close
Sayahna Sayahna
Search

കളിക്കാലം


കളിക്കാലം
EHK Story 10.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കറുത്ത തമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

രാജു ഊഞ്ഞാലിൽനിന്ന് ഊർന്നിറങ്ങി. ആകാശത്തിലെ ഈർപ്പം മണത്തറിഞ്ഞ് വരാൻ പോകുന്ന മഴയേപ്പറ്റിയറിയുന്ന കിളിയെപ്പോലെ അവൻ, ക്രിക്കറ്റ് തുടങ്ങാറായെന്ന് മനസ്സിലാക്കി. നിരത്തിൽ ആൾക്കാരുടെ പരക്കംപാച്ചിൽ, പാർക്കിന്നെതിരെയുള്ള ടിവി ഷോറൂമിന്റെ മുമ്പിലെ ആൾക്കൂട്ടം, പാർക്കിൽ മുതിർന്ന കുട്ടികളുടെ അഭാവം, എല്ലാം അതിന്റെ ലക്ഷണങ്ങളായിരുന്നു. അവൻ രേണുകയോട് പറഞ്ഞു.

‘പോവ്വാ.’

രേണുക അടുത്ത ഫ്‌ളാറ്റിലെ ജോലിക്കാരിയോട് സംസാരിച്ചു നിൽക്കുകയാണ്. തന്നെപ്പോലെ ഒരു ജോലിക്കാരിയാണ് ആ കുട്ടിയും. അവളുടെ പ്രായംതന്നെയാണ്, പതിനാലു വയസ്സ്. രാജു വന്ന് അവളുടെ പാവാടത്തുമ്പ് പിടിച്ചുവലിച്ചു കൊണ്ട് പറഞ്ഞു. ‘നമുക്ക് പോവ്വാ.’

‘അയ്യോ ഇപ്പോ പോയാൽ അമ്മ ചീത്തപറയും. എന്നെയാണ് ചീത്ത പറയ്വാ.’ പിന്നെ അവൾ കൂട്ടുകാരിയോട് പറഞ്ഞു. ‘എന്തിനാ അവനെ ഇപ്പൊത്തന്നെ കൊണ്ടുവന്നത്. ഇവിടെ ജോലിയൊക്കെ ഇനി നടക്ക്വോ. ഇതാ പറച്ചില്.’

അവൻ വീണ്ടും പറഞ്ഞു. ‘പോവ്വാ, ക്രിക്കറ്റ്ണ്ട്.’

‘ഓ ഒരു കളിക്കാരൻ!’ അവൾ അവന്റെ കൈപിടിച്ചു നടന്നു. അവൻ സമ്മതിക്കില്ലെന്നവൾക്കറിയാം. കൊച്ചമ്മയുടെ ചീത്ത കേട്ടാലും വേണ്ടില്ല.

മൂന്നാംനിലയിൽ തുറന്ന വാതിലിലൂടെ ഓടിക്കയറുമ്പോൾത്തന്നെ സ്വീകരണമുറിയിലെ ആൾത്തിരക്ക് അവൻ കണ്ടു. അവന് സന്തോഷമായി. അച്ഛനുണ്ടെന്നർത്ഥം. അവൻ ഓടിപ്പോയി സ്‌നേഹിതന്മാരുടെ ഒപ്പം ഇരുന്ന് കളി കണ്ടിരുന്ന അച്ഛന്റെ മടിയിൽ പോയിരുന്നു. അച്ഛൻ കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടീപോയിമേൽ വച്ച് മകനെ എടുത്ത് കൊഞ്ചിച്ചു. ‘മോൻ പോയി കുളിക്ക്, മേലാകെ ചളിയാണ്.’

അവൻ കൂട്ടാക്കുന്നില്ല. അയാൾ പറഞ്ഞു. ‘രേണു, ഇവനെ കൊണ്ടുപോയി കുളിപ്പിക്കു.’

അവൻ അച്ഛനോട് കൂടുതൽ അള്ളിപ്പിടിച്ചിരുന്നു. അച്ഛൻ ഗ്ലാസെടുത്ത് അവന്റെ ചുണ്ടോടു ചേർത്തു. ‘വേണോ?’

