close
Sayahna Sayahna
Search

അക്രമിയും ഇരയും തമ്മിലുള്ള ബന്ധം


അക്രമിയും ഇരയും തമ്മിലുള്ള ബന്ധം
EHK Essay 03.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 55

‘ഞാൻ എത്ര ചെറുതാണ്?’ എന്ന വാക്യത്തിൽ അല്ലെങ്കിൽ ബോധത്തിൽ എന്റെ പുരുഷകഥാപാത്രങ്ങളുടെ സ്ത്രീകളോടുള്ള ബന്ധം മുഴുവൻ അടങ്ങിയിരിയ്ക്കുന്നു. ഈ വാക്യം ഞാൻ തൊള്ളായിരത്തി എഴുപത്തിമൂന്നിലെഴുതിയ ‘തിമാർപൂർ’ എന്ന കഥയിലേതാണ് (‘കുങ്കുമം വിതറിയ വഴികൾ’എന്ന സമാഹാരത്തിൽനിന്ന്). കഥയെഴുതാൻ തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഞാനെന്റെ സ്ത്രീകഥാപാത്രത്തെ രൂപപ്പെടുത്തി. സ്ത്രീ എന്തായിരിയ്ക്കണമെന്ന പുരുഷബോധമല്ലിത്. സ്ത്രീ എന്താണെന്ന അറിവും അവളോടുള്ള സമീപനം ഏതുവിധമാണ് വേണ്ടത് എന്ന അറിവും, ഒപ്പംതന്നെ പുരുഷൻ തന്നോട് എങ്ങിനെ പെരുമാറണമെന്ന സ്ത്രീയുടെ പ്രതീക്ഷയും പ്രത്യാശയും ആ കഥയിലുണ്ട്. ഇരയും ഇരപിടിയ്ക്കുന്നവനും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. ഏകദേശം അങ്ങിനെയുള്ള ബന്ധത്തിലെത്തുകയാണ് സ്ത്രീയും പുരുഷനുമായുള്ള ബന്ധം.

ഇരയായി പിടിയ്ക്കപ്പെടാൻ ഒരു സ്ത്രീയും ആഗ്രഹിയ്ക്കുന്നില്ല. പക്ഷെ പിടിയ്ക്കപ്പെട്ടാലുണ്ടാകുന്ന ബന്ധം ഒരു പുരുഷനും മനസ്സിലാക്കാൻ കഴിയാത്തവിധം സങ്കീർണ്ണമാണ്. കാളപ്പോരിനെപ്പറ്റി വളരെ പ്രശസ്തനായ ഒരു പോരാട്ടക്കാരൻ (ാമമേറീൃ) പറയുന്നത് വാൾ കൊണ്ടുള്ള അവസാനത്തെ കുത്തലിനായി, അതായത് കൊല്ലാനുള്ള കുത്തിനായി, തുനിയുമ്പോൾ അയാൾ കാളയുടെ കണ്ണുകളാണ് ശ്രദ്ധിക്കാറെന്നാണ്. ആ കണ്ണുകളിൽ അളവറ്റ വാത്സല്യമാണ് നിറഞ്ഞു നിൽക്കാറ് എന്നാണദ്ദേഹം പറയുന്നത്. ഇരയ്ക്ക് അതിന്റെ അവസാന നിമിഷത്തിൽ അക്രമിയോട് തോന്നുന്നത് വാത്സല്യമാണ് എങ്കിൽ ആ അക്രമി എത്രത്തോളം ചെറുതാവണം?

