close
Sayahna Sayahna
Search

ഈ നിരത്തിൽ താവളങ്ങളില്ല


ഈ നിരത്തിൽ താവളങ്ങളില്ല
EHK Story 15.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വെള്ളിത്തിരയിലെന്നപോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

ടിക്കു അധികവും കണ്ടിരുന്നത് കാർട്ടൂൺ ചാനലുകളാണ്. മുന്നു വയസ്സിനു ഉൾക്കൊള്ളാവുന്നതിലധികം ചാനലുകൾ ഉള്ളതുകൊണ്ട് വീട്ടിൽ അവന്റെ ഉപദ്രവം തീരെ ഉണ്ടായിരുന്നില്ലെന്നു പറയാം. കുടുംബ സ്‌നേഹിതരും ബന്ധുക്കളും വിരുന്നിനു വരുമ്പോൾ അവനെപ്പറ്റി കേൾക്കേണ്ടി വരാറുള്ള അപദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതുതന്നെയായിരുന്നു. വൺ, ടൂ, ത്രീ തൊട്ട് ട്വന്റി വരെയും, എ മുതൽ സെഡ് വരെയും തെറ്റാതെ ചെല്ലും, ക്യാറ്റ്, ഡോഗ്, ആപ്പ്ൾ എന്ന മൂന്നു വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറയും എന്നു തൊട്ട്, ഒരു മൂന്നു വയസ്സുകാരനു ചെയ്യാവുന്നതിലധികം അദ്ഭുതകൃത്യങ്ങൾ ചെയ്യുന്നതിന്റെ സാക്ഷ്യപത്രങ്ങൾ നിരത്തു മ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അവൻ റിമോട്ടും പിടിച്ച്, ബന്ധുവീട്ടിൽനിന്ന് വിരുന്നുവന്ന കുട്ടികൾ ഇരുവശത്തും നിൽക്കുന്നതു പോലും കാണാതെ സ്‌ക്രീനിൽ കണ്ണുംന്ട്ട് ഇരിയ്ക്കും. അവ നെ സംബന്ധിച്ചേടത്തോളം ആ ടി.വി. സ്‌ക്രീനും അവനു ചുറ്റുമുള്ള ലോകവും തമ്മിൽ വ്യത്യാസമൊന്നുമില്ല. ചുറ്റുമുള്ളവർ ഒരു വലിയ ടി.വി.യിൽ നടന്നുകൊണ്ടിരിയ്ക്കുന്ന പരിപാടിയിലെ അഭിനേതാക്കൾ മാത്രമാണ്. അതാകട്ടെ ആവർത്തന വിരസതകൊണ്ട് അവന് തീരെ ഇഷ്ടമാകുന്നുമില്ല. അതുകൊണ്ടവൻ വീണ്ടും ടി.വി.യിലേയ്ക്കും റിമോട്ടിലേയ്ക്കും തിരിയുന്നു.

കാർട്ടൂൺ മാത്രമല്ല അവൻ കണ്ടിരുന്ന പരിപാടികൾ. റിമോട്ട് അമർത്തുമ്പോൾ മാറിമാറി വരുന്ന ചാനലുകളോരോന്നും അവന്റെ ബോധമണ്ഡലത്തിൽ ആഴത്തിലുള്ള പോറലുകൾ വീഴ്ത്തി കടന്നുപോയി. ഭേദ്യം ചെയ്യൽ, കൊലപാതകം, കെട്ടിടങ്ങളും തീവണ്ടികളും പാലങ്ങളും ബോംബിട്ടു തകർക്കൽ തുടങ്ങിയവ ആദ്യമെല്ലാം അവനിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു. അവൻ ഒരു വിറയലോടെ മാത്രം അവ നോക്കിക്കണ്ടു. പിന്നീടാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാർട്ടൂണുകളിൽ ചത്തുപോയ ജന്തുക്കൾ, അവ പൂച്ചയായാലും, എലിയായാലും, നായയായാലും വീണ്ടും എഴുന്നേറ്റു വരികയും അംഗഭംഗമൊന്നുമില്ലാതെ തുടർജീവിതം നയിക്കുകയും ചെയ്യുന്നു. അവനത് ആശ്വാസം നൽകി. പിന്നീട് കൊലപാതകങ്ങളും തീവെട്ടിക്കൊള്ളകളും നടക്കുന്നതു കാണാൻ വിഷമമുണ്ടായില്ല. അഥവാ വിഷമമുണ്ടായാൽ കയ്യിലുള്ള റിമോട്ടിൽ അമർത്തുകയേ വേണ്ടു, അത്രതന്നെ പ്രശ്‌നമില്ലാത്ത മറ്റൊരു ചാനലിലെത്താൻ.