വേണ്ടെന്നവൻ തലയാട്ടി. ഒരിക്കൽ കുടിച്ചിട്ടുള്ളതാണ്. മതിയായി. ഇത്ര വൃത്തികെട്ട സാധനമാണ് അച്ഛനും സ്‌നേഹിതന്മാരും കുടിക്കുന്നതെന്നറിഞ്ഞപ്പോൾ അവരുടെ രുചിയെപ്പറ്റി അവനുണ്ടായിരുന്ന മതിപ്പെല്ലാം പോയിരുന്നു.

പെട്ടെന്ന് എല്ലാവരും ആർത്തു. ‘സിക്‌സർ!’ ‘ഞാൻ പറഞ്ഞില്ലേ അഷ്‌റുദ്ദിൻ ഇന്ന് ഫോമിലാണ്.’

രാജു ടിവിയ്ക്കു പുറംതിരിഞ്ഞാണിരുന്നത്. അതിൽ എന്താണ് നടക്കുന്നതെന്നവന്നറിയാം. ഇപ്പോൾ ടോം ആന്റ് ജെറിയുടെ സമയമാണ്. ഇത്രയും ആൾക്കാർക്കിടയിൽ അവന് കാർട്ടൂൺ നെറ്റ്‌വർക്ക് വെക്കാനാവില്ലെന്ന് അവന്നറിയാം. അച്ഛനെ വിസ്‌കിയുടെയും സിഗററ്റിന്റേയും മണമുണ്ടായിരുന്നു. അത് അച്ഛന്റെ മണമായതുകൊണ്ട് അവൻ ആസ്വദിച്ചു. മറ്റുള്ളവർക്ക് ആ മണമുണ്ടാവുമ്പോൾ പക്ഷേ അവന് ഛർദ്ദിക്കാൻ വരാറുണ്ട്.

രേണുക പോയി. അവൾക്കറിയാം അച്ഛൻ വീട്ടിലുണ്ടാകുന്ന അപൂർവ്വസന്ദർഭങ്ങളിൽ രാജുവിനെ കിട്ടില്ലെന്ന്. ഇനി എട്ടുമണിക്ക് അവനെ നിർബ്ബന്ധിച്ച് കൊണ്ടുപോവണം, മേൽക്കഴുകിക്കണം, ഭക്ഷണം കൊടുത്ത് ഉറക്കാൻ നോക്കണം. അല്ലെങ്കിൽ കൊച്ചമ്മയുടെ വക കേൾക്കാം. അവൾ അടുക്കളയിൽ കൊച്ചമ്മയെ സഹായിക്കാൻ പോയി. ഭക്ഷണം പാകംചെയ്യാൻ ഒരു സ്ത്രീ വരുന്നുണ്ട്. എല്ലാം ഉണ്ടാക്കിവച്ച് അഞ്ചുമണിയോടെ അവർ പോവും. ഇന്ന് ഇത്രയധികം അതിഥികളുണ്ടാവുമെന്നറിഞ്ഞിരുന്നില്ല. അതുകൊണ്ട് കൂടുതൽ വിഭവങ്ങളുണ്ടാക്കണം. അവൾ, ഫ്രീസറിൽനിന്നെടുത്ത ചിക്കൻ മുറിക്കാൻ തുടങ്ങി. സ്വീകരണമുറിയിൽനിന്ന് ആരവങ്ങൾ കേൾക്കുന്നുണ്ട്.

എട്ടുമണിക്ക് അവൾ പോയിനോക്കിയപ്പോൾ രാജുമോൻ അപ്പോഴും അച്ഛന്റെ മടിയിൽത്തന്നെയായിരുന്നു. ടിവിയിൽ നോക്കിക്കൊണ്ടിരിക്കുന്ന അച്ഛന്റെ മുഖം അവന്റെ കൊച്ചുകൈകൊണ്ട് തിരിച്ച് അവൻ സംസാരിക്കാൻ ശ്രമിക്കയാണ്. വിസ്‌കിയുടെയും സിഗററ്റിന്റേയും നാറ്റം, സോഫയിലും കസേലയിലുമൊക്കെയായി ഇരിക്കുന്ന കുഴഞ്ഞുതുടങ്ങിയ മനുഷ്യരുടെ നോട്ടം പോലെത്തന്നെ വൃത്തികെട്ടതും അസഹ്യവുമായിരുന്നു. അവൾ പിൻവാങ്ങി.