പണത്തിനു വേണ്ടിയോ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടിയോ തട്ടിക്കൊണ്ടു പോയ പല അവസരങ്ങളിലും രക്ഷിക്കപ്പെട്ടവർ ഒരിക്കലും തട്ടിക്കൊണ്ടുപോയവരെപ്പറ്റി മോശം അഭിപ്രായം പറയാറില്ലെന്നത് ഇവിടെ ഓർക്കുക. വലിയ ബന്ധമൊന്നുമില്ലെങ്കിലും പറഞ്ഞുവെന്നേയുള്ളു. ‘തിമാർപ്പൂർ’ എന്ന കഥയിൽ പണക്കാരൻ ഒരു രാത്രിയിലെ ഭോഗത്തിനുവേണ്ടി മാത്രം തെരുവിൽ നിന്ന് ഒരു പാവം സ്ത്രീയെ വിളിച്ചുകൊണ്ടുപോകുന്നു. വീട്ടിലെത്തിയ ഉടനെ അവൾക്കു മനസ്സിലാവുന്നു അവൾ ഉദ്ദേശിച്ച വിധത്തിലുള്ള മനുഷ്യനല്ല അയാളെന്ന്. നാട്ടിൽ വരൾച്ചമൂലം കൃഷിയും കാലികളും നശിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് അവൾ തിമാർപൂറിലുള്ള ഭർത്താവിനെ അന്വേഷിച്ച് തീവണ്ടിയിൽ ദില്ലിയിലെത്തിയത്. ഒരു രാത്രി തന്നെ അവൾ എങ്ങിനെയോ കഴിച്ചുകൂട്ടി. ഇപ്പോൾ രണ്ടാം ദിവസം അതാവർത്തിയ്ക്കാതിരിയ്ക്കാൻ, രാത്രിയുടെ ഇരുട്ടിൽനിന്ന് രക്ഷപ്പെടാൻ, എവിടെയെങ്കിലും അഭയം അന്വേഷിച്ചു നടക്കുമ്പോഴാണ് ഈ മനുഷ്യൻ ഒപ്പം വരാൻ പറഞ്ഞത്. ദയാലുവായ ഒരാൾ തനിയ്ക്കഭയം തരികയാണെന്നേ അവൾ കരുതിയുള്ളൂ. നഗരത്തിലെ ചതിക്കുഴികളെപ്പറ്റി ആ ഗ്രാമീണസ്ത്രീയ്ക്ക് എന്തറിയാം? പക്ഷെ വീട്ടിലെത്തിയപ്പോഴാണ് അതൊരു ആഢംഭരമുള്ള വീടാണെന്നും തനിയ്ക്ക് പറ്റിയതല്ലെന്നും അവൾ മനസ്സിലാക്കുന്നത്. പുറത്തു മടിച്ചുനിൽക്കുന്ന അവളെ അയാൾ നിർബ്ബന്ധിച്ച് അകത്താക്കുന്നു. അവളോട് കുളിക്കാൻ ആവശ്യപ്പെട്ട്, അവളെക്കൊണ്ട് നല്ല ഭക്ഷണസാധനങ്ങളുണ്ടാക്കി ഒപ്പമിരുന്ന് കഴിക്കാൻ പറഞ്ഞത് അവളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല.

‘അവൾ പാകംചെയ്തുകൊണ്ടിരിക്കെ അയാൾ സിറ്റിംഗ് റൂമിലിരുന്നു പൈപ്പു നിറച്ചു വലിച്ചു. ഫ്രിജ്ജ് തുറന്നു തണുത്ത ബീയർകുപ്പിയെടുത്ത് മഗ്ഗിൽ ഒഴിച്ച് മൊത്തിക്കുടിച്ചു. അയാൾ യാതൊരു ധൃതിയും കാണിച്ചില്ല. ഇര കൈയിലായിരിക്കുന്നു. ഇനി അതിനെ പിടിച്ചു കുറച്ചു കളിക്കാം. ഒരു രാത്രി മുഴുവൻ സമയമുണ്ട്.’

ഇവിടെ ഇരയും ഇര പിടിയ്ക്കുന്നവനും തമ്മിലുള്ള ബന്ധം തന്നെയാണുള്ളത്. ആ ബന്ധം കലാശിയ്ക്കുന്നത് അവൾ ഇത്രയും പറയുന്നിടത്താണ്.

പിന്നെ തളർച്ചക്കുമുമ്പ് അയാളുടെ കഴുത്തിൽ കൈകൾ മുറുക്കി അയാളെ അദ്ഭുതപ്പെടുത്തുമാറ് അവൾ ചെവിയിൽ മന്ത്രിച്ചു: “ബാബുജി എത്ര നല്ല ആളാണ്!”

അതിനു മുമ്പുതന്നെ അയാൾ അവളെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു.

‘നീ ആരുടെയെങ്കിലും കൂടെയാണോ ഇന്നലെ കിടന്നത്?

ഉത്തരമില്ല. അവളുടെ കൈകൾമാത്രം അവിരാമമായി ചലിച്ചു. ഉത്തരം കിട്ടില്ലെന്നയാൾക്കു തോന്നി.

