close
Sayahna Sayahna
Search

'ചലനം കൊള്ളുന്ന വിരലുകള്‍ എഴുതുന്നു'


'ചലനം കൊള്ളുന്ന വിരലുകള്‍ എഴുതുന്നു'
Mkn-08.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വിശ്വസുന്ദരി; വൃദ്ധരതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇംപ്രിന്റ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 76 (ആദ്യ പതിപ്പ്)

Externallinkicon.gif വിശ്വസുന്ദരി; വൃദ്ധരതി

സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തുന്നതിനു ഹേതുവായ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പരിചയക്കാരനായിരുന്ന എന്റെ ഒരു കാരണവര്‍-നെയ്യാറ്റിന്‍കരെ വക്കീലായിരുന്ന ആര്‍. നീലകണ്ഠപ്പിള്ള എന്നോടു പറഞ്ഞതിങ്ങനെ:–‘ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ആറാട്ടിന് എഴുന്നള്ളുമ്പോള്‍ അതില്‍ പങ്കുകൊള്ളാതെ ദിവാന്‍ രാജഗോപാലാചാരി ഒരമ്മവീട്ടിന്റെ മട്ടുപ്പാവില്‍ കയറിനിന്നു സ്ത്രീകളെ സാകൂതം കടാക്ഷിക്കുകയായിരുന്നു.അടുത്ത ദിവസം രാമകൃഷ്ണപിള്ള സ്വന്തം പത്രത്തില്‍ എഴുതി:–‘വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നെങ്കില്‍ ഈ ഉദ്യോഗസ്ഥവ്യഭിചാരിയുടെ കുറുക്ക് കുതിരക്കവഞ്ചികൊണ്ടടിച്ചു കുളം കോരിക്കുമായിരുന്നു.” ഈ വാക്യത്തിലെ പരോക്ഷമായ രാജനിന്ദനം രാമകൃഷ്ണപിഉള്ളയെ അധികാരത്തിന്റെ ദൃഷ്ടിയില്‍ സാപരാധനാക്കി. അദ്ദേഹം ബഹിഷ്കരിക്കപ്പെടുകയും ചെയ്തു.

രാജവാഴ്ച നിലവിലിരുന്ന കാലത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ദിവാനെയും നിയമാനുസാരിയായിപ്പോലും വിമര്‍ശിച്ചുകൂടാ എന്നത് അക്കാലത്തെ ലിഖിതവും അലിഖിതവുമായ വിധിയായിരുന്നു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള മൃഗീയമായ ആക്രമണമായിരുന്നു. അക്കാലത്തെ പ്രശസ്തനായ സാഹിത്യവിമര്‍ശകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നല്ലോ രാമകൃഷ്ണപിള്ള. അദ്ദേഹം നീതിയുടെ പേരില്‍, ധര്‍മ്മത്തിന്റെ പേരില്‍ ഒരു സ്വാഭാവിക പ്രതികരണം നിര്‍വഹിച്ചത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം ട്രാജഡിയായി ഭവിച്ചു. തമിഴനാട്ടിലേക്കു ബഹിഷ്കരിക്കപ്പെട്ട രാമകൃഷ്ണപിള്ള കുളിച്ച് ഈറന്‍ മാറാന്‍പോലും വസ്ത്രമില്ലാതെ നില്ക്കുമ്പോഴാണ് ചാരിത്രശാലിനിയായ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അവിടെയെത്തിയത്. പിന്നീടുള്ള അവരുടെ കഷ്ടപ്പാടുകള്‍, യാതനകള്‍ വിവരണാതീതങ്ങളാണ്. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്തും ഈ നാടകം ആവര്‍ത്തിക്കപ്പെട്ടു. അത് ആളുകള്‍ വിസ്മരിച്ചതിന്റെ കാരണം അതിലെ നായകന്‍ രാമകൃഷ്ണപിള്ളയെപ്പോലെ അപ്രമേയ പ്രഭാവനായിരുന്നില്ല എന്നതു തന്നെ. മരണം ഏതു വ്യക്തിക്കും മഹത്ത്വം നല്‍കും എന്നതു തന്നെ.

