close
Sayahna Sayahna
Search

ഒരു വിരുന്നിന്റെ ഓർമ്മ


ഒരു വിരുന്നിന്റെ ഓർമ്മ
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


ബോംബെയിലെ ജീവിതത്തിൽ മറക്കാനാവാത്ത ഒരദ്ധ്യായമായിരുന്നു എഴുപതു കളുടെ അവസാനം. ഭൗതികമായി ആർജ്ജിച്ച എല്ലാം ഓരോന്നോരോന്നായി കൺ മുമ്പിൽവച്ച് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നിസ്സഹായരായി നോക്കിനിന്ന ഒരു കാല ഘട്ടമായിരുന്നു അത്. അവസാനമായി നഷ്ടപ്പെട്ടത് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫ്‌ളാറ്റായിരുന്നു. ജുഹുബീച്ചിലേയ്ക്ക് രണ്ടു മിനുറ്റ് നടക്കാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ ഫ്‌ളാറ്റിൽ നിന്ന്. നല്ല സ്ഥലം, നല്ല സൗകര്യം. അതും നഷ്ടപ്പെട്ടതോടെ ബോംബെവാസം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് നാട്ടിലേ യ്ക്കു തിരിക്കുകയാണുണ്ടായത്. ഈ കാലത്തെ അനുഭവങ്ങൾ എന്റെ കഥകളിൽ നേരിട്ടും അല്ലാതെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനമായവ ‘ഒരു കങ്ഫൂ ഫൈറ്റർ’ ‘ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’ എന്നിവയാണ്.

ഫ്‌ളാറ്റ് വിറ്റ് കടമെല്ലാം വീട്ടിയശേഷം നാട്ടിലെത്തി അമ്മയോട് എന്റെ ജാതകം ആവശ്യപ്പെട്ടതും നോക്കിയപ്പോൾ അതുപ്രകാരം എല്ലാം നഷ്ടപ്പെടാനാണ് യോഗം എന്നു മനസ്സിലാക്കിയതും മറ്റും ഞാൻ മുമ്പൊരിടത്ത് വിശദമായി എഴുതിയിട്ടുണ്ട്. (‘ദിനോസറിന്റെ കുട്ടി’ എന്ന കഥയിൽ ഈ സംഭവം ഉണ്ട്) അതൊന്നും ഇവിടെ വിവരിക്കുന്നില്ല. പക്ഷേ ദൈവജ്ഞർ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം നടപ്പുദശ കഴിഞ്ഞ് ശുക്രദശ വന്നാൽ തിരിച്ചുകിട്ടും എന്ന്. ശുക്രദശയ്ക്കും അതിനു മുമ്പുണ്ടായിരുന്ന വ്യാഴദശയ്ക്കും ഇടയ്ക്കുള്ള ആ ദശാസന്ധിയിൽ നടന്ന ഒരു കാര്യമാണ് ഞാൻ താഴെ വിവരിക്കുന്നത്.

നാട്ടിൽ തിരിച്ചെത്തിയപ്പോൾ മുമ്പിലുണ്ടായിരുന്ന ലക്ഷ്യം, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുണ്ടാക്കുക എന്നതല്ല, മറിച്ച് ഓരോ ദിവസവും എങ്ങിനെ ഉന്തിനീക്കാം എന്നതായിരുന്നു. കാരണം ഇരുപതു കൊല്ലമായി ഉണ്ടാക്കിയതെല്ലാം ഏതാനും മാസങ്ങൾകൊണ്ട് നഷ്ടപ്പെട്ടിരുന്നു. അന്നന്നത്തേയ്ക്കു വേണ്ടത് അന്നന്നുണ്ടാക്കുക. ഞങ്ങൾ താമ സിച്ചിരുന്നത് എറണാകുളത്ത് ജോസ് ജങ്ക്ഷനിൽ പാർത്ഥാസിനു പിന്നിലെ ഇടനിരത്തിലായിരുന്നു. അവിടെ കൊടുങ്ങല്ലൂരിലെ രാമവർമ്മ തമ്പുരാൻ കനിഞ്ഞ് വാടകയ്ക്കു തന്ന വീട്ടിൽ. ഒരു ചെറിയ ഉമ്മറം ഉള്ളതിൽ കുറച്ചു റാക്കുകൾ വച്ച് കാസറ്റുകൾ നിരത്തി ഒരു കട തുടങ്ങി. കട എന്നൊക്കെ പറയുന്നത് കുറച്ചു അതിശയോക്തിയാണ്. പക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കുറേ നല്ല പതിവുകാരെ കിട്ടി. കാസറ്റു വില്പനയോടൊപ്പം തന്നെ അത്യാവശ്യം കാസറ്റുകൾ റിക്കാർഡു ചെയ്തുകൊടുക്കുകയും ചെയ്തു. ബോംബെയിൽ വച്ച് പഴയ ഹിന്ദി ഗാനങ്ങളുടെ നല്ലൊരു ശേഖരം ഉണ്ടാക്കിയിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴും കൈവിടാതെ സൂക്ഷിച്ച ശേഖരം. അതു ഞങ്ങളുടെ രക്ഷക്കായി എത്തി. ഞങ്ങൾക്ക് പതിവുകാരല്ല ഉണ്ടായിരുന്നത്, കുറേ സുഹൃത്തുക്കൾ മാത്രം. അവർ അവരുടെ പരിചയക്കാരെ കൊണ്ടുവന്നു. അങ്ങിനെ എറണാകുളത്തു വന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ നിന്നു തിരിയാനുള്ള വരുമാനമുണ്ടായി. ഗ്രഹങ്ങൾ ഞങ്ങൾക്കനുകൂലമായിത്തുടങ്ങിയതിന്റെ ആദ്യസൂചന.