പക്ഷേ, വല്ല പീടികത്തിണ്ണയിലോ, കോണിച്ചുവട്ടിലോ ആവാം. വല്ലവരും അവളുടെ ഒപ്പം കിടന്നിട്ടുണ്ടാകാം. അയാൾ അസൂയാലുവായി. താൻ അവളെ സ്‌നേഹിച്ചു തുടങ്ങിയെന്ന് അയാൾക്കു മനസ്സിലായി. ഒപ്പം അവൾ വേറൊരാളുടേതാണെന്ന ബോധവും, ഒരു രാത്രിയിലെ അഭയത്തിനുവേണ്ടി അയാൾക്കു വഴങ്ങിയതാണെന്ന യാഥാർത്ഥ്യവും. താൻ എത്ര ചെറുതാണ്?

പക്ഷെ അയാൾക്ക് അളവില്ലാത്ത കുറ്റബോധമുണ്ടാക്കിയിട്ടാണ് അവൾ പോയത്. അവൾക്ക് ഒന്നും കൊടുക്കുകയുണ്ടായില്ല. കൊടുക്കാൻ മറന്നതായിരിയ്ക്കാം.

‘പെട്ടെന്ന് അവൾക്കൊന്നും കൊടുത്തിട്ടില്ലെന്ന് അയാൾ ഓർമ്മിച്ചു. അയാൾ പിടഞ്ഞെഴുന്നേറ്റു. അവൾക്ക് തിമാർ പൂരിലെത്തേണ്ടതാണ്. പണം ആവശ്യമുണ്ടാകും. അയാൾ വാതിൽ തുറന്നുനോക്കി. അവൾ താഴെ നിലയിൽ എത്തിയിരുന്നു.’

ഈ കുറ്റബോധമാണ് സ്ത്രീകളുമായുള്ള ബന്ധത്തിൽ പുരുഷന്മാർക്കുണ്ടാകുന്നത്.

സ്ത്രീ–പുരുഷബന്ധത്തിൽ വേറൊരു മാനം കൂടിയുണ്ട്. കാളപ്പയറ്റിൽനിന്നുതന്നെ നമുക്ക് ഉദാഹരണമെടുക്കാം. ഒരു മറ്റഡോർ, അതായത് കാളപ്പയറ്റുകാരൻ വളരെക്കാലത്തെ പരിശീലനം കൊണ്ടുണ്ടാവുന്നതാണ്. അയാൾ ലോകതലത്തിൽ ഒരു സിനിമാതാരത്തോളം തന്നെ ഗ്ലാമറുള്ളവനാണ്, രക്ഷപ്പെടേണ്ടവനാണ്, മറിച്ച് കാള, പരിശീലനമുണ്ടെങ്കിലും ഒരു ഷോയ്ക്കപ്പുറം പോകുന്നില്ല. അത് ദാരുണമായി മറ്റഡോറിന്റെ വാളാൽ കൊല്ലപ്പെടുന്നു. സ്ത്രീയുമായുള്ള പുരുഷന്റെ സമീപനത്തിലും ഇതേ കാഴ്ചപ്പാടാണുള്ളത്. പുരുഷന്റെ ഈ വികലമായ കാഴ്ചപ്പാടിന് സഹായിക്കുന്നത് സ്ത്രീയുടെ നിഷ്‌ക്രിയമായ സമീപനമാണുതാനും. ഒരിക്കൽക്കൂടി ഞാൻ മറ്റഡോറിനെ രംഗത്തു കൊണ്ടുവരട്ടെ. അന്ത്യത്തിൽ വിജയശ്രീലാളിതനായി ചുറ്റമുള്ള ഗ്യാലറിയിലെ ആർത്തുവിളിയ്ക്കുന്ന ജനങ്ങൾക്കു നേരെ രണ്ടു കൈയ്യും ഉയർത്തി വീശി നടക്കുമ്പോൾ, ഒരു നിമിഷമെങ്കിലും അയാൾ അപാരമായ ദുഃഖത്തോടെ, സ്‌നേഹത്തോടെ, താൻ കൊന്നിട്ട മൃഗത്തെ തിരിഞ്ഞു നോക്കിയിട്ടുണ്ടാവില്ലെ?

