്ചതുപോലെ മാനവിക്രമമഹാരാജാവുതന്നെയാണു് അദ്ദേഹത്തെ ബാല്യംമുതല്ക്കേ പണ്ഡിതപദവിയില്‍ കയറ്റുന്നതിനു് ഉറ്റു ശ്രമിച്ചതെന്നും ആ ശ്രമം ഫലവത്തായി പരിണമിച്ചു എന്നും കാണാവുന്നതാണു്.

സഭാപ്രവേശവും ഉദ്ദണ്ഡനുമായുള്ള വാഗ്വാദവും: പന്ത്രണ്ടാമത്തെ വയസ്സില്‍ എന്നുള്ള ഐതിഹ്യാംശം അല്പം അവിശ്വാസ്യമാണെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ ഭട്ടതിരി തളിയില്‍ക്ഷേത്രത്തില്‍ പ്രവേശിച്ച് ഉദ്ദണ്ഡശാസ്ത്രികളുമായി വാദത്തിലേര്‍പ്പെട്ടു എന്നു സമ്മതിക്കാവുന്നതാണ്.

ʻʻന ച്ഛത്രം ന തുരംഗമോ ന വദതാം വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂ തദുഗ്ദോദധി-
പ്രേംഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ.ˮ

എന്ന ശ്ലോകമാണു് ഭട്ടതിരി ആദ്യമായി ചൊല്ലിയതു്. അതു കേട്ടു ശാസ്ത്രികള്‍

ʻʻഉക്തിപ്രത്യുക്തിമാര്‍ഗ്ഗക്രമപരിചയവാനസ്തി കശ്ചിദ്വിപശ്ചി-
ദ്യദ്യസ്മിന്‍ സ്വസ്തി തസ്മൈ ബുധവരസമിതൗ ബിഭ്യദഭ്യാഗതോഭൂല്‍
ഭാങ്കുര്‍വല്‍ഭേകകക്ഷിംഭരിഷു ഭയഭരോദ്ഭ്രാന്തഭോഗീന്ദ്രസുഭ്രൂ-
ഭ്രൂണഭ്രംശീ കിമംഭഃഫണിഷു പതഗരാഡ്സംഭ്രമീ ബംഭ്രമീതി?ˮ

എന്നു ഗര്‍ജ്ജിച്ചു. ഭട്ടതിരി വീണ്ടും

ʻʻവേദം ബഹ്വൃചമധ്യഗീഷി, കവിതാമപ്യാദൃഷി, വ്യാപൃഷി
ന്യായേ, വ്യാകരണം വ്യജൈഷി, വിഷമേ വൈശേഷികേ ക്ലേശിഷി,
മീമാംസാമപി പര്യവൈഷമുഭയീം, വ്യാഖ്യാഞ്ച സാംഖ്യം, സ്മൃതീ-
രഭ്യാസ്ഥം ശ്രദധാം പുരാണപദവീം, യോഗേ ച പര്യശ്രമം.ˮ

എന്നും

ʻʻശബ്ദവ്യാകൃതിനര്‍മ്മകര്‍മ്മണി പടീയസ്താ തവ സ്യാദ്യദി
ത്വം കസ്യാപി പദസ്യ ഭദ്രയ ദൃഢാം ദ്രാക്‍പ്രക്രിയോപക്രിയാം;
മീമാംസാരസമാംസളാ യദി ഗിരോ ന്യായോപികോദീര്യതാം;
തര്‍ക്കേ വാ യദി കര്‍ക്കശോസ്യനുമിതിം കാമപ്യനല്പീകുരു.ˮ

എന്നും

ʻʻകുര്‍വേ ഗര്‍വോദ്ധതസ്യ പ്രതിവദിതുരഹം
ഭാരതീമപ്യസാധ്വീം
സാധ്വീം സാധ്വീമസാധ്വീം ബുധവരസമിതൗ
ലക്ഷണേന ക്ഷണേന
മാനാഭാസം പ്രമാണം പ്രകൃതിഗതിവശാ-
ദപ്രമാണം പ്രമാണം
സച്ചാസത്തത്തഥാസന്നിശമയഥ ബുധാ
മച്ചരിത്രം വിചിത്രംˮ

എന്നും മറ്റും ഓരോ തരത്തില്‍ വീരവാദം ചെയ്തു. ഇങ്ങനെ അവര്‍ തമ്മില്‍ അനേകം ഉക്തി പ്രത്യുക്തികള്‍ നടന്നു. ʻആകാരോ ഹ്രസ്വഃʼ എന്നു ശാസ്ത്രികള്‍ ആക്ഷേപിച്ചപ്പോള്‍ ʻന ഹി ന ഹി അകാരോ ഹ്രസ്വഃ; ആകാരോ ദീര്‍ഗ്ഘഃʼ എന്നു കാക്കശ്ശേരി സമാധാനം പറഞ്ഞതായി കേട്ടിട്ടുണ്ടു്. പക്ഷേ ഈ കഥ വേദാന്തദേശികരുടെ ചരിത്രത്തോടും ഘടിപ്പിച്ചു കാണുന്നു. വാസ്തവത്തില്‍ ശാസ്ത്രികളെക്കാള്‍ ഭട്ടതിരി പ്രതിഭാവാനായിരുന്നു എങ്കിലും, ചതുശ്ശാസ്ത്രപണ്ഡിതനും പരിണതപ്രജ്ഞനുമായ അദ്ദേഹത്തോടു ശാസ്ത്രവാദങ്ങളില്‍ ഏര്‍പ്പെടുന്നതു സൂക്ഷിച്ചു വേണമെന്നറിവുണ്ടായിരുന്ന അദ്ദേഹം പ്രായേണ ദുര്യുക്തികള്‍ കൊണ്ടു വിജയം നേടുവാനാണു് ഉദ്യമിച്ചതു്. ഒടുവില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മഹാരാജാവു രഘുവംശത്തിലെ ആദ്യത്തെ ശ്ലോകത്തിനു രണ്ടു പേരോടും അര്‍ത്ഥം പറയുവാന്‍ ആവശ്യപ്പെടുകയും ശാസ്ത്രികള്‍ നാലു വിധത്തിലും ഭട്ടതിരി പത്തു വിധത്തിലും അര്‍ത്ഥം പറയുകയും ചെയ്തു. ശാസ്ത്രികള്‍ ഭട്ടതിരിയുടെ കുശാഗ്രബുദ്ധി കണ്ടു് ആശ്ചര്യപ്പെട്ടു, ʻതവ മാതാ പതിവ്രതാʼ എന്നു പറയുകയും അവിടെയും ഭട്ടതിരി ʻനഹി നഹിʼ എന്നു തര്‍ക്കുത്തരം ആവര്‍ത്തിക്കുകയും ചെയ്തു. അതെങ്ങനെയെന്നു നമ്പൂരിമാര്‍ ചോദിച്ചപ്പോള്‍ അല്പം ആലോചിച്ചു ʻʻസോമഃ പ്രഥമോ വിവിദേ, ഗന്ധര്‍വോ വിവിദ ഉത്തരഃ, തൃതീയോ അഗ്നിഷ്ടേ പതി, സ്തുരീയസ്തേ മനുഷ്യജന്മാˮ എന്ന ഋഗ്വേദം എട്ടാമഷ്ടകത്തില്‍ മൂന്നാമധ്യായം ഇരുപത്തേഴാം വര്‍ഗ്ഗത്തിലേ അഞ്ചാമത്തെ ഋക്കു പ്രമാണമായി ഉദ്ധരിച്ചു കാണിച്ചുവത്രേ. ഏതായാലും ഭട്ടതിരി അന്നത്തെ വാദത്തില്‍ വിജയം നേടി. ʻസാദ്ധ്വീമസാദ്ധ്വീംʼ എന്ന ശ്ലോകത്തില്‍ തനിയ്ക്കുണ്ടെന്നു ഘോഷിച്ച ശക്തിയാണു് ഭട്ടതിരി പ്രകൃതത്തില്‍ പ്രദര്‍ശിപ്പിച്ചതു്. മറ്റൊരവസരത്തില്‍ ശാസ്ത്രികള്‍ തനിയ്ക്കു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടെന്നു പ്രസ്താവിച്ചപ്പോള്‍ ഭട്ടതിരി ചൊല്ലിയതാണു്.

ʻʻഇന്ദ്രനീലേ ന രാഗോസ്തി; പദ്മരാഗേ ന നീലിമാ;
ഉഭയം മയി ഭാതീതി ഹന്ത! ഗുഞ്ജാ വിജൃംഭതേ.ˮ

എന്ന ശ്ലോകം. ഇങ്ങനെ പല വാദങ്ങളും ആ പണ്ഡിതമല്ലന്മാര്‍ തമ്മില്‍ നടത്തിയെങ്കിലും രണ്ടുപേര്‍ക്കും അന്യോന്യം അളവറ്റ ബഹുമാനമാണു് ഉണ്ടായിരുന്നതു്. രണ്ടു പേരുടേയും പുരസ്കര്‍ത്താവു പയ്യൂര്‍ മഹര്‍ഷിയായിരുന്നു എന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

അനന്തരചരിത്രം: ഭട്ടതിരി ദ്വിതീയാശ്രമം സ്വീകരിയ്ക്കുകയുണ്ടായില്ല. ക്രമേണ അദ്ദേഹം അദ്വൈതവേദാന്തിയായി, അതിവര്‍ണ്ണാശ്രമിയായി, അനാസക്തിയോഗം അനുഷ്ഠിച്ചു കൊണ്ടു പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ശുദ്ധാശുദ്ധങ്ങളിലും ഭക്ഷ്യാഭക്ഷ്യങ്ങളിലും അദ്ദേഹത്തിനു യാതൊരു നിഷ്കര്‍ഷയുമില്ലാതായിത്തീര്‍ന്നു. തന്നിമിത്തം പൂര്‍വ്വാചാരപരിപാലകന്മാരായ നമ്പൂരിമാര്‍ക്കു് അദ്ദേഹത്തെ സമുദായത്തില്‍നിന്നു ബഹിഷ്കരിയ്ക്കണമെന്നു് ആഗ്രഹമുണ്ടായി എങ്കിലും ആ ജീവന്മുക്തന്റെ തപഃപ്രഭാവത്തില്‍ ഭയമുണ്ടായിരുന്നതിനാല്‍ അവര്‍ അതിനു് ഒരുങ്ങിയില്ല. അക്കാലത്തു് ഒരിക്കല്‍ നേരം വൈകീട്ടും നിത്യകര്‍മ്മമായ സന്ധ്യാവന്ദനം ചെയ്യാതിരിയ്ക്കുന്നതു കണ്ടു ചില നമ്പൂരിമാര്‍ അദ്ദേഹത്തെ കളിയാക്കുകയും അപ്പോള്‍ അദ്ദേഹം ഉപനിഷദന്തര്‍ഗ്ഗതമായ

ʻʻഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം;
ഉദയാസ്തമയൗ ന സ്തഃ; കഥം സന്ധ്യാമുപാസ്മഹേ?ˮ

എന്ന ശ്ലോകം ചൊല്ലി അവരെ മടുപ്പിക്കുകയും ചെയ്തു. മറ്റൊരിക്കല്‍ പിതൃശ്രാദ്ധംപോലും ചെയ്യാത്ത അദ്ദേഹത്തെ മറ്റു ചില നമ്പൂരിമാര്‍ അധിക്ഷേപിച്ചപ്പോള്‍

ʻʻമൃതാ മോഹമയീ മാതാ; ജാതോ ജ്ഞാനമയസ്സുതഃ;
ശാവസൂതകസംബന്ധാദനര്‍ഹസ്സര്‍വകര്‍മ്മസു.ˮ

എന്നു വേറൊരു ഉപനിഷദ്ശ്ലോ‌കം ചൊല്ലി അവരേയും ലജ്ജിപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള സുപ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിനടുത്തായി ഭട്ടതിരിക്കു് ഒരു ഗൃഹമുണ്ടായിരുന്നു എന്നും ആ ക്ഷേത്രത്തില്‍ താന്‍ പ്രവേശിച്ചപ്പോള്‍ ചില നമ്പൂരിമാര്‍ക്കു് അതില്‍ വൈരസ്യം തോന്നുകയാല്‍ അദ്ദേഹം നാടുവിട്ടു പരദേശത്തേയ്ക്കു പോയി എന്നും പഴമക്കാര്‍ പറയുന്നു. അവിടെവെച്ചാണു് ʻʻആപദി കിം കരണീയം?ˮ എന്നൊരു നമ്പൂരി അദ്ദേഹത്തോടു ചോദിക്കുകയും ʻʻസ്മരണീയം ചരണയുഗളമംബായാഃˮ എന്നു് അദ്ദേഹത്തിന്റെ ഉത്തരം കേട്ടിട്ടു ʻʻതല്‍സ്മരണം കിം കുരുതേˮ എന്നു വീണ്ടും ചോദിക്കുകയും അതിനു് അദ്ദേഹം ʻʻബ്രഹ്മാദീനപി ച കിങ്കരീ കുരുതേˮ എന്നു വീണ്ടും മറുപടി പറയുകയും ചെയ്തതു്. മരണം പരദേശത്തുവച്ചായിരുന്നു. ചോറ്റാനിക്കരയ്ക്കു സമീപമുള്ള കീഴ്പ്പുറത്തു ഭട്ടതിരിയും പള്ളിപ്പുറത്തു ഭട്ടതിരിയും കാക്കശ്ശേരിയുടെ ശിഷ്യഗണത്തില്‍ പെട്ടവരായിരുന്നു. പള്ളിപ്പുറത്തു ഭട്ടതിരിയുടെ ഒരു മുക്തകമാണു് ചുവടെ ചേര്‍ക്കുന്നതു്:

ʻʻദ്വൈതേ ലക്ഷദ്വയാധീതീ ഹ്യദ്വൈതേ ലക്ഷപാരഗഃ;
അദ്യാപി വിദ്യാലാഭായ ജാഗര്‍മ്മ്യേവ ജരന്നപി.ˮ

ʻʻശാലികാനാഥവന്മൂഢഃˮ എന്ന അദ്ദേഹത്തിന്റെ മറ്റൊരു ശ്ലോകം ഞാന്‍ പ്രഭാകരനെപ്പറ്റിയുള്ള വിമര്‍ശനത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു്.

വസുമതീമാനവിക്രമം

കാക്കശ്ശേരിയുടെ കൃതിയായി ʻവസുമതീമാനവിക്രമംʼ എന്ന ഏഴങ്കത്തിലുള്ള ഒരു നാടകമല്ലാതെ മറ്റൊന്നും കണ്ടുകിട്ടീട്ടില്ല. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ അദ്ദേഹം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിയ്ക്കുന്നുണ്ടു്. മാനവിക്രമമഹാരാജാവു് മങ്ങാട്ടച്ചന്‍ എന്ന മന്ത്രിയുടെ പുത്രിയായ വസുമതിയെ വിവാഹം

ചെയ്യുന്നതാണു് കഥാവസ്തു. ഇതരനാടകങ്ങളിലെന്നപോലെ ഇതിലും നായികയ്ക്കും നായകനും പല ദുര്‍ഘടങ്ങളും തരണം ചെയ്യേണ്ടിവരുന്നു. പ്രസ്താവനയില്‍ത്തന്നെ മഹാരാജാവിനെപ്പറ്റി പ്രൗഢോദാത്തമായ ഒരു വര്‍ണ്ണനമുണ്ടു്. അതാണു് താഴെച്ചേര്‍ക്കുന്നതു്:

ʻʻഅദ്യ ഖല്വഹമാദിഷ്ടോസ്മി നിഖിലനരപതിനികരവി കടമകുടതടഘടിതമാണിക്യമണികിരണപല്ലവിതപദപാരിജാതസ്യ വിജയലക്ഷ്മീവിഹാരരംഗായമാണവക്ഷഃസ്ഥലസ്യ വിമതനരപതിവനിതാനിബിഡതരകുചകുംഭസംഭൃതകസ്തൂരികാ പത്രപടലികാപരിക്ഷേപപാരീണദോഃകാണ്ഡസ്യ ഖണ്ഡപരശുനിടിലതടഘടിതദഹനവിസൃമരജ്വാലാമാലാകോലാഹലാസ ഹിഷ്ണുപ്രതാപാനലാര്‍ച്ചിസ്സന്തതിനിരന്തരനീരാജിതബ്രഹ്മാണ്ഡ മണ്ഡലസ്യ പ്രചണ്ഡതരമന്ദരഗിരിഭ്രമണഘൂര്‍ണ്ണമാനദുഗ്ദ്ധാം ഭോനിധിതരംഗരിംഗണകലാനുഷംഗശൃംഗാരിയശഃപടീനിചോളിതദിഗ്വധൂസഞ്ചയസ്യ സരസിരുഹാസനവാമലോചനാനീരന്ധ്രബന്ധുരധമ്മില്ലമല്ലികാബഹളപരിമളഝരീപരീവാഹസാഹായ്യകദായികവിതാചാതുരീസമ്മോഹിതാഖിലവിദ്വജ്ജനസ്യ സജ്ജനസംസ്തൂയമാനഗുണഗണവിസ്മൃതപൂര്‍വനരപതികഥാ സന്താനസ്യ കമലാവിലോലനയനാഞ്ചലസഞ്ചാരഹേലാസങ്കേതമന്ദിരായമാണവദനസ്യ സന്താനചിന്താമണിസുരഭിവൈ കര്‍ത്തനമുഖവദാന്യനിവഹമഹിമനിഗമപഠനാനധ്യായ പര്‍വ്വണഃ ശര്‍വ്വരീസാര്‍വ്വഭൗമരുചിഗര്‍വ്വസര്‍വ്വങ്കഷസര്‍വ്വതോ മുഖസ്മിതചന്ദ്രികാ നിഷ്യന്ദാനന്ദപരിഷദഃ പരപരാക്രമപ്രക്രമഘോരാശനികല്പാന്തവലാഹകസ്യ വിശിഷ്ടതമധര്‍മ്മമന്ദരധാരണകലാകൂടസ്ഥകമഠസ്യ നിരുപമസൗന്ദര്യലക്ഷ്മീകലാപിനീവിലാസകേതുയഷ്ടേഃ അഷ്ടാദശദ്വീപസമാഗതസകലരത്നപരമ്പരാപരിപൂരിതനിജ നഗരബാഹ്യാളിന്ദനിഗളിതലക്ഷ്മീകരേണുകസ്യ രേണുകാതനയചരിത സാധര്‍മ്മ്യശാലിസഹസോപക്രമനിര്‍ജ്ജിതപരിപന്ഥി സഞ്ചയബാഷ്പപൂരാജ്യാഹുതിജാജ്വല്യമാനതേജഃപാവകസ്യ പര്‍വ്വതപാരാവാരപാകശാസനസ്യ ശ്രീവിക്രമക്ഷമാനായകസ്യ ആസ്ഥാനീകൃത പരിഹിണ്ഡിതേന പണ്ഡിതമണ്ഡലേന

ബാണാസാരപ്രസര്‍പ്പത്തുരഗഖരഖുരോ-
ദ്ധൂതധൂളീപയോദ-
വ്യാരുദ്ധാദിത്യരോചിഃപ്രചയപരിണമ
ദ്ദുര്‍ദ്ദിനാഭോഗഭീമാം
ഖേ ഖേലത്തുംഗശൃംഗധ്വജപടപടലീ-
സദ്വലാകാവലീകാം
സംഗ്രാമപ്രാവൃഷം യസ്സൃജതി നിജയശ-
സ്സസ്യ സമ്പത്സമൃദ്ധ്യൈ.

തസ്യ ചന്ദ്രചൂഡചരണസരസിജരുചിരരുചിമധുരമധുകബളനലോലുപലോലംബായമാനമാനസസ്യ, സംഗ്രാമാംഗണരിം ഖണവശംവദതുരഗഖരതരഖുരപുടവിപാടനദലിതധരണീതലോച്ചലിതവര്‍ദ്ധിഷ്ണുധൂളീപാളീകലുഷിതവിയത്സിന്ധുസലിലസ്യ, അസ്മത്സ്വാമിനഃ ശ്രീമാനവിക്രമസ്യ, ചരിതാനുബന്ധിദാമോ ദരകവിനിബദ്ധം കിമപി രൂപകോത്തമം.ˮ

ഈ ഗദ്യത്തില്‍നിന്നുതന്നെ ʻʻഅസ്ത്യസ്‌രാകമമന്ദമന്ദരഗിരിˮ ഇത്യാദി പ്രശംസ അദ്ദേഹത്തിന്റെ സൂക്തിക്കു യോജിച്ചതാണെന്നു ഭാവുകന്മാര്‍ക്കു ഗ്രഹിയ്ക്കാവുന്നതാണു്. പ്രസ്താവനയില്‍ത്തന്നെയുള്ള രണ്ടു പദ്യങ്ങള്‍കൂടി പ്രകൃതോപയോഗികളാകയാല്‍ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:

ʻʻഭോഭോസ്സല്‍കവയഃ ഖലാദ്രിപവയഃ ശൃണ്വന്തു സര്‍വ്വേ വചോ
മല്‍കം, യല്‍ കവിതാപഥേ മിതവചാസ്സോയം പ്രവൃത്തോ ജനഃ;
തല്‍ സര്‍വം കവിതാകുതൂഹലവശാന്ന ത്വാര്‍ഭടീവൈഭവാ-
ദിത്യേവം മനസാ വിചിന്ത്യ കരുണാമദ്ധാ കുരുധ്വം മയി.ˮ
ʻʻനേതാ സര്‍വ്വഗുണോത്തരഃ പുനരസൗ ശൈലാംബുരാശീശ്വരഃ;
പ്രൗഢോയഞ്ച കവിഃ പ്രശസ്തവചനസ്ഥേമാ സ ദാമോദരഃ;
ചിത്രം ചൈവ കഥാ സുധാലഹരികാസബ്രഹ്മചാരിണ്യഹോ;
രമ്യൈഷാ ച സഭാ സ്വഭാവമധുരാ തത്തദ്രസജ്ഞായിനീ.ˮ

ഭട്ടതിരിയുടെ കവിതാരീതി മനസ്സിലാക്കുവാന്‍ മറ്റു ചില ശ്ലോകങ്ങള്‍കൂടി ചുവടേ പകര്‍ത്താം.