സാധാരണ എട്ട് എട്ടരയ്ക്ക് ഭക്ഷണം കഴിക്കാറുള്ള രാജു അന്ന് പത്തുമണിക്കാണ് ഊണുകഴിച്ചത്, അതും അച്ഛന്റേയും സ്‌നേഹിതന്മാരുടേയും ഒപ്പം. കൊച്ചമ്മയും അവരുടെ ഒപ്പം ഊണുകഴിക്കുമ്പോൾ രേണുക ആവശ്യമുള്ള സാധനങ്ങൾ മേശപ്പുറത്ത് കൊണ്ടുവന്നു വെച്ചു. അവൾക്കു വിശക്കുന്നുണ്ടായിരുന്നു. മേശപ്പുറത്ത് വിളമ്പുന്ന കറികളുടെ മണം ആ വിശപ്പ് ഇരട്ടിച്ചു. ഇനി എല്ലാവരും എഴുന്നേറ്റു പോയാൽ പാത്രങ്ങളെല്ലാം കഴുകിയെടുക്കണം. അതു കഴിയുമ്പോഴേയ്ക്കും എന്തെങ്കിലും വാരിത്തിന്ന് കിടന്നാൽമതിയെന്ന പരുവത്തിലായിട്ടുണ്ടാവും അവൾ.

രാവിലെ നാലരയ്ക്ക് എഴുന്നേൽക്കണം. വീടുമുഴുവൻ അടിച്ചുവാരി തുടക്കണം. കൊച്ചമ്മ കിടക്കുന്ന മുറിയൊഴികെ. അവരുടെ മുറിയുടെ മുമ്പിൽ തുടയ്ക്കുമ്പോൾ ശബ്ദം കേൾപ്പിക്കാതിരിക്കാൻ ശ്രമിക്കും. അടച്ചിട്ട വാതിലിനപ്പുറത്ത് ശീതീകരിച്ച മുറിയിൽ കൊച്ചമ്മയും സാറും ഉറങ്ങുന്നത് അവൾ മനസ്സിൽ കാണും. ഉറക്കത്തിൽ എല്ലാവരും ഒരുപോലെയാണെന്നവൾ ഓർക്കും. എന്തുകൊണ്ടോ അവളുടെ മനസ്സ് ആർദ്രമാവും. നിലം തുടച്ചുകഴിഞ്ഞാൽ അവൾ കുളിച്ച് ചായയുണ്ടാക്കി കൊച്ചമ്മയെ വിളിക്കും. അപ്പോഴേയ്ക്ക് രാജുമോൻ എഴുന്നേൽക്കും.

അന്ന് രാജു എഴുന്നേറ്റ ഉടനെ ചോദിച്ചത് ക്രിക്കറ്റുണ്ടാവുമോ എന്നാണ്. അവൾക്കതിന്റെ അർത്ഥം അറിയാമായിരുന്നു.

പ്രാതലുണ്ടാക്കാൻ കൊച്ചമ്മയെ സഹായിക്കുമ്പോൾ അവൾ രാജുവിന്റെ ചോദ്യത്തെപ്പറ്റി പറഞ്ഞു. അതിൽ അദ്ഭുതമൊന്നുമില്ലെന്നും അവന് ക്രിക്കറ്റ്കളി നല്ല വശമാണെന്നും ഓരോ ടീമിലേയും കളിക്കാരുടെ പേരൊക്കെ അറിയാമെന്നും അവർ പറഞ്ഞു. ‘സ്‌കോർ കണക്കാക്കാൻകൂടി കൂടി അറിയാം.’ അവർ അഭിമാനപൂർവ്വം പറഞ്ഞു. ‘അച്ഛന്റെ മോൻതന്ന്യാ.’ രേണുക നിശ്ശബ്ദയായി. ഭവിഷ്യത്തുകളെക്കുറിച്ചോർക്കാതെ ഒരു കൊച്ചുകുട്ടിയുടെ കിളിക്കൊഞ്ചലിനെപ്പറ്റി പറഞ്ഞതായിരുന്നു അവൾ. ആ കൊച്ചു മനസ്സിലെന്തൊക്കെയാണ് നടക്കുന്നതെന്ന് അവന്റെ അമ്മയെക്കാൾ അവൾക്കാണറിയുക.

