close
Sayahna Sayahna
Search

പേമാരിയും വെള്ളപ്പൊക്കവും


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

പേമാരിയും വെള്ളപ്പൊക്കവും

അക്കൊല്ലം തുലാവര്‍ഷം, പതിവില്‍ കൂടുതല്‍ മഴ പെയ്തു. ദിവസക്കൂലിക്കു ജോലിചെയ്ത് അന്നന്നത്തെ ചെലവുകഴിഞ്ഞുവന്ന കുട്ടപ്പന് ബുദ്ധിമുട്ടു കൂടുതലായി. പല ദിവസങ്ങളിലും ആഹാരത്തിനുവേണ്ട വരുമാനം കുട്ടപ്പനുണ്ടായില്ല. മഴകാരണം മരംവെട്ടുന്നതിനോ മണ്ണു ചുമക്കുന്നതിനോ ഉള്ളജോലി ഇല്ലാതെയായി. വല്ല അയല്‍വീട്ടിലും അടിച്ചുവരാനോ പാത്രം തേക്കാനോ തുണി നനച്ചുകൊടുക്കാനോ ഉള്ള ജോലിചെയ്ത് നാണിക്കുട്ടിക്കു കിട്ടുന്ന വകകൊണ്ടുവേണം അവര്‍ മൂന്നുപേരും കഴിയാന്‍. അത്തരം ജോലിതന്നെ പല വീടുകളില്‍ പോയി ചെയ്യുന്നതിന് നാണിക്കുട്ടിക്ക് ആരോഗ്യവും ഇല്ലാതെയായി. വിഷമിച്ചെങ്കിലും ചെയ്യാമെന്നു വിചാരിച്ചാല്‍ അതിനുള്ള സമയവും ഇല്ല. കാരണം ഒരേദിവസം എല്ലാ വീട്ടിലും ഒരേസമയത്താണ് ഈ ജോലികള്‍ ചെയ്യേണ്ടത്. ഒരു ദിവസം അല്‍പം താമസിച്ചുപോയാല്‍ ആ വീട്ടില്‍നിന്ന് അന്നൊന്നും കിട്ടുകയില്ല.

എന്തെങ്കിലും ആദായം സ്ഥിരമായി കിട്ടത്തക്കവണ്ണം സ്വന്തമായി ഏതെങ്കിലും തൊഴില്‍ശാലയുണ്ടാക്കണമെന്നായിരുന്നു കുട്ടപ്പന്റെ ആഗ്രഹം. പട്ടാളത്തിലായിരുന്നപ്പോള്‍ കുട്ടപ്പന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ കൃഷിയിലും കച്ചവടത്തിലും ചെറിയ വ്യവസായങ്ങളിലും പ്രവര്‍ത്തിച്ച് കുട്ടപ്പനെപ്പോലെയുള്ളവര്‍ പണം സമ്പാദിക്കുന്നത് അയാള്‍ കണ്ടിട്ടുണ്ട്. കൃഷിചെയ്യാന്‍ അയാള്‍ക്കു സ്ഥലമില്ല. കച്ചവടം തുടങ്ങാന്‍ മുടക്കുന്നതിനു പണമില്ല. സ്വന്തമായി വ്യവസായം തുടങ്ങാന്‍ കൊതിയുണ്ട്. ചില സാധനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അറിവുമുണ്ട്. പക്ഷേ ഒരു വ്യവസായശാല തുടങ്ങുന്നതിന് സ്ഥലവും കെട്ടിടവും യന്ത്രസാമഗ്രികളും വേണം. അതാരു കൊടുക്കും? വ്യവസായം തുടങ്ങാന്‍ അറിവുമാത്രം പോരല്ലോ. അതുകാരണം ദിവസക്കൂലിക്ക് കിട്ടുന്ന പണിയെല്ലാം ചെയ്ത് രാജനെ പഠിപ്പിച്ചു വളര്‍ത്തിക്കൊണ്ടുവരണം. അപ്പോഴേക്ക് കുറച്ചു പണം കരുതിവെച്ച് അവനെയെങ്കിലും ഒരു വ്യവസായി ആക്കണം. ഇതായിരുന്നു കുട്ടപ്പന്റെ ചിന്ത.