അച്ഛനും അമ്മയും സ്‌കൂളിൽ ജോലിയ്ക്കു പോകുമ്പോൾ അവനെ രമണിയെന്ന ചെറുപ്പക്കാരി ആയയെ ഏൽപ്പിയ്ക്കുന്നു. അവളാണ് ടിക്കുവിനെ തൊട്ടടുത്തുള്ള ക്രെഷെയിൽ കൊണ്ടുപോയാക്കന്നത്. ഗൃഹസന്ദർശകരിൽ മതിപ്പുണ്ടാക്കുന്ന അറിവു സമ്പാദിയ്ക്കുന്നത് അവിടെനിന്നാണ്. ടി.വി.യിൽ കാണുന്ന കാർട്ടൂണുകൾ പരീക്ഷിക്കാനായി അവൻ വിനിയോഗിയ്ക്കുന്നതും രാവിലെ 10 മുതൽ 12 വരെയുള്ള സമയം തന്നെ. പലപ്പോഴും ടീച്ചർമാരുടെയും ആയമാരുടെയും സന്ദർഭോചിതമായ ഇടപെടലില്ലായിരുന്നുവെങ്കിൽ പല കുട്ടികൾക്കും ടോം ക്യാറ്റിന്റെയോ ജെറിമൗസിന്റെയോ ഗതി വന്നുചേരുമായിരുന്നു. ഗീതുവും, നന്ദുവും അനീഷും ടോമിനെപ്പോലെ ഒരു പലകപോലാവുന്നതും, പിന്നീട് ഊതിവീർപ്പിച്ച ബലൂൺ പോലാവുന്നതും കാണാൻ അവൻ ആഗ്രഹിച്ചു. ഒരു റിമോട്ട് കണ്ട്രോൾ ഞെക്കിക്കൊണ്ട് അതിനു കഴിഞ്ഞാലെത്ര നന്നെന്നും അവൻ ഓർത്തു.

12 മണിയ്ക്ക് രമണി വന്ന് അവനെ കൂട്ടിക്കൊണ്ടു പോകുന്നു. ടി.വി.യ്ക്കു മുമ്പിലിരുന്നുകൊണ്ട് അവൻ ഷൂ അഴിച്ചുമാറ്റാൻ രമണിയ്ക്ക് കാൽ നീട്ടിക്കൊടുക്കുന്നു. ഷർട്ടും ട്രൗസറും ഊരി മാറ്റിയിടാൻ കഷ്ടിച്ച് സമ്മതിയ്ക്കുന്നു. പിന്നെ അറിയാതെ വാ തുറക്കുമ്പോൾ ചോറ് കുഴച്ച് ചെറിയ ഉരുളകളാക്കി കൊടുക്കുന്നത് അവൻ അകത്താക്കുന്നു. രമണിയുടെ ഓരോ ചലനവും പ്രതിരോധത്തിന്റെതാണ്. ആദ്യമെല്ലാം ഒരു കുട്ടിയെ എങ്ങിനെയാണ് വളർത്തേണ്ടതെന്ന സ്വന്തം അറിവും ധാരണയുമുപയോഗിച്ച് അവന്റെ കാര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. പിന്നീട് ടിക്കുവിന്റെ കയ്യിൽ നിന്ന് മുഖത്തും അവന്റെ അമ്മയുടെ കയ്യിൽ നിന്നു മനസ്സിലും കിട്ടിയ മാന്തുകൾ ഒരു തട്ടിലും ഒരു കൊച്ചുകുട്ടി നന്നായി വളരണമെന്ന ആഗ്രഹം മറുതട്ടിലും വച്ചുനോക്കിയപ്പോൾ താൻ നഷ്ടക്കാരിയാവുകയാണെന്ന് അവൾക്കു മനസ്സിലായി. അവൾക്ക് ഇവിടെനിന്നു കിട്ടുന്ന ശംബളം വേണം ഒരു കുടുംബം പുലർത്താൻ. അവൾക്കും രണ്ടു വയസ്സു പ്രായമുള്ള ഒരു മകളുണ്ട്, പകൽ മുഴുവൻ തന്റെ വയസ്സായ അമ്മ നോക്കി വളർത്തുന്ന കുട്ടി.

ഇപ്പോൾ പരാതികളില്ല. കുറച്ചു കൂടുതൽ ജോലിയെടുക്കണമെന്നു മാത്രം. ടിക്കു വലിച്ചെറിയുന്ന ഭക്ഷണവും മറ്റും ചുമരിൽനിന്നും നിലത്തുനിന്നും വീട്ടുസാമാനങ്ങളിൽനിന്നും എടുത്തു കളഞ്ഞ് അവിടം വൃത്തിയാക്കുന്നതുതന്നെ നല്ലൊരു ജോലിയായിരുന്നു.

