close
Sayahna Sayahna
Search

ഒരായിരം നന്ദി, ദൈവത്തിന്



തൊള്ളായിരത്തി എഴുപത്തെട്ട് എഴുപത്തൊമ്പതു കാലം. ചെയ്യുന്ന കാര്യങ്ങളൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഞാൻ പതിനാറു കൊല്ലം ജോലിയെടുത്ത കമ്പനിവിട്ട് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങിയത് ഭീമമായ നഷ്ടത്തിൽ കലാശിച്ചു. കമ്പനിയിൽ നിന്നു കിട്ടിയ സമ്പാദ്യമെല്ലാം ബിസിനസ്സിലിറക്കിയെന്നു മാത്രമല്ല കുറേ കടം വാങ്ങുകയും ചെയ്തിരുന്നു. ബിസിനസ്സ് പൊളിഞ്ഞപ്പോൾ കടമായി നൽകിയ പണത്തിന്നായി ബന്ധുക്കളും സ്‌നേഹിതരും ബഹളംവച്ചു തുടങ്ങി. പണമില്ലാ എന്ന സ്ഥിതി വിശേഷം ഇത്രയും മനോഹരമാണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. ഒന്നിനും പണമില്ല, കടമായി എവിടെനിന്നും കിട്ടാനുമില്ല. പുറത്തിറങ്ങി ബസ്സിൽ പോകാനുള്ള പണംകൂടി കൈയ്യിലില്ലാത്ത ഒരവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങിനെ നയാപൈസ കൈയ്യിലില്ലാതിരുന്ന ഒരു ദിവസം വൈകുന്നേരം, പിറ്റേന്ന് പുറത്തിറങ്ങാനുള്ള പണമുണ്ടാക്കുന്നതിനെപ്പറ്റി ഞാനും ഭാര്യയും ആലോചിച്ചു. ഏറെ നേരം ആലോചിച്ചപ്പോൾ ഓർമ്മ വന്നത് അകത്തു കെട്ടിവച്ച വർത്തമാന പത്രങ്ങളാണ്. ഏകദേശം എട്ടു പത്തു കിലോ ഉണ്ടാവും. ഞങ്ങൾ താമസിച്ചിരുന്നത് ജുഹുവിലായിരുന്നു. ജുഹുവിൽ അന്ന് പഴയ കടലാസ് എടുക്കുന്ന കടകളൊന്നുമുണ്ടായിരുന്നില്ല. സാന്താക്രൂസുവരെ പോകാനുള്ള ബസ്സുകൂലിയുമില്ല. ജുഹുവിൽ നിന്ന് സാന്താക്രൂസുവരെ എട്ടു ബസ്സ്‌സ്റ്റോപ്പിന്റെ ദൂരമുണ്ട്. വൈകുന്നേരം ഏഴുമണിയോടെ ഈ ദൂരം നടക്കാൻ ഞാൻ തീർച്ചയാക്കി. പത്രക്കെട്ടും ചുമന്ന് ഞാൻ സാന്താക്രൂസുവരെ നടന്നു.

ഇന്ന് ഞാൻ പഴയ പത്രങ്ങൾ വിൽക്കുന്നില്ല. എന്റെ അത്രതന്നെ സാമ്പത്തികശേഷിയില്ലാത്ത വല്ലവർക്കും അതു കൊടുക്കുകയാണ് പതിവ്. പക്ഷേ ഓരോ പ്രാവശ്യം കൊടുക്കുമ്പോഴും ഞാൻ അന്ന് പത്രക്കെട്ടും ചുമന്ന് സാന്തക്രൂസിലേയ്ക്ക് നടന്നത് ഓർക്കും.

ഞാൻ പറയാൻ പോകുന്ന കാര്യം ഇതല്ല. ഇത്രയും ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് എനിക്ക് ഇരുന്നൂറു രൂപ വീണുകിട്ടുന്നത്. എഴുപത്തിഎട്ടിൽ ഇരുന്നൂറു രൂപയ്ക്ക് നല്ല വിലയുണ്ട്. സാന്താക്രൂസിൽ ഒരു പലചരക്കു കടയുടെ മുമ്പിൽവച്ചാണ് മടക്കിയ നിലയിൽ ആ നോട്ടുകൾ കിട്ടിയത്. ഒരു ചെറിയ കുടുംബത്തിനു വേണ്ട പലചരക്കു വാങ്ങാൻ അത്രയും മതി. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ആ നോട്ടുകൾ കുനിഞ്ഞെടുത്ത് ഞാൻ പോക്കറ്റിലിട്ടു. പണത്തിന് ഇത്രയും ആവശ്യമുള്ളപ്പോൾ എന്റെ മുമ്പിൽ, അതും കീശയിലുള്ള ചെറിയ ഒരു സംഖ്യക്ക് അത്യാവശ്യം പലചരക്കു വാങ്ങാൻ ചെന്നപ്പോൾ, ആ നോട്ടുകൾ കൊണ്ടുവന്നിട്ട് അതെന്നെ കാണിച്ചു തന്ന ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു. ദൈവത്തിന് കൈക്കൂലി കൊടുക്കുന്നതിൽ വിശ്വാസമില്ലായിരുന്നതുകൊണ്ട് നേർച്ചയും വഴിപാടുമൊന്നും നേരാതെ നന്ദിയിൽ കാര്യം ഒതുക്കി ഞാൻ കടയിലേയ്ക്കു കടന്നു. ഒരിരുപത്തെട്ടു മുപ്പതു വയസ്സുള്ള സ്ത്രീ കയ്യിൽ ഒരു ലിസ്റ്റും പിടിച്ച് സാധനങ്ങൾക്ക് ഓർഡർ കൊടുക്കുകയാണ്. എന്റെ ഊഴത്തിനുവേണ്ടി കാത്തു നിൽക്കുമ്പോൾ ഞാൻ ഒരു ഷെർലോക്‌ഹോംസായി ആ സ്ത്രീയെപ്പറ്റി ഊഹങ്ങൾ നടത്തി. സമയം ആറുമണിയായിരുന്നു. ചുമലിൽ തൂക്കിയിട്ട തുകൽസഞ്ചി കാരണം അവർ ഏതോ ഓഫീസിൽ ജോലിയെടുക്കുന്നുവെന്ന് ഞാൻ ഊഹിച്ചു. ഓഫീസിൽ നിന്ന് വരുന്ന വഴി സാധനങ്ങൾ വാങ്ങി കൊണ്ടുപോകുകയായിരിക്കും. അവർ ഉടുത്തിരുന്നത് സാധാരണ കോട്ടൺ സാരിയായിരുന്നു. ഏതോ സർക്കാർ ഓഫീസിൽ ചെറിയൊരു ജോലിയായിരിക്കണം. വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ അടുത്തെത്താനുള്ള ധൃതി അവരുടെ മുഖത്തുണ്ടായിരുന്നു. അവരുടെ സ്വകാര്യജീവിതം ഇത്രയും ഊഹിച്ചെടുത്തപ്പോൾത്തന്നെ എനിക്കു കുറച്ചു സമാധാനമായി. പിന്നെ ഭർത്താവിന്റെ കാര്യമൊന്നും ഞാൻ ഊഹിച്ചെടുക്കാൻ പോയില്ല.