(1) കാമികളുടെ സങ്കല്പം:
ʻʻഭ്രൂ വല്ലീ ചലിതേതി, പക്ഷ്മയുഗളീ സ്തബ്ധേതി, നേത്രാഞ്ചലം
പ്രാപ്താ ഹന്ത കനീനികേതി കിമപി സ്വിന്നൗ കപോലാവിതി
അന്തഃകമ്പവിജൃംഭിതം കുചയുഗം ചേതി ക്ഷണേ കാമിനാം
ജായന്തേ ഖലു കേപി കേപ്യഭിനവാസ്സങ്കല്പകല്പദ്രുമാഃ.ˮ

(2) സായംസന്ധ്യ:
ʻʻപാദാനാന്നവ പാരിഭദ്രസുഷമാപാടച്ചരാണാം ഗണം
കര്‍ഷന്നേഷ പയോനിധൗ പിപതിഷത്യഹ്നാമധീശസ്സ്വയം
കിഞ്ചൈഷാ ധൃതമാലഭാരിമഹിളാചില്ലീലതാചാതുരീം
ബിഭ്രാണാ വലതി ക്രമാദിതരദിങ്മൂലേ തമോലേഖികാ.ˮ

(3) നക്ഷത്രങ്ങള്‍:
ʻʻസ്ഫുരന്തി ഗഗനാംഗണേ നടനചണ്ഡചണ്ഡീപതി-
ഭ്രമഭൂമിതജാഹ്നവീസലിലബിന്ദുസന്ദേഹദാഃ
സ്മരോത്സവവശംവദത്രിദശവാരവാമേക്ഷണാ–
കുചത്രുടിതമൗക്തിഭ്രമദവിഭ്രമാസ്താരകാഃ.ˮ

(4) വിരഹിയായ നായകന്‍ മന്മഥനോടു്:
ʻʻബാണാംസ്തേ പുരഭേദിനോപിചതനുദ്വൈധീകൃതിപ്രക്രിയാ-
ധൗരേയാന്മയി മാ പ്രയുങ്‌ക്ഷ്വ ജഗതീനിര്‍ദ്വന്ദ്വകേളീഗുരോ,
ലജ്ജന്തേ ന കഥന്ന്വമീ മയി പുനര്‍മുക്ത്വാ പതന്തസ്ത്വായാ
ഫുല്ലന്മല്ലിഗുളുച്ഛകോമളതമസ്വാന്തേ നിതാന്താകുലേ?ˮ

(5) മന്ദവായു:
ʻʻഏതേ കുംഭസമുദ്ഭവപ്രണയിനീചൂളീഭരാന്ദോളനാഃ
ക്രീഡാഖിന്നഭുജംഗലോകഗൃഹിണീഘര്‍മ്മഛിദാകര്‍മ്മഠാഃ
ഈഷച്ചൂഷിതവാരിരാശിലഹരീമാലാചലദ്വിപ്രുഷഃ
കന്ദര്‍പ്പദ്വിപദര്‍പ്പദാനനിപുണാഃ ഖേലന്തി ബാലാനിലാഃˮ

(6) അഭിസാരികകള്‍:
ʻʻനീലക്ഷൗമമയീ വിഗുണ്ഠനപടീ, കസ്തൂരികാശ്യാമളൗ
വക്ഷോജൗ, ശ്രവസീ വിനിദ്രവലഭിന്നീലാശ്മതാടങ്കിനീ
പാണീ ഗാരുഡരത്നകങ്കണധരൗ; സ്ത്രീണാം തഥാപി സ്ഫുടം
ജ്ഞായന്തേ മുഖസൗരഭേണ മഹതാ കാന്താഭിസാരക്രമാഃ.ˮ

(7) ചന്ദോദയം:
ʻʻയല്‍ പ്രാഗഞ്ജനപങ്കരഞ്ജിതമിവ, പ്രാവൃട്പയോദാവലീ-
ഗാഢാശ്ലിഷ്ടമിവ, സ്മരാന്തകഗളച്ഛായൈരിവാപൂരിതം,
ലോലംബൈരിവ ചുംബിതം സമജനി ധ്വാന്താനുബന്ധാദഹോ
തല്‍ പശ്യാദ്യ വിപാണ്ഡരം വലഭിദസ്സഞ്ജായതേ ദിങ്മുഖം.ˮ

ʻകാളിദാസഹര്‍ഷരാജശേഖരʼ മുഖന്മാരായ മഹാകവികളെയാണു് ഭട്ടതിരി പ്രസ്താവനയില്‍ സ്മരിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിനു് അത്യധികം പഥ്യം മുരാരിയോടും രാജശേഖരനോടുമാണെന്നു് ഉദ്ധൃതങ്ങളായ ശ്ലോകങ്ങളില്‍നിന്നു ധരിക്കാവുന്നതാണു്. ഉദ്ദണ്ഡന്റെ കവിതയ്ക്കുള്ള മാധുര്യം ഭട്ടതിരിയുടേതിനില്ല. അതില്‍ ഓജസ്സാണു് സര്‍വോപരി പരിസ്ഫുരിക്കുന്നതു്. ആശയങ്ങളുടെ അചുംബിതത്വം, വിശിഷ്ടശബ്ദങ്ങളുടെ സമ്യക്‍ പ്രയുക്തത മുതലായ അംശങ്ങളില്‍ ഭട്ടതിരിയുടെ നാടകത്തിനു ഗണനീയമായ ഔല്‍കൃഷ്ട്യമുണ്ടു്. എന്നാല്‍ ആകെക്കൂടി നോക്കുമ്പോള്‍ മല്ലികാമാരുതത്തിനുതന്നെയാണു് അഭ്യര്‍ഹിതത്വം എന്നുള്ളതിനും സന്ദേഹമില്ല.

കാക്കശ്ശേരിയുടെ ഒരുഭാഷാശ്ളോകം

അതിബാല്യത്തില്‍ ഭട്ടതിരിയെ ഒരിക്കല്‍ മൂക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ തൊഴിയിയ്ക്കുവാന്‍ കൊണ്ടുപോയി. അപ്പോള്‍ അദ്ദേഹം ചൊല്ലിയതാണു് പ്രസിദ്ധവും അധോലിഖിതവുമായ ഭാഷാശ്ലോകം:

ʻʻയോഗിമാര്‍ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ
നാഴിയില്‍പ്പാതിയാടീല പലാകാശേന വാ ന വാˮ

യോഗിമാര്‍ പൊത്തുന്നതു മൂക്കു്; മൂക്കിന്റെ തുമ്പു മൂക്കുതല (മൂക്കോല); അവിടത്തെ ദേവി ഉരിയാടാത്തതു (പലാകാശം) ബഹുമാനം അഥവാ ഗര്‍വ്വംകൊണ്ടാണോ എന്നു ശങ്ക. ഇതാണു് ആ ശ്ലോകത്തിന്റെ അര്‍ത്ഥം. വികടപ്രയോഗങ്ങളില്‍ അദ്ദേഹത്തിനു ശൈശവത്തില്‍ത്തന്നെ പ്രാഗല്ഭ്യമുണ്ടായിരുന്നു എന്നു് ഈ ശ്ലോകം തെളിയിക്കുന്നു.

ഇന്ദുമതീരാഘവം

ഇന്ദുമതീരാഘവം എന്നൊരുനാടകത്തിന്റെ ഏതാനും ഭാഗം കണ്ടുകിട്ടീട്ടുണ്ടു്. അതു കാക്കശ്ശേരിയുടെ കൃതികളില്‍ ഒന്നാണെന്നു ഡോക്ടര്‍ കൃഷ്ണമാചാര്യര്‍ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ളതിനു് അടിസ്ഥാനമൊന്നുമില്ല. ഇന്ദുമതീരാഘവം ഒരു കേരളീയന്റെ കൃതിതന്നെ. പ്രസ്താവനയില്‍ ʻʻഅസ്തി കില കേരളേഷു സമസ്തദുശ്ചരിതവിധ്വംസിനീ, നിരസ്തമലവിപ്രകുല പരിക്രാന്തതടപ്രദേശാ, പ്രാചീനാമധേയാ സരില്‍പ്രവരാ.

ʻʻതസ്യാസ്തീരേ വിലസതിതരാം താരകാധീശമൗലേഃ
ക്ഷേത്രം; തത്ര പ്രഥിതയശസാമസ്തി വസ്ത്യം പവിത്രം
കൈലാസാനാ; മജനി രവിവര്‍മ്മാഭിധേയസ്തദീയേ
വംശേ വിദ്യാവിഹൃതിനിലയഃ പഥ്യബോധോ നരാണാം.ˮ

എന്നു പറഞ്ഞിരിക്കുന്നു. ഈ പ്രാചീനദി ഏതെന്നും അതിന്റെ തീരത്തില്‍ വസിച്ചിരുന്ന രവിവര്‍മ്മാവു് ആരെന്നും അറിയുന്നില്ല. രവിവര്‍മ്മാവു കൈലാസന്‍ (വാരിയര്‍) ആകുന്നതു് എങ്ങനെയെന്നു ചിന്ത്യമായിരിക്കുന്നു. അദ്ദേഹത്തെ ʻʻനിശ്ശേഷശബ്ദാംബുധിചുളുകയിതാ കുംഭസംഭൂതിരന്യഃˮ എന്നു കവിവാഴ്ത്തുകയും

ʻʻദേശികസ്യാസ്യ കരുണാമവലംബ്യ പരം ബലം
അകരോദ്രൂ പകമിദം കോപി ഭൂസുരബാലകഃˮ

എന്നു തുടര്‍ന്നുപന്യസിക്കുകയും ചെയ്യുന്നു. പറയത്തക്ക യാതൊരു ഗുണവുമില്ലാത്ത പ്രസ്തുത ശ്ലോകങ്ങളുടെ കര്‍ത്താവു കാക്കശ്ശേരിയല്ലെന്നു സഹൃദയന്മാരെ പറഞ്ഞുകേള്‍പ്പിക്കേണ്ടതില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായി ഒരു രവിവര്‍മ്മാവിനെപ്പറ്റി ആരും കേട്ടിട്ടുമില്ല.

ചേന്നാസ്സു നാരായണന്‍നമ്പൂരിപ്പാട്, തന്ത്രസമുച്ചയം

ചേന്നാസ്സു നാരായണന്‍നമ്പൂതിരിപ്പാട്ടിലെ ജനനം കൊല്ലം 603 മേടമാസത്തിലായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ കൃതിയായ തന്ത്രസമുച്ചയത്തിന്റെ പന്ത്രണ്ടാം പടലത്തില്‍ ലക്ഷ്യമുണ്ടു്;

ʻകല്യബ്ദേഷ്വതിയത്സു നന്ദനയനേഷ്വംഭോധിസംഖ്യേഷു യ-
സ്സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സവേദോന്വയേ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണ-
സ്സോയം തന്ത്രമിദം വ്യധാദ്ബഹുവിധാദുദ്ധൃത്യ തന്ത്രാര്‍ണ്ണവാല്‍.

***


ഇതി തന്ത്രസമുച്ചയേ ശ്രുതാര്‍ച്ചക്രമഗുപ്ത്യൈ രവിജന്മസമ്പണീതേ
പടലഃ പരിശിഷ്ടകര്‍മ്മവാദീ ദശമോഭൂദ്ദ്വിപുരസ്സരസ്സമാപ്തഃ.ˮ

ഈ ശ്ലോകങ്ങളില്‍ നിന്നു നമ്പൂരിപ്പാടു ജനിച്ചതു കലി 4529-ആം വര്‍ഷത്തിലാണെന്നും, അദ്ദേഹത്തിന്റേയും പിതാവിന്റേയും നാമധേയങ്ങള്‍ യഥാക്രമം നാരായണനെന്നും രവിയെന്നും ആയിരുന്നു എന്നും ഭൃഗുസംജ്ഞമാണു് (ഭാര്‍ഗ്ഗവം) അദ്ദേഹത്തിന്റെ ഗോത്രമെന്നും വിശദീഭവിക്കുന്നു. നമ്പൂരിപ്പാട്ടിലെ ഇല്ലം പൊന്നാനിത്താലൂക്കില്‍ വന്നേരിദേശത്തിലായിരുന്നു. ആ ഇല്ലം ഇപ്പോള്‍ ഗുരുവായൂരിലെ തന്ത്രിയുടെ കുടുംബത്തില്‍ ലയിച്ചിരിക്കുന്നു. ഒരു ശാഖ കൊച്ചി രാജ്യത്തു ചൊവ്വരയും താമസിയ്ക്കുന്നു. വേറേയും ചേന്നാസ്സു് എന്ന പേരില്‍ ഒന്നു രണ്ടില്ലങ്ങള്‍ വന്നേരിയിലുണ്ടത്രേ. തന്ത്രസമുച്ചയം രചിച്ചതു് 603-ല്‍ ആണെന്നു ʻകല്യബ്ദേഷുʼ എന്ന ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നില്ല. ʻʻഅതിയത്സു വൃത്തേഷു സവേദോന്വയേ സംഭൂതഃˮ എന്നു തന്ത്രസമുച്ചയവ്യാഖ്യാതാവായ വിവരണകാരനും ʻʻനാലായിരത്തഞ്ഞൂറ്റിരുപതു കലിയുഗസംവത്സരം കഴിഞ്ഞിരിക്കുമ്പോള്‍ കൊല്ലവര്‍ഷം 603-ആണ്ട് യാതൊരു ഗ്രന്ഥകാരന്‍ ഉണ്ടായിˮ എന്നു് അതേ ഗ്രന്ഥത്തിനു ഭാഷാവ്യാഖ്യാനം രചിച്ച കുഴിക്കാട്ടു മഹേശ്വരന്‍ഭട്ടതിരിയും പ്രസ്താവിച്ചിട്ടുണ്ടു്. കൊല്ലം 603-ല്‍ ആണു് സമുച്ചയനിര്‍മ്മിതി എങ്കില്‍ ആ ഗ്രന്ഥകാരനു മാനവിക്രമമഹാരാജാവിന്റെ സദസ്യനാകുവാന്‍ മാര്‍ഗ്ഗവുമില്ല. സമുച്ചയകാരന്റെ ഗുരു ദിവാകരന്‍ എന്നൊരു പണ്ഡിതനായിരുന്നു എന്നുള്ളതു് ʻഗുരുദിവാകരഭദ്രകടാക്ഷരുക്‍ʼ ഇത്യാദി ശ്ലോകത്തില്‍ അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ശിഷ്യനായ വിവരണകാരന്‍ പറയുന്നു. മുല്ലപ്പള്ളി ബ്‌ഭട്ടതിരിയും ചേന്നാസ്സു നമ്പൂരിപ്പാടും രാജാവിനെ ദുഷിച്ചു ചില ശ്ലോകങ്ങള്‍ ഉണ്ടാക്കുകയാല്‍ മുല്ലപ്പള്ളി തന്നെക്കാള്‍ പല യോഗ്യന്മാരുമിരിക്കേ മുമ്പില്‍ കടന്നു കിഴി വാങ്ങണമെന്നും ചേന്നാസ്സു തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നുമായിരുന്നു മാനവിക്രമന്റെ ശിക്ഷയെന്നാണല്ലോ ഐതിഹ്യം. അതു ശരിയാണെങ്കില്‍ മഹാരാജാവു മലയാളക്കരയിലെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ഒരു മഹാനുഗ്രഹമാണു് തന്മൂലം ചെയ്തതു്. എന്തെന്നാല്‍ ആ ആജ്ഞയുടെ വൈഭവത്താല്‍ തന്ത്രശാസ്ത്രത്തില്‍ പ്രകൃഷ്ടമായ പ്രാവീണ്യം സമ്പാദിച്ചിരുന്ന നമ്പൂരിപ്പാടു ബഹുവിധമായ തന്ത്രാര്‍ണ്ണവം മഥിച്ചു സമുച്ചയം എന്ന അമൃതകുംഭം ലോകത്തിനു നല്കുവാനിടവന്നു. സുമതിയുടെ വിഷ്ണുസംഹിത, ഈശാനഗുരുദേവപദ്ധതി, പ്രപഞ്ചസാരം, പ്രയോഗമഞ്ജരി, മയമതം, ക്രിയാസാരം മുതലായി അന്നുവരെ കേരളത്തില്‍ ഏതദ്വിഷയത്തില്‍ പ്രമാണീഭൂതങ്ങളായ പല ഗ്രന്ഥങ്ങളേയും അതു് ഉപജീവിക്കുകയും കബളീകരിക്കുകയും ചെയ്തു. ʻʻഅര്‍ച്ചാസ്ഥാനവിശുദ്ധീഃ കാശ്ചന ഗുരുശിക്ഷിതാസ്ത്വവോചാമˮ എന്ന വാക്യത്തില്‍നിന്നു തന്റെ ഗുരുനാഥന്റെ മുഖത്തുനിന്നു ഗ്രഹിക്കുവാനിടവന്ന ചില രഹസ്യങ്ങളും പ്രസ്തുത ഗ്രന്ഥത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നു കാണാം. പറയേണ്ടതു സംശയച്ഛേദകമായ രീതിയില്‍ സംക്ഷേപിച്ചു പറവാന്‍ നമ്പൂരിപ്പാട്ടിലേക്കുള്ള സാമര്‍ത്ഥ്യം പ്രത്യേകിച്ചും പ്രശംസാവഹമാണു്. സമുച്ചയത്തിലേ പന്ത്രണ്ടു പടലങ്ങളിലുമായി അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുള്ള 2896 പദ്യങ്ങളില്‍ ദേവാലയനിര്‍മ്മാണ പരിപാടികളും.

ʻʻശ്രീശേശസേശഹരിസുംഭജിദാംബികേയ-
വിഘ്നേശഭൂതപതിനാമവിഭിന്നഭൂമ്നഃ
വക്ഷ്യേ പരസ്യ പുരുഷസ്യ സമാനരൂപ-
മര്‍ച്ചാവിധിം സഹ പൃഥക്‍ ച വിശേഷയുക്തം.ˮ

എന്ന തന്റെ പ്രതിജ്ഞ അനുസരിച്ചു വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, സ്കന്ദന്‍, ഗണപതി, ശാസ്താവു് എന്നീ ഏഴു ദേവതകളുടെ അര്‍ച്ചാവിധിയും അദ്ദേഹം പ്രതിപാദിക്കുന്നു.

മാനവവാസ്തുലക്ഷണം

തന്ത്രസമുച്ചയത്തിനുപുറമേ മാനവവാസ്തുലക്ഷണം എന്നൊരു ഗ്രന്ഥംകൂടി ചേന്നാസ്സുനമ്പൂരിപ്പാടു രചിച്ചിട്ടുണ്ടു്. ഇതിനു മനുഷ്യാലയചന്ദ്രിക എന്നും പേരുണ്ടു്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവു്, ʻʻഅയം കവിഃ, മയാ തന്ത്രസമുച്ചയേ ദേവാലയലക്ഷണമുക്തം; മനുഷ്യാലയലക്ഷണം കത്രാപി നോക്തഞ്ച; തസ്മാദിദാനീം തന്ത്രസമുച്ചയാല്‍ കതിപയപദ്യാനി യഥാവകാശമുദ്ധൃത്യ തൈസ്സഹചതുശ്ചത്വാരിംശദ്ഭിഃ ശ്ലോകൈര്‍മ്മനുഷ്യാലയലക്ഷണം വക്ഷ്യാമീതതി നിശ്ചിത്യ തത്രാദൗ പ്രഥമേന ശ്ലോകേനേഷ്ടദേവതാനമസ്കാരം ചികീര്‍ഷിതപ്രതിജ്ഞാഞ്ചാഹˮ എന്നു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നാണു് ഈ വസ്തുത വെളിപ്പെടുന്നതു്. ശ്ലോകം അടിയില്‍ ചേര്‍ക്കുന്നു:

ʻʻപ്രണമ്യ വിശ്വസ്ഥപതിം പിതാമഹം
നിസര്‍ഗ്ഗസിദ്ധാമലശില്പനൈപുണം
മയാ വിവിച്യാഗമസാരമീര്യതേ
സമാസതോ മാനവവാസ്തുലക്ഷണം.ˮ

വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. പ്രസ്തുതഗ്രന്ഥത്തില്‍ നൂതനമായി നാല്പത്തിനാലു് ശ്ലോകങ്ങളേയുള്ളു. പിന്നീടു ശില്പരത്നത്തില്‍നിന്നു ചില ശ്ലോകങ്ങള്‍കൂടി എടുത്തു ചേര്‍ത്തു ഷട്പഞ്ചാശിക എന്ന പേരില്‍ അതു് ഏതോ ഒരു പണ്ഡിതന്‍ വികസിപ്പിച്ചിട്ടുള്ളതായും കാണുന്നു.