വേദപുസ്തകം അവളെ പഠിപ്പിയ്ക്കുന്നത് ‘നീ ആദാമിനു വേണ്ടി അവന്റെ വാരിയെല്ലാൽ ഉണ്ടാക്കപ്പെട്ടവളാണ്’ എന്നാണ്. ദൈവത്തിന് സ്വമനസ്സാലെ സ്ത്രീയെ ഉണ്ടാക്കാൻ തോന്നിയില്ല. സ്ത്രീയെ സൃഷ്ടിച്ചാലുണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരിയ്ക്കാം! (പിന്നീടുണ്ടായ സംഭവവികാസങ്ങൾ അതു തെളിയിക്കുകയും ചെയ്തു.) അതു പോകട്ടെ, എന്തായാലും പുരുഷന്റെ അഹംബോധം ഉടലെടുത്തത് അവന്റെ മാനസിക ബലത്തിലല്ല മറിച്ച് കായിക ബലത്തിൽത്തന്നെയാണ്, തന്നേക്കാൾ ബലം കുറഞ്ഞതിന്റെ മേൽ കുതിരകയറാനുള്ള അശ്ലീലമായ കഴിവിലാണ്.

ഈ കഥ തന്നെ ഒരു പ്രതീകാത്മകരൂപത്തിൽ ഒരു കൊല്ലം മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്. 1972–ൽ ഇറങ്ങിയ ‘ജ്വാല’ എന്ന മിനി മാസികയിൽ. ‘ഇരുട്ടിന്റെ മകൾ’ എന്നാണ് പേര് (‘കൂറകൾ’ എന്ന പുസ്തകത്തിൽനിന്ന്). ശരിയ്ക്കു പറഞ്ഞാൽ അത് ‘തിമാർപൂർ’ എന്ന കഥയുടെ സ്ഥലകാലങ്ങളിലുള്ള അമൂർത്ത പ്രതിഫലനഛായയാണ് (മി മയേെൃമര ോശൃൃീൃ ശാമഴല ശി ുെമരലശോല).

ഇതിനോട് ഏകദേശം അടുത്തു നിൽക്കുന്ന ഒരു കഥയാണ് ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’ (‘ദൂരെ ഒരു നഗരത്തിൽ’ എന്ന സമാഹാരത്തിൽനിന്ന്). തിമാർപൂർ എഴുതി 24 കൊല്ലത്തിനു ശേഷം 1997–ലാണ് ഈ കഥയെഴുതിയത്. പരിചയമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരി നഗരത്തിൽ വന്ന് എന്തോ അന്വേഷിച്ചു നടക്കുന്നത് കാണുന്ന കഥാകൃത്ത് അവളെ പിൻതുടരുന്നതും അത് തീരെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലേയ്ക്കു നയിക്കുന്നതുമാണ് കഥ. ഇങ്ങിനെ ഒരു സ്ത്രീയെ ഞാൻ കാണുകയുണ്ടായി. എന്തോ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വഴിയറിയാതെ നിന്നു പരുങ്ങുന്ന ആ സ്ത്രീയെ ഞാൻ കാണുന്നത്.

‘അവൾ പരുങ്ങുകയാണ്. നിരത്തു മുറിച്ചുകടക്കുമ്പോഴേ അയാൾ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ ബസ്സിറങ്ങി നിരത്തിന്റെ ഓരത്തുകൂടി കുറച്ചുദൂരം സംശയിച്ചു നടന്നു. പരിചയക്കുറവ്, ഒരു ലക്ഷ്യമില്ലായ്മ, അതിനെ വിദഗ്ദമായി മറച്ചുവെക്കാനുള്ള വെമ്പൽ, ഇതെല്ലാം അവളുടെ നടത്തത്തിലുണ്ട്. ഒരു കാലിഡോസ്‌കോപ്പിൽ പുഴു അരിയ്ക്കുന്ന പോലെ അവൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായിരുന്നു.’

അയാൾ അവളെ പിൻതുടരാൻ തുടങ്ങിയത് എന്തുകൊണ്ടായിരുന്നു എന്നതാണ് കഥയുടെ കാതൽ.