പിന്നെ കളികളുടെ ദിവസങ്ങളായിരുന്നു. വൈകുന്നേരങ്ങളിൽ പാർക്കിൽ പോകാൻ അവൻ സമ്മതിച്ചില്ല. അച്ഛൻ ഓഫീസിൽനിന്നു വരുമ്പോൾത്തന്നെ അവൻ കാവലുണ്ടാവും. അവനെ ഒക്കത്തുവെച്ചുകൊണ്ടേ അയാൾക്ക് ഷൂസ് ഊരുവാൻകൂടി പറ്റൂ. പിന്നെ ഉറങ്ങുന്നതുവരെ അവൻ അച്ഛന്റെ കൂടെയുണ്ടാവും. അച്ഛന്റെ സ്‌നേഹിതന്മാർ ഓരോരുത്തരായി വരും. ഗ്ലാസ്സുകൾ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കും. സിഗരറ്റിന്റെ പുക പുറത്തുപോകാൻ വിസമ്മതിച്ച് മുറിയിൽത്തന്നെ തങ്ങിനിൽക്കും. അച്ഛനെ തുടക്കത്തിൽ, രാവിലെ ഓഫീസിൽ പോകുമ്പോൾ അടിച്ച പെർഫ്യൂമും വിയർപ്പും കലർന്ന വാസനയായിരിക്കും. പിന്നെ ക്രമേണ അത് വിസ്‌കിയുടേയും സിഗരറ്റിന്റേയും മണമാകും. രാജു അച്ഛന്റെ മുഖത്തും നെഞ്ചിലും മുഖമുരച്ച് ആ വാസന ആസ്വദിക്കും. മുമ്പിൽ കുടിക്കുന്നവർക്കുവേണ്ടി കൊണ്ടുവന്നുവെയ്ക്കുന്ന പൊരിച്ച സാധനങ്ങൾ വാരിത്തിന്നും. അതെല്ലാം തിന്നുകഴിഞ്ഞാൽ രാത്രിഭക്ഷണത്തിന്റെ ആവശ്യമേ ഉണ്ടാവില്ല. എന്നാലും അച്ഛൻ തരാമെന്നു പറഞ്ഞാൽ അവൻ കുറച്ച് ഊണു കഴിക്കും. അച്ഛന്റെ മടിയിൽ കിടന്നുറങ്ങിപ്പോയ രാജുവിനെ രേണുക വന്നെടുത്തുകൊണ്ടുപോകും.

ഒരാഴ്ച അവന് ഉത്സവമായിരുന്നു. കളി കഴിഞ്ഞത് അവൻ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം കാത്തിരുന്ന് അച്ഛനെ കാണാതിരുന്നപ്പോഴാണ് അവന് സംശയം തോന്നിയത്. അവൻ അമ്മയോടു ചോദിച്ചു. കളികഴിഞ്ഞെന്ന മറുപടികേട്ടപ്പോൾ അവൻ നിരാശനായി. അന്ന് കാര്യങ്ങളെല്ലാം സാധാരണമട്ടിൽ നടന്നു. ആറരമണിക്ക് രാജുവിനെ പാർക്കിൽനിന്നു കൊണ്ടുവന്നു, കുളിപ്പിച്ചു.