മനുഷ്യാലയനിര്‍മ്മാണത്തിനു യോഗ്യമായ പ്രദേശമേതെന്നു താഴെ കാണുന്ന ശ്ലോകത്തില്‍ നിര്‍ണ്ണയിച്ചിരിക്കുന്നു:

ʻʻഗോമര്‍ത്ത്യൈഃ ഫലപുഷ്പദുഗ്ദ്ധതരുഭിശ്ചാഢ്യാ സമാ പ്രാക്പ്ലവാ
സ്നിഗ്ദ്ധാ ധീരരവാ പ്രദക്ഷിണജലോപേതാശുബീജോദ്ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയജലാ തുല്യാ ച ശീതോഷ്ണയോഃ
ശ്രേഷ്ഠാ ഭൂരധമാ സമുക്തവിപരീതാ മിശ്രിതാ മധ്യമാ.ˮ

മാനവവാസ്തുലക്ഷണത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്; അതു് ആരുടെ കൃതിയെന്നറിയുന്നില്ല.

തന്ത്രസമുച്ചയവ്യാഖ്യകളും ശേഷസമുച്ചയവും

തന്ത്രസമുച്ചയത്തിനു വിമര്‍ശിനിയെന്നും വിവരണമെന്നും രണ്ടു പ്രസിദ്ധങ്ങളായ വ്യാഖ്യകളുണ്ടു്. ആദ്യത്തേതു ഗ്രന്ഥകാരന്റെ പുത്രനായ ശങ്കരന്‍നമ്പൂതിരിപ്പാട്ടിലേയും. രണ്ടാമത്തേതു ശിഷ്യനും കൃഷ്ണശര്‍മ്മാവുമായ മറ്റൊരു ബ്രാഹ്മണന്റേയും കൃതികളാണു്.

ʻʻയസ്യ ഹി തന്ത്രസമുച്ചയരചനാല്ലോകേ സമുത്ഥിതാ കീര്‍ത്തിഃ
തല്‍പുത്രേണ കൃതേയം ശങ്കരനാമ്നാ വിമര്‍ശിനീ വ്യാഖ്യാˮ

എന്നു വിമര്‍ശിനിയിലും

ʻʻഗുരൂന്‍ ഗണാധിരാജഞ്ച നത്വാ ഗുരുനിദേശതഃ
തല്‍കൃതം വിവരിഷ്യാമഃ സ്ഫുടം തന്ത്രസമുച്ചയംˮ

എന്നു വിവരണത്തിലും പ്രസ്താവനയുണ്ടു്. തന്ത്രസമുച്ചയത്തിന്റെ പൂരണമായ ശേഷസമുച്ചയവും വിവരണകാരന്‍ രചിച്ചതാണു്.

ʻʻയോയം തന്ത്രസമുച്ചയോ ഗുരുകൃതോ യത്തത്ര സാരഗ്രഹാല്‍
തച്ഛിഷ്യാഗമസാരസംഗ്രഹതയേഹാരഭ്യമാണേ തതഃ
ഗ്രാഹ്യം ശേഷസമുച്ചയേ സുകശലൈസ്സാമാന്യകര്‍മ്മാഖിലം
യോऽജാദ്യേഷു വിശേഷ ഏഷ നിഖിലസ്സു-

വ്യക്തമത്രോച്യതേ.ˮ

എന്നു ഗ്രന്ഥകാരന്‍ പ്രാരംഭത്തില്‍ തന്റെ ഉദ്ദേശ്യത്തെ വിശദീകരിക്കുന്നു. എങ്ങനെ തന്റെ ഗുരു വിഷ്ണ്വാദികളായ ഏഴു ദേവതകളുടെ അര്‍ച്ചനാപ്രകാരങ്ങള്‍ വിവിധ ഗ്രന്ഥങ്ങളില്‍ വിപ്രകീര്‍ണ്ണങ്ങളായി കിടന്നിരുന്നതു സമുച്ചയിച്ചുവോ അതുപോലെതാനും തദവശിഷ്ടന്മാരായ ബ്രഹ്മാദിദേവതകളെ സംബന്ധിച്ചുള്ള തന്ത്രവിധികള്‍ ഒരിടത്തു് ഒന്നിച്ചു പ്രദര്‍ശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണു് അദ്ദേഹം നമ്മെ ധരിപ്പിച്ചിരിക്കുന്നതു്.

ʻʻബ്രഹ്മാര്‍ക്കവൈശ്രവണകൃഷ്ണസരസ്വതിശ്രീ-
ഗൌര്യഗ്രജാ ദദതു കാള്യപി മാതരോ മേ,
ക്ഷേത്രാധിപോ ഗുരുരുജിദ് ഗിരിശാദിരൂപാ
ഇന്ദ്രാദയോപി നമതേഭിമതം പ്രസന്നാഃˮ

എന്ന പദ്യത്തില്‍ അദ്ദേഹം താന്‍ തന്ത്രപ്രതിപാദനത്തിനായി സ്വീകരിക്കുന്ന ദേവതകളുടെ നാമധേയങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. ബ്രഹ്മാവു്, ആദിത്യന്‍, കുബേരന്‍, ശ്രീകൃഷ്ണന്‍, സരസ്വതി, ലക്ഷ്മി, ഗൌരി, ജ്യേഷ്ഠ, ഭദ്രകാളി, മാതൃക്കള്‍, ക്ഷേത്രപാലന്‍, ബൃഹസ്പതി, രുജിത്തു്, ഇന്ദ്രാദി ദിക്‍പാലന്മാര്‍, എന്നിവരാണു് ആ ദേവതകള്‍. കൃഷ്ണശര്‍മ്മാവു ഗുരുവായൂര്‍ക്കു സമീപമുള്ള കൈനിക്കരക്കടലാടി എന്ന ഇല്ലത്തിലെ ഒരംഗമായിരുന്നു എന്നു ചില തന്ത്രിമാരുടെ ഇടയില്‍ ഒരൈതിഹ്യമുള്ളതായി കേള്‍വിയുണ്ടു്; ഇതിന്റെ സൂക്ഷ്മതത്വം അറിയുവാന്‍ രേഖയൊന്നുമില്ല.

കൂടല്ലൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്

പതിനെട്ടരക്കവികളുടെ കൂട്ടത്തില്‍ പെട്ട തിരുവേഗപ്പുറക്കാരായ അഞ്ചു നമ്പൂരിമാര്‍ ആരെന്നറിയുന്നില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്‍ അവരില്‍ ഒരാളായിരിക്കാം. അവരും മുല്ലശ്ശേരി ഭട്ടതിരിയും രചിച്ചിട്ടുള്ള കൃതികളൊന്നും കണ്ടുകിട്ടീട്ടില്ല. കാക്കശ്ശേരിയുടെ ഗുരുവായ നാരായണനാണു് സുഭദ്രാഹരണകാരന്‍ എന്നു വെളിപ്പെടുന്നപക്ഷം അദ്ദേഹവും, അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായ ജാതവേദസ്സും അഷ്ടമൂര്‍ത്തിയും പിതൃവ്യന്മാരായ രാമനും ഉദയനുമാണു് തിരുവേഗപ്പുറക്കാരായ അഞ്ചു സദസ്യന്മാര്‍ എന്നു സങ്കല്പിക്കാം. പക്ഷേ അതിനൊന്നും തെളിവില്ല. സുഭദ്രാഹരണം രചിച്ച നാരായണന്‍ ആരെന്നാണു് പ്രകൃതത്തില്‍ പ്രശ്നം.

ഏതു നാരായണന്‍?

കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്‍നമ്പൂരിയാണു് സുഭദ്രാഹരണകാരന്‍ എന്നു ചിലര്‍ ഉറപ്പിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങളില്‍ ആദ്യത്തേതു് ആരംഭത്തിലും രണ്ടാമത്തേതു് അവസാനത്തിലുമുള്ളതാണു്:

ʻʻനിളോപകണ്ഠാഭരണാദ്വിനീതാ-
ദ്യോ ബ്രഹ്മദത്താദജനി ദ്വിജേന്ദ്രാല്‍
രാമോദയാചാര്യപിതൃവ്യചുഞ്ചുര്‍-
ന്നാരായണോസൌ കവിരസ്യ കര്‍ത്താ.ˮ

ʻʻവിശ്വാമിത്രസ്യ ഗോത്രേ ദ്വിജമണിരഭവദ്
ബ്രഹ്മദത്താഭിധാനഃ
ശ്രാദ്ധസ്വാധ്യായപൂതസ്സകലഗുണനിധി-
ശ്ശാസ്ത്രവില്‍ കാവ്യശൌണ്ഡഃ
അന്തേവാസീ വിപശ്ചിദ്വിപഹരിണഭൃതോര്‍-
ജ്ജാതവേദോഷ്ടമൂര്‍ത്ത്യോ-
സ്തല്‍സൂനുഃ കാവ്യമേതദ്വ്യധിത ബുധമുദേ
ഖ്യാതനാരായണാഖ്യഃ.ˮ

ഈ പദ്യങ്ങള്‍ കവി വിശ്വാമിത്രഗോത്രജനും ശാസ്ത്രജ്ഞനും കവിയുമായ ബ്രഹ്മദത്തന്‍നമ്പൂരിയുടെ പുത്രനായിരുന്നു എന്നും അദ്ദേഹത്തിനു ജാതവേദസ്സെന്നും അഷ്ടമൂര്‍ത്തിയെന്നും രണ്ടു ഗുരുക്കന്മാരും,രാമനെന്നും ഉദയനെന്നും രണ്ടു പിതൃവ്യന്മാരും ഉണ്ടായിരുന്നു എന്നും ആ പിതൃവ്യന്മാര്‍ മൂലമാണു് (അവരുടേയും അന്തേവാസിത്വംമൂലമായിരിക്കണം) താന്‍ വിഖ്യാതനായതു് എന്നും ഭാരതപ്പുഴയുടെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഖ്യാപനംചെയ്യുന്നു. ʻനിളോപകണ്ഠʼത്തിലല്ലാ, ʻനിളാസഹചരീʼ തീരത്തിലായിരുന്നു കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്റെ ഗൃഹമെന്നു നാം കണ്ടുവല്ലോ. അതുപോകട്ടെ. ഒരു മഹാവൈയാകരണനായിരുന്ന അദ്ദേഹത്തെ ആ ശാസ്ത്രത്തിലും പാരംഗതനായിരുന്ന കാക്കശ്ശേരി ഒരു പാര്‍വ്വതീഭക്തനെന്നും പ്രാജ്ഞോത്തമന്‍ എന്നും മാത്രം വര്‍ണ്ണിച്ചാല്‍ മതിയാകുമോ? പോരാ. തിരുവേഗപ്പുറയില്‍ കിഴവപ്പുറം എന്നൊരില്ലമുണ്ടെന്നും ʻവിനീതാല്‍ʼ എന്ന ശബ്ദംകൊണ്ടു് ആ ഇല്ലത്തെ ഗ്രഹിക്കണമെന്നുമാണു് എതിര്‍കക്ഷികളുടെ വാദം. അതു സുഭദ്രാഹരണകാരന്റെ മതത്തിനു വിപരീതമാകുന്നു. ʻʻവിനീതാല്‍=ശാസ്ത്രാനുഗതാല്‍ˮ എന്നാണു് ആ ശബ്ദത്തിനു് അദ്ദേഹത്തിന്റെ വ്യാഖ്യാനം. കൂടല്ലൂരില്ലത്തില്‍ അന്നു ശാസ്ത്രജ്ഞന്മാരില്ലായിരുന്നു എന്നും പില്‍ക്കാലത്തു മാത്രമാണു് അതിലെ അംഗങ്ങള്‍ വ്യാകരണത്തില്‍ പ്രവീണന്മാരായിത്തീര്‍ന്നതു് എന്നുമാണു മറ്റൊരു വാദം. ഉദ്ദണ്ഡശാസ്ത്രികളെ അന്നത്തെ കൂടല്ലൂര്‍ അച്ഛന്‍നമ്പൂതിരിപ്പാടു പദമഞ്ജരിയില്‍ പരീക്ഷിക്കുവാന്‍ ഒരുമ്പെട്ടു എന്നുള്ള ഐതിഹ്യത്തിനു് ആ വാദം കടകവിരുദ്ധമായി നിലകൊള്ളുന്നു. കൂടല്ലൂരില്‍ പതിന്നാലു തലമുറക്കാലത്തേക്കു മാത്രമേ വ്യാകരണപാണ്ഡിത്യം അനുസ്യൂതമായി നിലനില്ക്കുകയുള്ളു എന്നു ഒരു സങ്കല്പമുണ്ടായിരുന്നതായും, ആ സങ്കല്പമനുസരിച്ചു് 1060-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഉണ്ണി നമ്പൂരിപ്പാടോടുകൂടി ആ പാണ്ഡിത്യം അസ്തമിച്ചു എന്നും ഒരൈതിഹ്യം ഞാന്‍ കേട്ടിട്ടുണ്ടു്. ആ ഐതിഹ്യം യഥാര്‍ത്ഥമാണെന്നു വന്നാല്‍ക്കൂടിയും, ഒരു തലമുറയ്ക്കു മുപ്പതു കൊല്ലം കണക്കാക്കുന്നതായാല്‍ എന്റെ അനുമാനത്തിനു ക്ഷതിയില്ല. അതിനുമുന്‍പു വൈയാകരണന്മാരേ ആ ഗൃഹത്തില്‍ ജനിച്ചിട്ടില്ല എന്നു സമര്‍ത്ഥിക്കുന്നതിനും ആ ഐതിഹ്യം ഉപയോഗപ്പെടുന്നില്ല. കൂടല്ലൂര്‍മനക്കാര്‍ വിശ്വാമിത്രഗോത്രക്കാരാണു്; അവരില്‍ ഒരാള്‍ നിര്‍മ്മിച്ച കാവ്യമാണു് സുഭദ്രാഹരണം എന്നു് എനിക്കു കേട്ടുകേള്‍വിയുള്ള ഐതിഹ്യത്തെ ഞാന്‍ അവിശ്വസിക്കണമെങ്കില്‍ അതിനു കൂടുതല്‍ തെളിവു വേണ്ടിയിരിക്കുന്നു. കാക്കശ്ശേരിയുടെ ഗുരുനാഥനും ആ ഗോത്രത്തില്‍ ജനിച്ച ആളാണെന്നുള്ളതു സുഭദ്രാഹരണത്തെത്തന്നെ അവലംബിച്ചുള്ള ഒരു സങ്കല്പമാകയാല്‍ അതിനു യാതൊരു വിലയുമില്ല. പിന്നീടൊരു വാദം കൂടല്ലൂര്‍ക്കാര്‍ക്കു നിളോപകണ്ഠവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നാണു്. ആ വാദം നിരാസ്പദമെന്നു കാണിക്കാന്‍ കൂടല്ലൂര്‍ നീലകണ്ഠന്‍ നമ്പൂരിപ്പാട്ടിലെ സഹസ്രനാമഭാഷ്യത്തില്‍നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകം പ്രയോജകീഭവിയ്ക്കുമെന്നു വിശ്വസിക്കുന്നു:

ʻʻജജ്ഞേ യജ്ഞേശ്വരഃ പ്രാഗുപനിളമധിപോ
യജ്വനാമാഹിതാഗ്നി-
സ്തദ്വംശോദ്ഭൂതനാരായണബുധവരജാദ്
ഗോത്രജാദ് ഗാധിസൂനോഃ
നാഗശ്രേണ്യാഖ്യദേശോദ്ഭവജനനജൂഷോ
ബ്രഹ്മദത്തദ്വിജേന്ദ്രാ–
ജ്ജാതോ നാമ്നാം സഹസ്രം വ്യവൃണുത ഗുരുകാ-
രുണ്യതോ നീലകണ്ഠഃ.ˮ

യജ്ഞേശ്വരന്‍ മേഴത്തോളഗ്നിഹോത്രിയാണെന്നും അദ്ദേഹത്തിന്റെ വംശജന്മാരാണു് കൂടല്ലൂര്‍ (നാഗശ്രേണി =നാറേരി) ഇല്ലക്കാര്‍ എന്നും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നിളോപ കണ്ഠത്തിലാണു് മേഴത്തോള്‍ നിവസിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തെത്തുടര്‍ന്നു കൂടല്ലൂര്‍കാര്‍ അവിടെ വളരെക്കാലം താമസിച്ചിരുന്നിരിക്കാമെന്നും ഊഹിക്കുന്നതില്‍ യാതൊരപാകത്തിനും മാര്‍ഗ്ഗമില്ലല്ലോ. കൂടല്ലൂരില്‍ ആരാണ് വൈയാകരണനെന്നും അകവൂരില്‍ എന്നാണു് തിരുവോണമെന്നും തിരിച്ചറിയുവാന്‍ നിവൃത്തിയില്ലെന്നു് ഒരു പഴഞ്ചൊല്ലുണ്ടു്. ആശ്ചര്യകരമായ ആ പാരമ്പര്യം കൂടല്ലൂര്‍ മനക്കാര്‍ അടുത്തകാലംവരെ അനുസ്യൂതമായി പരിപാലിച്ചുപോന്നിരുന്നു.

ʻʻകൗമുദീപിപഠിഷാ യദി തേ സ്യാല്‍
പഞ്ചവത്സരമനന്യവിചാരഃ
സംഗമാലയമഹീസുരവര്യ-
സ്യാലയേ വസ കൃപാനിലയസ്യ.ˮ

എന്നൊരു മുക്തകമുണ്ടു്. അഞ്ചു സംവത്സരം തദേകതാനന്മാരായി കൂടല്ലൂര്‍ മനയ്ക്കല്‍ ചെന്നു സിദ്ധാന്തകൗമുദി വായിക്കാമെങ്കില്‍ ആര്‍ക്കും നല്ല വൈയാകരണന്മാരാകാമെന്നാണു് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. നാരായണന്‍ നമ്പൂതിരിപ്പാടു് ജീവിച്ചിരുന്നതു മാനവിക്രമമഹാരാജാവിന്റെ കാലത്തുതന്നെയായിരിക്കണം. അദ്ദേഹവും പതിനെട്ടരക്കവികളുടെ കൂട്ടത്തില്‍ പെട്ടിരുന്നു എന്നു തോന്നുന്നു. ഏതായാലും മേല്പുത്തൂര്‍ ഭട്ടതിരി ʻʻഭുക്താഃ പീനാ അതിഥയ ഇത്യാദൗ തു കര്‍മ്മാവിവക്ഷയാ അകര്‍മ്മകത്വാല്‍ കര്‍ത്തരി ക്ത ഇതി സുഭദ്രാഹരണേˮ എന്നു പ്രക്രിയാസര്‍വസ്വത്തില്‍ പറഞ്ഞുകാണുന്നതുകൊണ്ടു് കൊല്ലം 7-ആം ശതകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നുള്ളതിനു സന്ദേഹമില്ല.

സുഭദ്രാഹരണം

20 സര്‍ഗ്ഗങ്ങള്‍ അടങ്ങിയ ഒരു വിശിഷ്ടമായ മഹാകാവ്യമാകുന്നു സുഭദ്രാഹരണം. ഭട്ടികാവ്യംപോലെ വ്യാകരണപ്രക്രിയകളെ ഉദാഹരിക്കുന്നതിനു വേണ്ടിയാണു് കവി പ്രസ്തുത കൃതി രചിച്ചതു്.

ʻʻമുനിത്രയീപാദഭുവഃ പരാഗാ
മൃജന്തു ചേതോമുകുരം മമേമം
വാഗര്‍ത്ഥരൂപാ ശിവയോസ്തനുസ്സാ
യഥോഭയീഹ പ്രതിബിംബിതാ സ്യാല്‍.

സുദുസ്തരം വ്യാകരണാംബുരാശിം
മനസ്തരിത്രേണ വിഗാഹ്യ ലബ്ധൈഃ
സുശബ്ദരത്നൈ രചയാമി ഹാരം
കാവ്യം സുഭദ്രാഹരണാഭിധാനം.ˮ

എന്നീ പദ്യങ്ങള്‍ നോക്കുക. അര്‍ജ്ജുനരാവണീയകാരനെപ്പോലെ അഷ്ടാധ്യായിയിലെ ഓരോ സൂത്രത്തിനും ആനുപൂര്‍വ്വികമായി ഉദാഹരണം പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും അതിലെ പ്രധാനസൂത്രങ്ങളൊന്നും കവി സ്പര്‍ശിക്കാതെ വിടുന്നില്ല. പ്രകീര്‍ണ്ണകാണ്ഡം, സാര്‍വകാലികകൃദധികാരം, കാലവിശേഷാശ്രയകൃദധികാരം, അവ്യയകൃതി, പ്രാഗ്ദീവ്യതീയവിലസിതം, സ്വാര്‍ത്ഥികതദ്ധിതവിലസിതം, സമാസകാണ്ഡം, പ്രക്രിയാകാണ്ഡം, പ്രസന്നകാണ്ഡം ഇങ്ങനെയാകുന്നു ചില സര്‍ഗ്ഗങ്ങളുടെ സംജ്ഞകള്‍. ഗ്രന്ഥകാരന്‍തന്നെ തന്റെ കൃതിക്കു വിവരണമെന്നപേരില്‍ ഒരു ടീകയും നിര്‍മ്മിച്ചിട്ടുണ്ടു്. ഗണപതി, സരസ്വതി, പാര്‍വ്വതീപരമേശ്വരന്മാര്‍, വാല്മീകി, വേദവ്യാസന്‍ എന്നിവരെ വന്ദിച്ചതിനുമേല്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ ഉപന്യസിക്കുന്നു.