‘ദിനേശന് പോകേണ്ടത് മഹാത്മാഗാന്ധി റോഡിലുള്ള ബസ്‌സ്റ്റോപ്പിലേയ്ക്കാണ്. ബസ്സു പിടിച്ച് പത്തു മണിക്കുള്ളിൽ ഓഫീസിലെത്താം. പക്ഷെ ഇവിടെ ഒരു പെണ്ണ് ഒറ്റയ്ക്ക് പരിചയമില്ലാത്ത മഹാനഗരത്തിൽ… അവൾക്ക് എന്തും സംഭവിക്കാം. ദിവസവും കേൾക്കുന്ന കഥകൾ വളരെ വൃത്തികെട്ടതാണ്. സ്ത്രീപീഡനം, പെൺവാണിഭം. ഒരു ചുവടു പിഴച്ചാൽ മതി, അവൾ ചെന്നെത്തുക ഏതെങ്കിലും ചുവന്ന തെരുവിലായിരിക്കും. മാംസത്തിന്റെ തിരിച്ചുവരവില്ലാത്ത തടവറയിൽ…’

പക്ഷെ അവളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിയ്ക്കുന്നുണ്ടോ എന്ന സംശയം അയാൾക്കുണ്ടായി.

‘അയാൾ തിരിഞ്ഞ് അവളുടെ പിന്നിലായി നടന്നു. നടത്തത്തിൽ അവളുടെ പിൻഭാഗം ഉലയുന്നുണ്ടായിരുന്നു. അതുനോക്കി നടക്കുമ്പോൾ അയാൾ വീണ്ടും ഓർത്തു. ഇങ്ങിനെ ഒരു പെണ്ണിനെയാണ് അവർക്ക് വേണ്ടത്. പുറം കാഴ്ചയിൽത്തന്നെ ഹരം പിടിപ്പിയ്ക്കുന്ന പെണ്ണ്. അതയാളെ കൂടുതൽ ഭയപ്പെടുത്തി. കഴുകന്മാർ ചുറ്റും പറക്കുന്നുണ്ടാവും…’

പക്ഷെ അവളുടെ ലക്ഷ്യത്തെപ്പറ്റി അയാളുടെ കണക്കുകൂട്ടലെല്ലാം പിഴച്ചു. അവളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിന്റെ അന്ത്യത്തിൽ അയാൾ അർത്ഥമില്ലാത്ത, അല്ലെങ്കിൽ അർത്ഥം കണ്ടുപിടിയ്ക്കാൻ കഴിയാതിരുന്ന സ്വന്തം ജീവിതത്തിലേയ്ക്ക് ഊർന്നിറങ്ങുകയായിരുന്നു. ലക്ഷ്യം പതറിയോ എന്ന ചിന്തകൾക്കിടയിൽ അയാൾ സ്വാർത്ഥചിന്തകളോടു കൂടിയ സ്‌നേഹത്തിന് അടിപ്പെടുന്നു.

ഈ കഥയിൽ, ഇതിനു മുമ്പു പറഞ്ഞ ‘തിമാർപൂർ’ എന്ന കഥയിലേതു പോലെ ‘ഞാൻ എത്ര ചെറുതാണ്’ എന്ന ബോധം വരുന്നില്ല. ഈ മനുഷ്യൻ ശരാശരിയിൽനിന്ന് ഉയരുക തന്നെയാണ്. സ്വന്തം ജീവിതത്തിലെ അപാകതകൾക്ക് ഒരു മറുമരുന്നായിട്ടാണെങ്കിലും അയാൾ അവളെ രക്ഷിക്കുകതന്നെയാണ്. അയാളുടെ മാർഗ്ഗവും ലക്ഷ്യവും തെറ്റിയിട്ടില്ല.

ഈ കഥ സമകാലിക മലയാളത്തിൽ വന്നപ്പോൾ ശ്രീ. ടി.എൻ. ജയചന്ദ്രൻ എന്നെ അനുമോദിച്ചുകൊണ്ട് മലയാളം വാരികയിൽ എഴുതി. ഓരോ കഥ എഴുതിയാലും എനിയ്ക്ക് ആത്മവിശ്വാസം വരണമെങ്കിൽ സാഹിത്യത്തെ ഗൗരവമായി എടുത്ത ആരുടെയെങ്കിലും അഭിപ്രായം അറിയണം. എനിയ്ക്ക് ആശ്വാസമായി. (ശ്രീ. ടി.എൻ ജയചന്ദ്രൻ എന്റെ ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തെപ്പറ്റി 1989 ഫെബ്രുവരി 12–ലെ വാരാന്ത്യ മാധ്യമത്തിന്റെ ‘വായനക്കിടയിൽ’ എന്ന കോളത്തിൽ വളരെ അനുകൂലമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. എന്റെ വെബ്‌സൈറ്റിൽ ഈ ലേഖനം കൊടുത്തിട്ടുണ്ട്.)