പക്ഷേ വല്ലപ്പോഴും വരുന്ന കുടുംബസുഹൃത്തുക്കളേയോ ബന്ധുക്കളേയോ സ്വീകരിക്കാൻ മാത്രമുള്ള വരുമാനം അപ്പോഴുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്. ഓരോ ബന്ധുവിന്റെ വരവും ഭയസന്തോഷസമ്മിശ്രമായ വികാരത്തോടെയാണ് ഞങ്ങൾ കണ്ടിരുന്നത്. ഞങ്ങളുടെ മകൻ അന്ന് അഞ്ചിലോ ആറിലോ പഠിക്കുകയായിരുന്നു. പത്തു, പതിനൊന്നു വയസ്സു പ്രായം. ബോംബെ യിൽ വച്ച് ഞങ്ങളുടെ പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ മുതൽ കാര്യങ്ങൾ അത്ര നന്നായിട്ടല്ല പോകുന്നതെന്ന് അന്ന് അഞ്ചോ ആറോ വയസ്സു മാത്രം പ്രായമുള്ള അവന്ന് മനസ്സിലായിരുന്നു. സ്വന്തം ആവശ്യങ്ങൾ കഴിയുന്നത്ര കുറച്ച്, തന്നാൽ കഴിയുന്നവിധം അവൻ സഹകരിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും ജോലിത്തിരക്കിലാവുമ്പോൾ ഇടയ്ക്ക് അടുക്കള യിൽ പോയി സ്വയം ഭക്ഷണം തയ്യാറാക്കുക കൂടി ചെയ്യാറുണ്ട് അവൻ. മകന്റെ ഈ പ്രായത്തിലുള്ള ഒരു ചിത്രമാണ് ‘ഒരു കങ്ഫൂ ഫൈറ്റർ’ എന്ന കഥയിലുള്ളത്.

ഇനി എറണാകുളത്തെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴു ണ്ടായ ആ സംഭവം പറയാം. എന്റെ അനുജൻ ഡോ. ദിവാകരൻ യാദൃശ്ചികമായി കുടുംബസമേതനായി വന്നു. ഞങ്ങളുടെ ശരിക്കുള്ള അവസ്ഥ അയാൾക്കറിയില്ല. അത് അറിയിക്കണമെന്നും ഞങ്ങൾക്കു ണ്ടായിരുന്നില്ല. അടുക്കളയിലെ കാര്യം കുറച്ചു പരുങ്ങലിലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ചായയുണ്ടാക്കുവാനുള്ള ഒരു ചേരുവകളും ഉണ്ടായിരുന്നില്ല. രാവിലെ പ്രാതലിനോടൊപ്പം ചായ കിട്ടാതിരുന്ന തോടെ മകന്ന് ആ രഹസ്യം മനസ്സിലായിരുന്നു. ഇടയക്കിടയ്ക്ക് തിന്നാനുള്ള സാധനങ്ങൾക്കായി പരതുന്ന സ്വഭാവമുള്ളതിനാൽ പല ടിന്നുകളും കാലിയാണെന്ന കാര്യവും അവൻ മനസ്സിലാക്കിയിരുന്നു. ചെറിയച്ഛനും കുടുംബവും വന്നപ്പോൾ അവനും കുറച്ചു പരിഭ്രമമുണ്ടായി. അവൻ അമ്മയോട് ചോദിച്ചു.