നാലരയോടെ അമ്മ സ്‌കൂളിൽനിന്നെത്തുന്നു. അതോടെ ഒരു ദീർഘശ്വാസവും വിട്ട് രമണി പോകാനുള്ള ഒരുക്കങ്ങൾ നോക്കും. ടീച്ചർക്കുള്ള ലഘുഭക്ഷണവും ചായയും മേശപ്പുറത്തെത്തിയ്ക്കും. അവർ കുളിമുറിയിൽനിന്ന് സാരി മാറി നൈറ്റിയിലേയ്ക്കു കയറി മേശക്കുമുമ്പിലിരുന്നാൽ രമണിയ്ക്കു പോകാം. അതിനിടയ്ക്ക് മകനെപ്പറ്റി ചോദ്യങ്ങളുണ്ടാവും. ‘അവൻ ഉച്ചയ്ക്ക് എന്താ കഴിച്ചത്? ഊണുകഴിഞ്ഞ് നന്നായി ഉറങ്ങ്യോ…?’ ഇപ്പോൾ അവളുടെ ഉത്തരങ്ങൾ വളരെ തൃപ്തികരമായിരുന്നു.

മാസ്റ്റർ എപ്പോഴാണ് വരികയെന്നറിയില്ല. അങ്ങേര് രാഷ്ട്രീയപ്രവർത്തനവും അമ്പലക്കമ്മിറ്റി മീറ്റിങും മറ്റും കഴിഞ്ഞ് എത്തുക പല സമയത്താണ്.

ബെല്ലടിച്ചപ്പോൾ അശ്വിനി പറഞ്ഞു. ‘മോനെ, അച്ഛൻ വര്ണ്ണ്ട്.’

ടിക്കുവിന് ഒരു ഭാവഭേദവുമുണ്ടായില്ല. അവൻ ടി.വി.യിൽനിന്ന് കണ്ണെടുത്തുമില്ല.

പുറത്തുനിന്ന് കുറച്ചധികം ആൾക്കാരുടെ ശബ്ദം കേട്ടപ്പോൾ അവൾ സ്വയം പറഞ്ഞു. ‘ഓ, ഇന്ന് കുറെയധികം പേര്‌ടെകൂട്യാണല്ലൊ വരവ്.’

അത് സാധാരണയുണ്ടാവാറുള്ളതാണ്. അവർ കുറേ നേരം സംസാരിച്ച ശേഷം പോകുകയും ചെയ്യും. ചായയുണ്ടാക്കേണ്ട ശല്യംകൂടിയില്ല. ആദ്യമെല്ലാം ചായയുണ്ടാക്കട്ടെ എന്ന ഭംഗിവാക്കു പറഞ്ഞിരുന്നു. പിന്നെ അവര്തന്നെയാണ് പറഞ്ഞത്. ‘ടീച്ചറെ, അതിന്റ്യൊന്നും ആവശ്യല്ല.’ അതിനു ശേഷം അവൾ ചോദിയ്ക്കാറുമില്ല. അശ്വിനി വാതിൽ തുറന്നപ്പോൾ കണ്ടത് മുറ്റത്ത് അഞ്ചെട്ടുപേർ നിൽക്കുന്നതാണ്. മൂന്നുപേർ തലയിൽ തോർത്തുകൊണ്ട് കെട്ടിയിട്ടുണ്ട്. അതിൽ മാസ്റ്ററുടെ ഒപ്പം വരാറുള്ള ആരുമില്ല.

‘മാഷില്ല്യേ?’

‘വന്നിട്ടില്ലല്ലൊ.’

‘എവിടെ പോയിരിക്ക്യാണ്?’

‘അറിയില്ല്യാട്ടോ. നിങ്ങളാരാ?’

‘അതൊന്നും നിങ്ങളറിയണ്ട. മാഷോട് ഈവക കാര്യങ്ങള് ചെയ്താൽ അതിന്റെ ഫലൂം അനുഭവിക്കേണ്ടി വരൂംന്ന് പറഞ്ഞേക്ക്.’

‘എനിയ്ക്ക് മനസ്സിലായില്ല…’

‘അനുഭവിക്കുമ്പ മനസ്സിലാവും. ഒരു കാര്യം പറഞ്ഞേക്കാം. കഴിഞ്ഞ ഒരു മാസത്തിനുള്ളല് ഞങ്ങടെ പാർട്ടീന്ന് ഈ ഏര്യേൽത്തന്നെ കൊഴ്ഞ്ഞ് പോയിട്ട്ള്ളത് ഒന്നും രണ്ടു പേരൊന്ന്വല്ല. ഇരുപത് പേരാണ്. അതിന്റ്യൊക്കെ പിന്നില് ആരാണ്ന്ന് ഞങ്ങക്കറിയാം. മര്യാദയ്ക്ക് ഭാര്യീം കുടുംബ്വായിട്ട് ഒതുങ്ങി ജീവിച്ചോളാൻ പറ. അല്ലെങ്കീ വിവരം അറിയും.’

