close
Sayahna Sayahna
Search

ജലത്തിലൊരു മത്സ്യം


ജലത്തിലൊരു മത്സ്യം
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

“ലോകം പിശാചുക്കളാലാണു ഭരിക്കപ്പെടുന്നതെന്നും രാഷ്ട്രവ്യവഹാരത്തില്‍ (Politics) ഉള്‍പ്പെടുന്നവന്‍, അതായത്, അധികാരവും അക്രമവും മാര്‍ഗ്ഗമായി സ്വീകരിക്കുന്നവന്‍ ചെകുത്താനുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും പ്രാകൃത ക്രിസ്ത്യാനികള്‍ പോലും വ്യക്തമായി ഗ്രഹിച്ചിരുന്നു. അയാളുടെ പ്രവര്‍ത്തനത്തില്‍ നന്മ നന്മയെയും തിന്മ തിന്മയെയും ഉളവാക്കുന്നു എന്നത് ഒരിക്കലും സത്യമല്ലാതെയായിത്തീര്‍ന്നിരിക്കുന്നു.

നേരെമറിച്ചാണ് സംഭവിക്കുക. രാഷ്ട്രവ്യവഹാരപരമായി പറഞ്ഞാല്‍ ഇതു മനസ്സിലാക്കാത്ത ഏതൊരുവനും ശിശുമാത്രമാണ്”. ജര്‍മ്മന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ മാക്സ് വേബര്‍ (Max Weber, 1864–1920) ‘Politics as a Vocation’ എന്ന പ്രബന്ധത്തില്‍ പറഞ്ഞ ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പെറുവിലെ മഹാനായ നോവലിസ്റ്റ് മാറ്യോ വാര്‍ഗാസ് യോസ (Mario Vargas Llosa) “A Fish In the Water” എന്ന ആത്മകഥ ആരംഭിക്കുന്നത്. അധികാരവും അക്രമവും മാര്‍ഗ്ഗമായി സ്വീകരിച്ച് സമഗ്രാധിപത്യമെന്ന ലക്ഷ്യത്തിലെത്തിയ പെറുവിലെ ഭരണാധികാരികളോടു യോസ പടവെട്ടുന്നതിന്റെ ചിത്രം ഈ ആത്മകഥയിലുണ്ട്. നന്മകൊണ്ടു നന്മയെ ഉല്‍പാദിപ്പിച്ച അദ്ദേഹത്തെ ഇതില്‍ കാണാം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല തന്റെ അച്ഛന്‍ പോലും തിന്മയില്‍ വ്യാപരിച്ചാല്‍ അതു തിന്മയിലേ കലാശിക്കൂ എന്നും യോസ സ്പഷ്ടമാക്കിത്തരുന്നു ഇപ്പുസ്തകത്തിലൂടെ. ജലത്തിലെ മത്സ്യം എന്ന ഈ ആത്മകഥ പെറുവിന്റെ സമകാലിക ചരിത്രമാണ്. ആത്മാവിഷ്കാരമാണ്. കലാനിരൂപണമാണ്. ചിന്തോദ്ദീപകമായ പ്രൗഢപ്രബന്ധമാണ്. ലൈംഗികത്വത്തിന്റെ നഗ്നസത്യങ്ങല്‍ ഏറെയുണ്ടെങ്കിലും ഇതു വായിക്കുമ്പോള്‍ മാനസികമായി ഔന്നത്യം നേടുന്നു. 1990-ല്‍ പെറുവിന്റെ പ്രസിഡന്‍റാകാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകനായ യോസയെ കാണുന്നതിനു മുമ്പ് ‘പച്ച’യായ മനുഷ്യന്‍ യോസയെ കാണുന്നതിലാണല്ലോ ഔചിത്യമുള്ളത്.

