close
Sayahna Sayahna
Search

സ്വകാര്യപരതേ, നീ തന്നെ ശത്രു


സ്വകാര്യപരതേ, നീ തന്നെ ശത്രു
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989


നവ: ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ആലോചിക്കേണ്ടേ?

ഞാന്‍: വേണം. സമൂലപരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണ്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാര്‍ക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികള്‍ക്കും അതില്‍ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോള്‍ അതൊരു പ്രശ്‌നമാണ്.

രാജു: വ്യക്തികള്‍ക്കാകുന്നത് പ്രദേശത്തിനാകാതെ വരുന്നത് എന്തുകൊണ്ട്?

ഞാന്‍: പറയാം. ഈ പ്രദേശത്തു പല പാര്‍ട്ടിക്കാരുണ്ട്. അവരുടെ പാര്‍ട്ടിക്കന്യമായ ഒന്നിനോട് സഹകരിക്കാമോ എന്നവര്‍ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ ഉണ്ട്. അവര്‍ക്കു പ്രത്യേകം സംഘടനകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. ഇവര്‍ക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാര്‍ഗവും ഉണ്ടാകുക എളുപ്പമല്ല.

കേശു: ദര്‍ശനത്തില്‍നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണ്. പാര്‍ട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാല്‍ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോട്‌ചേര്‍ത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ട്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങള്‍ക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്ന ഈ ചങ്ങലയുടെ പേരാണ് ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ആ ചങ്ങലയില്‍ അയവുവരുത്തുവാന്‍ കഴിയുന്നില്ല. മനുഷ്യസ്‌നേഹികളായ വ്യക്തികളുമായി അപുര്‍വ സംഗമത്തിനിടവരുമ്പോള്‍ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്ന് അത് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാര്‍ട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.