‘വാ, പോവാടാ…’ മറ്റൊരുത്തൻ സംസാരിച്ചിരുന്നവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. അവർ തിരിഞ്ഞുനടക്കാൻ തുടങ്ങി.

അശ്വിനി തളർന്നിരുന്നു. വന്നവരുടെ സ്വരം ഭീഷണമായിരുന്നു. എന്തും ചെയ്യാൻ മടിക്കില്ലെന്ന അർത്ഥം വാക്കുകൾക്കിടയിൽ ഒളിച്ചിരുന്നു. ഞാനെന്താണ് ചെയ്യേണ്ടത്? ഭർത്താവിനോട് പറഞ്ഞാൽ കിട്ടിയേക്കാവുന്ന മറുപടി ഇതായിരിക്കും. ‘അവർക്കെന്തു ചെയ്യാൻ പറ്റും, നോക്കാലോ?’

അവൾ തളർന്ന് ഒരു കസേലയിൽ ഇരുന്നു. ടിക്കു ചുറ്റുവട്ടത്തും എന്താണ് സംഭവിയ്ക്കുന്നതെന്ന് ശ്രദ്ധിയ്ക്കാതെ ടി.വി.യ്ക്കു മുമ്പിലായിരുന്നു. അവൻ കണ്ടിരുന്നത് കാർട്ടൂൺ ചിത്രങ്ങളല്ല ഏതോ സിനിമയാണെന്ന് ഒരു ഞെട്ടലോടെ അവൾ മനസ്സിലാക്കി. ഏതോ വയലന്റ് മൂവി. കഥാപാത്രങ്ങളെല്ലാം വളരെ വലിയ തോക്കുകളും റോക്കറ്റുകളും ഏറ്റി ഓടുകയാണ്. പശ്ചാത്തലത്തിൽ ആളിപ്പടരുന്ന തീ, പുക. അതിനിടയിൽ മരിച്ചുവീഴുന്ന മനുഷ്യർ. എന്നു തൊട്ടാണ് മോൻ ഇത്തരം സിനിമകൾ കാണാൻ തുടങ്ങിയത്? മുതിർന്നവർക്കു കൂടി ഭയമുണ്ടാക്കുന്ന സിനിമകൾ! ആഴ്ചകളായി അവൻ ആ സിനിമകൾ കാണാൻ തുടങ്ങിയിട്ട് എന്ന് അവന്റെ ആയക്കു മാത്രമേ അറിയു. അതിനെതിരെ ഒന്നും പറയാത്തത് അവളുടെ സ്വയംപ്രതിരോധത്തിന്റ ഭാഗമായിട്ടാണ്. അഥവാ രമണി അതിനെപ്പറ്റി എന്തെങ്കിലും ടിക്കുവിനോടു പറഞ്ഞാൽ അവളുടെ മുഖത്തെ തോലു പോവുകയോ തലമുടി പറിഞ്ഞുപോവുകയോ ചെയ്യും. മറിച്ച് അവന്റെ അമ്മയോടു പറഞ്ഞിരുന്നെങ്കിൽ കിട്ടുന്ന മറുപടി എന്തായിരിയ്ക്കുമെന്നും അവൾക്ക് നന്നായി അറിയാം.

‘ഏയ്, അവൻ കാർട്ടൂണോ ഡിസ്‌ക്കവറി ചാനലോ അല്ലാതെ ഒന്നും കാണില്ല. രമണിയോട് ഞാൻ പറഞ്ഞിട്ട്ണ്ട് കുട്ടീടെ മുമ്പീന്ന് സിനിമ കാണര്ത്ന്ന്. അവൻ ഒറങ്ങ്യാൽത്തന്നെ ആ സമയം വല്ല ജോലീം ചെയ്യാന്നല്ലാതെ ടി.വി.ടെ മുമ്പിലിര്ക്കര്ത്…’

