close
Sayahna Sayahna
Search

ചാപ്ലിൻ: ‘മോഡെണ്‍ ടൈംസ്’


ചാപ്ലിൻ: ‘മോഡെണ്‍ ടൈംസ്’
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

‘മോഡെണ്‍ ടൈംസ്’

അടക്കിനിര്‍ത്താന്‍ കഴിയാത്ത വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ കവിഞ്ഞൊഴുക്കാണ് കവിതയെന്ന് വില്യം വേഡ്സ്വര്‍ത്ത് വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. അത്രതന്നെ നൈസര്‍ഗ്ഗികമല്ല കവിതയെന്ന് പില്‍ക്കാലത്ത് തെളിയിക്ക്പ്പെട്ടിട്ടുണ്ട്. എന്തായാലും സിനിമ ഒരു നൈസര്‍ഗ്ഗിക കലയല്ല. ഇത്രമാത്രം ഗാഢമായ പര്യാലോചനയ്ക്കുശേഷം, അവധാനപൂര്‍വ്വമായ പരിചിന്തനത്തിനുശേഷം സൃഷ്ടിക്കപ്പെടുന്ന ഒരു കലാരൂപം വേറെയില്ല. എത്രയെത്രഘട്ടങ്ങളിലൂടെയാണ് ചലച്ചിത്രത്തിഉന്റെ സൃഷ്ടി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പ്രദര്‍ശനശാലയിലെത്തുന്ന ഒരു ചലച്ചിത്രത്തിലെ ഓരോ സ്വീകന്‍സും ചലച്ചിത്രകാരന്റെ രാഷ്ട്രീയ, സാമൂഹിക, താത്ത്വിക പ്രസ്താവനകളായി മാറുന്നു. അവയിലെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാനാവില്ല.

കേവലനര്‍മ്മത്തിനപ്പുറത്തേയ്ക്ക് ചാപ്ലിന്റെ സിനിമകള്‍ കടന്നുതുടങ്ങിയിരുന്നു. തന്റെ മനുഷ്യോന്മുഖത്വവും സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമായി പ്രത്യക്ഷപ്പെട്ടു. നെടുങ്കൻ പ്രസംഗങ്ങളിലൂടെയല്ലാ സൂക്ഷ്മമായ മനുഷ്യവികാരങ്ങളെ നിര്‍മ്മമത്വവും നര്‍മ്മവും കലര്‍ന്ന ജീവിത വീക്ഷണത്തിലൂടെ അഭിവ്യഞ്ജിപ്പിച്ചാണ് ചാപ്ലിന്‍ തന്റെ കലാജീവിതം സമ്പുഷ്ടമാക്കിയത്.

ഈ കാലയളവില്‍ അമേരിക്കന്‍ സിനിമയില്‍ വര്‍ദ്ധിച്ചുവന്നിരുന്ന ലൈംഗിക അതിപ്രസരവും അശ്ലീതയും, മതമേലദ്ധ്യക്ഷന്മാരുടേയും ചില യാഥാസ്ഥിതിക സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും അപ്രീതിക്കു പാത്രമായിരുന്നു. ‘പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍’ (പി സി ഏ) എന്ന ഒരു സെമി ഗവണ്‍മെന്റ് സംഘടന സിനിമയുടെ സദാചാരം കാത്തുസൂക്ഷിക്കാനായി നിലവില്‍ വന്നിരുന്നു. കമ്യൂണിസത്തേയും ഇടതുപക്ഷചിന്താഗതികളേയും അവര്‍ സെന്‍സര്‍ ചെയ്തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച അഞ്ചു ‘കട്ടു’ കള്‍ ഏര്‍പ്പെടുത്തിയതിനുശേഷം മാത്രമെ ചാപ്ലിന് ‘മോഡേണ്‍ ടൈംസ്’ റിലീസ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പശുവിന്റെ മുലകളുടെ ഒരു ക്ലോസ്-അപ് ആയിരുന്നു അതിലൊന്ന് എന്നു പറഞ്ഞാല്‍ എത്രമാത്രം യാഥാസ്ഥിതികമായിരുന്നു പി.സി. ഏ. എന്നു വ്യക്തമാകുമല്ലോ.

മോഡേണ്‍ ടൈംസിലെ നായികയായത് പോളെറ്റ് കൊദാര്‍ഡ് എന്ന നടിയായിരുന്നു. കുറേയേറെക്കാലം അവള്‍ ചാപിന്റെ ജീവിതത്തിലെ നായികയുമായി. ഒരു ഉല്ലാസ നൗകയില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടിയത്.