എഴുത്തുകാരന്റെ ശക്തി ഭരണകൂടത്തിനറിയാം. പക്ഷേ രാജവാഴ്ച ‘ഡിവൈന്‍ റൈറ്റ്’ എന്നതിലാണല്ലോ അടിയുറച്ചിരുന്നത്. അതിന് എഴുത്തുകാരന്റെ ശക്തിയേക്കാള്‍ വലിയ ശക്തിയുണ്ട്. അതിനോടു മത്സരിക്കാന്‍ വയ്യാതെ സ്വദേശാഭിമാനി തമിഴ്ദേശത്തേക്കുപോയി. ഭരണകൂടം ആധിപത്യം പുലര്‍ത്തുക, എഴുത്തുകാരന്‍ വിധേയത്വം പ്രദര്‍ശിപ്പിക്കുക ഇത് ഏതു രാജ്യത്തുമുണ്ട്, ഏതു കാലയളവിലുമുണ്ട്. ബഹിഷ്കരിക്കപ്പെടുന്നവന് സര്‍ഗപ്രക്രിയയിലൂടെ വികാസം പ്രാപിച്ചുകൂടേഎന്ന ചോദ്യമുണ്ടാകാം. എല്ലാക്കാലത്തെയും പരിതഃസ്ഥിതികള്‍ അതിന് അനുകൂലമല്ല എന്നാണ് ഉത്തരം.

ചിത്തിരതിരുനാള്‍ മഹാരാജാവ് നാടുവാണിരുന്ന കാലം. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോഴെല്ലാം കവികളും കുകവികളും മഹാരാജാവിനെ വാഴ്ത്തി കാവ്യങ്ങള്‍ രചിക്കാന്‍ നിര്‍ബദ്ധരായിരുന്നു. സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്തി എന്നല്ല ഇവിടെ ലക്ഷ്യമാക്കുന്നത്. സമഗ്രാധിപത്യത്തോട് അടുത്ത ഭരണകൂടം സര്‍വശക്തമായി വിരാജിക്കുമ്പോള്‍ സമുദായം പേടിക്കും. ആ സമുദായത്തിലെ അംഗമായ കവി ഭയംകൊണ്ടു മാത്രം നാടുവാഴിയെ വാഴ്ത്തും. വള്ളത്തോള്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, പുരോഗാമിയായ വയലാര്‍ രാമവര്‍മ്മ-ഇവര്‍ മാത്രമല്ല മഹാകവികളായ അഞ്ചല്‍ ആര്‍. വേലുപ്പിള്ള, ഒരു റിട്ടയര്‍ഡ് സുബേദാര്‍ മേജര്‍ എന്നിവരും മംഗളശ്ലോകങ്ങള്‍ എഴുതി. മലയാളരാജ്യം ദിനപത്രത്തിന്റെ ഒരു ഷീറ്റില്‍ വര്‍ഷംതോറും അച്ചടിച്ചുവന്നിരുന്ന ഈ നാല്ക്കാലികള്‍ എത്ര തവണയാണ് വായിച്ച് കവിതയുടെ അധഃപതനം കണ്ടു ഞാന്‍ ദുഃഖിച്ചിട്ടുള്ളത്.

‘ശ്രീയാര്‍ന്നു മിന്നിത്തിളങ്ങും-മേന്മേല്‍ മായാത്തൊരി’ച്ചിത്ര’താരം’ എന്നു വയലാര്‍ രാമവര്‍മ്മ ചങ്ങമ്പുഴ ശൈലിയില്‍ എഴുതിയപ്പോഴും ‘പാരീറേഴും ഭരിക്കാന്‍ ഫണിപതിശയനന്‍ പദ്മനാഭന്നു നേരം നേരേ പോരാഞ്ഞു…’ എന്നു നാല്ക്കാലി പ്രായമായി സുബേദാര്‍ എഴുതിയപ്പോഴും രാജവാഴ്ച പരോക്ഷമായും പ്രത്യക്ഷമായും ചെലുത്തിയ സ്വാധീനത എന്നെ അസ്വസ്ഥതയിലേക്ക് എറിഞ്ഞിട്ടുണ്ട്.