ആയക്കതു നന്നായി അറിയാം. മകൻ ഏതു ചാനലുകളാണ് കാണുന്നത് എന്ന വിവരം പണ്ടേ ഇല്ലാതായത് അമ്മ അറിഞ്ഞിട്ടില്ല. സ്‌കൂളിൽ നിന്ന് വന്നാൽ പിറ്റേന്നു ക്ലാസ്സിലേയ്ക്കു വേണ്ട നോട്‌സ് എഴുതി തയ്യാറാക്കുക. വൈകുന്നേരത്തെ ഭക്ഷണം എന്തൊക്കെയാണ് വേണ്ടത് എന്നു നോക്കുക. അങ്ങിനെ തിരക്കിനിടയിൽ മകനെ ശ്രദ്ധിക്കാൻ പറ്റാറില്ല. അവരുടെ മനസ്സിൽ അവൻ ഇപ്പോഴും കാർട്ടൂൺ ചാനലുകൾ മാത്രം കാണുന്ന ഒരു ചെറിയ കുട്ടിയാണ്. അതുകൊണ്ട് അവൾ ടിക്കുവിന്റെ അടുത്തു ചെന്നിരുന്ന് റിമോട്ട് കണ്ട്രോൾ പിടിച്ചുവാങ്ങി ചാനൽ മാറ്റി.

‘എന്താ മോനെ കാർട്ടൂൺ ചാനലിലൊക്കെ പരസ്യാണോ?’

കണ്ടുകൊണ്ടിരിയ്ക്കുന്ന ചാനലിൽ പരസ്യം വന്നാൽ അവനതു ചെയ്യാറുണ്ട്. അപ്പോൾ മിക്കവാറും എല്ലായിടത്തും പരസ്യം തന്നെയായിരിയ്ക്കും. അവൻ തിരിച്ച് കണ്ടുകൊണ്ടിരുന്ന പരിപാടിയിലേയ്ക്ക് വരികയും ചെയ്യും.

ഇന്നവൻ അതല്ല ചെയ്തത്. അവൻ ദേഷ്യത്തോടെ അമ്മയുടെ കയ്യിൽനിന്ന് ഉപകരണം തട്ടിപ്പറിച്ച് ധൃതിയിൽ ചാനൽ മാറ്റി. കണ്ടുകൊണ്ടിരുന്ന സിനിമയെത്തിയപ്പോഴാണ് അവൻ ശാന്തനായത്. ഒരഞ്ചു മിനിറ്റിലധികം സ്‌ക്രീനിൽ നോക്കിയിരിയ്ക്കാൻ അശ്വിനിയ്ക്കായില്ല. പിടയുന്ന മനുഷ്യർ, ചോര, നിറയെ മുറിവുകൾ കൊണ്ട് വികൃതമായ മുഖങ്ങൾ. മനംപിരട്ടുന്നതുപോലെ തോന്നി, അവൾ എഴുന്നേറ്റ് കിടപ്പുമുറിയിലേയ്ക്കു പോയി.

രാത്രി ഒമ്പതു മണിയ്ക്ക് വീട്ടിലെത്തിയ ഭർത്താവ് ആദ്യം ചോദിച്ചത് ഭീഷണിയുമായി വീട്ടിൽ വന്നവരെക്കുറിച്ചായിരുന്നു.

‘ഇന്ന് അവര് വന്നിരുന്നു അല്ലെ?’

ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു.

‘അതിനൊക്കെ തയ്യാറായിട്ടാണ് ഞാൻ രാഷ്ട്രീയത്തിൽ കടന്നത്. അവർക്ക് ചെയ്യാൻ പറ്റ്ണത് അവര് നോക്കട്ടെ. ഞങ്ങൾക്കും ആള്ണ്ട്ന്ന് അവരറിഞ്ഞോളും.’

‘എനിയ്ക്ക് പേടിയാവുന്നു. നിങ്ങള് ഇങ്ങനെ നേരം വൈകണ്ട ഇനിതൊട്ട്.’

‘എന്റെ ജോലിയൊക്കെ കഴിയുമ്പൊ ഈ സമയം എന്തായാലും ആവും. ഒപ്പമുള്ളോരെ പാതി വഴീലിട്ട് പോരാൻ പറ്റില്ലല്ലൊ. എന്തായാലും ആര് മുട്ട്യാലും വാതിൽ തൊറക്കണ്ട.’

ഭക്ഷണം കഴിയ്ക്കുമ്പോൾ അവൾ വീണ്ടും ഈ വിഷയം എടുത്തിട്ടു. അവൾക്ക് അയാളിൽ നിന്ന് ഒരുറപ്പ് വേണം, ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ലെന്ന്. അവളെ ആശ്വസിപ്പിക്കാനെങ്കിലും അങ്ങിനെ ഒരുറപ്പ് കൊടുക്കാൻ അയാ ൾ തയ്യാറായില്ല.

‘ഓർമ്മണ്ടോ വിദ്യാധരൻ മാഷടെ കാര്യം?’ അശ്വിനി ചോദിച്ചു.

അയാൾ തലയാട്ടി. എന്തും സംഭവിയ്ക്കാമെന്നയാൾക്കറിയാം. അയാളുടെ സഹപ്രവർത്തകൻ വിദ്യാധരൻ മാഷെ ക്ലാസ്സെടുക്കുമ്പോൾ കുട്ടികളുടെ മുമ്പിൽവച്ചാണ് വെട്ടിക്കൊന്നത്.