ʻʻജയന്തി തേ സല്‍കവികുഞ്ജരാ യേ
ലിഖന്തി ജിഹ്വാമയതൂലികാഭിഃ
പൃഥഗ്വിധപ്രാതിഭരാഗിണീഭി-
ശ്ചിത്രം ജഗദ്ഭിത്തിതലേഷു കാവ്യം.

കഠോരമേകേ സുകുമാരമന്യേ
മാര്‍ഗ്ഗം കവീന്ദ്രാ വചസഃ പ്രപന്നാഃ;
മേഘസ്വനേഷൂന്മനസോ മയൂരാ
ഹംസാഃ പുനര്‍നൂപുരശിഞ്ജിതേഷു.ˮ

ഭട്ടികാവ്യത്തെക്കാള്‍ പ്രസന്നവും ആസ്വാദ്യവുമാണു് സുഭദ്രാഹരണം.

ʻʻദീപതുല്യഃ പ്രബന്ധോയം ശബ്ദലക്ഷണചക്ഷുഷാം
ഹസ്താമര്‍ഷ ഇവാന്ധാനാം ഭവേദ്വ്യാകരണാദൃതേ.
വ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലം
ഹതാ ദുര്‍മ്മേധസശ്ചാസ്മിന്‍ വിദ്വല്‍പ്രിയതയാ മയാ.ˮ

എന്നു ഭട്ടിയെപ്പോലെ ഏതു ശാസ്ത്രകാവ്യകാരനും ഒരു സമാധാനം പറയേണ്ടതുണ്ടെങ്കിലും സുഭദ്രാഹരണത്തില്‍ അതിന്റെ ആവശ്യകത അത്രതന്നെയില്ല. ഗ്രന്ഥത്തില്‍ ഭൂരിഭാഗവും രചിക്കുവാന്‍ അനുഷ്ടുപ്പുവൃത്തം സ്വീകരിക്കുക നിമിത്തം കവിക്കു വാങ്മാധുര്യവിഷയത്തില്‍ താരതമ്യേന സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു നമ്പൂരിപ്പാട്ടിലെ കവിതാരീതി വ്യക്തമാക്കാം.

(1) ദ്രൗപദി:
ʻʻആഢ്യംഭവിഷ്ണുസ്സുഭഗംഭവിഷ്ണുഃ
സ്ഥൂലംഭവിഷ്ണുഃ സ്തനചക്രവാളഃ
യദ്ദാസ്യമാപ്ത്വാ യുവലോചനാനാം
പ്രിയംഭവിഷ്ണുര്‍വനിതാജനോऽഭൂല്‍

അന്ധംഭവിഷ്ണൂന്‍ പലിതംഭവിഷ്ണൂന്‍
നഗ്നംഭവിഷ്ണൂംശ്ച ജനാനനാഥന്‍
നിസ്സ്വാനരക്ഷദ്ദയയാശ്രിതാന്‍ യാ
പരോപകാരൈകരസാര്‍ദ്രചിത്താ.ˮ

(2) ഇന്ദ്രപ്രസ്ഥം:
ʻʻയത്രോത്താനശയൈര്‍ഡിംഭൈരഹൃഷ്യന്നംങ്ഗമേജയൈഃ
മുഷ്ടിന്ധയൈരദന്താസ്യൈഃ കുടുംബിന്യഃ സ്തനന്ധയൈഃ;
സരസ്സു പീതപാനീയൈര്‍ബഭൗ യല്‍കൂലമുദ്വഹൈഃ;
അഭ്രംലിഹമഹാശൃംഗൈഃ കകുദ്മദ്ഭിര്‍വഹംലിഹൈഃ;
പാത്രൈഃ പ്രസ്ഥംപചൈര്‍ദ്രോണംപചൈര്യത്രാലയാ ബഭുഃ
ഖാരിംപചൈശ്ച വിമലൈരേകദേശനിവേശിതൈഃˮ

(3) ഗംഗാനദി:
ʻʻസ്വാദീയോരസസമ്പൂര്‍ണ്ണാം ഗഗനദ്രുമമഞ്ജരീം
വീചീസ്ഫടികസോപാനപദവീം ദേവതാപുരഃ
പൃതനാം ധര്‍മ്മരാജസ്യ ബലം പാപസ്യ മഥ്നതീം
ശിതികണ്ഠശിരോമാലാം ഹിമാദ്രേര്‍ഹാരവല്ലരീം

കാഞ്ചീം മുക്താമയീമുര്‍വ്യാസ്സാഗരസ്യാഭിസാരികാം
ഗിരിരാജഹിമോല്‍പീഡസമ്പര്‍ക്കാദിവ ശീതളാം:
മധുരാം മൃഡമൗലീന്ദുസുധാസങ്കലനാദിവ
കഠിനാദ്രിശിലാപൃഷ്ഠലുഠനാദിവ നിര്‍മ്മലാം.ˮ

വിവരണം

പ്രസ്തുതശാസ്ത്രകാവ്യത്തിനു വിവരണം എന്ന പേരില്‍ കവിതന്നെ ഒരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്.

ʻʻസുഭദ്രാഹരണം കൃത്വാ കാവ്യം വ്യാഖ്യാതുമാരഭേ
കാവ്യാദൌ വന്ദിതാ ഏവ താ നമസ്കൃത്യ ദേവതാഃ
പദാനാമപ്രസിദ്ധാനാം ലക്ഷിതാനാം സ്വലക്ഷണൈഃ
വ്യുല്‍പാദനാഭിരസ്യേദം വ്യാഖ്യാനം സപ്രയോജനം

എന്നിങ്ങനെ ആ നിബന്ധം ഉപക്രമിക്കുന്നു.

ʻʻസര്‍വജ്ഞോപ്യലമേകാകീ ന കര്‍ത്തുമമലാം കൃതിം;
സൂത്രം സവാക്യഭാഷ്യം ഹി പാണിനീയമപി സ്ഥിതം.

ഇദം വിമൃശ്യ നിശ്ശേഷം മമ കാവ്യം മനീഷിണഃ
ഗ്രാഹ്യം ഗൃഹ്ണന്തു വാ ഹൃഷ്ടാ രുഷ്ടാഃ ക്ഷേപ്യംക്ഷിപന്തു വാ.ˮ

എന്നിവ ആ ഘട്ടത്തിലെ മറ്റു രണ്ടു ശ്ലോകങ്ങളാണു്.

ആനായത്തു കരുണാകരപ്പിഷാരടി

ʻസംഭരിത ഭൂരികൃപംʼ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ പൂര്‍വാര്‍ദ്ധം ഉദ്ദണ്ഡശാസ്ത്രികള്‍ ചൊല്ലവേ അതു ʻʻജംഭരിപുകുംഭിവരˮ എന്നു തുടങ്ങുന്ന ഉത്തരാര്‍ദ്ധം ചൊല്ലി പൂരിപ്പിച്ച ആനായത്തു കരുണാകരപ്പിഷാരടിയെപ്പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം അക്കാലത്തെ പ്രധാനപണ്ഡിതന്മാരില്‍ അന്യതമനായിരുന്നു. പിഷാരടിയുടേതായി ʻകവിചിന്താമണിʼ എന്നൊരു കൃതിമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അതു സുപ്രസിദ്ധമായ വൃത്തരത്നാകരം എന്ന ഛന്ദശ്ശാസ്ത്രഗ്രന്ഥത്തിന്റെ ടീകയാകുന്നു. ഗ്രന്ഥാരംഭത്തില്‍ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നുണ്ടു്:

ʻʻകൃതാര്‍ത്ഥയദ്ഭ്യസ്ത്രൈവിദ്യം നിര്‍മ്മലൈര്‍ന്നിജ കര്‍മ്മഭിഃ
ഭൂസുരേഭ്യസ്തപോലക്ഷ്മീഭാസുരേഭ്യോऽയമഞ്ജലിഃ

തസ്മൈ നമോസ്തു ശാസ്ത്രായ ഛന്ദോവിചയനാത്മനേ
യദാഹുരാഗമാദ്യായാ വിദ്യായാ ഗതിസാധനം.

അസ്തി ശ്രീരാജരാജാഖ്യഃ കേരളേഷു മഹീപതിഃ
യല്‍പ്രതാപബൃഹദ്ഭാനോര്‍വിഷ്ഫുലിംഗായതേ രവിഃ.

യല്‍കീര്‍ത്തികലാശീസിന്ധൗ സന്ധ്യാനൃത്തോദ്ധുരഭ്രമീ
മഥനോദ്ധൂ തമന്ഥാദ്രിമൂദ്രാം ധത്തേ മഹാനടഃ

വദാന്യം വാസവാചാര്യം വാഗ്മിനം ച സുരദ്രുമം
യന്നിര്‍മ്മിതവതാ ധാത്രാ ലംഭിതാ ഭാതി കുംഭിനീ.

ധരാധരൈരഗംഭീരൈരുദന്വദ്ഭിരനുന്നതൈഃ
ന ലഭ്യതേ കവയതാം വാചി യസ്യ വയസ്യതാ.

വിദ്യാസ്ഥാനാനി ഭുവനാന്യപി യസ്യ ചതുര്‍ദ്ദശ
പ്രൗഢാ പ്രജ്ഞാ സമജ്ഞാ ച സമഭിവ്യാപ്യ വര്‍ത്തതേ.

പരസ്പരോപഘാതേന പാര്‍ത്ഥിവേഷു കദര്‍ത്ഥിതഃ
ത്രിവര്‍ഗോ രമതേ യത്ര സമഗ്രസ്സംയതാത്മനി.

അഭൂല്‍ കശ്ചന നിശ്ശേഷഗുരുസാല്‍കൃതസമ്പദഃ
സര്‍വവിദ്യാനിധേസ്തസ്യ സാഹിത്യദിശി ദേശികഃ

ശ്രീവൈഷ്ണവകുലോദ്ഭൂതശ്ശേവധിഃ കവിസമ്പദാം
കരുണാകരദാസാഖ്യഃ കമലേക്ഷണനന്ദനഃ,

കുലപാലികയാ മാത്രാ കുശാഗ്രീയമനീഷയാ
സംശിക്ഷിതാക്ഷരതയാ സാക്ഷരൈരഭിരാധിതഃ

സഹസ്രധേനോരുദ്ധൃത്യ സദ്വൃത്തൈഃ ശ്ലോകതര്‍ണ്ണകൈഃ
വിദ്വദ്ഗോഷ്ഠ്യാം വിഹരതാ വ്യാഹൃതസ്സ മഹീഭൃതാ.

ʻബഹ്വോऽവലോകിതാ വ്യാഖ്യാ വൃത്തരത്നാകരസ്യ താഃ;
അതോ വ്യാഖ്യാ നിബദ്ധവ്യാ ശ്ലാഘ്യാ പ്രേക്ഷാവതാംത്വയാ
ദയാലവഃ പരാര്‍ത്ഥേ ഹി യതന്തേ ഹൃദയാലവഃ,

യല്ലക്ഷണാത്മകതയാ ലക്ഷ്യസ്യാത്ര വിജിഹ്മതാ
തദുദാഹരണഞ്ചാന്യല്‍ പ്രതിലക്ഷ്മ പ്രകാശ്യതാം.

യദ്യസ്ത്യുപനിഷച്ചിന്താദ്യത്യന്തമുപയുജ്യതേ
പ്രകൃതേ തു പ്രസംഗാനുപ്രസംഗാദപി തന്യതാം.

തതഃ കവയതാം പ്രായോ വ്യാഖ്യേയമുപകാരിണീ;
കവിചിന്താമണിരിതി ഖ്യാതിരസ്യ ഭവിഷ്യതി.ʼ

ഇതി ശൈലാര്‍ണ്ണവേന്ദ്രസ്യ വചനാമൃതസേചനാല്‍
വ്യാചിഖ്യാസാ പ്രരൂഢാന്തരേവമസ്യോദജൃംഭത.ˮ

മേല്‍കാണിച്ച പദ്യങ്ങളില്‍ കരുണാകരന്‍ താന്‍ ഒരു (വൈഷ്ണവന്‍) പിഷാരടിയായിരുന്നു എന്നും, കുലപാലികയും കമലേക്ഷണനുമായിരുന്നു തന്റെ മാതാപിതാക്കന്മാര്‍ എന്നും, (പിതാവു ബാല്യത്തില്‍ മരിച്ചുപോകുകകൊണ്ടോ മറ്റോ) മാതാവാണു് തന്നെ വേണ്ടവിധത്തില്‍ വിദ്യ അഭ്യസിപ്പിച്ചതെന്നും, രാജരാജനെന്ന ബിരുദനാമം ധരിച്ചിരുന്ന സാമൂതിരിപ്പാട്ടിലേ സാഹിത്യദേശികത തനിക്കു സിദ്ധിച്ചു എന്നും, അവിടത്തെ നിദേശത്തിനു വിധേയനായാണു് താന്‍ വൃത്തരത്നാകരത്തിനു ടീക രചിച്ചതെന്നും, അതിനു കവിചിന്താമണിയെന്നു പേര്‍ നല്കിയതുതന്നെ ആ വിദ്വല്‍പ്രണയിയായിരുന്നു എന്നും ഉപന്യസിക്കുന്നു. പ്രസ്തുത പണ്ഡിതന്‍ ഉദ്ദണ്ഡന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ലെങ്കില്‍ അദ്ദേഹമാണു് പതിനെട്ടരക്കവികളുടെ പുരസ്കര്‍ത്താവായ മാനവിക്രമമഹാരാജാവിന്റെ സാഹിത്യഗുരു എന്നു വന്നുകൂടുന്നു. ʻകരുണാകരസംജ്ഞാംസ്താന്‍ʼ എന്ന വിക്രമീയത്തിലെ ശ്ലോകം നോക്കുക. ആനായത്തു പിഷാരടിമാര്‍ക്കു കോഴിക്കോട്ടു രാജകുടുംബത്തിലെ ഗുരുസ്ഥാനം പരമ്പരാഗതമാണു്. അതിനാല്‍ കവിചിന്താമണികാരന്‍ ആനായത്തു തറവാട്ടിലേ ഒരംഗമായിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. കവി ചിന്താമണി കേരളത്തില്‍ ഛന്ദശ്ശാസ്ത്രത്തെസ്സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണു്. മാനവേദചമ്പുവിന്റെ കൃഷ്ണീയമെന്ന വ്യാഖ്യാനത്തില്‍ പ്രസ്തുതഗ്രന്ഥത്തിലേ ചില പംക്തികള്‍ ഉദ്ധരിച്ചുകാണുന്നു.

ആനായത്തു പങ്കജാക്ഷപ്പിഷാരടി

വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിനു മൂക്കോലക്കല്‍ നീലകണ്ഠന്‍നമ്പൂതിരി ക്രി: പി: എട്ടാംശതകത്തില്‍ രചിച്ച അര്‍ത്ഥപ്രകാശിക എന്ന വ്യാഖ്യാനത്തിനാണു് പ്രസിദ്ധി എങ്കിലും അതിനെക്കാള്‍ വളരെ അധികം പ്രശംസനീയമായ ഒരു വ്യാഖ്യാനമാണു് പങ്കജാക്ഷപ്പിഷാരടിയുടെ ഹൃദയഗ്രാഹിണി. ഈ വ്യാഖ്യാനത്തില്‍ ഓരോ ആശ്വാസത്തിന്റേയും ഒടുവില്‍ ʻʻഇതി വൈഷ്ണവകുലാലം കൃതേഃ കവി (സ)ഹൃദയസാര്‍വഭൌമസ്യ കരുണാകരനാമ്നോ വിദ്വല്‍പ്രവേകസ്യ ഭാഗിനേയേന പങ്കജാക്ഷനാമ്നാ വിരചിതായാം ത്രിപുരദഹനവ്യാഖ്യായാംˮ എന്നൊരു സൂചികാ വാചകം കാണ്മാനുണ്ടു്. കരുണാകരന്റെ ഭാഗിനേയനായിരുന്നു ഇദ്ദേഹം. ഈ പങ്കജാക്ഷനേയും മാനവിക്രമന്‍ അദ്ദേ

ഹത്തിന്റെ ഗുരുക്കന്മാരുടെ കൂട്ടത്തില്‍ സ്മരിക്കുന്നു എന്നു നാം ധരിച്ചുവല്ലോ. പങ്കജാക്ഷപ്പിഷാരടിക്കു വ്യാകരണാദി ശാസ്ത്രങ്ങളിലുള്ള പരിനിഷ്ഠിതമായ ജ്ഞാനവും വിവിധകോശഗ്രന്ഥങ്ങളിലുള്ള പരിചയവും സര്‍വോപരി ശ്ലാഘനീയമായ സഹൃദയത്വവും അതിവിസ്തൃതമായ ഈ വ്യാഖ്യാനത്തില്‍ അനുസ്യൂതമായി പരിസ്ഫുരിക്കുന്നു.

മൂക്കോലയ്ക്കല്‍ വാസുദേവന്‍ നമ്പൂരി

രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജിക എന്ന നാടികയ്ക്കു മാര്‍ഗ്ഗദര്‍ശിനി എന്ന പേരില്‍ ഒരു കേരളീയമായ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വാസുദേവന്‍നമ്പൂരി കരുണാകരപ്പിഷാരടിയുടെ ശിഷ്യനായിരുന്നു. വിദ്ധസാലഭഞ്ജികയിലേ ഇതിവൃത്തംതന്നെ കേരളരാജാവായ വിദ്യാധരമല്ലനും ലാടപുരത്തിലേ രാജാവായ ചന്ദ്രവര്‍മ്മാവിന്റെ പുത്രി മൃഗാങ്കാവലിയും തമ്മിലുള്ള വിവാഹമാകയാല്‍ കേരളീയര്‍ക്കു് അതിനോടു പ്രത്യേകമായ ആഭിമുഖ്യത്തിനു കാരണമുണ്ടു്. പാഠാന്തരമനുസരിച്ചു വിദ്യാധരമല്ലന്‍ ത്രൈലിംഗനായ കലിംഗരാജാവാണെന്നും ഒരു പക്ഷമില്ലാതില്ല. ഏതായാലും അദ്ദേഹത്തിന്റെ പത്നികളുടെ കൂട്ടത്തില്‍ കേരളരാജപുത്രിയായ പത്രവല്ലിയും ഉള്‍പ്പെട്ടിരുന്നു എന്നു നാലാമങ്കത്തില്‍നിന്നു നാം ഗ്രഹിക്കുന്നു. മാര്‍ഗ്ഗദര്‍ശിനി നാതിവിസ്തരമാണെങ്കിലും മര്‍മ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു്. താഴെ ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ ആ വ്യാഖ്യാനത്തില്‍ കാണുന്നു:

ʻʻമുക്തിപ്രദാ പദജുഷാം മഹിഷോത്തമാംഗ-
വ്യക്തസ്ഥിതിര്‍ന്നിഖിലകാംക്ഷിതകല്പവല്ലീ
ഭക്തസ്യ മേ മനസി ഖേലതു സര്‍വകാലം
മുക്തിസ്ഥലീനിലയിനീ പരദേവതാ നഃ.

പ്രത്യക്ഷീകൃതനിശ്ശേഷവിശ്വവിന്യാസമാശ്രയേ
അശേഷവിബുധാധീശം ഗിരീശം രാജശേഖരം.

ചിത്തേ നിധായ കരുണാകരനാമധേയാ-
നസ്മദ്ഗുരൂന്‍ ഗുരുകൃപാഭരപൂരിതാക്ഷാന്‍
ശ്രീരാജശേഖരകവീന്ദ്രകൃതേരമുഷ്യാഃ
കിഞ്ചിദ്യതേ പദപദാര്‍ത്ഥവിവേകസിദ്ധ്യൈ.

അവിചാരകൃതാന്യത്ര ക്ഷമതാം സകലാന്യപി
ബാലസ്യ ദുര്‍വിനീതാനി മമ മാതേവ ഭാരതീ.ˮ

രാമന്‍ എന്നൊരു ലേഖകന്‍ പ്രസ്തുതവ്യാഖ്യാനം പകര്‍ത്തുമ്പോള്‍

ʻʻസാഹിത്യമല്ലകവിനാ നിപുണം നിബദ്ധാ
സൗഹിത്യഹേതുരധികം വിബുധോത്തമാനാം
വ്യാഖ്യാ മനോജ്ഞരസഭാവവിചാരചുഞ്ചു-
വ്യാലേഖി കേനചിദിയം ഖലു രാമനാമ്നാ.ˮ

എന്നൊരു ശ്ലോകം ഗ്രന്ഥാന്തത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടു്. മാര്‍ഗ്ഗദര്‍ശിനീകാരനു സാഹിത്യമല്ലനെന്നൊരു ബിരുദമുണ്ടായിരുന്നു എന്നു് ഇതില്‍നിന്നു കാണാം. പോരെങ്കില്‍ ʻʻശ്രീകരുണാകരശിഷ്യേണ, സാഹിത്യമല്ലാപരാഖ്യേന, വാസുദേവ കവിനാ വിരചിതായാംˮ എന്നു് അങ്കാവസാനങ്ങളില്‍ കുറിപ്പുമുണ്ടു്.