ഉത്തരഭാരതം

തിരുവിതാംകൂറില്‍ നിന്ന് എച്ച്.ജി.വെല്‍സിന്റെ ‘റൈറം മെഷ്യനി’ല്‍ കയറി ഞാന്‍ ഉത്തരഭാരതത്തിലേക്കു പൊയ്ക്കൊള്ളട്ടെ. ഉജ്ജയിനിയിലെ വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ ‘നവരത്ന’ങ്ങളില്‍ ശ്രേഷ്ഠരത്നമായ കാളിദാസന്റെ പേനയില്‍ മഷി ഒഴിച്ചിരുന്നത് അക്കാലത്തെ രാജനീതിയായിരുന്നുവെന്നു പ്രഫസര്‍ ജോസഫ് മുണ്ടശ്ശേരി പറഞ്ഞത് സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തില്‍ ചെന്നു വീഴുകയില്ലെങ്കിലും സത്യത്തിന്റെ മണ്ഡലത്തില്‍ചെന്നു വീഴും. ‘വിക്രമോര്‍വശീയം’ എന്ന നാടകത്തിന്റെ പേരിലെ വിക്രമശബ്ദം ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ദ്വിതീയ നാമധേയമായ വിക്രമാദിത്യനെ സൂചിപ്പിക്കുന്നതാണെന്ന് എണ്ണമറ്റ നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘കുമാരസംഭവ’ത്തിലെ കുമാരഗുപ്തനാണെന്നും അവര്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ദക്ഷിണ ഭാരതത്തിന്റെ ഏറിയകൂറും ആക്രമിച്ചു കീഴടക്കിയ സമുദ്രഗുപ്തന്റെ പരാക്രമങ്ങളാണ് കാളിദാസന്‍ ‘രഘുവംശ’ത്തില്‍ ഭംഗ്യന്തരേണ പ്രതിപാദിക്കുന്നതെന്നും നിരൂപകര്‍ക്ക് അഭിപ്രായമുണ്ട്.

ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ടാവണം മുണ്ടശ്ശേരി പറഞ്ഞത്, കാളിദാസന്‍ ദുഷ്യന്തനെ വെള്ളയടിച്ചു കാണിക്കാന്‍ നിര്‍ബ്ബദ്ധനായത് അക്കാലത്തെ രാജനീതിയുടെ അപ്രതിരോധ്യ ശക്തിയാലാണെന്ന്. ലോകചരിത്രത്തില്‍ ഒരു കാലത്തും കവികളും മറ്റെഴുത്തുകാരും സ്വതന്ത്രരായി വര്‍ത്തിച്ചിട്ടില്ല. അലിഗ്സാണ്ടര്‍ ചക്രവര്‍ത്തി കവികളുടെ ശക്തി ഗ്രഹിച്ചിരുന്നു. തന്റെ അഭാവത്തില്‍ അവര്‍ നാട്ടില്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിക്കരുതെന്നു വിചാരിച്ചു ദിഗ്വിജയത്തിനുപോയ സന്ദര്‍ഭത്തില്‍ അദ്ദേഹം കവികളെ കൂടെ കൊണ്ടുപോയിരുന്നു.

രാജവാഴ്ചയില്‍

രാജവാഴ്ചയില്‍ ഒട്ടൊക്കെ പ്രകടമായിത്തന്നെ കവികളേയും കലാകാരന്‍മാരെയും നിയന്ത്രിച്ചിരുന്നു, ഭയപ്പെടുത്തിയിരുന്നു. സമഗ്രാധിപത്യമുള്ള രാജ്യങ്ങളില്‍ നിഷേധാത്മക സ്വഭാവമോ സ്വാതന്ത്ര്യ പ്രകടനവാഞ്ഛയോ ഉള്ള കലാകാരന്‍മാരെ വിചാരണകൂടാതെ വെടിവച്ചു കൊന്നിരുന്നു; കൊന്നുകൊണ്ടിരിക്കുന്നു. വര്‍ഗീയവും മതപരവുമായ കാരണങ്ങളാല്‍ ഭരണകൂടം വധിച്ച നിരപരാധരുടെ സംഖ്യയെക്കാള്‍ കൂടുതലാണ് രാഷ്ട്രവ്യവഹാരപരമായ കാരണങ്ങളാല്‍ വധിക്കപ്പെട്ട കലാകാരന്‍മാരുടെ സംഖ്യ. മനുഷ്യവംശത്തിന്റെ ഉത്കര്‍ഷത്തിനായി പ്രവര്‍ത്തിച്ചു വിജയം നേടുന്ന മഹാവ്യക്തിയായ കലാകാരനെ നാടുകടത്തുമ്പോഴോ വധിക്കുമ്പോഴോ ഭരണകൂടം ആ വ്യക്തിയെ മാത്രമല്ല മനുഷ്യവംശത്തെയാകെ നിഗ്രഹിക്കുകയാണ്. പക്ഷേ അത് അവരുടെ താല്ക്കാലിക വിജയം മാത്രം. ഒടുവില്‍ ആ ഭരണകൂടം അത്തരം നരഹത്യകളാല്‍ തകര്‍ന്നുവീഴും. വീണിട്ടുണ്ട്; വീണുകൊണ്ടിരിക്കുന്നു.