അക്കൊല്ലം തുലാവര്‍ഷം പതിവില്‍ കൂടുതലായിരുന്നു. തുടര്‍ച്ചയായുള്ള മഴകാരണം കുട്ടപ്പന് ജോലി ഒന്നും കിട്ടിയില്ല. ഈ ദിവസങ്ങളില്‍ അവരുടെ ബുദ്ധിമുട്ട് വളരെയായിരുന്നു. ആഹാരം ഒന്നുമില്ലാതെ പല ദിവസങ്ങളും കഴിഞ്ഞു. എന്തെങ്കിലും കിട്ടുന്നതു രാജനുകൊടുത്ത് അവര്‍ അവനെ സ്ക്കൂളില്‍ വിടും. ഭക്ഷണം കഴിക്കാത്ത ദിവസങ്ങളിലും രാജന്‍ സ്ക്കൂളില്‍ പോയി. പലപ്പോഴും ഒഴിഞ്ഞ വയറും നനഞ്ഞ പുസ്തകവുമായി അവന്‍ സ്ക്കൂളിലെത്തും. വരമ്പത്തുക്കൂടെയും ആറ്റിറമ്പിലൂടെയും അവന്‍ സ്ക്കൂളിലേക്കു പോകുന്നതും നോക്കി രാജന്റെ അച്ഛനുമമ്മയും നില്‍ക്കും.

ഒരു വെള്ളിയാഴ്ച ദിവസം. വളരെക്കാലം കൂടിയിരുന്ന്, അന്നു പ്രഭാതത്തില്‍ ആകാശം തെളിഞ്ഞു. സൂര്യനുദിച്ചു. ഇനി മഴയുണ്ടാകുന്ന ലക്ഷണമില്ല. രാജന് ഉച്ചയ്ക്കു കഴിക്കാൻ ഒന്നും കൊടുത്തയയ്ക്കാനില്ല. എന്തെങ്കിലും പണിക്കുപോയി ആഹാരത്തിനു വേണ്ടതു സമ്പാദിക്കണം. രാജന്‍ സ്ക്കൂളില്‍നിന്നു വരുമ്പോഴേയ്ക്കും അവനുവേണ്ട ആഹാരം തയ്യാറാക്കിവെയ്ക്കണം. ഇതൊക്കെയായിരുന്നു കുട്ടപ്പന്റെ ചിന്ത. കാറ്റത്തും മഴയത്തും മറിഞ്ഞുവീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള ജോലിയും കുട്ടപ്പനു കിട്ടി. അവന്‍ മഴുവുമെടുത്തു യാത്രയായി.

നാണിക്കുട്ടിക്കും അടുത്ത ഒരു വീട്ടില്‍ അന്നത്തേക്കുള്ള പണികിട്ടി. രണ്ടുപേരും സന്തോഷത്തോടെയാണ് ജോലിയിലേര്‍പ്പെട്ടത്.

കുറച്ചുദിവസമായി രാജനു വേണ്ടത്ര ആഹാരം കിട്ടിയിരുന്നില്ല. അവനു വളരെ ക്ഷീണമുണ്ടായിരുന്നു. അന്നു കാലത്തും അവനൊന്നും കഴിച്ചില്ല. ഉള്ളില്‍ അല്‍പം ചൂട് അവനു തോന്നി. അതു വകവെച്ചില്ല. ഉച്ചയ്ക്ക് ആഹാരത്തിനും മാര്‍ഗ്ഗമില്ലല്ലോ. കുറച്ചു പനിയുണ്ടോ എന്നും സംശയമില്ലാതില്ല. എങ്കിലും പതിവുപോലെ ഉന്മേഷത്തോടുകൂടി ക്ലാസ്സിലിരിക്കാന്‍ രാജന്‍ ശ്രമിച്ചു.