രാജശേഖരന്റെ കര്‍പ്പൂരമഞ്ജരീസട്ടകത്തിനു പ്രകാശം എന്ന വ്യാഖ്യാനം നിര്‍മ്മിച്ച പ്രഭാകരഭട്ടപുത്രനായ വാസുദേവന്‍ കരുണാകരശിഷ്യനായ വാസുദേവനാണെന്നു തോന്നുന്നില്ല. അദ്ദേഹം തന്നെപ്പറ്റി സാഹിത്യമല്ലനെന്നോ കരുണാകരശിഷ്യനെന്നോ പ്രസ്തുതടീകയില്‍ ഒരു സ്ഥലത്തും പറയുന്നില്ല. മൂക്കോലഭഗവതിയെ ആരംഭത്തില്‍ വന്ദിക്കുന്നുമില്ല; എന്നുമാത്രമല്ല തന്റെ കുലോപാസ്യന്‍ ശ്രീരാമനാണെന്നു പ്രത്യേകം പ്രസ്താവിക്കുന്നുമുണ്ടു്, പ്രഭാകരഭട്ടന്റേയും ഗോമതിയുടേയും പുത്രനായ ഈ വ്യാഖ്യാതാവു കേരളീയനായിരിക്കാം.

ഓരോ ജവനികാന്തരത്തിന്റെ അവസാനത്തിലും ʻʻഇതിശ്രീമദ്വിദ്വദ്വൃന്ദവന്ദിതാരവിന്ദസുന്ദരപദദ്വന്ദ്വകുന്ദപ്രതിമയശഃ പ്രകരപ്രഖരകഠോരകിരണകരപ്രഭപ്രതിഭപ്രഭാകരഭട്ടാത്മജവാസുദേവവിരചിതകര്‍പ്പൂരമഞ്ജരീപ്രകാശേˮ എന്നൊരു സൂചിരേഖ കാണുന്നു. ഈ ആത്മപ്രശംസ മാര്‍ഗ്ഗദര്‍ശനീകാരന്‍ ചെയ്തിരിക്കാവുന്നതല്ല. സട്ടകവ്യാഖ്യാകാരന്റെ കാലദേശങ്ങള്‍ അവിജ്ഞാതങ്ങളായിരിക്കുന്നു.

ഉദയന്‍, കൌമുദി

ആനന്ദവര്‍ദ്ധനന്റെ വിശ്വോത്തരമായ ധ്വന്യാലോകമെന്ന അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ സുപ്രസിദ്ധമായ ലോചനം എന്ന പേരിലുള്ള വ്യാഖ്യാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാര്‍ ഉണ്ടായിരിക്കുകയില്ലല്ലോ. ലോചനത്തിനു് ഇതുവരെയായി നമുക്കു കൌമുദി എന്നും അഞ്ജനമെന്നും രണ്ടു വ്യാഖ്യകള്‍ മാത്രമേ പ്രാചീനങ്ങളായി ലഭിച്ചിട്ടുള്ളൂ. അവ രണ്ടും കേരളീയങ്ങളുമാണു്. അഞ്ജനത്തെപ്പറ്റി യഥാവസരം അന്യത്ര പ്രസ്താവിക്കും. കൌമുദിയുടെ പ്രണേതാവാണു് ഉദയന്‍. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൌമുദീവ്യാഖ്യാനമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ കര്‍ത്താവ് ആ ഉദ്യോതത്തിന്റെ ആരംഭത്തില്‍ തന്നെപ്പറ്റി

ʻʻആശംസിതാ രസികലോകചകോരവൃന്ദൈ-
രാവിര്‍ഭാവന്ത്യുദയതോऽമൃതഗോരുദാരാ
ആചന്ദ്രതാരകമിദം നവകൌമുദീവ
പ്രീതിം ദധാതു ജഗതാം വിവൃതിര്‍മ്മദീയാˮ

എന്നും അവസാനത്തില്‍

ʻʻഇത്ഥം മോഹതമോനിമീലിതദൃശാം ധ്വന്യധ്വമാര്‍ഗ്ഗേ യതാം
വ്യാഖ്യാഭാസമഹോഷ്മളജ്വരജുഷാം പ്രേക്ഷാവതാം പ്രീതയേ
ഉത്തുംഗാദുദയാല്‍ ക്ഷമാഭൃത ഉദേയുഷ്യാമമുഷ്യാമയം
കൌമുദ്യാമിഹ ലോചനസ്യ വിവൃതാവുദ്യോത ആര്‍ദ്യോ ഗതഃˮ

എന്നും പ്രസ്താവിച്ചുകാണുന്നു. ʻʻക്ഷമാഭൃതഃˮ എന്ന പദം ഇവിടെ ശ്ലേഷഭംഗിയില്‍ പ്രയുക്തമാണെന്നു കരുതേണ്ടിയിരിക്കുന്നതിനാല്‍ ഉദയന്‍ ഏതോ രാജകുടുംബത്തിലേ ഒരംഗമാണെന്നു വന്നുകൂടുന്നു. ʻഉത്തുംഗാല്‍ʼ എന്ന പദം കണ്ടുകൊണ്ടു വ്യാഖ്യാതാവിന്റെ നാമധേയം ഉത്തുംഗോദയനാണെന്നു സങ്കല്പിക്കാവുന്നതല്ല. അതു ക്ഷമാഭൃല്‍പദവുമായി രണ്ടര്‍ത്ഥത്തില്‍ ഘടിപ്പിക്കേണ്ട ഒരു വിശേഷണമാണു്. കൌമുദി ലോചനത്തിനു സര്‍വഗ്രാഹിയായ ഒരു വിവരണമാകുന്നു. അതിന്റെ പ്രണേതാവു ചതുശ്ശാസ്ത്രപണ്ഡിതനായിരുന്നു എന്നും ഭാവുകന്മാര്‍ സമ്മതിക്കുന്നതാണു്. ഈ ഉദയന്‍ കൃഷ്ണഗാഥാകാരന്റെ പോഷകനായ കോലത്തുനാട്ടിലെ ഉദയവര്‍മ്മരാജാവാണെന്നു ചിലര്‍ സങ്കല്പിക്കുന്നതു യുക്തിസഹമാണെന്നു തോന്നുന്നില്ല. അത്ര വലിയ സംസ്കൃതപണ്ഡിതനായിരുന്നു അദ്ദേഹം എന്നു വരികില്‍ കൃഷ്ണഗാഥയില്‍ ʻപ്രാജ്ഞസ്യʼ എന്ന വിശേഷണം കൊണ്ടുമാത്രം അദ്ദേഹത്തെ വര്‍ണ്ണിച്ചു തൃപ്തിപ്പെടുന്നതല്ലായിരുന്നു. എന്നുതന്നെയുമല്ല, ഉദയന്‍ കൌമുദിയില്‍ ആദിദീപകാലങ്കാരത്തിനു് ഉദാഹരണമായി ʻʻയഥാ മമൈവ മയൂരദൂതേ കാവ്യേˮ എന്ന പീഠികയോടുകൂടി

ʻʻസാ ജാഗര്‍ത്തി സ്വപിതിച മുധാ മൂകതാമേത്യ ബദ്ധം
ബ്രൂതേ രോദിത്യധികമതുലം ധൈര്യമാലംബതേ ച
മൂര്‍ച്ഛാം പ്രാപ്നോത്യപി ച ഭജതേ ചേതനാമിത്യശക്തോ
വക്തും വേധാ അപി വിരഹജവ്യാപൃതീരംഗനാനാം.ˮ

എന്നൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. ഈ ശ്ലോകം നമുക്കു കിട്ടീട്ടുള്ള ʻമയൂരസന്ദേശʼത്തില്‍ നിസ്സാരങ്ങളായ ചില ഭേദഗതികളോടുകൂടി കാണുന്നതുകൊണ്ടു കൌമുദീകാരനും മയൂരദൂതകാരനും ഒരാളാണെന്നു വ്യക്തമാകുന്നു. മയൂരദൂതത്തിലെ നായിക ʻശ്രീകണ്ഠോര്‍വീപതിʼയാല്‍ ബഹുമതയായ മാരചേമന്തികയും ആ സുന്ദരിയുടെ താമസസ്ഥലം കൊച്ചിരാജ്യത്തില്‍പ്പെട്ട ശ്വേതച്ഛദതടവും (അന്നകര) ആണു്. ʻശ്രീകണ്ഠോര്‍വീപതിʼ മനക്കുളത്തു രാജാവാണെന്നു പറയേണ്ടതില്ലല്ലോ. ആ സ്ഥിതിക്കു് ഉദയന്‍ അന്നത്തെ മനക്കുളത്തു രാജാവുതന്നെ ആയിരുന്നിരിക്കുവാന്‍ ഇടയുണ്ടു്. മയൂരസന്ദേശത്തെപ്പറ്റി പറയുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വിസ്തരിക്കാം. കൌമുദിയുടെ ഒരു മാതൃകാഗ്രന്ഥത്തില്‍ അതിന്റെ നിര്‍മ്മാതാവു പരമേശ്വരാചാര്യനാണെന്നു പ്രസ്താവിച്ചുകാണുന്നു. ഈ പരമേശ്വരന്‍ പക്ഷെ മേഘസന്ദേശത്തിനു ʻസുമനോരമണിʼ എന്ന ടിപ്പണി രചിച്ച പയ്യൂരില്ലത്തെ പ്രഥമപരമേശ്വരനാണെന്നു സങ്കല്പിക്കാമെങ്കിലും ʻʻഉത്തുംഗാദുദയാല്‍ ക്ഷമാഭൃത ഉദേയുഷ്യാംˮ എന്ന കൗമുദീകാരന്റെ ഉല്‍ഘോഷണത്തെ ഈ കറിപ്പിനെ ആസ്പദമാക്കിമാത്രം തിരസ്കരിക്കാവുന്നതല്ലല്ലോ. കൌമുദിയില്‍ ഉദയകൃതമായി

ʻʻകുചസീമനി കുടിലദൃശാം ഘുസൃണരസാശ്ശാരദീഷു രജനീഷു
ചന്ദ്രരുചസ്സുന്ദരതാം ദധതി വ്യംഗ്യേഷു ചൈവ സുകവിഗിരഃˮ

ʻʻഅരുണമണിസഹോദരാധരോഷ്ഠം
ഹസദസിതോല്‍പലപത്രദീര്‍ഗ്‌ഘനേത്രം
മദയതി മധുരം മൃദുസ്മിതം തേ
വദനമിദം മദിരാക്ഷി മാനസം മേ.ˮ

ʻʻസത്യംസംഹതിശാലിശീതളപലാശാളീകരാളീകൃതഃ
സ്നിഗ്ദ്ധോദാരഫലാവനമ്രിതമഹാശാഖോപശാഖാഞ്ചിതഃ
ചൂതദ്രോ! ന ന ഭാസി, ഭാസി ന പുനശ്ചേതശ്ചമല്‍കാരിണീ
രീതിസ്തേ ഗിരിദുര്‍ഗ്ഗസങ്കടദുരാരോഹസ്ഥലീതസ്ഥുഷഃˮ

ʻʻമുഖമിദമലസാക്ഷ്യാ മുക്തലക്ഷ്മോപരോധ-
വ്യതികരമിവ ബിംബം ഭാതി പീയൂഷഭാനോഃ;
ഇദമപി വിധുബിംബം കമ്രഘര്‍മ്മാംബുലേശ-
സ്ഫുരിതമിവ രതാന്തേ വക്‌ത്രബിംബം പ്രിയായാഃ.ˮ

എന്നിങ്ങനെ വേറേയും ചില ശ്ലോകങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ടെങ്കിലും അവ ഏതു കൃതികളില്‍നിന്നാണെന്നു് അറിയുവാന്‍ നിവൃത്തിയില്ല. ഏതായാലും ഉദയന്‍ ഒരു പ്രശസ്യനായ ശാസ്ത്രജ്ഞന്‍ എന്നതിനുപുറമേ പ്രകൃഷ്ടനായ കവിയുമായിരുന്നു എന്നു് ഈ ശ്ലോകങ്ങള്‍ തെളിയിക്കുന്നു. മൂന്നുനാലു ശ്ലോകങ്ങള്‍ കൂടി കൌമുദിയുടെ ഉപക്രമത്തില്‍നിന്നുതന്നെ പകര്‍ത്താം:

ʻʻനവരസമയമന്യദ്വിശ്വമന്യവ്യപേക്ഷാ-
വിരഹിതമപരോക്ഷം ശശ്വദുന്മീലയന്തീ
കവിസഹൃദയസംസന്മാനസാംഭോജഹംസീ
വിഹരതു ഹൃദി നിത്യം വാങ്മയീ ദേവതാ വഃ.ʼʼ
ʻʻയല്‍പ്രജ്ഞാശില്പിയന്ത്രസ്ഫുടഘടിതവിവേകാത്മസോപാന പംക്തിം
പ്രാപ്തോര്‍ദ്ധ്വോര്‍ദ്ധ്വാധിരോഹസ്ഥിതമുപരി ബുധാ വിന്ദതേ വസ്തൂതത്വം;
വാഗ്ദേവീലാസ്യശിക്ഷാക്രമപരികലനാപൂര്‍വരംഗായമാണാ-
നാദ്യാനാചാര്യവര്യാനനുദിനമിഹ താന്‍ ഭാമഹാദ്യാന്‍ പ്രപദ്യേ.ˮ

ʻʻധ്വനിസമയരഹസ്യവസ്തുതത്വ-
പ്രഥനപടിഷ്ഠഗരിഷ്ഠവാക്‍പ്രപഞ്ചാന്‍
അഭിമതസുരപാദപാന്‍ ഗുരൂംസ്താ-
നഭിനവഗുപ്തപദാഭിധാനുപാസേ.ˮ

ʻʻഖ്യാതിം നേഹ പ്രതിഷ്ഠാം ജഗതി ഗമയിതും ന പ്രകൃഷ്ടാം വിദുഷ്ടാ-
മാവിഷ്കര്‍ത്തും നിജാം വാ വിവൃതിവിരചനാ പ്രസ്തുതാവസ്തുതോ നഃ;
തിര്‍ത്ഥേനാനേന കാവ്യാമൃതസരസി മനാങ്മങ്‌ക്‌തു കാമോസ്മി; തസ്മാ-
ന്മന്തും മാ മന്തുമന്തം നനു ദധത മനോ ഹന്ത! മാ മാ മഹാന്തഃ.ˮ

മയൂരസന്ദേശം: ഉദയനാല്‍ വിരചിതമായ മയൂരസന്ദേശം എന്നൊരു കാവ്യത്തപ്പറ്റി പൂര്‍വഖണ്ഡികയില്‍ സൂചിപ്പിച്ചുവല്ലോ. ആ കാവ്യത്തില്‍ ആദ്യത്തേ മന്ദാക്രാന്താപദ്യമാണു് അടിയില്‍ കാണുന്നതു്:

ʻʻശ്രീകണ്ഠോര്‍വീപതിബഹുമതം മാരചേമന്തികാഖ്യം
മാരസ്യാസ്ത്രം മഹിതമധികൃത്യാധുനാ സാധു ബദ്ധം
ഹൃഷ്യന്മല്ലീമധുരമധുനിഷ്യന്ദ്രി സന്ദേശകാവ്യം
നിവ്യം വിദ്വാല്‍കവിപരിഷദാമസ്തു കര്‍ണ്ണാതിഥേയം.ˮ

ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തില്‍ നാം ശ്രീകണ്ഠനെന്നു മാറാപ്പേരുള്ള മനക്കുളത്തു രാജാവു് ബഹുമാനിച്ചിരുന്ന ഈ മാരചേമന്തികയെ സമീക്ഷിക്കുന്നുണ്ടു്. അതില്‍ നിന്നു് ഈ കൃതിയുടെ കാലം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധമാണെന്നു് അനുമാനിക്കാവുന്നതാണല്ലോ.

ʻʻസ്വര്‍ഗ്ഗാരാമദ്രുമനവലതാസൂനസൌരഭ്യലാഭ-
ഗ്രാമേ പുഷ്പന്ധയകുലകളധ്വാനവാചാലിതാശേ
സൌധേ സാധീയസി പരിലസച്ചന്ദ്രപാദാഭിരാമേ
രേമേ വ്യോമസ്പൃശി ദയിതയാ ലാളിതഃ കോപി കാമീ.ˮ

അഭ്രംലിഹമായ ഒരു സൌധത്തില്‍ ഒരു കാമുകന്‍ തന്റെ പ്രേയസിയുമായി രമിച്ചുകൊണ്ടിരുന്നു. ആകാശചാരികള്‍ ആ ദമ്പതികളെ കണ്ടു്, (ʻʻകുര്‍വന്നിച്ഛാവിഹൃതിമുമയാ സംഗതഃ സ്‌ഫടികാദ്രാവാസ്തേ....ശ്രീകണ്ഠോയം സ്വയമിതിˮ) ഉമാദേവിയുമായി സ്വൈരസംക്രീഡനം ചെയ്യുന്ന സാക്ഷാല്‍ ശ്രീകണ്ഠന്‍ (ശിവന്‍) തന്നെയാണു് ആ രജതഗിരിയില്‍ സന്നിഹിതനായിരിക്കുന്നതു് എന്നു സങ്കല്പിച്ചു് അവരെ വന്ദിച്ചു. ആ ഭ്രാന്തി കാണവേ കാമുകന്‍ അവരെ പരിഹസിക്കുകയും അവര്‍ തന്നിമിത്തം ക്രുദ്ധരായി അദ്ദേഹം തന്റെ പ്രാണനാഥയെ വിട്ടുപിരിഞ്ഞു് ഒരു മാസം അന്യസ്ഥലത്തു താമസിക്കണമെന്നു ശപിക്കുകയും ചെയ്തു. (ʻʻമഹദവമതിഃ കസ്യനാര്‍ത്തിം പ്രസൂതേ?ˮ) മഹാന്മാരെ അവമാനിച്ചാല്‍ ആര്‍ക്കാണു് ആര്‍ത്തി ഉണ്ടാകാത്തതു്?

ʻʻതേനാവാസോ മമ മധുജിതസ്സന്നിധൌ ക്വാപി പുണ്യേ
ക്ഷേത്ര സ്യാദിത്യഥ സവിനയം പ്രാര്‍ത്ഥ്യമാനസ്തഥേതി
പ്രാപ്യ പ്രായാദയമപി സമൈക്ഷിഷ്ട സദ്യസ്സുദൂരേ
സ്യാനന്ദൂരേ വിഗതദയിതാദീനമാത്മാനമേവ.

ദൈത്യാരാതിം ദലിതശതമന്യൂപലോദാരശോഭം
പശ്യന്നേനം ഭുജഗശയനേ കല്പിതസ്വാപസൌഖ്യം
താപോദ്രേകം ദധദപി മുഹുഃ പ്രേയസീവിപ്രയോഗാ-
ദുച്ഛശ്വാസ ക്ഷണമിവ ശനൈരേഷ സഞ്ജാതസംജ്ഞഃ.ˮ

ആ വിരഹകാലം മുഴുവന്‍ തനിക്കു് ഒരു വിഷ്ണുക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുവാന്‍ ഇടവരണമെന്നു കാമുകന്‍ അവരോടു പ്രാര്‍ത്ഥിക്കുകയും അവര്‍ അതു് അനുവദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ദൂരസ്ഥിതമായ തിരുവനന്തപുരത്തു ചെന്നു ചേര്‍ന്നു. അവിടെവെച്ചു നായകന്‍ ലബ്ധസംജ്ഞനായി ʻʻവിദ്യുദ്വല്ലീകവചിതനവാംഭോദനീരന്ധ്രിതാശˮമായ ഒരു മയൂരത്തെ കണ്ടുമുട്ടുകയും ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കി ശ്രീപാര്‍വതിയുടെ നിത്യസാന്നിധ്യത്താല്‍ പവിത്രവും ʻശ്വേതച്ഛദതടംʼ എന്ന സംജ്ഞയാല്‍ വിദിതവുമായ തന്റെ നായികയുടെ ദേശത്തേക്കു് അയയ്ക്കുകയും ചെയ്യുന്നു. ശ്വേതച്ഛദതടമെന്നും സിതഗരുത്തീരമെന്നും കവി വ്യപദേശിക്കുന്ന ആസ്ഥലം കുന്നങ്കുളത്തുനിന്നു് അഞ്ചാറു നാഴിക തെക്കുകിഴക്കും ചിറ്റിലപ്പള്ളിക്കു് അടുത്തുമുള്ള അന്നകരയാണെന്നു് ഇറിയുന്നു. ഉമാ, ശ്രീകണ്ഠന്‍ ഈ രണ്ടു പദങ്ങളും ʻകുര്‍വന്നിച്ഛാവിഹൃതിംʼ എന്ന പദ്യത്തില്‍ കവി പ്രകടമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥിതിക്കു് ഉമയുടെ കാമുകനായ ശ്രീകണ്ഠന്‍തന്നെയാണു് സന്ദേശത്തിന്റെ പ്രണേതാവെന്നും, അദ്ദേഹം ഇന്നും ʻആര്യശ്രീകണ്ഠന്‍ʼ എന്ന ബിരുദപ്പേരുള്ള മനക്കുളത്തു വലിയ രാജാക്കന്മാരില്‍ ഒരാളായിരുന്നു എന്നും സാമാന്യം ഉറപ്പിച്ചുതന്നെ പറയാം.