കുപ്പി, കുടുംബങ്ങളെ, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളെ, തകർക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുറേ കഥകളെഴുതിയിട്ടുണ്ട് ഞാൻ. അവിടെയെല്ലാം സ്ത്രീകളാണ് കുടുംബത്തെ രക്ഷിക്കുകയോ, ചുരുങ്ങിയത് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്. ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’ എന്ന കഥയും ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം’ എന്ന കഥയും ചില മുഹൂർത്തങ്ങളിൽ അടുക്കുന്നുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തിലല്ല, മറിച്ച് പാത്രസൃഷ്ടിയുടെ കാര്യത്തിൽ. ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’ എന്ന കഥയിൽ അയൽക്കാരിയായ ജൂലിച്ചേച്ചിയാണ് രേണുകയ്ക്ക് നഗരത്തിന്റെ ‘വഴിക’ളെപ്പറ്റി പറഞ്ഞുകൊടുക്കുന്നത്. കുടിയുടെ ഫലമായി ദാനം കിട്ടിയിട്ടുള്ള കരൾദീനംകൊണ്ട് ആശുപത്രിയിലായ ഭർത്താവിനു ചികിത്സയ്ക്കുള്ളതും, മൂന്നു വയസ്സായ മകനെ പോറ്റി വളർത്തേണ്ടതിനുമുള്ള പണം ഉണ്ടാക്കാനുള്ള മാർഗ്ഗം കാട്ടിക്കൊടുക്കുന്ന ജൂലിച്ചേച്ചിയും അതേ വഴിയിൽ വന്നവളാണ്. ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവി തം’ എന്ന കഥയിൽ കുടിച്ചു വരുന്ന ഭർത്താവിനെതിരെ പിടിച്ചുനിൽക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള മന്ത്രം പഠിപ്പിച്ചുകൊടുത്തത് അയൽക്കാരി കല്യാണിയാണ്. ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസ’ത്തിലെ ജൂലിയുടെയും രണ്ടാമത്തെ കഥയിലെ കല്യാണിയുടെയും അനുഭവങ്ങൾ സമാനമാണ്. മറിച്ച് രേണുകയുടെ ജീവിതം ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിത’ത്തിലെ ദേവകിയിൽ നിന്ന് വിഭിന്നമാണ്. അവളുടെ ജീവിതം തികച്ചും ആകസ്മികമായി സ്റ്റീരിയോടൈപ്പിൽനിന്ന് വിഭിന്നമാവുകയാണ്.

സ്ത്രീലൈംഗികതയെപ്പറ്റി അറിയുന്ന പുരുഷന്മാർ വളരെ കുറവാണ്. സ്ത്രീലൈംഗികതയെപ്പറ്റി സ്വയം അറിയുന്ന സ്ത്രീകൾതന്നെ വിരളമായ സമയത്ത് ഇതിൽ അത്ഭുതമൊന്നുമില്ല. എന്റെ പല കഥകളിലും നോവലുകളിലും ഇങ്ങിനെയുള്ള കഥാപാത്രങ്ങളുണ്ട്.

അവൾക്ക് പറയാൻ വാക്കുകളില്ലാതായി. സ്‌നേഹത്തെപ്പറ്റി ആരും അവളോട് ഇതുവരെ പറഞ്ഞിരുന്നില്ല. ഒമ്പതാം വയസ്സിൽ അവളെ മടിയിൽ വെച്ച് മേലാകെ തലോടുകയും, ആരുമില്ലാത്തപ്പോൾ കാലുകൾക്കിടയിൽ ചൂടുപകരുകയും ചെയ്ത മനുഷ്യനും അവളെ സ്‌നേഹി ക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരിക്കൾ അയാൾ അവളെ വേദനിപ്പിച്ചു. ചുട്ടുനീറുന്ന വേദനയിൽ അവൾ വാവിട്ടു കരഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് വാതിൽ തുറന്ന് ഓടിപ്പോവുകയാണ് ഉണ്ടായത്. കാലുകൾക്കിടയിൽ ചോര കൂടി കണ്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തയായി ഉറക്കെക്കരയാൻ തുടങ്ങി. അയാൾക്ക് അവളുടെ ഭയമകറ്റാൻ എന്തെങ്കിലും സ്‌നേഹമുള്ള വാക്കുകൾ പറയാമായിരുന്നു. അതിനുപകരം അയാൾ ഓടിപ്പോവുകയാണ് ചെയ്തത്. പിന്നീടയാൾ അവളെ കാണാൻ വന്നതുമില്ല.