ക്ലാസ്സു വിടുവാന്‍ ഉച്ചയ്ക്കു മണിയടിച്ചു. രാജന് ക്ഷീണം കൂടുതലാണ്. തലയ്ക്കൊരു ഭാരം തോന്നി. ദേഹത്തെല്ലാം വേദന. നടക്കാന്‍തന്നെ തോന്നിയില്ല. വരാന്തയിലിരുന്നു. കുട്ടികള്‍ ഊണിനു വീട്ടിലേക്കോടി. പൊതിച്ചോറുകൊണ്ടുവന്നവര്‍ ഊണുമുറിയിലേക്ക് ഓടി. ചിലര്‍ വരാന്തയിലും പറമ്പിലെ മരത്തണലിലും പോയിരുന്നു പൊതിയഴിച്ച് ഊണു തുടങ്ങി. രാജന്റെ തല കറങ്ങുന്നതുപോലെ അവനു തോന്നി. കണ്ണില്‍ ഇരുട്ടുകയറുകയാണെന്നവന്‍ വിചാരിച്ചു.

ഒരദ്ധ്യാപകന്‍ വരാന്തയിലിരിക്കുന്ന രാജനെക്കണ്ടു. രാജന്‍ ആകെ തളര്‍ന്നിരിക്കുകയാണ്.

‘എന്താ രാജാ ഇന്ന് പൊതിച്ചോറുകൊണ്ടുവന്നില്ലേ?’ അദ്ധ്യാപകന്‍ ചോദിച്ചു.

‘ഇല്ല’ രാജന്‍ മറുപടിപറഞ്ഞു.

‘കാലത്തും ഒന്നുമില്ലായിരുന്നു.’

തനിക്കു കൊണ്ടുവന്നിരുന്ന ചോറ്റുപാത്രത്തില്‍നിന്ന് കുറച്ചാഹാരം ആ അദ്ധ്യാപകന്‍ രാജനു കൊടുത്തു. രാജന്‍ ആര്‍ത്തിയോടെ അതു കഴിച്ചു.

വീണ്ടും ക്ലാസ്സു തുടങ്ങാനുള്ള മണിയടിച്ചു. രാജന്‍ ക്ലാസ്സിലേക്കു പോയി. അവന്റെ വയറ്റില്‍ ഒരു ഭാരം പോലെ തോന്നി. ആഹാരം ഇല്ലാതിരുന്നതിന്റെ ക്ഷീണം മാറി. പക്ഷെ അവന്റെ ശരീരം മുഴുവന്‍ ചൂടായി, പൊള്ളുന്ന ചൂട്, കണ്ണില്‍ ഇരുട്ട് കയറിയിറങ്ങുകയാണ്.

അധികം താമസിച്ചില്ല. ആകാശം ഇരുണ്ടു. ആദ്യം ശക്തിയോടെ ഒരു കാറ്റടിച്ചു. ആകാശം വീണ്ടും തെളിഞ്ഞെന്നു തോന്നി. പക്ഷേ, ശക്തിയായ മഴയാണാരംഭിച്ചത്. ഇടയ്ക്കിടയ്ക്ക് നല്ല കാറ്റും. കൊടുങ്കാറ്റുമാതിരി. തുടര്‍ച്ചയായ മഴ. സ്ക്കൂള്‍മുറ്റത്ത് മഴവെള്ളം നിറഞ്ഞൊഴുകിത്തുടങ്ങി. പറമ്പിലൂടെ, കയ്യാലപ്പുഴ കുത്തിത്തകര്‍ത്തുകൊണ്ട് വെള്ളമൊഴുകി. ഇടവഴിയും റോഡും തോടുപൊലെ വെള്ളം നിറഞ്ഞു. തോട്ടിലൂടെ ഒഴുകിയ വെള്ളം ആറ്റിലേക്കു ചാടി. ആറു നിറഞ്ഞുകിടന്നതിനാല്‍ കവിഞ്ഞൊഴുകി. ആറ്റിറമ്പിലൂടെ നടക്കാന്‍ വയ്യാത്ത വണ്ണം വെള്ളപ്പൊക്കമായി.