‘എന്താണ് അവർക്കു കൊടുക്കുക?’

തല്ക്കാലം ഒന്നുമില്ലെന്ന് ലളിത പറഞ്ഞു. അവൾക്കും വിഷമമുണ്ടായിരുന്നു.

‘അപ്പോൾ നമ്മടെ അടുത്ത് പണമൊന്നും ഇല്ലേ?’

‘ഇല്ല മോനെ, ഇന്ന് കച്ചവടം മോശമായിരുന്നു. ആരും വന്നിട്ടില്ല.’

അങ്ങിനെയും സംഭവിക്കാറുണ്ട്. പകൽ മുഴുവൻ കട തുറന്നു വെച്ചാലും ആരും വന്നില്ലെന്നു വരും. ആൾക്കാർ പെട്ടെന്ന് നമ്മെ മറന്ന പോലെ. ശരിക്കു പറഞ്ഞാൽ കുറേ കാസറ്റുകൾ റിക്കാർഡു ചെയ്തു വച്ചിട്ടുണ്ട്. അതൊക്കെ കൊടുത്താൽത്തന്നെ അത്യാവശ്യകാര്യങ്ങൾ നടക്കുമായിരുന്നു. അതുമല്ലെങ്കിൽ ആരെങ്കിലും വന്ന് ഒന്നോ രണ്ടോ കാസറ്റുകൾ വാങ്ങിക്കൊണ്ടുപോയാലും മതി. ആരും വരികയുണ്ടായില്ല. ഞാൻ ആൾക്കാരെ ആകർഷിക്കാനായി സ്പീക്കറിൽക്കൂടി വരുന്ന പാട്ടുകളുടെ ശബ്ദം കൂട്ടി വയ്ക്കും. കാര്യമൊന്നുമില്ല.

മകൻ, ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ട് കൗണ്ടറിന്നടുത്ത് കാവലായി. ഞാനും ലളിതയും അനുജനോട് സംസാരിച്ചുകൊണ്ട് അകത്തും. അങ്ങിനെയിരിക്കുമ്പോൾ ഒരു പതിവുകാരൻ വന്നു. ലളിത എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു പോകുകയും ചെയ്തു. അയാൾക്കുള്ള കാസറ്റ് എടുത്തുകൊടുത്തശേഷം അവൾ തിരിച്ചുവന്ന് സംസാരത്തിൽ ചേർന്നു. കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിരുന്നുവരുന്ന അനുജനും കുടുംബത്തിനും (അവരുടെ മക്കൾക്ക് അന്ന് രണ്ടും നാലും വയസ്സു പ്രായമേ ആവൂ) ഒന്നും കൊടുക്കാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. അതിനിടയ്ക്ക് ലളിത എഴുന്നേറ്റ് ഇടയക്ക് ഉമ്മറത്തേയ്ക്കും ഇടയ്ക്ക് അടുക്കള യിലേയ്ക്കുമായി പോകുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞുകാണും പെട്ടെന്നവൾ ഒരു ട്രേയിൽ ചായയുമായി വന്നു. പിന്നാലെ ഒരു പാത്രത്തിൽ നല്ല തുടുത്ത വടകളുമായി അജിയും. എന്റെ അദ്ഭുതത്തിന് കയ്യും കണക്കുമുണ്ടായി രുന്നില്ല. ലളിത ഒരു ചിരിയോടെ അടുക്കളയിലേയ്ക്കു പോയി ക്വാർട്ടർ പ്ലെയറ്റുകൾ എടുത്തു കൊണ്ടുവന്നു എല്ലാവർ ക്കും വടയും ചട്ടിണിയും വിളമ്പി.

ഞങ്ങളുടെ ഇല്ലായ്മയെപ്പറ്റി ഒട്ടും ബോധവാന്മാരാകാതെ ദിവാകരനും ശോഭനയും മക്കളും തിരിച്ചുപോയി. അവർ പോയ ഉടനെ അജി കളിക്കാ നിറങ്ങി. ഇല്ലായ്മ എങ്ങിനെ പെട്ടെന്ന് പരിഹരിച്ചുവെന്ന് അറിയാതെ സസ്‌പെൻസിലിരിക്കുന്ന എന്നോട് ഉണ്ടായ കാര്യങ്ങൾ ലളിത പറഞ്ഞു തന്നു.