അമ്മ പുറപ്പെടുകയാണ്. രാത്രി പുറത്തെവിടേയോ പാർട്ടിയുണ്ടെന്നവനു മനസ്സിലായി. അവൻ അസന്തുഷ്ടനായി. അച്ഛൻ അപ്പോഴും ഓഫീസിൽനിന്ന് എത്തിയിട്ടില്ല. ഇങ്ങിനെയുള്ള ദിവസങ്ങളിൽ അവന് അച്ഛനെ തൊടാൻപോലും കിട്ടില്ല. വന്നാൽ ഉടനെ ചായകുടിക്കും, കുളിക്കും, ഫോണിൽ ഓരോരുത്തരെ വിളിക്കും, എട്ടുമണിയോടെ അമ്മയേയും കൂട്ടി പോകുകയും ചെയ്യും. അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ ഉണ്ടാകുന്ന വാസന അവന്റെ മൂക്കിൽ തങ്ങിനിൽക്കും. അച്ഛനും അമ്മയും കാറിൽ കയറി പോകുന്നത് അവൻ ബാൽക്കണിയിൽനിന്ന് രേണുകയുടെ ഒക്കത്തു കയറി നോക്കും. അമ്മ ടാറ്റ പറയുമ്പോൾ അവൻ മുഖം കനപ്പിച്ചിരിക്കയേ ഉള്ളൂ.

രേണുക രാജുവിനെ അകത്തുകൊണ്ടുപോയി ഭക്ഷണം കൊടുക്കാൻ ശ്രമിക്കും. മീൻപൊരിച്ചത് ചൂടാറാത്ത പാത്രത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടാവും. രാജുവിന് കൊടുക്കാനുള്ളതേ ഉണ്ടാവൂ. ഫ്രിഡ്ജിൽനിന്ന് തലേ ദിവസത്തെ ചിക്കൻ കറി ബാക്കിയുള്ളത് ചൂടാക്കി അതും കൊടുക്കണമെന്ന് കൊച്ചമ്മ പറഞ്ഞിരുന്നു. അമ്മയും അച്ഛനും രാത്രി പാർട്ടിക്ക് പോകുന്ന ദിവസങ്ങളിൽ അവന്റെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ അവൻ ആവശ്യപ്പെടും. പക്ഷേ രേണുകയ്ക്ക് ധൈര്യമുണ്ടാവില്ല. അവൾക്കുള്ള ഭക്ഷണം കൊച്ചമ്മ വേറെ പാത്രത്തിൽ അടച്ചുവച്ചിരിക്കും. ആ ഭക്ഷണം രാജുവിന്റെ മുമ്പിൽവച്ച് തുറക്കാൻതന്നെ അവൾക്കിഷ്ടമായിരുന്നില്ല. അതിൽ തരംതാഴ്ത്തുന്ന എന്തോ ഉണ്ട്. രാജുവിനെ കൊണ്ടുനടക്കുമ്പോൾ ഉയർത്തപ്പെടുന്ന തന്റെ ശിരസ്സ് താഴ്ത്തുന്ന എന്തോ ഉണ്ടതിൽ. അവൾ കുടിക്കാനുള്ള വെള്ളമെടുക്കാൻ അടുക്കളയിലേയ്ക്കു നടന്നു. രാജു ഒപ്പം കൂടിയത് പക്ഷേ അവൾ കണ്ടില്ല. വെള്ളമെടുത്ത് തിരിഞ്ഞപ്പോഴാണ് അവൾ കണ്ടത്, രാജു എന്തോ തപ്പുന്നു.

‘എന്താ മോന് വേണ്ടത്?’

‘കിട്ടി.’ അവൻ തിണ്ണയിൽനിന്ന് ഒരു പ്ലെയ്റ്റ് എടുത്തുകൊണ്ടു നടന്നു. അത് അവളുടെ പ്ലെയ്റ്റായിരുന്നു. അവൾ ഓടിച്ചെന്ന് അതു വാങ്ങാൻ നോക്കി. രാജു വിട്ടു കൊടുത്തില്ല. അവൻ അതും മേശപ്പുറത്തു കൊണ്ടുവച്ചു, കസേലയിൽ കയറിനിന്ന് പരിശോധിക്കുകയാണ്.

‘ഇതിൽ മീമിയില്ലല്ലോ,’ അവൻ പറഞ്ഞു. ‘ചിക്കനുംല്ല്യ.’ ആ പ്ലെയ്റ്റിലെ വിഭവങ്ങൾ അവന്ന് തീരെ ഇഷ്ടമായില്ലെന്ന് അവന്റെ മുഖം വിളിച്ചുപറഞ്ഞു.