കല്യാണ രാത്രിയിൽ ഭർത്താവും അവളെ ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായത്. അവളുടെ നാണം വകവെക്കാതെ അയാൾ അവളുടെ ദേഹത്തിലിറങ്ങി. അവളുടെ തേങ്ങൽ ശ്രദ്ധിക്കാതെ ഉറക്കമാവുകയും ചെയ്തു. ഇപ്പോഴും കുടിച്ചു വന്നാൽ അയാൾ അതുതന്നെയാണ് ചെയ്തിരുന്നത്. പലപ്പോഴും മോൾ ഉണർന്നു കിടന്ന് അതു കാണുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഭീതി പൂണ്ട കണ്ണുകളോടെ അവൾ, അച്ഛൻ അമ്മയെ ബലാത്സംഗം ചെയ്യുന്നത് നോക്കി കിടക്കും. മനുഷ്യർ കുടിച്ചു ബോധം മറിഞ്ഞാൽ ചെയ്യുന്ന ഒരു കർമ്മമാണതെന്ന് ആ കുഞ്ഞ് വിശ്വസിച്ചു. ഒരിക്കൽ എല്ലാം കഴിഞ്ഞ് ദേവകി അവളുടെ അടുത്ത് വന്ന് കിടന്നപ്പോൾ അവൾ ചോദിച്ചു.

‘അമ്മയ്ക്ക് വേദനിച്ച്വോ?’

ഇവിടെ ഇതാ ഒരാൾ തന്റെ ചുണ്ടുകളിൽ സ്‌നേഹപൂർവ്വം ചുംബിച്ച് തന്നെ സ്‌നേഹത്തോടെ മാറോടണച്ച് സ്‌നേഹത്തെപ്പറ്റി സംസാരിക്കുന്നു. തനിയ്ക്കപരിചിതമായ ഭാഷ; അവൾ കരയാൻ തുടങ്ങി.’ (തീപ്പെട്ടികൊള്ളിത്തുമ്പിലെ ജീവിതം).

സ്ത്രീലൈംഗികതയെപ്പറ്റിയുള്ള അജ്ഞത മാത്രമല്ല സ്വാർത്ഥതാല്പര്യങ്ങളും പുരുഷനെ ഇങ്ങിനെ പെരുമാറാൻ പ്രേരിപ്പിയ്ക്കുന്നു. സ്ത്രീയെ ഒരു ലൈംഗികവസ്തുവായി കാണാനുള്ള പുരുഷസ്വഭാവമാണിതിനു പിന്നിൽ. ഒരു പെണ്ണെഴുത്തുകാരി ഈ വാക്യത്തിൽ നിർത്തുന്നു. അവരെ സംബന്ധിച്ചേടത്തോളം ഇത് ആദ്യത്തെ വാക്കാണ്, അവസാനത്തേതും. ഇതിനുമപ്പുറത്ത് സ്ത്രീ സ്വന്തം ലൈംഗികതയെ, അത് വിവാഹേതരബന്ധത്തിൽ നിന്നാണെങ്കിൽ പോലും, അന്വേഷിക്കുന്നത് അവർ കാണുന്നില്ല. (മാധവിക്കുട്ടി മാത്രം ഒരപവാദം, പക്ഷെ അവർ ഒരു പെണ്ണെഴുത്തുകാരിയല്ല). എന്റെ അഭിപ്രായത്തിൽ മിക്ക സ്ത്രീകളും സ്വന്തം ലൈംഗികത തിരിച്ചറിയുന്നത് അങ്ങിനെയുള്ള ബന്ധങ്ങളിൽനിന്നാണ്. എന്റെ കഥകളിൽനിന്ന് ധാരാളം ഉദാഹരണങ്ങൾ അടുത്ത അദ്ധ്യായങ്ങളിൽ കൊടുക്കുന്നു.