മകനെക്കുറിച്ച് അന്യരോടു ദുഷിച്ചു പറയരുത്; കാരണം മകന്‍ അച്ഛന്റെ ഒരു ഭാഗമാണ് എന്നതത്രേ. അച്ഛന്‍ മകനെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെത്തന്നെ കുറ്റപ്പെടുത്തുകയാണ്. ഏതാണ്ട് ഇങ്ങനെ ഫ്രഞ്ചെഴുത്തുകാരന്‍ സാങ്തേഗ് സ്യൂപേരി (Saint-Exupery, 1900–1944) എഴുതിയത് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അച്ഛന്‍ മകന്റെ ദോഷം പറഞ്ഞു കൂടെങ്കില്‍ മകനും അച്ഛന്റെ ദോഷം പറയരുത്. യോസ ഇതംഗീകരിക്കുന്നില്ലെന്നു തോന്നുന്നു. അദ്ദേഹം ‘The man who was my Papa’ — എന്റെ അച്ഛനായിരുന്ന മനുഷ്യന്‍ — എന്ന് തെല്ലു പുച്ഛത്തോടെയാണ് ആദ്യത്തെ അധ്യായത്തിനു പേരു നല്കിയിരിക്കുന്നത്. അച്ഛനമ്മമാരുടേതു പ്രേമവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ലീമ പട്ടണത്തില്‍ (Lima) എത്തിയതേയുള്ളു അവര്‍. നവവരന്‍ നവനധുവിനെ പീഡിപ്പിക്കാന്‍ തുടങ്ങി. ഭാര്യയെ തടവറയിലാക്കുകയായിരുന്നു ഭര്‍ത്താവ്. കൂട്ടുകാരികളെ കാണാന്‍ അവര്‍ക്കു പൊയ്‌ക്കൂടാ. വിശേഷിച്ചും ബന്ധുക്കളെ കാണാന്‍ പാടില്ല. സ്ഥിരമായി വീട്ടില്‍ത്തന്നെ കഴിഞ്ഞു കൊള്ളണം. നിസ്സാരകാര്യങ്ങള്‍ കൊണ്ടു ശണ്ഠയുണ്ടാകും. ചിലപ്പോള്‍ ഒന്നുമില്ലാതെയും. ശണ്ഠ ‘കൈവയ്ക്കലി’ല്‍ അവസാനിക്കുന്നതും വിരളമായിരുന്നില്ല. അഞ്ചര മാസമേ ആ ദാമ്പത്യബന്ധം നിലനിന്നുള്ളു. ഇത് അച്ഛന്റെ രോഗാര്‍ത്തമായ അസൂയയുടെ ഫലമല്ലെന്നാണ് യോസയുടെ വിചാരം. അതൊരു ദേശീയ രോഗമാണത്രേ. യോസയുടെ അച്ഛനു വെളുത്ത തൊലിയും ഇളം നീലക്കണ്ണുകളും ഉണ്ടായിരുന്നു. സുന്ദരനായിരുന്നു അദ്ദേഹം. പക്ഷേ സാമൂഹികമായി അദ്ദേഹം ഭാര്യയെക്കാള്‍ കുറഞ്ഞ നിലയിലായിരുന്നു. ഇതു ജനിപ്പിച്ച അപകര്‍ഷതയാണ് അച്ഛനെ ഉന്മാദാവസ്ഥയിലേക്കു കൊണ്ടു ചെന്നതെന്നു മകന്‍ കരുതുന്നു.

‍പില്ക്കാലത്തു ലൈംഗിക വിഷയങ്ങള്‍ ഒരു ‘കലവറയും’ കൂടാതെ നോവലുകളില്‍ കൈകാര്യം ചെയ്ത യോസ ബാലനായിരുന്നപ്പോള്‍ അവയെ എന്തെന്നില്ലാത്തവിധം വെറുത്തിരുന്നു. പുരുഷന്മാര്‍ മൃഗങ്ങളായി മാറി സ്ത്രീകളെ വിദാരണം ചെയ്യുന്നത് യോസസ്ക്ക് അറപ്പോടു കൂടി മാത്രമേ വിചാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. തനിക്ക് ഈ ലോകത്തു വരാന്‍ വേണ്ടി തന്റെ അമ്മ ഇത്തരമൊരു ആക്രമണത്തിനു വിധേയായിക്കൊടുത്തല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ആ ബാലന് വല്ലാത്ത വെറുപ്പുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യോസയ്ക്കു തോന്നി ജീവിതം ഇങ്ങനെയൊക്കെയാണെന്ന്. മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പിനും തന്റെ തന്നെ ആവിര്‍ഭാവത്തിനും സ്ത്രീപുരുഷന്മാര്‍ ഈ മലിനവൃത്തിയില്‍ ഏര്‍പ്പെട്ടേ മതിയാവൂ എന്ന് യോസ മനസ്സിലാക്കി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അമ്മ മകനോടു കൂടി ഭര്‍ത്താവിനെ കാണാന്‍ പോയി. അയാള്‍ അവരെ കാറില്‍ കയറ്റിക്കൊണ്ടു പോയി പല സ്ഥലങ്ങളും കാണിച്ചു കൊടുത്തു. രാവേറെ ചെന്നപ്പോള്‍ അവര്‍ ഒരു നഗരത്തിലെത്തി. യോസയെ ഒരു മുറിയിലാക്കിയിട്ട് അവര്‍ രണ്ടുപേരും വേറൊരു മുറിയില്‍ കയറി വാതിലടച്ചു. രാത്രിയുടെ ശേഷം ഭാഗം മുഴുവനും ആ കുട്ടി കണ്ണുകള്‍ തുറന്നു കിടന്നു. പേടി കൊണ്ട് അവന്റെ ഹൃദയം കൂടുതല്‍ സ്പന്ദിച്ചു. അടുത്ത മുറിയില്‍ നിന്ന് ഏതെങ്കിലും ശബ്ദം വരുന്നുണ്ടോ എന്ന് അവന്‍ കാതോര്‍ത്തു നോക്കി. വഞ്ചനയോടു ബന്ധപ്പെട്ട അസഹനീയത! കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി സ്ത്രീപുരുഷന്മാര്‍ നടത്തുന്ന മലിനപ്രക്രിയ തന്റെ അമ്മയും നടത്തുകയാവാം എന്നു വിചാരിച്ചപ്പോള്‍ യോസയ്ക്ക് അറപ്പും വെറുപ്പും ഉണ്ടായി. ഈ മായാഹീനതയോ നിഷ്കപടത്വമോ ആണ് യോസയുടെ ആത്മകഥയ്ക്കുള്ളത്. ഏതു വിഷയം പ്രതിപാദിച്ചാലും തന്റെ അന്തരംഗത്തിലുള്ളതു സമ്പൂര്‍ണ്ണമായും അദ്ദേഹം പ്രതിപാദിക്കുന്നു എന്ന തോന്നല്‍ അനുവാചകന് ഉണ്ടാകും.