വര്‍ക്കല, കൊല്ലം മുതലായ സ്ഥലങ്ങള്‍ കടന്നു കൊടുങ്ങല്ലൂരില്‍ക്കൂടി മയൂരം ഇരിങ്ങാലക്കുടയില്‍ ചെല്ലണമെന്നു കവി ഉപദേശിക്കുന്നു:

ʻʻകര്‍ണ്ണശ്ലാഘ്യൈഃ ശ്രുതിജലനിധേഃ കര്‍ണ്ണധാരൈര്‍ദ്ദ്വിജേന്ദ്രൈര്‍-
ഗ്രാമഃ കോപി ദ്വിജവര! പുരസ്സംഗമാഖ്യോ വിഭാതിˮ

എന്നു് ആ ഗ്രാമത്തേയും,
<poem>
ʻപശ്യേര്‍വിശ്വത്രിതയവിദിതം ശ്വേതഖേയാഖ്യമഗ്ര്യം
ഗ്രാമം; ശ്രീമദ്ധരിഹരമയം യത്ര ജാഗര്‍ത്തി തേജഃˮ

എന്നു് അതിനു വടക്കുള്ള വെണ്‍കിടങ്ങിനെയും,

ʻʻകൈലാസാദ്രേരപി ഭഗവതഃ പ്രേമപാത്രം പവിത്രം
ബ്രഹ്മക്ഷേത്രം ഭുവനവിദിതം ക്ഷേത്രമര്‍ദ്ധേന്ദുമൌലേഃˮ

എന്നു് അതിനും വടക്കുള്ള ബ്രഹ്മക്കുളത്തേയും അദ്ദേഹം വര്‍ണ്ണിക്കുന്നു.

അനന്തരം

ʻʻഇത്ഥം നത്വാ ഹരമഥ ജവാദ്ധാവതോ വാമതസ്തേ
ഗ്രാമഃ ശ്രീമാനഭിനവലതാനാമധേയഃ പ്രഥേത
വിശ്വവ്യാപ്തിം പ്രഥയിതുമിവ സ്വാം നൃണാം വിശ്വവന്ദ്യാ
ഗൌരീ യത്ര സ്ഫുരതി വപുഷാനുക്ഷണം വര്‍ദ്ധമാനാˮ

എന്നൊരു ഗ്രാമത്തെ കവി പ്രശംസിക്കുന്നുണ്ടു്. ʻഅഭിനവലതʼ എന്നതു പക്ഷെ ഇളവള്ളിയായിരിക്കാം. പിന്നീടാണു് അന്നകരയെപ്പറ്റിയുള്ള വര്‍ണ്ണന:

ʻʻയസ്യാം ബിംബീഫലരുചിവിഡംബീനി ബിംബാധരാണി
സ്ത്രീണാം ദൃഷ്ട്വാ വിഘടിതമദാഡംബരാ വിദ്രുമാള്യഃ
മോക്‍തും പ്രാണാനിവ കിസലയച്ഛത്മനാ വല്ലിപാശാ-
നാലംബന്തേ നിജഗളതടീബന്ധമുദ്ബന്ധുകാമാഃ

യസ്യാം മാന്ദ്യം ഗതിഹസിതയോരേവ; മാലിന്യമുദ്രാ
കേശേഷ്വേവ സ്ഫുരതി കുടിലത്വഞ്ച; കാര്‍ശ്യപ്രസംഗഃ
മധ്യേഷ്വേവ; സ്തനകലശയോരേവ സംഘര്‍ഷയോഗോ;
നേത്രേഷ്വേവ ശ്രുതിപഥസമുല്ലംഘിതാ മഞ്ജുവാചാം.ˮ

നായികയുടെ ഗൃഹനാമം തച്ചപ്പിള്ളി എന്നും നാമധേയം ഉമയെന്നുമായിരുന്നു എന്നു താഴേക്കാണുന്ന ശ്ലോകത്തില്‍നിന്നു വെളിപ്പെടുന്നു:

ʻʻതച്ചക്ഷുഷ്മല്‍സുചരിതലതാഫുല്ലമിത്യത്ര മുഖ്യാ-
വന്ത്യൌ ച ദ്വൌ സുമതിഭിരുപാദായ വര്‍ണ്ണൌ നിബദ്ധം
ഭാഷാമിശ്രോത്തരപദമവദ്യോതിതാര്‍ത്ഥം കവീനാം
തച്ചപ്പിള്ളീത്യഖിലവിദിതം നാമധേയം യദീയം.ˮ
ʻʻലബ്ധോമായാ ഇയമിതി ചിരാദര്‍ച്ചിതായാഃ പ്രസാദാ-
ദത്യാമോദീ ഗുരുജന ഉമേത്യേവ യാമുദ്ഗൃണീതേ;
മാരസ്യാസ്ത്രം മനസിജമനോജിത്വരം പൌഷ്പമന്യല്‍
പഞ്ചഭ്യോऽസാവിതി കവിഗണോ മാരചേമന്തികേതി.ˮ

തച്ചപ്പിള്ളി എന്ന പേരില്‍ തൃശ്ശൂര്‍ ചെമ്പൂര്‍ക്കാവില്‍ ഒരു ഭവനമുണ്ടെങ്കിലും അതല്ല ഈ തച്ചപ്പിള്ളി. പ്രസ്തുതകാവ്യം ഒരു മംഗലശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്; അതു് അടിയില്‍ പകര്‍ത്തുന്നു:

ʻʻഅവിരതമദധാരാധോരണീ (ലേഖനോദ്യ-)
ന്മദമധുകരമാലാകൂജിതോദ്ഘോഷിതാശം
മമ മനസി സമിന്ധാം സിന്ധുരേന്ദ്രാനനം തല്‍
കിമപി കനകശൈലപ്രസ്ഥസച്ഛായമോജഃ.ˮ

പിന്നീടാണു് ʻʻശ്രീകണ്ഠോര്‍വീപതിˮ എന്നുള്ള ശ്ലോകം.

തിരുവനന്തപുരത്തെ പ്രശംസിക്കുന്ന ചില ശ്ലോകങ്ങള്‍ കൂടി ഉദ്ധരിക്കാം:

ʻʻകാലേ തസ്മിന്‍ ബലിമഹനിഷേവാര്‍ത്ഥമാഢൌകമാനാന്‍
നാനാദിഗ്ഭ്യോ മനുജനിവഹാന്‍ ഭ്രാതരധ്യക്ഷയേഥാഃ
തത്ര ച്ഛത്രവ്യജനസിചയഛദ്മനാ പദ്മനാഭം
പ്രാപ്താനാസേവിതുമിവ മഹാമേരുശൈലാദ്വിശാലാല്‍.

വേണീഭാരൈസ്തിമിരിതദിശോ വക്‌ത്രപദ്മൈര്‍ദ്ദദാനാ-
ശ്ചന്ദ്രാദ്വൈതം മൃദുഹസരുചാ ജ്യോത്സ്‌നികാമാദധാനാഃ
വ്യോമ്നോ ഭൂമ്നഃ കുചഭരനതൈഃ കുഞ്ചിതൈര്‍മ്മധ്യദേശൈ-
രാതന്വാനാഃ പുരമൃഗദൃശോ നേത്രയോഃ പാത്രയേഥാഃ.

വക്ത്രൈരച്ഛ ശ്രമജലകണൈ രാഗിഭിശ്ചാധരോഷ്ഠൈ-
ര്‍ന്നേത്രൈര്‍ന്നീലാംബുജദലനിഭൈഃ സ്ഫീതബിബൈര്‍ന്നിതംബൈഃ
ഗാത്രൈഃ പീനസ്തനവിനമിതൈശ്ചാരുതാംബൂലഗര്‍ഭൈ-
ര്‍ഗ്ഗണ്ഡാഭോഗൈസ്തരളിതദൃശസ്തത്ര ദൃശ്യാസ്തരുണ്യഃˮ

ഉപസംഹാരശ്ലോകമാണു് ചുവടെ ചേര്‍ക്കുന്നതു്:

ʻʻവിശ്ലേഷാര്‍ത്താം മമ സഹചരീമിത്ഥമാശ്വാസ്യ യുക്ത്യാ
പശ്ചാദച്ഛാശയ പരിപത ഭ്രാതരാശാമഭീഷ്ടാം;
സ്മര്‍ത്തവ്യോऽഹം പ്രിയസഖ പുനസ്തത്രതത്രാന്തരേ തേ;
മാ ഭൂല്‍ കാന്താവിരഹഘടനാ കിഞ്ച ജന്മാന്തരേऽപി.ˮ

പൂര്‍വ്വഭാഗത്തില്‍ 107-ഉം ഉത്തരഭാഗത്തില്‍ 87-ഉം അങ്ങനെ ആകെ 194 ശ്ലോകങ്ങള്‍ പ്രസ്തുതസന്ദേശത്തില്‍ അന്തര്‍ഭവിക്കുന്നു.

പന്നിയൂര്‍ കൃഷ്ണന്‍നമ്പൂരി, ശ്രീകൃഷ്ണപുരാണം

മഹാഭാരതം, രാമായണം എന്നിവപോലെ ഇതിഹാസച്ഛായയില്‍ വിരചിതമായ ഒരു ഗ്രന്ഥമാണു് ശ്രീകൃഷ്ണപുരാണം. ഭാരതകഥയാണു് അതില്‍ പ്രതിപാദിച്ചിരിക്കുന്നതു്. കവി തന്നെപ്പറ്റി ചിലതെല്ലാം ഉപക്രമത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്.

ʻʻകൈരളീയോ നിളാതീരേ ഗ്രാമേ ഭൂദാരസംജ്ഞിതേ
കൃഷ്ണോ നാമാഭവദ്വിപ്രോ ഭൃഗുണാം മഹിതേऽന്വയേ.
ബാല്യ ഏവ സ ധര്‍മ്മാത്മാ പുരാണാഭ്യാസകോവിദഃ
വാസുദേവാല്‍ പരം നാന്യദിതി നിശ്ചയമേയിവാന്‍.
ഇതിഹാസപുരാണാഭ്യാം സമ്യഗ്ജ്ഞാതപരാവരഃ
ദ്വൈപായനം മുനിവരം സ മേനേ ഗുരുമാത്മനഃ.
തസ്യൈവം വര്‍ത്തമാനസ്യ കൃഷ്ണസ്യോദാരചേതസഃ
പുരാണസംഹിതാം കര്‍ത്തുമുല്‍ക്കണ്ഠാ സമജായത.
ആത്മഭക്തസ്യ കൃഷ്ണസ്യ ജ്ഞാത്വാ വ്യാസോ മനീഷിതം
തസ്മൈ വിജ്ഞാനബഹുലാം പ്രദദൌ വിപുലാം മതിം.
ലബ്ധപ്രസാദഃ കൃഷ്ണോഥ പുരാണമകരോന്മുദാ
ദേവദേവപ്രസാദാച്ച ശാസനാച്ച ദ്വിജന്മനാം.
കൃഷ്ണപ്രസാദാല്‍ കൃഷ്ണേന കൃഷ്ണഭക്തേന ധീമതാ
കൃതം കൃഷ്ണപുരാണം തദ്വിഖ്യാതമഭവദ് ഭുവി.
കൃത്വാ പുരാണം കൃഷ്ണാഖ്യം കൃഷ്ണഃ കൃഷ്ണകൃപാബലാല്‍
ദ്വിജേന്ദ്രാന്‍ ഗ്രാഹയാമാസ ഭക്തിപൂര്‍വ്വമുപാഗതാന്‍.
നിളായാ ദക്ഷിണേ തീരേ തം നിഷണ്ണം കദാചന
ദ്രഷ്ടുമഭ്യായയുര്‍വിപ്രാ വേദവേദാംഗപാരഗാഃ

ഉപാഗതാന്‍ ദ്വിജാന്‍ ദൃഷ്ട്വാ പ്രത്യുത്ഥാനാസനാദിഭിഃ
പൂജയാമാസ താന്‍ സര്‍വാന്‍ കൃഷ്ണോ വിഷ്ണുധിയാ സ്വയം.
സുഖോപവിഷ്ടാന്‍ വിശ്രാന്താന്‍ താനുവാചാഥ ഭാര്‍ഗ്ഗവഃ.ˮ

ഈ ശ്ലോകങ്ങളില്‍നിന്നു കൃഷ്ണപുരാണകര്‍ത്താവിന്റെ പേര്‍ കൃഷ്ണന്‍ എന്നായിരുന്നു എന്നും, അദ്ദേഹം ഭാരതപ്പുഴയുടെ തെക്കേക്കരയിലുള്ള പന്നിയൂര്‍ ഗ്രാമത്തിലേ ഭാര്‍ഗ്ഗവവംശജനായ ഒരു നമ്പൂരിയായിരുന്നു എന്നും, പുരാണനിര്‍മ്മിതി കഴിഞ്ഞു് ആ നിബന്ധം ആഗതരായ ബ്രാഹ്മണരെ ചൊല്ലിക്കേള്‍പ്പിച്ചു എന്നും കാണാവുന്നതാണു്. ഭീഷ്മസ്വര്‍ഗ്ഗതി കഴിഞ്ഞു യുധിഷ്ഠിരന്‍ രാജ്യഭരണം ചെയ്യുന്ന കാലത്തു് ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു് ʻʻവിശ്വസ്യാസ്യ ഗതിം കൃത്സ്നം വേത്തുമിച്ഛാമി കേശവˮ എന്നു് അഭ്യര്‍ത്ഥിക്കുകയും ശ്രീകൃഷ്ണന്‍ അദ്ദേഹത്തിനു് ആ വിഷയത്തില്‍ വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി പ്രസ്തുതകഥ പറഞ്ഞു കേള്‍പ്പിക്കുകയും ചെയ്യുന്നു എന്നാണു് പൂര്‍വപീഠിക. ആ കഥ പിന്നീടു് ശതാനീകന്‍ യുധിഷ്ഠിരനോടു നിവേദനം ചെയ്യുന്നു. അങ്ങനെ ദ്വേധാ കൃഷ്ണപുരാണസംജ്ഞയ്ക്കു് അര്‍ഹമായ ഈ വാങ്മയത്തില്‍ വനപര്‍വ്വത്തിലെ മാര്‍ക്കണ്ഡേയപ്രോക്തമായ രാമായണോപാഖ്യാനത്തിന്റെ അവസാനംവരെയുള്ള ഭാഗത്തോളമേ ലഭിച്ചിട്ടുള്ളു. പുരാണരൂപത്തിലാണു് തന്റെ കൃതി രചിച്ചിരിക്കുന്നതെങ്കിലും താന്‍ ഒരു നല്ല കവികൂടിയാണെന്നു കൃഷ്ണന്‍ നമ്പൂരി അങ്ങിങ്ങു സ്ഫുടമായി തെളിയിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശര്‍മ്മിഷ്ഠാവര്‍ണ്ണനത്തിലേ ചില ശ്ലോകങ്ങള്‍ പരിശോധിക്കുക:

ʻʻശൃംഗാരരസസര്‍വസ്വദേവതാമാഗതാമിവ,
നിശ്ശേഷദേഹിലാവണ്യഗുണസാരപ്രഭാമിവ,
വിശ്വമാധുര്യസമ്പത്തിയോഗസംഘടിതാമിവ,
സൌന്ദര്യസമുദായശ്രീവിശിഷ്ടപദവീമിവ,

വിധേര്‍വിശിഷ്ടനിര്‍മ്മാണനൈപുണ്യഘടിതാമിവ,
പുഷ്പബാണജഗജ്ജൈത്രസിദ്ധിം മൂര്‍ത്തിമതീമിവ,
കാമദേവോപനിഷദാം ദേവതാമുജ്ജ്വലാമിവ,
യുവചിത്തഗജാകര്‍ഷവരാങ്കുശശിഖാമിവ,
സൌഭാഗ്യകല്പലതികാപടലീമഞ്ജരീമിവ.ˮ

ഈ പുരാണത്തിനു കുറെ അധികം പഴക്കമുണ്ടു്. കാലമേതെന്നു ഖണ്ഡിച്ചു പറയുവാന്‍ നിര്‍വ്വാഹമില്ല. കൊല്ലം ഏഴാം ശതകമായിരിക്കാമെന്നു തോന്നുന്നു.

ഉദയവര്‍മ്മചരിതം

ഉദയവര്‍മ്മചരിതം പതിനൊന്നധ്യായങ്ങളില്‍ കൊല്ലം എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ഉദയവര്‍മ്മ കോലത്തിരിയുടെ അപദാനങ്ങളെ വര്‍ണ്ണിച്ചു പുരാണരീതിയില്‍ രചിച്ചിട്ടുള്ള ഒരു കൃതിയാണു്.

ʻʻപുനാതു ഭാനുരിത്യുക്തേ കലിസംവത്സരേ പുനഃ
ഹേ വിഷ്ണോ നിഹിതം കൃത്സ്നമിത്യുക്തേऽസ്മിന്നഹര്‍ഗ്ഗണേ
പ്രാഗേവ ഭിക്ഷുണാ പ്രോക്തം ചരിതം കോലഭൂപതേഃ
ചകാര ശ്ലോകരൂപേണ രവിവര്‍മ്മമഹീപതിഃˮ

എന്നുള്ള പ്രസ്താവനയില്‍നിന്നു രവിവര്‍മ്മരാജാവു പ്രസ്തുത ഗ്രന്ഥം നിര്‍മ്മിച്ചതു കൊല്ലം 676-ല്‍ ആണെന്നു കാണാവുന്നതാണു്. ʻʻഹേ വിഷ്ണോˮ ഇത്യാദികലിദിനസംഖ്യതന്നെ കേളല്ലൂര്‍ ചോമാതിരിയുടെ തന്ത്രസംഗ്രഹത്തിലും കാണുന്നു ഈ രവിവര്‍മ്മാ കൊല്ലം 667 മുതല്‍ 681 വരെ കോലത്തുനാടു പരിപാലിച്ചതായി ചിറയ്ക്കല്‍ കോവിലകത്തു രേഖയുണ്ടു്. ഉത്തരദേശത്തില്‍, ശിവപുരം എന്ന സ്ഥലത്തു ശൃംഖലക്രോഡന്‍ എന്ന ബ്രാഹ്മണനോടു വില്വമംഗലത്തു സ്വാമിയാര്‍ ഉദയവര്‍മ്മാ എന്ന പ്രതാപശാലിയായ കോലത്തിരി രാജാവിന്റെ ചരിത്രം പറഞ്ഞുകേള്‍പ്പിക്കുന്നതായി കവി ഉപക്രമത്തില്‍ ഉപന്യസിക്കുന്നു. സോമവംശത്തില്‍ ജനിച്ചു മൂന്നു ക്ഷത്രിയസ്ത്രീകള്‍ ഗോകര്‍ണ്ണത്തുപോയി ശ്രീപരമേശ്വരനെ ഭജിച്ചുകൊണ്ടിരുന്നപ്പോള്‍ കേരളരാജാവായ ചേരമാന്‍പെരുമാള്‍ അവിടെ ചെല്ലുകയും അവരെ മൂന്നു പേരെയും വിവാഹം ചെയ്കയും ചെയ്തു. ദ്വിതീയപത്നിയില്‍ അദ്ദേഹത്തിനു് അംബാലിക എന്നൊരു പുത്രി ജനിച്ചു; ആ കുമാരിക്കു രവിവര്‍മ്മ എന്ന രാജാവു് ഭര്‍ത്താവായി. പെരുമാള്‍ക്കു പിന്നീടു രാജ്യഭാരം ചെയ്തതു് അംബാലികയാണ്. ക്രി: പി: 724-ല്‍ ആദേവിക്കു ʻʻശക്രസദൃശനും പിതൃമാതൃഭയാപഹനുˮമായി കേരളവര്‍മ്മാ എന്നൊരു പുത്രന്‍ ഉണ്ടായി. ആ കേരളവര്‍മ്മാവാണു് കോലവംശം സ്ഥാപിച്ചതെന്നു ഗ്രന്ഥകാരന്‍ പറയുന്നു; ഇതു മൂഷികവംശത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണു്. ക്രി: പി: 746-ല്‍ കേരളവര്‍മ്മാവിന്റെ ഭാഗിനേയി ഉദയവര്‍മ്മാ എന്നൊരു കുമാരനെ പ്രസവിച്ചു. കേരളവര്‍മ്മാവിന്നു പിന്നീടു ഉദയവര്‍മ്മതമ്പുരാന്‍ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തെ പെരുഞ്ചെല്ലൂര്‍ ഗ്രാമക്കാരായ നമ്പൂരിമാര്‍ ഒരവസരത്തില്‍ അധിക്ഷേപിക്കുകയുണ്ടായി. തന്നിമിത്തം അദ്ദേഹം കുപിതനായി ഗോകര്‍ണ്ണത്തുചെന്നു ഗുണവന്തം, ദീപപത്തനം (വിളക്കൂര്‍) ഇഡുകുഞ്ജം (ഇഡുകുഞ്ചി) എന്നീ ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന വേദവേദാംഗപാരഗന്മാരായ ചില തൗളവബ്രാഹ്മണരെ കോലത്തുനാട്ടിലേക്കു നയിക്കുവാന്‍ നിശ്ചയിച്ചു. ആ ക്ഷത്രിയവീരന്റെ പ്രഭാവം ശരിക്കു് അറിയാത്ത അവര്‍

ʻʻശ്രീമല്‍കോലമഹീപാല ഗോകര്‍ണ്ണേऽസ്മിന്‍ ശിവാലയേ
കോടിതീര്‍ത്ഥമിതി ഖ്യാതം പുണ്യം മുനിനിഷേവിതം
ദേവഖാതമഭൂല്‍ പൂര്‍വമിദാനീം ജീര്‍ണ്ണതാം ഗതം:
ത്വയാ ദൃഷ്ടമിദം രാജന്‍ ദുസ്തീര്‍ണ്ണം സാഗരോപമം
ത്രിരാത്രേണാസ്യ തീര്‍ത്ഥസ്യ സുനവീകരണക്രിയാ
ത്വയാ കൃതം ചേദ്രാജേന്ദ്ര ഗമിഷ്യാമസ്ത്വയാ സഹ.ˮ

അതായതു വിശാലമായ ഗോകര്‍ണ്ണത്തിലേ കോടിതീര്‍ത്ഥം രാജാവു് മൂന്നു ദിവസംകൊണ്ടു നവീകരിക്കുകയാണെങ്കില്‍ തങ്ങള്‍ അദ്ദേഹത്തിന്റെ നാട്ടിലേക്കു പോകാമെന്നു സമ്മതിച്ചു. രാജഭക്തന്മാരായ അദ്ദേഹത്തിന്റെ പ്രജകള്‍ അതറിഞ്ഞു് ഓരോരുത്തരും ഓരോ വെട്ടുകല്ലുമായി അവിടെച്ചെന്നു മൂന്നു മുഹൂര്‍ത്തങ്ങള്‍കൊണ്ടു് ആ തീര്‍ത്ഥം ജീര്‍ണ്ണോദ്ധാരണം ചെയ്തു. അതു കണ്ടു് ആശ്ചര്യപരതന്ത്രന്മാരായി രാജാവിന്റെ അപേക്ഷ അനുസരിച്ചു് ആ ബ്രാഹ്മണരും തങ്ങളുടെ തപശ്ശക്തികൊണ്ടു കണങ്കാല്‍വരെ മാത്രമുണ്ടായിരുന്ന ജലം സരസ്സു മുഴുവന്‍ പെരുക്കി. ഈ സംഭവം നടന്നതു ʻവൃദ്ധിദാംബʼ എന്ന കലിവര്‍ഷത്തില്‍ അതായതു ക്രി: പി: 793-ല്‍ ആയിരുന്നു. അത്തരത്തില്‍ സമാഗതരായ തുളുപ്പോറ്റിമാരെ ഉദയവര്‍മ്മ രാജാവു് ആചാരപരിഷ്കാരം ചെയ്തു മലയാളബ്രാഹ്മണരാക്കി. അവരാണു് കേരളത്തിലെ എമ്പ്രാന്തിരിമാരുടെ പൂര്‍വ്വന്മാര്‍. ഉദയവര്‍മ്മ ചരിതത്തിലെ പ്രതിപാദ്യസംക്ഷേപം ഇത്രമാത്രമാകുന്നു.