‘മോനെന്തിനാണ് അതൊക്കെ എടുത്തുകൊണ്ടന്നത്?’ അവളുടെ മുഖം വിവർണമായിരുന്നു. അവളുടെ സ്വകാര്യത, അവളുടെ നേരെയുള്ള അവഗണന, അപമാനം എല്ലാം ഒരു കൊച്ചുകുട്ടിയുടെ മുമ്പിൽ അനാവരണം ചെയ്തത് അവളെ വിഷമിപ്പിച്ചു. ആ പ്ലെയ്റ്റിൽ കുറച്ചു ചോറും അതിന്റെ മേലെ ഒഴിച്ച സാമ്പാറും മാത്രമാണുണ്ടായിരുന്നത്. കൊച്ചമ്മയുള്ളപ്പോഴും ഇല്ലാത്തപ്പോഴും അവൾ അടുക്കളയുടെ നിലത്ത് ഒതുങ്ങിയിരുന്ന് കഴിക്കുകയാണ് പതിവ്.

‘മോന്റെ ഒപ്പം മാമുണ്ണാൻ.’ രാജു പറഞ്ഞു. ‘ചേച്ചി വാ.’

അവൻ മേശമേൽ കയറിയിരുന്നുകൊണ്ട് കോഴിക്കറിയും മീൻ പൊരിച്ചതും അവളുടെ പ്ലെയ്റ്റിലേക്കിടുകയാണ്.

‘മോനെന്താണ് ചെയ്യണത്?’ അവൾ ദ്വേഷ്യപ്പെട്ടു.

‘എന്താ?’

‘എനിക്ക് ഇതൊന്നും തിന്നാൻ പാടില്ല മോനെ.’

‘എന്താ കാരണം?’

അവൻ വ്യാകരണം ഒപ്പിച്ച് സംസാരിക്കാൻ തുടങ്ങുന്നേയുള്ളു. അതുകൊണ്ട് കൈയ്യിലുള്ള പദസമ്പത്ത് മുഴുവൻ ഉപയോഗിച്ചു സംസാരിക്കാൻ അവൻ ശ്രമിച്ചു.

‘കാരണമോ?’ അവൾ സംശയിച്ചു. താനൊരു വെറും ജോലിക്കാരിയാണെന്നും, ആ വീട്ടുകാർ കഴിക്കുന്നപോലെ ഭക്ഷണം കഴിക്കാനോ, അവർ ജീവിക്കുന്നപോലെ ജീവിക്കാനോ തനിക്കവകാശമില്ലെന്നും അവനെ എങ്ങിനെയാണ് പറഞ്ഞു മനസ്സിലാക്കുക? അവന്റെ മനസ്സിന്റെ സാരള്യം തകർക്കാൻ അവളിഷ്ടപ്പെട്ടില്ല. ആ രണ്ടരവയസ്സുകാരനെ രേണുകയ്ക്കിഷ്ടമായിരുന്നു.

രാത്രി കിടക്കുന്നതിനുമുമ്പ് രാജു അമ്മയുടെ കിടപ്പുമുറിയിൽ പോയിനോക്കി. രേണുക കിടക്കയിലെ വിരി നേരെയാക്കുകയാണ്. അവൾ പറഞ്ഞു.

‘മോൻ പോയി കിടന്നോ, ചേച്ചി ഇപ്പോ വരാം.’

‘ഉം, ങും.’

അവൾ കിടക്ക വിരിച്ചശേഷം എയർ കണ്ടീഷണർ ഓണാക്കി. കൊച്ചമ്മയും സാറും വരുമ്പോഴേയ്ക്ക് മുറി തണുത്തില്ലെങ്കിൽ അവൾക്ക് ചീത്ത കേൾക്കും. വരുമ്പോൾ എന്തു മൂഡിലായിരിക്കുമെന്നൊന്നും പറയാൻ പറ്റില്ല. അവൾ മിക്കവാറും ഉറങ്ങിയിട്ടുണ്ടാവും. രാജു കട്ടിലിന്റെ അടുത്തുപോയി കിടക്കയിൽ മുഖമമർത്തി നിന്നു. മുറിയിൽ അപ്പോഴും അമ്മയുടെ വാസനയുണ്ടായിരുന്നു.