II


മാറ്റങ്ങളോ പുരോഗമനങ്ങളോ ഉണ്ടാകുന്നത് വലിയ ശക്തികളുടെ സംഘട്ടനങ്ങളാലാണെന്നു ഹേഗല്‍ പറഞ്ഞു. ഒരു ശക്തിയെ തീസിസ് എന്നും അതിനെ എതിര്‍ക്കുന്ന ശക്തിയെ ആന്റിതീസിസെന്നും ഹേഗല്‍ വിളിച്ചു. രണ്ടിന്റെയും സംഘട്ടനത്തിന്റെ ഫലമായി സിന്തസിസ് ഉണ്ടാകുന്നു. അത് തീസിസിനെക്കാള്‍, ആന്റീതീസിസിനെക്കാള്‍ ഒരു ഉന്നത മണ്ഡലമാണ്. ഉദാഹരണം ഇതു വ്യക്തമാക്കും. രാജവാഴ്ചയെ ഇല്ലാതാക്കാന്‍ വിപ്ളവമുണ്ടായി, ഫ്രാന്‍സില്‍. രാജാവിനെയും രാജ്ഞിയെയും വിപ്ളവകാരികള്‍ വധിച്ചെങ്കിലും വിപ്ലവം പരാജയപ്പെട്ടു. ഒരു നൂതന സാമൂഹികാവസ്ഥ സംജാതമായി. ഈ സാമൂഹികാവസ്ഥയാണ് സിന്തസിസ് അല്ലെങ്കില്‍ ഉന്നത മണ്ഡലം. ഹേഗലിന്റെ ഈ മതത്തെ ഭാഗികമായി അംഗീകരിച്ചുകൊണ്ടു മാര്‍ക്സ് വൈരുധ്യാത്മകവാദം രൂപവല്ക്കരിച്ചു. ചരിത്ര സത്യങ്ങളുടെ സംഘട്ടനമാണ് ഹേഗല്‍ അംഗീകരിച്ചതു്. മാര്‍ക്സ് അതിനെ സ്വീകരിക്കാതെ സാമൂഹികവും സാമ്പത്തികവുമായ വര്‍ഗങ്ങളുടെ സംഘട്ടനമായി അതിനെ ദര്‍ശിച്ചു. ചരിത്രത്തിന്റെ പ്രവാഹത്തില്‍ ഈ വര്‍ഗസംഘട്ടനങ്ങളേയുള്ളു എന്നാണ് മാര്‍ക്സ് പറഞ്ഞത്. ഈ സംഘട്ടനങ്ങള്‍ കമ്യൂണിസം നിലവില്‍ വരുമ്പോള്‍ അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്യൂണിസത്തില്‍

ഈ പുരോഗമനത്തെ അറക്കവാളിന്റെ അരികോടുകൂടിയ ചക്രമായി കാണാമെങ്കില്‍ അതിലെ ഒരു പല്ലാണ് കലാകാരന്‍ അല്ലെങ്കില്‍ സാഹിത്യകാരന്‍. അയാള്‍ ചക്രഭ്രമണത്തിനു തടസ്സമായി നില്‍ക്കാന്‍ കമ്യൂണിസം അനുമതി നല്‍കുന്നില്ല. നിന്നാല്‍ അതിനെ നശിപ്പിക്കതെ തരമില്ലതാനും. അതുകൊണ്ടാണ് മഹാകവിയായ ഒസിപ് മാന്ദില്‍സ്റ്റെം തടങ്കല്‍ പാളയത്തില്‍ക്കിടന്ന് ആരുമറിയാതെ മരിച്ചത്. ‘The Master