ബ്രഹ്മപ്രതിഷ്ഠ

ഇതു രവിവര്‍മ്മകോലത്തിരിയുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കൃതിയാണു്. ഇതിലും ഉദയവര്‍മ്മരാജാവിന്റെ ബ്രാഹ്മണാനയനം തന്നെയാണു് വിഷയമെങ്കിലും രണ്ടു കൃതികള്‍ക്കും തമ്മില്‍ കഥയെസ്സംബന്ധിച്ചു പല വ്യത്യാസങ്ങളും കാണുന്നു. ഒരു എമ്പ്രാന്തിരിയാണു് ഇതിന്റെ പ്രണേതാവു്. നാരദമഹര്‍ഷി സുപ്രഭന്‍ എന്ന ഗന്ധര്‍വനോടു പ്രസ്താവിച്ച ഇതിഹാസത്തെ സൂതന്‍ ബ്രാഹ്മണരെ പറഞ്ഞു കേള്‍പ്പിക്കുന്നതാണു് ബ്രഹ്മപ്രതിഷ്ഠയിലെ വിഷയം. പ്രതിഷ്ഠ കൊല്ലം 264-മാണ്ടു നടന്നതായാണു് ഇതില്‍ രേഖപ്പെടുത്തുന്നതു്. ആ കാലഗണന ശരിയാണെന്നു തോന്നുന്നില്ല. ഉദയവര്‍മ്മാവു തിരുവല്ലായില്‍നിന്നു ദേശികളായ 237 (ʻസാഗരʼ) ഗൃഹക്കാരെ കോലത്തുനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതായും അവര്‍ക്കു തൃത്താഴത്തുക്ഷേത്രത്തിന്റേയും അറത്തില്‍ക്ഷേത്രത്തിന്റേയും ആധിപത്യം നല്കിയതായും മറ്റും പ്രസ്തുതകൃതി ഘോഷിക്കുന്നു. ʻʻഇതി കേരളമാഹാത്മ്യേ കോലരാഷ്ട്രവര്‍ണ്ണനേ ഉദയവര്‍മ്മചരിതേ ബ്രഹ്മപ്രതിഷ്ഠാ നാമപ്രകരണം സമ്പൂര്‍ണ്ണംˮ എന്നൊരു വിഷയസൂചീവാചകവും ഒടുവില്‍ കാണുന്നുണ്ടു്. ഗ്രന്ഥാരംഭത്തില്‍ കവി ചെറുതാഴത്തു ശ്രീരാമനെ വന്ദിക്കുന്നു. അദ്ദേഹം തൃത്താഴത്തുകാരനായ ഒരു എമ്പ്രാന്തിരിയായിരിക്കാം.

ʻʻശ്രീരാഘവം പ്രണമ്യാഹം കൃശാധഃക്ഷേത്രവാസിനം
കോലഭൂപോദയോദന്തം ബ്രാഹ്മണസ്ഥാപനം ബ്രുവേˮ

എന്നാണു് അതിലെ മംഗലശ്ലോകം. രണ്ടു കാവ്യങ്ങള്‍ക്കും സാഹിത്യദൃഷ്ട്യാ യാതൊരു വൈശിഷ്ട്യവുമില്ലെങ്കിലും പുരാവൃത്തകഥനം എന്ന നിലയില്‍ അവയും നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണല്ലോ.

ദേശ്യഷ്ടകം

ഇതു സ്രഗ്ദ്ധരാവൃത്തത്തില്‍ വിരചിതമായ ഒരഷ്ടകമാകുന്നു. ഉദയവര്‍മ്മചരിതംതന്നെയാണു് ഇതിലേയും കഥാവസ്തു. ഒടുവില്‍ അഷ്ടകകാരന്‍ രവിവര്‍മ്മകോലത്തിരിയുടെ ഉദയവര്‍മ്മചരിതത്തെ സ്മരിക്കുകയും താന്‍ ഒരു ബ്രാഹ്മണനാണെന്നു പറയുകയും ചെയ്യുന്നു. അദ്ദേഹവും ഒരു ദേശി (എമ്പ്രാന്തിരി) തന്നെയാണെന്നു തോന്നുന്നു.

ʻʻശ്രീമല്‍കോലക്ഷിതീശോദയനൃപചരിതം
ദേശികാനീതിരൂപം
തദ്വംശ്യേനാത്ര കേനാപ്യഭിഹിതമതിവി-
സ്തീര്‍ണ്ണമധ്യായയുക്തം
ദേവബ്രഹ്മപ്രതിഷ്ഠാര്‍ത്ഥകമിദമുദിതം
സമ്യഗാലോച്യ കേനാ-
പ്യുര്‍വീദേവേന സംക്ഷേപത ഇഹ ബുധമോ-
ദായ പദ്യാഷ്ടകം സ്യാല്‍.ˮ

കൃഷ്ണകവി, ഭരതചരിതം

ഭരതചരിതം എന്ന മനോഹരമായ മഹാകാവ്യത്തിന്റെ പ്രണേതാവാണു് കൃഷ്ണകവി. ചില ഗ്രന്ഥമാതൃകകളില്‍ അദ്ദേഹത്തെ കൃഷ്ണാചാര്യനെന്നും വ്യപദേശിച്ചു കാണുന്നു. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയത്തിലെന്നപോലെ ഭരണചരിതത്തിലും പന്ത്രണ്ടു സര്‍ഗ്ഗങ്ങളുണ്ടു്. ചന്ദ്രോത്സവത്തില്‍ ഭരതചരിതത്തിന്റെ അനുകരണം പല ഘട്ടങ്ങളിലും ദൃശ്യമാകുന്നതുകൊണ്ടു് ആ ഗ്രന്ഥത്തിന്റെ രചനയ്ക്കു് അല്പമെങ്കിലും മുന്‍പാണ് പ്രസ്തുത കൃതിയുടെ ആവിര്‍ഭാവമെന്നു അനുമാനിക്കാം. കൊല്ലം ഏഴാംശതകത്തിന്റെ ആരംഭമായിരിക്കാം കവിയുടെ കാലഘട്ടം. പ്രസ്തുതകൃതിക്കു ശബ്ദസൌഭാഗ്യമുണ്ടെങ്കിലും അര്‍ത്ഥചമല്‍ക്കാരത്തിലാണു് അതിന്റെ വിജയം ഐദമ്പര്യേണ അധിഷ്ഠിതമായിരിക്കുന്നതു്. ശ്ലേഷപ്രയോഗങ്ങള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ ക്ലിഷ്ടതയുടെ ലാഞ്ഛനം ഒരിടത്തുമില്ല. ഭരതചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിന്റെ ആദ്യത്തെ എട്ടു സര്‍ഗ്ഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന കഥ ശാകുന്തളംതന്നെയാണു്. പക്ഷേ കൃഷ്ണകവി കാളിദാസന്റെ ഇതിവൃത്തത്തില്‍ നിന്നു പല വ്യതിയാനങ്ങളും വരുത്തീട്ടുണ്ടു്. ദുര്‍വാസസ്സിന്റെ ശാപമാകട്ടെ, ദുഷ്ഷന്തന്റെ ഗാന്ധര്‍വ്വവിവാഹവിസ്മൃതിയാകട്ടെ ഭരതചരിതത്തില്‍ പരാമൃഷ്ടമാകുന്നില്ല. ആദ്യത്തെ സര്‍ഗ്ഗത്തില്‍ ʻജഗദ്ദര്‍ശനംʼ എന്ന പേരില്‍ ഒരു ദര്‍പ്പണരത്നം രാജാവിനു ലഭിക്കുന്നു. തന്നിമിത്തം ആ ചക്രവര്‍ത്തിക്കു ദുരസ്ഥിതമോ പ്രച്ഛന്നമോ ആയ ഏതു വസ്തുവിനേയും ദര്‍ശിക്കുന്നതിനും അതിനെക്കൊണ്ടു് അതേവിധത്തില്‍ തന്നെ ദര്‍ശിപ്പിക്കുന്നതിനും ഉള്ള ശക്തി സിദ്ധിക്കുന്നു. തദ്വാരാ അദ്ദേഹം ശകുന്തളയെ കാണുകയും ശകുന്തളയ്ക്കു തന്നെ കാണുവാന്‍ സംഗതി വരുത്തുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവര്‍ക്കു് അന്യോന്യം അനുരാഗം ഉദിക്കുന്നതു്. ഭരതന്റെ ജനനം 8-ആം സര്‍ഗ്ഗത്തില്‍ വര്‍ണ്ണിക്കുന്നു. ഒന്‍പതാം സര്‍ഗ്ഗത്തില്‍ പുത്രനോടുകൂടി ശകുന്തള ഭര്‍ത്തൃഗ്രഹത്തിലേയ്ക്കു പോകുകയും അവിടെ ദുഷ്ഷന്തന്‍ ജനാപവാദത്തില്‍ ചകിതനായി ആ സാധ്വിയേയും കുമാരനെയും സ്വീകരിക്കുവാന്‍ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതില്‍നിന്നു് അദ്ദേഹത്തെ ധര്‍മ്മപഥത്തില്‍ ഭരതന്റെ രാജ്യാഭിഷേകവും ദിഗ്വിജയപ്രസ്ഥാനവും, പതിനൊന്നാം സര്‍ഗ്ഗത്തില്‍ ദിഗ്വിജയവും, പന്ത്രണ്ടാംസര്‍ഗ്ഗത്തില്‍ ദേവേന്ദ്രന്റെ പ്രാര്‍ത്ഥനയനുസരിച്ചു് അസുരന്മാരുമായുള്ള യുദ്ധവും പതിപാദിച്ചിരിക്കുന്നു.

കാവ്യശൈലി

ആപാദചൂഡം ഹൃദയഹാരിയായി പ്രശോഭിക്കുന്ന ഈ കാവ്യതല്ലജത്തില്‍നിന്നു പ്രണേതാവിന്റെ വിവിധസിദ്ധികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതെന്നു രൂപമില്ല. കാവ്യാരംഭത്തില്‍ കൃഷ്ണകവി, വാല്മീകി, വേദവ്യാസന്‍, കാളിദാസന്‍, പ്രവരസേനന്‍ (സേതുബന്ധകാരന്‍), ഭാരവി, ഗുണാഢ്യന്‍, സുബന്ധു, ഭട്ടബാണന്‍ എന്നീ പൂര്‍വ്വസൂരികളെ പ്രശംസിക്കുന്നു. തത്സംബന്ധികളായ പദ്യങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്:

ʻʻആദേശികൗ പദ്യപഥോദ്യതാനാം
രത്നാകരൗ സൂക്തിമഹാമണീനാം
സന്മാര്‍ഗ്ഗസന്ദര്‍ശനപുഷ്പവന്തൗ
വന്ദേ കവീനാം പ്രഥമൗ മുനിന്ദ്രൗ.

അസ്‌പൃഷ്ടദോഷാ നളിനീവ ഹൃഷ്ടാ
ഹാരാവലീവ ഗ്രഥിതാ ഗുണൗഘൈഃ
പ്രിയാങ്കപാളീവ വിമര്‍ദ്ദഹൃദ്യാ
ന കാളിദാസാദപരസ്യ വാണീ.

ജലാശയസ്യാന്തരഗാഢമാര്‍ഗ്ഗ-
മലബ്ധബന്ധം ഗിരിചൗര്യവൃത്ത്യാ
ലോകേഷ്വലം കാന്തമപൂര്‍വസേതും
ബബന്ധ കീര്‍ത്ത്യാ സഹ കുന്തളേശഃ

പ്രദേശവൃത്ത്യാപി മഹാന്തമര്‍ത്ഥം
പ്രദര്‍ശയന്തീ രസമാദദാനാ
സാ ഭാരവേഃ സല്‍പഥദീപികേവ
രമ്യാ കൃതിഃ കൈരിവ നോപജീവ്യാ?

ബൃഹല്‍കഥാകാരസുബന്ധുബാണാഃ
കേഷാമിവാശ്ചര്യപദം ന തേ സ്യുഃ
യതഃ പ്രസിദ്ധൈരവി ഗദ്യബന്ധൈഃ
ശ്ലോകാനനേകാന്‍ ഭൂവി തേ വിതേനുഃ.ˮ

ഭാരവിയേയും ബാണനേയും കവി പല പ്രകാരത്തില്‍ ഉപജീവിച്ചിട്ടുണ്ടു്. സല്‍കാവ്യത്തിന്റെ ഉല്‍കര്‍ഷത്തെപ്പറ്റി പല അവസരങ്ങളിലും പ്രശംസിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ദത്താവധാനനാണു്.

ʻʻസന്നായകോല്‍കൃഷ്ടഗുണാ മഹാര്‍ത്ഥാ
ലോകോത്തമാലങ്കൃതിരസ്തദോഷാ
വിശുദ്ധവര്‍ണ്ണാശ്രമഗുംഭിതാ യാ.ˮ
ഹാരാവലീ കാവ്യകലാഭിരാമാ.ˮ

(പ്രതിഷ്ഠാനപുരീവര്‍ണ്ണനം)ʻʻയോഗ്യാര്‍ത്ഥസംഘടനകൗതുകിനീ രസാര്‍ദ്രാ
കേനാപി ഭാഗ്യവിഭവേന വിഭാവ്യമാനാ
ചിന്താപരം തദനു ഭൂപതിമാസസാദ
മാധ്വീ നിസര്‍ഗ്ഗമധുരാ കവിതേവ സാധ്വീ.ˮ

ഇത്യാദി പദ്യങ്ങള്‍ പരിശോധിക്കുക. മാധ്വി എന്ന ദേവലോകപരിചാരികയുടെ ആഗമനമാണു് ഒടുവിലത്തെ ശ്ലോകത്തിലെ വിഷയം. ദിഗ്വിജയഘട്ടത്തില്‍നിന്നു ചില പദ്യങ്ങള്‍കൂടി ഉദ്ധരിക്കാം:

ʻʻഹൃദി ലുഠന്നവമൗക്തികമണ്ഡനാം
ശഫരലോലദൃശം കുമുദസ്മിതാം
ബലഭരേണ മമര്‍ദ്ദ മഹീപതിഃ
പ്രിയതമാമിവ രത്നസുവം നദീം.ˮ

(താമ്രപര്‍ണ്ണീപ്രസ്താവം)ʻʻഅഥ ഗിരേരിവ പക്ഷപരമ്പരാം
ജലനിധേരുപരി പ്രവിസാരിതാം
പരശുരാമമഹാസ്ത്രവിനിര്‍മ്മിതാ-
മവതതാര മഹീം സ മഹാരഥഃ.

കലിതനീതിരസൗ കില കേരള-
ക്ഷിതിപതിഃ പുനരാത്മസമര്‍പ്പണാല്‍
അനുവിവേശ ശശീവ ദിവാകരം
രുചിരയാ കലയാ ഭരതം വിഭും.ˮ

(കേരളപ്രസ്താവം)

കൃഷ്ണകവിയുടെ ʻʻസന്മാര്‍ഗ്ഗസന്ദര്‍ശനപുഷ്പവന്തൗˮ എന്ന പദ്യപാദത്തിന്റെ അനുരണനം ʻʻഹൃദയതിമിരമാലാസൂര്യചന്ദ്രൗˮ എന്ന വരിയിലും ʻʻമുക്താശ്രിയം ജലനിധേരിവ താമ്രപര്‍ണ്ണീˮ എന്നതിന്റെ പ്രതിനാദം ʻʻമുക്തമയാന്‍ ജലകണാനിവ താമ്രപര്‍ണ്ണീˮ എന്ന വരിയിലും ചന്ദ്രോത്സവത്തില്‍ നമുക്കു ശ്രവണഗോചരമാകുന്നുണ്ടല്ലോ.

ദേശിങ്ങനാട്ടു് ആദിത്യവര്‍മ്മമഹാരാജാവു്

ദേശിങ്ങനാട്ടു് (കൊല്ലം) ആദിത്യവര്‍മ്മമഹാരാജാവിനെപ്പറ്റി പ്രസ്താവനയുള്ള രണ്ടു സംസ്കൃതകാവ്യങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. ഒന്നു യദുനാഥചരിതം എന്ന പദ്യകാവ്യവും മറ്റൊന്നു രാമകഥ എന്ന ഗദ്യകാവ്യവുമാണു്. ആദിത്യവര്‍മ്മാ എന്ന പേരില്‍ പല ദേശിങ്ങനാട്ടുരാജാക്കന്മാര്‍ ഉണ്ടായിരുന്നു എങ്കിലും അവരില്‍ അഖിലകലാവല്ലഭന്‍ എന്ന ബിരുദം കൊല്ലം 644 മുതല്‍ 660 വരെ രാജ്യഭാരം ചെയ്ത ഒരു രാജാവിനുമാത്രമേ കാണുന്നുള്ളൂ. അദ്ദേഹം വടശ്ശേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം നവീകരിക്കുകയും ഇന്നു തിരുനല്‍വേലിജില്ലയില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ അക്കാലത്തു ദേശിങ്ങനാട്ടിന്റെ ഒരംശമായിരുന്നതുമായ തിരുക്കുറുങ്കുടിയിലെ മഹാവിഷ്ണുക്ഷേത്രത്തില്‍ ഒരു വലിയ മണി നടയ്ക്കുവയ്ക്കുകയും ചെയ്തു. ആ മണി ഇന്നും ആ ക്ഷേത്രത്തിനു് ഒരലങ്കാരമായി പരിലസിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനക്ഷത്രം വിശാഖമായിരുന്നു. പ്രസ്തുതഘണ്ടയില്‍ താഴെക്കാണുന്ന ശ്ലോകം കൊത്തീട്ടുണ്ടു്:

ʻʻശ്രീമല്‍കോളംബവര്‍ഷേ ഭവതി ഗുണമണി-
ശ്രേണിരാദിത്യവര്‍മ്മാ
വഞ്ചീപാലോ വിശാഖഃ പ്രഭുരഖിലകലാ-
വല്ലഭഃ പര്യബധ്നാല്‍
ദ്വാരാലങ്കാരഘണ്ടാം തിലകിതജയസിം-
ഹാന്വയഃ ശ്രീകുരംഗ-
പ്രോദ്യദ്ധാമ്നോ മുരാരേരധിഗതചിറവായ്-
മണ്ഡലേന്ദ്രോ നരേന്ദ്രഃ.ˮ

അദ്ദേഹത്തിന്റെ കാലത്തായിരിക്കും മുന്‍പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളുടേയും നിര്‍മ്മിതി എന്നു ഞാന്‍ ഊഹിക്കുന്നു.