താമസിയാതെ പോളെറ്റ് ചാപ്ലിന്റെ ഗൃഹമായ ‘സമ്മിറ്റ് ഡ്രൈവി’ല്‍ താമസമായി. ലിറ്റാ ഗ്രേയില്‍ ചാപ്ലിനുണ്ടായ മക്കള്‍ കൊച്ചു ചാര്‍ളിക്ക് ഏഴും കൊച്ചു സിഡ്നിക്ക് ആറും വയസ്സായിരുന്നു. ഇടയ്ക്കിടെ അവര്‍ അച്ഛന്റെ ഒപ്പം വന്നു താമസിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നല്ല രണ്ടാനമ്മ എന്ന നിലയ്ക്കാണ് കുട്ടികള്‍ പോളെറ്റയെ കണ്ടിരുന്നത്.

വാളുപോലെയുള്ള സെക്കന്‍ഡ് സൂചിയുള്ള ഒരു വലിയ ടൈംപീസ് സ്ക്രീന്‍ നിറയ്ക്കുന്നു. ചിത്രത്തിന്റെ പേരും മറ്റു ക്രെഡിറ്റും അതില്‍ സൂപ്പര്‍ ഇംപോസു ചെയ്ത് വരുന്നു. “മോഡേണ്‍ ടൈംസ്”. ആധുനിക ജിവിതത്തില്‍ ‘സമയം’ എന്ന സ്വേച്ഛാധിപതിയുടെ അപ്രമാദിത്വമാവാം ആ ഭീകരരൂപിയായ നാഴികമണി പ്രതീകവല്‍ക്കരിക്കുന്നത്. “വ്യവസായത്തിന്റെയും വ്യവസായ സംരംഭകരുടേയും, സുഖം തേടിയുള്ള മനുഷ്യവംശത്തിന്റെ കുരിശുയുദ്ധങ്ങളുടേയും കഥ” എന്നു ടൈറ്റില്‍ കാര്‍ഡ്. ഒരു റണ്‍വേയില്‍ തിങ്ങിനിറയുന്ന ആട്ടിന്‍ പറ്റത്തിന്റെയും സബ് വേയില്‍ നിന്ന് പടികള്‍ കയറിവരുന്ന തൊഴിലാളികളുടേയും മൊണ്‍ടാഷ്. മനുഷ്യനെ മൃഗങ്ങളുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നതിന്റെ സൂചന.

‘എന്റെ ആത്മകഥ’യില്‍ ചാപ്ലിന്‍ പറയുന്നു. “ഒരഭിമുഖ സംഭാഷണത്തിനിടയില്‍ ഒരുപത്രപ്രവര്‍ത്തകന്‍ ഡെട്രോയ്റ്റിലെ ഫാക്ടറിബെല്‍റ്റ് സിസ്റ്റത്തെക്കുറിച്ച് പറയാനിടയായി. വന്‍ വ്യവസായങ്ങള്‍ കൃഷിക്കാരായ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ പണംകാട്ടി പ്രലോഭിപ്പിച്ച് തങ്ങളുടെ ഫാക്ടറികളിലേയ്ക്ക് ആകര്‍ഷിക്കുന്നു. അവിടെ നാലോ അഞ്ചോ വര്‍ഷം പണിയെടുക്കുമ്പോള്‍ അവര്‍ മാനസികമായി തകര്‍ന്ന നിലയിലാവുന്നു. ഈ സംഭാഷണമാണ് എനിക്ക് മോഡേണ്‍ ടൈംസിന്റെ ആശയം നല്‍കിയത്.”