ഇതിനിടെ മഴയുടെ കോളുകണ്ടപ്പോള്‍ സ്ക്കൂള്‍ വിടുന്നതിനുള്ള മണിമുഴങ്ങി. കുട്ടികളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ഓരോരുത്തര്‍ സ്ക്കൂളിലെത്തി. രാജന് ഈ മഴ നനയാൻ വയ്യ. അത്രയ്ക്കു ക്ഷീണമാണ്. അവൻ സ്ക്കൂളിന്റെ വരാന്തയില്‍ ഒരു മൂലയില്‍ നനയാതെ കാത്തുനിന്നു. മഴ അല്‍പ്പം വിട്ടിട്ട് വീട്ടിലേക്കു പോകാമെന്നു കരുതി.

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പോയിക്കഴിഞ്ഞു. സ്ക്കൂള്‍ പൂട്ടിയിട്ട് പ്രധാന അദ്ധ്യാപകനും പ്യൂണും പോയി. രാജനെ ആരും ശ്രദ്ധിച്ചില്ല. ആരും കണ്ടുകാണുകയില്ല.

മഴ നില്‍ക്കുന്ന മട്ടില്ല. ശക്തിയായി മുറ്റത്തുവീഴുന്ന വെള്ളം കുത്തിപ്പാഞ്ഞുപോകുന്നതും നോക്കി രാജനവിടത്തന്നെ നിന്നു. അടുത്ത പറമ്പിലെ തെങ്ങിന്‍തടങ്ങളില്‍നിന്ന്, കെട്ടിനിന്ന വെള്ളം ചെറിയ നദികളെപ്പോലെ ഒഴുകി. ആ ഒഴുക്ക് മണ്‍കയ്യാലകള്‍ മുറിച്ചുകൊണ്ട് കലങ്ങിമറിഞ്ഞ് പെരുവഴിയിലേക്കു പായുകയാണ്. കാറ്റിന്റെ ശക്തികൊണ്ട് മരക്കൊമ്പുകള്‍ അടര്‍ന്നുവീണു. തെങ്ങും കമുകും കടപുഴകി മറിഞ്ഞു. ആകെ ഒരു കോലാഹലം നടക്കുകയാണ്. രാജന്‍ ഇതെല്ലാം നോക്കി അവിടെത്തന്നെ നിന്നു.

അവിടെ നിന്നുകൊണ്ടുതന്നെ അവന്‍ കണ്ടു. നദിയില്‍ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരുന്നു. നേരം നാലുമണിയായതേയുള്ളു. പക്ഷേ സന്ധ്യയായമട്ടുണ്ട്. ആകാശമെല്ലാം ഇരുണ്ടിരിക്കുകയാണ്. നല്ല കുളിരു തോന്നുന്നുണ്ട് രാജന്. ഒരു മനോധൈര്യവുമില്ലാതെ ശരീരത്തിന് അല്‍പ്പംപോലും ശേഷി അവനില്ല.

മഴ വിട്ടുമാറുന്നമട്ടില്ല. അല്‍പ്പമൊന്നു ശമിക്കുന്നതായി തോന്നുമ്പോഴേക്കും ശക്തിയായ അടുത്ത മഴയുടെ ആരംഭമായി. നേരവും ഇരുളുകയാണ്. വെള്ളം ഇരമ്പിക്കയറി ആറ്റിറമ്പിലെ വഴിയും അടുത്തുള്ള പുരയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. രാജന്‍ തനിച്ചേയുള്ളൂ സുഖമില്ലാത്ത രാജന്‍. തുടര്‍ച്ചയായ മഴ. വഴിയെല്ലാം വെള്ളത്തില്‍. ഇരുട്ടിയ സമയം. രാജനെങ്ങനെ വീട്ടിലെത്തും.

