close
Sayahna Sayahna
Search

തുംഗനാഥ ഹിമാംബരം


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തുംഗനാഥ ഹിമാംബരം

തുംഗനാഥ<ref>ഹിമാലയത്തിലെ പഞ്ചകേദാരങ്ങിലൊന്നാണ് തുംഗനാഥ്. ഏകാന്തഗംഭീരമായ ഹിമാലയക്ഷേത്രം. ചുറ്റിനും അനവധി ഹിമഗിരികളും ശിലാകുടങ്ങളും. തീര്‍ത്ഥാടകര്‍ നന്നേ കുറവ്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെ കാത്ത് തൊണ്ണൂറ്റൊന്നു വയസ്സുളള പൂജാരി.</ ref> നിലേക്ക്
കയറുമ്പോള്‍
പഥികരില്ലാത്ത കല്‍പ്പാത,
മരങ്ങള്‍.
ഹിമാംബരം.
ചൗഖാംബയില്‍നിന്ന്
മഞ്ഞുവഴിയായ്
ഒരു കാറ്റ്.
ഗംഗോത്രിയില്‍നിന്നുളള
കാറ്റില്‍ ജലത്തിന്റെ
നനവും മിഴിവും.
സ്വര്‍ഗ്ഗാരോഹിണിയില്‍നിന്ന്
ധര്‍മ്മസന്ദേഹങ്ങള്‍.
ബദരിനീലകണ്ഠപര്‍വ്വതത്തിന്റെ
ദൈവസാനുക്കളില്‍നിന്ന്
വ്യാസനിശ്ശബ്ദത.
തുംഗനാഥനിലേക്കുളള
കയറ്റത്തില്‍
ദേവദാരുഛായയില്‍
പൂജാരിയിരുന്നു.
തുംഗനാഥനെ
ഉണര്‍ത്തിയും ഉറക്കിയും
എത്രയോ വര്‍ഷങ്ങള്‍…
ഓര്‍മ്മയുടെ മഞ്ഞടരുകളില്‍
വീഴുന്ന
ജലം, പൂവ്, കുങ്കുമം.
തുംഗനാഥന്റെ മുറ്റത്ത്
സന്ധ്യ മഞ്ഞായ് കിനിയവേ,
രാവണശിലയില്‍നിന്ന്
ജടാകടാഹനിര്‍ഝരി
ചന്ദ്രശിലയില്‍.
ഇരുള്‍ സാന്ദ്രതയുടെ
മേഘസ്പര്‍ശം.
നാരദശില, കാലസാക്ഷി
ഗരുഡശിലയില്‍
ചിറകൊതുക്കുന്ന
മഞ്ഞുപക്ഷി.
ധര്‍മ്മശിലിയില്‍
പ്രഹേളികയായ്
ശൂന്യവിസ്മൃതി.
തുംഗനാഥനെയുറക്കി
കവാടത്തിലെ
മണികളില്‍ കൈമീട്ടി
പൂജാരി നിന്നു.
ഇരുള്‍ മഞ്ഞിന്റെ
അകവിസ്മൃതികളിലേക്ക്
മുഴങ്ങിയലിയുന്ന
മണിയൊച്ച.
മുഖത്തെ ചുളിഞ്ഞ
ജീവിതച്ചാലുകളില്‍
തലോടി പൂജാരി
ഒരുനിമിഷം നിന്നു.
സ്മൃതിശാഖികളെ ഉലച്ച്
ഒരു സമയപ്പക്ഷി
അയാളെ തൊട്ട്
താഴ്വാരങ്ങളിലേക്ക്
പറന്നു.
ഇപ്പോള്‍
ഇരുള്‍ നിശ്ശബ്ദമായ
പാതയിലൂടെ
മേഘങ്ങള്‍ ശ്വസിച്ച്
അയാള്‍
മലയിറങ്ങുന്നു.
അയാളെയും
തുംഗനാഥനെയും തൊട്ട്
ഒരു മഞ്ഞുകാറ്റ്
ശിവാംബരത്തിലേക്ക്…

(ഹിമാലയത്തിലെ പഞ്ചകേദാരങ്ങിലൊന്നാണ് തുംഗനാഥ്. ഏകാന്തഗംഭീരമായ ഹിമാലയക്ഷേത്രം. ചുറ്റിനും അനവധി ഹിമഗിരികളും ശിലാകുടങ്ങളും. തീര്‍ത്ഥാടകര്‍ നന്നേ കുറവ്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെ കാത്ത് തൊണ്ണൂറ്റൊന്നു വയസ്സുളള പൂജാരി.)