അജി കടയുടെ കൗണ്ടറിൽ കാത്തു നിൽക്കുകയായിരുന്നു. ആദ്യത്തെ പതിവുകാരൻ വന്നപ്പോൾ കിട്ടിയത് പത്തു രൂപയായിരുന്നു. അതുംകൊണ്ട് അവൻ തൊട്ടടുത്തുള്ള ഡിപ്പാർട്ടുമെന്റ് സ്റ്റോറിലേയ്‌ക്കോടി ചായപ്പൊടി വാങ്ങിക്കൊണ്ടുവന്നു. ചായയുണ്ടാക്കാൻ ഇനി എന്തൊക്കെയാണ് വേണ്ട തെന്ന് ചോദിച്ചശേഷം അടുത്ത കസ്റ്റമർക്കു വേണ്ടി കാത്തുനിന്നു. അടുത്ത കസ്റ്റമർ വന്നപ്പോൾ കിട്ടിയത് പതിനഞ്ചു രൂപയായിരുന്നു. അവൻ വീണ്ടും ഡിപ്പാർട്ട്‌മെന്റ്‌സ്റ്റോറിലേയ്‌ക്കോടി പഞ്ചസാര വാങ്ങിക്കൊണ്ടു വന്നു. ഭാഗ്യത്തിന് പാൽ ഉണ്ടായിരുന്നു. അമ്മ ചായ ഉണ്ടാക്കുന്ന നേരം അവൻ വീണ്ടും കൗണ്ടറിൽ കാത്തു നിൽക്കുകയായിരുന്നു. മൂന്നാമത്തെ കസ്റ്റമർ വന്നപ്പോൾ കിട്ടിയ പണംകൊണ്ട് അവൻ ഓടിയത് പാർത്ഥാസിന് എതിർ വശത്തുള്ള ഗോകുൽ റെസ്റ്റോറണ്ടിലേയ്ക്കായിരുന്നു. അച്ഛന്റെ മാനം കാക്കാൻ അവൻ ചെയ്ത ശ്രമങ്ങൾ, അവൻ അനുഭവിച്ച മാനസിക പിരി മുറുക്കം വളരെയായിരുന്നു. എല്ലാം പത്തോ പതിനൊന്നോ വയസ്സിൽ.

ഇന്ന് എനിക്ക് ഇതെല്ലാം നിർമ്മമമായി ഓർക്കാം, കാരണം ദൈവ ജ്ഞരുടെ പ്രവചനം ശരിയായി വന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടി, അതും കാര്യമായ പരിശ്രമങ്ങളൊന്നും കൂടാതെത്തന്നെ. എഴുപതുക ളുടെ അവസാനത്തിൽ ഞങ്ങൾ രാപ്പകൽ ജോലി ചെയ്തു, എല്ലാ വാതിലുകളിലും മുട്ടിവിളിച്ചു. ഫലമുണ്ടായില്ലെന്നു മാത്രമല്ല ഓരോന്നോരോന്നായി നഷ്ടപ്പെടുകയും ചെയ്തു. ജാതകത്തിൽ പറഞ്ഞ ചീത്ത കാലം നീങ്ങിയപ്പോൾ എല്ലാം വളരെ സ്വാഭാവികമായി, അനായാസേന ഞങ്ങളുടെ വഴിയിൽ വന്നു. രാപ്പകൽ ജോലി ചെയ്യേണ്ടി വന്നെങ്കിലും അതിനു തക്ക ഫലമുണ്ടായി. ജുഹുവിൽ നഷ്ടപ്പെട്ട ഫ്‌ളാറ്റിനു പകരം അതിലും നല്ലൊരു ഫ്‌ളാറ്റ് എറണാകുളത്ത് കണ്ണായ സ്ഥലത്തുതന്നെ മേടിക്കാൻ പറ്റി. മകൻ പഠിച്ച് നല്ലൊരു ജോലിയിലായി. അതും സ്വന്തം പരിശ്രമങ്ങൾകൊണ്ടുതന്നെ. സ്വന്തം പരിശ്രമങ്ങൾ കൊണ്ടുതന്നെ അവൻ ബാംഗളൂരിൽ ഒരു ഫ്‌ളാറ്റ് വാങ്ങി. ഇപ്പോൾ അവന്റെ കല്യാണം കഴിഞ്ഞു, അവന്റെ മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിതന്നെ.

എങ്കിലും പതിനേഴു കൊല്ലങ്ങൾ മുമ്പ് നടന്ന ആ സന്ദർശനം ഓർക്കുമ്പോൾ മുമ്പിൽ വരുന്നത് അച്ഛന്റെ മാനം കാക്കാനായി മാനസിക സംഘർഷം അനുഭവിച്ച ഒരു പതിനൊന്നുകാരന്റെ മുഖമാണ്.