യദുനാഥചരിതം

യദുനാഥചരിതം പത്തു സര്‍ഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിനു ഭാഗവതസംഗ്രഹമെന്നും പേരുണ്ടു്. ദശമസ്കന്ധകഥയാണു് വിഷയം. താഴെപ്പകര്‍ത്തുന്ന ശ്ലോകങ്ങള്‍ അതിന്റെ ആരംഭത്തില്‍ കാണുന്നു. ഗ്രന്ഥകാരന്റെ നാമധേയം അജ്ഞാതമാണു്.

ʻʻവന്ദാരുജനസന്ദോഹചിന്താസന്താനപാദപം
സന്താനമിന്ദുചൂഡസ്യ വന്ദേ ദന്താവളാനനം.

വാണീഗുണതൃണീഭൂതവീണാമേണാങ്കരോചിഷം
വാണീമാരാധയേ പീനശ്രോണീമേണീവിലോചനാം.

വംശീസംഗീലനപരം ധേനുവൃന്ദാവനേ രതം
വൃന്ദാവനചരം ഗോപീകാമരൂപമുപാസ്മഹേ.

വതംസിനീചകോരാളീസാമ്രാജ്യേനാസ്തമന്യഥാ(?)
കാപി മേ കരുണാ ഭൂയാദരുണാചലഗാ മുദേ.

അസ്തി കൂപകഭൂപാലവംശമംഗലദേവതാ
നിലയസ്സദ്ഗുണാളീനാം രാജ്ഞീ പ്രാജ്ഞൈകസമ്മതാ.

ധന്യാമന്നപ്രദാനേന തന്വതീം ജനസമ്മദം
അന്നപൂര്‍ണ്ണേശ്വരീമന്യാം മന്യന്തേ യാം മഹാജനാഃ.

ലാവണ്യസിന്ധോര്‍മ്മഥിതാദാവിര്‍മ്മോദം മനോഭുവാ
ഉദിതാം മന്വതേ ലോകാ മുദിതാം യാം നവാം രമാം.

യല്‍കീര്‍ത്തിനര്‍ത്തകീ ദിക്ഷു വിദിക്ഷു ച ക്രതക്രമാ
സ്വര്‍ഗ്ഗിണാമാലയം പ്രാപ്യ നിഷ്കളങ്കാദ്യ നൃത്യതി.

സാഹിത്യസാരസര്‍വസ്വപാരീണതളിമേശയാ
ശ്യാമളാ നാടിതസ്വാപാ ഭാതി യല്‍കുലദേവതാ.

കാമാഗമാര്‍ത്ഥസര്‍വ്വസ്വം വാമാംഗേന സമുദ്വഹന്‍
ശ്യാമാജീവാതുനാ മൗലിസീമാനമപി ഭൂഷയന്‍

യദ്രാജധാന്യാമനിശം കദ്രൂ സുതവിഭൂഷണഃ
സര്‍വത്ര കുശലം കുര്‍വന്‍ വര്‍വര്‍ത്തി പരമേശ്വരഃ.

ഭ്രാതാപി യസ്യ ഭൂലോകത്രാതാ നീതൗ സ്ഥിതസ്സതാം
നിര്‍മ്മാതി നിത്യമാദിത്യവര്‍മ്മാ ശര്‍മ്മാണി മര്‍മ്മവില്‍.

ഈദൃശ്യപി ഗുണൈസ്സര്‍വൈര്‍വൈദുഷ്യം ദധതീ മഹല്‍
രാജതേജോമയീ ലോകേ രാജതേ യല്‍കനീയസീ.

ശ്രാവം ശ്രാവം കഥാ വിഷ്ണോര്‍മ്മോദം മോദം മഹീയസീ
ആജ്ഞാവിധേയസാമന്താ രാജ്ഞീ യാ വര്‍ത്തതേ സദാ.

തസ്യാഃ കലാധരാസ്യായാഃ പ്രീത്യൈ മാധ്വീഗിരാ മയാ
സംക്ഷിപ്താ സാക്ഷരപ്രാസാ ക്രിയതേ ഭഗവല്‍കഥാ.

യദി സന്തിഗുണാഃ കേചിദസ്യാം ഗൃഹ്ണന്തു താന്‍ബുധാഃ;
ന സന്തി ചേദ്ധരികഥാസ്സന്തു തല്‍കര്‍ണ്ണപാരണാഃ.

ന വിദ്യാവിഭവേനേദം ന കവിത്വേന ഭൂയസാ
രചിതം; വൈഷ്ണവീ ഭക്തിര്‍മുഖരീകുരുതേഥ മാം.
ദേശികസ്യ കടാക്ഷേണ രാജ്ഞീവാഗങ്കുശേന ച
ഭക്ത്യാ ച കൃഷ്ണേ പ്രാരബ്ധം ബഹുഭിസ്സാധനൈര്‍മ്മയാ.

അവിഘ്നം വിഘ്നരാജോ മേ വാണീ ശബ്ദാര്‍ത്ഥകൗശലം
പ്രാരബ്ധാന്തഗതിം കൃഷ്ണേ വിദധ്യാന്മുദിതാസ്രുയഃ.

അഭൂദഭൂതസാമ്രാജ്യ മധുരാ മധുരാ ഗുണൈഃ
അവരീകൃതപാകാരിനഗരീ നഗരീ ഭുവി.ˮ

കവി ദേശിങ്ങനാടു പരിപാലിച്ചിരുന്ന ആദിത്യവര്‍മ്മമഹാരാജാവിന്റെ കനിഷ്ഠസഹോദരിയായ കൂപകരാജ്ഞിയുടെ ആശ്രിതനായിരുന്നു. ആ രാജ്ഞിയുടെ സൗന്ദര്യം, വൈദുഷ്യം, അന്നദാനശ്രദ്ധ മുതലായ വിശേഷസിദ്ധികളേയും മറ്റും അദ്ദേഹം ഭക്തിപൂര്‍വ്വം പ്രശംസിക്കുന്നു. കവി തന്റെ സ്വാമിനിയുടെ നിദേശത്താലാണു് യദുനാഥചരിതം രചിക്കുന്നതു്. അരുണാചലനാഥനായ ശിവനെ പ്രത്യേകമായി വന്ദിക്കുന്നതില്‍നിന്നു് അദ്ദേഹത്തിന്റെ ജന്മഭൂമി ചെങ്ങന്നൂരാണെന്നു് അനുമാനിക്കുവാന്‍ തോന്നുന്നു. സാക്ഷരപ്രാസമായ പ്രസ്തുത കാവ്യത്തിന്റെ രീതി എന്തെന്നു് ʻʻഅഭൂദഭൂതസാമ്രാജ്യˮ എന്ന പദ്യത്തില്‍നിന്നു കാണാവുന്നതാണു്. ചുവടേ ചേര്‍ക്കുന്ന രണ്ടു ശ്ലോകങ്ങളോടുകൂടി കാവ്യം അവസാനിക്കുന്നു:

ʻʻʻസുത്രാമവിത്തേശപുരീവിഭൂതിം
വിദ്രാവയന്ത്യം നിജയാ സമൃദ്ധ്യാ
സ ദ്വാരകായം പുരി ശാര്‍ങ്ഗധന്വാ
പുത്രൈശ്ച പൗത്രൈര്‍മുമുദേ സമേതഃ.

സ്ഥിരീകുര്‍വന്‍ ധര്‍മ്മം ഭുവി നിരുപമം ധര്‍മ്മജമുഖൈര്‍-
ഭുവോ ഭാരം ഭീമാര്‍ജ്ജുനതപനജാദ്യൈഃ പ്രശമയന്‍
കലിം തുച്ഛീകുര്‍വന്നതിമഹിതയാത്മീയകഥയാ
രമാനാഥഃ പുര്യാമവസദവസന്നാരിരനിശം.ˮ

വാസുദേവന്‍, രാമകഥ

രാമകഥാഗദ്യത്തിന്റെ ആരംഭത്തില്‍ അടിയില്‍ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണുന്നു:

ʻʻസതാം പരിത്രാണപരസ്സുമേധാ
ജിതാരിഷഡ്വര്‍ഗ്ഗതയാ മഹീയാന്‍
വിഭ്രാജതേ വിശ്രുതവിക്രമശ്രീ-
രാദിത്യവര്‍മ്മാ നരലോകവീരഃ.

ചിരായ രക്ഷോപഗമേന കുര്‍വന്‍
ഗുര്‍വീം മുദം യസ്സുമനോജനാനാം
മഹീജയോദഞ്ചിതപുണ്യകീര്‍ത്തി-
രാമോദതേ രാമ ഇവ പ്രകാമം.
തസ്യാജ്ഞയാ സര്‍വജനീനവൃത്തേ-
രവിസ്തരാ രാമകഥാ പവിത്രാ
നിബധ്യതേ ഗദ്യമായീ മയേയം
സന്തോऽനുഗൃഹ്ണന്തു നിതാന്തമസ്യാം.ˮ

ഒടുവില്‍

ʻʻയം വാസുദേവമനുരൂപമവാപ പുത്രം
നാരായണോ വിമലബുദ്ധിരുമാ തഥാംബാ,
പ്രാണായി തേന മനുവംശപതേശ്ചരിത്ര-
മാദിത്യവര്‍മ്മനൃപതേഃ കൃതിനോ നിദേശാല്‍.ˮ

എന്നും ഒരു ശ്ലോകമുണ്ടു്. കവിയുടെ പേര്‍ വാസുദേവനാണെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ നാരായണനും അമ്മ ഉമയുമായിരുന്നു എന്നും ആദിത്യവര്‍മ്മമഹാരാജാവിന്റെ ആജ്ഞ അനുസരിച്ചാണു് അദ്ദേഹം രാമകഥ നിര്‍മ്മിച്ചതെന്നും ഇത്രയും കൊണ്ടു സ്പഷ്ടമാകുന്നു. ഈ ആദിത്യവര്‍മ്മാവും അഖിലകലാവല്ലഭനും ഒരാള്‍തന്നെയായിരിക്കാം. കവി ഒരു നമ്പൂരിയായിരിക്കുവാന്‍ ഇടയുണ്ടു്.

രാമകഥയിലെ ഗദ്യമാതൃക: പ്രസ്തുത കൃതിയില്‍നിന്നും ചില പങ്‌ക്തികള്‍ ചുവടേ ചേര്‍ക്കുന്നു:

ʻʻമധ്യേമഹാടവി ഘോരതരരാമചാപവിഷ്ഫാരശ്രവണസ്ഫായമാനരോഷഭരദുഷ്പ്രേക്ഷാകൃതിഃ അഭ്രംലിഹശരീരാ രഭസചര്‍വ്യമാണതാപസജനരുധിരദ്രവാര്‍ദ്രീകൃതസൃക്വഭാഗാ മഹാമായസ്യമാരീചസ്യ ജനനീ താടകാ നാമ നിശാചരീ തേഷാമധ്വാന മുല്‍കടധ്വാനമരൗത്സീല്‍. തല്‍ക്ഷണേന ച വിശ്വജനീനതേ ജസോ വിശ്വാമിത്രസ്യ വചസാ രഘുരാജസൂനുരുഗ്രധാരേണ ശരേണ കബളീകൃതബാണയാ തയാ സര്‍വശര്‍വരീചാരി വിനാശക്രിയാകാണ്ഡപുണ്യാഹമംഗലം വിദധേ. നിഗൃഹീത താടകായ തസ്മൈ പ്രഥമഗൃഹീതബലാതിബലാഖ്യ വിദ്യാവിദ്യോതിതായ മുനിരസ്തോകതപഃപ്രസാദം അസ്ത്രപാരായണ മുപാദിശല്‍.ˮ

പൂര്‍ണ്ണവിദ്യന്‍

ഭട്ടബാണന്റെ ചണ്ഡികാസപ്തതിക്കും പുഷ്പദന്തന്റെ മഹിമ്നഃസ്തോത്രത്തിനും പൂര്‍ണ്ണവിദ്യന്‍ എന്നൊരു മുനിയുടെ വകയായി ഓരോ വ്യഖ്യാനമുണ്ടു്.

മുദ്രിതമായിരിക്കുന്ന ചണ്ഡീശതകത്തില്‍ ആദ്യത്തെ എഴുപതു പദ്യങ്ങള്‍ മാത്രമേ ബാണന്‍ രചിച്ചുള്ളൂ എന്നാണു് കേരളത്തിലെ ഐതിഹ്യം.

ʻʻവ്യാഖ്യാനം ക്രിയതേ തസ്യാഃ പൂര്‍ണ്ണവിദ്യൈര്യതീശ്വരൈഃ
വേദപൂര്‍ണ്ണപദാംഭോജഭൃംഗഭൂതൈസ്സമാസതഃˮ

എന്നു് ആദ്യത്തേയും

ʻʻമഹിമ്നഃ പാരമിത്യാജിസ്തോത്രരത്നാര്‍ത്ഥബോധിനീ
പൂര്‍ണ്ണവിദ്യാഖ്യമുനിനാ വ്യാഖ്യേയം ക്രിയതേऽഞ്ജസാˮ

എന്നു രണ്ടാമത്തേയും ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടിലും സത്യശൈലന്‍ എന്നൊരു ഗുരുവിനെയാണു് കവി വന്ദിയ്ക്കുന്നതു്; അല്ലാതെ പൂര്‍ണ്ണജ്യോതിസ്സിനെയല്ല. ചണ്ഡീസപ്തതിവ്യാഖ്യയില്‍ വേദപൂര്‍ണ്ണന്‍ എന്നൊരു ഗുരുവിനെക്കൂടി വന്ദിച്ചിട്ടുള്ളതായും സങ്കല്പിക്കാം. പൂര്‍ണ്ണജ്യോതിസ്സിനെ സ്മരിക്കാത്ത പ്രസ്തുത വ്യാഖ്യാതാവിന്റെ നാമധേയം പൂര്‍ണ്ണവിദ്യന്‍ എന്നാണെങ്കിലും അദ്ദേഹം പൂര്‍ണ്ണസരസ്വതിയില്‍നിന്നു ഭിന്നനാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു.

കാശിയില്ലത്തു നമ്പൂരി

വടക്കന്‍ തിരുവിതാംകൂറില്‍ മൂവാറ്റുപുഴ താലൂക്കില്‍ രാമമംഗലത്തു പാങ്കോട്ടു ദേശത്തു രാമനല്ലൂര്‍ എന്നൊരു ക്ഷേത്രവും അതിനുസമീപമായി ʻകാശിʼ എന്ന പേരില്‍ ഒരു നമ്പൂരിയില്ലവുമുണ്ടു്. അവിടെ പണ്ടു മഹാവൈയാകരണനായ ഒരു നമ്പൂരിയുണ്ടായിരുന്നു. നാമധേയം എന്തെന്നറിയുന്നില്ല. ധാതുവൃത്തികാരനായ മാധവാചാര്യര്‍ക്കു പിന്നീടും സര്‍വസ്വകാരനായ മേല്പുത്തൂര്‍ ഭട്ടതിരിക്കുമുമ്പുമാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ണുപ്തമായി പറയാം. നമ്പൂരിയുടെ കൃതികളായി മൂന്നു വ്യാകരണഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ വൃത്തിരത്നവും (പാണിനീയസൂത്രബൃഹദ്വിവൃതി) ലഘുവൃത്തിയും (പാണിനീയസൂത്രലഘുവിവൃതി), ധാതുകാരികയുമാണു്. കാശികാവൃത്തിയുടെ വ്യാഖ്യാനമാകുന്നു വൃത്തിരത്നം; ലഘുവൃത്തി അതിന്റെ സംക്ഷേപമാണു്. വൃത്തിരത്നത്തില്‍ 11111-ഉം, ലഘുവൃത്തിയില്‍ 2720-ഉം പദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ബാലമിത്രമെന്നുകൂടി പേരുള്ള ധാതുകാരിക മാധവാചാര്യരുടെ ധാതുവൃത്തിയെ അവലംബിച്ചു വിരചിതമായ ഒരു കൃതിയാകുന്നു. മൂന്നു നിബന്ധങ്ങളും ആപാദചൂഡം പദ്യമയങ്ങളാണു് എന്നുള്ളതു് അവയുടെ വൈശിഷ്ട്യത്തെ ദ്വിഗുണീകരിക്കുന്നു. ഗഹനമായ വ്യാകരണശാസ്ത്രത്തെ കാവ്യമാക്കുവാന്‍ ഒരുങ്ങിയ നമ്പൂരിയുടെ സാഹസം സര്‍വഥാ വിജയത്തില്‍ കലാശിച്ചിട്ടുണ്ടു്.

ʻʻപാണിനിവരരുചിഫണിനോ ഹരിഹരദത്തൗ ഹരോ ജയാദിത്യഃ
വാമനകൈയടഭോജാശ്ശാസ്ത്രകൃതോऽമീ പ്രസീദന്തു.ˮ

എന്ന ലഘുവൃത്തിയിലെ പദ്യത്തിലും മറ്റും ആചാര്യന്‍ പൂര്‍വാചാര്യന്മാരെ വന്ദിക്കുന്നു. അദ്ദേഹം ശ്രീരാമഭക്തനായിരുന്നു എന്നു്

ʻʻനിശാചരതമോലീനജഗദുന്മേഷഹേതവേ
ജാനകീജാനയേ തസ്മൈ തേജസാം നിധയേ നമഃˮ

എന്ന ലഘുവൃത്തിപദ്യത്തില്‍നിന്നും മറ്റും സ്ഫുരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങള്‍ ലഘുവൃത്തിയിലുള്ളവയാണു്.

ʻʻകൈയടാദീന്‍ ഗുരൂന്‍ തത്വാ തല്‍പ്രസാദാന്മയാധുനാ
സൂത്രാണാം പാണിനീയാനാം വിവൃതിഃ ക്രിയതേ മനാക്‍.

വൃത്തിരത്നമിദം യേന കാശികാബ്ധേസ്സമുദ്ധൃതം
തേനൈവ ക്രിയതേ ഭൂയോ വൃത്തിരേഷാ ലഘീയസീ.

ലഘീയസ്ത്വേന സുധരം കരശ്രുതിമനസ്സ്വിദം
ശബ്ദാനുശാസനം ബാലൈരിത്യാലോച്യ യതാമഹേ.ˮ

ʻʻഉജ്ജഹ്രേ പാണിനീയസ്മൃതിവിശയമിദം കാശികാഗാധസിന്ധോഃ
സാധീയോ വൃത്തിരത്നം ലഘുധിഷണമനോഹാരി സദ്വൃത്തരമ്യം
യോऽസൗഭൂയോപി രാമസ്മൃതിദലിതസമസ്താശുഭോ രാമശാലി-
ക്ഷേത്രാവാസീഹ കശ്ചിദ്വ്യധിത ലഘുതരാം വൃത്തിമേനാം ദ്വിജന്മാ.

ʻʻഭാഷ്യാദൗ വിപ്രകീര്‍ണ്ണം ബഹുവിധമഖിലം തന്ത്രമേത ദ്വിപശ്ചില്‍
സംഗൃഹ്യൈകത്ര ഹസ്താമലകമിവ പുരോऽദര്‍ശയല്‍ കാശിധാമാ
തത്താദൃക്‍പദ്യവൃന്ദൈഃ പ്രഥമമഥ ലഘൂകൃത്യ തദ്രാമശാലി-
ക്ഷേത്രാവാസീഹ പശ്ചാല്‍ സമരചയദസൗ കേരളേഷു ദ്വിജന്മാ.

ധാതുകാരികയില്‍നിന്നുകൂടി ചില പദ്യങ്ങള്‍ ഉദ്ധരിക്കാം:

ʻʻവൃത്തിദ്വയം പരിമിതം ഖലു പാണിനീയ-
ശബ്ദസ്മൃതേര്‍ല്ലഘുബൃഹദ്ഭിദയാ വിധായ
അസ്മാഭിരദ്യ പുനരാദൃതപദ്യബന്ധൈര്‍-
ദ്ധാത്വര്‍ത്ഥരൂപവിഷയഃ ക്രിയതേ പ്രയാസഃ

ധാതോസ്സ്വരൂപമഭിധേയമഥാനുബന്ധ-
കാര്യാന്വിതാനി ഹി പദാനി ലഡാദിരൂപം
ഇട്സംഭവഞ്ച ബഹുനാ കിമിഹാവസേയം
വ്യുല്‍പത്തയേ ലഘുധിയാമുപപാദയാമഃ.ˮ

ʻʻധാതൂനാം വൃത്തിമേനാ സപദി ലഘുതരാം
കാര്യരൂപാഭിധേയ-
പ്രാകാശ്യാദര്‍ശരൂപാം കഥിതബഹുമതാം
മാധവീയാവലംബാം.
തത്തദ്രൂ പാവതാരസ്ഫുടിതരുചിരതാ-
ശാലിനീം രാമശാലി-
ക്ഷേത്രാവാസീഹ കശ്ചില്‍ സമരചയദസൗ
ബാലമിത്രം ദ്വിജന്മാ.ˮ

ഈ ശ്ലോകങ്ങളില്‍നിന്നു് ആദ്യം ബൃഹദ്വിവൃതിയും തദനന്തരം ലഘുവിവൃതിയും ഒടുവില്‍ ബാലമിത്രവുമാണു് ആചാര്യന്‍ രചിച്ചതെന്നു കാണാവുന്നതാണു്. ഈ മൂന്നു ഗ്രന്ഥങ്ങളും പ്രചരപ്രചാരത്തിനു സര്‍വഥാ അര്‍ഹങ്ങളാകുന്നു.