close
Sayahna Sayahna
Search

ഇന്ദ്രനീലം, മാണിക്യം, മുത്ത്


ഇന്ദ്രനീലം, മാണിക്യം, മുത്ത്
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വർഷം
1977
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ


മറ്റൊരു ജ്ഞാനിയുടെ കഥ. The story of the other wise man — എന്നൊരു കഥയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതു കേള്‍ക്കണം. അത്രയ്ക്ക് ഉത്തേജകശക്തിയുണ്ടതിന്. പ്രായമായ എന്നെപ്പോലും അതു പിടിച്ചുകുലുക്കി. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ അത് എന്നെ മറ്റൊരാളാക്കിമാറ്റി. ഇതെഴുതുമ്പോഴും എനിക്കു പുളകപ്രസരം. കേള്‍ക്കുക.

caption
ഹെറദ്

ജൂതന്മാരുടെ ചക്രവര്‍ത്തിയായി ഹെറദ് (Herod 37 to 4 BC) ജറുസലമില്‍ വാണരുളുന്നകാലത്ത് പര്‍ഷയിലെ (Persia) പര്‍വതങ്ങള്‍ക്കടുത്ത് അര്‍ടബന്‍ എന്നൊരാള്‍ പാര്‍ത്തിരുന്നു. നാല്പതോളം വയസ്സുള്ള ഉജ്ജ്വല പുരുഷനായിരുന്നു അയാള്‍. ഒന്‍പത് ആളുകള്‍ അര്‍ടബനെ കാണാനെത്തി. അവരോട് അയാള്‍ പറഞ്ഞു: ʻʻഞാനും എന്റെ മൂന്നു സുഹൃത്തുക്കളും അന്തരീക്ഷത്തെ നിരീക്ഷണം ചെയ്യുകയായിരുന്നു. ഈ വര്‍ഷത്തെ വസന്തകാലത്ത് രണ്ടു വലിയ നക്ഷത്രങ്ങള്‍ അടുത്തടുത്തു വരുന്നതു ഞങ്ങള്‍ കണ്ടു. ഒരു പുതിയ നക്ഷത്രത്തേയും ഞങ്ങള്‍ ദര്‍ശിച്ചു. എന്നാല്‍ ആ നക്ഷത്രം ഒരു രാത്രി മാത്രം പ്രകാശിച്ചിട്ട് അപ്രത്യക്ഷമായി. ആ നക്ഷത്രം വീണ്ടും പ്രകാശിക്കുകയാണെങ്കില്‍ ആ മൂന്നുപേര്‍ ദേവാലയത്തില്‍ എനിക്കുവേണ്ടി പത്തു ദിവസം കാത്തുനില്ക്കും. എന്നിട്ടു ഞങ്ങളൊരുമിച്ച് ഇസ്രായേലിലെ രാജാവായി ജനിക്കുവാന്‍ പോകുന്ന ശിശുവിനെ കാണാനായി പോകും. അപ്പോള്‍ കൊണ്ടുപോകാനായി ഞാന്‍ മൂന്നു രത്നങ്ങള്‍ വാങ്ങിവച്ചിട്ടുണ്ട്. ഇന്ദ്രനീലം, മാണിക്യം, മുത്ത്. ഈ വിലപിടിച്ച മൂന്നു കല്ലുകളും ഞാന്‍ ആ രാജാവിനു സമര്‍പ്പിക്കും. ʻʻഇത്രയും പറഞ്ഞ് അര്‍ടബന്‍ അവയെടുത്തു അവരെ കാണിച്ചു. ഒന്ന് നീലനിറം, രാത്രിയിലെ ആകാശത്തിന്റെ ഖണ്ഡം പോലെ. മറ്റൊന്നു പ്രഭാതരശ്മിയെക്കാള്‍ ചുവന്നത്. വേറൊന്ന് മലയിലെ മഞ്ഞുപോലെ വിശുദ്ധിയാര്‍ന്നത്. വന്നവര്‍ പോയി.

ഒരു ദിവസം രാത്രി വെളുത്ത മൂടല്‍മഞ്ഞ് കിഴക്കന്‍ സമതലത്തില്‍ വ്യാപിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു സ്ഫുലിംഗം. അത് ധവളാഭ ചിന്നി. നക്ഷത്രം ഉദിച്ചുവെന്ന് അര്‍ടബന്‍ ഗ്രഹിച്ചു.

മൂന്നു രത്നങ്ങളുമെടുത്ത് അര്‍ടബന്‍ കുതിരപ്പുറത്തു കയറി യാത്രയായി. മറ്റു മൂന്നുപേര്‍ പറഞ്ഞ സമയത്തു തന്നെ അവരുടെ അടുക്കല്‍ അയാള്‍ക്ക് എത്തേണ്ടിയിരുന്നു. കുറെദൂരം സഞ്ചരിച്ചപ്പോള്‍ പാലവൃക്ഷത്തിന്റെ നിഴലില്‍ ഏതോ ഇരുണ്ട വസ്തു കിടക്കുന്നത് കാണാറായി.