യോസയുടെ പ്രഖ്യാതമായ നോവലാണ് Aunt Julia and The Scriptwriter (1977). നോവലില്‍ മാറ്യോ വാര്‍ഗാസ് യോസ ഒരമ്മായിയെ വിവാഹം കഴിക്കുന്നതും പിന്നീട് അവരെ ഉപേക്ഷിക്കുന്നതുമാണ് വിഷയം. ‘മാറ്യോവാര്‍ഗാസ് പറയാത്തത്’ എന്ന പേരില്‍ അമ്മായി അതിനൊരു അനുബന്ധം കൂടി എഴുതുന്നു. സ്വന്തം ജീവിതത്തിലെ സംഭവങ്ങള്‍ അതേ രീതിയില്‍ത്തന്നെ നോവലാക്കാമെന്ന യോസയുടെ സങ്കല്‍പത്തില്‍ നിന്നാണ് ആ കൃതി രൂപം കൊണ്ടത്. അമ്മായിയെക്കണ്ടു രാഗവിവശനായ യോസ അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അക്കാലത്ത് ഇരുപത്തിയൊന്നു വയസ്സു തികഞ്ഞാലേ മേജറാവൂ. മൈനറായിരുന്ന യോസയ്ക്കു നിയമപരമായി അവരെ കല്യാണം കഴിക്കാന്‍ വയ്യ. കൂടാതെ യോസയുടെ അച്ഛനും കോപാകുലനായി. അമ്മായിയെ സര്‍ക്കാരിനെക്കൊണ്ട് അവിടെ നിന്നു നിഷ്കാസനം ചെയ്യിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസഭ്യപദങ്ങള്‍ വര്‍ഷിച്ചുകൊണ്ട് അച്ഛന്‍ മകനെ അറിയിച്ചു, താന്‍ അവനെ പേപ്പട്ടിയെപ്പോലെ കൊന്നുകളയുമെന്ന്. പോലീസില്‍ പരാതിപ്പെട്ടാലും അഞ്ചു വെടിയുണ്ടകള്‍ യോസയുടെ ശരീരത്തില്‍ തുളച്ചു കയറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. പക്ഷേ, ഇതൊക്കെയായിട്ടും 1955-ല്‍ അവരുടെ വിവാഹം നടന്നു. 1964-ല്‍ ആ ദാമ്പത്യബന്ധം അവസാനിക്കുകയും ചെയ്തു. അടുത്ത വര്‍ഷം യോസ കസ്‌ന്‍ Patricia-യെ വിവാഹം കഴിച്ചു.