‘എന്നിട്ടെന്തുണ്ടായി? ആ രക്തസാക്ഷിത്വംകൊണ്ട് എന്തു നേടി?’

അയാൾ ഒന്നും പറഞ്ഞില്ല. വാക്കുകൾ മനസ്സിൽ കിടന്ന് കലാപം കൂട്ടുകയാണ്. എന്തു നേടി? അതുകൊണ്ട് പാർട്ടി കൂടുതൽ ശക്തിയാർജ്ജിച്ചുവോ?

‘ഒന്നുംല്ല്യ.’ അയാൾ ക്ഷീണിച്ചുകൊണ്ട് പറഞ്ഞു. ‘മാഷടെ ഭാര്യക്കും കുട്ട്യോൾക്കും നഷ്ടം. അത്ര്യന്നെ.’

‘അതാ ഞാമ്പറേണത്. ഇതീന്നൊക്കെ ഒഴിവായിക്കൂടെ? ഇത്രീം കാലം ഞാൻ ഇങ്ങിന്യൊന്നും പറഞ്ഞിട്ടില്ല. ഇപ്പൊ എനിയ്ക്ക് ശരിയ്ക്ക് പേടിയാവുന്നു. നമുക്കൊരു മോൻ ഉള്ളതാണ്. നേരത്തെ ഇവിടെ വന്നോര്… അവര് എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാണ്ന്ന് കണ്ടാ അറിയാം.’

‘നീയൊന്ന് പരിഭ്രമിയ്ക്കാതിരിയ്ക്ക്. എനിയ്ക്കും ആൾക്കാര്ണ്ട്. അത്ര എളുപ്പൊന്നും അവർക്ക് എന്നെ തൊടാൻ പറ്റില്ല. പിന്നെ, രാഷ്ട്രീയത്തീന്ന് ഒഴിവായി വര്വാന്നത് നടക്കണ കാര്യല്ല. അതൊരു വൺവേ നിരത്താണ്. തിരിച്ചു പോകാൻ പറ്റില്ല. മുമ്പോട്ടുതന്നെ പോവണം. വിശ്രമിക്കാനൊരു താവളംകൂടിയില്ലാത്ത നിരത്ത്.’

‘നിങ്ങള് തിരിച്ചു വരണവരെ എനിക്കെന്തു ടെൻഷനാന്നറിയ്യോ? ഇവിടെ ഞാനൊറ്റയ്ക്കാണ്. മോൻ ഒരു കൂട്ടല്ല. അവൻ ഏതു നേരും ആ വിഡ്ഢിപ്പെട്ടിടെ മുമ്പിലാണ്. നിങ്ങക്കറിയോ അവൻ ഏതൊക്കെ ചാനലാണ് ഇപ്പ കാണണ ത്ന്ന്? സ്റ്റാർ മൂവീസ്, എ.എക്‌സ്.എൻ., എച്.ബി.ഒ.ഒ. കൊറച്ച് നേർത്തെ അവൻ കണ്ടിര്ന്ന ഒരു മൂവീല് നെറയെ വെടിവെപ്പും, കൊല്ലലും മാത്രേള്ളു. ഒരര മിനുറ്റ് അത് കണ്ടപ്പൊ എനിയ്ക്ക് ശർദ്ദിക്കാൻ തോന്നി. ആ ചാനല് മാറ്റാൻ ശ്രമിച്ചപ്പൊ അവന്റെ മുഖഭാവം ഒന്ന് കാണണം. റിമോട്ട് എന്റെ കയ്യീന്ന് തട്ടിപ്പറിച്ചു വാങ്ങി ഒരു നോട്ടം.’

കുട്ടികൾ കാണാൻ പാടില്ലാത്ത ചാനലുകളാണ് ഇതെല്ലാം. പ്രത്യേകിച്ചും കൊല്ലും കൊലയുമുള്ള സിനിമകൾ. ആ സിനിമകളിൽ ചിത്രീകരിയ്ക്കുന്ന രംഗങ്ങൾ അവരുടെ ഇളം മനസ്സിനെ എങ്ങിനെ ബാധിക്കുമെന്ന് അയാൾക്കറിയാം. അയാൾ സ്വയം പറഞ്ഞു.

‘നമ്മൾ രണ്ടുപേരും അദ്ധ്യാപകരാണ്. എന്നിട്ടും നമ്മുടെ കുട്ടിയെ വളർത്തണത് എങ്ങിന്യാണ്?’