അര്‍ടബന്‍ കുതിരപ്പുറത്തുനിന്ന് ഇറങ്ങി. മരണത്തോട് അടുത്ത ഒരാള്‍ കിടക്കുകയാണ് അവിടെ. അയാളെ പരിചരിച്ചു നിന്നാല്‍ ആ മൂന്നുപേര്‍ പോകും. പരിചരണം നല്‍കിയില്ലെങ്കില്‍ മരച്ചുവട്ടില്‍ കിടന്ന അയാള്‍ മരിക്കും. അര്‍ടബന്‍ അടുത്തുള്ള കൊച്ചു തോട്ടില്‍ നിന്നു വെള്ളം കൊണ്ടുവന്നു മരണപ്രായനായ അയാള്‍ക്കു കൊടുത്തു. ഏതാണ്ടൊരു വൈദ്യനുമായിരുന്നു അയാള്‍. കൈവശമുണ്ടായിരുന്ന മരുന്ന് നല്‍കി അയാളെ ആരോഗ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. എന്നിട്ടു കുതിരപ്പുറത്ത് അയാള്‍ പാഞ്ഞുപോയി. അവിടെച്ചെന്നപ്പോള്‍ ഒരു കുറിപ്പ് ഇരിക്കുന്നു. ʻʻഞങ്ങള്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നു. ഇനി വൈകാന്‍ വയ്യ. ഞങ്ങള്‍ രാജാവിനെ കാണാന്‍ പോകുന്നു. മണല്‍ക്കാട്ടിലൂടെ വരൂˮ. തളര്‍ന്ന കുതിര, ഭക്ഷണസാധനങ്ങള്‍ ഇല്ല. അര്‍ടബന്‍ ബാബിലോണില്‍ തിരിച്ചുപോയി ഇന്ദ്രനീലം വിറ്റ് വേണ്ടതെല്ലാം വാങ്ങി.

അര്‍ടബന്‍ യാത്രചെയ്തു. വഴിവക്കില്‍ ഒരു സ്ത്രീയുടെ ദീനസ്സ്വരം. അവളുടെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞ്. രാജാവിന്റെ ആജ്ഞയനുസരിച്ച് എല്ലാ കുഞ്ഞുങ്ങളെയും ഭടന്മാര്‍ കൊല്ലുകയാണ്. കാരണം രാജാവായി ജനിച്ച കുഞ്ഞ്, യേശു, ഈജിപ്റ്റിലേക്കു മാറ്റപ്പെട്ടല്ലോ. സ്ത്രീയുടെ ആതിഥ്യം സ്വീകരിച്ച് അര്‍ടബന്‍ ഇരിക്കുമ്പോള്‍ റോമന്‍ ഭടന്മാര്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് അവിടെയെത്തി. അമ്മയെയും കുഞ്ഞിനെയും ഒളിപ്പിച്ചിട്ട് അര്‍ടബന്‍ പറഞ്ഞു: ഞാനിവിടെ ഒറ്റയ്ക്കാണ്. എന്നെ ഉപദ്രവിക്കാതിരിക്കുന്ന കാപ്റ്റന് നല്‍കാനാണ് ഈ മാണിക്യം. അതു രക്തബിന്ദുപോലെ അയാളുടെ ഉള്ളംകൈയില്‍ കിടന്നു തിളങ്ങി. കാപ്റ്റന്‍ അതെടുത്തുകൊണ്ട് ഭടന്മാരോട് ആജ്ഞാപിച്ചു. നടക്കൂ. ഇവിടെ ഒരു ശിശുവുമില്ല. കുഞ്ഞിന്റെ അമ്മ അര്‍ടബനു നന്ദി പറഞ്ഞു. മുപ്പത്തിമൂന്നുകൊല്ലം കഴിഞ്ഞു. അര്‍ടബന്‍ രാജാവിനെ അന്വേഷിച്ച് അപ്പോഴും നടക്കുകയാണ്. അയാള്‍ തന്റെ നാട്ടിലെ ഒരു കൂട്ടമാളുകളോടു ചേര്‍ന്നു നടന്നു. അവര്‍ പറഞ്ഞു:

ഞങ്ങള്‍ ഗോല്‍ഗൊത്തയിലേക്കു പോകുകയാണ്. അവിടെ രണ്ടു കള്ളന്മാരെ കുരിശില്‍ തറയ്ക്കുന്നു. കൂടെ നസറേത്തിലെ യേശു എന്നൊരാളെയും. ഈശ്വരപുത്രനാണ് താനെന്നു പറഞ്ഞതിനാണ് യേശുവിനെ കുറിശില്‍ തറച്ചു കൊല്ലുന്നത്.
caption
ഹെന്‍ട്രി വാന്‍ ഡൈക്ക്