കടക്കാരൻ വേഗംതന്നെ ബിൽ തയ്യാറാക്കി അവരുടെ കയ്യിൽ കൊടുത്തു. അതൊന്ന് ഓടിച്ചു നോക്കിയ ശേഷം അവർ ചുമലിലുള്ള ബാഗുതുറന്നു. ഒരു സത്രീയുടെ മുഖം ഇത്രയധികം വിളറാമെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്. നോക്കിക്കൊണ്ടിരിക്കെ അവരുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി, കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. തിരക്കുള്ള ബസ്സിൽ വച്ച് പണം ആരെങ്കിലും അടിച്ചെടുത്തിരിക്കുമെന്ന് കടക്കാ രൻ പറയുമ്പോഴും അവർ ബാഗിന്നുള്ളിൽ പരതുകതന്നെയാണ്. ഇല്ല ബാഗിലൊന്നും പണമില്ല. അവർ തേങ്ങിത്തേങ്ങി കരയുകയായിരുന്നു.

കടക്കാരൻ നല്ലവനായിരുന്നു. അയാൾ പറഞ്ഞു. ‘നിങ്ങൾ സാധനങ്ങൾ കൊണ്ടുപൊയ്‌ക്കൊള്ളു, നാളെ പണം കൊണ്ടുവന്നാൽ മതി.’ തേങ്ങലിനിടയിൽ അവർ പറഞ്ഞു. ‘വേണ്ട, നാളേയ്ക്ക് ഞാനെവിടുന്നു ണ്ടാക്കാനാണ് ഇത്രയും പണം?’

പെട്ടെന്നാണ് ഞാനതു കണ്ടത്. അവർക്കു വേണ്ടി എടുത്തുവച്ച സാധനങ്ങൾക്കിടയിൽ ഒരു ടിൻ ബേബിഫുഡ് ! ഞാൻ ചോദിച്ചു.

‘എത്ര രൂപയാണുണ്ടായിരുന്നത് ബാഗില്?’

‘ഇരുനൂറുറുപ്പിക. ഞാനത്… ’ അവർ തുടർന്നില്ല.

ഞാൻ പോക്കറ്റിൽനിന്ന് നോട്ടുകൾ എടുത്തു അവരെ കാണിച്ചു. ‘ഇതാണോ നിങ്ങളുടെ പണം?’ അവരുടെ കണ്ണുകൾ വികസിച്ചു. ‘എനിക്ക് കടയുടെ പുറത്തുനിന്ന് വീണുകിട്ടിയതാണ്.’

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കാനായി കടയുടെ പുറത്തു നിന്ന് ബാഗു തുറന്നത് അപ്പോഴാണവർ ഓർത്തത്.

ഞാൻ എന്റെ രണ്ടു വയസ്സുള്ള മകനെ ഓർത്തു. ബിസിനസ്സു തുടങ്ങുന്നതിനു മുമ്പെല്ലാം ശനിയാഴ്ച കളിൽ ഓഫീസിൽനിന്നു വരുമ്പോൾ അവന് ചോക്കളേറ്റ് വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു. പണത്തിന് ബുദ്ധിമുട്ടു തുടങ്ങിയപ്പോൾ അതു താനെ നിന്നു. ഞാൻ ചായയും പഞ്ചസാരയും വാങ്ങുന്നതിനു പകരം ചോക്കളേറ്റ് വാങ്ങി, പുറകിൽ നിന്നു വന്ന നന്ദിവാക്കുകൾക്കു നേരെ വെറും ചിരിമാത്രം തിരിച്ചു കൊടുത്ത്, ദൈവത്തിന് നേരത്തെ കൊടുത്ത ഒരു നന്ദി തിരിച്ചെടുത്ത് അതിനു പകരം ഒരായിരം നന്ദി നൽകിക്കൊണ്ട് കടയിൽനിന്നിറങ്ങി.