and Margarita’ എന്ന അത്യുല്‍കൃഷ്ടമായ നോവലെഴുതിയ ബൂള്‍ഗാകഫ് ഭരണകൂടത്തിന്റെ അധികാരികളാല്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടതും മാനസികമായി പീഡിപ്പിക്കപ്പെട്ടതും. മായകോഫ്സ്കി പ്രേമഭംഗത്താലാണ് ആത്മഹനനം നടത്തിയതെങ്കിലും ‘love boat smashed against mores’ എന്നുകൂടെ അദ്ദേഹത്തിന്റെ അന്ത്യസന്ദേശത്തില്‍ കുറിച്ചിരുന്നു. താനും കൂടി യത്നിച്ച് സാക്ഷാത്കരിച്ച വിപ്ളവത്തിനു താന്‍ അഭിലഷിച്ച മുഖമില്ലെന്നു കണ്ടാണത്രേ ആ നല്ല കവി ജീവനൊടുക്കിയത്.

പസ്തര്‍നക്കിനു നോബല്‍ സമ്മാനം വാങ്ങാന്‍ കഴിയാതെ പോയതും സൊള്‍ഷെനിറ്റ്സ്യന്‍ ജന്‍മദേശം വിട്ടുപോയതും ഭരണചക്രത്തിന്റെ സുഗമഭ്രമണത്തിനു തടസ്സം സൃഷ്ടിച്ചതിനാലാണ്. പില്‍ക്കാലത്തു നോബല്‍ സമ്മാനം നേടിയ മഹാകവി യോസിഫ് ബ്രൊഡ്സ്കി വിദേശത്ത് ആശ്രയം തേടിയതും അതുകൊണ്ടുതന്നെ. സൊള്‍ഷെനിറ്റ്സ്യനെ ഒഴിവാക്കിക്കൊണ്ടു പറയുകയാണ്. അസുലഭസിദ്ധികളുള്ള കവികളും നോവലിസ്റ്റുകളും ജന്മദേശത്തുനിന്ന് അപ്രത്യക്ഷമായത് ഭരണകൂടത്തിന്റെ സവിശേഷതയാര്‍ന്ന ആശയസംഹിതയാലാണ്; അതിന്റെ അയവില്ലായ്മയാലാണ്.

ഭരണകൂടത്തിന് അതിന്റേതായ നീതിമത്കരണമുണ്ടാകാം. പക്ഷേ ചിത്രകലയ്ക്കും സാഹിത്യത്തിനും അവകൊണ്ടു ന്യൂനത്വം സംഭവിച്ചു. ഈസ്റ്റ് യൂറോപ്യന്‍ നാടക കര്‍ത്താക്കന്മാരില്‍ പ്രമുഖനും ഇപ്പോഴത്തെ ചെക്ക് പ്രസിഡന്റുമായ വാറ്റ്സ്ലാഫ് ഹാവലിന് അനുഭവിക്കേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളീല്‍ വിവരിച്ചിട്ടുണ്ട്, ആ നൃശംസതകളും മര്‍ദ്ദനങ്ങളും നമ്മളെ ഞെട്ടിക്കും, ബാഷ്പോദ്ഗമത്തിനു ഹേതുവാകും.അദ്ദേഹത്തിന്റെ ലാര്‍ഗോ ഡെസോലാതോ എന്ന നാടകം വായിക്കുക. ഒരു പ്രഫസറെ ഒരു കൃതി രചിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതിന്റെ ഭയജനകമായ ചിത്രം അതിലുണ്ട്. അടുത്ത കാലത്തു വൊളസൊയിന്‍ക നാട്ടില്‍നിന്നു പലായനം ചെയതതും ഭരണകൂടം എഴുത്തുകാരന്റെ ശക്തിയെ ഭയന്ന് അദ്ദേഹത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്.