പക്ഷെ അവനു വീട്ടില്‍ പോകണം. പോയേ മതിയാവൂ. ശരീരം തളരുന്നു. ദേഹമെല്ലാം തീകത്തുന്നതുപോലെയുള്ള ചൂട്. എഴുന്നേറ്റുനില്‍ക്കാന്‍തന്നെ ശക്തി തോന്നുന്നില്ല. അവനു കുറച്ചു വെള്ളം കുടിക്കണം. നല്ല ചൂടുവെള്ളംമതി. അവിടെ സ്ക്കൂള്‍ വരാന്തയില്‍, ഇരുട്ടിയ ഈ നേരത്ത് ഈ മഴയത്ത് ആരാണ് അവന് ചൂടുവെള്ളം കൊടുക്കാനിരിക്കുന്നത്. പച്ചവെള്ളംപോലുമില്ല. സ്ക്കൂളിന്റെ ഓട്ടിന്‍പുറത്തുനിന്ന് ഒലിച്ചുചാടുന്ന മഴവെള്ളമുണ്ട്. അതായാലുംമതി എന്നവനു തോന്നി. തൊണ്ട ഉണങ്ങുന്നു. കൈരണ്ടും ചേര്‍ത്ത് കുമ്പിള്‍ കോര്‍ത്ത് രണ്ടുകൈ മഴവെള്ളം അവന്‍ പിടിച്ചെടുത്തു കുടിച്ചു. നനഞ്ഞ കൈകൊണ്ടു മുഖം തുടച്ചു. കണ്ണുകളില്‍ക്കൂടി കൊള്ളിയാന്‍ മിന്നിപ്പറന്നപോലെ അവനു തോന്നി. ഇരുട്ട് കണ്ണില്‍ വ്യാപിച്ചു. കഴുത്തിനുമീതെ തലനിന്നു പമ്പരം പോലെ കറങ്ങുന്നു.

ഇനി ഒട്ടും താമസിക്കാന്‍പറ്റുകയില്ല. എങ്ങനേയും വീട്ടിലെത്തണം. താമസിച്ചാല്‍ അവിടെതന്നെ വീണുപോകും. വലിഞ്ഞിഴഞ്ഞെങ്കിലും വീട്ടിലെത്തിയാല്‍ അമ്മ ചൂടുള്ള കഞ്ഞിവെള്ളം തരും. ഉണങ്ങിയ തുണികൊണ്ട്, നനഞ്ഞ തലയും ദേഹവും തുടയ്ക്കും, രാസ്നാദിപൊടി തലയില്‍ തിരുമ്മും, പായ് വിരിച്ച് അതില്‍ കിടത്തും, പുതപ്പുകൊണ്ട് പുതപ്പിക്കും, കണ്ണുമടച്ച് സുഖമായി കിടക്കാം, അച്ഛനുമമ്മയും അരികിലിരുന്നു നെറ്റിയും കൈയ്യും നെഞ്ചും പുറവുമൊക്കെ തടവിത്തരും. അവര്‍ സ്നേഹപൂര്‍വ്വം തലോടുമ്പോള്‍ പനിയും ക്ഷീണവുമൊക്കെ പമ്പകടക്കും. അങ്ങനെ ആ രാത്രി സുഖമായി ഉറങ്ങാം. അടുത്ത ദിവസം മഴ കാണുകയില്ല. ശനിയാഴ്ച ആയതിനാൽ സ്ക്കൂൾ അവധിയാണ്. ഞായറാഴ്ചയും സ്ക്കൂളില്‍ പോകേണ്ട. തിങ്കളാഴ്ചവരെ വിശ്രമിക്കുമ്പോള്‍ എല്ലാം സുഖമാകും.

ഈ സംഭവമെല്ലാം രാജന്റെ ചിന്തയിലൂടെ അവന്‍ കണ്ടു. ഉടനെ വീട്ടിലേക്കു പുറപ്പെടുകതന്നെ. മഴ അല്‍പ്പം കുറഞ്ഞിരിക്കുന്നു, അടുത്ത കനത്ത മഴയ്ക്കുമുമ്പ് വീട്ടിലെത്താം. തെക്കെ വഴിയിലൂടെ, ആ മലയുടെ അടിവാരത്തിലൂടെ വേഗമങ്ങു നടക്കാം. കുറച്ചു ദൂരം കൂടുതലുണ്ടെന്നേയുള്ളു. വെള്ളപ്പൊക്കത്തിന്റെ ശല്യമില്ലല്ലോ. പിന്നെ അത് സാധാരണ ആള്‍നടപ്പില്ലാത്ത വഴിയാണ്. ഇരുട്ടിയ സമയവും. സാരമില്ല, അപകടം കുറവാണ്. മനസ്സില്‍ അല്‍പ്പം ധൈര്യം മാത്രം മതി, അത് രാജനുണ്ട്. ആറ്റിറമ്പിലെ വഴിയും വയലും വരമ്പുമെല്ലാം വെള്ളത്തിനടിയിലായതിനാല്‍ ഈ ഇരുട്ടത്ത് നടന്നു പോകാന്‍ തെക്കേവഴിയല്ലാതെ മറ്റൊന്നില്ലെന്നവനറിയാം. ഇനി ചിന്തിച്ചുനിന്നിട്ടുകാര്യമില്ല.