‘ഞാൻ വേണങ്കീ ജോലി വിരമിയ്ക്കാം. അതുകൊണ്ട് കാര്യമുണ്ടാവുമെങ്കിൽ. പക്ഷെ എനിയ്ക്കു തോന്ന്ണില്ല…’

‘രാജി വെയ്ക്കലൊരു പോംവഴിയാണെന്നു തോന്ന്ണില്ല. അത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുകയേ ഉള്ളു.’

രാത്രികളുടെ ഭയാനകമായ അന്തരീക്ഷം നേരം വെളുക്കുന്നതോടെ മാഞ്ഞു പോകുന്നു. രമണി ഏഴുമണിയ്ക്കുതന്നെ എത്തി ടിക്കുവിന്റെയും പ്രാതലിന്റെയും ചുമതല ഏറ്റെടുത്തു. എട്ടു മണിയ്ക്ക് മാഷ് പുറത്തിറങ്ങി. അശ്വിനി ഒമ്പതരയ്ക്കും. ക്ലാസ്സുകൾ, റിസസ്സ് ടൈം, വീണ്ടും ക്ലാസ്സുകൾ. ദിവസങ്ങൾ കഴിഞ്ഞു പോയപ്പോൾ അവൾക്ക് ഒരു കാര്യം ഉറപ്പായി, അന്നു വൈകുന്നേരം വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതെല്ലാം വെറും ഭീഷണിയായിരുന്നെന്നും അങ്ങിനെയൊന്നും സംഭവിയ്ക്കാൻ പോകുന്നില്ലെന്നും.

ടിക്കുവിനെ കുറെ ശാസിച്ചതിനുശേഷം അവനും കാർട്ടൂൺ ചാനലല്ലാതെ ഒന്നും കാണുന്നില്ല… കാണുന്നില്ലെന്ന് അമ്മ കരുതി. അമ്മയില്ലാത്ത സമയത്തെല്ലാം അവൻ കണ്ടിരുന്നത് മറ്റു ചാനലുകളായിരുന്നു. അവനെ മറ്റു ചാനലുകൾ കാണാൻ സമ്മതിയ്ക്കരുതെന്ന് രമണിയോടും പറഞ്ഞിരുന്നു. അവൾ ഒരിയ്ക്കൽ ശ്രമിച്ചതാണ്. മുഖത്ത് ചോര പൊടിയുമാറ് മാന്തും കൈവണ്ണയിൽ കടിയും കിട്ടി മതിയായപ്പോൾ അവനെ നന്നാക്കുന്നതിനേക്കാൾ അവനോടൊപ്പമിരുന്ന് ആ പരിപാടികൾ കാണുകയാണ് ആരോഗ്യത്തിന് നല്ലതെന്ന് മനസ്സിലായി.

ഒരു ദിവസം സ്‌കൂളിൽനിന്ന് വന്നപ്പോൾ അശ്വിനി കണ്ടത് ടിക്കു ടിവിയിൽ ഏതോ ഹൊറർ മുവി കാണുന്നതാണ്. വാതിൽ തുറന്ന രമണിയോട് അവൾ ചോദിച്ചു.

‘ഞാൻ പറഞ്ഞിട്ടില്ലെ ഇവിടെ നിന്ന് സിനിമ്യൊന്നും കാണര്ത്ന്ന്, അതും ഇങ്ങനത്തെ വൃത്തികെട്ട സിനിമകള് മോന്റെ മുമ്പില് വച്ച് കാണര്ത്ന്ന്?’

‘ഞാൻ ടി.വി. തൊടാറില്ല ടീച്ചർ.’ അവൾ സത്യം പറഞ്ഞു.

‘പിന്നെ അവൻതന്ന്യാണോ ഈ ചവറൊക്കെ വച്ചുകാണണത്?’

‘അതെ, ടീച്ചർ.’

‘ഞാൻ പറഞ്ഞിട്ടില്യേ ഇതൊന്നും കാണാൻ അവനെ സമ്മതിയ്ക്കരുത്ന്ന്?’

‘ഇന്നവൻ കാണണത് അവൻ തീരെ കാണാൻ പാടില്യാത്തതാണ്ന്ന് തോന്നി. കൊറെ കാലത്തിനു ശേഷം ഞാനവനെ വിലക്കി. നോക്കു, അതിനു കിട്ട്യ സമ്മാനം.’

രമണി, അവളുടെ മുഖവും കഴുത്തും കൈയ്യും കാണിച്ചുകൊടുത്തു. അവിടെ മാന്തിയ പോറലുകളും കടിച്ചു ചോര വരുത്തിയപാടും തെളിഞ്ഞു കിടന്നു.