യന്ത്രത്തൊഴിലാളി

ഡെട്രോയ്റ്റിലെ ഫാക്ടറിയുടെ പുറത്തു നിന്നുള്ള കാഴ്ച മാത്രമേ യഥാതഥമായുള്ളു: അകത്തോട്ടു കടന്നാല്‍പിന്നെ ചാപ്ലിന്റെ മനോവിലാസമാണ് കാണാന്‍ കഴിയുക. ക്ലൊസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലൂടെ ഫാക്ടറിയിലെ കക്കൂസുള്‍പ്പടെ എല്ലാം നിരീക്ഷിക്കുന്ന ഫാക്ടറി ഉടമ (അന്ന് ടി. വി. കേവലമൊരു കളിപ്പാട്ടമായിരുന്നു. ഓര്‍വിലിന്റെ ‘1984’ എഴുതപ്പെട്ടിരുന്നില്ല. എല്ലാം കാണുന്ന ‘വല്യേട്ടനെ’ (ബിഗ് ബ്രദര്‍) ആദ്യമായി സൃഷ്ടിച്ചത് ചാര്‍ളി ചാപ്ലിനാണ്). ടോയ്ലറ്റില്‍ ഇരുന്ന് പുകവലിക്കുന്ന ചാര്‍ളിയെ അങ്ങിനെയാണ് അയാള്‍ കൈയോടെ പിടികൂടുന്നത്. ‘തീറ്റ മെഷീനാ’ണ് മറ്റൊരു കണ്ടുപിടുത്തം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജോലി മുടങ്ങാതെ തന്നെ തൊഴിലാളികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ യന്ത്രം. ഈ യന്ത്രഭീകരന്റെ പരീക്ഷണം ചാര്‍ളിയുടെ മേലാണ് നടത്തുന്നത്.

തന്റെ മുന്നിലൂടെ പാഞ്ഞുപോവുന്ന കണ്‍വേയര്‍ ബല്‍റ്റിലൂടെ വരുന്ന യന്ത്രങ്ങളുടെ നട്ടു മുറുക്കുക എന്നതാണ് ചാര്‍ളിയുടെ ജോലി.

ഒരു നട്ടുമുറുക്കി കഴിയുമ്പോഴേയ്ക്കും അടുത്ത യന്ത്രം മുന്നിലെത്തിക്കഴിയും. മുതലാളിയാണെങ്കില്‍ ദിവസം തോറും കണ്‍വേയര്‍ ബല്‍റ്റിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. യന്ത്രങ്ങളില്‍നിന്ന് ഒരുതരത്തിലും വ്യത്യസ്തരല്ല ചാര്‍ളിയും മറ്റു തൊഴിലാളികളും. സ്ക്രൂ മുറുക്കാത്തപ്പോഴും ചാര്‍ളിയുടെ ആംഗ്യങ്ങള്‍ ഒരു യന്ത്രത്തിന്റേതു പോലെ തന്നെയാവുന്നു. വേഗത വല്ലാതെ വര്‍ദ്ധിക്കുന്നതോടെ ചാര്‍ളിയുടെ മനസ്സിന്റെ സമനില തെറ്റുന്നു. അവന്‍ ഇപ്പോള്‍ കണ്‍വേയര്‍ ബല്‍റ്റിലൂടെ പാഞ്ഞുപോവുകയാണ്. ഇപ്പോള്‍ ഫോര്‍മാന്റേയും മറ്റു തൊഴിലാളികലുടേയും സുന്ദരിയായ സെക്രട്ടറിയുടേയും നട്ടുകളാണ് ചാര്‍ളി മുറുക്കുന്നത്. ഫാക്ടറിയുടെ മൊത്തം പ്രവർത്തനവും ചാർളി അവതാളത്തിലാക്കുന്നു. ചാര്‍ളി ഒരു മനോരാഗാശുപത്രിയിലേയ്ക്ക് മാറ്റപ്പെടുന്നു.

ആശുപത്രിയില്‍നിന്നും പുറത്തിറങ്ങുന്ന ചാര്‍ളി കാണുന്നത് ഫാക്ടറി അടച്ചു പൂട്ടിയതായാണ്. ഇനിയെന്തുചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് തടിയും കയറ്റി വന്ന ഒരു ലോറിയുടെ പുറകില്‍ ‘അപകട സൂചന’യായി വച്ചിരുന്ന ചുവന്നകൊടി താഴെ വീഴുന്നത്. അതു കൈയിലെടുത്തുനടക്കുമ്പോള്‍ പിന്നില്‍നിന്ന് തൊഴിലില്ലാത്തവരുടെ ഒരു ജാഥ വരുന്നു. ജാഥ തടയാന്‍ വന്ന പൊലീസ്, മുന്നില്‍ ചുവന്ന കൊടിയുമായി നടക്കുന്ന ചാര്‍ളിയാണ് നേതാവ് എന്നു ധരിക്കുന്നു. ചാര്‍ളി അറസ്റ്റിലാവുന്നു.

പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന അച്ഛന്റെ മകളായാണ് പോളെറ്റ് അഭിനയിക്കുന്ന, അല്പം മോഷണവുമൊക്കെയായി കഴിയുന്ന തെരുവിലെ സുന്ദരിയുടെ കഥാപാത്രം. തന്റെ രണ്ടു കൊച്ചനിയത്തിമാര്‍ക്ക് അമ്മയാണവള്‍. “വിശന്നുജീവിക്കാന്‍ സമ്മതമില്ലാത്ത തെരുവു പെണ്‍കുട്ടി” എന്ന ടൈറ്റില്‍ കാര്‍ഡ്. അച്ഛന്‍ മരിച്ചപ്പോള്‍ നിയമം ‘സഹായഹസ്തവു’ മായി എത്തുന്നു. അവരെ അനാഥാലയത്തിലേയ്ക്കുമാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. പോളെറ്റ് അതില്‍നിന്നു രക്ഷപ്പെടുന്നു. ജയില്‍ മോചിതനാവുന്ന ചാര്‍ളി പോളെറ്റിനെ കണ്ടുമുട്ടുന്നു. ഇനിയുള്ള ജീവിതപ്പാത താണ്ടുക അവര്‍ ഒരുമിച്ച്. ഒരു വീടും കുടുംബവും അവര്‍ സ്വപനം കാണുന്നു. ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് ചാര്‍ളി ചാടിക്കളിക്കുന്നു. റസ്റ്റോറന്റില്‍ വെയ്റ്‌ററാവുന്നു. പാട്ടുപാടുന്ന വെയ്റ്റര്‍. ആദ്യമായി ചാര്‍ളിയുടെ ശബ്ദം അഭ്രപാളികളില്‍ മുഴങ്ങുന്നു. ശബ്ദമുള്ള സിനിമയിലേയ്ക്ക് ചാപ്ലിന്റെ ആദ്യത്തെ ചുവടുവയ്പ്. “ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ..”

പൊലീസ് പോളെറ്റെയുടെ പുറകേയാണ്. അതുകൊണ്ട് അവര്‍ അവിടം വിടുന്നു. പോളെറ്റെയ്ക്ക് ജീവിതം മതിയായി. “എന്തു ചെയ്തിട്ടും എന്തുമെച്ചം?” ക്ഷീണിതയും ദു:ഖിതയുമായി അവള്‍ ചോദിക്കുന്നു. “സങ്കടപ്പെടാതിരിക്കൂ, നമ്മള്‍ എങ്ങിനെയും ജീവിക്കും.” ചാര്‍ളി പറയുന്നു. അവരുടെ യാത്ര തുടങ്ങുകയാണ്. ‘ദ ട്രാംപി’ലെയും ‘ദ സര്‍ക്കസ്സി’ലെയും അവസാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാത്ര. അങ്ങകലെ കാലിഫോര്‍ണിയന്‍ കുന്നുകള്‍. മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതത്തിലേയ്ക്ക് വെളിച്ചം അരിച്ചരിച്ച് എത്തുന്നതേയുള്ളൂ. ട്രാംപിന്റെ ജീവിതയാത്ര തുടരുകയാണ്.

എന്നാല്‍ ഇത് ട്രാംപിന്റെ “ഗുഡ്ബൈ” ആണെന്ന് ചാപ്ലിന് അറിയാമായിരുന്നു. നിശബ്ദ സിനിമയുടെ കാലം അവസാനിച്ചിരിക്കുന്നു എന്ന് അദ്ദേഹം ദു:ഖത്തോടെ സമ്മതിച്ചുകൊടുത്തു. ഇനി ട്രാംപിനു നിലനില്‍പ്പില്ല. ട്രാംപിനോട് വിട!

സാധാരണ, ചാപ്ലിന്‍ തന്റെ സംഗീതം സ്വയം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മോഡേണ്‍ ടൈംസിൽ റാക്സിന്‍ എന്ന യുവസംഗീതജ്ഞനെക്കൂടി പങ്കുചേര്‍ത്തു.

മോഡേണ്‍ ടൈംസ് റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞ് പോളെറ്റെയും ചാപ്ലിനും ഹവായ് ദ്വീപുകളിലേയ്ക്ക് സുഖവാസത്തിനുപോയി. ആ യാത്രയ്ക്കിടെ സിംഗപ്പൂരില്‍വച്ച് അവര്‍ വിവാഹിതരായെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ രണ്ടുപേരും ഈ വാര്‍ത്ത ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. 1932-ല്‍ തുടങ്ങിയ അവരുടെ ബന്ധം 1941 വരെ നീണ്ടുനിന്നു.