‘വരൂ.’

അവൻ അവിടെത്തന്നെ നിന്നു. അവന് ആ വാസന കുറച്ചുനേരംകൂടി ആസ്വദിക്കണം. അവൻ എന്തോ ആലോചിക്കുകയാണ്. അവൾ അവന്റെ അടുത്ത് വന്നിരുന്ന് ചോദിച്ചു. ‘മോനെന്താണ് ആലോചിക്കണത്?

രാജു അവന്റെ കുഞ്ഞിക്കൈകൾ അവളുടെ തോളിൽവച്ചു. അവന് കുറേ പറയാനുണ്ടായിരുന്നു. പക്ഷേ ചോദിച്ചത് ഇതു മാത്രം. ‘ചേച്ചീ, ഇനി എന്നാണ് ക്രിക്കറ്റ് വര്വാ?’

‘ചേച്ചിക്കറിയില്ല മോനെ, അടുത്ത്വന്നെണ്ടാവും.’

രാജുവിന്റെ മുറിയിലെത്തിയപ്പോൾ അവൻ പറഞ്ഞു.

‘ഞാനിന്ന് ചേച്ചീടെകൂട്യാണ് കെടക്കണത്.’

അവന്റെ കട്ടിലിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുള്ള വിരി വിരിച്ചിരുന്നു. താഴെ നിലത്ത് കട്ടികുറഞ്ഞ കിടക്കയിട്ട് അതിലാണ് രേണുക കിടക്കാറ്.

‘അതു വേണ്ടാ മോനെ. ചേച്ചീടെ കിടക്കേല് കിടന്നാൽ മോന് ഉറക്കം വരില്ല.’

‘അതെന്താ?’

‘അതിന് കട്ടിയില്ല. പിന്നെ മോന്റെ അമ്മയ്ക്ക് അതിഷ്ടാവില്ല.’

‘ന്നാ, ചേച്ചി ന്റെകൂടെ കട്ടിലില് കെടക്കു.’

മുമ്പൊരിക്കൽ അങ്ങിനെ കിടന്ന് ഉറങ്ങിപ്പോയി. അന്ന് കൊച്ചമ്മ കുറെ ചീത്തപറഞ്ഞു. ആ കൊച്ചുമുഖത്തേയ്ക്കു നോക്കിയപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. അവൾ അവനോടു ചേർന്നു കിടന്നു. രാജു അവളെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു. പെട്ടെന്നവൻ പറഞ്ഞു. ‘ചേച്ചിക്ക് അമ്മേടെ മണംല്ല്യ. അമ്മയ്ക്ക് നല്ല മണാ.’

അവൾ സ്വന്തം ഉടുപ്പ് മണത്തുനോക്കി. മണമില്ലെന്നുതന്നെയല്ല നാറ്റമുണ്ടുതാനും. അവൾ വൈകുന്നേരം കുളിച്ച് ഉടുപ്പ് മാറ്റിയതാണ് എന്നിട്ടും. അവളുടെ ഉടുപ്പുകൾ അവൾ സ്വന്തം തിരുമ്പുകയാണ് പതിവ്. അതിനായി വിലകുറഞ്ഞ ബാർസോപ്പ് കൊച്ചമ്മ വാങ്ങിവെക്കാറുണ്ട്. വാഷിങ്‌മെഷിനിൽ അവളുടെ ഉടുപ്പുകളിടാൻ അവർ സമ്മതിക്കില്ല. മേൽതേക്കാനും വിലകുറഞ്ഞ സോപ്പാണ് വാങ്ങിക്കൊടുക്കാറ്. അതിന്റെയൊക്കെ നാറ്റമാണ്. ആ നാറ്റം ആ വീടിന്റെ വാസനയുടെ ഒരരുകിൽ അവഗണിക്കപ്പെട്ടു കിടന്നു.