സ്ക്കൂള്‍ വരാന്തയില്‍നിന്ന് രാജന്‍ പുറത്തേക്കിറങ്ങി. ദൃഢനിശ്ചയം കൊണ്ടും ധൈര്യംകൊണ്ടും അവന്‍ ശരീരത്തിനുവേണ്ട ശക്തിയുണ്ടാക്കി. മഴ ചാറുന്നുണ്ട്. പുസ്തകം കൈയ്യിലെടുത്ത് തല നനയാതിരിക്കാന്‍ തലയ്ക്കുമുകളില്‍ പിടിച്ചു. നേരെ ഗേറ്റിങ്കലേക്കു നടന്നു.

നടന്ന് അല്‍പ്പം മുന്നോട്ടു നീങ്ങിയപ്പോള്‍ തൊട്ടു പിറകില്‍ ആടിയായി നിന്നിരുന്ന തെങ്ങ് എടുത്തടിച്ചമാതിരി നിലംപൊത്തിവീണു. രാജന്‍ നടുങ്ങിയില്ല. തിരിഞ്ഞുനോക്കി. അവന്റെ ഭാഗ്യത്തിന് തെങ്ങ് അവന്റെ പുറത്ത് വീണില്ലെന്നേയുള്ളു. അതില്‍നിന്നു തെറിച്ചുവീണ ഒരു കരിക്കും കൈയിലെടുത്ത് രാജന്‍ ഗേറ്റുവിട്ടിറങ്ങി. നേരെ തെക്കോട്ടുള്ള വഴിയേ നടന്നു.

കാറ്റടിച്ചു. ശക്തിയായ കാറ്റ്. കമ്പും കരിയിലയും പച്ചിലകളും പറത്തിക്കൊണ്ട് ആഞ്ഞടിച്ച കാറ്റ് കടന്നുപോയി. രാജന്റെ ശരീരം വിറച്ചുതുടങ്ങി. തുടര്‍ന്ന് കനത്തില്‍ അടര്‍ന്നുവീഴുന്ന മഴയും. വഴിയുടെ വലതുവശത്ത് ആളൊഴിഞ്ഞ, പൊളിഞ്ഞുവീഴാറായ ഒരു പഴയ ഇറച്ചിവെട്ടുന്ന ഷെഡ്. മഴയില്‍നിന്നു രക്ഷനേടാന്‍ രാജന്‍ ആ ഷെഡില്‍ കയറി. മഴയുടെ ശക്തി കുറയുന്നതുവരെ അവിടെനിന്നു.

ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഇടിയും മിന്നലും. മിന്നല്‍വെളിച്ചം മാത്രമാനു വഴികാണിക്കുന്നതിനു രാജനെ സഹായിക്കുന്നത്. മഴ വീണ്ടും കുറഞ്ഞപ്പോള്‍ രാജന്‍ നടന്നുതുടങ്ങി. ആവുന്നത്ര ശക്തി ശേഖരിച്ച് കഴിയുന്ന വേഗത്തില്‍ അവന്‍ നടക്കുകയാണ്; വളരെനേരത്തേ വീട്ടിലെത്താന്‍. നേരം ഏറെ വൈകിയിരിക്കുന്നു. അച്ഛനുമമ്മയും രാജനെതേടി വീട്ടില്‍നിന്നു പുറപ്പെട്ടുകാണും. അങ്ങനെയാണെങ്കില്‍ അവരെ വഴിക്കുവെച്ചു കാണാം. അതായിരുന്നു രാജന്റെ വിചാരം.