ചിത്രശലഭം

ബ്രാഡ്സ്കി ഒരു ചിത്രശലഭത്തോടു ചോദിക്കുന്നു: ‘നീ മരിച്ചെന്നു ഞാന്‍ പറയേണ്ടതുണ്ടോ? നീ കാലത്തിന്റെ ഒരു ചെറിയ ഖണ്ഡത്തെ മാത്രമേ സ്പര്‍ശിച്ചുള്ളൂ. ഈശ്വരന്റെ ഈ വിനോദത്തില്‍ വിഷാദാത്മകമായി ഏറെയുണ്ട്.


‘നീ ജീവിച്ചു’ എന്ന വാക്കുകളുടെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നില്ല. ഒതുക്കിപ്പിടിച്ച എന്റെ കൈകളിലിരുന്നു നീ വാടിപ്പോയി. നിന്റെ ജനനദിവസം. രണ്ടും ഒന്നാണ്. രണ്ടു ദിനങ്ങളല്ല. ഇങ്ങനെ പരിഗണിച്ചാല്‍ നിന്റെ ജീവിതകാലം ഒരു ദിവസത്തില്‍കുറഞ്ഞതാണ്; ലളിതമായി പറഞ്ഞാല്‍.” കലാകാരനെന്ന ചിത്രശലഭം ഭരണകൂടത്തിന്റെ ക്രൂരമായി മടക്കപ്പെടുന്ന അംഗുലികളുടെ അകത്തിരുന്നു പൊടിഞ്ഞു തകരുന്നു. മഹാകവിയായ ലൊര്‍ക അങ്ങനെ തകര്‍ക്കപ്പെട്ടു.

‘ചലനംകൊള്ളുന്ന വിരലുകള്‍ എഴുതുന്നു; എഴുതിക്കഴിഞ്ഞാല്‍ വീണ്ടും എഴുതുന്നു’ എന്നു പറഞ്ഞത് ഒമാറല്ലേ? അതുപോലെ കലാകാരന്റെ വിരലുകള്‍ പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ട് എഴുതിക്കൊണ്ടിരിക്കും. കാരണം അയാള്‍ക്ക് ഒരാന്തരശക്തിയുണ്ടെന്നതാണ്. അതു തീനാളംപോലെ ഉയരും. അപ്പോഴൊക്കെ മനുഷ്യരാശിക്കു ട്രാജഡി വരുത്തിക്കൊണ്ട് ഭരണകൂടം ആ തീനാളത്തെ കെടുത്താന്‍ ശ്രമിക്കും. ശ്രമിക്കുന്ന കൈകളെ പൊള്ളിച്ചുകൊണ്ടു് അതു വീണ്ടും ഉയരും. സൂച്ചിയെ തടവിലിട്ടിരിക്കുന്ന ബര്‍മ്മയിലേക്കും അതു വ്യാപിക്കാതിരിക്കില്ല.

ഭരണകൂടത്തിന്റെ ക്രൂരതയെ, മര്‍ദ്ദനത്തെ എങ്ങനെ നശിപ്പിക്കാം? അല്‍പപ്രഭാവനായ എനിക്കതിന് ഉത്തരം നല്കാന്‍ സാദ്ധ്യമല്ല. പ്രതിഭാശാലിയായ ഹാവല്‍ പറഞ്ഞത് ഞാനെടുത്തെഴുതാം: മനുഷ്യന്‍ എത്ര നിസ്സാരനാണെങ്കിലും, എത്ര അധികാരരഹിതനാണെങ്കിലും, അവനു ലോകത്തെ പരിവര്‍ത്തനത്തിലേക്കു നയിക്കാന്‍ കഴിയും. ഇതു വിശ്വസിക്കാന്‍ വയ്യ; അല്ലേ? എങ്കിലും നമ്മളില്‍ ഓരോ വ്യക്തിക്കും ഭൂഗോളത്തെ അല്‍പം മുന്നോട്ടു കൊണ്ടുപോകാം. ഇവിടെ ഹാവലിന്റെ ചിന്ത അവസാനിക്കുന്നു.

ഇങ്ങനെ നമ്മള്‍ ഭൂമിയെ അല്പാല്പമായി മുന്നോട്ടു കൊണ്ടു പോകാന്‍ യത്നിക്കുമ്പോള്‍ ആധ്യാത്മികശക്തിയായ കല ആളിക്കത്തും. അതിന്റെ ജ്വാലയില്‍ അധികാരം ഭസ്മീഭവിക്കും.