‘ചേച്ചി ഒരു കഥ.’

‘ശരി, പറയാം.’ പിന്നെ ഒന്നാലോചിച്ച് അവൾ പറഞ്ഞു. ‘ഞാനിപ്പോ വരാം, കുളിമുറിയില് പോയിട്ട്.’

‘വേഗം വരണം.’

അവൾ കുളിമുറിയിലേയ്ക്കു കടന്നു. രാജുവിന്റെ സോപ്പ് നല്ല വാസനയുള്ളതാണ്. അവൾ ധൃതിയിൽ ഉടുപ്പ് ഊരിയിട്ട് മേൽ വെള്ളമൊഴിച്ചു. ഈ സോപ്പ് തേയയായാൽ കൊണ്ടുപോയി തന്റെ സോപ്പിന്റെ ഒപ്പം ഒട്ടിച്ചുവെയ്ക്കണമെന്നവൾ തീർച്ചയാക്കി. കുളികഴിഞ്ഞ് ഉടുപ്പിടുമ്പോൾ അവൾ വാസനിച്ചുനോക്കി. തന്റെ ദേഹത്തിന് വാസനയുണ്ട്, പക്ഷേ ഉടുപ്പിന് പഴയ നാറ്റംതന്നെയാണ്. അവൾ സോപ്പെടുത്ത് വെറുതെ ഉടുപ്പിന്മേൽ ഉരച്ചു. അവൾക്ക് അല്പം ആത്മവിശ്വാസം തോന്നി.

അവൾ കട്ടിലിന്റെ അടുത്തുചെന്നു. രാജു തിരിഞ്ഞുകിടക്കുകയാണ്. അവൾ കുനിഞ്ഞുനോക്കി. അവൻ ഉറക്കമായിരിക്കുന്നു. അവന്റെ കവിളിൽ ഉമ്മകൊടുക്കാനായി അവൾ കുനിഞ്ഞു. അതവനെ ഉണർത്തിയാലോ എന്നുകരുതി അവൾ ആ ശ്രമം ഉപേക്ഷിച്ചു. അവൻ ഉറങ്ങിക്കോട്ടെ. അവൾ വിളക്കണച്ച് നിലത്ത് വിരിച്ചിട്ട കിടക്കയിൽ കുറച്ചുനേരം കാലുംനീട്ടി ഇരുന്നു. മുറി ഒരുമാതിരി ഇരുട്ടിലായിരുന്നു. അവൾ സ്വന്തം അമ്മയെപ്പറ്റി ആലോചിച്ചു, അച്ഛനെപ്പറ്റി ആലോചിച്ചു. നാലാംക്ലാസിൽ പഠിക്കുന്ന കൊച്ചനുജനെപ്പറ്റിയും. ‘നീയെങ്കിലും രക്ഷപ്പെടട്ടെ’ എന്ന് അമ്മ പറയാറുള്ളതും ഓർത്തു. ഉറക്കം വന്നുതുടങ്ങിയപ്പോൾ അവൾ കിടന്നു.

ഒരു നേരിയ സ്പർശം അവളെ ഞെട്ടിച്ചു. അത് രാജുവിന്റെ കുഞ്ഞിക്കൈകളാണെന്നവൾക്കു മനസ്സിലായി.

‘സൂത്രക്കാരീ…’ അവൻ പറയുകയായിരുന്നു. ‘കഥ പറയാംന്ന് പറഞ്ഞിട്ട്?’

അവൾ തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു, ഒരമ്മയെപ്പോലെ. ‘മോൻ ഉറങ്ങീന്ന് വിചാരിച്ചു, ചേച്ചി.’

പെട്ടെന്നവൾക്ക് കരച്ചിൽ വന്നു. ഒരു കൊച്ചുകുട്ടിയുടെ ഏകാന്തത ശക്തമായൊരു തേങ്ങലായി നെഞ്ചിൽനിന്ന് പുറത്തേയ്ക്കു വന്നപ്പോൾ കാരണമറിയാതെ പകച്ചുപോയ രാജുവിനെ അമർത്തിപ്പിടിച്ച് അവൾ കരയാൻ തുടങ്ങി.