‘പട്ടിണി കിടന്നാലും വേണ്ടില്ല ടീച്ചർ, ഇങ്ങിനത്തെ ജോലി എനിയ് ക്കു വേണ്ട.’ അവൾ വിതുമ്പി. ‘ഞാൻ ഈ ശനിയാഴ്ച പോവ്വാണ്. ഇനി രണ്ടു ദിവസുംകൂട്യല്ലെള്ളു.’

അശ്വിനി, അമ്മ വന്നതുംകൂടി ശ്രദ്ധിക്കാതെ ടി.വി.സ്‌ക്രീനിൽ നോക്കിയിരിയ്ക്കുന്ന മകനെ നോക്കി. ഇങ്ങിനെയാണോ കുട്ടികൾ? ടീച്ചേഴ്‌സ് റൂമിൽ ഓരോ ടീച്ചർമാർ വീട്ടിലെത്തിയാലുള്ള അനുഭവങ്ങൾ വിവരിയ്ക്കാറുണ്ട്. അമ്മയെ കണ്ടാൽ മക്കൾക്കുള്ള ആർ ത്തി, കെട്ടിപ്പിടിയ്ക്കൽ, ഉമ്മവയ്ക്കൽ, സാരി അഴിച്ചുമാറ്റാൻകൂടി സമ്മതിയ്ക്കാ തെ അവർ പൊതിയുന്നു…

അശ്വിനി ഒന്നും പറയാതെ അകത്തേയ്ക്കു പോയി.

മാഷ് എത്തിയപ്പോൾ എട്ടുമണിയാവുന്നേയുള്ളു. അയാൾ ആകെ പ്രക്ഷുബ്ധനായപോലെ തോന്നി.

‘ആരു വന്നാലും വാതില് തൊറക്കണ്ട.’

‘എന്തേ, കൊഴപ്പം വല്ലതുംണ്ടായ്യോ?’

‘കുറച്ച്, സാരല്യ, നീ പരിഭ്രമിക്ക്യൊന്നും വേണ്ട.’

അര മണിക്കൂറിനുള്ളിൽ അവരെത്തി. വാതിൽക്കൽ ആദ്യം ഒരു മുട്ട്, പിന്നെ തുടർച്ചയായി മുട്ടുകൾ. ആൾക്കാരുടെ ബഹളം.

‘പുറത്ത് കടക്കട നായിന്റെ…’

മുട്ടലുകൾ നിന്നു. ഇപ്പോൾ വാതിലിനു മേൽ എന്തോ കനത്ത ആയുധം പതിയ്ക്കുന്ന ശബ്ദം. ഒരു മഴുവിന്റെ അലക് വാതിൽപ്പലകയിലൂടെ കടന്നുവന്നു. അവർ വാതിൽ വെട്ടിപ്പൊളിയ്ക്കുകയായിരുന്നു. രണ്ടു മിനുറ്റിനുള്ളിൽ വാതിൽ വെട്ടി തുറക്കപ്പെട്ടു. ഇരച്ചു കയറിയത് പത്തോ പന്ത്രണ്ടോ ആയുധധാരികൾ. മഴു, വടിവാൾ, നാടൻ തോക്ക്…

ടി.വി.യിൽ നിന്ന് കണ്ണെടുത്ത് ടിക്കു ഈ കാഴ്ച രസത്തോടെ നോക്കി. ഒരു നിമിഷം മുമ്പുവരെ വിരസമായിരുന്ന സ്‌ക്രീൻ പെട്ടെന്ന് രസകരമാവുകയാണ്. വടിവാൾ ഓങ്ങി അച്ഛനെ വെട്ടുന്നതും, ഒരു ആർത്തനാദത്തോടെ അച്ഛൻ വീഴുന്നതും, വീണ്ടും വീണ്ടും വാളുകൾ പതിയ്ക്കുന്നതും, അടുത്ത നിമിഷം അമ്മയും ഒരു ചോരപ്രളയത്തിൽ മുങ്ങി വീഴുന്നതും അവൻ നോക്കിനിന്നു.

വന്നവർ വന്ന അതേ ബഹളത്തോടെ തിരിച്ചുപോകുന്നതും അവൻ കണ്ടു. അച്ഛനും അമ്മയും എഴുന്നേറ്റ് ചോരയെല്ലാം കഴുകിക്കളഞ്ഞ് വരാനായി അവൻ കാത്തിരുന്നു. അവർ എഴുന്നേൽക്കുകയുണ്ടായില്ല. സ്‌ക്രീനിന്റെ വിരസത അവനെ മുഷിപ്പിച്ചു. മുറിയുടെ ചാനൽ മാറ്റാനായി അവൻ റിമോട്ടിൽ ഞെക്കിക്കൊണ്ടിരുന്നു. ചാനൽ ഒരു രക്തപ്പുഴയിൽ ഉറച്ചുപോയിരുന്നു.