യോസയുടെ ആദ്യത്തെ നോവലായ The Time Of the Hero-യാണ് അദ്ദേഹത്തിനു യശസ്സുണ്ടാക്കിയത്. മിലിറ്ററി നടത്തിയിരുന്ന ഒരു സെക്കന്‍ഡറി സ്ക്കൂളാണ് Leoncio Prado Academy. വിദ്യാര്‍ത്ഥികള്‍ കെമിസ്ട്രി ചോദ്യക്കടലാസ്സ് മോഷ്ടിക്കുന്നതും മറ്റും വര്‍ണ്ണിച്ച് തന്റെ രാജ്യത്തിന്റെ ഗര്‍ഹണീയതയെ അദ്ദേഹം ചിത്രീകരിക്കുന്നു. ഈ നോവല്‍ യോസയുടെ ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. 1950-ല്‍ യോസ ആ അക്കാഡമിയില്‍ അച്ഛന്റെ നിര്‍ബ്ബന്ധം കൊണ്ടു ചേര്‍ന്നു പഠിച്ചു. The majority of the characters in my novel La ciudad Y les perros (The Time of the Hero) written using memories of my years at Leoncio Prado as a basis, are very free, distorted versions of real models, while other are completely imaginary എന്നു യോസാ തന്നെ പറയുന്നു. ഇങ്ങനെ അദ്ദേഹത്തിന്റെ പല നോവലുകള്‍ക്കും ജീവിത സംബന്ധിയായ പൊരുത്തമുണ്ട്. അവയൊക്കെ എടുത്തു കാണിക്കാന്‍ ദൗര്‍ഭാഗ്യം കൊണ്ട് ഇവിടെ സ്ഥലമില്ല.

മഹാനായ നോവലിസ്റ്റാണ് യോസയെങ്കിലും അദ്ദേഹം മറ്റു സാഹിത്യകാരന്മാരുടെ കൃതികള്‍ വായിക്കുന്നയാളാണ്. വില്യം ഫോക്‌നറുടെ Wild Palms, ദസ്റ്റെയെവ്സ്കിയുടെ Brothers Karamazov ഇവയൊക്കെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ബോര്‍ഹെസിന്റെ കഥകള്‍ അതിരു കടന്ന വിധത്തില്‍ ധിഷണാപരങ്ങളാണെങ്കിലും (excessively intellectual) ജീവിതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ അവ പ്രദാനം ചെയ്യുന്നില്ലെങ്കിലും വിസ്മയത്തോടും ജിജ്ഞാസയോടും കൂടി അദ്ദേഹം ആ ചെറുകഥകളിലേയ്ക്കു വീണ്ടും വീണ്ടും വരുമായിരുന്നു. Paul Bowles-ന്റെ The Sheltering Sky, Truman Capote-യുടെ Other Voices, Other Rooms ഇവ അദ്ദേഹത്തെ ചലനം കൊള്ളിച്ചു (The Sheltering Sky എന്ന നോവലിനെക്കുറിച്ച് ഞാന്‍ ഈ പംക്തിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയിട്ടുണ്ട്). ജെയിംസ് ജോയിസിന്റെ “ഫിനജിന്‍സ് വെയ്ക്” ഹെര്‍മാന്‍ ബ്രോഹിന്റെ ’ദ് ഡെത്ത് ഓഫ് വെര്‍ജില്‍’ ഈ നോവലുകളില്‍ ആമജ്ജനം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

തന്റെ രാജ്യത്തിന്റെ പൂതിഗന്ധം മാറ്റി സൗരഭ്യം പ്രസരിപ്പിക്കാന്‍ യോസ ശ്രമിച്ചതിന്റെ ചരിത്രം ഇതിലുണ്ടെന്ന് ഞാന്‍ മുമ്പു പറഞ്ഞല്ലോ. ആ യത്നത്തിന്റെ ഫലമായി അദ്ദേഹത്തിനു വധഭീഷണിയും ഉണ്ടായി. റ്റെലിഫോണിലൂടെയുള്ള അസഭ്യപദവര്‍ഷം ധാരാളം ഏല്ക്കേണ്ടതായി വന്നു. അവയുടെ വിശദാംശങ്ങളിലേക്കു പോകാന്‍ വയ്യ. പെറുവിലെ ധിഷണാശാലികള്‍ അദ്ദേഹത്തെ എതിര്‍ത്തു. അതുകൊണ്ട് അദ്ദേഹം അവര്‍ എഴുതിയതൊക്കെ വായിച്ചു: അന്യോന്യം കാണുക എന്നത് ഉപേക്ഷിച്ചു. ഭീകരപ്രസ്ഥാനത്തോടു യോസയെപ്പോലെ പടവെട്ടിയ വേറൊരു ദേശസ്നേഹിയില്ല. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും ഉള്‍ക്കൊള്ളിച്ചു സിവില്‍ അധികാരികളോടുകൂടി ഭീകരന്മാരെ നേരിടണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

യോസ ഡിക്റ്റേറ്റര്‍ഷിപ്പിനെ വെറുക്കുന്നു. അധികാരത്തെ (Power) അവിശ്വസിക്കുന്നു. സാഹിത്യം ഈ അധികാരസക്തിയെ എതിര്‍ക്കാനുള്ളതായി തീരണമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഈ ജീവചരിത്രം പ്രജാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കൊക്കെ മാര്‍ഗ്ഗദര്‍ശകമാണ്.