ഓരോ അടി മുന്നോട്ടു വയ്ക്കുന്തോറും രാജന്റെ ശക്തി കുറഞ്ഞുകൊണ്ടിരുന്നു. കാലുകള്‍ മുന്നോട്ടു നീങ്ങാതെയായിത്തുടങ്ങി. കയ്യിലിരുന്ന കരിയ്ക്കിന് ഭാരം കൂടിക്കൂടി വരുന്നതായി അവന് തോന്നി. പുസ്തകംപോലും എടുക്കാന്‍ വയ്യാത്ത ഭാരമുള്ള വസ്തുവായിത്തീര്‍ന്നു. വീട്ടിലെത്താനുള്ള ആവേശം മാത്രമാണവന്റെ കാലുകളെ മുന്നോട്ട് വലിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ എത്രദൂരം പോകാന്‍ കഴിയും? എത്രനേരം ഈ രിതിയില്‍ അവന്‍ നടക്കും. രാജന്‍ അതൊന്നും ആലോചിച്ചില്ല. വീണുപോയാലും വീട്ടിലെ തിണ്ണയിലെത്തിയേ വീഴൂ എന്ന ആത്മധൈര്യം മാത്രമാണവനുള്ളത്.

ആരെങ്കിലും ഒരു സഹായത്തിനെത്തിയിരുന്നെങ്കില്‍ എന്നു രാജന്‍ ആഗ്രഹിക്കാതിരുന്നില്ല. പക്ഷെ അവനറിയാം ആ സമയത്ത്, പ്രത്യേകിച്ചും വെള്ളിയഴ്ച ദിവസം ആ വഴിയില്‍ രാജനല്ലാതെ മറ്റൊരു മനുഷ്യജീവിയേയും കാണാന്‍ കഴിയുകയില്ലെന്ന്. അവന്റെ ഗ്രാമത്തില്‍ പ്രചരിക്കുന്ന കഥയും വിശ്വാസവും അറിയാത്ത കുട്ടികള്‍ ആ നാട്ടിലില്ല. എല്ലാ വീട്ടമ്മമാരും തങ്ങളുടെ കുട്ടികള്‍ ആ വഴിയേ പോകാതിരിക്കാന്‍ ഭീകരമായ ആ കഥകള്‍ അവരെ പറഞ്ഞുമനസ്സിലാക്കിയിട്ടുണ്ട്. സ്ക്കൂളില്‍നിന്നു വീട്ടിലെത്താന്‍ താമസിച്ചതുകാരണവും, വഴിയിലെല്ലാം വെള്ളം പൊങ്ങിയതിനാലും, രാജനെ അന്വേഷിച്ച് അവന്റെ അച്ഛനമ്മമാരോ നാട്ടുകാരോ തയ്യാറെടുത്ത് ആ വഴിയിലൂടെ വന്നെങ്കിലേ ഉള്ളൂ. അതുകൊണ്ട് അവന്റെ ആശയും ഫലിക്കുമെന്ന് രാജന് വിശ്വാസമില്ലായിരുന്നു.

ക്ഷീണം കൂടുംതോറും വീട്ടിലെത്താന്‍ രാജന് ആകാംക്ഷ കൂടിവന്നു. അവന്റെ കഴിവുമുഴുവനും ശേഖരിച്ച് വേഗം നടക്കാന്‍ ശ്രമിച്ചു. കാലുകള്‍ കുഴഞ്ഞു. ശരീരം തളര്‍ന്നു. കണ്ണുകള്‍ക്ക് കാഴ്ച കുറഞ്ഞു. തലചുറ്റുന്നതുപോലെ തോന്നി. കണ്ണില്‍ ഇരുട്ടുകയറി. കൈകളില്‍ നിന്നു പുസ്തകം താഴെവീണു. വേലിയുടെ ഇടതുവശത്തെ അരികില്‍ ആ വലിയ മലയ്ക്കുതാഴെ അതാ നിരപ്പൊത്ത ഒരു പാറ. അവിടെ അല്‍പ്പം വിശ്രമിച്ചാലോ. അവന്‍ അങ്ങോട്ടുനീങ്ങി. അവനറിയാതെതന്നെ ആ പാറപ്പുറത്ത് വീണുപോയി. രാജന്റെ ബോധം മറഞ്ഞിരുന്നു.