അവര്‍ അങ്ങനെ പോകുമ്പോള്‍ കീറിപ്പിറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു പെണ്‍കുട്ടിയെ പട്ടാളക്കാര്‍ വലിച്ചിഴച്ചുകൊണ്ടു വരുന്നത് കാണാറായി. അവള്‍ അര്‍ടബനോടു പറഞ്ഞു: ʻʻഎന്നോടു ദയ കാണിക്കണേ. കച്ചവടക്കാരനായിരുന്ന എന്റെ അച്ഛന്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ കടങ്ങള്‍ക്കു വേണ്ടി ഇവര്‍ എന്നെ അടിമയായി വില്‍ക്കാന്‍ പോകുകയാണ്ˮ. അര്‍ടബന്റെ ആത്മാവു പിടഞ്ഞു. അയാള്‍ ശേഷിച്ച മുത്ത് എടുത്ത് അവളുടെ കൈയില്‍ വച്ചു. ʻʻരാജാവിനു വേണ്ടി ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നതാണിത്ˮ എന്നും അര്‍ടബന്‍ പറഞ്ഞു. അയാള്‍ അതു പറഞ്ഞപ്പോള്‍ ആകാശത്തിന്റെ ഇരുട്ടിനു കട്ടികൂടി. ഭൂമി വിറച്ചു. ഭവനങ്ങളുടെ ഭിത്തികള്‍ ആടി. കല്ലുകള്‍ ഇളകി പാതകളില്‍ വീണു. പൊടിപടലം ഉയര്‍ന്നു. ഭടന്മാര്‍ അതുകണ്ടു പേടിച്ച് ഓടി.

അര്‍ടബന്‍ രാജാവിനെ കണ്ടില്ല. പക്ഷെ അയാള്‍ക്കു ശാന്തത. വീണ്ടും ഭൂകമ്പമുണ്ടായപ്പോള്‍ ഒരു ഭവനത്തിന്റെ ഓടിളകി അയാളുടെ തലയില്‍ വീണു. വൃദ്ധനായ അര്‍ടബന്‍ പറഞ്ഞു, ʻʻപ്രഭോ, മുപ്പത്തിമൂന്നു കൊല്ലം ഞാന്‍ അങ്ങയെ അന്വേഷിച്ചു. രാജന്‍, അങ്ങയെ ഞാന്‍ കണ്ടില്ല. ഒരു മധുരശബ്ദം കേള്‍ക്കാറായി: ഞാന്‍ നിന്നോടു പറയുന്നു, എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി നീ എന്തു ചെയ്താലും അത് എനിക്കു വേണ്ടി ചെയ്തതാണ്. പ്രഭാതത്തിലെ ആദ്യത്തെ രശ്മിപോലെ അദ്ഭുതത്തിന്റെ പ്രഭ അര്‍ടബന്റെ മുഖത്തു വ്യാപിച്ചു. അയാളുടെ യാത്ര അവസാനിച്ചു. അയാളുടെ രത്നങ്ങള്‍ സ്വീകരിക്കപ്പെട്ടു. ആ മറ്റൊരു ജ്ഞാനി രാജാവിനെ കണ്ടുകഴിഞ്ഞു.

കഥ അവസാനിച്ചു. അമേരിക്കയില്‍ ഒരു ക്രൈസ്തവ പുരോഹിതനായിരുന്ന ഹെന്‍ട്രി വാന്‍ ഡൈക്ക് എഴുതിയ കഥയാണിത്. അര്‍ടബന്റെ ഇന്ദ്രനീലം, മാണിക്യം, മുത്ത് ഇവയെക്കാള്‍ ഇതിന് ഉജ്ജ്വലതയുണ്ട്. യാഥാര്‍ത്ഥമായ ഈശ്വരസേവനം മനുഷ്യസേവനം തന്നെയെന്ന് ഭംഗ്യന്തരേണ സ്ഥാപിക്കുന്ന ഇക്കഥയില്‍ സാന്മാര്‍ഗ്ഗികമൂല്യവും കലാമൂല്യവും ഒരുമിച്ചുചേരുന്നു. ഇതു വായിക്കുന്നയാള്‍ കലയുടെ സ്വര്‍ഗ്ഗത്തിലേക്കും സന്മാര്‍ഗ്ഗത്തിന്റെ മണ്ഡലത്തിലേക്കും ആധ്യാത്മികത്വത്തിന്റെ പ്രപഞ്ചത്തിലേക്കും മാറിമാറി ഉയരുന്നു. അതുകൊണ്ടാണ് ഇത് നിങ്ങളുടെ സ്വത്വത്തിനും വ്യക്തിത്വത്തിനും ആദരണീയമായ പരിവര്‍ത്തനം വരുത്തുമെന്ന് ഞാന്‍ പറഞ്ഞത്.